Tuesday, January 25, 2011

കെട്ടിടനിര്‍മ്മാണ ചട്ടം പിന്‍‌വലിക്കരുത്

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഘല. ഉയര്‍ന്ന ജനസാന്ദ്രതയും അതിനെ തുലനം ചെയ്യുമ്പോള്‍ പരിമിതമായ സ്ഥല ലഭ്യതയും ഉള്ള കേരളത്തില്‍ നിര്‍മ്മാണ രംഗത്ത് ചില നിയമങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണ്. ഇത്തരം നിയമത്തിന്റെ അനിവാര്യതയെ കുറിച്ച് ഈ രംഗത്തുള്ളവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണെങ്കിലും മുന്‍ കാലങ്ങളില്‍ പല സര്‍ക്കാരുകളും അതിന്റെ ഗൌരവം ഉള്‍ക്കൊള്ളുവാനോ സമഗ്രമായ നിയമങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാനോ തയ്യാറായില്ല. ഇതിന്റെ ഫലമായി കേരളത്തില്‍ അശാസ്ത്രീയമായ രീതിയില്‍ ഒട്ടനവധി കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. റോഡുകള്‍ ഉള്‍പ്പെടെ പൊതു സ്ഥലങ്ങള്‍ കയ്യേറിയും, പാടങ്ങള്‍ നികത്തിയും, കാടും മലയും കൈവശപ്പെടുത്തിയുമെല്ലാം കയ്യൂക്കുള്ളവര്‍ യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി. ഇതിനൊരു തടയെന്നോണം കോര്‍പ്പറേഷനുകള്‍, മുന്‍സിപാലിറ്റികള്‍, ഏതാനും പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന കെട്ടിടനിര്‍മ്മാണ ചട്ടം കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണ്. . ചില അപാകതകള്‍ ഉണ്ടെങ്കിലും ഇത്തരം ഒരു നിയമം നടപ്പിലാക്കിയതില്‍ തീര്‍ച്ചയായും സഖാവ്: വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നടപ്പില്‍ വന്ന കാലം മുതല്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ഇതിനെതിരെ മുറവിളികൂട്ടുവാന്‍ തുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ പരത്തുവാനും രാഷ്ടീയമായ മുതലെടുപ്പിനും ശ്രമങ്ങള്‍ ഉണ്ടായി. നിലവിലെ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കാലോചിതമായും പഞ്ചായത്തുകള്‍ക്കായി പ്രത്യേകം നിമയം കൊണ്ടുവരുവാനും സര്‍ക്കാര്‍ കാണിച്ച അലസത ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. കൂടാതെ വര്‍ഷങ്ങള്‍ ആയി വീടുവച്ച് താമസിച്ചു വരുന്നതോ നികന്നതും വലിയ മരങ്ങളോടു കൂടിയതോ ആയതും എന്നാല്‍ ആധാരമടക്കം ഉള്ള രേഖകളില്‍ നിലം/വയല്‍ എന്ന് രേഖപ്പെടുത്തിയതുമായ് സ്ഥലങ്ങളില്‍ നിര്‍മ്മാണം നടത്തുവാന്‍ വിഷമങള്‍ നേരിട്ടു. ഇത് വേണ്ടവിധം പരിശോധിച്ച് പരിഹാരം കണ്ടെത്തുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടയികേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് ഗതാഗത സൌകര്യങ്ങളുടെ അപര്യാപ്തതയാണ്. ഗ്രാമങ്ങള്‍ അനുദിനം നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഗതാഗത കുരുക്ക് ഇന്ന് ഗ്രാമങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു. അശാസ്തീയമായ റോഡുനിര്‍മ്മാണവും കെട്ടിടനിര്‍മ്മാണവും ഇതിന്റെ ആക്കം വര്‍ദ്ധിപ്പിക്കും. റോഡിനോട് ചേര്‍ന്നു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ റോഡുവികസനത്തിനു തടസ്സം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. ഇതിനായി പിന്നീട് ധാരാളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരും. സാമ്പത്തിക നഷ്ടവും, പ്രകൃതിക്കുണ്ടാക്കുന്ന ആഘാതവും മാത്രമല്ല ഇതിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ വിഷമങ്ങളും നാം പരിഗണിക്കെണ്ടിയിരിക്കുന്നു.

ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അനുമതി ലഭിക്കുവാന്‍ വൈകുന്നു അവിടെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു, ചെറിയ വീടു വെക്കുവാന്‍ പോലും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് കെട്ടിടനിര്‍മ്മാണചട്ടത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. അഴിമതി ഒഴിവാക്കുവാന്‍ നിയമം പിന്‍ വലിക്കണം എന്ന് ആവശ്യപ്പെടുന്നത് എത്രമത്രം ബാലിശമാണ്? അതു തടയുവാന്‍ ഇവിടെ സംവിധാനം ഇല്ലെന്ന് പറയുന്നത് തന്നെ ലജ്ജാകരമാണ്. അഴിമതിയുടെ/കൈക്കൂലിയുടെ പേരില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അടച്ചിടുമോ? പി.ഡ.ബ്ലിയുഡി റോഡുപണി നിര്‍ത്തുമോ? പോലീസുകാരന്‍ കൈക്കൂലിവാങ്ങുന്നതുകൊണ്ട് പോലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടുമോ? ആര്‍.ടി.ഓ ഫീസുകളില്‍ കൈക്കൂലി വാങ്ങുന്നു എന്ന് പറഞ്ഞ് അത് അടച്ചിടുമോ? അഴിമതിയുടെ പേരില്‍ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കുമോ? കൃത്യമായി നിയമങ്ങള്‍ പാലിച്ചു കൊണ്ട് തയ്യാറാക്കി നല്‍കുന്ന പ്ലാനുകള്‍ കാരണമില്ലാതെ തിരസ്കരിക്കുവാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. നിയമത്തിലെ അവ്യക്തതകളും വൈരുധ്യങ്ങളുമാണ് അഴിമതിക്ക് സാധ്യതകള്‍ തുറക്കുന്നത്. റോഡില്‍ നിന്നും അതിരില്‍ നിന്നും സമീപ കെട്ടിടങ്ങളില്‍ നിന്നും നിശ്ചിത ദൂരം പാലിക്കുക, മുറികള്‍ക്ക് ആവശ്യാനുസരണം വെന്റിലേഷന്‍ നല്‍കുക, കിണര്‍, കക്കൂസ് ടാങ്കുകള്‍ എന്നിവയ്ക്ക് നിശ്ചിത അകലം തുടങ്ങിയവ പാലിക്കുവാന്‍ പൊതു ജനം ബാധ്യസ്ഥരാണ്.സാമ്പത്തീക ബാധ്യതയെ പറ്റിയാണ് മറ്റൊരു കാര്യമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പ്ലാന്‍ പരിശോധിച്ച് അനുമതി നല്‍കുവാന്‍ പഞ്ചായത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് വളരെ തുച്ഛമാണ്. കൂടാതെ ഒരു ചതുരശ്രയടിക്ക് കേവലം അമ്പതു പൈസമുതല്‍ ഒന്നര രൂപവരെയാണ് ഇന്ന് ഗ്രാമപ്രദേശങ്ങളില്‍ ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ്/സൂപ്പര്‍ വൈസേഴ്സ് ചാര്‍ജ്ജു ചെയ്യുന്നത്. ഒരു ആശാരി വന്നു പ്ലാന്‍ വരച്ച് കുറ്റിയടിക്കുവാന്‍ ആയിരം മുതല്‍ അയ്യായിരം രൂപ ഈടാക്കുമ്പോള്‍ ഈ രംഗത്ത് അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ എഞ്ചിനീയറിങ്ങ് ബിരുധം ഉള്ളവര്‍ക്ക് ലഭിക്കുന്നത് ആയിരം ചതുരശ്രയടിയുള്ള ഒരു വീടിനു 500-1500 രൂപ വരെ ആണെന്ന് ഓര്‍ക്കുക. തീര്‍ച്ചയായും നിയമം നടപ്പില്‍ വന്നതൊടെ ഈ രംഗത്ത് ആയിരക്കണക്കിനു തൊഴില്‍ രഹിതരാ‍യ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചു. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ വില്ല പ്രോജക്ടിനു പോലും പതിനായിരങ്ങളും ലക്ഷങ്ങളും വങ്ങുന്ന ആര്‍ക്കിടെക്ചര്‍ രംഗത്തുനിന്നും ഉള്ളവരും ഉണ്ടെന്നത് ദൌര്‍ഭ്യാഗ്യകരമായി പോയി. ആര്‍ക്കിടെക്ചര്‍ കംബന്ധിയായ ഒരു മാഗസിനും ഈ നിയമത്തെ എതിര്‍ത്ത് എഡിറ്റോറിയല്‍ എഴുതുകയും പിന്നീട് നിയമം പിന്‍ വലിക്കുവാന്‍ ഉള്ള ആലോചനകളെ പറ്റിയുള്ള പത്രവാര്‍ത്തയടക്കം നല്‍കി അത് തങ്ങളുടെ മുഖലേഖനത്തിന്റെ “ആഘാതം” ആണെന്ന് അഭിമാന പൂര്‍വ്വം പറയുകയും ഉണ്ടായി. അത് വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടല്‍ ആണ് ഉണ്ടായത്.

പരിഷ്കൃത സമൂഹത്തില്‍ കൃത്യമായ ടൌണ്‍ പ്ലാനിങ്ങിനും ശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണത്തിനും എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കാത്തവര്‍ ആകില്ല ആര്‍ക്കിടെക്റ്റുമാര്‍. എന്തോ പ്രത്യേക താല്പര്യമായിരിക്കാം ഇവരെ ഇത്തരം ഒരു നിലപാടിലേക്ക് നയിച്ചത്. മാര്‍ക്കിസ്റ്റു പാര്‍ടി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുവാന്‍ കാരണം കെട്ടിട നിര്‍മ്മാണചട്ടം ആണെന്ന പ്രചാരണം എത്രമാത്രം ബാലിശമാണ്. തിരഞ്ഞെടുപ്പിന്റെ പരാജയകാരണങ്ങളില്‍ പ്രധാനം പൊട്ടിപ്പൊളിഞ്ഞ റോഡുകളും മറ്റു ഭരണ വൈകല്യങ്ങളുമാണ്. കൂടാതെ ആഗോള സാമ്പത്തിക മാന്ദ്യം, കേന്ദ്ര സര്‍ക്കാരിന്റെ വൃത്തികെട്ട നയങ്ങളുടെ ഭാഗമായുണ്ടായ പെട്രോളിയം ഉല്പന്നങ്ങളുടെ തോന്നിയപോളുള്ള വില വര്‍ദ്ധിപ്പിച്ചത് നിത്യോപയോഗ സാധങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റം തുടങ്ങിയവയും ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഒരു പ്രധാനഘടകമായി. ഇനി ഈ നിയമം പിന്‍‌വലിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വലിയ ഒരു വിജയം ഉണ്ടാകും എന്ന് പറയുന്നവര്‍ ബുദ്ധിയില്ലായ്മയുടെ രജ്യത്തെ ചക്രവര്‍ത്തിമാരായി സ്വയം വാഴുന്നവര്‍ ആണെന്ന് പറയാതെ വയ്യ. ജനങ്ങളുടെ വികാരം എന്തെന്ന് കഴിഞ്ഞ പാര്‍ളിമെന്റ് തിരഞ്ഞെടുപ്പിലു, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യക്തമായി കഴിഞ്ഞു.

കേരളത്തിലെ നിര്‍മ്മാണ മേഘലയില്‍ കോടികളാണ് ഓരോ വര്‍ഷവും നിക്ഷേപിക്കപ്പെടുന്നത്. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ അശാസ്ത്രീയമായതും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ നിരവധി സംഗതികള്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വാളെടുത്തവന്‍ മുഴുവന്‍ വെളിച്ചപ്പാടെന്ന് പറയുന്നതു പോലെ നാലു പെരപണിയുവാന്‍ സിമെന്റ് കൂട്ടിക്കൊടുക്കുന്നവന്‍ പിന്നെ മേസ്തിരിയും കോണ്ട്രാക്ടറുമായി വിലസുന്നു. അവരും “തച്ചുശാസ്ത്രഞ്ജരും” മന്ത്രവാദികളും ചേര്‍ന്ന് നിര്‍മ്മാണരംഗത്തെ നിയന്ത്രിക്കുന്ന ദുരവസ്ഥ ഒരു പക്ഷെ നമ്മുടെ നാട്ടില്‍ മാത്രമേ കാണുവാന്‍ ആകൂ. ഈ നിയമം വന്നതുമൂലം വീടു നിര്‍മ്മിക്കും മുമ്പെ പ്ലാന്‍ എഞ്ചിനീയറിങ്ങ് രംഗത്തുള്ളവരുടെ കൈകളില്‍ എത്തുകയും അതുകൊണ്ട് ധാരാളം പേരുടെ പ്ലാനുകള്‍ മാറ്റിവരക്കപ്പെട്ടിട്ടുമുണ്ട്. ഇനിയും അവനവന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഡിസൈന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത മലയാളിക്ക് ബോധ്യം വന്നിട്ടില്ല. പ്രവാസലോകത്ത് കുബ്ബൂസും സബ്ജിയും തിന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സ്വന്തമായി ഒരു വീടു നിര്‍മ്മിക്കുവാനായി ചിലവിടുന്നവര്‍ക്ക് ലഭിക്കുന്നത് തങ്ങളുടെ ആവശ്യങ്ങള്‍ അല്പം പോലും നിറവേറാത്ത കോണ്‍ക്രീറ്റ് കെട്ടിടമാണ്. ഇതിനൊരു മാറ്റം വരുവാന്‍ ഈ നിയമം അല്പമെങ്കിലും വഴിയൊരുക്കി എന്നുകൂടെ പറയട്ടെ. മാത്രമല്ല പ്ലോട്ട് അളന്ന് അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂ‍രം വിട്ടു നിര്‍മ്മിക്കുന്നതു കൊണ്ട് പിന്നീട് പല പ്രശ്നങ്ങളും ഒഴിവാക്കുവാനും സാധിക്കും.


ഗ്രാമപഞ്ചായത്തുകള്‍ക്കും ജനപ്രതിനിധികള്‍ക്കും വിപുലമായ അധികാരം ആണ് ഇന്നുള്ളത്. പ്ലാനുകള്‍ പരിശോധിച്ച് നിശ്ചിത ദിവസത്തിനകം തിരിച്ചു നല്‍കുവാനും കൈക്കൂലിയാവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാനും ഇവര്‍ക്ക് ആകും. എന്നാല്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു അത് തടയുവാന്‍ അല്ലെങ്കില്‍ രാഷ്ടീയമായ തിരിച്ചടികാരണം പണ്ടേ കോണ്ടുവരേണ്ടിയിരുന്ന ഒരു നിയമം പിന്‍‌വലിക്കുന്നു എന്നത് ജനങ്ങളോടും ജനാധിപത്യത്തോടും ചെയ്യുന്ന അനീതിയും വെല്ലുവിളിയുമാണെന്ന് വിയപൂര്‍വം പറഞ്ഞുകൊള്ളുന്നു. ഇന്നിപ്പോള്‍ റോഡ് വികസനത്തിനായുള്ള കുടിയൊഴിപ്പിക്കലുകളും അതിനെതിരെ നടക്കുന്ന സമരങ്ങളും പണ്ടുള്ളവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ വ്യക്തമായ അടയാളമാണ്. ഇത് മനസ്സിലാക്കുവാന്‍ മടികാണിച്ചും താല്‍ക്കാലികമായ രാഷ്ടീയ ലാഭത്തിനായി ഇന്ന് ഒഴിവാക്കുന്നത് മൂലം നാളെ കേരളത്തിന്റെ വികസനത്ത് വലിയ വെല്ലുവിളികള്‍ക്കും തിരിച്ചടികള്‍ക്കും ഇടവരുത്തും.


അനുദിനം നഗരങ്ങളായി മാറിക്കോണ്ടിരിക്കുന്ന പഞ്ചായത്തുകളില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മൂലം കെട്ടിട നിര്‍മ്മാണചട്ടം വേണ്ടെങ്കില്‍ പിന്നെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എന്തിനീ നിയമങ്ങള്‍? ഗ്രാമപ്രദേശങ്ങളിലെ പ്രത്യേകതകള്‍ മനസ്സിലാക്കി അതിനനുസരിച്ച് സമഗ്രമായ കെട്ടിടനിര്‍മ്മാണ ചട്ടം കൊണ്ടുവരികയും അത് കൃത്യമായും അഴിമതിരഹിതമായും നടപ്പിലാക്കുകയും ചെയ്യുക എന്നത് ഭരണകര്‍ത്താക്കളുടെ ചുമതലയാണ്.

1 comment:

paarppidam said...

ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അനുമതി ലഭിക്കുവാന്‍ വൈകുന്നു അവിടെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു, ചെറിയ വീടു വെക്കുവാന്‍ പോലും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് കെട്ടിടനിര്‍മ്മാണചട്ടത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. അഴിമതി ഒഴിവാക്കുവാന്‍ നിയമം പിന്‍ വലിക്കണം എന്ന് ആവശ്യപ്പെടുന്നത് എത്രമത്രം ബാലിശമാണ്? അതു തടയുവാന്‍ ഇവിടെ സംവിധാനം ഇല്ലെന്ന് പറയുന്നത് തന്നെ ലജ്ജാകരമാണ്. അഴിമതിയുടെ/കൈക്കൂലിയുടെ പേരില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അടച്ചിടുമോ? പി.ഡ.ബ്ലിയുഡി റോഡുപണി നിര്‍ത്തുമോ? പോലീസുകാരന്‍ കൈക്കൂലിവാങ്ങുന്നതുകൊണ്ട് പോലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടുമോ? ആര്‍.ടി.ഓ ഫീസുകളില്‍ കൈക്കൂലി വാങ്ങുന്നു എന്ന് പറഞ്ഞ് അത് അടച്ചിടുമോ? അഴിമതിയുടെ പേരില്‍ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കുമോ?

E-pathram

ePathram.com