Saturday, December 31, 2011

പുതുവൽസരാശംസകൾ

എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവൽസരാശംസകൾ
നിറഞ്ഞ മനസ്സോടെ
എസ്.കുമാർ

Wednesday, October 05, 2011

പാര്‍പ്പിടം പ്ലാന്‍ 511772 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 3 ബെഡ്രൂം വില്ലയുടെ പ്ലാനാണിത്. മുന്വശത്ത് വരാന്തയൂടെ ഒരു വശത്തായി കാര്‍പോര്‍ച്ച് നല്‍കിയിരിക്കുന്നു. വരാന്തയില്‍ നിന്നും പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക് കടക്കുമ്പോള്‍ അതിന്റെ ഒരു വശത്തായി മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍ കേസ് നല്‍കിയിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ലാന്റിങ്ങിനു അടിഭാഗത്തായി ഒരു ടോയ്‌ലറ്റും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങ് റൂമില്‍ നിന്നും ബെഡ്രൂമുകളിലേക്കും കിച്ചണിലേക്കും ഉള്ള വാതിലുകള്‍. ഡ്രസ്സിങ്ങ് റൂമും അറ്റാച്ച്ഡ് ബാത്രൂമും ഉള്ളതാണ് ഒരു ബെഡ്രൂം(ബെഡ്രൂം-1) പുറകിലെ ബെഡ്രൂം-2 ലേക്കുള്ള പാസ്സേജില്‍ വാഡ് റോബ് നല്‍കിയിരിക്കുന്നു. സ്വകാര്യത അല്പം കൂടുതല്‍ ഉള്ള ഈ ബെഡ്രൂം അറ്റാച്ച് ബാത്രൂം സൌകര്യമുള്ളതാണ്. കിച്ചണില്‍ സൌകര്യപ്രദമായ രീതിയില്‍ ഉള്ള വര്‍ക്കിങ്ങ് ട്രയാങ്കിള്‍ (ഫ്രിഡ്ജ്, വാഷ്ബേസിന്‍, സ്റ്റൌ )സജ്ജീകരിച്ചിരിക്കുന്നു. അതിനു പുറകിലായി യൂട്ടിലിറ്റി ഏരിയ നല്‍കിയിരിക്കുന്നു.

മുകള്‍ നിലയില്‍ സ്റ്റെയര്‍ കയറി ചെല്ലുന്നത് നേരെ ഒരു ബെഡ്രൂമിലേക്കാണ്. സ്റ്റെയറിന്റെ ലാന്റിങ്ങില്‍ നിന്നും പുറകിലെ ടെറസിലേക്കും മുന്‍‌വശത്തെ ബാല്‍ക്കണിയിലേക്കും വാതിലുകള്‍ നല്‍കിയിരിക്കുന്നു.
ചതുരശ്രയടിക്ക് 1000-1300 രൂപവരെ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നു.
(ഉപയോഗിക്കുന്ന മെറ്റീരിയല്‍, ലേബര്‍ ചാര്‍ജ്ജ്, ഉടമയുടെഭാഗത്തുനിന്നും ഉണ്ടാകുന്ന മറ്റു ചിലവുകള്‍ (ദുര്‍ ചിലവുകള്‍) ഒക്കെ അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം)

Sunday, September 04, 2011

പാര്‍പ്പിടം പ്ലാന്‍-50ഇടത്തരം ബഡ്ജറ്റില്‍ ചെയ്യാവുന്ന മൂന്ന് ബെഡ്രൂമോടുകൂടിയ ഒരു നില വീടിന്റെ പ്ലാനാണിത്. പോര്‍ച്ചില്‍ നിന്നും സിറ്റൌട്ടിലേക്ക് കയറുന്നു. ടി.വി കാണുന്നതിനുള്ള സൌകര്യത്തിനും ലിവിങ്ങ് ഏരിയായില്‍ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുവാനുമായി ഫര്‍ണ്ണീച്ചര്‍ “ സി“ ആകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്, പ്രധാന വാതിലിനോട് ചേര്‍ന്നു തന്നെ അകത്തേക്കുള്ള പ്രവേശന കവാടം നല്‍കിയിരിക്കുന്നു. ഒരു ചെറിയ പാസ്സേജിലൂടെ വേണം ഡൈനിങ്ങ് ഏരിയായില്‍ എത്തുവാന്‍. പാസ്സേജിനു വലതു വശത്തായി ചെറിയ ഒരു കോര്‍ട്ട് യാഡ് നല്‍കിയിരിക്കുന്നു. ഡൈനിങ്ങ് റൂമിലേക്ക് യഥേഷ്ടം വായുവും വെളിച്ചവും ഈ കോര്‍ട്ട്‌യാഡിലൂടെ കടന്നു വരുന്നു. കോര്‍ട്ട്‌യാഡിന്റെ ഒരു വശത്ത് ഇരിക്കുവാനുള്ള സൌകര്യം നല്‍കിയിട്ടുണ്ട്.

ഡൈനിങ്ങ് റൂമില്‍ നിന്നും നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് ബെഡ്രൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ബെഡ്രൂമുകള്‍ക്ക് അറ്റാച്ച്ഡ് ബാത്രൂം നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ ബെഡ്രൂമിലും ബില്‍റ്റ് ഇന്‍ വാര്‍ഡ് റോബുകളും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങിന്റെ വലതു വശത്തായിട്ടാണ് കിച്ചന്‍. കിച്ചണിനോടു ചേര്‍ന്ന് ഒരു യൂട്ടിലിറ്റി ഏരിയായും ഉണ്ട്. ഇവിടെ നിന്നും പ്രവേശിക്കാവുന്ന വിധത്തില്‍ ഒരു സോര്‍ റൂമും റ്റോയ്‌ലറ്റും നല്‍കിയിരിക്കുന്നു.

കാര്‍ പോര്‍ച്ചും കോര്‍ട്ട്‌യാഡുമടക്കം 1431 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തീര്‍ണ്ണം. കൃത്യമായ ബഡ്ജറ്റ് തയ്യാറാക്കി അതിനനുസരിച്ച് ചെയ്താല്‍ 15/15.50 ലക്ഷം രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാം.

(സമാനതയുള്ള മറ്റൊരു പ്ലാന്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും കോര്‍ട്ട്‌യാഡ് ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ ഉള്ളതിനാല്‍ ഇതും പ്രസിദ്ധീകരിക്കുന്നു)

Saturday, September 03, 2011

കണ്ടമ്പററി സ്റ്റൈല്‍ തിരഞ്ഞെടുക്കുമ്പോള്‍


ആധുനികതയോട് അഭിനിവേശം കാണിക്കുന്നവരാണ് മലയാളികള്‍. ഒപ്പം പഴമയെ പൂര്‍ണ്ണമായും തള്ളിക്കളയുവാന്‍ വിമുഖതയും ഉണ്ട്. വീടു നിര്‍മ്മിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സാധാരണയായി കടന്നുവരാറുണ്ട്. ആധുനിക സൌകര്യങ്ങളോടുകൂടിയ എന്നാല്‍ ട്രഡീഷ്ണലായ വീട് എന്നാണ് മിക്കവരും ആവശ്യപ്പെടുക. അവിദഗ്ദരായ നാടന്‍ വാസ്തു “വിദഗ്ദര്‍” വരെ നല്‍കുന്ന പ്ലാനിനനുസരിച്ച് കോണ്ട്രാക്ടര്‍ നല്‍കുന്ന സ്കെച്ചുമായിട്ടായിരിക്കും മിക്കവരുടേയും വീടുകള്‍ ഉയര്‍ന്നു വരിക. ഇതിന്റെ കൂടെ ഭാഗമായി ഇരുവശത്തെക്കും ചരിച്ച് വാര്‍ത്ത് ഒരു മുഖപ്പും നല്‍കി മുകളില്‍ ഓടു വിരിച്ച വീടുകള്‍ കേരളത്തില്‍ വ്യാപകമാകുകയും ചെയ്തു. പറയത്തക്ക വ്യത്യാസങ്ങള്‍ ഇല്ലാത്ത ഇത്തരം ആയിരക്കണക്കിനു വീടുകള്‍ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ സഞ്ചരിച്ചാല്‍ കണ്ടെടുക്കാനാകും. ദൌര്‍ഭാഗ്യവശാല്‍ ശരാശരിക്കാരായ ആര്‍ക്കിടെക്റ്റുകളും ഇത്തരം ശൈലി തന്നെയാണ് പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍ കേരളത്തിലെ വില്ലകളുടെ ഡിസൈനിങ്ങില്‍ വിപ്ലവകരമായ മാറ്റം വരുത്തിയവരാണ് ആര്‍ക്കിടെക്ട് ദമ്പതിമാരായ ലിജോയും റെനി ലിജോയും(http://lijoreny.wordpress.com/). റൂഫ് ചരിച്ചു വാര്‍ത്ത് ഓടു വെക്കുക ചാരുപടിയും ഉരുണ്ട തൂണുകളും നല്‍കുക എന്നീ പ്രവണതെ(എന്നിട്ടിതിനെ ട്രഡീഷ്ണല്‍ എന്നു പറയുകയും ചെയ്യും) അക്ഷരാര്‍ഥത്തില്‍ ഇവര്‍ ഉടച്ചു വാര്‍ത്തു. മലയാളിയുടെ ഭവന സ്വപനങ്ങള്‍ക്ക് പുതിയ ഒരു തലം നല്‍കിക്കൊണ്ട് കണ്ടമ്പററി ആര്‍ക്കിടെക്ചറിന്റെ സാധ്യതയെ പരിചയപ്പെടുത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വ്യത്യസ്ഥവും നൂതനവുമായ ആശയങ്ങള്‍ തങ്ങളുടെ ഓരോ പ്രോജക്ടിലും അവര്‍ വിജയകരമായി കൊണ്ടു വന്നു. രൂപത്തിലും നിറത്തിലുമെല്ലാം തികച്ചു വ്യത്യസ്ഥത പുലര്‍ത്തുന്ന അവരുടെ ഡിസൈനുകള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി.

അടുത്തിടെ ആര്‍ക്കിടെക്റ്റ് ലിജോയുമായി ഒരു സംഭാഷണം നടത്തുവാന്‍ ഇടയായി. കണ്ടമ്പററി ഡിസൈന്‍ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നതിന്റെ ആഹ്ലാദം പങ്കുവെച്ചതിനോടൊപ്പം ചില ആശങ്കകളും അദ്ദേഹം പറയാതിരുന്നില്ല. പ്രധാന ആശങ്ക അവിദഗ്ദരായ തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തന്നെ ആയിരുന്നു. കേവലം എക്സ്റ്റീരിയര്‍ മാത്രമല്ല ഒരു കെട്ടിടത്തിന്റെ എണ്ട്രി പോയന്റ് മുതല്‍ ബാക്ക് യാഡ് വരെ ഡിസൈനിങ്ങിന്റെ പരിധിയില്‍ വരും എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കുറേ ബോക്സ് നല്‍കി വിവിധ വര്‍ണ്ണങ്ങളും ക്ലാഡിങ്ങും നല്‍കിയാല്‍ കണ്ടമ്പററി ആയി എന്ന് കരുതുന്നത് തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ക്ലൈന്റിന്റെ താല്പര്യം, പ്രദേശത്തെ ഭൂപ്രകൃതി, സൂര്യന്റ്യും, കാറ്റിന്റെയും ഗതി തുടങ്ങി വിവിധ ഘടകങ്ങള്‍ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് തങ്ങള്‍ ഡിസൈന്‍ തയ്യാറാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥലത്തിന്റെയും മെറ്റീരിയലിന്റെയും ശരിയായ വിനിയോഗവും യൂട്ടിലിറ്റിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനിങ്ങ് ശൈലിയാണ് അവര്‍ പിന്തുടരുന്നത്.

പതിവു പോലെ പുതിയ ട്രന്റിനനുസരിച്ച് കണ്ടമ്പററി എന്ന രീതിയില്‍ നിരവധി അനുകരണങ്ങളും വരുവാന്‍ തുടങ്ങി.നേര്‍ രേഖയില്‍, ലെവല്‍ ഡിഫറന്‍സ് നല്‍കി, ജനലിനും മറ്റും കുറേ ബോക്സുകള്‍ നല്‍കി കെട്ടിടം നിര്‍മ്മിച്ച് വെള്ള,ഗ്രേ, കടും നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാല്‍ കണ്ടമ്പററി ആയി എന്ന ഒരു ധാരണ മലയാളികള്‍ക്കിടയില്‍ രൂപപ്പെടുവാനും ആരംഭിച്ചു. ഇന്നിപ്പോള്‍ കൊച്ചു ഗ്രാമങ്ങളില്‍ പോലും “കണ്ടമ്പററി വീടുകളുടെ” നിര്‍മ്മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. കേരളത്തിലെ പോലെ ധാരാളം മഴ ലഭിക്കുന്ന ഒരു പ്രദേശത്ത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ ചോര്‍ച്ചയും മറ്റു പലവിധ പ്രശ്നങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നത് എടുത്തു പറയാതിരിക്കാനാവില്ല. ചുമരില്‍ നിന്നും മെയിന്‍ റൂഫ് പത്തുമുതല്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെ പുറത്തേക് തള്ളുന്ന രീതി നമ്മുടെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അവലംബിക്കാറുണ്ട്. എന്നാല്‍ അത് ഒഴിവാക്കി റൂഫും ചുമരും ഒരേ ലെവലില്‍ തന്നെ നിര്‍മ്മിക്കുന്നതാണ് പുതിയ പ്രവണത. ശ്രദ്ധാപൂര്‍വം പ്രത്യേക ട്രീറ്റ്മെന്റ് നല്‍കി ചെയ്തില്ലെങ്കില്‍ ഈ ജോയിന്റില്‍ ക്രാക്ക് വീഴുകയും മഴ വെള്ളം അകത്തേക്ക് കിനിഞ്ഞിറങ്ങുകയും ചെയ്യും.അവിദഗ്ദരായ തൊഴിലാളികളും അശ്രദ്ധയും ചേര്‍ന്ന് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന നമ്മുടെ നാട്ടിലെ ഇന്നത്തെ ഭൂരി പക്ഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൂടെ ചേരുമ്പോള്‍ ഇത് ഭാവിയില്‍ വലിയ തലവേദനയാകും എന്നതില്‍ സംശയമില്ല. ചെറുതും വലുതുമായ ഇത്തരം നിരവധി സംഗതികള്‍ ശ്രദ്ധിക്കേണ്ടതാണ്

ഇന്റീരിയറിന്റെ കാര്യത്തില്‍ ഇന്നിപ്പോള്‍ കണ്ടു വരുന്ന ഒരു പ്രവണത കമ്പൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ സോഫ്റ്റ് വെയറുകളായ ത്രിഡി മാക്സിന്റേയും, ഓട്ടോ കാഡിന്റേയും മറ്റും സഹായത്തോടെ ചില ഇമേജുകള്‍ ചെയ്തെടുക്കുകയും അത് സൈറ്റില്‍ നിര്‍മ്മിച്ചെടുക്കുകയുമാണ്. മരം/പ്ലൈവുഡ്ഡില്‍ കുറേ ബോക്സുകളും സീലിങ്ങും മറ്റും നല്‍കി ഇടയില്‍ എല്‍.ഈ.ഡി. ബള്‍ബ് നല്‍കിയാണ് പലരും “കണ്ടമ്പററി ഡിസൈന്‍“ ആക്കുന്നത്. വേണ്ടത്ര അനുഭവ പരിചയമോ ഉള്‍ക്കാഴ്ചയോ ഇല്ലാതെ കേവലം കമ്പ്യൂട്ടര്‍ ഇമെജ് സൃഷ്ടിക്കുന്നവര്‍ നല്‍കുന്ന ഡിസൈനുകള്‍ പലപ്പോഴും ചിലവേറിയതും യദാര്‍ഥ കാഴ്ചയില്‍ വലിയ ഭംഗി പകരുന്നതും ആകാറില്ല. പ്രായോഗികമായി വര്‍ക്ക് ചെയ്ത് അനുഭവ പരിചയമുള്ള ഇന്റീരിയര്‍ ഡിസൈനറെ തിരഞ്ഞെടുക്കുയും ബഡ്ജറ്റിനനുസരിച്ച് മീകച്ച ഡിസൈനുകള്‍ ചെയ്യീക്കുകയുമാണ് വേണ്ടത്.

ട്രന്റിനനുസരിച്ച് വീടു പണിക്ക് മുതിരാതെ കണ്ടമ്പററി ഡിസൈന്‍ തങ്ങളുടെ അഭിരുചിക്കും ജീവിത ശൈലിക്കും ഇണങ്ങുന്നതാണോ എന്ന് ആദ്യമേ തീരുമാനിക്കുക.വിദഗ്ദനായ ഒരു ഡിസൈനറെ കണ്ടെത്തുകയും ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍, ബഡ്ജറ്റ്, പ്രായോഗികത എന്നിവക്കനുസരിച്ച് ഡിസൈന്‍ ചെയ്യീക്കുക. തുടര്‍ന്ന് അത് പ്രാവര്‍ത്തികമാക്കാന്‍ തക്ക അറിവും അനുഭവവുമുള്ള ഒരു എഞ്ചിനീയറുടെയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ നല്ലൊരു വീട് നിര്‍മ്മിക്കുവാന്‍ ആകൂ. വേണ്ടത്ര ഉള്‍ക്കാഴ്ചയില്ലാതെ ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് പുറപ്പെട്ടാല്‍ അമിതമായ ചിലവും അതോടൊപ്പം നിരവധി പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും.

Tuesday, July 05, 2011

വില്ല പ്ലാന്‍ - 49വീടുകളെ കുറിച്ചുള്ള സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. അത്തരം ചില മാറ്റങ്ങള്‍ വീടുകളുടെ പ്ലാനിങ്ങിലും അകത്തള സജ്ജീകരണങ്ങളിലും വളരെയധികം പ്രതിഫലിക്കുന്നുണ്ട്. കാലവസ്ഥാ വ്യതിയാനം, കണ്ടമ്പററി ശൈലിയോടുള്ള താല്പര്യം എന്നിവ കോര്‍ട്ട്‌യാടിനെ വീടുകളില്‍ ഒരു ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഈ വീടിലും കോര്‍ട്ട്‌യാഡ് ഒരു പ്രധാന ഘടകമാണ്.

ഗേറ്റ് കടന്നാല്‍ നേരെ കാണുന്നത് കാര്‍പോര്‍ച്ചും അതിന്റെ വശത്തായി സിറ്റൌട്ടുമാണ്. സിറ്റൌട്ടില്‍ നിന്നും കടന്ന് വരുന്നത് ലിവിങ്ങ് ഏരിയായിലേക്കാണ്. ഇതിന്റെ ഇടതു വശത്തായി ഒരു കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് പോകുമ്പോള്‍ ഒരു ചെറിയ ഫോയര്‍ ഉണ്ട്. ഇവിടെ പൂജയ്ക്കുള്ള ഒരു സ്പേസ് ഉണ്ട്. ഇതിനായി ഒരു കബോഡ് ഉണ്ടാക്കിയാല്‍ നന്ന്. ഡൈനിങ് ഏരിയായില്‍ നിന്നുമാണ് ബെഡ്രൂമുകള്‍, കിച്ചന്‍ എന്നിവയിലേക്കുള്ള ഡോറുകള്‍ നല്‍കിയിരിക്കുന്നത്. ഒപ്പം സെറ്റെയര്‍ കേസും നല്‍കിയിട്ടുണ്ട്. രണ്ടു ബെഡ്രൂമുകളില്‍ മുന്‍ വശത്തേതില്‍ നിന്നും ആവശ്യമെങ്കില്‍ കോര്‍ട്ട്‌യാഡിലേക്ക് ജനല്‍ നല്‍കാവുന്നതാണ്. ഒരു വാര്‍ഡ്‌റോബും അറ്റാച്ച്ഡ് ബാത്രൂമും ഈ മുറിയില്‍ നല്‍കിയിട്ടുണ്ട്.

വീടിന്റെ പുറകിലായാണ് രണ്ടാമത്തെ ബെഡ്രൂം വരുന്നത്. ഡോര്‍ ഓപ്പണ്‍ ചെയ്യുന്നതിന്റെ വശത്തായി വാര്‍ഡ്‌റോബ് നല്‍‌കിയിരിക്കുന്നു. നേരെ തന്നെ ബാത്രൂമും. സ്വകാര്യത ഉറപ്പാക്കും വിധമാണ് ബെഡ് ക്രമീകരിച്ചിരിക്കുന്നത്, ഒരു സോഫായും ഇടാം. എതിര്‍ വശത്തായി ടി.വിയും മറ്റു മ്യൂസിക് സംവിധാനങ്ങളും സെറ്റ് ചെയ്തിരിക്കുന്നു. കിച്ചണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആയാസ രഹിതമായി ജോലി ചെയ്യാവുന്ന വിധത്തിലാണ് “വര്‍ക്കിങ്ങ് ട്രയാങ്കിള്‍” (ഫ്രിഡ്ജ്, സിങ്ക്, സറ്റൌ0 സജ്ജീകരിച്ചിരിക്കുന്നത്. എന്റെ മറ്റു പല പ്ലാനുകളിലുമെന്ന പോലെ കിച്ചണില്‍ ഫാമിലി ഡൈനിങ്ങ്/ബ്രേക്ക് ഫാസ്റ്റ് ഏരിയായും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേറ്ന്ന്‍ യൂട്ടിലിറ്റി ഏരിയ നല്‍കിയിരിക്കുന്നു.

ഡൈനിങ്ങ് റൂമിന്റെ ഒരു വശത്തായി പേഷോ നല്‍കിയിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കുവാന്‍ ഒരു ഡോറും. പേഷ്യോയുടെ തുടര്‍ച്ചയായി ഒരു ഗാര്‍ഡനും അവിടെ ഒരു ഓപ്പണ്‍ ഡൈനിങ്ങും ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് കളിക്കുവാനും ഒപ്പം വീടിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമാ‍യ അനുഭവം ആയിരിക്കും തുറന്ന അന്തരീക്ഷത്തിലേത്.

മുകള്‍ നിലയില്‍ രണ്ട് കിടപ്പു മുറികള്‍ ആണ് ഉള്ളത്. സ്റ്റെയര്‍ കയറി ചെല്ലുന്നത് ഒരു ഫാമിലി ലിവിങ്ങ് ഏരിയായിലേക്കാണ്. ഇവിടെ നിന്നും ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. ലിവിങ്ങിന്റെ ഒരു വശത്തായി കൊടുത്തിരിക്കുന്ന “കട്ടൌട്ടിലൂടെ” താഴത്തെ ഫോയര്‍ കാണാം. താഴത്തെ ബെഡ്രൂമുകളുടെ ആവര്‍ത്തനമാണ് മുകള്‍ നിലയില്‍. 211.6 ചതുരശ്ര മീറ്റര്‍ (2278 ചതുരശ്രയടി) വിസ്ത്രീര്‍ണ്ണം വരുന്ന ഈ വീടിന് 22 ലക്ഷം മുതല്‍ മുകളിലേക്കാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

Sunday, April 10, 2011

സ്ക്വയര്‍ഫീറ്റിന് വെറും 750 രൂപ?

കേരളത്തില്‍ ശരാശരി നിലവാരമുള്ള ഒരു വീടു നിര്‍മ്മിക്കുവാന്‍ ഒരു ചതുരശ്രയടിക്ക് 1000-1200 വരെയാണ് കോണ്ട്രാക്ടര്‍മാര്‍ ഈടാക്കുന്നത്. തൊഴിലാളികളുടെ വേദനത്തിലും നിര്‍മ്മാണ സാമഗ്രികളുടെ വിലയിലും അനുദിനം വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് ഇനിയും മുകളിലേക്ക് പോകും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈയ്യിടെ സ്ക്വയര്‍ഫീറ്റിന് 750-800 രൂപയ്ക്ക് വീടു നിര്‍മ്മിച്ചു നല്‍കും എന്ന വാഗ്ദാനവുമായി പലരും രംഗത്തുവരുന്നതായി അറിയുന്നു. ഒറ്റനോട്ടത്തില്‍ ആകര്‍ഷകമെന്ന് തോന്നുന്ന ഇതിന്റെ പുറകില്‍ മറഞ്ഞിരിക്കുന്ന പല “സൂത്രങ്ങളും” സാധാരണക്കാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. സാധാരണയായി ഒരാള്‍ “ടേണ്‍ കീ” രീതില്‍ എല്ലാ വിധ വര്‍ക്കുകളും കോണ്ട്രാക്ടര്‍ ആണ് ചെയ്യുക എന്നാല്‍ 750-ന്റെ കരാറുകാര്‍ പല സംഗതികളും കരാറില്‍ നിന്നും ഒഴിവാക്കുന്നു.

താഴെ പറയുന്ന ചില സംഗതികള്‍ ഇവയില്‍ ചിലതുമാത്രം.
ഉദാ: 1. തറക്ക് വാനം കോരുന്നതും തറയില്‍ മണല്‍ നിറക്കുന്നതും ക്ലൈന്റിന്റെ ഉത്തരവാദിത്വമായിരിക്കും.
2. നിര്‍മ്മാണത്തിനാവശ്യമായ മണല്‍ ക്ലൈന്റ് നല്‍കണം. മണല്‍ അരിക്കല്‍/വൃത്തിയാക്കല് എന്നിവയും ചെയ്തു കൊടുക്കണം‍.
3. സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുവാന്‍ പ്രത്യേകം പണം നല്‍കണം.
4. കെട്ടിടം നനക്കല്‍ ക്ലൈന്റിന്റെ ഉത്തരവാദിത്വം ആയിരിക്കും.
5. ഇലക്ട്രിക് വയറുകള്‍ മറ്റു ഫിറ്റിങ്സുകള്‍ എന്നിവ നിശ്ചിത ക്വാളിറ്റിക്ക് മുകളില്‍ ഉള്ളവ ആവശ്യമാണെങ്കില്‍ ക്ലൈന്റ് വാങ്ങണം.
6. റൂഫില്‍ ടൈല്‍ പതിക്കാന്‍ പ്രത്യേക ചാര്‍ജ്ജ് നല്‍കണം.
7. ചുമരില്‍ ഒരു കോട്ട് വൈറ്റ് സിമെന്റ്,കട്ടില/ജനലുകളില്‍ പ്രൈമര്‍ എന്നിവ മാത്രമേ ചെയ്യൂ. ഭാക്കി ക്ലൈന്റ് ചെയ്യണം.
8.തൊഴിലാളികള്‍ക്ക് ഭക്ഷണം ക്ലൈന്റ് നല്‍കണം.
9.കിച്ചണില്‍ ഗ്രാനൈന്റ് കൌണ്ടര്‍ ടോപ് ക്ലൈന്റ് വാങ്ങി നല്‍കണം.
10.ചതുരശ്രയടിക്ക് 15-20 രൂപ വരുന്ന ടൈത്സ് ആയിരിക്കും പതിക്കുക. അല്ലാത്ത പക്ഷം ക്ലൈന്റ് ടൈല്‍ വാങ്ങി നല്‍കണം.
ഇത്തരത്തില്‍ നിരവധി സംഗതികള്‍ ഇത്തരക്കാര്‍ ക്ലൈന്റിന്റെ തലയിലിടും. മാത്രമല്ല നിര്‍മ്മാണ സാമഗ്രികളുടെ ക്വാളിറ്റിയിലും അളവിലും വലിയ വ്യത്യാസം ഉണ്ടായിരിക്കും.

വലിയ വിലയാണ് മണലിനു വരുന്നത്. സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്നും ലഭിക്കുന്ന മണല്‍ നിര്‍മ്മാണത്തിനു തികയില്ല. എം.സാന്റ് തന്നെ പലതരം നിലവാരത്തില്‍ ഉള്ളതുണ്ട്. ഇത് ക്ലൈന്റ് വാങ്ങേണ്ടിവരുമ്പോള്‍ നിര്‍മ്മാണ ചിലവ് വര്‍ദ്ധിക്കുന്നു. അതു പോലെ തറക്ക് വാനം കോരുന്നതും തറ ഫില്‍ ചെയ്യുന്നതും, സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കല്‍, പെയ്ന്റിങ്ങ് തുടങ്ങി പല സംഗതികളും ചേര്‍ന്നു വരുമ്പോള്‍ യദാര്‍ഥത്തില്‍ 1000 രൂപയുടെ അടുത്ത്/അതിനു മുകളില്‍ തന്നെ ചിലവ് വരും. അതിനാല്‍ ഇത്തരക്കാരുടെ ചതിവില്‍ പെടാതിരിക്കുവാന്‍ വീടുനിര്‍മ്മിക്കുവാന്‍ ഒരുങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഓര്‍ക്കുക എപ്പോളും വിശദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കരാര്‍ തന്നെ തയ്യാറാക്കുക. (ഏതെല്ലാം ഘട്ടങ്ങളില്‍ എത്ര പണം നല്‍കണം, ഏതെല്ലാം ക്വാളിറ്റിയില്‍ ഉള്ള മെറ്റീരിയല്‍ ഉപയോഗിക്കണം എന്നും എന്തെല്ലാം കാര്യങ്ങള്‍ കോണ്ട്രാക്ടര്‍ ചെയ്തിരിക്കണം എന്നുമെല്ലാം ഇതില്‍ രേഖപ്പെടുത്തിയിരിക്കണം) അതു പോലെ ഡീറ്റെയിലായ ഡ്രോയിങ്ങിന്റെ കോപ്പിയിലും ഇരു കക്ഷികളും സൈന്‍ ചെയ്ത് സൂക്ഷിക്കുക.

ചതുരശ്രയടിക്ക് “വെറും“ 750 ന്റെ പുറകിലെ കണ്ടീഷന്‍സ് ഒരിക്കല്‍ കൂടെ ചോദിച്ചറിയുക.

Thursday, March 24, 2011

ഫോര്‍ ബെഡ്രൂം പ്ലാന്‍
ഡിസൈനിനു കടപ്പാട് മിസിസ്സ്. വിനിത എസ്.കുമാര്‍


ഗേറ്റ് കടന്നു വരുന്നത് നേരെ പോര്‍ച്ചിന്റെ വശത്തേക്കാണ്. തുടര്‍ന്ന് സിറ്റൌട്ടിനും കാര്‍പോര്‍ച്ചിനും ഇടയില്‍ ചെടികള്‍ വെക്കുവാനായി ഒരു പ്ലാന്റര്‍ ബോക്സ് നല്‍കിയിരിക്കുന്നു. സിറ്റൌട്ടില്‍ നിന്നും കയറുന്നത് ലിവിങ്ങ് റൂമിലേക്കാണ്. ലിവിങ്ങ് റൂമിന്റെ ഒരു വശത്തായി നീളത്തില്‍ ഒരു കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. അലങ്കാരമെന്നതിനുപരിയായി പ്രധാനമായും വീടിനകത്തെ ചൂടു കുറക്കുക എന്ന ഉദ്ദേശ്യത്തിലാണ് കോര്‍ട്ട്‌യാഡ് നല്‍കുന്നത്. ലിവിങിനേയും ഡൈനിങ്ങിനേയും വേര്‍തിരിക്കുന്നത് അലങ്കാരങ്ങള്‍ ചെയ്ത ഒരു ലോ വോള്‍ കൊണ്ടാണ്. മെയിന്‍ ഡോര്‍ തുറന്നാല്‍ നേരെ കിച്ചണിലേക്ക് നോട്ടം വരാതിരിക്കുവാന്‍ ലിവിങ്ങില്‍ നിന്നും സ്റ്റെയര്‍ കേസിന്റെ വശത്തുക്കൂടെ ആണ് അകത്തേക്ക് കടക്കുവാനുള്ള ആര്‍ച്ച് ഓപ്പണിങ്ങ് നല്‍കിയിരിക്കുന്നത്. ഡൈനിങ്ങ് ഹാളില്‍ ഒരു വശത്തായി ടി.വി സജ്ജീകരിച്ചിരിക്കുന്നു. (ഇതിനെ വേണമെങ്കില്‍ ലിവിങ്ങിലേക്ക് മാറ്റാവുന്നതാണ്.) ഇതിന്റെ എതിര്‍വശത്തായി വ്ഷ്ബേസിനു പ്രത്യേകം ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു. കോര്‍ട്ട്‌യാഡ് ഡൈനിങ്ങിന്റെ വശത്തും വരുന്നുണ്ട്. ഇത് വായുസഞ്ചാരത്തോടൊപ്പം വെളിച്ചവും ഉറപ്പുവരുത്തുന്നു. കൂടാതെ ഡൈനിങ്ങിനെ ഒരു ഭാഗം ഡബിള്‍ ഹൈറ്റ് നല്‍കിയതിനാല്‍ മുകളില്‍ നിന്നും വെളിച്ചം കടന്നുവരുന്നതിനുള്ള സാധ്യത ഒരുക്കിയിട്ടുണ്ട്.

ഡൈനിങ്ങില്‍ നിന്നും തന്നെയാണ് രണ്ടു ബെഡ്രൂമുകളിലേക്കും കിച്ചണിലേക്കും ഉള്ള ഡോറുകള്‍ നല്‍കിയിരിക്കുന്നത്. കിച്ചണില്‍ വര്‍ക്കിങ്ങ് കൌണ്ടര്‍ കൂടാതെ ഒരു ബ്രേക്ക്ഫാസ്റ്റ് കൌണ്ടറും ഉണ്ട്. യൂട്ടിലിറ്റി ഏരിയായില്‍ പുകയില്ലാത്ത അടുപ്പ് നല്‍കാം, ഇവിടെ ഒരു മൂലയില്‍ വാഷിങ്ങ് മെഷീന്‍ ഇടാവുന്നതാണ്. ഇതിനോട് ചേര്‍ന്ന് ചെറിയ ഒരു സ്റ്റോറും ഉണ്ട്.

മാസ്റ്റര്‍ ബെഡ്രൂമില്‍ ഡ്രസ്സിങ്ങ് ഏരിയ പ്രത്യേകം നല്‍കിയിട്ടുണ്ട്. ഇവിടെ ഒരു വശത്ത് വാര്‍ഡ് റോബും മറുവശത്ത് മിറര്‍ അടക്കം മേക്കപ്പ് സൌകര്യങ്ങളോടു കൂടിയ ചെറിയ ടേബിള്‍ ഇടാവുന്നതാണ്. ബാത്രൂമില്‍ വെറ്റ് ഏരിയായും ഡ്രൈ ഏരിയായും പ്രത്യേകം ഒരുക്കിയിരിക്കുന്നു. രണ്ടാമത്തെ ബെഡ്രൂമില്‍ വാര്‍ഡ് റോബും ബാത്രൂമും കൂടാതെ ഒരു വശത്ത് ജനലിനോട് ചേര്‍ന്ന് ബില്‍റ്റിന്‍ സീറ്റിങ്ങ് സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്റെ താഴെ സ്റ്റോറേജ് സ്പേസായും ഉപയോഗിക്കാം.

മൂകള്‍ നിലയില്‍ നിലയിലേക്കുള്ള സ്റ്റെയറിന്റെ അടിയിലായി ഒരു പൌഡര്‍ റൂം ഒരുക്കിയിരിക്കുന്നു. സ്റ്റെയര്‍ കയറി മുകള്‍ നിലയില്‍ എത്തുന്നത് ഒരു ഫാമിലി ലിവിങ്ങ് ഏരിയായിലേക്കാണ്. ഇവിടെ നിന്നും താഴെ ഡൈനിങ്ങ് ഏരിയായുടെ ഒരു ഭാഗം കാണാവുന്നതാണ്. താഴത്തെ പോലെതന്നെ രണ്ടു ബെഡ്രൂമുകള്‍ മുകളിലും ഒരുക്കിയിരിക്കുന്നു. ഒരു ബാല്‍കണിയും ഉണ്ട്.

കാര്‍പോര്‍ച്ച്,കോര്‍ട്ട്‌യാഡ്, ഡബില്‍ ഹൈറ്റ് ഏരിയ, എന്നിവ ഉള്‍പ്പെടെ 2725 ചതുരശ്രയടി വിസ്തീര്‍ണ്ണമാണ് ഈ വീടിന്റെ ഏരിയ. നിര്‍മ്മാണ്‍ ചിലവ് ചിലവ് 25-31 ലക്ഷം രൂപ വരെ വരാം.

Thursday, February 10, 2011

പുത്തന്റെ ഓര്‍മ്മക്ക് ഒരു വര്‍ഷംഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടു പോയിട്ട് ഒരു വര്‍ഷം തികയുന്നു. ഇന്നും മലയാളിയുടെ ചുണ്ടില്‍
പ്രണയത്തിന്റെ മാസ്മരികഭാവങ്ങളും വിരഹത്തിന്റെ കൊടും നീറ്റലുകളും യുവത്വത്തിന്റെ ആവേശങ്ങള്‍ അലതല്ലുന്ന വരികളും അനായാസം നമുക്കായി എഴുതിവച്ച് ആ മഹാനായ കലാകാരന്‍ അവിചാരിതമായ ഒരു നിമിഷത്തില്‍ നമ്മെ വിട്ടകന്നു. പ്രിയപ്പെട്ട ഗിരീഷേട്ടന്റെ ആത്മാവിനു നിത്യശാ‍ന്തി നേരുന്നു.


അമ്മമഴക്കാറിനു കണ്‍‌നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ അലിഞ്ഞു എന്നെഴുതുവാന്‍....പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം..... ആരൊരാള്‍ പുലര്‍മഴയില്‍...സൂര്യകിരീടം വീണുടഞ്ഞു.....ഇന്നലെ എന്റെ പൊന്‍‌വിള്‍ക്കൂതിയില്ലേ..കാറ്റെന്‍ പൊന്‍‌വിള്‍ക്കൂതിയില്ലേ.... ഹരിമുരളീരവം....അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പകല്യാണം? എന്നൊക്കെ എഴുതുവാന്‍ സര്‍വ്വേശരന്‍ ഇനിയുമൊരു ജന്മം പുത്തനു നല്‍കുമോ?

Wednesday, February 09, 2011

ത്രീ ബെഡ്രൂം പ്ലാന്‍-3ഭൂമിയുടെ ലഭ്യത കുറവും വിലയില്‍ ഉണ്ടയ കുതിച്ചു ചാട്ടവും ചെറിയ പ്ലോട്ടുകളില്‍ വീടുവെക്കുവാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും സ്റ്റെയര്‍ റൂം ഉള്ളില്‍ നിന്നു നല്‍കുകയും എന്നാല്‍ താഴെ മൂന്ന് ബെഡ്രൂം ഉള്ള വീട് എന്ന സങ്കല്പത്തില്‍ നിന്നും മോചിതരാകുവാന്‍ കൂട്ടാക്കാത്ത പലരും ഉണ്ട്. അത്തരത്തില്‍ ഒരു വീടിന്റെ പ്ലാന്‍ ആണിത്. എന്റെ മറ്റു പല പ്ലാനുകളോടും സാദൃശ്യം ഇതിനും ഉണ്ട്. ഒരു പക്ഷെ ഡിസൈനിന്റെ ശൈലിയും ഉപയോഗിക്കുന്ന ഫര്‍ണ്ണീച്ചറുകളുടെ സാമ്യതയും എല്ലാം കാഴ്ചയില്‍ പ്ലാനുകളുടെ സാദൃശ്യത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

1335 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ പ്ലാനില്‍ ലിവിങ്ങ് ഡൈനിങ്ങ് രണ്ട് അറ്റാച്ച്ഡ് ബാത്രൂമുകള്‍ ഉള്ള കിടപ്പുമുറികളും കൂടാതെ ഒരു ചെറിയ കിടപ്പുമുറിയും നല്‍കിയിരിക്കുന്നു. സ്റ്റെയര്‍ കേസിനടിയിലാണ് കോമണ്‍ ബാത്രൂമും വാഷും സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങ് ഏരിയായില്‍ ചെറിയ തോതില്‍ വെന്റിലേഷന്റെ പ്രശ്നം ഉണ്ടായേക്കാം എന്നാല്‍ സ്റ്റെയര്‍ കേസിന്റെ ലാന്റിങ്ങില്‍ വലിയ വിന്റോ കൊടുത്താല്‍ ഡൈനിങ്ങിലേക്ക് കൂടുതല്‍ പ്രകാശം ലഭിക്കും. കിച്ചണില്‍ നിന്നും നോക്കിയാല്‍ ഗേറ്റ് തുറന്ന് കടന്നുവരുന്നവരെ കാണുവാന്‍ പാകത്തില്‍ ഒരു വിന്റോ നല്‍കിയിരിക്കുന്നു.

Tuesday, February 01, 2011

ഫോര്‍ ബെഡ്രൂം വില്ല
വീടു നിര്‍മ്മിക്കുവാന്‍ ഒരുങ്ങുമ്പോള്‍ നിലകളെ പറ്റി വ്യത്യസ്ഥമായ കാഴ്ചപ്പാടുകളായിരിക്കും പലര്‍ക്കും ഉണ്ടാകുക. ചിലര്‍ക്ക് താഴെ ഒന്നോരണ്ടോ ബെഡ്രൂം മതി ബാക്കി മുകള്‍ നിലയില്‍ മതി എന്നു പറയുമ്പോള്‍ മുകള്‍ നിലതന്നെ വേണ്ട എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ ഉള്ള കാഴ്ചപ്പാടുകള്‍ സര്‍വ്വസാധാരണമാണ്. നാലു കിടപ്പുമുറികള്‍ ഉള്ള ഒരു ഡിസൈന്‍ ആണിത്. മുകള്‍ നില പിന്നീട് ചെയ്യുകയാണെങ്കില്‍ പ്രയോജനപ്പെടുവാനായി ഉള്ളില്‍ നിന്നും സ്റ്റെയര്‍ കേസ് നല്‍കിയിരിക്കുന്നു.

വരാന്തയില്‍ നിന്നും പ്രധാന വാതില്‍ തുറന്നാല്‍ ഒരു ഫോയറിലേക്കാണ് പ്രവേശിക്കുക. അതിന്റെ ഇടതുവശത്തായി ലിവിങ്ങ് റൂം നല്‍കിയിരിക്കുന്നു. മുന്നിലേക്ക് നടന്നാല്‍ ഡൈനിങ്ങ് കം ഫാമിലി ലിവിങ്ങ് ഏരിയ ആണ്. അത്യാവശ്യം വലിപ്പം ഉള്ള ഈ ഹാളിന്റെ ഒരുവശത്ത് ഡൈനിങ്ങ് ടേബിളിനും മറുവശത്ത് ഇരിക്കുവാനും ഉള്ള സൌകര്യം ഒരുക്കിയിരിക്കുന്നു. ഇവിടെ ഒരു കോര്‍ട്‌യാഡും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങിനെ വലതു വശത്താണ് അടുക്കളയും യൂടിലിറ്റി ഏരിയായും നല്‍കിയിരിക്കുന്നത്.

ബെഡ്രൂമുകള്‍ രണ്ടു സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഡൈനിങ്ങിന്റെ ഇടതുവശത്ത് രണ്ടു ബെഡ്രൂമുകള്‍ നല്‍കിയിരിക്കുന്നു. മാസ്റ്റര്‍ ബെഡ്രൂമില്‍ ഡ്രസ്സിങ്ങ് ഏരിയ പ്രത്യേകം നല്‍കിയിരിക്കുന്നു. മാസ്റ്റര്‍ ബെഡ്രൂമില്‍ നിന്നും കോര്‍ട്‌യാഡിലേക്ക് വിന്റോകള്‍ നല്‍കിയിരിക്കുന്നു. ഇത് താഴെയും മുകളിലും പ്രത്യേകം പ്രത്യേകം തുറക്കാവുന്ന വിധത്തില്‍ ആക്കിയാല്‍ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് യഥേഷ്ടം തുറന്നിടുവാന്‍ കഴിയും. കോര്‍ട്‌യാഡിന്റെ സൈഡിലൂടെ ഉള്ള പാസ്സേജിലൂടെ മറ്റു രണ്ടു ബെഡ്രൂമുകളിലേക്കും പ്രവേശിക്കാം. ധാരാളം സ്വകാര്യത ഈ രണ്ടു കിടപ്പുമുറികള്‍ക്കും ഉണ്ട്. ഒരു കിടപ്പുമുറിക്ക് അറ്റാച്ച്ഡ് ബാത്രൂം നല്‍കിയിട്ടില്ല. സ്റ്റെയര്‍കേസിന്റെ അടിയിലെ ബാത്രൂം ഇവര്‍ക്ക് ഉപയോഗിക്കാം.

ഗ്രൌണ്ട് ഫ്ലോറില്‍ രണ്ടയിരത്തി നാല്പത്തി നാല് ചതുരശ്രയടിയാണ് ഈ പ്ലാനിന്റെ വിസ്തീര്‍ണ്ണം. ഉപയോഗിക്കുന്ന മെറ്റീരിയത്സ്, ലേബര്‍ ചാര്‍ജ്ജ് എന്നിവ വ്യത്യസ്ഥമായതിനാല്‍ ചിലവിനെ പറ്റി കൃത്യമായി പറയുക ബുദ്ധിമുട്ടാണ്. എങ്കിലും സാധാരണ രീതിയില്‍ ശരാശരി 1100-1250 രൂപ ചതുരശ്രയടിക്ക് കണക്കാക്കാം.

ഗ്രൌണ്ട് ഫ്ലോറില്‍ നാലുകിടപ്പുമുറികള്‍ ഉള്ള പ്ലാനാണിത്.

Tuesday, January 25, 2011

കെട്ടിടനിര്‍മ്മാണ ചട്ടം പിന്‍‌വലിക്കരുത്

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഘല. ഉയര്‍ന്ന ജനസാന്ദ്രതയും അതിനെ തുലനം ചെയ്യുമ്പോള്‍ പരിമിതമായ സ്ഥല ലഭ്യതയും ഉള്ള കേരളത്തില്‍ നിര്‍മ്മാണ രംഗത്ത് ചില നിയമങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണ്. ഇത്തരം നിയമത്തിന്റെ അനിവാര്യതയെ കുറിച്ച് ഈ രംഗത്തുള്ളവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണെങ്കിലും മുന്‍ കാലങ്ങളില്‍ പല സര്‍ക്കാരുകളും അതിന്റെ ഗൌരവം ഉള്‍ക്കൊള്ളുവാനോ സമഗ്രമായ നിയമങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാനോ തയ്യാറായില്ല. ഇതിന്റെ ഫലമായി കേരളത്തില്‍ അശാസ്ത്രീയമായ രീതിയില്‍ ഒട്ടനവധി കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. റോഡുകള്‍ ഉള്‍പ്പെടെ പൊതു സ്ഥലങ്ങള്‍ കയ്യേറിയും, പാടങ്ങള്‍ നികത്തിയും, കാടും മലയും കൈവശപ്പെടുത്തിയുമെല്ലാം കയ്യൂക്കുള്ളവര്‍ യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി. ഇതിനൊരു തടയെന്നോണം കോര്‍പ്പറേഷനുകള്‍, മുന്‍സിപാലിറ്റികള്‍, ഏതാനും പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന കെട്ടിടനിര്‍മ്മാണ ചട്ടം കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണ്. . ചില അപാകതകള്‍ ഉണ്ടെങ്കിലും ഇത്തരം ഒരു നിയമം നടപ്പിലാക്കിയതില്‍ തീര്‍ച്ചയായും സഖാവ്: വി.എസ്. അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നടപ്പില്‍ വന്ന കാലം മുതല്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ഇതിനെതിരെ മുറവിളികൂട്ടുവാന്‍ തുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ പരത്തുവാനും രാഷ്ടീയമായ മുതലെടുപ്പിനും ശ്രമങ്ങള്‍ ഉണ്ടായി. നിലവിലെ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കാലോചിതമായും പഞ്ചായത്തുകള്‍ക്കായി പ്രത്യേകം നിമയം കൊണ്ടുവരുവാനും സര്‍ക്കാര്‍ കാണിച്ച അലസത ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. കൂടാതെ വര്‍ഷങ്ങള്‍ ആയി വീടുവച്ച് താമസിച്ചു വരുന്നതോ നികന്നതും വലിയ മരങ്ങളോടു കൂടിയതോ ആയതും എന്നാല്‍ ആധാരമടക്കം ഉള്ള രേഖകളില്‍ നിലം/വയല്‍ എന്ന് രേഖപ്പെടുത്തിയതുമായ് സ്ഥലങ്ങളില്‍ നിര്‍മ്മാണം നടത്തുവാന്‍ വിഷമങള്‍ നേരിട്ടു. ഇത് വേണ്ടവിധം പരിശോധിച്ച് പരിഹാരം കണ്ടെത്തുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടയികേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് ഗതാഗത സൌകര്യങ്ങളുടെ അപര്യാപ്തതയാണ്. ഗ്രാമങ്ങള്‍ അനുദിനം നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഗതാഗത കുരുക്ക് ഇന്ന് ഗ്രാമങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു. അശാസ്തീയമായ റോഡുനിര്‍മ്മാണവും കെട്ടിടനിര്‍മ്മാണവും ഇതിന്റെ ആക്കം വര്‍ദ്ധിപ്പിക്കും. റോഡിനോട് ചേര്‍ന്നു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ റോഡുവികസനത്തിനു തടസ്സം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. ഇതിനായി പിന്നീട് ധാരാളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരും. സാമ്പത്തിക നഷ്ടവും, പ്രകൃതിക്കുണ്ടാക്കുന്ന ആഘാതവും മാത്രമല്ല ഇതിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ വിഷമങ്ങളും നാം പരിഗണിക്കെണ്ടിയിരിക്കുന്നു.

ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അനുമതി ലഭിക്കുവാന്‍ വൈകുന്നു അവിടെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു, ചെറിയ വീടു വെക്കുവാന്‍ പോലും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് കെട്ടിടനിര്‍മ്മാണചട്ടത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. അഴിമതി ഒഴിവാക്കുവാന്‍ നിയമം പിന്‍ വലിക്കണം എന്ന് ആവശ്യപ്പെടുന്നത് എത്രമത്രം ബാലിശമാണ്? അതു തടയുവാന്‍ ഇവിടെ സംവിധാനം ഇല്ലെന്ന് പറയുന്നത് തന്നെ ലജ്ജാകരമാണ്. അഴിമതിയുടെ/കൈക്കൂലിയുടെ പേരില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അടച്ചിടുമോ? പി.ഡ.ബ്ലിയുഡി റോഡുപണി നിര്‍ത്തുമോ? പോലീസുകാരന്‍ കൈക്കൂലിവാങ്ങുന്നതുകൊണ്ട് പോലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടുമോ? ആര്‍.ടി.ഓ ഫീസുകളില്‍ കൈക്കൂലി വാങ്ങുന്നു എന്ന് പറഞ്ഞ് അത് അടച്ചിടുമോ? അഴിമതിയുടെ പേരില്‍ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കുമോ? കൃത്യമായി നിയമങ്ങള്‍ പാലിച്ചു കൊണ്ട് തയ്യാറാക്കി നല്‍കുന്ന പ്ലാനുകള്‍ കാരണമില്ലാതെ തിരസ്കരിക്കുവാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. നിയമത്തിലെ അവ്യക്തതകളും വൈരുധ്യങ്ങളുമാണ് അഴിമതിക്ക് സാധ്യതകള്‍ തുറക്കുന്നത്. റോഡില്‍ നിന്നും അതിരില്‍ നിന്നും സമീപ കെട്ടിടങ്ങളില്‍ നിന്നും നിശ്ചിത ദൂരം പാലിക്കുക, മുറികള്‍ക്ക് ആവശ്യാനുസരണം വെന്റിലേഷന്‍ നല്‍കുക, കിണര്‍, കക്കൂസ് ടാങ്കുകള്‍ എന്നിവയ്ക്ക് നിശ്ചിത അകലം തുടങ്ങിയവ പാലിക്കുവാന്‍ പൊതു ജനം ബാധ്യസ്ഥരാണ്.സാമ്പത്തീക ബാധ്യതയെ പറ്റിയാണ് മറ്റൊരു കാര്യമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പ്ലാന്‍ പരിശോധിച്ച് അനുമതി നല്‍കുവാന്‍ പഞ്ചായത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് വളരെ തുച്ഛമാണ്. കൂടാതെ ഒരു ചതുരശ്രയടിക്ക് കേവലം അമ്പതു പൈസമുതല്‍ ഒന്നര രൂപവരെയാണ് ഇന്ന് ഗ്രാമപ്രദേശങ്ങളില്‍ ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ്/സൂപ്പര്‍ വൈസേഴ്സ് ചാര്‍ജ്ജു ചെയ്യുന്നത്. ഒരു ആശാരി വന്നു പ്ലാന്‍ വരച്ച് കുറ്റിയടിക്കുവാന്‍ ആയിരം മുതല്‍ അയ്യായിരം രൂപ ഈടാക്കുമ്പോള്‍ ഈ രംഗത്ത് അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ എഞ്ചിനീയറിങ്ങ് ബിരുധം ഉള്ളവര്‍ക്ക് ലഭിക്കുന്നത് ആയിരം ചതുരശ്രയടിയുള്ള ഒരു വീടിനു 500-1500 രൂപ വരെ ആണെന്ന് ഓര്‍ക്കുക. തീര്‍ച്ചയായും നിയമം നടപ്പില്‍ വന്നതൊടെ ഈ രംഗത്ത് ആയിരക്കണക്കിനു തൊഴില്‍ രഹിതരാ‍യ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചു. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ വില്ല പ്രോജക്ടിനു പോലും പതിനായിരങ്ങളും ലക്ഷങ്ങളും വങ്ങുന്ന ആര്‍ക്കിടെക്ചര്‍ രംഗത്തുനിന്നും ഉള്ളവരും ഉണ്ടെന്നത് ദൌര്‍ഭ്യാഗ്യകരമായി പോയി. ആര്‍ക്കിടെക്ചര്‍ കംബന്ധിയായ ഒരു മാഗസിനും ഈ നിയമത്തെ എതിര്‍ത്ത് എഡിറ്റോറിയല്‍ എഴുതുകയും പിന്നീട് നിയമം പിന്‍ വലിക്കുവാന്‍ ഉള്ള ആലോചനകളെ പറ്റിയുള്ള പത്രവാര്‍ത്തയടക്കം നല്‍കി അത് തങ്ങളുടെ മുഖലേഖനത്തിന്റെ “ആഘാതം” ആണെന്ന് അഭിമാന പൂര്‍വ്വം പറയുകയും ഉണ്ടായി. അത് വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടല്‍ ആണ് ഉണ്ടായത്.

പരിഷ്കൃത സമൂഹത്തില്‍ കൃത്യമായ ടൌണ്‍ പ്ലാനിങ്ങിനും ശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണത്തിനും എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കാത്തവര്‍ ആകില്ല ആര്‍ക്കിടെക്റ്റുമാര്‍. എന്തോ പ്രത്യേക താല്പര്യമായിരിക്കാം ഇവരെ ഇത്തരം ഒരു നിലപാടിലേക്ക് നയിച്ചത്. മാര്‍ക്കിസ്റ്റു പാര്‍ടി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുവാന്‍ കാരണം കെട്ടിട നിര്‍മ്മാണചട്ടം ആണെന്ന പ്രചാരണം എത്രമാത്രം ബാലിശമാണ്. തിരഞ്ഞെടുപ്പിന്റെ പരാജയകാരണങ്ങളില്‍ പ്രധാനം പൊട്ടിപ്പൊളിഞ്ഞ റോഡുകളും മറ്റു ഭരണ വൈകല്യങ്ങളുമാണ്. കൂടാതെ ആഗോള സാമ്പത്തിക മാന്ദ്യം, കേന്ദ്ര സര്‍ക്കാരിന്റെ വൃത്തികെട്ട നയങ്ങളുടെ ഭാഗമായുണ്ടായ പെട്രോളിയം ഉല്പന്നങ്ങളുടെ തോന്നിയപോളുള്ള വില വര്‍ദ്ധിപ്പിച്ചത് നിത്യോപയോഗ സാധങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റം തുടങ്ങിയവയും ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഒരു പ്രധാനഘടകമായി. ഇനി ഈ നിയമം പിന്‍‌വലിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വലിയ ഒരു വിജയം ഉണ്ടാകും എന്ന് പറയുന്നവര്‍ ബുദ്ധിയില്ലായ്മയുടെ രജ്യത്തെ ചക്രവര്‍ത്തിമാരായി സ്വയം വാഴുന്നവര്‍ ആണെന്ന് പറയാതെ വയ്യ. ജനങ്ങളുടെ വികാരം എന്തെന്ന് കഴിഞ്ഞ പാര്‍ളിമെന്റ് തിരഞ്ഞെടുപ്പിലു, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യക്തമായി കഴിഞ്ഞു.

കേരളത്തിലെ നിര്‍മ്മാണ മേഘലയില്‍ കോടികളാണ് ഓരോ വര്‍ഷവും നിക്ഷേപിക്കപ്പെടുന്നത്. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ അശാസ്ത്രീയമായതും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ നിരവധി സംഗതികള്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വാളെടുത്തവന്‍ മുഴുവന്‍ വെളിച്ചപ്പാടെന്ന് പറയുന്നതു പോലെ നാലു പെരപണിയുവാന്‍ സിമെന്റ് കൂട്ടിക്കൊടുക്കുന്നവന്‍ പിന്നെ മേസ്തിരിയും കോണ്ട്രാക്ടറുമായി വിലസുന്നു. അവരും “തച്ചുശാസ്ത്രഞ്ജരും” മന്ത്രവാദികളും ചേര്‍ന്ന് നിര്‍മ്മാണരംഗത്തെ നിയന്ത്രിക്കുന്ന ദുരവസ്ഥ ഒരു പക്ഷെ നമ്മുടെ നാട്ടില്‍ മാത്രമേ കാണുവാന്‍ ആകൂ. ഈ നിയമം വന്നതുമൂലം വീടു നിര്‍മ്മിക്കും മുമ്പെ പ്ലാന്‍ എഞ്ചിനീയറിങ്ങ് രംഗത്തുള്ളവരുടെ കൈകളില്‍ എത്തുകയും അതുകൊണ്ട് ധാരാളം പേരുടെ പ്ലാനുകള്‍ മാറ്റിവരക്കപ്പെട്ടിട്ടുമുണ്ട്. ഇനിയും അവനവന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഡിസൈന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത മലയാളിക്ക് ബോധ്യം വന്നിട്ടില്ല. പ്രവാസലോകത്ത് കുബ്ബൂസും സബ്ജിയും തിന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സ്വന്തമായി ഒരു വീടു നിര്‍മ്മിക്കുവാനായി ചിലവിടുന്നവര്‍ക്ക് ലഭിക്കുന്നത് തങ്ങളുടെ ആവശ്യങ്ങള്‍ അല്പം പോലും നിറവേറാത്ത കോണ്‍ക്രീറ്റ് കെട്ടിടമാണ്. ഇതിനൊരു മാറ്റം വരുവാന്‍ ഈ നിയമം അല്പമെങ്കിലും വഴിയൊരുക്കി എന്നുകൂടെ പറയട്ടെ. മാത്രമല്ല പ്ലോട്ട് അളന്ന് അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂ‍രം വിട്ടു നിര്‍മ്മിക്കുന്നതു കൊണ്ട് പിന്നീട് പല പ്രശ്നങ്ങളും ഒഴിവാക്കുവാനും സാധിക്കും.


ഗ്രാമപഞ്ചായത്തുകള്‍ക്കും ജനപ്രതിനിധികള്‍ക്കും വിപുലമായ അധികാരം ആണ് ഇന്നുള്ളത്. പ്ലാനുകള്‍ പരിശോധിച്ച് നിശ്ചിത ദിവസത്തിനകം തിരിച്ചു നല്‍കുവാനും കൈക്കൂലിയാവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാനും ഇവര്‍ക്ക് ആകും. എന്നാല്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു അത് തടയുവാന്‍ അല്ലെങ്കില്‍ രാഷ്ടീയമായ തിരിച്ചടികാരണം പണ്ടേ കോണ്ടുവരേണ്ടിയിരുന്ന ഒരു നിയമം പിന്‍‌വലിക്കുന്നു എന്നത് ജനങ്ങളോടും ജനാധിപത്യത്തോടും ചെയ്യുന്ന അനീതിയും വെല്ലുവിളിയുമാണെന്ന് വിയപൂര്‍വം പറഞ്ഞുകൊള്ളുന്നു. ഇന്നിപ്പോള്‍ റോഡ് വികസനത്തിനായുള്ള കുടിയൊഴിപ്പിക്കലുകളും അതിനെതിരെ നടക്കുന്ന സമരങ്ങളും പണ്ടുള്ളവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ വ്യക്തമായ അടയാളമാണ്. ഇത് മനസ്സിലാക്കുവാന്‍ മടികാണിച്ചും താല്‍ക്കാലികമായ രാഷ്ടീയ ലാഭത്തിനായി ഇന്ന് ഒഴിവാക്കുന്നത് മൂലം നാളെ കേരളത്തിന്റെ വികസനത്ത് വലിയ വെല്ലുവിളികള്‍ക്കും തിരിച്ചടികള്‍ക്കും ഇടവരുത്തും.


അനുദിനം നഗരങ്ങളായി മാറിക്കോണ്ടിരിക്കുന്ന പഞ്ചായത്തുകളില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മൂലം കെട്ടിട നിര്‍മ്മാണചട്ടം വേണ്ടെങ്കില്‍ പിന്നെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എന്തിനീ നിയമങ്ങള്‍? ഗ്രാമപ്രദേശങ്ങളിലെ പ്രത്യേകതകള്‍ മനസ്സിലാക്കി അതിനനുസരിച്ച് സമഗ്രമായ കെട്ടിടനിര്‍മ്മാണ ചട്ടം കൊണ്ടുവരികയും അത് കൃത്യമായും അഴിമതിരഹിതമായും നടപ്പിലാക്കുകയും ചെയ്യുക എന്നത് ഭരണകര്‍ത്താക്കളുടെ ചുമതലയാണ്.

ഒരു അപേക്ഷ

പ്ലാന്‍ വരച്ചു നല്‍കുവാന്‍ ആവശ്യപ്പെട്ടും മറ്റാരെങ്കിലും ഡിസൈന്‍ ചെയ്ത പ്ലാനുകള്‍ പരിശോധിച്ച് തെറ്റുകള്‍ പറഞ്ഞു തരുവാനും ആവശ്യപ്പെട്ടു നിരവധി മെയിലുകള്‍ വരാറുണ്ട്. മറ്റൊരാളുടെ ഡിസൈന്‍ വിലയിരുത്തി അതില്‍ കുറ്റം കണ്ടുപിടിക്കുവാന്‍ തക്ക അര്‍ഹതയോ അറിവോ എനിക്കില്ലെന്ന് വിനീതമായി പറഞ്ഞു കൊള്ളട്ടെ. എങ്കിലും എന്റെ കാഴ്ചപ്പാടില്‍ കാണുന്ന ചിലതൊക്കെ സൂചിപ്പിക്കാറുണ്ടെന്ന് മാത്രം. അത് മറ്റു ഡിസൈനര്‍മാരെ ഇകഴ്ത്തുവാനായി ബോധപൂര്‍വ്വം ചെയ്യുന്നതല്ല. ഞാന്‍ ചെയ്യുന്ന ഡിസൈനിലെ അപാകതകള്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ പെട്ടെന്നു കണ്ടെത്തുവാന്‍ ആയേക്കും. അതൊരു സാധരണ സംഭവമാണ്.

അത്യാവശ്യം ജോലിത്തിരക്കും കുറച്ച് എഴുത്തും വായനയും പിന്നെ കുടുമ്പകാര്യങ്ങളുമായി കഴിയുന്ന എന്നെ സംബന്ധിച്ച് ഇതിനിടയില്‍ സമയം കണ്ടെത്തിയാണ് ഈ വഹക സഹായങ്ങള്‍ക്ക് നീക്കിവെക്കുന്നത്. പ്ലാനുകള്‍ ആവശ്യപ്പെട്ടോ അല്ലെങ്കില്‍ എന്തെങ്കിലും സഹായങ്ങള്‍ ആവശ്യപ്പെട്ടോ മെയില്‍ വഴി വരുന്ന അന്വേഷണങ്ങളില്‍ മിക്കതിനു മറുപടി നല്‍കുവാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം ആവശ്യവുമായി ബന്ധപ്പെടുന്ന പലരും പിന്നീട് ആ വീടിന്റെ നിര്‍മ്മാണം നടത്തിയോ പൂര്‍ത്തിയാക്കിയോ എന്നു പോലും അറിയിക്കുവാനുള്ള സാമാന്യമര്യാദ കാണിക്കാറില്ല. ഇതൊരു തുടര്‍ച്ചയാകുമ്പോള്‍ തീര്‍ച്ചയായും മാനസീകമായി അല്പം പ്രയാസം ഉള്ള കാര്യമായി മാറുന്നു. എങ്കിലും ചിലരെല്ലാം മറുപടി അയക്കാറില്ലെന്ന് പറയുന്നില്ല. കണ്ണൂരില്‍ ഒരു വീടിന്റെ പണി പൂര്‍ത്തിയാക്കിയ വിവരം സന്തോഷപൂര്‍വ്വം അറിയിച്ചിരുന്നു. അതുപോലെ ആലപ്പുഴയില്‍, തൃശ്ശൂരിലെ ചാവക്കാട് പ്രദേശത്ത് തുടങ്ങിയ ചിലയിടങ്ങളില്‍ നിന്നൊക്കെ ഇത്തരത്തില്‍ മറുപടി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരും വീടുകളുടെ പൂര്‍ത്തിയായ ഫോട്ടോ തരുവാനോ അത് ബ്ലോഗ്ഗില്‍ നല്‍കുവാനോ ഉള്ള സൌമനസ്യം കാണിച്ചില്ല.

വീടിന്റെ ഫൌണ്ടേഷന്റെ ജോലികള്‍ ആരംഭിക്കുന്നതിനു മുമ്പ്തന്നെ ഡിസൈനിനെ പറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി അപാകതകള്‍ പരിഹരിക്കുവാന്‍ നോക്കുക. എലിവേഷനും പ്ലാനും രണ്ടല്ലെന്നും അത് ഒരു കെട്ടിടത്തിന്റെ ഡിസൈനിങ്ങില്‍ തുല്യപ്രാധാന്യം ഉള്ള താണെന്നും മനസ്സിലാക്കുക. തറകെട്ടിയതിനു ശേഷം എലിവേഷന്‍ ചെയ്യുന്ന പ്രവണത ഒഴിവാക്കുക.എന്തായാലും എന്റെ ഈ കുഞ്ഞു ബ്ലോഗ്ഗില്‍ നിന്നും വീടു നിര്‍മ്മിക്കുവാനായി പ്ലാനുകള്‍ എടുക്കുന്നു എന്നതിലും എന്റെ അഭിപ്രായങ്ങള്‍ ആരായുന്നു എന്നതും അത്യന്തം സന്തോഷമുള്ള കാര്യമാണ്.

സസ്നേഹം
എസ്.കുമാര്‍

E-pathram

ePathram.com