Thursday, September 30, 2010

മൂന്നുസെന്റില്‍ ത്രീബെഡ്രൂം വീട്

ഭൂമിയുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും മലയാളിയുടെ സ്വപ്നഗൃഹസങ്കല്‍പ്പങ്ങളെ അനുദിനം ചെറിയ പ്ലോട്ടുകളിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുന്നു. മൂന്നു സെന്റില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും വീതി കുറഞ്ഞ് നീളം ഉള്ള പ്ലോട്ടുകളാണ് ഇന്ന് ലഭിക്കുന്നത് അധികവും. അത്തരം പ്ലോട്ടുകള്‍ക്ക് അനുയോജ്യമായ ഒരു ഡിസൈന്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

മൂന്നു സെന്റ് വരെ ഉള്ള പ്ലോട്ടുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നിന്നും നല്‍കുന്ന ദൂരത്തെ (ഓഫ്സെറ്റ്) സംബന്ധിച്ച് സംസ്ഥാനത്തെ കെട്ടിടനിര്‍മ്മാണ ചട്ടം അനുശാസിക്കുന്ന അളവുകളില്‍ ഇളവുകള്‍ ഉണ്ട്. മുന്‍ വശത്ത് 200-180 മീറ്ററും, പുറകില്‍ 1 മീറ്ററും വശങ്ങളില്‍ 2.20M. വരെ ഉയരത്തില്‍ വിന്റോ/വെന്റിലേറ്റര്‍ തുടങ്ങിയ ഓപ്പണിങ്ങ് ഇല്ലെങ്കില്‍ അറുപത് സെന്റീമീറ്ററും ആണ് ഓഫ്‌സെറ്റ് നല്‍കേണ്ടത്. അടുത്ത പ്ലോട്ടിന്റെ ഉടമയുടെ അനുമതിയുണ്ടെങ്കില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ആ വശത്ത് ഓപ്പണിങ്ങ് ഇല്ലാതെ കെട്ടിടം പണിയാവുന്നതാണ്.


താഴെ സിറ്റൌട്ടില്‍ നിന്നും കയറുന്നത് ലിവിങ്ങ് ആന്റ് ഡൈനിങ്ങ് ഹാളിലേക്കാണ്. വലിപ്പം കുറഞ്ഞ ഫര്‍ണ്ണീച്ചറുകള്‍ ഉപയോഗിച്ചാല്‍ സൌകര്യം തോന്നിക്കും. ഡൈനിങ്ങിന്റെ ഇടതുവശത്തായി സ്റ്റെയര്‍ കേസ് നല്‍കിയിരിക്കുന്നു. സ്റ്റെയര്‍ കേസ് തുടങ്ങുന്നതിന്‍ഉ തൊട്ടുമുമ്പ് ബെഡ്രൂമിലേക്കുള്ള വാതില്‍ നല്‍കിയിരിക്കുന്നു. അറ്റാച്ച്ട് ബാത്രൂമും ഈ കിടപ്പു മുറിക്ക് നല്‍കിയിട്ടുണ്ട്.

സാധാരണ ചെറിയ വീടുകളില്‍ നിന്നും വിഭിന്നമായി കിച്ചണ്‍ അല്പം വലിപ്പം ഉള്ളതാണ് നല്‍കിയിരിക്കുന്നത്. കിച്ചണോട് ചേര്‍ന്ന് ചെറിയ ഒരു യൂടിലിറ്റി ഏരിയായും നല്‍കിയിട്ടുണ്ട്. സ്റ്റെയര്‍ കേസിന്റെ അടിയില്‍ ഒരു കോമണ്‍ ബാത്രൂമും നല്‍കിയിട്ടുണ്ട്.

സ്റ്റെയര്‍ കയറി മുകള്‍ നിലയില്‍ ചെല്ലുന്നത് ഒരു ഹാളിലേക്കാണ്. താഴത്തെ ബെഡ്രൂമിനു മുകളില്‍ അതുപോലെ തന്നെ മുകള്‍ നിലയിലും ബാത് അറ്റാച്ച്ഡ് ആയ ബെഡ്രൂം നല്‍കിയിരിക്കുന്നു. കൂടാതെ കിച്ചണിനു മുകളിലും ഒരു ബെഡ്രൂം നല്‍കിയിട്ടുണ്ട്. യൂടിലിറ്റി ഏരിയ ബാത്രൂമാക്കി മാറ്റിയിരിക്കുന്നു. ഹാളില്‍ നിന്നും ഇറങ്ങാവുന്ന വിധത്തില്‍ ഒരു ബാല്‍കണിയുണ്ട്.

ഇരുനിലകളിലായി മൂന്ന് കിടപ്പുമുറികള്‍ ഉള്ള ഈ വീടിന്റെ മൊത്തം വിസ്തീര്‍ണ്ണം 127.80 ചതുരശ്രമീറ്റര്‍ (1375 ചതുരശ്രയടി) ആണ്. ഗൌണ്ട് ഫ്ലോര്‍ ഏരിയ 67.8 ചതുരശ്രമീറ്റര്‍ (730 ചതുരശ്രയടി)യും മുകള്‍ നില 60.00 ചതുരശ്രമീറ്റര്‍ (645.00 ചതുരശ്രയടി) ആണ്.

7 comments:

paarppidam said...

ഭൂമിയുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും മലയാളിയുടെ സ്വപ്നഗൃഹസങ്കല്‍പ്പങ്ങളെ അനുദിനം ചെറിയ പ്ലോട്ടുകളിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുന്നു. മൂന്നു സെന്റില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും വീതി കുറഞ്ഞ് നീളം ഉള്ള പ്ലോട്ടുകളാണ് ഇന്ന് ലഭിക്കുന്നത് അധികവും. അത്തരം പ്ലോട്ടുകള്‍ക്ക് അനുയോജ്യമായ ഒരു ഡിസൈന്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഞാന്‍ : Njan said...

ഞാന്‍ പഴയ പോസ്റ്റുകളും കണ്ടിട്ടുണ്ട്. ഉപകാരപ്രദമായ പോസ്റ്റ്‌. ഇതിനു എത്ര ചെലവ് വരും എന്നും ഏകദേശം പറയാമോ?

അനില്‍@ബ്ലോഗ് // anil said...

പാര്‍പ്പിടം ,
ഒരു കൊച്ചു പ്ലാന്‍ തപ്പി നടക്കുന്നതിനിടയിലാണ് ഇതു കണ്ടത് , പ്ലാന്‍ 35 ഉം ഇഷ്ടപ്പെട്ടു.

യൂസുഫ്പ said...

ഇതെനിക്കു വേണ്ടിയാണൊ നിർമ്മിച്ചതെന്ന് ഒരു വേള തോന്നിപ്പോയി.നന്ദി മാഷെ.

paarppidam said...

ചിലവിന്റെ കാര്യം പറയുകയാണെങ്കില്‍ അതിപ്പോള്‍ പലയിടത്തും വ്യത്യസ്ഥമാണ്. R.s950-1200 വരെയാണ് ചതുരശ്രയടിയ്ക്ക് സാധാരണ ചിലവാകുന്നത്. ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വില‍, നിര്‍മ്മാണ തൊഴിലാളികളുടെ കൂലി, കോണ്ട്രക്ടാണെങ്കില്‍ അതിന്റെ വ്യത്യാസങ്ങള്‍ ഇതൊക്കെ നിര്‍മ്മാണചിലവിനെ വ്യത്യസ്ഥമാക്കും..

Anonymous said...

knnimoolayil alley kakkoos?

paarppidam said...

ഒന്നാമത് ഇത് വാസ്തു അളവുകള്‍/മാനദണ്ഡങ്ങള്‍ അനുസരിച്ച് ചെയ്തിട്ടുള്ള പ്ലാന്‍ അല്ല.
കന്നി മൂലയില്‍ സൂതികാഗൃഹത്തിനു (പ്രസവ മുറി) സ്ഥാനമുണ്ടെന്നും അതിനാല്‍ തന്നെ അവിടെ ടോയ്ലറ്റ് ആകാമെന്നും പറയുന്ന ഒരു വിഭാഗം ഉണ്ട്, മാത്രമല്ല ഇത് മുകള്‍ നിലയില്‍ ആണു താനും. മറ്റൊന്ന് കൃത്യം മൂലയില്‍ ക്ലോസറ്റ് വരുന്നുമില്ല. ആ നിലക്ക് ഇത് അവിടെ ഒരു പ്രശ്നമാകും എന്ന് തൊന്നുന്നില്ല. വാസ്തുവിനെ പറ്റി വ്യത്യസ്ഥമായ അഭിപ്രായമാണ് ഓരോ “വിദഗ്ദനും” പറയുന്നത്. മധ്യകേരളത്തില്‍ ഒഴിവാക്കുന്നതും മരണചുറ്റെന്ന് (16-8 മുതല്‍ 20-8 നു മുമ്പ് വരെ ഉള്ളത്) പറയുന്നതുമായ കണക്ക് കണ്ണൂരിലും മറ്റും ഉത്തമമാണ്. ധാരാളം മുറികള്‍ ആ അളവിള്‍ അവിടെ ചെയ്യുന്നുണ്ട്‍.

വായുവും വെളിച്ചവും ആണ് പ്രധാനം അല്ലാതെ അളവുകള്‍ അല്ലെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. മറ്റു കണക്കുകള്‍ ഒക്കെ ഇന്നത്തെ പോലെ കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററും ഇല്ലാതിരുന്ന കാലത്ത് ഒരു സൌകര്യത്തിനു ഉണ്ടാക്കിയതാകും. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പ്രകടമായ പല ഇടപെടലും വാസ്തുവിന്റെ “നിയമങ്ങളില്‍” നിന്നും കണ്ടെടുക്കുവാന്‍ ആകും. അതൊക്കെ പിന്തുടര്‍ന്നാല്‍ ശൂദ്രനോ വൈശ്യനോ വലിയ വീടു പണിയുവാന്‍ ആകുമോ? ക്രിസ്ത്യാനിയുടെയോ മുസ്ലീമിന്റേയോ വീടിന്റെ കാര്യം എന്താകും?

E-pathram

ePathram.com