Monday, March 22, 2010

കേരളത്തിനു പൊള്ളുന്നു.

സൂര്യതാപത്തിന്റെ തീക്ഷ്ണതയെ പറ്റിയുള്ള സൂചനകള്‍ കേരളത്തിലും എത്തിയിരിക്കുന്നു. പാലക്കാട്ടും,കണ്ണൂരും,തൃശ്ശൂരും എല്ലാം ചിലര്‍ക്കു സൂര്യതാപമേറ്റു പൊള്ളിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. സസ്യശ്യാമളമായ നല്ല കാലാവസ്ഥയുള്ള ഒരു ഭൂപ്രകൃതിയെ ചുരുങ്ങിയ കാലം കൊണ്ട്‌ ഉഷ്ണപ്രദേശത്തിനു തുലമായ രീതിയില്‍ നാം "മാറ്റിയെടുത്തു". കാടുകള്‍ക്ക്‌ പകരം കോൺക്രീറ്റ്‌ കാടുകള്‍ കൊണ്ട്‌ ആധുനീകവല്‍ക്കരിച്ചു. ബേക്കറെപോലുള്ള ഋഷിതുല്യനായ ശില്‍പിയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടുപോലും അകവും പുറവും തേചുമിനുക്കിയ വായുവും വെളിച്ചവും പരമാവധി കുറച്ചുകടക്കുന്ന "മോടികൂടിയ" വീടുകള്‍ക്ക്‌ പുറാകെ ആണ്‌ നമ്മുടെ ആളൂകള്‍ പോയത്‌/പോയിക്കൊണ്ടിരിക്കുന്നത്‌. ഓരോ വീടുകളും ഇന്ന് "ഏത്തക്കായ പഴുക്കുവാന്‍ വെക്കുന്ന" കൂടിനു സമാനമാണ്‌. ചുട്ടുപഴുത്ത കോൺക്രീറ്റില്‍ നിന്നും വരുന്ന ചൂടിനെ പ്രതിരോധിക്കുവാന്‍ ആകാതെ വിയര്‍ക്കുകയാണ്‌ മലയാളി. വീടിനകത്തെ ചൂടുകുറക്കുന്നതില്‍ പാരമ്പര്യ വാസ്തുവിന്റെ നല്ല ഒരു മാതൃകയായ നടുമുറ്റം ഒരു വിഭാഗത്തിനു "സവര്‍ണ്ണ ബിംബമായി" എതിര്‍ക്കപ്പെടേണ്ടലിസ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു വിഭാഗം പാരമ്പര്യ വസ്തുവിന്റെ നല്ല വശങ്ങളെ ഒഴിവാക്കി കാലഘട്ടത്തിനു യോജിക്കാത്ത അളവുകള്‍/കാണക്കുകളൂം അന്ധവിശ്വാസവുമായി കൂട്ടിക്കുഴച്ച്‌ വിപണനസാധ്യത തേടുന്നു . കെട്ടിടത്തിന്റെ ഭംഗിക്കോ,സൗകര്യത്തിനോ പ്രാധാന്യം നല്‍കാതെ ഇക്കൂട്ടര്‍ അനുദിനം നൂറുകണക്കിനു അപനിര്‍മ്മിതികള്‍ക്കാണ്‌ തുടക്കം കുറിക്കുന്നത്‌.


ഉള്ള പ്രകൃതിയെ എപ്രകാരം സംരക്ഷിക്കാം എന്ന് ചിന്തിക്കുന്നതിനുപകരം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച്‌ പുതിയ ജലവൈദ്യുത പദ്ധതിയ്ക്കായി മുറവിളികൂട്ടുന്നു ചിലര്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ അതിരപ്പള്ളി പദ്ധതി.പദ്ധതിവരുന്നതോടെ കേരളത്തിലെ നയാഗ്രയെന്നു വിശേഷിപ്പിക്കാവുന്ന അതിരപ്പിള്ളിവെള്ളച്ചാട്ടവും അതിന്റെ ചുറ്റും ഉള്ള പ്രകൃതിയും കാര്യമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാകും. അപൂര്‍വ്വമായ ജൈവ വൈവിധ്യങ്ങളും ജന്തുക്കള്‍,പക്ഷികള്‍,ശലഭങ്ങള്‍,ജലജീവികള്‍ എന്നിവയ്ക്കും വംശനാശം സംഭവിക്കും.വനം എന്ന് പറയുമ്പോള്‍ വലിയ മരങ്ങള്‍ മാത്രമല്ല അടിക്കാടെന്ന് അറിയപ്പെടുന്ന ചെറിയ ചെടികളും കൂടെ ഉള്‍പ്പെട്ടതാണ്‌. അവയെ വെട്ടിനശിപ്പിക്കുന്നതും ഒരുതരത്തില്‍ പറഞ്ഞാല്‍ ഭൂമിയുടേ പച്ചപ്പുതപ്പിനെ ഉരിഞ്ഞുമാറ്റലാണ്‌.

ഗ്രീന്‍ മൂന്നാറിനെ ബ്രൗൺമൂന്നാറക്കിയതിനെ പറ്റി ഹൈക്കോടതിയുടെ നിരീക്ഷണം വന്നുകഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഊഷ്മാവ്‌ ഈ വര്‍ഷം മൂന്നറില്‍ രേഖപ്പെടുത്തി. മൂന്നാറിന്റെ ഹരിതാഭയില്‍ കളങ്കമായി നിരവധി കോൺക്രീറ്റ്‌ കെട്ടിടങ്ങള്‍ അനധികൃതമായി ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം അധീനതയില്‍ ഉള്ള ഭൂമിയില്‍ സമ്പത്തീക/രാഷ്ടീയ സ്വാധീനം ഇല്ലാത്തവര്‍ ഒരു വീടുവെക്കുവാന്‍ അപേക്ഷണല്‍കിയാല്‍ നിയമവും നിയമപാലകരും പുലര്‍ത്തുന്ന "ജാഗ്രതയുടെ" ആയിരത്തില്‍ ഒരംശം ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. എന്നാല്‍ നിയമം നടപ്പിലാക്കേണ്ടവരും രാഷ്ടീയക്കാരും ഇക്കൂട്ടര്‍ക്ക്‌ മുമ്പില്‍ ഓച്ചാനിച്ചുനിന്നു, പോരാത്തതിനു ചില വിപ്ലവപാര്‍ട്ടിക്കാര്‍ പാര്‍ട്ടിയോഫീസ്‌ സുഖവസകേന്ദ്രങ്ങളായി മാറ്റിയെടുത്തു മുറികള്‍ വടകക്ക്‌ നല്‍കുന്നു എന്ന് വരെ വാര്‍ത്തകള്‍ വന്നു.ഭരണപ്രതിപക്ഷ ബേധം കയ്യേറ്റങ്ങളില്‍ ഇല്ലെന്ന് വ്യക്തമായി, എന്നാല്‍ അവര്‍ നിര്‍ലജ്ജം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ജനത്തെ വിഡ്ഡികളാക്കുന്ന പതിവുനാടകങ്ങള്‍ തുടരുന്നു.

വികസനം എന്ന പെരില്‍ കുന്നുകളിടിച്ചുനിരത്തിയും, നെല്‍പാടങ്ങളും,കുളങ്ങളും,തോടുകളും നികത്തിയും അനിയന്ത്രിതമായി മണലൂറ്റിയും പാറപൊട്ടിച്ചും പ്രകൃതിയെ ക്രൂരമായി വേട്ടയാടുന്നു. ഇതിന്റെ ഫലമായി ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു, കൃഷിയിടങ്ങള്‍ ഇല്ലാതാകുന്നു.ജലസ്രോതസ്സുകളെ അടച്ചുകളഞ്ഞും മലീമസമാക്കിയും ടാങ്കര്‍ ലോറിയിലും, ബോട്ടിലിലും എത്തുന്ന വെള്ളത്തിനായി പണം ചിലവാക്കുവന്‍ മടിയില്ലത്ത സമൂഹമായി മലയാളി മാറി.ശീതീകരണ യന്ത്രങ്ങളുടെ ഏറ്റവും വലിയ വിപണിയാകുവാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു കേരളം.

ഇത്രമാത്രം നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന ഒരു സംസ്ഥാനം ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന് സംശയമാണ്‌. ഉയര്‍ന്നുവരുന്ന ഓരോ ബഹുനില കോൺക്രീറ്റ്‌ കെട്ടിടസമുച്ചയങ്ങളും അന്തരീക്ഷതാപനിലയില്‍ വ്യതിയാനം ഉണ്ടാക്കുവാന്‍ പോന്ന ഫാക്ടറികള്‍ ആണ്‌. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിനു ഫ്ലാറ്റുകള്‍ ആണ്‌ ഇനിയും ആള്‍താമസം ഇല്ലാതെ കിടക്കുന്നത്‌. ആയിരങ്ങള്‍ അന്തിയുറങ്ങുവാന്‍ പാര്‍പ്പിടാമില്ലാതെ ഇനിയഥവാ ഒരു വീടുനിര്‍മ്മിക്കുവാന്‍ ശ്രമിച്ചാല്‍ ന്യായമായ വിലക്ക്‌ നിര്‍മ്മാണസാമഗ്രികളും തൊഴിലാളികളേയും ലഭിക്കാതെ കഷ്ടപ്പെടുന്ന നാട്‌ടിലാണിതെന്ന് ഓര്‍ക്കണം.

ജലദിനവും,വനദിനവും ആഘോഷിക്കേണ്ടത്‌ പത്രപ്രസ്ഥാവനകളിലൂടെയും,പ്രതിഞ്ജകളിലൂടെയും അല്ല.ഏതെങ്കിലും ഒരു ദിവസം മാത്രം പ്രകൃതിയെ ഓര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല.പ്രകൃതിസംരക്ഷണം എന്നത്‌ നമ്മുടെ ദൈന്യം ദിന ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കേണ്ടതാണ്‌. അനാവശ്യമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒഴിവക്കിയും,ഉള്ള മരങ്ങളെ സംരക്ഷികുന്നതോടൊപ്പം പുതിയവയെ നട്ടുപിടിപ്പിച്ചും, പ്ലസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും, ഉപയോഗിച്ച ജലത്തെ കൃഷിക്കായും മറ്റും പ്രയോജനപ്പെടുത്തിയും മഴവെള്ളം സംഭരിച്ചുമെല്ലാം നമുക്ക്‌ ഇത്‌ ചെയ്യാവുന്നതാണ്‌.

പ്രകൃതിനല്‍കുന്ന സൂചനയില്‍ നിന്നും ഇനിയും പാഠമുള്‍ക്കൊള്ളാതെ തല്‍ക്കാലം പൊള്ളലേല്‍ക്കാതെ ശീതീകരിച്ച മുറികളില്‍ ഇരുന്ന് സ്ക്രീനിലെ റാണ്മഴയും അല്‍പവസ്ത്രധാരിണികളായി സ്റ്റേഡിയത്തില്‍ താളംചവിട്ടുന്ന ചീയര്‍ഗേള്‍സിന്റെയും പ്രകടനവും കണ്ട്‌ ആത്മനിര്‍വൃതികൊള്ളുമ്പോള്‍ സ്വന്തമായി ഒരു ഐ.പി.എല്‍ ടീമിനായി സാഹസികമായി ചരടുവലി നടത്തിയ മന്ത്രിയെ അഭിനന്ദനങ്ങള്‍കൊണ്ട്‌ മൂടുമ്പൊള്‍ തങ്ങള്‍ക്കു ചുറ്റും ഉള്ള അന്തരീക്ഷത്തില്‍ ഭയാനകമാം വിധം ഉയര്‍ന്നുവരുന്ന താപനിലയെ പറ്റി ഒരുനിമിഷമെങ്കിലും ഓര്‍ക്കുക.

9 comments:

paarppidam said...

പ്രകൃതിനല്‍കുന്ന സൂചനയില്‍ നിന്നും ഇനിയും പാഠമുള്‍ക്കൊള്ളാതെ തല്‍ക്കാലം പൊള്ളലേല്‍ക്കാതെ ശീതീകരിച്ച മുറികളില്‍ ഇരുന്ന് സ്ക്രീനിലെ റാണ്മഴയും അല്‍പവസ്ത്രധാരിണികളായി സ്റ്റേഡിയത്തില്‍ താളംചവിട്ടുന്ന ചീയര്‍ഗേള്‍സിന്റെയും പ്രകടനവും കണ്ട്‌ ആത്മനിര്‍വൃതികൊള്ളുമ്പോള്‍ സ്വന്തമായി ഒരു ഐ.പി.എല്‍ ടീമിനായി സാഹസികമായി ചരടുവലി നടത്തിയ മന്ത്രിയെ അഭിനന്ദനങ്ങള്‍കൊണ്ട്‌ മൂടുമ്പൊള്‍ തങ്ങള്‍ക്കു ചുറ്റും ഉള്ള അന്തരീക്ഷത്തില്‍ ഭയാനകമാം വിധം ഉയര്‍ന്നുവരുന്ന താപനിലയെ പറ്റി ഒരുനിമിഷമെങ്കിലും ഓര്‍ക്കുക.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ജലദിനവും,വനദിനവും ആഘോഷിക്കേണ്ടത്‌ പത്രപ്രസ്ഥാവനകളിലൂടെയും,പ്രതിഞ്ജകളിലൂടെയും അല്ല.


ശരിയാണ്, എന്നാണ്‌ നമ്മള്‍ പ്രകൃതിയിലേക്ക് മടങ്ങുന്നത് ??!!!

കാക്കര - kaakkara said...

പ്രകൃതി സംരക്ഷണമെന്നാൽ വനം, പുഴ, കണ്ടൽകാടുകൾ, നെൽപാടം....

ഇതിനപ്പുറത്ത്‌ ചിന്തിക്കാത്ത മലയാളി, ദിനങ്ങൾ ആഘോഷിച്ച്‌ സമയം കൊല്ലുന്നു.

എന്തിന്‌ മുഖ്യധാര പരിസ്ഥിതി പ്രവർത്തകർപോലും ഇതിനപ്പുറത്ത്‌ പ്രതികരിക്കുന്നില്ല.

ആതിരപ്പള്ളി ആണക്കെട്ടിനെ കാക്കര അനുകൂലിക്കുന്നു. കാരണം ഒരു പോസ്റ്റായി എന്റെ ബ്ളോഗിൽ ഇട്ടിറ്റുണ്ട്.

Anonymous said...

80 കളില്‍ ആഗോള താപനത്തേയും കാലാവസ്ഥാ മാറ്റത്തേയും പറ്റി പറഞ്ഞിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ അവഗണിക്കുകയോ കളിയാക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാറി. പരിസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഈ പ്രശ്നത്തിലെ മുഖ്യ കുറ്റവാളി ഒളിഞ്ഞിരിക്കുകയാണ്. നാം എപ്പോഴത്തേയും പോലെ കക്ഷി രാഷ്ട്രീയക്കാരേയും അധികാരികളേയും കുറ്റപ്പെടുത്തി പഴയതു പോലെ ജീവിച്ചു പോരുന്നു.

ജനങ്ങളുടെ ജീവിത രീതി നിശ്ചയിക്കുന്നത് സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളാണ്. പണം ഉണ്ടാക്കുള്ള അവരുടെ ശ്രമത്തില്‍ തെറ്റായ ജീവിത വീക്ഷണങ്ങളോ വീക്ഷണമില്ലായ്മയോ ആണ് പ്രചരിക്കുന്നത്. അവര്‍ മന്ദരായ സെലിബ്രിറ്റികളെ ഉണ്ടാക്കുന്നു. പിന്നീട് ആ സെലിബ്രിറ്റികളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു.

ഇതിന് എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് കുറയണം.

അത് വളരെ നിസാരമാണ്. സിനിമ, ചാനല്‍, പരസ്യങ്ങള്‍ കാണാതിരിക്കുക. കാണണമെങ്കില്‍ കോപ്പിചെയ്ത് കാണുക. കുറഞ്ഞ പരസ്യങ്ങളോ, സെലിബ്രിറ്റികളില്ലാത്ത പരസ്യങ്ങളോ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങുക.

paarppidam said...

വഴിപോക്കാ എത്രയും വേഗം പ്രകൃതിസംരക്ഷണത്തിനായി വല്ലച്റ്റും ചെയ്താൽ അത്രയും നന്ന്.
തീർച്ചയായും കാക്കരയുടെ ബ്ലോഗ്ഗ്‌ വിശദമായി നോക്കുന്നുണ്ട്‌.

സിനിമാതാരങ്ങളെ അന്ധമായി ആരാധിക്കുന്നതും അനുകരിക്കുന്നതും ശുദ്ധ വിഡ്ഡിത്തമാണ്‌. ഒരിക്കലും ഉപയോഗിക്കാത്ത ഉൽപന്നങ്ങൽക്കായി അവർ പരസ്യത്തിൽ പ്രത്യക്ഷപെടും. വസ്തുതകൾക്ക്‌ നിരക്കാത്തത്‌ വിളിചുകൂവും. പണം/പ്രശസ്ഥി അതല്ലേ എല്ലാം.എല്ലാ സിനിമാതാരൺങ്ങളേയും പറയുന്നില്ല.

വിജയലക്ഷ്മി said...

prakruthiye nashippikkaan thuninjirangiyavar ortthittenthu kaaryam :(

ശിഹാബ് മൊഗ്രാല്‍ said...

ശ്രദ്ധേയമായ വിലയിരുത്തലുകള്‍.. ഓര്‍മ്മപ്പെടുത്തലുകള്‍. എല്ലാവരും ഒരു സ്വയം വിലയിരുത്തലിന്‌ തയ്യാറാവുമെങ്കില്‍ അത്രയും നന്ന്.

മനോവിഭ്രാന്തികള്‍ said...

a timely reminder...well done...it also should open, how Malayalees spent their hard earned money for construction of houses. They should follow the advices from Laurie Baker....

by the way, I am also from Trichur. Pls see my blog too

Kalavallabhan said...

എവിടെ, ആർക്കൊണ്ടിതിനൊക്കെ സമയം. ഇവിടെ വെള്ളത്തിനു ക്ഷാമമില്ല, പിന്നെ രവിലെ തന്നെ ക്യൂ നില്ക്കണം. മനസ്സിലായില്ലേ ഒരു പെഗ്ഗിനാണെങ്കിൽ പോലും.

പുതിയ പോസ്റ്റ് ???

E-pathram

ePathram.com