Wednesday, November 17, 2010

ഈദ് ആശംസകള്‍

ത്യാഗത്തിന്റെ പ്രതീകമായ ഈ സുദിനത്തില്‍ എല്ലാ വായനക്കാര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഈദ് ആശംസകള്‍.

Sunday, October 03, 2010

മണലില്‍ നിന്നും എം-സാന്റിലേക്ക്
ഈ ലക്കം ലൈവ് സ്റ്റൈല്‍ ഓണ്‍‌ലൈന്‍ മാഗസിനില്‍ എം.സാന്റിനെ പറ്റി ഞാന്‍ എഴുതിയ ലേഖനത്തിന്റെ ഭാഗങ്ങള്‍ ഇവിടെ നല്‍കുന്നു.
http://malayalamemagazine.com/

Friday, October 01, 2010

മലയാളം ഈ മാഗസിന്‍

പ്രിപ്പെട്ടവരെ,
http://www.malayalamemagazine.com/ ലൈവ് സ്റ്റൈല്‍ എന്ന പേരില്‍ മലയാളത്തില്‍ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ഉള്ള വിവരം അറിയിച്ചു കൊള്ളുന്നു. പ്രമുഖ മാഗസിനുകളോട് കിടപിടിക്കുന്ന രീതിയില്‍ ഉള്ളടക്കം ഒരുക്കുവാന്‍ ശ്രമിച്ചിട്ടുള്ള ഈ മാഗസിന്‍ മറ്റു ഓണ്‍ലൈന്‍ മാഗസിനുകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു വായനാനുഭവം ആയിരിക്കും ഇതെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. http://www.malayalamemagazine.com/LIVEStyle/October%202010/ ഈ ലിങ്ക് വഴി പോയാല്‍ നിങ്ങള്‍ക്ക് അത് വായിക്കുവാന്‍ കഴിയും. സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹത്തോടെ
)എസ്.കുമാര്‍

Thursday, September 30, 2010

മൂന്നുസെന്റില്‍ ത്രീബെഡ്രൂം വീട്

ഭൂമിയുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും മലയാളിയുടെ സ്വപ്നഗൃഹസങ്കല്‍പ്പങ്ങളെ അനുദിനം ചെറിയ പ്ലോട്ടുകളിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുന്നു. മൂന്നു സെന്റില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും വീതി കുറഞ്ഞ് നീളം ഉള്ള പ്ലോട്ടുകളാണ് ഇന്ന് ലഭിക്കുന്നത് അധികവും. അത്തരം പ്ലോട്ടുകള്‍ക്ക് അനുയോജ്യമായ ഒരു ഡിസൈന്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

മൂന്നു സെന്റ് വരെ ഉള്ള പ്ലോട്ടുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നിന്നും നല്‍കുന്ന ദൂരത്തെ (ഓഫ്സെറ്റ്) സംബന്ധിച്ച് സംസ്ഥാനത്തെ കെട്ടിടനിര്‍മ്മാണ ചട്ടം അനുശാസിക്കുന്ന അളവുകളില്‍ ഇളവുകള്‍ ഉണ്ട്. മുന്‍ വശത്ത് 200-180 മീറ്ററും, പുറകില്‍ 1 മീറ്ററും വശങ്ങളില്‍ 2.20M. വരെ ഉയരത്തില്‍ വിന്റോ/വെന്റിലേറ്റര്‍ തുടങ്ങിയ ഓപ്പണിങ്ങ് ഇല്ലെങ്കില്‍ അറുപത് സെന്റീമീറ്ററും ആണ് ഓഫ്‌സെറ്റ് നല്‍കേണ്ടത്. അടുത്ത പ്ലോട്ടിന്റെ ഉടമയുടെ അനുമതിയുണ്ടെങ്കില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ആ വശത്ത് ഓപ്പണിങ്ങ് ഇല്ലാതെ കെട്ടിടം പണിയാവുന്നതാണ്.


താഴെ സിറ്റൌട്ടില്‍ നിന്നും കയറുന്നത് ലിവിങ്ങ് ആന്റ് ഡൈനിങ്ങ് ഹാളിലേക്കാണ്. വലിപ്പം കുറഞ്ഞ ഫര്‍ണ്ണീച്ചറുകള്‍ ഉപയോഗിച്ചാല്‍ സൌകര്യം തോന്നിക്കും. ഡൈനിങ്ങിന്റെ ഇടതുവശത്തായി സ്റ്റെയര്‍ കേസ് നല്‍കിയിരിക്കുന്നു. സ്റ്റെയര്‍ കേസ് തുടങ്ങുന്നതിന്‍ഉ തൊട്ടുമുമ്പ് ബെഡ്രൂമിലേക്കുള്ള വാതില്‍ നല്‍കിയിരിക്കുന്നു. അറ്റാച്ച്ട് ബാത്രൂമും ഈ കിടപ്പു മുറിക്ക് നല്‍കിയിട്ടുണ്ട്.

സാധാരണ ചെറിയ വീടുകളില്‍ നിന്നും വിഭിന്നമായി കിച്ചണ്‍ അല്പം വലിപ്പം ഉള്ളതാണ് നല്‍കിയിരിക്കുന്നത്. കിച്ചണോട് ചേര്‍ന്ന് ചെറിയ ഒരു യൂടിലിറ്റി ഏരിയായും നല്‍കിയിട്ടുണ്ട്. സ്റ്റെയര്‍ കേസിന്റെ അടിയില്‍ ഒരു കോമണ്‍ ബാത്രൂമും നല്‍കിയിട്ടുണ്ട്.

സ്റ്റെയര്‍ കയറി മുകള്‍ നിലയില്‍ ചെല്ലുന്നത് ഒരു ഹാളിലേക്കാണ്. താഴത്തെ ബെഡ്രൂമിനു മുകളില്‍ അതുപോലെ തന്നെ മുകള്‍ നിലയിലും ബാത് അറ്റാച്ച്ഡ് ആയ ബെഡ്രൂം നല്‍കിയിരിക്കുന്നു. കൂടാതെ കിച്ചണിനു മുകളിലും ഒരു ബെഡ്രൂം നല്‍കിയിട്ടുണ്ട്. യൂടിലിറ്റി ഏരിയ ബാത്രൂമാക്കി മാറ്റിയിരിക്കുന്നു. ഹാളില്‍ നിന്നും ഇറങ്ങാവുന്ന വിധത്തില്‍ ഒരു ബാല്‍കണിയുണ്ട്.

ഇരുനിലകളിലായി മൂന്ന് കിടപ്പുമുറികള്‍ ഉള്ള ഈ വീടിന്റെ മൊത്തം വിസ്തീര്‍ണ്ണം 127.80 ചതുരശ്രമീറ്റര്‍ (1375 ചതുരശ്രയടി) ആണ്. ഗൌണ്ട് ഫ്ലോര്‍ ഏരിയ 67.8 ചതുരശ്രമീറ്റര്‍ (730 ചതുരശ്രയടി)യും മുകള്‍ നില 60.00 ചതുരശ്രമീറ്റര്‍ (645.00 ചതുരശ്രയടി) ആണ്.

Sunday, August 22, 2010

ഓണാ‍ശംസകള്‍

ഓനമെന്നാല്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ/സവര്‍ണ്ണന്റെ ആധിപത്യത്തിന്റെ ആവര്‍ത്തിച്ചുള്ള അടയാളപ്പെടുത്തലാണെന്ന വീക്ഷണത്തെ തള്ളിക്കളയാം. സവര്‍ണ്ണ അവര്‍ണ്ണ അന്യമത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കേണ്ടതാണ് ഓണം.
സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആഘോഷത്തെ നമുക്ക് സന്തോഷത്തോടെ വരവേല്‍ക്കാം.ലോകമെമ്പാടും ഉള്ള മലയാളികള്‍ സന്തോഷത്തോടെ കൊണ്ടോടുന്ന ഈ വേളയില്‍ മുഴുവന്‍ മലയാളികള്‍ക്കും തെച്ചിക്കോട്ടുകാവില്‍ തുടങ്ങുന്ന കേരളത്തിന്റെ ഗജകേസരികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Sunday, August 15, 2010

സ്വാതന്ത്ര ദിനാശംസകൾ

പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലികൊടുത്ത അനേക ലക്ഷം അത്മാക്കൾക്കും, അതിലേറെ പീഠനവും ദുരിതവും സഹിച്ച് ജീവിച്ചു തീർത്ത അവരുടെ ആശ്രതിർക്കും ആദരാഞ്ജലികൾ. ഇന്ത്യൻ മണ്ണിൽ വിനാശത്തിന്റെ വിത്തുവിതയ്ക്കുവാനായി അതിർത്തിയിൽ നുഴഞ്ഞു കയറുന്ന, പലയിടങ്ങളിൽ നിന്നും അവിടേക്കു റിക്രൂട്ട് ചെയ്യപ്പെടുന്ന ഭീകരന്മാർക്കെതിരെ പൊരുതുന്ന വീരജവാന്മാർക്ക് അഭിവാദ്യങ്ങൾ. ഒറ്റുകാരും കൂട്ടിക്കൊടുപ്പുകാരും സാംസ്കാരിക പ്രവർത്തകരുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും വേഷമണിഞ്ഞ് ഇന്ത്യയിൽ ഉടനീളം ഇത്തരം ചിദ്രശക്തികളെ ന്യായീകരിക്കുവാൻ അഹോരാത്രം പണിപ്പെടുന്നത് വേദനയോടെ ഞങ്ങൾ തിരിച്ചറിയുന്നു. രാജ്യത്തെ വിറ്റുതുലക്കുന്ന പരമാധികാരം സാമ്രാജ്യത്വത്തിനു ഒപ്പിട്ടുകൊടുക്കുവാൻ സദാ അവസരം പാർത്തിരിക്കുന്ന അതിർത്തിയിൽ കൊടും മഞ്ഞിൽ ശത്രുക്കളോടു പൊരുതുന്ന രാജ്യത്തെ അഹോരാത്രം കാത്തുര‌ക്ഷിക്കുന്ന ധീരജവാന്മാരുടെ ഭക്ഷണത്തിൽ നിന്നു പോലും അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുവാൻ ഉളുപ്പില്ലാത്ത രാഷ്ടീയക്കാരുടെ ഹിഡൻ അജണ്ടകൾക്കു മുമ്പിൽ ഇന്നല്ലെങ്കിൽ നാളെ നട്ടെല്ലു നിവർത്തിനിന്നു പൂർവ്വസൂരികൾ പോരാട്ടങ്ങളിലൂടെ നേടിത്തന്നതൊക്കെയും കാത്തു സൂക്ഷിക്കുന്ന ഒരു ജനത ഉണർന്നുവരും എന്ന് പ്രത്യാശിക്കാം.


ജാതിയും മതവും നോക്കിയല്ല ഉഗ്രശേഷിയോടെ ബോംബുകൾ മനുഷ്യ ശരീരത്തെ ചിതറിപ്പിക്കുന്നത്. ചോരയും മാം‌സവും കണ്ണീരും രോദനവും കത്തിയമരുന്ന സ്വപ്നങ്ങളും നിറഞ്ഞ ഒരു ഇന്ത്യയെ അല്ല നമുക്ക് വേണ്ടത്, സമത്വത്തോടെ സാഹോദര്യത്തോടെ സർവ്വരും പുലരുന്ന ഒരു ഇന്ത്യയെ ആണ്. മതത്തിന്റെ പേരിൽ പ്രാകൃതമായ ശിക്ഷാവിധികൾ നടപ്പിലാക്കുവാൻ ഉള്ള ഇടമല്ല ഇന്ത്യൻ മണ്ണ്‌. ഇന്ത്യയുടെ നിയമവ്യവസ്ഥയും പരമാധികാരവും അട്ടിമറിക്കുവാൻ ഉള്ള ഏതു ശക്തികളുടെ ശ്രമങ്ങളേയും ജാതിമത ബേധമന്യേ നാം ചെറുത്തു തോല്പിക്കേണ്ടിയിരിക്കുന്നു. പിറന്ന നാടിനേക്കാൾ വലുതല്ല, അവനവൻ ജീവിക്കുന്ന സമൂഹത്തേക്കാൾ വലുതല്ല വരാൻ ഇരിക്കുന്ന സ്വർഗ്ഗങ്ങൾ എന്ന് നമ്മേ ഓർമ്മിപ്പിച്ച മണ്മറഞ്ഞു പോയ ധീര ദേശാഭിമാനികളുടെ ഇന്നും ജ്വലിക്കുന്ന ചിന്തയിൽ നിന്നും വേണം നമുക്ക് ആവേശം കൊള്ളുവാൻ. അല്ലാതെ ഇന്ത്യയ്ക്കെതിരെ പോരാടുവാൻ പറഞ്ഞവരിൽ നിന്നും അല്ല നമുക്ക് മാതൃകകളെ കണ്ടെത്തേണ്ടത്. അത്തരക്കാർക്ക് ഉള്ള ഇടമാകരുത് ഇന്ത്യൻ മണ്ണ്‌.

ജനതയെ ഭിന്നിപ്പിക്കുവാൻ ജാതിയുടേയും മതത്തിന്റേയും പേരിൽ പരസ്പരം സംശയത്തോടെ കാണുവാൻ രോഷത്തിന്റെ/ വിദ്വേഷത്തിന്റെ വിത്തുപാകുന്ന ഇരവാദികളും, സ്വത്വവാദികളും, ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയ വാദികളും അരങ്ങു വാഴുന്ന, അനുദിനം ജീർണ്ണതയിലേക്ക് നീങ്ങുന്ന സാംസ്കാരിക കേരളത്തിന്റെ ദുരവസ്ഥയിൽ വേദനിച്ചുകൊണ്ട്, നല്ല ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചു കൊണ്ട് എല്ലാ ഭാരതീയർക്കും സ്വാതന്ത്ര ദിനാശംസകൾ.

വന്ദേ മാതരം.

Saturday, July 24, 2010

സമകാലികതയുടെ രൂപങ്ങൾ


മലയാളിയുടെ ഗൃഹസങ്കൽ‌പ്പങ്ങളിലേക്ക് മോഡേൺ/ സമകാലിക (Contemporary) ഡിസൈനുകൾ കടന്നുവന്നുകൊണ്ടിരിക്കുന്നു. ചരിച്ചു വാർത്ത് ഓടുപതിച്ച് ചാരുപടി പിടിപ്പിച്ചുള്ള “ട്രഡീഷ്ണൽ ടച്ചിന്റെ“ സ്ഥാനത്ത് രൂപത്തിലും നിറത്തിലും എല്ലാം നവീനത പുലർത്തുന്ന വീടുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. പുറമേക്കുള്ള കാഴ്ചയ്ക്കപ്പുറം മറ്റു ചില ഗുണങ്ങളും ഇത്തരം ഡിസൈനുണ്ട്. ഡബിൾ ഹൈറ്റും ധാരാളം വെന്റിലേഷൻ സൌകര്യങ്ങളും ഇത്തരം ഡിസൈനുകളിൽ കാണാനാകും. റൂഫിലുള്ള മാറ്റം- ചരിച്ചു വാർത്ത് ഓടുപതിക്കുന്നതിന്റെ- വലിയ ഒരു ചിലവിനെ ഒഴിവാക്കുവാൻ സഹായിക്കുന്നു. (വ്യക്തിപരമായി ഞാൻ ചരിച്ചു വാർത്ത് ഓടു പതിക്കുന്നതിനോട് വിയോജിപ്പുള്ള ആളാണ്. എങ്കിലും ക്ലൈന്റിന്റെ നിർബന്ധത്തിനും താല്പര്യത്തിനു വഴങ്ങി അത്തരം ഡിസൈനുകൾ പലപ്പോഴും ചെയ്യാറുണ്ട്) മരത്തിനു പകരം സ്റ്റീലിന്റെ സാധ്യതകൾ പലതരത്തിലും ഇത്തരം ഡിസൈനുകളിൽ പ്രയോജനപ്പെടുത്താം.

ലിവിങ്ങ് റൂമിനും ഡൈനിങ്ങിനും ഇടയിലെ വലിയ കോർട് യാഡ് തന്നെ ആണ് ഈ വീടിന്റെ ഒരു പ്രത്യേകത. മറ്റൊന്ന് ലിവിങ്ങിന്റെ ഡബിൾ ഹൈറ്റാണ്. വീടിനകത്തെ ഊഷ്മാവ് ക്രമീകരിക്കുന്നതിൽ ഇതിനു വലിയ ഒരു പങ്ക് തന്നെ ഉണ്ട്. കോർട് യാഡിന്റെ വശത്ത് ഇരിക്കുവാനായി ചെറിയ “തിണ്ണ” നൽകിയിരിക്കുന്നു. ബെഡ്രൂമിൽ നിന്നും കോർട് യാഡിലേക്ക് വിന്റോ നൽകിയിരിക്കുന്നു. രാത്രികാലങ്ങളിൽ ഭയമില്ലാതെ അത് തുറന്നിടുവാനും ആകും.
ലിവിങ്ങിലും ഡൈനിങ്ങിലും ടി.വി വെക്കുവാൻ ഉള്ള സൌകര്യം ഉണ്ട്.

മുകൾ നിലയിലെ രണ്ടു ബെഡ്രൂമുകളും എതിർവശങ്ങളിൽ ആയാണ് ക്രമീകരിച്ചിരിക്കുന്നു, അവയ്ക്ക് ബാൽക്കണി നൽകിയിരിക്കുന്നു.ഗ്രൌണ്ട് ഫ്ലോർ കോർട് യാഡ് ഒഴിവാക്കി 1517 ചതുരശ്രയടി വിസ്ത്രെർണ്ണം. ഫസ്റ്റ് ഫ്ലോർ ലിവിങ്ങിന്റ് ഡബിൾ ഹൈറ്റ് ആയതിനാൽ അതിന്റെ പകുതി ഏരിയ അടക്കം 1032 ചതുരശ്രയടിയാണ് ഏരിയ വരുന്നത്.

Monday, March 22, 2010

കേരളത്തിനു പൊള്ളുന്നു.

സൂര്യതാപത്തിന്റെ തീക്ഷ്ണതയെ പറ്റിയുള്ള സൂചനകള്‍ കേരളത്തിലും എത്തിയിരിക്കുന്നു. പാലക്കാട്ടും,കണ്ണൂരും,തൃശ്ശൂരും എല്ലാം ചിലര്‍ക്കു സൂര്യതാപമേറ്റു പൊള്ളിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. സസ്യശ്യാമളമായ നല്ല കാലാവസ്ഥയുള്ള ഒരു ഭൂപ്രകൃതിയെ ചുരുങ്ങിയ കാലം കൊണ്ട്‌ ഉഷ്ണപ്രദേശത്തിനു തുലമായ രീതിയില്‍ നാം "മാറ്റിയെടുത്തു". കാടുകള്‍ക്ക്‌ പകരം കോൺക്രീറ്റ്‌ കാടുകള്‍ കൊണ്ട്‌ ആധുനീകവല്‍ക്കരിച്ചു. ബേക്കറെപോലുള്ള ഋഷിതുല്യനായ ശില്‍പിയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടുപോലും അകവും പുറവും തേചുമിനുക്കിയ വായുവും വെളിച്ചവും പരമാവധി കുറച്ചുകടക്കുന്ന "മോടികൂടിയ" വീടുകള്‍ക്ക്‌ പുറാകെ ആണ്‌ നമ്മുടെ ആളൂകള്‍ പോയത്‌/പോയിക്കൊണ്ടിരിക്കുന്നത്‌. ഓരോ വീടുകളും ഇന്ന് "ഏത്തക്കായ പഴുക്കുവാന്‍ വെക്കുന്ന" കൂടിനു സമാനമാണ്‌. ചുട്ടുപഴുത്ത കോൺക്രീറ്റില്‍ നിന്നും വരുന്ന ചൂടിനെ പ്രതിരോധിക്കുവാന്‍ ആകാതെ വിയര്‍ക്കുകയാണ്‌ മലയാളി. വീടിനകത്തെ ചൂടുകുറക്കുന്നതില്‍ പാരമ്പര്യ വാസ്തുവിന്റെ നല്ല ഒരു മാതൃകയായ നടുമുറ്റം ഒരു വിഭാഗത്തിനു "സവര്‍ണ്ണ ബിംബമായി" എതിര്‍ക്കപ്പെടേണ്ടലിസ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു വിഭാഗം പാരമ്പര്യ വസ്തുവിന്റെ നല്ല വശങ്ങളെ ഒഴിവാക്കി കാലഘട്ടത്തിനു യോജിക്കാത്ത അളവുകള്‍/കാണക്കുകളൂം അന്ധവിശ്വാസവുമായി കൂട്ടിക്കുഴച്ച്‌ വിപണനസാധ്യത തേടുന്നു . കെട്ടിടത്തിന്റെ ഭംഗിക്കോ,സൗകര്യത്തിനോ പ്രാധാന്യം നല്‍കാതെ ഇക്കൂട്ടര്‍ അനുദിനം നൂറുകണക്കിനു അപനിര്‍മ്മിതികള്‍ക്കാണ്‌ തുടക്കം കുറിക്കുന്നത്‌.


ഉള്ള പ്രകൃതിയെ എപ്രകാരം സംരക്ഷിക്കാം എന്ന് ചിന്തിക്കുന്നതിനുപകരം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച്‌ പുതിയ ജലവൈദ്യുത പദ്ധതിയ്ക്കായി മുറവിളികൂട്ടുന്നു ചിലര്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ അതിരപ്പള്ളി പദ്ധതി.പദ്ധതിവരുന്നതോടെ കേരളത്തിലെ നയാഗ്രയെന്നു വിശേഷിപ്പിക്കാവുന്ന അതിരപ്പിള്ളിവെള്ളച്ചാട്ടവും അതിന്റെ ചുറ്റും ഉള്ള പ്രകൃതിയും കാര്യമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാകും. അപൂര്‍വ്വമായ ജൈവ വൈവിധ്യങ്ങളും ജന്തുക്കള്‍,പക്ഷികള്‍,ശലഭങ്ങള്‍,ജലജീവികള്‍ എന്നിവയ്ക്കും വംശനാശം സംഭവിക്കും.വനം എന്ന് പറയുമ്പോള്‍ വലിയ മരങ്ങള്‍ മാത്രമല്ല അടിക്കാടെന്ന് അറിയപ്പെടുന്ന ചെറിയ ചെടികളും കൂടെ ഉള്‍പ്പെട്ടതാണ്‌. അവയെ വെട്ടിനശിപ്പിക്കുന്നതും ഒരുതരത്തില്‍ പറഞ്ഞാല്‍ ഭൂമിയുടേ പച്ചപ്പുതപ്പിനെ ഉരിഞ്ഞുമാറ്റലാണ്‌.

ഗ്രീന്‍ മൂന്നാറിനെ ബ്രൗൺമൂന്നാറക്കിയതിനെ പറ്റി ഹൈക്കോടതിയുടെ നിരീക്ഷണം വന്നുകഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഊഷ്മാവ്‌ ഈ വര്‍ഷം മൂന്നറില്‍ രേഖപ്പെടുത്തി. മൂന്നാറിന്റെ ഹരിതാഭയില്‍ കളങ്കമായി നിരവധി കോൺക്രീറ്റ്‌ കെട്ടിടങ്ങള്‍ അനധികൃതമായി ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം അധീനതയില്‍ ഉള്ള ഭൂമിയില്‍ സമ്പത്തീക/രാഷ്ടീയ സ്വാധീനം ഇല്ലാത്തവര്‍ ഒരു വീടുവെക്കുവാന്‍ അപേക്ഷണല്‍കിയാല്‍ നിയമവും നിയമപാലകരും പുലര്‍ത്തുന്ന "ജാഗ്രതയുടെ" ആയിരത്തില്‍ ഒരംശം ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു. എന്നാല്‍ നിയമം നടപ്പിലാക്കേണ്ടവരും രാഷ്ടീയക്കാരും ഇക്കൂട്ടര്‍ക്ക്‌ മുമ്പില്‍ ഓച്ചാനിച്ചുനിന്നു, പോരാത്തതിനു ചില വിപ്ലവപാര്‍ട്ടിക്കാര്‍ പാര്‍ട്ടിയോഫീസ്‌ സുഖവസകേന്ദ്രങ്ങളായി മാറ്റിയെടുത്തു മുറികള്‍ വടകക്ക്‌ നല്‍കുന്നു എന്ന് വരെ വാര്‍ത്തകള്‍ വന്നു.ഭരണപ്രതിപക്ഷ ബേധം കയ്യേറ്റങ്ങളില്‍ ഇല്ലെന്ന് വ്യക്തമായി, എന്നാല്‍ അവര്‍ നിര്‍ലജ്ജം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ജനത്തെ വിഡ്ഡികളാക്കുന്ന പതിവുനാടകങ്ങള്‍ തുടരുന്നു.

വികസനം എന്ന പെരില്‍ കുന്നുകളിടിച്ചുനിരത്തിയും, നെല്‍പാടങ്ങളും,കുളങ്ങളും,തോടുകളും നികത്തിയും അനിയന്ത്രിതമായി മണലൂറ്റിയും പാറപൊട്ടിച്ചും പ്രകൃതിയെ ക്രൂരമായി വേട്ടയാടുന്നു. ഇതിന്റെ ഫലമായി ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു, കൃഷിയിടങ്ങള്‍ ഇല്ലാതാകുന്നു.ജലസ്രോതസ്സുകളെ അടച്ചുകളഞ്ഞും മലീമസമാക്കിയും ടാങ്കര്‍ ലോറിയിലും, ബോട്ടിലിലും എത്തുന്ന വെള്ളത്തിനായി പണം ചിലവാക്കുവന്‍ മടിയില്ലത്ത സമൂഹമായി മലയാളി മാറി.ശീതീകരണ യന്ത്രങ്ങളുടെ ഏറ്റവും വലിയ വിപണിയാകുവാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു കേരളം.

ഇത്രമാത്രം നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന ഒരു സംസ്ഥാനം ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന് സംശയമാണ്‌. ഉയര്‍ന്നുവരുന്ന ഓരോ ബഹുനില കോൺക്രീറ്റ്‌ കെട്ടിടസമുച്ചയങ്ങളും അന്തരീക്ഷതാപനിലയില്‍ വ്യതിയാനം ഉണ്ടാക്കുവാന്‍ പോന്ന ഫാക്ടറികള്‍ ആണ്‌. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിനു ഫ്ലാറ്റുകള്‍ ആണ്‌ ഇനിയും ആള്‍താമസം ഇല്ലാതെ കിടക്കുന്നത്‌. ആയിരങ്ങള്‍ അന്തിയുറങ്ങുവാന്‍ പാര്‍പ്പിടാമില്ലാതെ ഇനിയഥവാ ഒരു വീടുനിര്‍മ്മിക്കുവാന്‍ ശ്രമിച്ചാല്‍ ന്യായമായ വിലക്ക്‌ നിര്‍മ്മാണസാമഗ്രികളും തൊഴിലാളികളേയും ലഭിക്കാതെ കഷ്ടപ്പെടുന്ന നാട്‌ടിലാണിതെന്ന് ഓര്‍ക്കണം.

ജലദിനവും,വനദിനവും ആഘോഷിക്കേണ്ടത്‌ പത്രപ്രസ്ഥാവനകളിലൂടെയും,പ്രതിഞ്ജകളിലൂടെയും അല്ല.ഏതെങ്കിലും ഒരു ദിവസം മാത്രം പ്രകൃതിയെ ഓര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല.പ്രകൃതിസംരക്ഷണം എന്നത്‌ നമ്മുടെ ദൈന്യം ദിന ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കേണ്ടതാണ്‌. അനാവശ്യമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒഴിവക്കിയും,ഉള്ള മരങ്ങളെ സംരക്ഷികുന്നതോടൊപ്പം പുതിയവയെ നട്ടുപിടിപ്പിച്ചും, പ്ലസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും, ഉപയോഗിച്ച ജലത്തെ കൃഷിക്കായും മറ്റും പ്രയോജനപ്പെടുത്തിയും മഴവെള്ളം സംഭരിച്ചുമെല്ലാം നമുക്ക്‌ ഇത്‌ ചെയ്യാവുന്നതാണ്‌.

പ്രകൃതിനല്‍കുന്ന സൂചനയില്‍ നിന്നും ഇനിയും പാഠമുള്‍ക്കൊള്ളാതെ തല്‍ക്കാലം പൊള്ളലേല്‍ക്കാതെ ശീതീകരിച്ച മുറികളില്‍ ഇരുന്ന് സ്ക്രീനിലെ റാണ്മഴയും അല്‍പവസ്ത്രധാരിണികളായി സ്റ്റേഡിയത്തില്‍ താളംചവിട്ടുന്ന ചീയര്‍ഗേള്‍സിന്റെയും പ്രകടനവും കണ്ട്‌ ആത്മനിര്‍വൃതികൊള്ളുമ്പോള്‍ സ്വന്തമായി ഒരു ഐ.പി.എല്‍ ടീമിനായി സാഹസികമായി ചരടുവലി നടത്തിയ മന്ത്രിയെ അഭിനന്ദനങ്ങള്‍കൊണ്ട്‌ മൂടുമ്പൊള്‍ തങ്ങള്‍ക്കു ചുറ്റും ഉള്ള അന്തരീക്ഷത്തില്‍ ഭയാനകമാം വിധം ഉയര്‍ന്നുവരുന്ന താപനിലയെ പറ്റി ഒരുനിമിഷമെങ്കിലും ഓര്‍ക്കുക.

Saturday, January 30, 2010

വെളിച്ചം നിറച്ച വീട്‌.

പ്ലാനിനു കടപ്പാട്‌ മിസ്സിസ്‌.വിനി.എസ്‌ കുമാർ

കാലാവസ്ഥയിൽ വലിയ വ്യതിയാനം സംഭവിക്കുന്ന ഒരു കാലഘട്ടത്തിൽ വീടുപണിയുമ്പോൾ അത്‌ ചെറുതായാലും വലുതായാലും വാസ്തുവിന്റെ ചിട്ടകൾക്കും അളവുകൾക്കും അപ്പുറം കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരിക,ഉള്ള സ്ഥലം പരമാവധിപ്രയോജനപ്പെടുത്തുക എന്നതായിരിക്കണം പ്രാധാന്യം നൽകേണ്ടത്‌.ഈ വീട്ടിൽ ധാരാളം കാറ്റും വെളിച്ചവും കടന്നുവരുവാൻ നിറയെ ജാലകങ്ങൾ നൽകിയിരിക്കുന്നു. (സ്കൈലൈറ്റിന്റെ ഉയർന്ന നിർമ്മാണ ചിലവു മൂലം അത്‌ ഒഴിവാക്കിയിരിക്കുന്നു)

വരാന്തയിലേക്ക്‌ പടികൾ കയറുന്നിടത്തുതന്നെ ലിവിങ്ങിലേക്കുള്ള വാതിൽ കൊടുത്തിരിക്കുന്നതിനാൽ ഭാക്കി ഭാഗത്ത്‌ ഇരിക്കുവാൻ സൗകര്യം ലഭിക്കുന്നു. ലിവിങ്ങിൽ "C" ആകൃതിയിൽ ഇരിപ്പിട സംവിധാനം ഒരുക്കിയിരിക്കുന്നു. ഡാ‍ീനിങ്ങിലേക്ക്‌ കടക്കുമ്പോൾ ഇടതുഭാഗത്തായി ചെറിയ ഒരു സ്റ്റഡി ഏരിയ. തൊട്ടടുത്തായി മുളികേക്കുള്ള സ്റ്റെയർകേസ്‌ നൽകിയിരിക്കുന്നു.മാസ്റ്റർ ബെഡ്‌റൂമിൽ ഒരു ചെറിയ ഷെൽഫ്‌ നൽകിക്കൊണ്ട്‌ സ്റ്റെയർകേസിന്റെ അടിഭാഗം വളരെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയിരിക്കുനു. സ്റ്റെയറിന്റെ വശത്തായി ഡൈനിങ്ങ്‌ റൂമിൽ നിന്നും കാണാവുന്ന വിധത്തിൽ ടി.വി സജ്ജീകരിച്ചിരിക്കുന്നു. ഡൈനിങ്ങ്‌ റൂമിൽ ഡൈനിംഗ്‌ ടേബിളിനെ കൂടാതെ ഇരിക്കുവാനായി ജനലിനോടു ചേർന്ന് സീറ്റിങ്ങും കൊടുത്തിരിക്കുന്നു. ഇതിനോട്‌ ചേർന്ന് വാഷ്‌ ഏരിയായും ചെറിയ ഒരു ടോയ്‌ലറ്റും നൽകിയിരിക്കുന്നു.

അടുക്കളയിൽ C ആകൃതിയിൽ കൗണ്ടർ നൽകിയിരിക്കുന്ന അടുക്കളയിൽ ഒരു ചെറിയ ബ്രേക്ക്ഫാസ്റ്റ്‌ കൗണ്ടറും ചെയറും നൽകിയിരികുന്നു. ഇവിടെ ഫ്രിഡ്ജും,സ്റ്റൗ/ഓവൻ,സിങ്ക്‌ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ചുറ്റും ഓവർഹെഡ്‌ ക്യാമ്പിനറ്റുകൾ നകുന്നതിനുപകരം ഫ്രിഡ്ജ്‌ ഇരിക്കുന്ന വശത്തെ ചുമരിൽ മാത്രം നൽകിയിരിക്കുന്നു.പലപ്പോഴും കിച്ചണിൽ മൂന്നു ചുവരിലും ക്യാബിനറ്റുകൾ നൽകാറുണ്ട്‌,ഇത്‌ ഒരു പരിധിവരെ അനാവശ്യമാണെന്ന് മാത്രമല്ല കിച്ചണ്ടെ വലിപ്പത്തെ കുറച്ചുകാണിക്കും.കിച്ചണ്‌പ്പുറത്തായി യൂടിലിറ്റി ഏരിയായും നൽകിയിട്ടുണ്ട്‌.വാഷിങ്ങ്‌ മേഷീൻ ഇവിടെ ആണ്‌ വച്ചിരിക്കുന്നത്‌. പുകയില്ലാത്ത ഒരു അടുപ്പ്‌ ഈ ഏരിയായിൽ ക്രമീകരിച്ചിരിക്കുന്നു.

താഴത്തെ നിലയിൽ രണ്ട്‌ കിടപ്പുമുറികൾ ആണ്‌ ഉള്ളത്‌. രണ്ടുബെഡ്‌റൂമുകളിലും ബാത്‌റൂമുകളിലേക്ക്‌ കടക്കുന്നത്‌ ഡ്രസ്സിങ്ങ്‌ ഏരിയായിലൂടെ ആണ്‌.

സ്റ്റെയർക്കേസ്‌ കയറി മുകൾ നിലയിലേക്ക്‌ ചെല്ലുന്നത്‌ ഒരു ഫാമിലി ലിവിംഗ്‌ ഏരിയായിലേക്കാണ്‌.ഇതിന്റെ ഒരു ഭാഗത്ത്‌ ടി.വി വെച്ചിരിക്കുന്നു, എതിർവ്വശത്തായി ഒരു ചെറിയ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു.ഇവിടെ താഴത്തെ നിലയിലെ സ്റ്റഡി ഏരിയായുടെ മുകളിലും ഡൈനിംഗ്‌ ഏരിയായുടെ കോർണറിലുമായി രണ്ട്‌ കട്ടൗട്ടുകൾ ഉണ്ട്‌.ഈ കട്ടൗട്ടുകൾ ഇരുനിലകളേയും തമ്മിൽ വേർത്തിരിക്കുന്നതിനെ ഒഴിവാക്കുന്നതോടൊപ്പം യഥേഷ്ടം വായുസഞ്ചാരത്തിനും ഉപകരിക്കുന്നു.

മുകൾ നിലയിൽ രണ്ടു ബെഡ്‌റൂമുകൾ ആണ്‌ ഉള്ളത്‌. ഇവിടെയും അറ്റാച്ച്ഡ്‌ ബാത്‌റൂമും ഡ്രസ്സിംഗ്‌ ഏരിയായും നൽകിയിരിക്കുന്നു. ഇതുകൂടാതെ ഒരു ബാൽകണിയും ഉണ്ട്‌. (കിച്ചണു മുകളിലെ ബെഡ്‌റൂമിൽ നിന്നും യൂടിലിറ്റിയുടെ മുകൾ ഭാഗത്തുവരുന്ന ഏരിയായിൽ വേണമെങ്കിൽ ഒരു ബാൽക്കണികൂടെ നൽകാവുന്നതാണ്‌) ഫാമിലി ലിവിങ്ങിൽ നിന്നും പുറകുവശത്തെ ഓപ്പൺ ടെറസ്സിലേക്ക്‌ കടക്കുന്നിടത്തെ വാതിൽ പുറത്തേക്കാണ്‌ തുറക്കുന്നത്‌.ഇത്‌ പ്രത്യേകരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ ചെയ്യണം,മാത്രമല്ല താഴ ഫ്ലോറിൽ നിന്നും പത്ത്‌ സെന്റീമീരറ്റർ ഉയർത്തി അവിടെ കോൺക്രീറ്റ്കൊണ്ട്‌ ഒരു പടി വക്കുന്നത്‌ മഴവെള്ളം അകത്തെക്ക്‌ അടിച്ചുകയറാതിരിക്കുവാൻ ഉപകരിക്കും.

ഇരുനിലകളിലുമായി കാർപ്പോർച്ചടക്കം ഏകദേശം 2374 ചതുരശ്രയടിയാണ്‌ ഏരിയ.

E-pathram

ePathram.com