Sunday, September 20, 2009

എല്ലാ വായനക്കാർക്കും പെരുന്നാൾ ആശംസകൾ.....

മനസ്സിൽ നന്മയും പ്രാർത്ഥനയും നിറഞ്ഞ വ്രതവിശുദ്ധിയുടെ മുപ്പതു നാളുകൾ കഴിഞ്ഞിതാ ചെറിയ പെരുന്നാൾ ആഗതമായിരിക്കുന്നു.എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ പെരുന്നാൾ ആശംസകൾ.....

ഒരുനേരം പോലും വയറുനിറയെ ഭക്ഷണം കഴിക്കാതെ ജീവിക്കുന്ന അനേകകോടി ദരിദ്രരുടെ നാട്ടിൽനിന്നും വരുന്ന, സുഭിക്ഷമായി മൂന്നുനേരം ആഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർ ആഹാരം ഉപേക്ഷിച്ച്‌ ജീവിക്കുമ്പോൾ ഒരു വേള അവരെ ഓർത്തുപോകുന്നു....കന്നുകാലിക്ലാസിനെ പറ്റിയറിയാതെ അന്നന്നത്തെ വിശപ്പടക്കുവാൻ കുഞ്ഞുങ്ങളെ പോലും വിൽക്കുവാൻ വിധിക്കപ്പെട്ട ആ ജനകോടികൾ അനുഭവിക്കുന്ന പീഠനങ്ങൾക്ക്‌ എന്നെങ്കിലും അറുതിയുണ്ടാകണേ എന്ന പാർത്ഥനയോടെ..............ഒരിക്കൽ കൂടെ എല്ലാവർക്കും പെരുന്നാൾ ആശംശകൾ..

Tuesday, September 01, 2009

മൂന്നുസെന്റിൽ ഒരു കുഞ്ഞു വീട്‌


നഗരങ്ങൾ ഗ്രാമങ്ങളിലേക്ക്‌ വളർന്നതോടെ ഭൂമിയുടെ ലഭ്യത കുറയുകയും വില വലിയതോതിൽ വർദ്ധിക്കുകയും ചെയ്തതോടെ പുതുതായി വീടുവെക്കുവാൻ ഒരുങ്ങുന്നവർക്കും അത്‌ ഡിഡൈൻ ചെയ്യുന്നവർക്കും വെല്ലുവിളികൾ വർദ്ധിച്ചു. ചെറിയ ഇടങ്ങളിൽ പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുവാൻ മികച്ച ഡിസൈനർമാർ എപ്പോഴും ശ്രദ്ധവെക്കുന്നു. ഒരു നല്ല ഡിസൈനറെ സംബമ്ന്ധിച്ച്‌ സ്ഥലപരിമിതിയുടെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട്‌ ഡിസൈൻ ചെയ്യുമ്പോൾ ഇതിനൊരു വെല്ലുവിളിയുയർത്തുക "വാസ്തു വിദഗ്ദരുടെ" ചില അളവുകളും സ്ഥാനങ്ങളും ആയിരിക്കും.ഇതിൽ അപ്രായോഗികവും അന്ധവിശ്വാസം മാത്രമായതുമായ കാര്യങ്ങൾ അവഗണിക്കുകയാണെങ്കിൽ അൽപം വിശ്വാസം ഉള്ളവർക്കുപോലും തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച്‌ ഒരു കുഞ്ഞുവീടൊക്കെ ഒരുക്കാം.

ഭൂനിരപ്പിൽ നിന്നും പതിനഞ്ചുസെന്റീമീറ്റർ ഉയരത്തിൽ ആണ്‌ പോർച്ച്‌. ഇരുചക്രവാഹനം സൂക്ഷിക്കുവാൻ ഒരു ചെറിയ പോർച്ചായും അതേസമയം ഇത്‌ ഒരു സിറ്റൗട്ടായും ഇത്‌ ഉപയോഗിക്കപ്പെടാം. ലിവിങ്ങ്‌ ഏരിയായിൽ നിന്നും മുകളിലേക്കുള്ള സ്റ്റെയർക്കേസ്‌ നൽകിയിരിക്കുന്നു.സ്റ്റെയർക്കേസ്‌ വുഡ്ഡും,സ്റ്റീലും ചേർത്ത്‌ ലളിതമായി നൽകാവുന്നതാണ്‌.ഇതിനപ്പുറത്തായി ഒരു ചെറിയ ഡൈനിങ്ങ്‌ ഏരിയായും തുടർന്ന് ഓപ്പൺ കിച്ചണും നൽകിയിരിക്കുന്നു.കിച്ചണിന്റെ ഒരു ഭാഗത്തായി സ്റ്റോറേജ്‌ ഏറിയയും നൽകിയിട്ടുണ്ട്‌.കിച്ചണിൽ നിന്നും പുറത്തേക്ക്‌ കടന്നാൽ യൂടിലിറ്റി ഏരിയായും ടോയ്‌ലറ്റും. ടോയ്‌ലറ്റിൽ ഒരു ചെറിയ പ്ലാറ്റ്ഫോം കൊടുത്താൽ അതിൽ വാഷിങ്ങ്‌ മേഷീൻ വെക്കാം.(ഇങ്ങനെ ചെയ്യുമ്പോൾ നനവു തട്ടി ഷോക്കടിക്കുവാൻ ഉള്ള സാധ്യതയെ കുറിച്ച്‌ ജാഗ്രത വേണം)ഡൈനിങ്ങിന്റെ ഒരു ഭാഗത്തായി വാഷ്ബേസിനും ബാത്‌റൂമും അവിടെനിന്നും ഒരു ബെഡ്‌റൂമിലേക്കുള്ള വാതിലും. 764 ചതുരശ്രയടിയാണ്‌ താഴത്തെ നിലയിൽ ഉള്ളത്‌.

സ്റ്റെയർ കയറിചെല്ലുമ്പോൾ ഫസ്റ്റ്ഫ്ലോറിൽ ഒരു ചെറിയ ലിവിങ്ങ്‌ ഏരിയയാണ്‌.അതിന്റെ ഇടതുവശത്തായി ഒരു ചെറിയ സ്റ്റഡി ഏരിയ.അവിടെ നിന്നും രണ്ടു ബെഡ്‌റൂമുകളിലേക്കുള്ള ഡോറുകൾ കൊടുത്തിരിക്കുന്നു. ഒരു ബെഡ്‌റൂം അറ്റാച്ച്ഡും മറ്റൊന്നിനോട്‌ ചേർന്ന് കോമൺ ബാത്‌റൂമും നൽകിയിരിക്കുന്നു. 652 ചതുരശ്രയടിയാണ്‌ വിസ്തീർണ്ണം. അൽപം ശ്രദ്ധയോടെ ഇന്റീരിയർ ഒരുക്കിയാൽ വലിപ്പക്കുറവിനെ ഒരു പരിധിവരെ അതിജീവിക്കാം.വലിപ്പത്തിനും ബെഡ്‌റൂമിന്റെ എണ്ണത്തിനുമപ്പുറം സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവസ്സുറ്റ ഒരു വീടിന്റെ ഉടമയാകുക എന്നതാണ്‌ ഏറ്റവും പ്രധാനം.

മൂന്നടിമണ്ണിന്റെ കഥയെ ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കുന്ന പൊന്നൊണത്തിന്റെ നാളിൽ മുഴുവൻ വായനക്കാർക്കുമായി ഈ മൂന്നുസെന്റിലെ വീടിന്റെ പ്ലാൻ സമർപ്പിക്കുന്നു....എല്ലാ വായനക്കാർക്കും എന്റെ ഓണാശംശകൾ.

E-pathram

ePathram.com