Thursday, July 02, 2009

മഴക്കാലവും നിർമ്മാണപ്രവർത്തനവും.


മഴക്കാലത്ത്‌ പൊതുവെ നിർമ്മാണപ്രവർത്തനങ്ങൾ കുറവാണ്‌.ഈ സമയത്ത്‌ പൊതുവെ പുറമേയുള്ള ജോലികൾ ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.നിർമ്മ്മാണ ജോലിയിൽ ഏർപ്പെടുന്നവരുടെ സുരക്ഷ മഴക്കാലത്ത്‌ പ്രത്യേകം ഉറപ്പുവരുത്തേണ്ടണ്ട്‌. മഴകൊണ്ട്‌ ജോലി ചെയ്യുന്നവരുടെ സ്പീഡ്‌ കുറവായിരിക്കും എന്ന് മാത്രമല്ല മഴവെള്ളം മൂലം സിമെന്റും മണലും മറ്റും ഒലിച്ചുപോകുവാനും,കെട്ടിടഭാഗങ്ങൾ ഇടിഞ്ഞുവീഴുവാനും,അത്‌ കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുകയും ചെയ്യും.

മഴകഴിഞ്ഞിട്ടു ജോലികൾ ആരംഭിക്കാമെന്ന് കരുതുന്ന പലരും ഉണ്ട്‌.എന്നാൽ പലപ്പോഴും മഴകഴിയുന്നതോടെ ധാരാളം നിർമ്മാണപ്രവർത്തനങ്ങൾ ഒരുമിച്ച ആരംഭിക്കും ഇതോടെ ജോലിക്കാരെ കിട്ടുക പ്രയാസമാകും അതിനാൽ കെട്ടിടത്തിനകത്തെ പ്ലാസ്റ്ററിങ്ങ്‌, പ്ലംബിങ്ങ്‌, ടെയിൽസ്പതിക്കൽ,സ്റ്റെയർക്കേസിന്റെ ഹാന്റ്‌ റൈയിൽ ഫിക്സ്‌ ചെയ്യൽ തുടങ്ങി പല ഇന്റീരിയൽ വർക്കും തീർക്കുവാൻ ഈ സമയത്തെ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും.

മഴമാറിയിട്ട്‌ വീടുനിർമ്മാണം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴേ പ്ലാൻ തയ്യാറാക്കലും അതിന്റെ അപ്രൂവലുകളും പൂർത്തിയാക്കിവെക്കുന്നത്‌ നല്ലതാണ്‌. കെട്ടിടനിർമ്മാണ ചട്ടം കേരളത്തിൽ എല്ലായിടത്തും ബാധകമാണെന്നതിനാൽ നിർമ്മാണപ്രവർത്തനം നടക്കുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതിവങ്ങിക്കേണ്ടത്‌ അത്യാവശ്യമാണ്‌.ലോൺ സംബന്ധിയായ കാര്യങ്ങൾ തീർക്കുന്നതിനും ഈ സമയം വിനിയോഗിക്കാം.കരിങ്കല്ല് പോലെ മഴക്കാലത്ത്‌ വിലകുറയുന്ന നിർമ്മാണസമഗ്രികൾ ഇപ്പോൾ ശേഖരിക്കുന്നതും ചിലവുചുരുക്കുവാൻ സഹായകമായിരിക്കും.

മഴക്കാലത്ത്‌ കോൺക്രീറ്റിങ്ങ്‌ പരമാവധി ഒഴിവാക്കുക.അപ്രതീക്ഷിതമായുണ്ടാകുന്ന മഴയിൽ സിമന്റ്‌ ഒലിച്ചുപോകുവാൻ ഇടവന്നാൽ അത്‌ കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കും.കോൺക്രീറ്റിങ്ങ്‌ നടത്തുകയാണെങ്കിൽ അതിനു മേളിൽ പോളീത്തീൻ ഷീറ്റോ മറ്റോ ഉപയോഗിച്ച്‌ മഴവെള്ളം വീഴാതിരിക്കുവാൻ ആവശ്യമായ പരിരക്ഷ നൽകുക.

മര ഉരുപ്പടികൾ സൂക്ഷിച്ച്‌ വക്കുമ്പോഴും ഫിക്സ്‌ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ഈർപ്പം വലിച്ചെടുത്ത്‌ അവ വികസിച്ചിരിക്കുന്ന സമയം ആണിത്‌.അതു പരിഗണിക്കാതെ ഉണങ്ങാത്ത മരം ഉപയോഗിച്ച്‌ ഉരുപ്പടികൾ നിർമ്മിച്ചാലും ഫിക്സ്‌ ചെയ്താലും പിന്നീട്‌ പല കോട്ടങ്ങളും സഹിക്കേണ്ടിവരും.

അത്യാവശ്യമില്ലെങ്കിൽ സിമെന്റും,കമ്പിയും മഴക്കാത്ത വാങ്ങി സൂക്ഷിക്കതിരിക്കുക. തുരുമ്പെടുത്ത കമ്പികൾ കോൺക്രീറ്റിങ്ങിനു ഉപയോഗിക്കാതിരിക്കുക.

പണിപൂർത്തിയാകതെ കിടക്കുന്ന സെപ്റ്റിക്‌ ടാങ്ക്‌ ഉണ്ടെങ്കിൽ അത്‌ മൂടിയിടുക.വെള്ളം കെട്ടിനിന്ന് അതിൽ കൊതുകു പെരുകുവാൻ ഇടവരും എന്നതുമാത്രമല്ല അബദ്ധത്തിൽ മനുഷ്യരോാ മൃഗങ്ങളോ അതിൽ വീഴുന്നതിനും ഉള്ള സാധ്യതകൾ തള്ളിക്കളയുവാനാകില്ല.

പൊതുവെ ഇലക്ട്രിക്കൽ വർക്കുകൾ, പ്ലാസ്റ്ററിങ്ങ്‌,ടെയിൽസ്‌ പതിക്കൽ തുടങ്ങിയ പലകാര്യങ്ങളും മഴക്കാലത്താണ്‌ നടത്താറുള്ളത്‌.എന്നാൽ എത്‌ വളരെ ശ്രദ്ധയോടെ വേണം നടത്തുവാൻ.കെട്ടിടത്തിനകത്ത്‌ റ്റ്യൂബ്‌ലൈറ്റ്‌/ഫ്ലൂറസന്റ്‌ ലൈറ്റ്‌ കൊടുത്ത്‌ ജോലിചെയ്യുന്നവർക്ക്‌ ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുക. പ്ലാസ്റ്ററിങ്ങ്‌ ചെയ്യുന്നതിനുമുമ്പായി ആ പ്രതലത്തിലേക്ക്‌ മഴവെള്ളം ഒലിച്ചിറങ്ങില്ലെന്നും അവിടേ ആവശ്യത്തിൽ അധികം ഈർപ്പം ഇല്ലെന്നും ഉറപ്പുവരുത്തുക.അതുപോലെ ഫ്ലോറിങ്ങ്‌ തറയിൽ ഈർപ്പത്തിന്റെ അളവും അവിടേക്ക്‌ മഴവെള്ളം ഒഴുകിവരുന്നതിനോ കെട്ടിനിൽക്കുന്നതിനൊ സാധ്യത ഇല്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്‌.അന്തരീക്ഷത്തിൽ ഈർപ്പമുണ്ടെന്ന് കരുതി പ്ലാസ്റ്റർ ചെയ്തിടത്ത്‌ ആവശ്യത്തിനു വെള്ളം നനക്കുവാൻ മറക്കരുത്‌.

പ്ലാസ്റ്ററിങ്ങ്‌ ചെയ്യ്മ്പോൾ കൃത്യമായ അനുപാതത്തിൽ സിമെന്റും മണലും ചേർക്കുക. നിലവാരമില്ലാത്ത സിമെന്റോ,ഉപ്പുകലർന്നമണ്ണാ ഉപയോഗിക്കാതിരിക്കുക. നമ്മുടെ നാട്ടിൽ പലപ്പോഴും ചുറ്റുപാടിൽ നിന്നും എടുക്കുന്ന "തരിമുഴുപ്പില്ലാത്ത" മണ്ൺ ഉപയോഗിച്ച്‌ പ്ലാസ്റ്റർ ചെയ്യുന്ന പതിവുണ്ട്‌.ഇത്‌ ഭാവിയിൽ ചുമരിൽ വിള്ളലുകൾ വീഴുന്നതിനും അതുപോലെ പ്ലാസറ്ററിങ്ങ്‌ അടർന്നുപോരുന്നതിനും ഇടയാക്കും. വീടുനിർമ്മിക്കുവാൻ കോൺട്രാക്ടറെ പൂർണ്ണമായും എൽപ്പിക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്‌ നല്ലതായിരിക്കും.

ഇലക്ട്രിക്കൽ&പ്ലംബിങ്ങ്‌ വർക്കുകൾ പ്ലാസ്റ്ററിങ്ങ്‌/ടെയിൽ ഫിക്സിങ്ങ്‌ വർക്കുകൾ എന്നിവ ചെയ്യുന്ന ജോലിക്കാർ തമ്മിൽ ചെയ്യാൻ പോകുന്ന ജോലിയെസംബന്ധിച്ച്‌ ഒരു ധാരണ ഉണ്ടാക്കുന്നത്‌ അനാവശ്യമായ കുത്തിപ്പൊളികൾ ഒഴിവാക്കുവാൻ നല്ലതാണ്‌.

1 comment:

Bindhu Unny said...

നല്ല ഉപയോഗപ്രദമായ പോസ്റ്റ്. :-)
(ഓ.ടോ. നല്ല വേനല്‍ക്കാലത്ത് ഞാന്‍ കെട്ടിടം പണിക്കാരെക്കുറിച്ചോര്‍ക്കാറുണ്ട്. സൂര്യന് താഴെ ഒരു മറയുമില്ലാതെ ഉരുകുന്നവര്‍)

E-pathram

ePathram.com