Tuesday, April 21, 2009

ചൂടുകുറക്കുവാൻ-1

വേനലിന്റെ കൊടും ചൂടിനെക്കുറിച്ച്‌ നമുക്ക്‌ നല്ല നിശ്ചയമാണ്‌. നമ്മുടെ നാട്ടിൽ കോൺക്രീറ്റ്‌ മേൽക്കൂരകളോടു കൂടിയ വീടുകൾ വർദ്ധിച്ചതോടെ വീടിനകത്തെ ചൂട്‌ ഒരു വില്ലനായി മാറിയിരിക്കുന്നു.രാത്രികാലങ്ങൾ ഉഷ്ണം മൂലം സ്വസ്ഥമായ ഉറക്കം പലർക്കും അസാധ്യമായി. ടെറസ്സിൽ വൈക്കോൽ,ഓല തുടങ്ങിയവ ഇട്ടും ചിലർ ചെടികൾ വച്ചും ഒരു പരിധിവരെ ഇതിനു പരിഹാരം തേടുന്നു. ഇന്നിപ്പോൾ ഭൂരിഭാഗം വീടുകൾക്കു മീതെയും ചോർച്ചതടയുവാൻ ട്രസ്സ്‌ വച്ച്‌ അതിനു മുകളിൽ ഷീറ്റിടുന്നതുകൊണ്ട്‌ മുറിക്കകത്തെ ചൂടിനു അൽപം കുറവ്‌ ഉണ്ട്‌.

സാമ്പത്തീകമായി മുന്നിട്ടുനിൽക്കുന്ന പലരും എ.സിയിലേക്ക്‌ വഴിമാറിയെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച്‌ ഫാനിനെ മാത്രം ആശ്രയിച്ച്‌ മുന്നോട്ടുപോകുകതന്നെയേ തൽക്കാലം പറ്റുകയുള്ളൂ. ഫാനിന്റെ ഒരു പ്രശ്നം അടച്ചിട്ട മുറിയിൽ നിന്നും ചൂടുവായ്‌ പുറത്തേക്ക്‌ പോകുവാൻ ഉള്ള സൗക്ര്യം കുറവണെങ്കിൽ ഉള്ളിലെ ചൂട്‌ വർദ്ധിക്കും എന്നുള്ളതാണ്‌. ഉഷ്ണം കൂടുതൽ ഉള്ള ചിലയിടങ്ങളിൽ നിന്നുംകണ്ട രണ്ടു സംവിധാനങ്ങൾ ഞാനിവിടെ പരിചയപ്പെടുത്തുന്നു.
1.മുറിയുടെ മൂലയിൽ നിന്നും പുറത്തേക്ക്‌ പോകുന്ന ഒരു ലോഹ കുഴൽ. ഇത്‌ തകരം,നാഗം തുടങ്ങിയവയുടെ ഷീറ്റ്‌ ചുരുട്ടിയെടുത്ത്‌ ഉണ്ടാക്കാവുന്നതാണ്‌.ഇതിനു കറുത്ത പെയ്ന്റടിക്കുന്നതായിരിക്കും നല്ലത്‌.ഇരുമ്പിന്റെ ഫ്രെയ്മിൽ ഇതിനെ പാരപ്പെറ്റിനോട്‌ ബന്ധിപ്പിക്കുക.കാറ്റത്ത്‌ ഉലയാതിരിക്കുവാൻ സ്റ്റേവയറുകൾ കൊടുക്കുന്നതും നന്ന്. ചുരുങ്ങിയത്‌ രണ്ടരമീറ്ററെങ്കിലും ഉയരം വേണം ഇതിന്‌.ഇതിന്റെ മുകൾ അറ്റത്തും താഴെയും ചെറിയ ഇരുമ്പ്‌ നെറ്റ്കൊണ്ട്‌ അടക്കുന്നത്‌ പ്രാണികളും എലിപോലുള്ള ക്ഷുദ്രജീവികളും വരുന്നതിനെ തടയുവാൻ നല്ലതാണ്‌. ഇതിന്റെ മുകൾ അറ്റത്ത്‌ മഴവെള്ളം കത്ത്‌ വരാതിരിക്കുവാൻ ഒരു "തൊപ്പി" (സിമന്റ്‌ ചട്ടി അകമഴ്ത്തി) സ്ഥാപിക്കുക. കുഴലിന്റെ വ്യാസം വർദ്ധിക്കും തോറും മുറിക്കകത്തെ ചൂടുള്ള വായു പുറത്തേക്ക്‌ പോകുന്നതിനുള്ള സാധ്യത വർദ്ധിക്കും.കൂടാതെ ഇതിന്റെ കീഴറ്റത്ത്‌ എക്സോസ്റ്റ്‌ ഫാൻ ഫിറ്റുചെയ്യുന്നതും നല്ലതാണ്‌.
1.ക്യാപ്‌ - സിമന്റ്‌ ചട്ടി ഇതിനായി ഉപയോഗിക്കാം.
2.ക്യാപിനെ കുഴലിനു മുകളിൽ ഉറപ്പിച്ച്‌ നിർത്തുവാൻ ഉള്ള ഫ്രെയ്ം.
3.കുഴൽ-നാഗം,അലുമിനിയം തുടങ്ങി ഏതെങ്കിലും ലോഹ ഷീറ്റിൽ ചുരുട്ടിയെടുത്ത കുഴൽ.ഇതിന്റെ അകത്തും പുറത്തും കറുപ്പ്‌ നിറമുള്ള പെയ്ന്റടിക്കുക.
4.ഇരുമ്പ്‌ നെറ്റ്‌- ഇത്‌ പ്രാണികളും,എലിപോലുള്ള ക്ഷുത്രജീവികളും അകത്തുവരാതെ സംരക്ഷിക്കുന്നു.

5.കുഴലിനെ ബിത്തിയിൽ ഉറപ്പിക്കുന്നതിനുള്ള ടൈ.


2.ഇതു വീടു നിർമ്മിക്കുമ്പോൾ തന്നെ ചെയ്യേണ്ടതാണ്‌.അടുക്കളക്ക്‌ ചിമ്മിനി നൽകുന്നതുപോലെ ഒരു സംവിധാനം തന്നെയാണിതും. മുറിയുടെ മൂലയിൽ കോൺക്രീറ്റ്‌ ചെയ്യുന്ന സമയത്തുതന്നെ മുൻ കൂട്ടി നിശ്ചയിച്ച അളവിൽ ഒരു ഭാഗത്ത്‌ ചിത്രത്തിൽ കാണിച്ച പോലെ കോൺക്രീറ്റ്‌ ഒഴിവാക്കുകയും ആവശ്യ്മായ വലിപ്പത്തിൽ ചെറിയ ഒരു " ബീം" ഉണ്ടാക്കുകയും ചെയ്യുക.(മഴവെള്ളം കിനിഞ്ഞിറങ്ങാതിരിക്കുവാൻ വേണ്ടി കോൺക്രീറ്റിൽ 12-15 സെന്റീമീറ്റർ ഉയരത്തിൽ ഉണ്ടാക്കുന്നത്‌.)ഇതിനു മുകളിൽ ചുരുങ്ങിയത്‌ ഒന്നരമീറ്റർ ഉയരത്തിൽ ചുമർ കെട്ടുക തുടർന്ന് അതിനു മേളിലായി റൂഫ്‌ കൊടുക്കുക.ഉള്ളിലായി നാലുവശത്തെക്കും എയർ ഹോൾ നൽകുകയും അതിനെ ചെറിയ കമ്പിവലകൊണ്ട്‌ "അടക്കുകയും" ചെയ്യുക . വീടിന്റെ എലിവേഷനു അനുസരിച്ച്‌ ഇതിന്റെ വലിപ്പത്തിലും രൂപത്തിലും മാറ്റം വരുത്താവുന്നതാണ്‌.
എല്ലാത്തിനും ഉപരിയായി വീടു ഡിസൈൻ ചെയ്യുമ്പോൾ തന്നെ വേണ്ടത്ര വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നതു തന്നെയാണ്‌.ദൗർഭാഗ്യവശാൽ ഡൈനിങ്ങ്‌ റൂമിന്റെ പുറകിൽ ഒരു "അടച്ചുറപ്പുള്ള വരാന്ത" പോലുള്ള സംഗതികളാണ്‌ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പ്രവണത. പാഷ്യോ അല്ല ഞാൻ ഉദ്ദേശിച്ചത്‌.

4 comments:

ജുജുസ് said...

ഞാൻ ഇതിനെ കുറിച്ച് കുമാറിനോട് ചോദിക്കണമെന്ന് കരുതിരുന്നതാണ്.പണ്ട് ആളുകൾ ടെറസ്സിൽ വെള്ളം കെട്ടി നിർത്തുമായിരുന്നു.ഈ രണ്ട് സംവിധാനങ്ങൾക്കും എന്തു ചിലവാകുമെന്നും കൂടി എഴുതാമായിരുന്നു...
ഓലപ്പുരയിലെ താമസം ഒരു സുഖമായിരുന്നു...

അലിഫ് /alif said...

കുമാർ,
ആശയങ്ങൾ കൊള്ളാം, പക്ഷേ ഇവ രണ്ടും ശരിയായ രീതിയിൽ പ്രാവർത്തികമാകണമെങ്കിൽ വീട്ടിലെ ഒന്നോ രണ്ടോ ജനാലകൾ കൂടി തുറന്നിടണം; ഇക്കാലത്ത്‌ ജനാല പകൽസമയത്ത്‌ പോലും മിക്കവരും തുറന്നിടില്ലന്നതാണ്‌ കഷ്ടം :)

ഈ സംവിധാനങ്ങൾ ചെയ്യേണ്ടത്‌ വീടിന്റെ ഏറ്റവും ഉയർന്ന ഭാഗത്തായിരിക്കണം. ചൂടുള്ള വായു മുകളിലേക്ക്‌ ഉയരുകയും ഏറ്റവും ഉയർന്ന ഭാഗത്ത്‌ കെട്ടിനിന്ന് വീടിനുള്ളിൽ ഉഷ്ണം വർദ്ധിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. ആ കെട്ടികിടക്കുന്ന വായുവിനു പുറത്തേക്ക്‌ പോകാനുള്ള സൗകര്യം ഒരുക്കികൊടുത്താൽ ആ ഇടയിലേക്ക്‌ പുറത്ത്‌ നിന്നുള്ള വായു സഞ്ചാരമുണ്ടാകുകയും ചൂട്‌ ഒരു പരിധിവരെ കുറയുകയും ചെയ്യും- ഇതാണിതിന്റെ തത്വം. നാലുകെട്ടിന്റെ കൺസപ്റ്റ്‌ തന്നെ ഇതാണ്‌, അതുപോലെ പഴയ ഓടുവീടുകളുടെ മുഖപ്പ്‌ (Gable)എന്ന് പറയുന്ന ഭാഗവും ഇത്തരത്തിൽ ചൂട്‌ വായു പുറന്തള്ളാനുള്ളതായിരുന്നു.

ചെലവുചുരുക്കലിന്റെ മാർഗ്ഗമാണെങ്കിൽ കൂടി മേച്ചിൽ ഓട്‌ (manglore pattern roof tiles)വെച്ച്‌ വാർക്കുന്ന രീതി ചൂട്‌ കുറയ്ക്കാൻ സഹായകരമാണ്‌.
മുറിയുടെ ഉയരം 10 അടി എന്നതാണിപ്പോഴും ആരുടെയോ ഒക്കെ കണക്ക്‌, അതൊരു 11 അടി ആക്കിനോക്കൂ, ചൂടിനു കാര്യമായ വ്യത്യാസം ഉണ്ടാകും, അത്‌ പോലെ വായു സഞ്ചാരം ഉണ്ടാക്കുക എന്നത്‌ കൂടിയാവണം രൂപകൽപനയുടെ തത്വം.

paarppidam said...

തീർച്ചയായും അൽപം ചിലവു കൂടും ജൂജൂസേ..എന്നാലും "നാട്ടുകാർക്ക്‌ വേണ്ടി" എലിവേഷൻ അടിപൊളിയാക്കുവാൻ കൂടുതൽ തുക ചിലവാക്കുന്നവരാണ്‌ ഒരു വിധം ആളുകൾ ഒക്കെ.അതുകൊണ്ട്‌ ഇത്‌ അത്ര വലിയ ഒരു വിഷയം ആകില്ല.

നന്ദി അലീഫ്ജി, തീർച്ചയായും വീടിന്റെ ഉയരം വർദ്ധിപ്പിക്കുന്നതിനോട്‌ ഞാനും യോജിക്കുന്നു. എന്തുചെയ്യാം നമ്മുടെ നാട്ടിലെ പതിവു ശീലങ്ങൾ (പണിക്കാർ പറയുന്നത്‌ വലിയ വേദവാക്യം,പണിക്കാർ എപ്പോഴും വേഗം പണിതീർക്കുവാൻ ഉള്ള വഴികളേ നോക്കൂ.കൂടാതെ വാസ്തുപ്രശ്നങ്ങൾ ) ഇനിയും മാറേണ്ടിയിരിക്കുന്നു. ആർക്കിടെക്റ്റ്‌ ലിജോയെപ്പോലുള്ളവർ ഡിസൈനിൽ പല ലെവലുകൾ നൽകി ഇതിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്‌.

നാലുകെട്ടിൽ ഇത്തരത്തിൽ ഒരുപാട്‌ നല്ല വശങ്ങൾ കാണുവാൻ കഴിയും,നടുമുറ്റം ഇലെങ്കിലും ഒരു സൈഡ്മുറ്റമെങ്കിലും നൽകുവാൻ പറഞ്ഞിട്ട്‌ കേൾക്കാത്തവരാ നമ്മുടെ നാട്ടുകാർ!!

ഹരിശ്രീ said...

നല്ല ആശയം...
:)

E-pathram

ePathram.com