Saturday, January 03, 2009

ഡിസൈനറും കോണ്ട്രാക്ടറും.

ഡിസൈനർ: പുതിയ ഒരു വീട് തയ്യാറാക്കുവാൻ ആലോചിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഡിസൈനറെ തിരഞ്ഞെടുക്കുന്നതിലാണ്.ചെറുതായാലും വലുതായാലും ഡിസൈനർക്ക് അതിൽ നല്ലൊരു പങ്ക് വഹിക്കുവാൻ ഉണ്ട്.പലരും മറ്റുള്ളവർ ചെയ്ത വീടിന്റെ ഡിസൈൻ/മാഗസിൻ, നെറ്റ് തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചത് പകർത്തുകയോ,അതുമല്ലെങ്കിൽ സ്വന്തമായി തന്നെ ഡിസൈൻ ചെയ്യുകയോ ആണ് പതിവ്.മറ്റു ചിലരാകട്ടെ അടുത്തുള്ള *“തച്ചുശാസ്ത്രഞ്ജന്മാ‍രെ“ സമീപിക്കുന്നു,അവർ നൽകുന്ന “സിങ്കിൾ ലൈൻ ഡയഗ്രം“ വച്ച് ഭാക്കി കര്യങ്ങൾ പണിക്കാർക്ക് വിട്ടുകൊടുക്കുന്നു, വേണ്ടത്ര വൈദഗ്ദ്യമോ ഉൾക്കാഴ്ചയോ ഇല്ലാത്തവരുടെ അറിവില്ലായ്മകൾ ലക്ഷങ്ങൾ ചിലവിട്ട് നിങ്ങൾ നിർമ്മിക്കുന്ന വീടിന്റെ സൌകര്യങ്ങളെയും ഭംഗിയേയും ഇല്ലാതാക്കുവാൻ ഇത് ഇടയാക്കുന്നു.അതുപോലെ മറ്റൊരു അപകടമാണ് അല്പഞ്ജാനികളായ ബന്ധുക്കൾ,ഇവരെയും അകറ്റിനിർത്തുന്നത് നന്നായിരിക്കും.

സ്വന്തം വീടിനെ കുറിച്ച് ഓരോരുത്തരുടെ താല്പര്യങ്ങളും സങ്കൽ‌പ്പങ്ങളും വ്യത്യസ്ഥാമായിരിക്കും. അതുകൊണ്ടുതന്നെ നിർമ്മിക്കുവാൻ പോകുന്ന വീട്ടിൽ താമസിക്കുന്നവരുടെ താല്പര്യങ്ങളും, “സ്വപനങ്ങളും“,ആവശ്യങ്ങളും താമസക്കാരുടെ സ്വഭാവ സവിശേഷതകളും കണക്കിലെടുത്തും ബഡ്ജറ്റിനും,സ്ഥലത്തിന്റെ ഘടനക്കും അനുയോജ്യമാകുന്ന വിധത്തിലും ഡിസൈൻ ചെയ്യുവാൻ കഴിവുള്ളവരെ വേണം തിരഞ്ഞെടുക്കുവാൻ.നിങ്ങൾ തിരഞ്ഞെടുക്കുന്ന ഡിസൈനറുടെ മുൻ‌കാല വർക്കുകൾ നോക്കിയും അവിടെ താമസിക്കുന്നവരുടെ അഭിപ്രായം ആരായുന്നതും നല്ലതാണ്. കുടുമ്പാംഗങ്ങളും ഡിസൈനറുമായൂള്ള തുറന്ന ചർച്ചക്ക് ഒരു ഡിസൈൻ തയ്യാറാക്കുന്നതിൽ നിർണ്ണായകമായ പങ്കാണ് ഉള്ളത്. പ്രായോഗികമായ അറിവും പുതിയ ആശയങ്ങളോടുള്ള പോസിറ്റീവായ സമീപനവും ചെറിയ കാര്യങ്ങൾക്ക് പോലും ചെവികൊടുക്കുന്നറ്റിനുള്ള സന്നദ്ധതയും ഒരു നല്ല ഡിസൈനറുടെ മുഖമുദ്രയാകുന്നു. ജനറൽ ലേയൌട്ട് കൂടാതെ ഇലക്ട്രിക്കൽ, പ്ലംബിങ്ങ്,ഇന്റീരിയർ,സ്റ്റ്ട്രക്ചറൽ തുടങ്ങിയവയ്ക്ക് പ്രത്യേകം ലേയൌട്ടും ആവശ്യമായ സെക്ഷനുകളും മറ്റു ഡീറ്റെയിത്സും പ്രൊഫഷണൽ ഡിസൈനർമാർ നൽകുന്നു.കോസ്റ്റ് എസ്റ്റിമേറ്റ് വീടുപ്ലാനിങ്ങിന്റെ ഒരു പ്രധാന ഘടകമാണ്, ബഡ്ജറ്റിനനുസരിച്ച് കാര്യങ്ങൾ നിശ്ചയിക്കുവാനും ഒരു വീടിന്റെ വിവിധ നിർമ്മാണഘട്ടങ്ങളിൽ വരുന്ന ചിലവിനെ കുറിച്ചൊരു ഏകദേശധാരണ നൽകുവാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങളും താൽ‌പര്യങ്ങളും പരിഗണിക്കാതെ താൻ നിശ്ചയിക്കുന്ന/മുങ്കൂട്ടി ഡിസൻ ചെയ്ത ഏതെങ്കിലും ഡിസൈൻ നിർബന്ധബുദ്ധിയോടെ അടിച്ചേൽ‌പ്പിക്കുന്നവരും കേവലം എക്സ്റ്റീരിയർ മാത്രം നന്നാക്കി തന്റെ പേരു വർദ്ധിപ്പിക്കുവാൻ ശ്രമീക്കുന്നവരുമായ ഡിസൈനർമാരെ ഒഴിവാക്കുവാൻ തയ്യാറാകുക. നിർമ്മാണത്തിന്റെ ഏതുഘട്ടത്തിലും ആവശ്യമെങ്കിൽ സൈറ്റ് സന്ദർശിക്കുവാൻ വ്യക്തമായ ഉപദേശവും ഡീറ്റെയിത്സും നൽകുവാൻ കഴിവുള്ള ആളായിരിക്കണം നീങ്ങളുടെ വീടിന്റെ ഡിസൈനർ.
ഡിസൈനർമാർ തങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് വ്യത്യസ്ഥരീതിയിൽ ആയിരിക്കും.ചിലർ ഡിസൈനിന്റെ പ്രത്യേകതകൾ,നൽകുന്നഡീറ്റെയിത്സ് എന്നിവ അനുസരിച്ചും.മറ്റു ചിലർ പ്രൊജക്ടിന്റെ മൊത്തം ചിലവിന്റെ നിശ്ചിത ശതമാനവും ആയിരിക്കും ഈടാക്കുക.നാട്ടിൻ പുറങ്ങളിൽ ഇത് ഏരിയയെ അടിസ്ഥാനമാക്കീയാണ് പലരും സാധാരണയായി ഈടാക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമെങ്കിൽ മറ്റു സർക്കാർ സ്ഥാപ്പനങ്ങളിൽ നിന്നും കെട്ടിടനിർമ്മാണാനുമതിയും, ലോണിനാവശ്യമായ പേപ്പേഴ്സ് തയ്യാറാക്കലും എല്ലാം ചില ഡിസൈനർമാർ ചെയ്യാറുണ്ട്.

കോണ്‌ട്രാക്ടർ:സ്വന്തമായി പണിക്കാരെ സംഘടിപ്പിച്ച് നിർമ്മാണം നടത്തുന്ന രീതിയായിരുന്നു പണ്ട് പ്രചാരത്തിൽലുണ്ടായിരുന്നത്. എന്നാൽ പിന്നീട് വ്യക്തിപരമായ അസൌകര്യങ്ങൾ മൂലം ഇന്ന് പലരും നിർമ്മാണം ഈ രംഗത്തെ ബിൽഡേഴ്സിനേയോ/ കോണ്ട്രാക്ടർമാരെയോ ഏൽ‌പ്പിക്കുവാൻ തുടങ്ങി. ഡിസൈനറ് തയ്യാറാക്കുന്ന രേഖകളിൽ നിന്നും രൂപത്തിലേക്ക് നിങ്ങളുടെ വീടിനെ നയിക്കുന്നവനാണ് കോൺ‌ട്രാക്ടർ എന്ന് പറയാം. നല്ല ഒരു ഡിസൈനറെ തിരഞ്ഞെടുക്കു ന്നതുപോലെ നിർണ്ണായകമാണ് ഒരു കോൺ‌ട്രാക്ടറെ കണ്ടെത്തുന്നതും.ഡിസൈനറുടെ കാര്യത്തിലെന്ന പോലെ ഇവർ മുമ്പ് ചെയ്ത വർക്കുകളെ കുറിച്ച് അഭിപ്രായമറിയുന്നത് അവശ്യമാണ്. വേണ്ടത്ര സാങ്കേതികഞ്ജാനമോ മുൻ പരിചയമോ ഇല്ലാതെ പലരും കുറച്ച് പണിക്കാരെകൂട്ടി നിർമ്മാൺ മേഘലയിൽ കടന്നുകൂടിയിട്ടുണ്ട്. ഇത് പ്രോജക്ടുകളുടെ ക്വാളിറ്റി മോശമാക്കുവാനും ചിലവു വർദ്ധിക്കുവാനുമിടവരുത്തുന്നു. ഇത്തരക്കാരെയും അറ്റുപോലെ പാതിവഴിൽ പ്രോജക്ട് ഇട്ടുപോകുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കരുത്.

ഒരു കോണ്ട്രാക്ടറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ ഇവയാണ്.

1.തൊഴിൽ രംഗത്ത് മുൻ‌പരിചയവും, വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയും ഉണ്ടായിരിക്കണം.കോൺ‌ട്രാക്ടറുടെ കീഴിൽ നല്ല എഞ്ചിനീയർ/സൂപ്പർവൈസർ,വിദഗ്ദരായ തൊഴിലാളികൾ എന്നിവർ ഉണ്ടായിരിക്കണം.
2.ചെയ്യുന്ന വർക്കുകളിലെ പെർഫക്ഷൻ,ഡിസൈനർ നൽകുന്ന ഡ്രോയിങ്ങ്സും മറ്റു ഡീറ്റെയിത്സും മനസ്സിലാക്കി അതിനനുസരിച്ച് നിർമ്മാണംനടത്തുവാൻ കഴിവുണ്ടായിരിക്കണം
3.ഉപയോഗിക്കുന്ന മെറ്റീരിയത്സ് നിലവാരമുള്ളതായിരിക്കണം.
4.കാര്യക്ഷമമായി പ്രൊജക്ടിനെ മുന്നോട്ടുകൊണ്ടുപോകുവാനും പ്രതിസന്ധികളെ തരണം ചെയ്യുവാനും ഉള്ള കഴിവ്.
5.സാമ്പത്തീക കാര്യങ്ങളിലെ കൃത്യത.


കോണ്ട്രാക്ട്

വീടു നിർമ്മിക്കുവാൻ കോണ്ട്രാക്ടറെ നിശ്ചയിച്ചുകഴിഞ്ഞാൽ അവരുമായി ഒരു കരാറിൽ ഏർപ്പെടുന്നത് അത്യാവശ്യമാണ്. ഇത് സർക്കാർ അംഗീകരിച്ച മുദ്രപത്രത്തിൽ ആയിരിക്കണം.
1.കോണ്ട്രാക്ടിൽ നിർമ്മിക്കുന്ന ആളും, കോണ്ട്രാക്ടരും ആരെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
2.നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തെകൂറിച്ചും,സ്ഥലത്തെ കുറിച്ചും,തദ്ദേശസ്വയംഭരണ സ്ഥപനത്തിൽ നിന്നും ഉള്ള കെട്ടിടനിർമ്മാണത്തിനുള്ള അനുമതിയെകുറിച്ചും ഇതിൽ പരാമർശിച്ചിരിക്കണം.
3. ചതുരശ്രയടി/ചതുരശ്രമീറ്റർ എന്നിങ്ങനെ ഏതുമാനദണ്ടം വച്ചാണ് കെട്ടിടത്തിറ്റെ ചുറ്റളവ് നിശ്ചയിക്കുന്നതെന്നും ഇതുപ്രകാരം എത്ര ഏരിയ ഉണ്ടെന്നും നിർബന്ധമായും കോണ്ട്രാക്ടിൽ എഴുതിയിരിക്കണം.കൂടാതെ കെട്ടിടനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നൽകേണ്ട തുകയെകുറിച്ചു അത് മൂന്നാമതൊരാളെ വച്ച് പരിശോധിച്ചതിനു ശേഷമാ‍ണെങ്കിൽ അതിനെ കുറിച്ചും പരാമർശിച്ചിരിക്കണം.
4.സമയാ സമയങ്ങളിൽ ഉടമ തുകനൽകാതിരിക്കുകയോ കോണ്ട്രാക്ടർ പണി പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ പരസ്പരം പിഴ/ നഷ്ടപരിഹാരം ഈടാക്കുവാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതേ കുറിച്ച് വ്യക്തമാക്കണം.കോടതിവ്യവഹാരങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതേ കുറിച്ചും,നിർമ്മാണകാലയളവിൽ ഉടമയോ കോണ്ട്രാക്ടറോ മരണപ്പെടുകയോ മറ്റോ ചെയ്താൽ, ഉടമ സ്ഥലം മറ്റൊരാൾക്ക് വിറ്റാൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും വ്യക്തമാക്കണം.
5.നിർമ്മാണ സാമഗ്രികളെ കുറിച്ച് വിശദമായി രേഖപ്പെടുത്തണം.( ടൈൽ/ഫ്ലോറിന്ങിനായുള്ള മെറ്റീരിയൽ ഇതിൽ നിന്നും ഒഴിവാക്കുകയും നിർമ്മാണം പൂർത്തിയാക്കുന്ന വേളയിൽ ഉടമ, ഡിസൈനർ,കോണ്ട്രാകടർ എന്നിവർ ബഡ്ജറ്റിനനുസരിച്ച് ഫ്ലോറിങ്ങ് മെറ്റീരിയലിന്റെ ഡിസൈനും നിലവാരവും നിശ്ചയിച്ച് സെലക്ട് ചെയ്യുന്നതും ആയിരിക്കും നന്നാകുക.പലപ്പോഴും ടൈത്സ് ഡിസൈനും മറ്റും ഒരു വില്ലനാകാറുണ്ട്.)
6.കെട്ടിടത്തിന്റെ പ്ലാൻ,എല്ലാ വശങ്ങളുടേയും എലിവേഷൻ,ജനറൽ സെക്സ്ഷൻ, പേഴ്പക്ട്രീവ് വ്യൂ എന്നിവയുടെ ഒരു കോപ്പി കൂടെ കരാറിന്റെ കൂടെ പരസ്പരം സൈൻ ചെയ്ത് ചേർക്കുന്നത് നന്നായിരിക്കും.
7.മെറ്റീരിയലുകൾക്കുണ്ടായേക്കാവുന്ന വിലവ്യത്യാസം കൂടെ കണക്കിലെടുത്ത് നിശ്ചിത ശതമാനത്തിനു മുകളിൽ വില കൂടുകയോ മറ്റോ ചെയ്താൽ ഉടമ കോണ്ട്രാക്ടർക്ക് നൽകാം എന്ന് പറഞ്ഞിരിക്കണം.
8.നിർമ്മാണ വേളയിൽ ഉണ്ടാകുന്ന പൊളിക്കലുകൾക്കും കൂട്ടിചേർക്കലുകൾക്കും ഈടാക്കാവുന്ന ചാർജ്ജിനെകുറിച്ച് വ്യക്തമാക്കണം.
9.നിർമ്മാണ പ്രവർത്തനത്തിനാവശ്യമായ വെള്ളം,വൈദ്യുതി എന്നിവ ആരുടെ ഉത്തരവാദിത്വം എന്നത് വ്യക്തമാക്കിയിരിക്കണം.
10.കോണ്ട്രാക്ടറുടെ ലാഭവിഹിതത്തെ കുറിച്ചും ഇതിൽ വ്യക്തമാക്കുന്നത് നന്നായിരിക്കും.


കോണ്ട്രാക്ടിൽ തന്നെ “ടേൺകീ”,ലേബർ കോണ്ട്രക്ട്, സ്ട്രക്ചർ കോണ്ട്രാക്ട് എന്നിങ്ങനെ ചില വിഭാഗമുണ്ട്.കയരിത്താമസിക്കാവുന്ന വിധത്തിൽ പൂർണ്ണമായും വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഉടമയുടെ കയ്യിൽ താക്കോൽ കൊടുക്കുന്ന രീതിയാണ് “ടേൺകീ”.മൂന്നാമതൊരു സൂപ്പർവൈസർ സാക്ഷ്യപ്പെടുത്തി അതാതു സമയത്ത് നിർമ്മാണപ്രവർത്തനം പരിശോധിച്ച് കോണ്ട്രാക്ടർ നൽകുന്ന ബില്ല് പാസ്സാക്കുന്നു.


ലേബർ കോണ്ട്രാക്ട് എന്നാൽ ഒരോ വർക്കുകൾക്കും പ്രത്യേകം പ്രത്യേകം അല്ലെങ്കിൽ ഇന്ന ഘട്ടം വരെ തീർക്കുവാൻ എന്നരീതിയിലോ ആയിരിക്കും ഈ കരാറ്. സ്ക്വർഫീറ്റ്/സ്ക്വയർ മീറ്ററിനു തുക നിശ്ചയിച്ച് നിർമ്മാണം നടത്തുന്നു.ഇവിടെ കോണ്ട്രാക്ടർ തൊഴിലാളികളെ സപ്ലൈ ചെയ്യുകയും മേൽനോട്ടക്കാരൻ,നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എന്നിവ ഉടമസ്ഥൻ ആണ് ഏർപ്പാടാക്കുന്ന്ൻത്. ഇത് ഓരോഘട്ടവും പൂർത്തിയാകുമ്പോൾ അതാതു സമയത്ത് കോണ്ട്രാക്ടർ നൽകുന്ന ബില്ല് സൂപ്പർ വൈസർ വിലയിരുത്തിയതിനു ശേഷം പാസ്സാക്കുന്നു.

മൂന്നാമത്തെ വിഭാഗമാകട്ടെ കെട്ടിടത്തിന്റെ ഫൌണ്ടേഷൻ മുതൽ മേൽക്കൂരവരെ ഇവർ ചെയ്യുന്നു.അതും മേൽ‌പ്പറഞ്ഞപോലെ നിബന്ധനകളും മറ്റും ഉൾക്കൊള്ളിച്ചുള്ള കരാറിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.


*വാസ്തു എന്ന പഴയകാല നിർമ്മാണ സങ്കേതം ആണെന്നും ഇന്ന് ദുർവ്യാഖ്യാം ചെയ്തും കച്ചവടത്തിനായുള്ള ഒരു മാർഗ്ഗം മാത്രമായും അധപതിച്ച് നമ്മുടെ കെട്ടിടനിർമ്മാണ മെഘലയെ തെറ്റായ ഒരു ദിശയിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്.കേവലം അളവുകൾക്കും അന്ധവിശ്വാസങ്ങൾക്കും മാത്രം പ്രാധാന്യം നൽകിക്കൊണ്ടാകരുത് നിങ്ങളുടെ വീടിന്റെ ഡിസൻ എന്ന് ഓർക്കുന്നത് നന്നായിരിക്കും.

E-pathram

ePathram.com