Saturday, December 19, 2009

പ്ലാൻ -39

മുൻപ്‌ പ്രസിദ്ധീകരിച്ച പ്ലാനുകളിൽ ചിലതിനോട്‌ വളരെ സാമ്യം ഉള്ള ഒന്നാണിത്‌.എങ്കിലും ചെറിയ വീടിന്റെ പ്ലാൻ എന്ന നിലയിൽ ഇതുകൂടെ ഉൾപ്പെടുത്തുന്നു.

താഴെ ഒരു സിറ്റൗട്ടും,ലിവിങ്ങും,ഡൈനിങ്ങും,കോമൺ ബാത്‌റൂമും,കിടപ്പുമുറിയും ആണ്‌ ഉള്ളത്‌. കിച്ചൺ ഓപ്പൺ ആണ്‌.കിച്ചണിനും ഡൈനിങ്ങിനും ഇടയിൽ ഉള്ള കൗണ്ടർ അൽപം ഉയരം കൂടുതൽ നൽകിയിരിക്കുന്നു.ലിവിംഗ്‌ ഡബിൾ ഹൈറ്റ്‌ ആണ്‌ നൽകിയിരിക്കുന്നത്‌. കോണികയറി മുകൾ നിലയിൽ എത്തിയാൽ ഒരു ലിവിംഗ്‌ ഏരിയായും, ഒരു വശത്തായി സ്റ്റഡി ഏരിയ നൽകിയിരിക്കുന്നു.സ്റ്റഡി ഏരിയായ്ക്ക്‌ മുമ്പിലായി താഴത്തെ ലിവിങ്ങിനെ മുകൾഭാഗത്ത്‌ സ്ലാബ്‌ ഒഴിവാക്കിയിരിക്കുന്നു (ഡബിൾ ഹൈറ്റ്‌). മുകൾ നിലയിൽ ബാത്ത്‌ അറ്റാച്ച്ഡ്‌ സൗകര്യങ്ങളോടുകൂടിയ രണ്ട്‌ കിടപ്പുമുറികൾ ആണ്‌ ഉള്ളത്‌.

തഴത്തെനില 826 ഉം മുകളിലേ നില 752 (ഡബിൾ ഹൈറ്റിനായി സ്ലാബ്‌ ഒഴിവാക്കിയ ഏരിയ കുറച്ചിരിക്കുന്നു) ചതുരശ്രയടിയുമാണ്‌ വിസ്തീർണ്ണം. കെട്ടിടനിർമ്മാണ ചട്ടം നിരബന്ധമായും നിശ്ചിത ദൂരം വശങ്ങളിൽ ഒഴിവാക്കിയിടുവാൻ നിരബന്ധിക്കുന്നു. അതിനാൽ ടെമ്പററി റൂഫിംഗ്‌ സിസ്റ്റം ഉപയോഗിച്ച്‌ കാർപ്പോർച്ച്‌ നിർമ്മിക്കാവുന്നതാണ്‌ (കണിശമായി നോക്കിയാൽ ഇതും ഒരു പക്ഷെ ചട്ടവിരുദ്ധമായേക്കാം).

Sunday, October 04, 2009

പ്ലാൻ 36പ്ലാനിനു കടപ്പാട്‌ Mrs.വിനി.എസ്‌.കുമാർ

കാറ്റും വെളിച്ചവും വീടിനകത്ത്‌ യഥേഷ്ടം കടന്നുപോകുവാൻ ഉള്ള സൗകര്യം ഉണ്ടോ എന്നതിനപ്പുറം വാസ്തുവിന്റെ പേരിൽ പ്രചരിക്കുന്ന അളവുകളുടേയും മൂലാദോഷങ്ങളുടേയും അർത്ഥമില്ലായ്മകളിൽ പിടിച്ചുതൂങ്ങാതിരിക്കുക എന്നതാണ്‌ ഈ ഡിസൈനിൽ അനുവർത്തിച്ചിരിക്കുന്ന മാനദണ്ടം.അന്തരീക്ഷതാപനില അനുദിനം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വീടിനു ചുറ്റും പറ്റുമെങ്കിൽ അകത്തും ചെടികൾ ധാരാളം വച്ചുപിടിപ്പിക്കുകയും വീടിനകത്തുള്ള ചൂടുവായു പുറത്തുപോകുവാനും പുറത്തുനിന്നും തണുത്തവായു അകത്തുകടക്കുവാനും ഉള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും ആയിരിക്കണം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഗേറ്റുകടന്നുവരുമ്പോൾ ഇടതുവശത്തായി കാർപ്പോർച്ച്‌ നൽകിയിരിക്കുന്നു. മുൻവശത്തെ സിറ്റൗട്ടിൽ കയറുന്നത്‌ ഡബിൾ ഹൈറ്റിൽ ഉള്ള ലിവിങ്ങിലേക്കാണ്‌. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഉള്ള വാളിൽ (50x150) വലിപ്പത്തിൽ ഓപ്പണിങ്ങ്‌ കൊടുത്തിരിക്കുന്നു.ഈ ഓപ്പണിങ്ങിൽ ഹോറിസോണ്ടലായി ഗ്ലാസ്‌ പിടിപ്പിച്ച്‌ തട്ടുകളായി തിരിച്ചാൽ അതിനകത്ത്‌ "ക്യൂരിയോസ്‌" വെക്കാം.മുകളിൽ നിന്നും സ്പോട്‌ ലൈറ്റ്‌ നൽകുകയും ആകാം.

ലിവിങ്ങിൽ നിന്നും കടക്കുന്നത്‌ ഒരു ചെറിയ സ്റ്റഡി ഏരിയായിലേക്കാണ്‌.ഇവിടെ നിന്നും ഡൈനിങ്ങിലേക്കും രണ്ടുബെഡ്‌റൂമുകളിലേക്കും പ്രവേശിക്കാം,ര ണ്ടുബെഡ്‌റൂമുകളും അറ്റാച്ച്ഡ്‌ ബാത്‌റൂമും വാർഡ്രോബും നൽകിയിരിക്കുന്നു.കുട്ടികൾ സ്റ്റഡി ഏരിയായിൽ പഠിക്കാൻ ഇരിക്കുമ്പോൾ വീട്ടുകാർക്ക്‌ അവരുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുവാൻ അവസരം ലഭിക്കും. സ്റ്റഡി ഏരിയായുടെ മുമ്പിലായി നടുമുറ്റത്തിനു പകരമായി ഒരു ചെറിയ "ഗാർഡൻ" നൽകിയിരിക്കുന്നു. ലിവിങ്ങിൽനിന്നും സ്റ്റഡി ഏരിയായിൽ നിന്നും അതുപോലെ ഒരു ബെഡ്‌റൂമിൽ നിന്നും ഉള്ള ജനലുകൾ ഈ ഗാർഡനിലേക്ക്‌ തുറക്കാവുന്ന വിധത്തിൽ ആണ്‌ നൽകിയിരിക്കുന്നത്‌.വായുസഞ്ചാരത്തിനു ഇത്‌ കൂടുതൽ പ്രയോജനപ്പെടും.

ഡൈനിങ്ങിൽ നിന്നും മുകളിലേക്ക്‌ സ്റ്റെയർക്കേസും അതിനു കീഴെ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിരിക്കുന്നു.വാഷ്ബേസിൽ ഈ ടോയ്‌ലറ്റിൽ ആണ്‌ നൽകിയിരിക്കുന്നത്‌. ഡൈനിങ്ങിൽ നിന്നും നേരെ കിച്ചണിലേക്ക്‌ പ്രവേശിക്കാം. ധാരാളം കാറ്റും വെളിച്ചവും കടന്നുവരാവുന്ന രീതിയിൽ ആണ്‌ കിച്ചൺ ക്രമീകരിച്ചിരിക്കുന്നത്‌, കിച്ചണിൽ നിന്നു നോക്കിയാൽ ഗേറ്റ്‌ കടന്നുവരുന്നവരെ കാണാം എന്നൊരു സൗകര്യം കൂടെ ഉണ്ട്‌. മീഡിയം സൈസ്‌ ഉള്ള കിച്ചണിൽ ഒരു ചെറിയ ബ്രേക്ക്‌ ഫാസ്റ്റ്‌ കൗണ്ടറും ഒരുക്കിയിരിക്കുന്നു. കിച്ചണിൽ മുഴുവൻ ചുവരിലും ക്യാബിനറ്റ്‌ നൽകുന്നതിനുപകരം രണ്ടുചുവരുകളിൽ മാത്രം നൽകിയിരിക്കുന്നു. കിച്ചണിലെ ചുവരുകളിൽ മുഴുവൻ ക്യാബിനറ്റ്‌ നൽകുന്നത്‌ കിച്ചന്റെ വലിപ്പം കുറവുതോന്നിക്കുവാൻ ഇടയാക്കുന്നു. അനാവശ്യമായി സ്റ്റോറേജ്‌ നൽകുന്നത്‌ ചിലവു വർദ്ധിക്കുന്നതിനും ഇടയാകുന്നു എന്നത്‌ പലപ്പോഴും വീടുനിർമ്മിക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്നു. ഇക്കാര്യത്തിൽ സ്ത്രീകൾ ആണ്‌ പലപ്പോഴും ധാരാളം സ്റ്റോറേജ്‌ സ്പേസ്‌ വേണം എന്ന് പറഞ്ഞ്‌ "കുഴപ്പം" ഉണ്ടാക്കുന്നത്‌.

ഡൈനിങ്ങ്‌ റൂമിൽ നിന്നും ഉള്ള സെറ്റയർ വഴി മുകളിൽ എത്തിയാൽ അവിടെ ഒരു ഫാമിലി ലിവിങ്ങ്‌ ഏരിയായാണ്‌. ഇവിടെ നിന്നും താഴേക്ക്‌ നോക്കിയാൽ ലിവിങ്ങ്‌ ഏരിയ കാണാം.ഇവിടെ ടി.വി വെക്കുവാൻ ഒരു ചെറിയ പ്രോജക്ഷൻ നൽകിയിരിക്കുന്നു. മുകളിൽ ലൈബ്രറി ആവശ്യമില്ലാത്തവർക്ക്‌ അവിടെ ഒരു ബാൽക്കണി നൽകാവുന്നതാണ്‌. (ഈ ഡിസൈനിൽ ബാൽക്കണിയില്ല). മുകൾനിലയിലും രണ്ടുബെഡ്‌റൂമുകൾ നൽകിയിരിക്കുന്നു.രണ്ടുബെഡ്‌റൂമുകളും എതിർദിശകളിൽ ആയതിനാൽ വേണ്ടത്ര സ്വകാര്യതയും ലഭിക്കും.

Ground floor 1567 ചതുരശ്രയടിയും First floor 902 ചതുരശ്രയടിയും ചേർന്ന് മൊത്തം 2469 ചതുരശ്രയടിയാൺ ഈ വീടിന്റെ വിസ്തീർണ്ണം.

Sunday, September 20, 2009

എല്ലാ വായനക്കാർക്കും പെരുന്നാൾ ആശംസകൾ.....

മനസ്സിൽ നന്മയും പ്രാർത്ഥനയും നിറഞ്ഞ വ്രതവിശുദ്ധിയുടെ മുപ്പതു നാളുകൾ കഴിഞ്ഞിതാ ചെറിയ പെരുന്നാൾ ആഗതമായിരിക്കുന്നു.എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ പെരുന്നാൾ ആശംസകൾ.....

ഒരുനേരം പോലും വയറുനിറയെ ഭക്ഷണം കഴിക്കാതെ ജീവിക്കുന്ന അനേകകോടി ദരിദ്രരുടെ നാട്ടിൽനിന്നും വരുന്ന, സുഭിക്ഷമായി മൂന്നുനേരം ആഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർ ആഹാരം ഉപേക്ഷിച്ച്‌ ജീവിക്കുമ്പോൾ ഒരു വേള അവരെ ഓർത്തുപോകുന്നു....കന്നുകാലിക്ലാസിനെ പറ്റിയറിയാതെ അന്നന്നത്തെ വിശപ്പടക്കുവാൻ കുഞ്ഞുങ്ങളെ പോലും വിൽക്കുവാൻ വിധിക്കപ്പെട്ട ആ ജനകോടികൾ അനുഭവിക്കുന്ന പീഠനങ്ങൾക്ക്‌ എന്നെങ്കിലും അറുതിയുണ്ടാകണേ എന്ന പാർത്ഥനയോടെ..............ഒരിക്കൽ കൂടെ എല്ലാവർക്കും പെരുന്നാൾ ആശംശകൾ..

Tuesday, September 01, 2009

മൂന്നുസെന്റിൽ ഒരു കുഞ്ഞു വീട്‌


നഗരങ്ങൾ ഗ്രാമങ്ങളിലേക്ക്‌ വളർന്നതോടെ ഭൂമിയുടെ ലഭ്യത കുറയുകയും വില വലിയതോതിൽ വർദ്ധിക്കുകയും ചെയ്തതോടെ പുതുതായി വീടുവെക്കുവാൻ ഒരുങ്ങുന്നവർക്കും അത്‌ ഡിഡൈൻ ചെയ്യുന്നവർക്കും വെല്ലുവിളികൾ വർദ്ധിച്ചു. ചെറിയ ഇടങ്ങളിൽ പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുവാൻ മികച്ച ഡിസൈനർമാർ എപ്പോഴും ശ്രദ്ധവെക്കുന്നു. ഒരു നല്ല ഡിസൈനറെ സംബമ്ന്ധിച്ച്‌ സ്ഥലപരിമിതിയുടെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട്‌ ഡിസൈൻ ചെയ്യുമ്പോൾ ഇതിനൊരു വെല്ലുവിളിയുയർത്തുക "വാസ്തു വിദഗ്ദരുടെ" ചില അളവുകളും സ്ഥാനങ്ങളും ആയിരിക്കും.ഇതിൽ അപ്രായോഗികവും അന്ധവിശ്വാസം മാത്രമായതുമായ കാര്യങ്ങൾ അവഗണിക്കുകയാണെങ്കിൽ അൽപം വിശ്വാസം ഉള്ളവർക്കുപോലും തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച്‌ ഒരു കുഞ്ഞുവീടൊക്കെ ഒരുക്കാം.

ഭൂനിരപ്പിൽ നിന്നും പതിനഞ്ചുസെന്റീമീറ്റർ ഉയരത്തിൽ ആണ്‌ പോർച്ച്‌. ഇരുചക്രവാഹനം സൂക്ഷിക്കുവാൻ ഒരു ചെറിയ പോർച്ചായും അതേസമയം ഇത്‌ ഒരു സിറ്റൗട്ടായും ഇത്‌ ഉപയോഗിക്കപ്പെടാം. ലിവിങ്ങ്‌ ഏരിയായിൽ നിന്നും മുകളിലേക്കുള്ള സ്റ്റെയർക്കേസ്‌ നൽകിയിരിക്കുന്നു.സ്റ്റെയർക്കേസ്‌ വുഡ്ഡും,സ്റ്റീലും ചേർത്ത്‌ ലളിതമായി നൽകാവുന്നതാണ്‌.ഇതിനപ്പുറത്തായി ഒരു ചെറിയ ഡൈനിങ്ങ്‌ ഏരിയായും തുടർന്ന് ഓപ്പൺ കിച്ചണും നൽകിയിരിക്കുന്നു.കിച്ചണിന്റെ ഒരു ഭാഗത്തായി സ്റ്റോറേജ്‌ ഏറിയയും നൽകിയിട്ടുണ്ട്‌.കിച്ചണിൽ നിന്നും പുറത്തേക്ക്‌ കടന്നാൽ യൂടിലിറ്റി ഏരിയായും ടോയ്‌ലറ്റും. ടോയ്‌ലറ്റിൽ ഒരു ചെറിയ പ്ലാറ്റ്ഫോം കൊടുത്താൽ അതിൽ വാഷിങ്ങ്‌ മേഷീൻ വെക്കാം.(ഇങ്ങനെ ചെയ്യുമ്പോൾ നനവു തട്ടി ഷോക്കടിക്കുവാൻ ഉള്ള സാധ്യതയെ കുറിച്ച്‌ ജാഗ്രത വേണം)ഡൈനിങ്ങിന്റെ ഒരു ഭാഗത്തായി വാഷ്ബേസിനും ബാത്‌റൂമും അവിടെനിന്നും ഒരു ബെഡ്‌റൂമിലേക്കുള്ള വാതിലും. 764 ചതുരശ്രയടിയാണ്‌ താഴത്തെ നിലയിൽ ഉള്ളത്‌.

സ്റ്റെയർ കയറിചെല്ലുമ്പോൾ ഫസ്റ്റ്ഫ്ലോറിൽ ഒരു ചെറിയ ലിവിങ്ങ്‌ ഏരിയയാണ്‌.അതിന്റെ ഇടതുവശത്തായി ഒരു ചെറിയ സ്റ്റഡി ഏരിയ.അവിടെ നിന്നും രണ്ടു ബെഡ്‌റൂമുകളിലേക്കുള്ള ഡോറുകൾ കൊടുത്തിരിക്കുന്നു. ഒരു ബെഡ്‌റൂം അറ്റാച്ച്ഡും മറ്റൊന്നിനോട്‌ ചേർന്ന് കോമൺ ബാത്‌റൂമും നൽകിയിരിക്കുന്നു. 652 ചതുരശ്രയടിയാണ്‌ വിസ്തീർണ്ണം. അൽപം ശ്രദ്ധയോടെ ഇന്റീരിയർ ഒരുക്കിയാൽ വലിപ്പക്കുറവിനെ ഒരു പരിധിവരെ അതിജീവിക്കാം.വലിപ്പത്തിനും ബെഡ്‌റൂമിന്റെ എണ്ണത്തിനുമപ്പുറം സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവസ്സുറ്റ ഒരു വീടിന്റെ ഉടമയാകുക എന്നതാണ്‌ ഏറ്റവും പ്രധാനം.

മൂന്നടിമണ്ണിന്റെ കഥയെ ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കുന്ന പൊന്നൊണത്തിന്റെ നാളിൽ മുഴുവൻ വായനക്കാർക്കുമായി ഈ മൂന്നുസെന്റിലെ വീടിന്റെ പ്ലാൻ സമർപ്പിക്കുന്നു....എല്ലാ വായനക്കാർക്കും എന്റെ ഓണാശംശകൾ.

Friday, August 07, 2009

അഭിനയക്കരുത്തിന്റെ പുലിജന്മത്തിനു പ്രണാമം.

മനസ്സിൽ നിറയുന്നത്‌ അപ്പുമേസ്തിരിയോ,കൊച്ചുരാമനോ,കാരിഗുരുക്കളോ, ടി.കെയോ അല്ല മറിച്ച്‌ ബഹ്‌റൈൻ മലയാളിസമാജത്തിൽ കാഴ്ചക്കാർക്ക്‌ മുമ്പിൽ അഭിനയത്തിന്റെ അപാരസാധ്യതകളെ വെളിവാക്കിക്കൊണ്ട്‌ നിറഞ്ഞാടിയ ലങ്കാലക്ഷ്മിയിലെ രാവണനെ.ശ്രീജിതനായ രാവണൻ!!

കാലം പ്രതിഭകളെ ഒന്നൊന്നായി കവർണ്ണെടുക്കുന്നത്‌ നിസ്സഹായരായി നോക്കിനിൽക്കുന്ന കലാസ്നേഹികൾക്ക്‌ മറ്റൊരു കനത്ത നഷ്ടം കൂടെ, ഭരത്‌ മുരളി.അരങ്ങിലും അഭ്രപാളിയിലും, പുരുഷ സൗന്ദര്യത്തിന്റെ മാസ്മരിക പ്രകടനം കാഴ്ചവച്ച താരജാഡകൾക്കും തിളക്കങ്ങൾക്കും എന്നും അന്യമായ രീതിയിൽ ഒരു യദാർത്ഥകലാകാരനായി ജീവിച്ച ആ മനുഷ്യൻ.ഒരു കമ്യൂണിസ്റ്റ്‌.

ഒടുവിൽ ജീവിതത്തിന്റെയും അഭിനയത്തിന്റേയും ചമയവും ചായക്കൂട്ടും അഴിച്ചുവച്ച്‌ അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ കടന്നുപോയ അഭിനയക്കരുത്തിന്റെ പുലിജന്മത്തിനു പ്രണാമം.

Sunday, July 26, 2009

ധീരജവാന്മാർക്ക്‌ അഭിവാദ്യങ്ങൾ.

പിറന്ന മണ്ണിന്റെ സംരക്ഷണത്തിനായി കാർഗിലിൽ പൊരുതി വീരമൃത്യുവരിച്ച ജവാന്മാർക്ക്‌‌ ആദരാഞ്ജലികളും,ഒപ്പം ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച വീരന്മാരായ ജവാന്മാർക്ക്‌ ഒരിക്കൽ കൂടെ അഭിവാദ്യങ്ങൾ.മത തീവ്രവാദത്തിന്റെ കടുത്ത യാദാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ നാടിനെയും അവിടത്തെ ജനതയേയും തീവ്രവദികളിൽ നിന്നും ശത്രുക്കളിൽനിന്നും രക്ഷിക്കുവാൻ ജീവൻ ബലിനൽകുവാൻ തയ്യാറി പൊരുതുന്ന ഓരോ പട്ടാളക്കാരനും കുടുമ്പത്തിനും ഒപ്പം ആകണം ഓരോ ഭാരതീയരും.

സമൂഹത്തിൽ ബോംബ്‌ സ്ഫോടനം നടത്തിയും കൂട്ടക്കുരുതിനടത്തിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന മത തീവ്രവാദിയുടെ മനുഷ്യാവകാശത്തെ കുറിച്ചു സംസാരിക്കുന്ന ഒറ്റുകാർക്കൊപ്പം ഇടം കണ്ടെത്തുവാൻ രാജ്യസ്നേഹമുള്ള ഒരു പൗരനും ആകില്ല. മനുഷ്യാവകാശമെന്നത്‌ സമാധാനപരമായ ജീവിതം നയിക്കുന്ന മനുഷ്യനു മാത്രം അവകശപ്പെട്ടതാണ്‌ അല്ലാതെ കൊടും പാതകം ചെയ്യുന്ന ഭീകരന്മാർക്കും അവരുടെ പിണിയാളുകൾക്കും അവകാശപ്പെട്ടതല്ല.

അഭിവാദ്യങ്ങളോടെ.

Thursday, July 02, 2009

മഴക്കാലവും നിർമ്മാണപ്രവർത്തനവും.


മഴക്കാലത്ത്‌ പൊതുവെ നിർമ്മാണപ്രവർത്തനങ്ങൾ കുറവാണ്‌.ഈ സമയത്ത്‌ പൊതുവെ പുറമേയുള്ള ജോലികൾ ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.നിർമ്മ്മാണ ജോലിയിൽ ഏർപ്പെടുന്നവരുടെ സുരക്ഷ മഴക്കാലത്ത്‌ പ്രത്യേകം ഉറപ്പുവരുത്തേണ്ടണ്ട്‌. മഴകൊണ്ട്‌ ജോലി ചെയ്യുന്നവരുടെ സ്പീഡ്‌ കുറവായിരിക്കും എന്ന് മാത്രമല്ല മഴവെള്ളം മൂലം സിമെന്റും മണലും മറ്റും ഒലിച്ചുപോകുവാനും,കെട്ടിടഭാഗങ്ങൾ ഇടിഞ്ഞുവീഴുവാനും,അത്‌ കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുകയും ചെയ്യും.

മഴകഴിഞ്ഞിട്ടു ജോലികൾ ആരംഭിക്കാമെന്ന് കരുതുന്ന പലരും ഉണ്ട്‌.എന്നാൽ പലപ്പോഴും മഴകഴിയുന്നതോടെ ധാരാളം നിർമ്മാണപ്രവർത്തനങ്ങൾ ഒരുമിച്ച ആരംഭിക്കും ഇതോടെ ജോലിക്കാരെ കിട്ടുക പ്രയാസമാകും അതിനാൽ കെട്ടിടത്തിനകത്തെ പ്ലാസ്റ്ററിങ്ങ്‌, പ്ലംബിങ്ങ്‌, ടെയിൽസ്പതിക്കൽ,സ്റ്റെയർക്കേസിന്റെ ഹാന്റ്‌ റൈയിൽ ഫിക്സ്‌ ചെയ്യൽ തുടങ്ങി പല ഇന്റീരിയൽ വർക്കും തീർക്കുവാൻ ഈ സമയത്തെ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും.

മഴമാറിയിട്ട്‌ വീടുനിർമ്മാണം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴേ പ്ലാൻ തയ്യാറാക്കലും അതിന്റെ അപ്രൂവലുകളും പൂർത്തിയാക്കിവെക്കുന്നത്‌ നല്ലതാണ്‌. കെട്ടിടനിർമ്മാണ ചട്ടം കേരളത്തിൽ എല്ലായിടത്തും ബാധകമാണെന്നതിനാൽ നിർമ്മാണപ്രവർത്തനം നടക്കുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതിവങ്ങിക്കേണ്ടത്‌ അത്യാവശ്യമാണ്‌.ലോൺ സംബന്ധിയായ കാര്യങ്ങൾ തീർക്കുന്നതിനും ഈ സമയം വിനിയോഗിക്കാം.കരിങ്കല്ല് പോലെ മഴക്കാലത്ത്‌ വിലകുറയുന്ന നിർമ്മാണസമഗ്രികൾ ഇപ്പോൾ ശേഖരിക്കുന്നതും ചിലവുചുരുക്കുവാൻ സഹായകമായിരിക്കും.

മഴക്കാലത്ത്‌ കോൺക്രീറ്റിങ്ങ്‌ പരമാവധി ഒഴിവാക്കുക.അപ്രതീക്ഷിതമായുണ്ടാകുന്ന മഴയിൽ സിമന്റ്‌ ഒലിച്ചുപോകുവാൻ ഇടവന്നാൽ അത്‌ കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കും.കോൺക്രീറ്റിങ്ങ്‌ നടത്തുകയാണെങ്കിൽ അതിനു മേളിൽ പോളീത്തീൻ ഷീറ്റോ മറ്റോ ഉപയോഗിച്ച്‌ മഴവെള്ളം വീഴാതിരിക്കുവാൻ ആവശ്യമായ പരിരക്ഷ നൽകുക.

മര ഉരുപ്പടികൾ സൂക്ഷിച്ച്‌ വക്കുമ്പോഴും ഫിക്സ്‌ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ഈർപ്പം വലിച്ചെടുത്ത്‌ അവ വികസിച്ചിരിക്കുന്ന സമയം ആണിത്‌.അതു പരിഗണിക്കാതെ ഉണങ്ങാത്ത മരം ഉപയോഗിച്ച്‌ ഉരുപ്പടികൾ നിർമ്മിച്ചാലും ഫിക്സ്‌ ചെയ്താലും പിന്നീട്‌ പല കോട്ടങ്ങളും സഹിക്കേണ്ടിവരും.

അത്യാവശ്യമില്ലെങ്കിൽ സിമെന്റും,കമ്പിയും മഴക്കാത്ത വാങ്ങി സൂക്ഷിക്കതിരിക്കുക. തുരുമ്പെടുത്ത കമ്പികൾ കോൺക്രീറ്റിങ്ങിനു ഉപയോഗിക്കാതിരിക്കുക.

പണിപൂർത്തിയാകതെ കിടക്കുന്ന സെപ്റ്റിക്‌ ടാങ്ക്‌ ഉണ്ടെങ്കിൽ അത്‌ മൂടിയിടുക.വെള്ളം കെട്ടിനിന്ന് അതിൽ കൊതുകു പെരുകുവാൻ ഇടവരും എന്നതുമാത്രമല്ല അബദ്ധത്തിൽ മനുഷ്യരോാ മൃഗങ്ങളോ അതിൽ വീഴുന്നതിനും ഉള്ള സാധ്യതകൾ തള്ളിക്കളയുവാനാകില്ല.

പൊതുവെ ഇലക്ട്രിക്കൽ വർക്കുകൾ, പ്ലാസ്റ്ററിങ്ങ്‌,ടെയിൽസ്‌ പതിക്കൽ തുടങ്ങിയ പലകാര്യങ്ങളും മഴക്കാലത്താണ്‌ നടത്താറുള്ളത്‌.എന്നാൽ എത്‌ വളരെ ശ്രദ്ധയോടെ വേണം നടത്തുവാൻ.കെട്ടിടത്തിനകത്ത്‌ റ്റ്യൂബ്‌ലൈറ്റ്‌/ഫ്ലൂറസന്റ്‌ ലൈറ്റ്‌ കൊടുത്ത്‌ ജോലിചെയ്യുന്നവർക്ക്‌ ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുക. പ്ലാസ്റ്ററിങ്ങ്‌ ചെയ്യുന്നതിനുമുമ്പായി ആ പ്രതലത്തിലേക്ക്‌ മഴവെള്ളം ഒലിച്ചിറങ്ങില്ലെന്നും അവിടേ ആവശ്യത്തിൽ അധികം ഈർപ്പം ഇല്ലെന്നും ഉറപ്പുവരുത്തുക.അതുപോലെ ഫ്ലോറിങ്ങ്‌ തറയിൽ ഈർപ്പത്തിന്റെ അളവും അവിടേക്ക്‌ മഴവെള്ളം ഒഴുകിവരുന്നതിനോ കെട്ടിനിൽക്കുന്നതിനൊ സാധ്യത ഇല്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്‌.അന്തരീക്ഷത്തിൽ ഈർപ്പമുണ്ടെന്ന് കരുതി പ്ലാസ്റ്റർ ചെയ്തിടത്ത്‌ ആവശ്യത്തിനു വെള്ളം നനക്കുവാൻ മറക്കരുത്‌.

പ്ലാസ്റ്ററിങ്ങ്‌ ചെയ്യ്മ്പോൾ കൃത്യമായ അനുപാതത്തിൽ സിമെന്റും മണലും ചേർക്കുക. നിലവാരമില്ലാത്ത സിമെന്റോ,ഉപ്പുകലർന്നമണ്ണാ ഉപയോഗിക്കാതിരിക്കുക. നമ്മുടെ നാട്ടിൽ പലപ്പോഴും ചുറ്റുപാടിൽ നിന്നും എടുക്കുന്ന "തരിമുഴുപ്പില്ലാത്ത" മണ്ൺ ഉപയോഗിച്ച്‌ പ്ലാസ്റ്റർ ചെയ്യുന്ന പതിവുണ്ട്‌.ഇത്‌ ഭാവിയിൽ ചുമരിൽ വിള്ളലുകൾ വീഴുന്നതിനും അതുപോലെ പ്ലാസറ്ററിങ്ങ്‌ അടർന്നുപോരുന്നതിനും ഇടയാക്കും. വീടുനിർമ്മിക്കുവാൻ കോൺട്രാക്ടറെ പൂർണ്ണമായും എൽപ്പിക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്‌ നല്ലതായിരിക്കും.

ഇലക്ട്രിക്കൽ&പ്ലംബിങ്ങ്‌ വർക്കുകൾ പ്ലാസ്റ്ററിങ്ങ്‌/ടെയിൽ ഫിക്സിങ്ങ്‌ വർക്കുകൾ എന്നിവ ചെയ്യുന്ന ജോലിക്കാർ തമ്മിൽ ചെയ്യാൻ പോകുന്ന ജോലിയെസംബന്ധിച്ച്‌ ഒരു ധാരണ ഉണ്ടാക്കുന്നത്‌ അനാവശ്യമായ കുത്തിപ്പൊളികൾ ഒഴിവാക്കുവാൻ നല്ലതാണ്‌.

Sunday, June 28, 2009

മലയാളിയുടെ ഹൃദയതൂലിക നിലച്ചു..

ഹൃദയത്തിന്റെ തൂലികകൊണ്ട്‌ പച്ചമനുഷ്യന്റെ ജീവിതത്തിലെ പ്രണയവും, പ്രതികാരവും,പ്രതീക്ഷയും,നിരാശയും,ദുഃഖവും എല്ലാം നമുക്കായി പകർന്നുതന്നിരുന്ന ആ കലാകാരൻ നിനച്ചിരിക്കാത്ത ഒരു നിമിഷത്തിൽ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി മറുവാക്കുകേൾക്കാൻ കാത്തുനിൽക്കാതെ എങ്ങോ മറഞ്ഞു.....എന്നും തന്റെ പ്രേക്ഷകർക്കായി കരുതിവെച്ച നന്മയുടേയും സ്നേഹത്തിന്റേയും കഥകളുടെ പാഥേയം പാതിവഴിയിൽ തൂവിപ്പോയിരിക്കുന്നു...

സ്വന്തം മനസ്സിന്റെ മൂശയിലേക്ക്‌ മനുഷ്യജീവിതങ്ങളെ ഉരുക്കിയൊഴിച്ച്‌ കഥപറയുവാൻ നമുക്കൊരു ലോഹിതദാസേ ഉണ്ടായിരുന്നുള്ളൂ. ആകലാകാരന്റെ ആത്മാവിനു ശാന്തിനേർന്നുകൊണ്ട്‌ അശ്രുപൂക്കൾ അർപ്പിക്കുന്നു.

Sunday, May 24, 2009

ത്രീ ബെഡ്രൂം വീട്‌.കയറിവരുന്നത്‌ സിറ്റൗട്ടിലേക്ക്‌, സിറ്റൗട്ടിൽ നിന്നും ഒരു കടക്കുന്നത്‌ ഫോയറിലേക്ക്‌, അവിടെ ഒരു ചെറിയ ഇരിപ്പിടം ഒരുക്കിയിരിക്കുന്നു.അതിന്റെ ഇരുവശത്തുമായി ഒരു ലിവിങ്ങ്‌ റൂം നേരെ ഡൈനിങ്ങ്‌ റൂം. (ടി.വി സൗകര്യപ്രദമായ രീതിയിൽ ഡൈനിങ്ങ്‌ റൂമിലോ ലിവിങ്ങ്‌ റൂമിലോ വെക്കാവുന്നതാണ്‌. )ലിവിങ്ങ്‌ റൂമിനേയും ഡൈനിങ്ങ്‌ റൂമിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു വലിയ കോർട്ട്‌യാഡ്‌. കോർട്ട്യഡിനു മേലെ വിലങ്ങനെ കോൺക്രീറ്റ്‌ ബീമോ ഗ്രില്ലോ നൽകി സുരക്ഷ ഉറപ്പാക്കാം. വായുസഞ്ചാര സുഗമമാക്കുവാൻ കോർട്ട്യാഡിൽ നിന്നും പുറത്തേക്ക്‌ ചുമരിൽ ഗ്യാപ്പ്‌ നൽകിയിരിക്കുന്നു.ഇതിൽ സ്റ്റീലിന്റെ ഗ്രില്ല് ഘടിപ്പിച്ചിട്ടുമുണ്ട്‌. മേൽക്കൂര വാർക്കുമ്പോൾ 330 സെന്റീമീരോ അതിലും അധികമോ ഉയരത്തിൽ ആക്കിയാൽ കൂടുതൽ നന്ന്. വീടിനകത്തെ ചൂട്‌ ക്രമീകരിക്കുവാൻ ഇതു വളരെയധികം സഹായിക്കും.
തുടർന്ന് ഡൈനിംഗ്‌ റൂമിന്റെ മുന്നിലും വലതുവശത്തായി മൂന്നു ബെഡ്രൂമുകൾ.ബെഡ്രൂമുകൾകിൽ രണ്ടെണ്ണത്തിനു അറ്റാച്ച്ഡ്‌ ബാത്രൂമുകൾ നൽകിയപ്പോൾ ഒരെണ്ണത്തിനു സമീപത്തായി കോമൺ ബാത്രൂം നൽകിയിരിക്കുന്നു.ഡൈനിങ്ങ്‌ റൂമിൽ നിന്നും കിച്ചണിലേക്ക്‌ നേരിട്ടു പ്രവേശിക്കാം.അതിനകത്ത്‌ കുടുമ്പാംഗങ്ങൾക്ക്‌ ഇരുന്നു ഭക്ഷണം കഴിക്കുവാൻ ഉള്ള സൗകര്യവും ഉണ്ട്‌.കിച്ചണിലെ റഫ്രിജറേറ്റർ,വാഷ്ബേദിൻ,അടുപ്പ്‌ എന്നിവയടങ്ങുന്ന വർക്കിങ്ങ്‌ ട്രയാങ്കിളിന്റെ ദൂരം കുറച്ചിരിക്കുന്നു.ഇതുമൂലം ഇവിടെ ജോലിചെയ്യുന്നവർക്ക്‌ ആയാസം കുറയും. അതിനു പുറകിലായി ഒരു യൂട്ടിലിറ്റി ഏരിയ.വാഷിങ്ങ്‌ മെഷീനും,പുകയില്ലാത്ത അടുപ്പും മറ്റും ഇവിടെ ആണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.


ഭാവിയിൽ മുകളിൽ മുറികൾ ഏടുക്കാൻ തക്ക സൗകര്യത്തിൽ ഡൈനിങ്ങ്‌ റൂമിനോടു ചേർന്ന് ഒരു സ്റ്റെയർക്കേസും കൊടുത്തിരിക്കുന്നു. ഇതിന്റെ അടിഭാഗത്തായിട്ടാണ്‌ കിടപ്പുമുറിയിലെ വാഡ്രോബ്‌ ക്രമീകരിച്ചിരിക്കുന്നത്‌.കോർട്ട്‌യാഡ്‌ ഒഴിവാക്കിയാൽ (156.00 മീറ്റർ സ്വ്കയർ) 1678 ചതുരശ്രയടി വിസ്തീർണ്ണം വരും ഈ പ്ലാനിന്‌.മുറികൾക്ക്‌ വാസ്തു അളവുകൾ അല്ല നൽകിയിരിക്കുന്നത്‌.

Tuesday, April 21, 2009

ചൂടുകുറക്കുവാൻ-1

വേനലിന്റെ കൊടും ചൂടിനെക്കുറിച്ച്‌ നമുക്ക്‌ നല്ല നിശ്ചയമാണ്‌. നമ്മുടെ നാട്ടിൽ കോൺക്രീറ്റ്‌ മേൽക്കൂരകളോടു കൂടിയ വീടുകൾ വർദ്ധിച്ചതോടെ വീടിനകത്തെ ചൂട്‌ ഒരു വില്ലനായി മാറിയിരിക്കുന്നു.രാത്രികാലങ്ങൾ ഉഷ്ണം മൂലം സ്വസ്ഥമായ ഉറക്കം പലർക്കും അസാധ്യമായി. ടെറസ്സിൽ വൈക്കോൽ,ഓല തുടങ്ങിയവ ഇട്ടും ചിലർ ചെടികൾ വച്ചും ഒരു പരിധിവരെ ഇതിനു പരിഹാരം തേടുന്നു. ഇന്നിപ്പോൾ ഭൂരിഭാഗം വീടുകൾക്കു മീതെയും ചോർച്ചതടയുവാൻ ട്രസ്സ്‌ വച്ച്‌ അതിനു മുകളിൽ ഷീറ്റിടുന്നതുകൊണ്ട്‌ മുറിക്കകത്തെ ചൂടിനു അൽപം കുറവ്‌ ഉണ്ട്‌.

സാമ്പത്തീകമായി മുന്നിട്ടുനിൽക്കുന്ന പലരും എ.സിയിലേക്ക്‌ വഴിമാറിയെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച്‌ ഫാനിനെ മാത്രം ആശ്രയിച്ച്‌ മുന്നോട്ടുപോകുകതന്നെയേ തൽക്കാലം പറ്റുകയുള്ളൂ. ഫാനിന്റെ ഒരു പ്രശ്നം അടച്ചിട്ട മുറിയിൽ നിന്നും ചൂടുവായ്‌ പുറത്തേക്ക്‌ പോകുവാൻ ഉള്ള സൗക്ര്യം കുറവണെങ്കിൽ ഉള്ളിലെ ചൂട്‌ വർദ്ധിക്കും എന്നുള്ളതാണ്‌. ഉഷ്ണം കൂടുതൽ ഉള്ള ചിലയിടങ്ങളിൽ നിന്നുംകണ്ട രണ്ടു സംവിധാനങ്ങൾ ഞാനിവിടെ പരിചയപ്പെടുത്തുന്നു.
1.മുറിയുടെ മൂലയിൽ നിന്നും പുറത്തേക്ക്‌ പോകുന്ന ഒരു ലോഹ കുഴൽ. ഇത്‌ തകരം,നാഗം തുടങ്ങിയവയുടെ ഷീറ്റ്‌ ചുരുട്ടിയെടുത്ത്‌ ഉണ്ടാക്കാവുന്നതാണ്‌.ഇതിനു കറുത്ത പെയ്ന്റടിക്കുന്നതായിരിക്കും നല്ലത്‌.ഇരുമ്പിന്റെ ഫ്രെയ്മിൽ ഇതിനെ പാരപ്പെറ്റിനോട്‌ ബന്ധിപ്പിക്കുക.കാറ്റത്ത്‌ ഉലയാതിരിക്കുവാൻ സ്റ്റേവയറുകൾ കൊടുക്കുന്നതും നന്ന്. ചുരുങ്ങിയത്‌ രണ്ടരമീറ്ററെങ്കിലും ഉയരം വേണം ഇതിന്‌.ഇതിന്റെ മുകൾ അറ്റത്തും താഴെയും ചെറിയ ഇരുമ്പ്‌ നെറ്റ്കൊണ്ട്‌ അടക്കുന്നത്‌ പ്രാണികളും എലിപോലുള്ള ക്ഷുദ്രജീവികളും വരുന്നതിനെ തടയുവാൻ നല്ലതാണ്‌. ഇതിന്റെ മുകൾ അറ്റത്ത്‌ മഴവെള്ളം കത്ത്‌ വരാതിരിക്കുവാൻ ഒരു "തൊപ്പി" (സിമന്റ്‌ ചട്ടി അകമഴ്ത്തി) സ്ഥാപിക്കുക. കുഴലിന്റെ വ്യാസം വർദ്ധിക്കും തോറും മുറിക്കകത്തെ ചൂടുള്ള വായു പുറത്തേക്ക്‌ പോകുന്നതിനുള്ള സാധ്യത വർദ്ധിക്കും.കൂടാതെ ഇതിന്റെ കീഴറ്റത്ത്‌ എക്സോസ്റ്റ്‌ ഫാൻ ഫിറ്റുചെയ്യുന്നതും നല്ലതാണ്‌.
1.ക്യാപ്‌ - സിമന്റ്‌ ചട്ടി ഇതിനായി ഉപയോഗിക്കാം.
2.ക്യാപിനെ കുഴലിനു മുകളിൽ ഉറപ്പിച്ച്‌ നിർത്തുവാൻ ഉള്ള ഫ്രെയ്ം.
3.കുഴൽ-നാഗം,അലുമിനിയം തുടങ്ങി ഏതെങ്കിലും ലോഹ ഷീറ്റിൽ ചുരുട്ടിയെടുത്ത കുഴൽ.ഇതിന്റെ അകത്തും പുറത്തും കറുപ്പ്‌ നിറമുള്ള പെയ്ന്റടിക്കുക.
4.ഇരുമ്പ്‌ നെറ്റ്‌- ഇത്‌ പ്രാണികളും,എലിപോലുള്ള ക്ഷുത്രജീവികളും അകത്തുവരാതെ സംരക്ഷിക്കുന്നു.

5.കുഴലിനെ ബിത്തിയിൽ ഉറപ്പിക്കുന്നതിനുള്ള ടൈ.


2.ഇതു വീടു നിർമ്മിക്കുമ്പോൾ തന്നെ ചെയ്യേണ്ടതാണ്‌.അടുക്കളക്ക്‌ ചിമ്മിനി നൽകുന്നതുപോലെ ഒരു സംവിധാനം തന്നെയാണിതും. മുറിയുടെ മൂലയിൽ കോൺക്രീറ്റ്‌ ചെയ്യുന്ന സമയത്തുതന്നെ മുൻ കൂട്ടി നിശ്ചയിച്ച അളവിൽ ഒരു ഭാഗത്ത്‌ ചിത്രത്തിൽ കാണിച്ച പോലെ കോൺക്രീറ്റ്‌ ഒഴിവാക്കുകയും ആവശ്യ്മായ വലിപ്പത്തിൽ ചെറിയ ഒരു " ബീം" ഉണ്ടാക്കുകയും ചെയ്യുക.(മഴവെള്ളം കിനിഞ്ഞിറങ്ങാതിരിക്കുവാൻ വേണ്ടി കോൺക്രീറ്റിൽ 12-15 സെന്റീമീറ്റർ ഉയരത്തിൽ ഉണ്ടാക്കുന്നത്‌.)ഇതിനു മുകളിൽ ചുരുങ്ങിയത്‌ ഒന്നരമീറ്റർ ഉയരത്തിൽ ചുമർ കെട്ടുക തുടർന്ന് അതിനു മേളിലായി റൂഫ്‌ കൊടുക്കുക.ഉള്ളിലായി നാലുവശത്തെക്കും എയർ ഹോൾ നൽകുകയും അതിനെ ചെറിയ കമ്പിവലകൊണ്ട്‌ "അടക്കുകയും" ചെയ്യുക . വീടിന്റെ എലിവേഷനു അനുസരിച്ച്‌ ഇതിന്റെ വലിപ്പത്തിലും രൂപത്തിലും മാറ്റം വരുത്താവുന്നതാണ്‌.
എല്ലാത്തിനും ഉപരിയായി വീടു ഡിസൈൻ ചെയ്യുമ്പോൾ തന്നെ വേണ്ടത്ര വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നതു തന്നെയാണ്‌.ദൗർഭാഗ്യവശാൽ ഡൈനിങ്ങ്‌ റൂമിന്റെ പുറകിൽ ഒരു "അടച്ചുറപ്പുള്ള വരാന്ത" പോലുള്ള സംഗതികളാണ്‌ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പ്രവണത. പാഷ്യോ അല്ല ഞാൻ ഉദ്ദേശിച്ചത്‌.

Thursday, April 16, 2009

കോൺക്രീറ്റ്‌ മുറ്റങ്ങൾ നമുക്കു വേണ്ട.

ഇത്തിരിയുള്ള സ്ഥലത്ത്‌ നിറഞ്ഞുനിൽക്കുന്ന വീടും അതിനു ചുറ്റും ഉള്ള ഇടം മുഴുവൻ കോൺക്രീറ്റ്‌ ഇട്ടോ കോൺക്രീറ്റ്‌ ടെയിലുകൾ പാകിയോ "വൃത്തിയായി" സൂക്ഷിക്കുക നഗരങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്‌.ഇത്‌ തികച്ചും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്‌.മഴക്കാലത്ത്‌ ഇവിടെ നിന്നും മഴവെള്ളം ഭൂമിയിലേക്ക്‌ താഴ്‌ന്നുപോകുവാൻ സാധ്യമല്ലാതെ വരികയും ഇത്‌ പൊതുവഴിയിലേക്കോ,ഓടകളിലേക്കോ ഒഴുകിപ്പോകുവാൻ ഇടവരികയും ചെയ്യുന്നു. കൃത്യമായി തടസ്സങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കുന്ന ഓടകൾ അന്യ്മായ നമ്മുടെ നാട്ടിൽ ഇത്‌ ധാരാളം ആരോഗ്യപ്രശനങ്ങൾക്കും ഇടവരുത്തും. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ റോഡുകൾക്കും കേടുപാടുകൾ സംഭവിക്കും. ഭൂമിക്കു മുകളിലെ സ്വാഭാവികമായ "ഹരിതകവചത്തെ" നശിപ്പിച്ചുകൊണ്ട്‌ അനുദിനം നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നു.അന്തരീക്ഷത്തിലെ ചൂടു വർദ്ധിപ്പിക്കുന്നതിൽ അവ ഗണ്യമായ പങ്കുവഹിക്കുന്നു.കൂടാതെ എ.സി ഇന്ന് നമ്മുടെ കെട്ടിടങ്ങളിൽ അതിവേഗം സ്ഥാനം പിടിക്കുന്നു.ഇതെല്ലാം അന്തരീക്ഷ ഊഷ്മാവ്‌ വർദ്ധിപ്പിക്കുവാൻ ഇടവരുത്തുന്നു.

മുറ്റം അൽപം "വൃത്തികേടായാലും" ഭൂമിക്കു മേലുള്ള അനാവശ്യമായ കോൺക്രീറ്റ്‌ ആവരണം ഒഴിവാക്കുവാൻ ഓരോരുത്തരും പരമാവധി ശ്രദ്ധിക്കുക.മുറ്റത്തെ ചെളികെട്ടുന്നത്‌ ഒഴിവാക്കുവാൻ അവിടേ വെള്ളാരം കല്ല് പാകിയാലും കുഴപ്പമില്ല. കെട്ടിടങ്ങളുടെ ബാൽക്കണിയിലും, ടെറസ്സിലും എല്ലാം ചെടികളും പച്ചക്കറികളും വളർത്താവുന്നതാണ്‌.ടെറസ്സിൽ ചോർച്ചയുണ്ടാക്കും എന്നൊക്കെ പറഞ്ഞ്‌ ഒഴിയാതെ അതിനു തടയിടുവാൻ വേണ്ട സംവിധാനം ഒരുക്കി കഴിയുന്നത്ര ഹരിതാഭ സൃഷ്ടിക്കുവാനും അതിനെ സംരക്ഷിക്കുവാനും നാം ഓരോരുത്തരും ശ്രമിച്ചാൽ അത്‌ നമുക്ക്‌ തന്നെയാണ്‌ ഗുണം ചെയ്യുക.

മറ്റൊരുകാര്യം കൂടെ പറഞ്ഞുകൊള്ളട്ടെ.സ്വന്തം വീടിന്റെ മുറ്റത്തെ മണലിൽ ഓടിക്കളിക്കുവാൻ നമ്മുടെ കുട്ടികൾക്ക്‌ അവസരം നൽകുക.കോഴിക്കുട്ടികളെ തീറ്റയും ഹോമോണും കൊടുത്ത്‌ ഫാം ഹൗസുകളിൽ വളർത്തിയെടുക്കുന്ന പോലെ ആകരുത്‌ പുതുതലമുറയെ വാർത്തെടുക്കേണ്ടത്‌.മുറ്റത്തിറങ്ങിയാൽ രോഗം വരും, ഫ്ലോറിങ്ങിൽ അഴുക്കാകും എന്നെല്ലാം പറഞ്ഞ്‌ വിലക്കാതെ പ്രകൃതിയെ തൊട്ടറിയുവാൻ അവർക്കും അവസരം കൊടുക്കുക.

Tuesday, April 14, 2009

വിഷു ആശംസകൾ

കാർവർണ്ണന്റെ വിഗ്രഹത്തിനു മുമ്പിൽ ഓട്ടുരുളിയിൽ നിലവിളക്കിന്റെ പ്രകാശത്തിൽ, പൊൻ നിറമാർന്ന കണിക്കൊന്നയും,നവധാന്യങ്ങളും,നാണയങ്ങളും,ഫലങ്ങളും,കോടി വസ്ത്രങ്ങളും വച്ചലങ്കരിച്ച്‌ കേരളം കണികണ്ടുണരുന്ന ഈ ശുഭദിനത്തിൽ എല്ലാ വായനക്കാർക്കും ആശംസകൾ...

Thursday, February 19, 2009

കേരളത്തിലെ വർദ്ധിക്കുന്ന മാലിന്യ പ്രശനം

ഇന്ത്യയിൽ താമസിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണത്തിൽ കേരളം മുൻപന്തിയിലാണ്‌.എന്നാൽ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളിലെ താമസക്കാർ പുറം തള്ളുന്ന മാലിന്യം കൈകാര്യം ചെയ്യുവാൻ ഉള്ള സംവിധാനങ്ങളെ കുറിച്ച്‌ ഇനിയും കേരളജനതയും ഗൗരവമായി ചിന്തിച്ചിട്ടില്ല.പത്തും ഇരുപതും നിലകൾ ഉള്ള വൻ പാർപ്പിടസമുച്ചായങ്ങൾ മുതൽ ഒന്നര സെന്റുവരുന്ന ചെറിയ സ്ഥലത്തുപോലും വീടുകൾ നിർമ്മിക്കപ്പെടുന്നു.ഇവർ ടാണ കണക്കിനു മാലിന്യങ്ങൾ പുറം തള്ളുന്നു. ഇതുകൂടാതെ ഇവയുടെ സെപ്റ്റിടാങ്കുകളിൽ നിന്നും പുറത്തേക്കുള്ള ഓടകളിലേക്കും( പലതും സ്ലാബില്ലാതെ തുറന്നുകിടക്കുന്നതും, പ്ലാസ്റ്റിക്ക്‌ അടക്കം ഉള്ള മാലിന്യങ്ങൾ നിറഞ്ഞ്‌ അടഞ്ഞവ)അല്ലെങ്കിൽ സെപ്റ്റിക്‌ ടാങ്കിനോടു ചേർന്നുള്ള പിറ്റിലേക്കു പോകുന്നു.ഇതു സമീപത്തുള്ള കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകൾക്ക്‌ ഭീഷണിയാകുന്നു.

മാലിന്യ സംസ്കരണത്തിനു വ്യക്തമായ കാഴ്ചപ്പാടോടെ സമഗ്രമായ പദ്ധതികൾ നടപ്പാക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യം നിർമ്മാർജ്ജനം ചെയ്യുവാൻ ഉള്ള സംവിധാനം അത്യാവശ്യമാണ്‌. നഗരങ്ങൾ വളരുന്നതിനനുസരിച്ച്‌ ഗ്രാമങ്ങളും അതിവേഗം നഗരങ്ങളായി മാറുന്നു.സ്വാഭാവികമായും ഇവിടേയും നല്ല ഓടകളുടെ നിർമ്മാണം,അതുപോലെ പൊതുസ്ഥലങ്ങളിൽ പബ്ലിക്ക്‌ ബിന്നുകൾ അനിവാര്യമാകുന്നു.മാലിന്യങ്ങളെ ഒരു സ്ഥലത്തുകൊണ്ടുവന്ന് തള്ളുകയും അവിടെ ഇട്ട്‌ അശാസ്ത്രീയമായി കത്തിച്ചുകളയുകയും ചെയ്യുന്ന ഇന്നത്തെ രീതി ശരിയല്ല. വങ്കിട കെട്ടിടസമുച്ചയങ്ങളോ അധികം ജനസാന്ദ്രതയോ ഇല്ലത്ത പ്രകൃതിരമണീയമായതും യദേഷ്ഠം ശുദ്ധവായു ലഭിക്കുന്നതുമായ വയനാട്ടിലേക്ക്‌ താമരശ്ശേറി ചുരം കയറിച്ചെല്ലുന്നവരെ എതിരേൽക്കുന്നതു കൽപറ്റയിലെ മാലിന്യം കൊണ്ടുതള്ളുന്നിടത്തുനിന്നും ഉള്ള ദുർഗ്ഗന്ധമാണെന്നത്‌ പറയുമ്പോൾ മറ്റിടങ്ങളിലെ സ്ഥിതി പറയേണ്ടതില്ലല്ലോ? കേരളത്തിലെ നഗരങ്ങളിൽ "വികസനത്തിന്റെ" കാര്യത്തിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന എറണാംകുളത്തു ജീവിക്കുന്നവർ മാലിന്യങ്ങൾ കൊണ്ടും അതുണ്ടാക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശനങ്ങൾ കൊണ്ടും പൊറുതിമുട്ടിയിരിക്കയാണ്‌.മഴക്കാലമായാൽ ഇതിന്റെ രൂക്ഷത ശതഗുണീഭവിക്കുന്നു. എറണാംകുളം ജില്ലയാണ്‌ ഇന്ന് കേരളത്തിൽ ഏറ്റവും രൂക്ഷമായ മാലിന്യ പ്രശ്നം അഭിമുഖീകരിക്കുന്നത്‌. ഇതു സംമ്പന്തിച്ച്‌ പലതവണ കോടതിയുടെ പരാമർശങ്ങൾ വന്നുകഴിഞ്ഞു. പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും അതിന്റെ പേരിൽ ചിലവിടുന്ന തുകകളുടെ കണക്കുകളും ഒന്നും മാലിന്യം നീക്കുന്നില്ല.വികസനത്തിനായി ജാഥകളും സെമിനാറുകളും നടത്തുകയും കോടികൾ ലോകമ്പാങ്കടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും അന്യായമായ നിബന്ധനകൾക്കു വഴങ്ങി വാങ്ങുകയും ചെയ്യുന്നവർക്ക്‌ എന്തുകൊണ്ട്‌ ഇക്കാര്യത്തിൽ ഒരു പരിഹാരം കാണുവാൻ കഴിയുന്നില്ല?

"ദൈവത്തിന്റെ സ്വന്തം നാട്‌" സന്ദർശിക്കുവാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ ഇവിടേ എത്തുന്നുണ്ട്‌. ടൂറിസ്റ്റുകൾ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്‌.മാലിന്യത്തെ കുറിച്ച്‌ നമ്മുടെ അധികൃതർ നിസ്സാരമായി കരുതുന്ന പലതും അവരുടെ രാജ്യത്ത്‌ വലിയ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നതാണെന്ന് നാം ഓർക്കേണ്ടതുണ്ട്‌.പൊതുസ്ഥലത്തു തുപ്പിയാൽ പിഴയും നിശ്ചിത നാളുകൾ പൊതുസ്ഥലം തൂത്തുവൃത്തിയാക്കലും നിയമം മൂലം നടപ്പാക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർ ആണ്‌ ഭൂരിപക്ഷം ടൂറിസ്റ്റുകളും.

കൊതുകുനിർമ്മാർജ്ജനത്തിനായി വേണ്ട നടപടികൾ കാര്യക്ഷമമായി ചെയ്യാതെ വൈകുന്നേരം മേഷീനോ/കൊതുകുതിരിയോ കത്തിച്ച്‌ കെമിക്കൽ പുകശ്വസിച്ച്‌ നിർവൃതിയടയുന്ന ജനസമൂഹം പൊതുപ്രശനങ്ങളിൽ നിന്നും ഓടിമാറുന്ന കുറ്റകരമായ അനാസ്ഥയാണ്‌ ചെയ്യുന്നത്‌.അധികൃതരുടേയും പൊതുജനത്തിന്റേയും അശ്രദ്ധമൂലം ഇത്തരം കൊതുകു നിർമ്മാർജ്ജന ഉലപന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനികൾ കോടികൾ ആണ്‌ കൊയ്യുന്നത്‌.ഇറച്ചിവേസ്റ്റ്‌, പ്ലാസ്റ്റിക്ക്‌ അടക്കം ഉള്ള ഉപയോഗശൂനയ്മായ വസ്തുക്കൾ തോന്നിയപോലെ വഴിയോരത്തും മറ്റും വലിച്ചെറിയുന്ന പൊതുജനങ്ങളുടെ സ്വഭാവരീതിയിലും മാറ്റം വരേണ്ടിയിരിക്കുന്നു.ആരോഗ്യമുള്ള പരിസരം എന്നത്‌ അവിടെ ജീവിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്‌. മാലിന്യ പ്രശനത്തെ രാഷ്ടീയവൽക്കരിക്കാതെ രാഷ്ടീയ പ്രസ്ഥാനവും, പൊതുസമൂഹവും സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യ-പരിസ്ഥിതി പ്രശന്മായി കണ്ട്‌ ഉണർന്നുപ്രവർത്തിക്കേണ്ടീയിരിക്കുന്നു.


ഓർക്കുക: വൻ കെട്ടിടങ്ങളിൽ പഞ്ചനക്ഷത്രജീവിതം നയിക്കുന്നവർ പുറം തള്ളുന്ന അഴുക്കുകൾ ഒഴുകുന്ന ചാലുകൾക്കിരുവശവും ഉള്ള ചേരികളിൽ, അഴുക്കുചാലുകളിൽ പുഴുക്കളെ പോലെ ജീവിക്കുന്നവരും മനുഷ്യരാണ്‌. ജനാധിപത്യസംവിധാനത്തിൽ വോട്ടുചെയ്യുവാൻ മാത്രം അവകാശമുള്ള വെറും സ്ലം......അല്ല അവർ.

Thursday, February 05, 2009

പ്ലാൻ -32


പ്ലാനിനു കടപ്പാട്‌: മിസിസ്സ്‌ വിനി.എസ്‌.കുമാർ


ആധുനീകസൗകര്യങ്ങൾ ഉള്ള വീടാണെങ്കിൽ പോലും അതു "കേരളീയശൈലിയിൽ"തന്നെ ആകണം എന്ന് പലർക്കും നിർബന്ധമുണ്ട്‌.ചരിച്ചുവാർത്ത്‌ മുകളിൽ ഓടുപതിച്ച്‌ വരാന്തയിൽ ഉടനീളം ചാരുപടിനൽകിയാൽ അതുകേരളീയശൈലിയാണെന്ന് പലരും തെറ്റിദ്ധരിച്ചുപോയി.നിർഭാഗ്യവശാൽ ഈ ഒരു ധാരണയാണ്‌ നമ്മുടെ നാട്ട്ല് പലപ്പോഴും "വാസ്തു വൈകൃതങ്ങൾ" പെരുകുന്നതിനു ഇടയാക്കുന്നത്‌. മേൽപറഞ്ഞ "കേരളീയ ശൈലിയിൽ" ഉള്ള ഒരു ഡിസൈൻ എന്ന രീതിയിൽ തയ്യാറാക്കിയതാണിവിടെ കൊടുക്കുന്നതും. ചെരിച്ചുവാർത്ത്‌ മുകളിൽ ഓടുപതിച്ച്‌ കാഴ്ചയിൽ നമ്മുടെ പരമ്പരാഗത രീതികളോട്‌ ചില സാദൃശ്യം പുലർത്തുന്ന ഒരു വീടിന്റെ പ്ലാൻ എന്നേ ഇതിനെ പറയുവാൻ കഴിയൂ. ആധുനീകസൗകര്യങ്ങളോടെ "കേരളീയശൈലിയിൽ" എന്ന് പറയുന്നതിനോടെനിക്ക്‌ വിയോജിപ്പുണ്ട്‌.(ഇതേകുറിച്ച്‌ പിന്നീട്‌ എഴുതുന്നതാണ്‌) കേരളീയ വാസ്തുശൈലിക്ക്‌ അതിന്റേതായ തനതു രീതികളും അളവുകളും നിർമ്മാണ നിയമങ്ങളും ഉണ്ട്‌.അതു പിന്തുടരുന്നതുകൊണ്ടാണ്‌ അവയെ കേരളീയശൈലിയിൽ നിർമ്മിച്ചത്‌ എന്ന് പറയുന്നതും.എന്നാൽ ഇന്നാകട്ടെ അത്തരം കാര്യങ്ങളിൽ നിന്നും വേറിട്ടുനിന്നുകൊണ്ട്‌ പഴയ കെട്ടിടങ്ങളിലെ ചില എലിമന്റുകൾ മാത്രം എടുത്ത്‌ ഉപയോഗിക്കുന്നു. ദൗർഭ്യാഗ്യവശാൽ ഞാനും ഇത്തരം "പാതിവെന്ത" തീർക്കുന്നതിനു നിർബന്ധിതനായിട്ടുണ്ട്‌.


എലിവേഷന്റെ സാധ്യതകൾ മുന്നിൽകണ്ടുകൊണ്ട്‌ തയ്യാറാക്കിയ ഈ പ്ലാനിനു 2744 ചതുരശ്രയടി വിസ്തീർണ്ണമാണുള്ളത്‌.മുൻ വശത്ത്‌ ഒരു "പൂമുഖം" കൂടാതെ ല്വീങ്ങും ഡൈനിങ്ങും വെവ്വേറെ നൽകിയിട്ടുള്ള ഇതിനു താഴത്തെനിലയിൽ ഡ്രസ്സിങ്ങ്‌ ഏരിയയും അറ്റാച്ച്ഡ്‌ ബാത്‌റൂമുകളും ചെർന്നുള്ള രണ്ടുകിടപ്പുമുറികളും ഉണ്ട്‌.ഡൈനിങ്ങിനോടുചേർന്ന് ഒരു കോർടുയാഡും അതിന്റെ ഒരു വശത്ത്‌ കൂടുമ്പങ്ങൾക്കിരിക്കുവാൻ ഒരു ചെറിയ തിണ്ണനൽകിയിരിക്കുന്നു.ഡൈനിങ്ങ്‌ റൂമിന്റെ ഒരു ഭാഗത്ത്‌ ഡബിൾഹൈറ്റ്‌ ആണ്‌. "അർദ്ധവൃത്താകൃതിയിൽ" ഉള്ള സ്റ്റെയർക്കേസ്‌ കയറിച്ചെന്നാൽ മുകൾനിലയിലെ ലിവിങ്ങ്‌ ഏരിയയിലേക്ക്‌ എത്തുന്നു.ഇവിടെ നിന്നും ബാൽക്കണിയിലേക്കും പുറകുവശത്തെ ടെറസ്സിലേക്കും പ്രവേശിക്കാം. താഴത്തെ പോലെ തന്നെ മുകൾനിലയിലും രണ്ടുകിടപ്പുമുറികൾ ഉണ്ട്‌.
Saturday, January 03, 2009

ഡിസൈനറും കോണ്ട്രാക്ടറും.

ഡിസൈനർ: പുതിയ ഒരു വീട് തയ്യാറാക്കുവാൻ ആലോചിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഡിസൈനറെ തിരഞ്ഞെടുക്കുന്നതിലാണ്.ചെറുതായാലും വലുതായാലും ഡിസൈനർക്ക് അതിൽ നല്ലൊരു പങ്ക് വഹിക്കുവാൻ ഉണ്ട്.പലരും മറ്റുള്ളവർ ചെയ്ത വീടിന്റെ ഡിസൈൻ/മാഗസിൻ, നെറ്റ് തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചത് പകർത്തുകയോ,അതുമല്ലെങ്കിൽ സ്വന്തമായി തന്നെ ഡിസൈൻ ചെയ്യുകയോ ആണ് പതിവ്.മറ്റു ചിലരാകട്ടെ അടുത്തുള്ള *“തച്ചുശാസ്ത്രഞ്ജന്മാ‍രെ“ സമീപിക്കുന്നു,അവർ നൽകുന്ന “സിങ്കിൾ ലൈൻ ഡയഗ്രം“ വച്ച് ഭാക്കി കര്യങ്ങൾ പണിക്കാർക്ക് വിട്ടുകൊടുക്കുന്നു, വേണ്ടത്ര വൈദഗ്ദ്യമോ ഉൾക്കാഴ്ചയോ ഇല്ലാത്തവരുടെ അറിവില്ലായ്മകൾ ലക്ഷങ്ങൾ ചിലവിട്ട് നിങ്ങൾ നിർമ്മിക്കുന്ന വീടിന്റെ സൌകര്യങ്ങളെയും ഭംഗിയേയും ഇല്ലാതാക്കുവാൻ ഇത് ഇടയാക്കുന്നു.അതുപോലെ മറ്റൊരു അപകടമാണ് അല്പഞ്ജാനികളായ ബന്ധുക്കൾ,ഇവരെയും അകറ്റിനിർത്തുന്നത് നന്നായിരിക്കും.

സ്വന്തം വീടിനെ കുറിച്ച് ഓരോരുത്തരുടെ താല്പര്യങ്ങളും സങ്കൽ‌പ്പങ്ങളും വ്യത്യസ്ഥാമായിരിക്കും. അതുകൊണ്ടുതന്നെ നിർമ്മിക്കുവാൻ പോകുന്ന വീട്ടിൽ താമസിക്കുന്നവരുടെ താല്പര്യങ്ങളും, “സ്വപനങ്ങളും“,ആവശ്യങ്ങളും താമസക്കാരുടെ സ്വഭാവ സവിശേഷതകളും കണക്കിലെടുത്തും ബഡ്ജറ്റിനും,സ്ഥലത്തിന്റെ ഘടനക്കും അനുയോജ്യമാകുന്ന വിധത്തിലും ഡിസൈൻ ചെയ്യുവാൻ കഴിവുള്ളവരെ വേണം തിരഞ്ഞെടുക്കുവാൻ.നിങ്ങൾ തിരഞ്ഞെടുക്കുന്ന ഡിസൈനറുടെ മുൻ‌കാല വർക്കുകൾ നോക്കിയും അവിടെ താമസിക്കുന്നവരുടെ അഭിപ്രായം ആരായുന്നതും നല്ലതാണ്. കുടുമ്പാംഗങ്ങളും ഡിസൈനറുമായൂള്ള തുറന്ന ചർച്ചക്ക് ഒരു ഡിസൈൻ തയ്യാറാക്കുന്നതിൽ നിർണ്ണായകമായ പങ്കാണ് ഉള്ളത്. പ്രായോഗികമായ അറിവും പുതിയ ആശയങ്ങളോടുള്ള പോസിറ്റീവായ സമീപനവും ചെറിയ കാര്യങ്ങൾക്ക് പോലും ചെവികൊടുക്കുന്നറ്റിനുള്ള സന്നദ്ധതയും ഒരു നല്ല ഡിസൈനറുടെ മുഖമുദ്രയാകുന്നു. ജനറൽ ലേയൌട്ട് കൂടാതെ ഇലക്ട്രിക്കൽ, പ്ലംബിങ്ങ്,ഇന്റീരിയർ,സ്റ്റ്ട്രക്ചറൽ തുടങ്ങിയവയ്ക്ക് പ്രത്യേകം ലേയൌട്ടും ആവശ്യമായ സെക്ഷനുകളും മറ്റു ഡീറ്റെയിത്സും പ്രൊഫഷണൽ ഡിസൈനർമാർ നൽകുന്നു.കോസ്റ്റ് എസ്റ്റിമേറ്റ് വീടുപ്ലാനിങ്ങിന്റെ ഒരു പ്രധാന ഘടകമാണ്, ബഡ്ജറ്റിനനുസരിച്ച് കാര്യങ്ങൾ നിശ്ചയിക്കുവാനും ഒരു വീടിന്റെ വിവിധ നിർമ്മാണഘട്ടങ്ങളിൽ വരുന്ന ചിലവിനെ കുറിച്ചൊരു ഏകദേശധാരണ നൽകുവാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങളും താൽ‌പര്യങ്ങളും പരിഗണിക്കാതെ താൻ നിശ്ചയിക്കുന്ന/മുങ്കൂട്ടി ഡിസൻ ചെയ്ത ഏതെങ്കിലും ഡിസൈൻ നിർബന്ധബുദ്ധിയോടെ അടിച്ചേൽ‌പ്പിക്കുന്നവരും കേവലം എക്സ്റ്റീരിയർ മാത്രം നന്നാക്കി തന്റെ പേരു വർദ്ധിപ്പിക്കുവാൻ ശ്രമീക്കുന്നവരുമായ ഡിസൈനർമാരെ ഒഴിവാക്കുവാൻ തയ്യാറാകുക. നിർമ്മാണത്തിന്റെ ഏതുഘട്ടത്തിലും ആവശ്യമെങ്കിൽ സൈറ്റ് സന്ദർശിക്കുവാൻ വ്യക്തമായ ഉപദേശവും ഡീറ്റെയിത്സും നൽകുവാൻ കഴിവുള്ള ആളായിരിക്കണം നീങ്ങളുടെ വീടിന്റെ ഡിസൈനർ.
ഡിസൈനർമാർ തങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് വ്യത്യസ്ഥരീതിയിൽ ആയിരിക്കും.ചിലർ ഡിസൈനിന്റെ പ്രത്യേകതകൾ,നൽകുന്നഡീറ്റെയിത്സ് എന്നിവ അനുസരിച്ചും.മറ്റു ചിലർ പ്രൊജക്ടിന്റെ മൊത്തം ചിലവിന്റെ നിശ്ചിത ശതമാനവും ആയിരിക്കും ഈടാക്കുക.നാട്ടിൻ പുറങ്ങളിൽ ഇത് ഏരിയയെ അടിസ്ഥാനമാക്കീയാണ് പലരും സാധാരണയായി ഈടാക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമെങ്കിൽ മറ്റു സർക്കാർ സ്ഥാപ്പനങ്ങളിൽ നിന്നും കെട്ടിടനിർമ്മാണാനുമതിയും, ലോണിനാവശ്യമായ പേപ്പേഴ്സ് തയ്യാറാക്കലും എല്ലാം ചില ഡിസൈനർമാർ ചെയ്യാറുണ്ട്.

കോണ്‌ട്രാക്ടർ:സ്വന്തമായി പണിക്കാരെ സംഘടിപ്പിച്ച് നിർമ്മാണം നടത്തുന്ന രീതിയായിരുന്നു പണ്ട് പ്രചാരത്തിൽലുണ്ടായിരുന്നത്. എന്നാൽ പിന്നീട് വ്യക്തിപരമായ അസൌകര്യങ്ങൾ മൂലം ഇന്ന് പലരും നിർമ്മാണം ഈ രംഗത്തെ ബിൽഡേഴ്സിനേയോ/ കോണ്ട്രാക്ടർമാരെയോ ഏൽ‌പ്പിക്കുവാൻ തുടങ്ങി. ഡിസൈനറ് തയ്യാറാക്കുന്ന രേഖകളിൽ നിന്നും രൂപത്തിലേക്ക് നിങ്ങളുടെ വീടിനെ നയിക്കുന്നവനാണ് കോൺ‌ട്രാക്ടർ എന്ന് പറയാം. നല്ല ഒരു ഡിസൈനറെ തിരഞ്ഞെടുക്കു ന്നതുപോലെ നിർണ്ണായകമാണ് ഒരു കോൺ‌ട്രാക്ടറെ കണ്ടെത്തുന്നതും.ഡിസൈനറുടെ കാര്യത്തിലെന്ന പോലെ ഇവർ മുമ്പ് ചെയ്ത വർക്കുകളെ കുറിച്ച് അഭിപ്രായമറിയുന്നത് അവശ്യമാണ്. വേണ്ടത്ര സാങ്കേതികഞ്ജാനമോ മുൻ പരിചയമോ ഇല്ലാതെ പലരും കുറച്ച് പണിക്കാരെകൂട്ടി നിർമ്മാൺ മേഘലയിൽ കടന്നുകൂടിയിട്ടുണ്ട്. ഇത് പ്രോജക്ടുകളുടെ ക്വാളിറ്റി മോശമാക്കുവാനും ചിലവു വർദ്ധിക്കുവാനുമിടവരുത്തുന്നു. ഇത്തരക്കാരെയും അറ്റുപോലെ പാതിവഴിൽ പ്രോജക്ട് ഇട്ടുപോകുന്നവരെ യാതൊരു കാരണവശാലും പരിഗണിക്കരുത്.

ഒരു കോണ്ട്രാക്ടറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ ഇവയാണ്.

1.തൊഴിൽ രംഗത്ത് മുൻ‌പരിചയവും, വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയും ഉണ്ടായിരിക്കണം.കോൺ‌ട്രാക്ടറുടെ കീഴിൽ നല്ല എഞ്ചിനീയർ/സൂപ്പർവൈസർ,വിദഗ്ദരായ തൊഴിലാളികൾ എന്നിവർ ഉണ്ടായിരിക്കണം.
2.ചെയ്യുന്ന വർക്കുകളിലെ പെർഫക്ഷൻ,ഡിസൈനർ നൽകുന്ന ഡ്രോയിങ്ങ്സും മറ്റു ഡീറ്റെയിത്സും മനസ്സിലാക്കി അതിനനുസരിച്ച് നിർമ്മാണംനടത്തുവാൻ കഴിവുണ്ടായിരിക്കണം
3.ഉപയോഗിക്കുന്ന മെറ്റീരിയത്സ് നിലവാരമുള്ളതായിരിക്കണം.
4.കാര്യക്ഷമമായി പ്രൊജക്ടിനെ മുന്നോട്ടുകൊണ്ടുപോകുവാനും പ്രതിസന്ധികളെ തരണം ചെയ്യുവാനും ഉള്ള കഴിവ്.
5.സാമ്പത്തീക കാര്യങ്ങളിലെ കൃത്യത.


കോണ്ട്രാക്ട്

വീടു നിർമ്മിക്കുവാൻ കോണ്ട്രാക്ടറെ നിശ്ചയിച്ചുകഴിഞ്ഞാൽ അവരുമായി ഒരു കരാറിൽ ഏർപ്പെടുന്നത് അത്യാവശ്യമാണ്. ഇത് സർക്കാർ അംഗീകരിച്ച മുദ്രപത്രത്തിൽ ആയിരിക്കണം.
1.കോണ്ട്രാക്ടിൽ നിർമ്മിക്കുന്ന ആളും, കോണ്ട്രാക്ടരും ആരെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
2.നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തെകൂറിച്ചും,സ്ഥലത്തെ കുറിച്ചും,തദ്ദേശസ്വയംഭരണ സ്ഥപനത്തിൽ നിന്നും ഉള്ള കെട്ടിടനിർമ്മാണത്തിനുള്ള അനുമതിയെകുറിച്ചും ഇതിൽ പരാമർശിച്ചിരിക്കണം.
3. ചതുരശ്രയടി/ചതുരശ്രമീറ്റർ എന്നിങ്ങനെ ഏതുമാനദണ്ടം വച്ചാണ് കെട്ടിടത്തിറ്റെ ചുറ്റളവ് നിശ്ചയിക്കുന്നതെന്നും ഇതുപ്രകാരം എത്ര ഏരിയ ഉണ്ടെന്നും നിർബന്ധമായും കോണ്ട്രാക്ടിൽ എഴുതിയിരിക്കണം.കൂടാതെ കെട്ടിടനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നൽകേണ്ട തുകയെകുറിച്ചു അത് മൂന്നാമതൊരാളെ വച്ച് പരിശോധിച്ചതിനു ശേഷമാ‍ണെങ്കിൽ അതിനെ കുറിച്ചും പരാമർശിച്ചിരിക്കണം.
4.സമയാ സമയങ്ങളിൽ ഉടമ തുകനൽകാതിരിക്കുകയോ കോണ്ട്രാക്ടർ പണി പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ പരസ്പരം പിഴ/ നഷ്ടപരിഹാരം ഈടാക്കുവാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതേ കുറിച്ച് വ്യക്തമാക്കണം.കോടതിവ്യവഹാരങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതേ കുറിച്ചും,നിർമ്മാണകാലയളവിൽ ഉടമയോ കോണ്ട്രാക്ടറോ മരണപ്പെടുകയോ മറ്റോ ചെയ്താൽ, ഉടമ സ്ഥലം മറ്റൊരാൾക്ക് വിറ്റാൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും വ്യക്തമാക്കണം.
5.നിർമ്മാണ സാമഗ്രികളെ കുറിച്ച് വിശദമായി രേഖപ്പെടുത്തണം.( ടൈൽ/ഫ്ലോറിന്ങിനായുള്ള മെറ്റീരിയൽ ഇതിൽ നിന്നും ഒഴിവാക്കുകയും നിർമ്മാണം പൂർത്തിയാക്കുന്ന വേളയിൽ ഉടമ, ഡിസൈനർ,കോണ്ട്രാകടർ എന്നിവർ ബഡ്ജറ്റിനനുസരിച്ച് ഫ്ലോറിങ്ങ് മെറ്റീരിയലിന്റെ ഡിസൈനും നിലവാരവും നിശ്ചയിച്ച് സെലക്ട് ചെയ്യുന്നതും ആയിരിക്കും നന്നാകുക.പലപ്പോഴും ടൈത്സ് ഡിസൈനും മറ്റും ഒരു വില്ലനാകാറുണ്ട്.)
6.കെട്ടിടത്തിന്റെ പ്ലാൻ,എല്ലാ വശങ്ങളുടേയും എലിവേഷൻ,ജനറൽ സെക്സ്ഷൻ, പേഴ്പക്ട്രീവ് വ്യൂ എന്നിവയുടെ ഒരു കോപ്പി കൂടെ കരാറിന്റെ കൂടെ പരസ്പരം സൈൻ ചെയ്ത് ചേർക്കുന്നത് നന്നായിരിക്കും.
7.മെറ്റീരിയലുകൾക്കുണ്ടായേക്കാവുന്ന വിലവ്യത്യാസം കൂടെ കണക്കിലെടുത്ത് നിശ്ചിത ശതമാനത്തിനു മുകളിൽ വില കൂടുകയോ മറ്റോ ചെയ്താൽ ഉടമ കോണ്ട്രാക്ടർക്ക് നൽകാം എന്ന് പറഞ്ഞിരിക്കണം.
8.നിർമ്മാണ വേളയിൽ ഉണ്ടാകുന്ന പൊളിക്കലുകൾക്കും കൂട്ടിചേർക്കലുകൾക്കും ഈടാക്കാവുന്ന ചാർജ്ജിനെകുറിച്ച് വ്യക്തമാക്കണം.
9.നിർമ്മാണ പ്രവർത്തനത്തിനാവശ്യമായ വെള്ളം,വൈദ്യുതി എന്നിവ ആരുടെ ഉത്തരവാദിത്വം എന്നത് വ്യക്തമാക്കിയിരിക്കണം.
10.കോണ്ട്രാക്ടറുടെ ലാഭവിഹിതത്തെ കുറിച്ചും ഇതിൽ വ്യക്തമാക്കുന്നത് നന്നായിരിക്കും.


കോണ്ട്രാക്ടിൽ തന്നെ “ടേൺകീ”,ലേബർ കോണ്ട്രക്ട്, സ്ട്രക്ചർ കോണ്ട്രാക്ട് എന്നിങ്ങനെ ചില വിഭാഗമുണ്ട്.കയരിത്താമസിക്കാവുന്ന വിധത്തിൽ പൂർണ്ണമായും വീടിന്റെ നിർമ്മാണം പൂർത്തിയാക്കി ഉടമയുടെ കയ്യിൽ താക്കോൽ കൊടുക്കുന്ന രീതിയാണ് “ടേൺകീ”.മൂന്നാമതൊരു സൂപ്പർവൈസർ സാക്ഷ്യപ്പെടുത്തി അതാതു സമയത്ത് നിർമ്മാണപ്രവർത്തനം പരിശോധിച്ച് കോണ്ട്രാക്ടർ നൽകുന്ന ബില്ല് പാസ്സാക്കുന്നു.


ലേബർ കോണ്ട്രാക്ട് എന്നാൽ ഒരോ വർക്കുകൾക്കും പ്രത്യേകം പ്രത്യേകം അല്ലെങ്കിൽ ഇന്ന ഘട്ടം വരെ തീർക്കുവാൻ എന്നരീതിയിലോ ആയിരിക്കും ഈ കരാറ്. സ്ക്വർഫീറ്റ്/സ്ക്വയർ മീറ്ററിനു തുക നിശ്ചയിച്ച് നിർമ്മാണം നടത്തുന്നു.ഇവിടെ കോണ്ട്രാക്ടർ തൊഴിലാളികളെ സപ്ലൈ ചെയ്യുകയും മേൽനോട്ടക്കാരൻ,നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എന്നിവ ഉടമസ്ഥൻ ആണ് ഏർപ്പാടാക്കുന്ന്ൻത്. ഇത് ഓരോഘട്ടവും പൂർത്തിയാകുമ്പോൾ അതാതു സമയത്ത് കോണ്ട്രാക്ടർ നൽകുന്ന ബില്ല് സൂപ്പർ വൈസർ വിലയിരുത്തിയതിനു ശേഷം പാസ്സാക്കുന്നു.

മൂന്നാമത്തെ വിഭാഗമാകട്ടെ കെട്ടിടത്തിന്റെ ഫൌണ്ടേഷൻ മുതൽ മേൽക്കൂരവരെ ഇവർ ചെയ്യുന്നു.അതും മേൽ‌പ്പറഞ്ഞപോലെ നിബന്ധനകളും മറ്റും ഉൾക്കൊള്ളിച്ചുള്ള കരാറിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.


*വാസ്തു എന്ന പഴയകാല നിർമ്മാണ സങ്കേതം ആണെന്നും ഇന്ന് ദുർവ്യാഖ്യാം ചെയ്തും കച്ചവടത്തിനായുള്ള ഒരു മാർഗ്ഗം മാത്രമായും അധപതിച്ച് നമ്മുടെ കെട്ടിടനിർമ്മാണ മെഘലയെ തെറ്റായ ഒരു ദിശയിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്.കേവലം അളവുകൾക്കും അന്ധവിശ്വാസങ്ങൾക്കും മാത്രം പ്രാധാന്യം നൽകിക്കൊണ്ടാകരുത് നിങ്ങളുടെ വീടിന്റെ ഡിസൻ എന്ന് ഓർക്കുന്നത് നന്നായിരിക്കും.

E-pathram

ePathram.com