
ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും ഇന്റർ നെറ്റിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചവരോടും.
പ്രക്രിതിയിലെ മരങ്ങളുടെ വളർച്ചമുരടിപ്പിച്ച ചെറുപതിപ്പുകൾ ഒറ്റക്കോ കൂട്ടമായോ വളർത്തുന്ന ഒരു “കല”യാണ് ബോൺസായ്. ക്ഷമയും കലാവാസനയും ഉണ്ടെങ്കിൽ മാത്രവ്രക്ഷത്തിന്റെ എല്ലാവിധ ഗുണങ്ങളും പ്രത്യേകതകളും ഈ ചെറുമരങ്ങളിലേക്ക് കൊണ്ടുവരുവാൻ നമുക്ക് സാധിക്കും.മാത്രവിക്ഷത്തിന്റെ സ്വഭാവമനുസരിച്ച് സമയാ സമയങ്ങളിൽ പൂക്കുകയും കായ്ക്കുകയും ഇലപൊഴിയുകയും ചെയ്യുന്ന ബോൺസായ് മരങ്ങൾ ഒരു കൌതുകം തന്നെയാണ്. 2000 വർഷങ്ങൾക്ക് മുമ്പ് ചൈനയിലാണ് ബോൺസായിയുടെ ഉൽഭവം എന്ന് പറയപ്പെടുന്നു.ഏതാണ്ട് ആ കാൽഘട്ടത്തിൽ തന്നെ ജെപ്പാനിലും,കൊറിയയിലും മറ്റും ഇതിനു വൻ പ്രചാരം ഉണ്ടായി.
ആൽ,പുളി,മാവ്,പൂമരം,സപ്പോട്ട,ബെഞ്ചമിൻ,നാരകം,നെല്ലി,ബോഗൺ വില്ല,മുള,കള്ളിച്ചെടി എന്നിവയാണ് നമ്മുടെ നാട്ടിൽ പ്രധാനമായും ബോൺസായി ആക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന മരങ്ങൾ.ഇതിൽ തന്നെ ആൽ മരത്തിന്റെ വിവിധ ഇനങ്ങളോടാണ് ആളുകൾക്ക് കൂടുതൽ താല്പര്യം.
പൊക്കം അനുസരിച്ച് ബോൺസായിയെ തരം തരം തിരിക്കുന്നത് ഒരു രീതിയാണ്.2.5-7.5 സെന്റീമീറ്റർ പൊക്കമുള്ളവയെ ടൈനി എന്നും,13-25 സെനീമീറ്റർ വരെ ഉയരം ഉള്ളവയെ സ്മോൾ വിഭാഗത്തിൽ പെടുത്തിയിരിക്കുമ്പോൾ മീഡിയത്തിൽ വരുന്നത് 40 സെന്റീമീറ്റർ വരെ പൊക്കം ഉള്ളവയെ ആണ്.തുടർന്ന് വരുന്ന മീഡിയം ലാർജിൽ 40-60 സെന്റീമീറ്റർ ഉയരം ഉള്ളവയെ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനു മുകളിൽ 120 സെന്റീമീറ്റർ വരെ ഉള്ളവ ലാർജ് വിഭാഗത്തിൽ പെടുന്നു.
വളർത്തുന്ന രീതിക്കനുസരിച്ച് തരംതിരിക്കുന്നത് കൂട്ടായി ഒരു വനത്തിന്റെ പ്രതീതിയുണ്ടാക്കുന്നവ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ വേരുകൾ പറ്റിപ്പിടിച്ച് വളരുന്നത്, പടർന്ന് പന്തലിച്ച് “വൻ വ്രിക്ഷമായി” നിൽക്കുന്നത്,കാറ്റത്ത് ഒരുവശത്തേക്ക് ചരിഞ്ഞ് നിൽക്കുന്നപോലെയുള്ളത്,ഒരു ഭാഗം ഉണങ്ങിയത് എന്നിങ്ങനെ ആണ്. (ഇനിയും കൂടുതൽ രീതികൾ ഉണ്ടത്രെ)
ബോൺസായ് ഉണ്ടാക്കുവാൻ:
ബോൺസായ് നിർമ്മിക്കുവാൻ ആദ്യപടിയായി ചെയ്യേണ്ടത് തങ്ങൾക്ക് ഇഷ്ടപ്പെട്ട മരവും വളത്തെണ്ടരീതിയും നിശ്ചയിക്കുക എന്നതാണ്. അതിനുശേഷം അനുയോജ്യമായ വ്രക്ഷത്തൈ ശേഖരിക്കണം.മരപ്പൊത്തുകൾ,മതിലുകൾ,തുടങ്ങി കെട്ടിടങ്ങളുടെയും മറ്റും വശങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന ചെടികളെ ശേഖരിക്കുന്നതായിരിക്കും നന്നാവുക. ഇങ്ങനെ ലഭിക്കാത്തപക്ഷം അനുയോജ്യമായ ആക്രിതിയുള്ള കൊമ്പുകൾ മാത്രവ്രക്ഷത്തിൽ നിന്നും ഗ്രാഫ്റ്റ് ചെയ്ത് എടുക്കുകയും ആകാം. സ്വാഭാവികമായ വളർച്ചയെ മുരടിപ്പിക്കുവാൻ ആയി അവയെ താശ്ചകുറഞ്ഞ ചട്ടിയിൽ മണൽ,ചകിരി,പാറ/ചരൽ എന്നിവയുടെ മിശ്രിതം നിറച്ച് അതിൽ നടുക. വർഷത്തിൽലൊരിക്കലെങ്കിലും ഈ മിശ്രിതം മാറ്റുക. മറ്റു ചെടികൾക്ക് നൽകുന്നതിലും കുറച്ച് വെള്ളം ഒഴിച്ചാൽ മതിയാകും. ചട്ടിക്ക് ആവശ്യത്തിനു ദ്വാരങ്ങൾ ഇട്ടില്ലെങ്കിൽ വേരു ചീഞ്ഞുപോകുവാൻ സാധ്യതയുണ്ട്. ഇന്റോർ ചെടികളാണെങ്കിൽ ഇടക്ക് പുറത്ത് വച്ച് സൂര്യപ്രകാസം കൊള്ളിക്കുന്നത് നല്ലതാണ്.അതുപോലെ സൂര്യപ്രകാശം ഏതെങ്കിലും വശത്തുനിന്നും ലഭിക്കുന്ന ഇടത്താണ് ചെടിവച്ചിരിക്കുന്നതെങ്കിൽ അതിന്റെ വളർച്ച ആ ദിശയിലേക്ക് പോകുന്നത് ശ്രദ്ധിക്കണം.
ചെടി നട്ട് അത് വളരുവാൻ തുടങ്ങിയാൽ അതിന്റെ കൊമ്പുകൾ സമയാ സമയങ്ങൾ പ്രൂൺ ചെയ്യേണ്ടതുണ്ട്.അതുപോലെ കൊമ്പുകളുടെ ആക്രിതി നിയന്ത്രിക്കുവാൻ ചെമ്പ് കമ്പിയോ അലുമിനിയം കമ്പിയോ ഉപയോഗിച്ച് മുൻ നിശ്ചയിച്ച രീതിയിൽ കൊണ്ടുവരാം. തടിയിൽ കമ്പി ചുറ്റുന്നത് പഴമ തോന്നിപ്പിക്കുവാൻ ഉപകരിക്കും, പക്ഷെ അത് മരത്തിന്റെ തടിയിൽ പൂണ്ടുപോകാതെ ശ്രദ്ധിക്കണം.പേരാൽ പോലെ തടിയിൽ നിന്നും വേരു തഴേക്ക് വളരുന്നവയെ പ്രത്യേകം ശ്രദ്ധിക്കണം. റോക്കിനു മുകളിൽ വേരുകൾ പടരുന്ന രീതിയിൽ ബോൺസായ് ചെയ്യുവാൻ ഉദ്ദേശിക്കുന്നു എങ്കിൽ ആദ്യം പാറയുടെ മേലെ ചെടിവച്ച് ചുറ്റും മണ്ണും മറ്റു മിശ്രിതങ്ങളും നിറക്കുക. തുടർന്ന് വേരുകൾ വളർന്ന് ഇറങ്ങുമ്പോൾ ഈ ഭാഗത്തെ മണലും മറ്റു മിശ്രിതങ്ങളും മാറ്റിയാൽ മതി.ഈ വേരുകളെയും മേല്പറഞ്ഞ രീതിയിൽ കമ്പികൊണ്ട് ചുറ്റി ആക്രിതിയും പഴമയും വരുത്താവുന്നതാണ്. ചട്ടികൾ വീടിനു പുറത്ത് മണൽ ഉള്ളയിടത്താണ് സൂക്ഷിക്കുന്നതെങ്കിൽ ബോൺസായി മരത്തിന്റെ വേരുകൾ ചട്ടിയിലെ ദ്വാരങ്ങൾ വഴി പുറത്തേക്ക് വളരുന്നത് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അത് മണ്ണിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്ത് തഴച്ചുവളരുവൻ ഉള്ള സാധ്യതയുണ്ട്.
ചൈനയിലും, ജപ്പാനിലും മറ്റും പാരമ്പര്യമായി അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യുന്നതും, വിവാഹ സമ്മാനമായി നൽകുന്നതുമെല്ലാം പ്രചാരത്തിൽ ഉണ്ടായിരുന്നത്രെ!
വാൽമൊഴി:സ്വാഭാവികമായ വളർച്ചമുരടിപ്പിച്ച് നിയന്ത്രണങ്ങളോടെ വളർത്തുന്ന ബോൺസായിയെ എതിർക്കുന്നവരും വ്രിക്ഷങ്ങളോടുള്ള ക്രൂരതയാണിതെന്ന് പറയുന്നവരുമായ പ്രക്രിതി സ്നേഹികൾ ഉണ്ട്.

