Tuesday, December 23, 2008

നിർമ്മാണ ട്രെന്റും സാധാരണക്കാരും

മറ്റുപലതിലും എന്നപോലെ കേരളത്തിലും നിർമ്മാണരംഗത്ത്‌ ട്രെന്റുകളുടെ കാലമാണ്‌. വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി വീടുകൾ നിർമ്മിക്കപ്പെടുന്നു അവ അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ മലയാളികളുടെ അടുത്ത്‌ യഥേഷ്ടം എത്തുകയും ചെയ്യുന്നു.സാധാരണക്കാർ പോലും ഇത്തരം ദൃശ്യങ്ങളിൽ "വീണു"പോകുന്നു. തന്റെ വീട്‌ മറ്റുള്ളവരിൽ നിന്നും "വ്യത്യസ്ഥമാകണം" എന്ന് ആഗ്രഹിക്കുന്നവരാണ്‌ ഭൂരിഭാഗവും.മറ്റുള്ളവർക്ക് മുമ്പിൽ താൻ ഗരിമ കാണിക്കുവാൻ മലയാളിക്ക് എന്നും അത്യുത്സാഹമാണ് ഇതിനായി അവർ നല്ല തുക ചിലവിടുവാനും തയ്യാറാകുന്നു.

സാമ്പത്തീകമായി മുന്നിൽ നിൽക്കുന്നവരെ സമ്പന്തിച്ചേടത്തോളം "വിലകൂടിയ പരീക്ഷണങ്ങൾ" പലപ്പോഴും സാധ്യമാണ്‌. എന്നാൽ ലാളിത്യവും സൗകര്യവും ഉള്ള വീടുകൾ നിർമ്മിക്കുക എന്നതായിരിക്കണം സാധാരണക്കാരനെ സംമ്പന്തിച്ച്‌ വീടു നിർമ്മിക്കുമ്പോൾ കൂടുതൽ ഉചിതമാകുക.ട്രെന്റുകൾക്കനുസരിച്ച്‌ നിർമ്മിതികൾ പടുത്തുയർത്തുവാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അതാവശ്യപ്പെടുന്ന സങ്കേതിക മികവിനായും,പ്രത്യേക നിർമ്മാണസാമഗ്രികൾക്കായും കൂടുതൽ തുക മറ്റീവ്ക്കേണ്ടിവരുന്നു.മാത്രമല്ല നിർമ്മാണശേഷം മെയ്ന്റനൻസ്‌ ചിലവും കൂടിയേക്കാം.അലങ്കാരങ്ങൾ കുത്തിനിറച്ചും അനുയോജ്യമായമല്ലാത്ത നിറക്കൂട്ടുകൾ നൽകിയും വീടിനെ ശ്രദ്ദേയമാക്കാം എന്ന് കരുതുന്നത്‌ അബദ്ധമാണ്‌.ഇത്തരം കാര്യങ്ങൾ ഏതാനും അൽപായുസ്സാണെന്ന് തിരിചറിഞ്ഞു മിനിമലിസത്തിനു പ്രാധാന്യം നൽകുന്നതായിരിക്കും കൂടുതൽ നല്ലത്‌. ഒരു ഉദാഹരണം നോക്കുക. അടുത്തകാലത്ത് “ട്രേഡീഷണൽ ട്രെന്റിന്റെ“ ഭാഗമായി പലരും ചാരുപടി നമ്മുടെ പല വീടുകളുടേയും വരാന്തകളിൽ സ്ഥാനം പിടിച്ചു.പണ്ടുണ്ടായിരുന്നതിന്റെ വികൃതരൂപങ്ങൾ ഇന്ന് പെട്ടെന്ന്തന്നെ പലർക്കും അരോചകം ആയി തോന്നുവാൻ തുടങ്ങി. ചിലർ അതു പൊളിച്ചുമാറ്റാനും.നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾക്ക് ഇന്നും ഇത് അലങ്കാരമായി വർത്തിക്കുമ്പോൾ മൂന്നോ നാലോ വർഷം മുമ്പ് നിർമ്മിച്ചവക്ക് ഇത് അരോചകമായി മാറി.എന്തെന്നാൽ ഓരോ നിർമ്മിതിക്കും നൽകുന്ന അലങ്കാരങ്ങൾ അതാതിന്റെ “ഫോമിനു” അനുയോജ്യമായ വിധത്തിൽ അല്ലെങ്കിൽ അതിനു അല്പായുസ്സാണെന്ന് ഇതു വ്യക്തമാക്കുന്നു. ബേക്കർ വീടുകൾക്കും അവയുടെ വികൃതാനുകരണങ്ങൾക്കും ഇതു തന്നെ ആണ് പറയുവാൻ ഉള്ളത്. ബേക്കർ വീടുകൾ ചിലവു ചുരുക്കലിന്റെയും ഉപയോഗക്ഷമതയുടേയും മൂർത്തരൂപങ്ങളായപ്പോൾ “ചിലവേറിയ ചിലവുകുറഞ്ഞ വീടുകളായി” അതിന്റെ അനുകരണങ്ങൾ.

പ്ലാൻ എങ്ങെൻ വേണമെങ്കിലും ആയിക്കോട്ടെ എലിവേഷൻ നന്നായി ചെയ്യുക ആളുകൾ കണ്ടാൽ കൊള്ളാം എന്ന് പറയുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്‌. പുറം കാഴ്ചകൾ മോശമാക്കണം എന്നല്ല പറഞ്ഞുവരുന്നത്‌ എന്നാൽ പുറം ഭംഗിയേക്കാൾ പ്രാധാന്യം നൽകേണ്ടത്‌ അകത്തെ സൗകര്യങ്ങൾ ഒരുക്കുന്നതിലും വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്നതിലും ആണെന്നത്‌ മനസ്സിലാക്കുന്നതാകും കൂടുതൽ നന്നാകുക.കാരണം ലക്ഷങ്ങൾ മുടക്കി വീടുവെക്കുമ്പോൾ അതിനകത്ത്‌ താമസിക്കുന്നവരുടെ സൗകര്യത്തിനും സന്തോഷത്തിനും ആകണം പ്രാധാന്യം നൽകേണ്ടത്‌.

പെയ്ന്റിങ്ങിലും ഫ്ലോറിങ്ങിലും റ്റൊയ്ലറ്റ് ഫിറ്റിങ്ങ്സിലും അടുത്തകാലത്ത് വൻ മാറ്റം ആണ് ദൃശ്യമാകുന്നത്.പഴയകാലത്തെതിൽ നിന്നും വ്യത്യസ്ഥമായി ഇന്ന് ആളൂകൾ “ഡ്യൂറബിലിറ്റിക്ക്” പ്രാധാനം കൊടുക്കുന്നില്ല എന്നതാണ് വസ്തുത.ഇപ്പോളത്തെ ഒരു ട്രെന്റിനനുസരിച്ച് പെയ്ന്റും,ടൈലും മറ്റും സെലക്ട് ചെയ്യുന്നു.എന്നാൽ ഈ സ്പെഷ്യൽ കളറുകൾ അല്പം കഴിയുമ്പോൾ സ്പെഷ്യൽ അല്ലാതാകും സ്വാഭാവികമായും ഇത് മാറ്റുവാൻ നിർബന്ധിതമാകും.ഇത് വിപണിയുടെ ഒരു തന്ത്രമാണ്.ഇതിനെ അതിജീവിക്കുവാൻ ലളിതമായ അലങ്കാരങ്ങളും നിറക്കൂട്ടുകളൂം സ്വീകരിക്കുക എന്നതായിരിക്കും ഉചിതമായ മാർഗ്ഗം.

നാട്ടുകാർ മുഴുവൻ "വീടുകൊള്ളാം" എന്ന് പുറമെ നിന്ന് നോക്കി അഭിപ്രായം പറയുമ്പോളൂം അസൗകര്യങ്ങളുടെ നിറകുടമായ ഒരു വീട്ടിൽ താമസിക്കുന്നതിൽ എന്ത്‌ അർത്ഥമാണുള്ളത്‌? വിലകൂടിയ ടെന്റുകൾക്ക്‌ പുറകെ പാഞ്ഞു സമയവും പണവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്നത്‌ മണ്ടത്തരം ആണ്‌.മറ്റുള്ളവരുടെ തൃപ്തിയും സന്തോഷവും അല്ല അവനവന്റെ ഇഷ്ടങ്ങളും സൗകര്യങ്ങളും പരിഗണിച്ച്‌ സ്വന്തം സാമ്പത്തീക സ്ഥിതിക്ക്‌ അനുസരിച്ച്‌ പുതിയ സങ്കേതങ്ങളിൽനിന്നും തനിക്ക്‌ അനുയോജ്യമായവയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ വീടു നിർമ്മിക്കുന്നതാണ്‌ ബുദ്ധി.

4 comments:

kaithamullu : കൈതമുള്ള് said...

“...തന്റെ വീട്‌ മറ്റുള്ളവരിൽ നിന്നും "വ്യത്യസ്ഥമാകണം" എന്ന് ആഗ്രഹിക്കുന്നവരാണ്‌ ഭൂരിഭാഗവും.മറ്റുള്ളവർക്ക് മുമ്പിൽ താൻ ഗരിമ കാണിക്കുവാൻ മലയാളിക്ക് എന്നും അത്യുത്സാഹമാണ് ...“

-പെട്ടുപോയി കുമാറേ,
ഇനിയെന്ത് ചെയ്യാനാ?
ബാക്കിയുള്ളവരെ ഉപദേശിക്കാം, അല്ലേ?

ഗീത് said...

ഈ ബ്ലോഗ് ആദ്യം കാണുകാ. എനിക്ക് ഇതിന്റെ സാങ്കേതികത്വം ഒന്നും അറിയില്ല. എങ്കിലും ഇഷ്ടപ്പെട്ടു.

നായ് കുട്ടികളെ കുറിച്ചുള്ള പോസ്റ്റുകളും വായിച്ചു.
കഥ വായിക്കാന്‍ അവിടെ വന്നതില്‍ നന്ദി, കുമാര്‍.

paarppidam said...

കൈതമുള്ളേട്ടോ ഈ പോസ്റ്റ് എന്റെ ശ്രീമതി കാണണ്ട.കക്ഷി നേരെ എതിർ ചേരിയാ..

ലോണെടുത്ത് “നാട്ടുകാഴ്ചക്കായി“ വീടുപണിത് പലരും പെട്ടുപോയതിന്റെ കഥകൾ കേട്ടുകൊണ്ടിരിക്കുന്നു.അതോണ്ടാ കാര്യമില്ലേലും ഈ ഒരു പോസ്റ്റ് ഇട്ടത്.സിനിമെൽ ക്കാണുന്നപോലെ കോണി വേണം.1300 സ്ക്വയർഫീറ്റു ഏരിയ മതി..പിന്നെ ടി.വിയിൽ കഴിഞ്ഞ് ആഴ്ച കാണിച്ച വീടില്ലേ അതേപോലെ ഫ്രന്റ്,കിച്ചൺ ഈ ബുക്കിലെ പോലെ.ബെഡ്രൂം ദാ‍ാ ആ ഫോട്ടോലെ പോലെ...പിന്നെ എനിക്ക് ലോൺ 5 ലക്ഷമേ കിട്ടൂ ട്ടൊ അതും കൂടെ നോക്കീട്ട് പ്ലാൻ ഉണ്ടാക്ക്യാൽ മറ്റ്tഇ.. വാസ്തു നോക്കണം കെട്ടൊ.മോൾടെ പഠിപ്പ് ഇപ്പോൾ അല്പം പുറകോട്ടാ.
(മോൾക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തിട്ട് വാസ്തുവിനെ കുറ്റം പറഞിട്ട് കാര്യം ഉണ്ടോ?)

എന്റെ കൈതമുള്ളേട്ടോ വട്ടം കറങ്ങിപ്പോകും അല്പം പൊതുജന നന്മ കാംഷിക്കുന്ന ആരും.

നന്ദി ഗീത്....സാങ്കേതികത്വം ഒന്നും ഇല്ല മാഷേ..സാധാരണക്കാരന്റെ വീടിനെ കുറിച്ച് ചിലതുപറയുവാൻ ഒരു സാധാരണക്കരന്റെ ബ്ലോഗ്ഗ്...

അലിഫ് /alif said...

‘കാശെത്ര ആയാലും വേണ്ടീല്ല, എനിക്കും ഒരു ചെലവ് കുറഞ്ഞ വീട് വേണം‘ എന്ന് ആവശ്യപ്പെടുന്നവരും ഉണ്ട് കുമാറേ. പുറം തേയ്ക്കാത്ത ചുമരുകളെങ്കിൽ അത് ചെലവ് കുറഞ്ഞ വീടാണെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു.ഞാനിപ്പോഴും വിശ്വസിക്കുന്നത് ചെലവ് നിയന്ത്രിച്ച വീടുകൾ എന്ന കൺസപ്റ്റിലാണ്..അവനവൻ‌റെ പോക്കറ്റിനു അനുസരിച്ച് ചെലവ് നിയന്ത്രിച്ച വീടുകൾ..!!

E-pathram

ePathram.com