Sunday, November 23, 2008

കോർറ്റ്‌യാഡിന്റെ ഡീറ്റെയിൽസ്‌.എന്റെ പല പ്ലാനുകളിലും കോർറ്റ്‌യാഡ്‌ കൊടുക്കാറുണ്ട്‌.കോർറ്റ്‌യാഡിന്റെ സുരക്ഷിതത്വത്തെ കുറിച്ച്‌ പലർക്കും ഇനിയും സംശയം ഉണ്ട്‌.എന്നാൽ കോർറ്റ്‌യാഡിന്റെ മുകളിൽ 10-12 സെന്റീമീറ്റർ ഇടവിട്ട്‌ ചെറിയ ബീമുകൾ നൽകിയാൽ ആളുകൾ അകത്തുകടക്കില്ല എന്ന് ഒന്നുരണ്ടിടത്ത്‌ ഞാൻ അത്‌ വിശദമാക്കുകയും 10-12 സെന്റീമീറ്റർ വീതിയുള്ള ചെയ്തിരുന്നു. ഒരു ചിത്രത്തിന്റെ സഹായം ഉണ്ടെങ്കിൽ കൂടുതൽ നന്നായിരിക്കും എന്ന് പല വായനക്കാരും അറിയിച്ചു. അതിനാൽ ഞാൻ ഇവിടെ ഒരു സെക്ഷൻ നൽകുന്നു. ഇത്‌ ഒരു സാധരണ മാതൃക മാത്രം ആണ്‌. വ്യത്യസ്ഥമായ ഡിസൈൻ ഇതിൽ കൊണ്ടുവരാവുന്നതാണ്‌. ശക്തമായ മഴയുള്ളപ്പോൾ കോർട്‌യാഡിനോട്‌ ചേർന്നുള്ള തുറന്ന ഇടങ്ങളിലേക്ക്‌ "ശീതൻ" ഉണ്ടാകില്ലേ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്‌. എന്നാൽ വല്ലപ്പോഴും മാത്രമേ ശക്തമായ ശീതൻ ഉണ്ടാകൂ.ആ സമയത്ത്‌ താൽകാലികമായി പ്ലാസ്റ്റിക്ക്‌ ഷീറ്റ്‌ കൊണ്ട്‌ "ശീതൻ" തടയാം. (ശീതൻ എന്ന വക്ക്‌ കാറ്റിൽ പറന്നുവരുന്ന വളരെ ചെറിയ മഴത്തുള്ളികൾ എന്നാണ്‌ അർത്ഥമാക്കുന്നത്‌. )
കോർട്‌യാഡ് വീടിന്റെ മധ്യഭാഗത്താണ് കൊടുക്കുന്നതെങ്കിൽ വെള്ളം പുറത്തേക്ക് ഒഴുകി പോകുവാൻ അടിയിലൂടെ പൈപ്പ് കൊടുക്കേണ്ടതാണ്.ഇതിൽ മണ്ണോ,ഇലകളും മറ്റും വീണോ വെള്ളം ഒഴുകിപോകുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റു തടസ്സങ്ങളോ വരാതിരിക്കുവാൻ വേണ്ട മുൻ‌കരുതൽ എടുക്കുന്നത് നന്നായിരിക്കും.സാധാരണ ഗതിയിൽ കോർട്യാഡിന്റെ അടിഭാഗം കോൺക്രീറ്റ് ഇടാതിരിക്കുന്നതാവും നന്നാവുക.കോർട്യാഡിന്റെ അടിഭാഗം മണലും ചെറിയ വെള്ളാരം കല്ലുകൾവിരിച്ച് ഭംഗിയാക്കാം.ആകർഷകമായ ചെടികൾ വച്ച് പ്രക്രിതിയേ അകത്തേക്ക് കൊണ്ടുവരികയുമാവാം.

3 comments:

അലിഫ് /alif said...

കുമാർ,വീണ്ടും ഞാനെത്തി..ഹ..ഹ.
കുറച്ച് കൂടി വിശദമാക്കാമായിരുന്നു എന്ന് തോന്നുന്നു. മിക്കയിടത്തും ആദ്യത്തെ ഒരു മോടിക്ക് മാത്രമേ ‘നടുമുറ്റം’ നടുമുറ്റമായി തന്നെ കാണാറുള്ളൂ, പിന്നെ കുട്ടികളുടെ സൈക്കിൾ, ഒടിഞ്ഞതും ഉപയോഗശൂന്യവുമാya ഫർണിച്ചർ ഒക്കെ ഇടാനുള്ള ഇടമായി പരിണമിക്കുകയാണ് പതിവ്.ഇതിനൊരു അല്പവ്യത്യാസം മുകൾഭാഗം തുറന്ന , മഴ അകത്ത് വരുന്നതരത്തിലുള്ള നടുമുറ്റങ്ങൾക്കാണ്. മഴ അകത്ത് വരാനായി ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെയോ ചെയ്യുമ്പോൾ, ഓരോ ബീമിന്റെയും അടിഭാഗം തേയ്ക്കുമ്പോൾ നന്നായി ‘വാട്ടർ കട്ടിംഗ്’ (തേയ്പ്പിന്റെ ഒരു ബോർഡർ) കൊടുക്കേണ്ടത് അത്യാവശ്യമാണ്;അല്ലെങ്കിൽ മഴവെള്ളം പടർന്ന് വൃത്തികേടാകും. ഞങ്ങൾ ഇതിനുപയോഗിക്കുന്നത് മറ്റൊരു മാർഗ്ഗമാണു. ഈ ഗ്യാപ്പുകളിൽ (കുത്തനെ)വെള്ള സിറാമിക് ടൈലുകൾ പതിപ്പിക്കും, താഴേക്ക് ഒരൽ‌പ്പം നീക്കി വെയ്ക്കുകയും ചെയ്യും- വാട്ടർ കട്ടിങ്ങുമായി, നല്ല വൃത്തിയായിരിക്കുകയും ചെയ്യും. പിന്നെ, വെള്ളം പുറത്തേക്ക് പോകാനായിട്ടിടുന്ന കുഴൽ കുറച്ച് വ്യാസം കൂടിയതാവുന്നതാണു നല്ലത്. അതിന്റെ ഇരുഭാഗവും (അകത്തും പുറത്തും) നെറ്റ് പിടിപ്പിക്കുന്നതു നല്ലതാണു; കൊതുകും മറ്റ് ഇഴ ജന്തുക്കളുമൊന്നും കയറാതിരിക്കും.(വെള്ളം അരിച്ചിറങ്ങാൻ വെയ്ക്കുന്നത് കൂടാതെ) വീട്ടിനകത്തെ കോർട്ട് യാർഡിൽ വെള്ളം താഴുന്നത്പോലെ ചെയ്യണമെന്നതിൽ വിയോജിപ്പുണ്ട്.പലപ്പോഴും വെള്ളം കെട്ടികിടക്കാൻ ഇടയാകുകയും (ഇത് പൈപ്പ് വഴി പുറത്തെത്തിച്ച് മണ്ണിൽ തന്നെ താഴ്ത്താമല്ലോ)ചെളിപിടിക്കാൻ കാരണമാകുകയും ചെയ്യുമെന്നാണ് അനുഭവം. പിന്നെ മണ്ണിര, ചിതൽ മുതലായവയും ഉണ്ടാകും.വീടിനോട് ചേർന്ന് അധികം ഈർപ്പം ഉണ്ടാകാതിരിക്കുകയാണു നല്ലത്.

‘നടുമുറ്റം’ വീടിന്റെ ശ്വാസകോശം പോലെയാണ്, ധാരാളം ശുദ്ധവായു സഞ്ചാരം വീട്ടിനുള്ളിൽ ഉണ്ടാകാൻ ഇത് സഹായിക്കുമെന്നതിൽ സംശയമില്ല; പക്ഷേ നല്ല ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ വെറുമൊരു കാഴ്ച വസ്തു മാത്രമാകുകയും ചെയ്യും.

paarppidam said...

ദീർഘനാളത്തെ ഇടവേളക്ക് ശേഷം താങ്കൾ തിരിച്ചെത്തിയതിൽ സന്തോഷം. താങ്കൾ പറഞ്ഞ നിർദ്ദേശങ്ങൾ വളരെ വിലയേറിയതാണ്.വിരോധമില്ലെങ്കിൽ ഞാൻ ഇറ്റ്tഇലെ കാര്യങ്ങൾ കൂടെ ഈ പോസ്റ്റിൽ ഉൾപ്പെടുത്താം.

പിന്നെ വെള്ളം അരിച്ചിറങ്ങുന്ന അവസ്ഥയിലും വെള്ളം പോകുവാൻ പുറത്തേക്ക് പൈപ്പ് നൽകണം എന്നുതന്നെ ആണ് എന്റെയും അഭിപ്രായം.

എനിക്ക് സത്യത്തിൽ നിറയെ ചുമരുകൾ കൊടുത്ത്“അടഞ്ഞ്” ഫീലിങ്ങുള്ള ഒരു വീടിനേക്കാളും നടുമുറ്റം ഒക്കെ ഉള്ള ഒരു വീടിനോടാണ് താല്പര്യം.സുരക്ഷാ ഭീഷണി പറഞ്ഞ് നടുമുറ്റത്തെ ഒരുപാടു പേർ വിമർശികുന്നത് പതിവായപ്പോൾ പെട്ടെന്ന് ഒരു പോസ്റ്റിട്ടു എന്നേ ഉള്ളൂ.സെക്ഷനിലെ കുറഞ്ഞ ഡീറ്റെയിത്സ് തന്നെ അതു വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നാട്ടിൽ എന്റെ ഓഫീസിൽ ഒരാൾ വന്നു. അദ്ദേഹത്തിനു വേണ്ടത് ഒരു “മോഡേൺ” വീടാണ്.സംസാരിച്ചുവന്നപ്പോൾ കക്ഷി പറഞ്ഞത് 1600 ചതുരശ്രയടിയിൽ ഒരു 8-9 ലക്ഷത്തിനു ആഡംബര വീടാണ്.ടി.വി. യിലെ വീടുസംബന്ധിയായ കണ്ടിട്ട് ഓടിവന്നതാകാം കക്ഷി എന്നാണ് ഓഫീസിന്റെ ചാർജ്ജുള്ള കക്ഷി പറഞ്ഞത്.പ്രാഥമികമായ സംസാരങ്ങൾ കഴിഞ്ഞപ്പോളേ കക്ഷി ഒരു നടക്ക് പോകില്ല എന്ന് മനസ്സിലായി.
അയ്യായിരം രൂപ പോലും കൺസൾട്ടിങ്ങ് ഫീ തരാൻ കക്ഷിതയ്യാറല്ല.
വരച്ച് ഇഷ്ടപ്പെട്ടാൽ ഫീസ് തരാം എന്നാണ് കക്ഷിയുടെ നിലപാട്.പക്ഷെ പണം കൊടുക്കാതെ ആരെങ്കിലും കൺസപ്റ്റ് ചെയ്യുമോ?

എന്തായാലും ചർച്ചകൾക്കൊടുവിൽ മനസ്സിലായത് “മോഡേൺ“ എന്ന് ഉദ്ദേശിക്കുന്നത് ഫാറ്റ് റൂഫും വ്യത്യസ്ഥമായ ലേവലുകളും ഒക്കെ ഉള്ള ഒരു വീടാണെന്നാണ്. ത്രിശൂരിലെ ആർക്കിടെക്റ്റ് ലിജോയുടെ മേൽ‌വിലാസം കൊടുക്കാൻ പറഞ്ഞു ഞാൻ.അദ്ദേഹത്തിന്റെ ഒരു കൺസപ്റ്റ് ആനെന്ന് തോന്നുന്നു ഈ ക്ലൈന്റിന്റെ മനസ്സിൽ.എങ്കിൽ പിന്നെ ആദ്ദേഹം തന്നെ ആയിരിക്കും
അല്ലാണ്ടെ നമ്മൾ എന്തുചെയ്യും?നിലാവൊഴുകുന്ന വീട് എന്ന പോസ്റ്റിനെ കുറിച്ച് അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.

ബാബു said...

‌കോര്‍ട്ട് യാഡ് ഉള്ള വീടുപണിയിലാണ് ഞാനും
പ്ലാസ്റ്ററിങ്ങ് സ്റ്റേജിലാണ് ഇപ്പോള്‍, മണ്ണു കൊണ്ടുള്ള പ്ലാസ്റ്ററി ങ്ങ് ഗുണകരമാണോ?
ഫ്ലോറിങ്ങ് parquet ചെയ്യുന്നതില്‍ കുഴപ്പ മുണ്ടോ?

E-pathram

ePathram.com