Thursday, November 27, 2008

ഗൃഹനിർമ്മാണവും സാമ്പത്തീക മാന്ദ്യവും

കമ്പോള വ്യവസ്ഥിതിയുടെ പരീക്ഷണ ശാലയാണിന്ന് കേരളം. വസ്ത്രമായാലും,പാർപ്പിടമായാലും,ഭക്ഷണമായാലും കമ്പോളത്തിന്റെ ശക്തമായ പുറംതോടിനെ ഭേധിച്ച് പുറത്തുകടക്കുവാൻ മലയാളിയുടെ മനസ്സിനു കഴിയുന്നില്ല. പാർപ്പിട നിർമ്മാണ രംഗം ഇന്ന് ട്രന്റുകളുടെ വിശാലാമായ മേച്ചിൽ പുറങ്ങൾ മലയാളിക്ക് മുമ്പിൽ തുറന്നിടുന്നു. അതിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ സാധിക്കാതെ ഈയ്യാം പാറ്റകളെ പോലെ മലയാളി കടമെന്ന അഗ്നിനാളത്തിലേക്ക് പറന്നടുത്ത് സ്വയം ഉരുകുന്നു. നാലോ അഞ്ചോ പേർ വരുന്ന ഒരു ശരാശരി മലയാളികുടുമ്പത്തിനു എന്തിനു ഇരുപതു ലക്ഷം രൂപക്ക് മുകളിൽ ചിലവിടണം? ആർഭാടത്തിന്റെ അവസാനവാക്കാവണം നഗരത്തിന്റെ നടുക്കാകണം സ്വന്തം വീടെന്ന് ചിന്തിച്ച് ഭീമമായ കടംവരുത്തിവെക്കുന്നവൻ സ്വയം അനർഥമാണ് വരുത്തിവെക്കുന്നത്.

ആഗോള സാമ്പത്തീക പ്രതിസന്ധി കേരളത്തേയും ബാധിക്കും എന്ന് കേരളത്തിന്റെ ധനമന്ത്രി സൂചിപ്പിച്ചുകഴിഞ്ഞു.പ്രവാസികളെ സംബന്ധിച്ച് ആഗോള സമ്പത്തീക പ്രതിസന്ധി ഇരുതല മൂർച്ചയുള്ള വാളാണ്.ഗൾഫുമേഘലയിൽ ഉണ്ടാകുന്ന പ്രതിസന്ധി അവന്റെ ബിസിനസ്സിനെ/ജോലിയെ സാരമായി ബാധിക്കും. എണ്ണയുടെ വില കുറയുകയും കൺഷ്ട്രക്ഷൻ,റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ തോതിൽ ഇടിവൂ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവാസി മലയാളിയുടെ അവസ്ഥ തീർത്തും ആശങ്കാജനകം ആണ്.ഈ ഒരു അവസ്ഥയിൽ ജോലി നഷ്ടപ്പെട്ടാൽ കേരളം പോലെ ഒരു നാട്ടിൽ ഇക്കൂട്ടർ എന്തു ചെയ്യും?
സ്വന്തം വീടിനായും അടുത്ത തലമുറക്ക് ഒരു നിക്ഷേപമെന്ന നിലയിലും പ്രവാസികൾ ഇന്ന് കേരളത്തിലെ നിർമ്മാണ മേഘലയിൽ ചിലവിടുന്നത് കോടികൾ ആണ്. (ഇതിൽ പലർക്കും തങ്ങളുടെ നിക്ഷേപത്തിന്റെ യദാർഥ മൂല്യവും തങ്ങൾ ചിലവിടുന്ന് തുകയും തമ്മിലുള്ള അന്തരം പോലും അറിയില്ല എന്നാണ് തോന്നുന്നത്) എന്നാൽ ഒരു സാമ്പത്തീക മാന്ത്യം വന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന വിലക്ക് ഒരു പക്ഷെ കൈവശം ഉള്ള പ്രോപ്പർടികൾ വിറ്റു പോകണം എന്നില്ല.അത്തരം സാഹചര്യത്തിൽ കയ്യിൽ/ബാ‍ങ്കിൽ ലിക്വിഡ് ക്യാഷ് ഇല്ലെങ്കിൽ ജീവിതം ദുസ്സഹമായിരിക്കും.

താമസിക്കാനാണെങ്കിൽ ലളിതമായ ആർഭാടങ്ങളില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കുന്നതാകും ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികൾക്ക് പ്രത്യേകിച്ച് ഇടത്തരക്കർക്ക് അഭികാമ്യം. ബേക്കർജിയെപ്പോലുള്ള മഹാന്മാർ ചിലവുകുറഞ്ഞ ഉത്തമമായ നിരവധി മാതൃകകൾ നമുക്ക് മുമ്പിൽ നിർമ്മിച്ചുവച്ചിട്ടാണ് പോയത്.അത്തരം മാതൃകകളെ പിന്തുടരുവാൻ ശ്രമിച്ചാൽ പാർപ്പിട നിർമ്മാണ രംഗത്തെ അനാവശ്യമായ ചിലവുകൾ നമുക്ക് ഒഴിവാക്കാം.പ്രകൃതിക്കും അതുതന്നെയാണ് നല്ലത്.

നല്ല ഒരു ഡിസൈനറൂടെ ഉപദേശപ്രകാരം മികച്ച പണിക്കാരെ തിരഞ്ഞെടുത്ത് കൃത്യമായ പ്ലാനിങ്ങോടെ മാത്രം വീടുനിർമ്മിക്കുവാൻ ആരംഭിക്കുക.മറ്റുള്ളവർ അല്ല നിങ്ങൾ പണിയുന്ന വീട്ടിൽ താമസിക്കുന്നത് അതുകൊണ്ടുതന്നെ അന്യന്റെ “സൌകര്യങ്ങൾ”ക്കല്ല നിങ്ങളുടെ ആവശ്യങ്ങൾക്കും സാമ്പത്തീക സ്ഥിതിക്കും ആയിരിക്കണം പ്രാധാന്യം നൽകേണ്ടത്.
വീടു നിർമ്മാണത്തിൽ ഇന്നു മരം,ഫ്ലോറിങ്ങ്,ഇൽക്ട്രിക്കൽ എന്നിവക്കായി ചിലവിടുന്നത്.തെക്കുതന്നെ വേണം എന്ന നിർബന്ധം ഒഴിവാക്കുക.പൊളിക്കുന്ന പഴയ കെട്ടിടങ്ങളുടെ ഉരുപ്പടികാളിൽ നിന്നും പരമാവധി പ്രയോജനപ്പെടുത്തുക. ഫ്ലോറിങ്ങിനു ചിലവുകുറഞ്ഞ ടൈൽ തിരഞ്ഞെടുക്കാം.തൽക്കാലം ടൈലിനു പകരം നല്ല “കരി” (ഓക്സൈഡ്) ഇട്ട് ഫിനിഷ് ചെയ്താലും കുഴപ്പം ഒന്നും സംഭവിക്കീല്ല.ആവശ്യത്തിനുമാത്രം “ ഇലക്ടിക്ക് പോയന്റുകൾ”നൽകുക. ചുമരിൽ പുട്ടിയിട്ട് മിനുക്കിയില്ലേലും കുഴപ്പം ഇല്ലെന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുക.

മനസ്സമാധാനത്തോടെ സ്വന്തം വീട്ടിൽ കഴിയൂവാൻ പരമാവധി കടബാധ്യതകൾ ഒഴിവാക്കുക തന്നെ ആയിരിക്കും ഏറ്റവും ഉചിതമായ നടപടി.സാമ്പത്തീക മാന്ത്യം ഒക്കെ മാറി നിക്ഷേപങ്ങൾക്ക് അവസരം വരും അതിനായി ഇന്ന് കടം വാങ്ങി എന്തിനു സ്വസ്ഥത കളയണം?

പിന്മൊഴി: ചായകുടിക്കുവാൻ ചായലത്തോട്ടം വാങ്ങണോന്ന് പണ്ടുള്ളവർ ചോദിക്കാറുണ്ട് അതു തന്നെ ആണെന്നിക്കും ചോദിക്കാനുള്ളത് വല്ലപ്പോളും “ചന്ദ്രനിൽ പോകണം“ എന്ന് കരുതി എല്ലാ സൌകര്യങ്ങളും ഉള്ള താമസം സുലഭമാണെങ്കിൽ പിന്നെ അവിടെ വീടു നിർമ്മിക്കണോ/വാങ്ങണോ?
ഇത് ആരെയെങ്കിലും ഭയപ്പെടുത്തുവാനോ അല്ലെങ്കിൽ ആരെയെങ്കിലും ഇകഴ്ത്തിക്കാണിക്കുവാനോ എഴുതിയ കുറിപ്പല്ല.പ്രവാസികളുടെ നന്മക്ക്വേണ്ടിമാത്രം.

Sunday, November 23, 2008

കോർറ്റ്‌യാഡിന്റെ ഡീറ്റെയിൽസ്‌.എന്റെ പല പ്ലാനുകളിലും കോർറ്റ്‌യാഡ്‌ കൊടുക്കാറുണ്ട്‌.കോർറ്റ്‌യാഡിന്റെ സുരക്ഷിതത്വത്തെ കുറിച്ച്‌ പലർക്കും ഇനിയും സംശയം ഉണ്ട്‌.എന്നാൽ കോർറ്റ്‌യാഡിന്റെ മുകളിൽ 10-12 സെന്റീമീറ്റർ ഇടവിട്ട്‌ ചെറിയ ബീമുകൾ നൽകിയാൽ ആളുകൾ അകത്തുകടക്കില്ല എന്ന് ഒന്നുരണ്ടിടത്ത്‌ ഞാൻ അത്‌ വിശദമാക്കുകയും 10-12 സെന്റീമീറ്റർ വീതിയുള്ള ചെയ്തിരുന്നു. ഒരു ചിത്രത്തിന്റെ സഹായം ഉണ്ടെങ്കിൽ കൂടുതൽ നന്നായിരിക്കും എന്ന് പല വായനക്കാരും അറിയിച്ചു. അതിനാൽ ഞാൻ ഇവിടെ ഒരു സെക്ഷൻ നൽകുന്നു. ഇത്‌ ഒരു സാധരണ മാതൃക മാത്രം ആണ്‌. വ്യത്യസ്ഥമായ ഡിസൈൻ ഇതിൽ കൊണ്ടുവരാവുന്നതാണ്‌. ശക്തമായ മഴയുള്ളപ്പോൾ കോർട്‌യാഡിനോട്‌ ചേർന്നുള്ള തുറന്ന ഇടങ്ങളിലേക്ക്‌ "ശീതൻ" ഉണ്ടാകില്ലേ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്‌. എന്നാൽ വല്ലപ്പോഴും മാത്രമേ ശക്തമായ ശീതൻ ഉണ്ടാകൂ.ആ സമയത്ത്‌ താൽകാലികമായി പ്ലാസ്റ്റിക്ക്‌ ഷീറ്റ്‌ കൊണ്ട്‌ "ശീതൻ" തടയാം. (ശീതൻ എന്ന വക്ക്‌ കാറ്റിൽ പറന്നുവരുന്ന വളരെ ചെറിയ മഴത്തുള്ളികൾ എന്നാണ്‌ അർത്ഥമാക്കുന്നത്‌. )
കോർട്‌യാഡ് വീടിന്റെ മധ്യഭാഗത്താണ് കൊടുക്കുന്നതെങ്കിൽ വെള്ളം പുറത്തേക്ക് ഒഴുകി പോകുവാൻ അടിയിലൂടെ പൈപ്പ് കൊടുക്കേണ്ടതാണ്.ഇതിൽ മണ്ണോ,ഇലകളും മറ്റും വീണോ വെള്ളം ഒഴുകിപോകുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റു തടസ്സങ്ങളോ വരാതിരിക്കുവാൻ വേണ്ട മുൻ‌കരുതൽ എടുക്കുന്നത് നന്നായിരിക്കും.സാധാരണ ഗതിയിൽ കോർട്യാഡിന്റെ അടിഭാഗം കോൺക്രീറ്റ് ഇടാതിരിക്കുന്നതാവും നന്നാവുക.കോർട്യാഡിന്റെ അടിഭാഗം മണലും ചെറിയ വെള്ളാരം കല്ലുകൾവിരിച്ച് ഭംഗിയാക്കാം.ആകർഷകമായ ചെടികൾ വച്ച് പ്രക്രിതിയേ അകത്തേക്ക് കൊണ്ടുവരികയുമാവാം.

E-pathram

ePathram.com