Saturday, March 01, 2008

പാര്‍പ്പിടത്തിന്റെ ഡിസൈനിങ്ങില്‍ വില്ലാപ്രോജക്ട്‌.കേരളത്തിലെ വില്ലാപ്രോജക്ടുകള്‍ ഇന്ന് റെഡിറ്റു ലിവ്‌ എന്ന സങ്കല്‍പ്പത്തിലേക്ക്‌ മാറിയിരിക്കുകയാണല്ലോ.കട്ടിലും മേശയും കബോഡും കിച്ചണ്‍ കാമ്പിനറ്റും ഡൈനിങ്ങ്‌ ടേബിളും തുടങ്ങി ലിവിങ്ങ്‌ റൂമിലെ ഇരിപ്പിടം വരെ തയ്യാറാക്കിയതിനു ശേഷമേ ഈ വീട്‌ വില്‍ക്കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ താമസക്കാര്‍ വന്ന് പാലുകാച്ചുകയേവേണ്ടൂ എന്ന് വേണമെങ്കില്‍ പറയാവുന്ന അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു ഈ രംഗത്തെ വളര്‍ച്ച.പ്രവാസികളും കേരളത്തില്‍ ഉള്ള ചിലരും ചേര്‍ന്ന് ഇത്തരത്തില്‍ ഉള്ള ഒരു പ്രൊകടിനെ കുറിച്ച്‌ സംസാരിക്കുകയും ഈ ആശയവുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവര്‍ക്കായി പാര്‍പ്പിടം ചില ഡിസൈനുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌.ഈ പ്രൊജക്ടിലെ ഓരോ വീടും വ്യത്യസ്ഥം ആകണം എന്നാണ്‌ എന്റെ ആഗ്രഹം എങ്കിലും നിര്‍മ്മാണത്തിന്റെ സൗകര്യത്തിനും മറ്റുമായി മൂന്നോ നാലോ ടൈപ്പ്‌ വില്ലകള്‍ ആയിരിക്കും ഇതില്‍ ഉണ്ടാകുക. ഓടുപതിച്ച്‌ ചരിച്ചുവാര്‍ക്കുന്ന റൂഫ്‌ എന്ന ആശയത്തോട്‌ വ്യക്തിപരമായി വിയോജിപ്പുണ്ടെങ്കിലും ഒരു കൊമേഴ്സ്യല്‍ പ്രോജക്ടെന്ന നിലയില്‍ ക്ലൈന്റിനു എത്രയും കൂടുതല്‍ വിപണന മൂല്യം ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ഇതിലെ ഓരോ വീടും ചെയ്യുന്നത്‌.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അനൗണ്‍സ്‌ ചെയ്യുന്ന വില്ലാ പ്രോജക്ടുകളില്‍ ഭൂരിപക്ഷവും ഓടുപതിച്ച മേല്‍ക്കൂരയോടുകൂടിയവയാണ്‌. ഇതിന്റെ ഒരു കാരണം ചരിച്ചുവാര്‍ത്താല്‍ ചോരുകയില്ല എന്ന് സാധാരണക്കാരിലും ഇടത്തരക്കാരിലും ഉള്ള തെറ്റിദ്ധാരണയും മറ്റൊന്ന് ബ്രോഷറില്‍ പ്രിന്റുചെയ്യുമ്പോഴും നേരില്‍ കാണുമ്പോഴും ഓടുവച്ച ഭാഗത്തിനു ബ്രിക്ക്‌ റെഡ്‌/ഓറഞ്ച്‌ നിറം കൊടുത്താല്‍ ഒറ്റനോട്ടത്തില്‍ കിട്ടുന്ന ആകര്‍ഷകത്വവും ആണ്‌.ഇവിടെ കൊടുത്തിരിക്കുന്ന വില്ലയുടെ ഗ്രൗണ്ട്‌ ഫ്ലോറിന്‌ 1258 ചതുരശ്രയടി വിസ്തീര്‍ണ്ണമാണുള്ളത്‌.കൂടാതെ ഫസ്റ്റ്‌ ഫ്ലോറില്‍ ബാല്‍ക്കണിയടക്കം 510 ചതുരശ്രയടിയും.ഈ വീടിന്റെ ഒരു പ്രത്യേകത കിഴക്കോട്ടും തെക്കോട്ടും "എലിവേഷന്‍" ഉണ്ടെന്നതാണ്‌.(സാങ്കേതികമായി പറയുമ്പോള്‍ എല്ലാവശത്തേക്കും എലിവേഷന്‍ ഉണ്ട്‌ എന്നാല്‍ ആളുകള്‍ പെട്ടെന്നുകാണുന്ന ഭാഗം എന്നാണ്‌ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്‌)ചാരുപടിയോടുകൂടിയ സിറ്റൗട്ടും അടുക്കളയിലേക്ക്‌ പോര്‍ച്ചില്‍നിന്നും എളുപ്പത്തില്‍ കടക്കാം എന്നതും മറ്റൊരു പ്രത്യേകതയാണെന്ന് പറയാം.പൂര്‍ണ്ണമായും സ്വകാര്യത ഉറപ്പുവര്‍ത്തിക്കൊണ്ടാണ്‌ ബെഡ്രൂമുകള്‍ ഒരുക്കിയിരിക്കുന്നത്‌.ഇനിയും വേണമെങ്കില്‍ ഒന്നോ രണ്ടോ ബെഡ്രൂമുകള്‍ മുകളില്‍ കൂട്ടിച്ചേര്‍ക്കുകയും ആകാം.മൊത്ത 1768 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വില്ലക്ക്‌ ഏകദേശം പതിനാല്‌ ലക്ഷം രൂപയാണ്‌ നിര്‍മ്മാണചിലവു ഉദ്ദേശിക്കുന്നത്‌.(സാധാരണക്കാര്‍ വീടുനിര്‍മ്മിക്കുമ്പോള്‍ ഏകദേശം അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഈ വീടിന്റെ നിര്‍മ്മാണത്തിനു അധികം ചിലവിടേണ്ടിവരും) ഇന്റീരിയറിന്‌ ഒന്നര ലക്ഷം രൂപയും. സെന്റിന്‌ ഇന്നത്തെ നിലവാരമനുസരിച്ച്‌ ഒരുലക്ഷം രൂപവിലയുള്ള ആറുസെന്റ്‌ സ്ഥലത്ത്‌ പണിപൂര്‍ത്തിയാക്കി വില്‍പനക്ക്‌ തയ്യാറാകുമ്പോള്‍ ഈ വീടിന്റെവില ഇരുപത്തിനാലുമുതല്‍ ഇരുപത്തി ഏഴുലക്ഷം രൂപവരെ ആയേക്കാം.വ്യക്തിപരമായ കാരണങ്ങളാല്‍ ഈ പ്രോജക്ട്‌ എവിടെ വരുന്നു എന്നുള്ളത്‌ തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല.


പാര്‍പ്പിടത്തെ ഇതുവരെ പ്ലാനുകള്‍ വില്‍ക്കുവാനുള്ള ഒരു ഉപാധിയായി മാറ്റിയിട്ടില്ല. നല്ലവരായ പല വായനക്കാരും പ്ലാനുകള്‍ അയച്ചുതരുവാന്‍ എഴുതാറുണ്ട്‌ പറ്റുന്ന രീതിയില്‍ ചെയ്തുകൊടുക്കാറുമുണ്ട്‌.സമയക്കുറവുകൊണ്ട്‌ പലപ്പോഴും മറുപടി വൈകുക പതിവായിരിക്കുന്നു ദയവായി ക്ഷമിക്കുക..

4 comments:

Anonymous said...

hai. oru puthiya poostunde

ഹാരിസ് said...

തുടരൂ

കണ്ണൂരാന്‍ - KANNURAN said...

പാര്‍പ്പിടത്തെകണ്ടിട്ടു കുറെ കാലമായല്ലൊ, പുതിയ പുതിയ പ്ലാനുകള്‍ വരട്ടെ. ഒരെണ്ണം ഇവിടുന്ന് പൊക്കിയതിന്റെ മെയിന്‍ സ്ലാബ് പണി കഴിഞ്ഞാഴ്ച തീര്‍ന്നു!! ആ ടെമ്പ്ലേറ്റിലെ ചിത്രത്തിന്റെ സൈസ് ചെറുതാക്കൂ, അപ്പോള്‍ കാണാന്‍ ഭംഗിയുണ്ടാകും, ഇപ്പോളത്ര സുഖമില്ല കാണാന്‍.

Inji Pennu said...

ചെരിച്ച് വാര്‍ക്കുന്നതിനോട് എന്താണെതിര്‍പ്പ്?

E-pathram

ePathram.com