
ചെറിയ വീടുകള്‍ അല്ലെങ്കില്‍ ചെറിയ സ്ഥലത്തെ വീടുകള്‍ ഇന്ന് ധാരാളമായി നിര്‍മ്മിക്കപ്പെടുന്നു.വലിയ വീടുകള്‍ കണ്ട് ബാങ്കില്‍ നിന്നും ലോണെടുത്ത് അത്തരം വീടുകള്‍ നിര്‍മ്മിക്കാന്‍ മുതിരുന്ന ഇടത്തരക്കാര്‍ ഒത്തിരി ഉണ്ടെങ്കിലും പ്രായോഗികമായി ചിന്തിക്കുന്നവരുടെ എണ്ണം ഒരു ഭാഗത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് സത്യം. നിര്‍മ്മാണവസ്തുക്കളുടെ വില വര്‍ദ്ധിച്ചതും ഭൂമിയുടെ ലഭ്യതക്കുറവും ചെറിയ വീടുകള്‍ നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമാണ്.ടിവി സ്ക്രീനില്‍ തെളിയുന്ന പാര്‍പ്പിട വിസ്മയങ്ങള്‍ക്ക് പുറകെ പായാതെ അവനവന്റെ ആവശ്യങ്ങളെ മനസ്സിലാക്കി അനാവശ്യമായ സാമ്പത്തിക ബാധ്യത തലയില്‍ ഏറ്റാതെ വീടുവെക്കുക എന്നതാണ് ബുദ്ധി.
റെജില്‍ എന്ന സുഹൃത്തിനു വേണ്ടി നിര്‍മ്മിക്കുന്ന വീടിന്റെ പ്ലാനാണിത്.വീതികുറഞ്ഞ ഒരു പ്ലോട്ടാണിത്. 1062 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട് ഇതിന്റെ ഗ്രൗണ്ട് ഫ്ലോറിന്.കാര്‍പോര്‍ച്ച് തല്‍ക്കാലം ഒഴിവാക്കിയിരിക്കുന്നു. ആവശ്യമെങ്കില്‍ ട്രസ്സ് ഉപയോഗിച്ച് മതിലിനോടുചേര്‍ന്ന് നിര്‍മ്മിക്കാം എന്നതാണ് കക്ഷിയുടെ അഭിപ്രായം.സ്റ്റോര്‍ റൂം ഒഴിവാക്കി കിച്ചണില്‍ സാധനങ്ങള്‍ സ്റ്റോറുചെയ്യുവാന്‍ ഒരു ചെറിയ ഏരിയ ഉണ്ടാക്കിയിരിക്കുന്നു.ഇന്നത്തെ വീടുകളില്‍ സ്റ്റോര്‍ റൂം എന്നത് അത്യാവശ്യമില്ലാത്ത ഒരു ഘടകമാണ്.(ചിലര്‍ക്കിപ്പോഴും അത് ടോയലറ്റുപോലെ ഒരു നിര്‍ബന്ധഘടകം ആണെന്നത് സമ്മതിക്കുന്നു).
പ്ലോട്ടിന്റെ ചില പ്രത്യേകതകള്‍ കണക്കിലെടുത്ത് (വീട്ടിലേക്കുള്ള വഴി അടുത്തവീടിന്റെ സ്ഥാനം) കിച്ചണ്‍ വടക്ക് പടിഞ്ഞാറുഭാഗത്താണ് കൊടുത്തിരിക്കുന്നത്.വര്‍ക്ക് ഏരിയായില്‍ പുകയുള്ള അടുപ്പും അതിന്റെ ചിമ്മിനിയും ക്രമീകരിച്ചിരിക്കുന്നു.മാസ്റ്റര്‍ ബെഡ്രൂമില്‍ ഒരു ബില്‍റ്റിന്‍ കബോഡ് കൊടുത്തിരിക്കുന്നു. കബോഡിനും വാതിലിനും ഇടയില്‍ ഒരു 15 സെന്റീമീറ്റര്‍ ഗ്യാപ് കൊടുക്കണം. ഇല്ലെങ്കില്‍ വാതിലുകള്‍ പരസ്പരം കൂട്ടിമുട്ടുവാനുള്ള സാധ്യതയുണ്ട്.വര്‍ഡ് റോബിന്റെ ഒരു ഭാഗത്തെ ബെഡ്രൂമിന്റെ വാതില്‍ തുറന്നിടുമ്പോള്‍ മറക്കുന്നുണ്ട്.ഈ ഭാഗത്ത് അത്യാവശ്യം ഇല്ലാത്ത വസ്ത്രങ്ങള്‍ വെക്കുന്നതാണ് സൗകര്യം.ഡൈനിങ്ങ് ഏരിയായില്‍ വാഷ്ബേസിന്‍ കൊടുത്തിരിക്കുന്നു.
സ്റ്റെയര്‍ കേസിന്റെ അടിഭാഗം പതിനഞ്ചുസെന്റീമീറ്റര്‍ താഴ്ത്തിയാണ് ഫ്ലോര്‍ ചെയ്യുന്നത്. ഇവിടെ തയ്യല്‍മെഷീനും ഇസ്തിരിയിടുവാനും ഉള്ള സൗകര്യവും ഒരുക്കാം.കയറിവരുമ്പോള്‍ സ്റ്റെയര്‍കേസ് കാണുമെന്ന് വാസ്തുവിദഗ്ദനും ചില സുഹൃത്തുക്കളും പറയുകയുണ്ടായി. ലിവിങ്ങില്‍ നിന്നും ഉള്ള ആര്‍ച്ചിനു പുറകിലായി ഒരു കര്‍ട്ടന്‍ സ്ഥാപിച്ച് ആ വിഷയം ഒഴിവാക്കാം.സ്റ്റെയര്‍ റൂമിന്റെ പൊക്കം 270 സെന്റീമീറ്റര്‍ ആണ്.മുകളില്‍ മുറികള്‍ എടുക്കുന്ന സമയത്ത് ഇതിനു മുകളിലേക്ക് 30 സെന്റീമീറ്റര്‍ ഉയരത്തില്‍ ബ്രിക്ക് കെട്ടി അതിനു മുകളില്‍ റൂഫ് വാര്‍ക്കാം. നിലവിലുള്ള കോണ്‍ക്രീറ്റ് കുത്തിപ്പൊളിച്ച് അതിനോട് ജോയന്റ് ചെയ്തു വാര്‍ക്കുന്നത് ചോര്‍ച്ചക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

0 comments:
Post a Comment