Thursday, March 27, 2008

മൂന്നുസെന്റില്‍ ഒരു വീട്‌.


മൂന്നുസെന്റ്‌ സ്ഥലത്ത്‌ സൗകര്യങ്ങളോടുകൂടിയ ഒരു വീട്‌ നിര്‍മ്മിക്കുക എന്നത്‌ പണ്ട്‌ ആലോചിക്കുവാന്‍ പോലും കഴിയില്ലായിരുന്നു.അന്ന് ധാരാളം ഭൂമി ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ഭൂമി വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ "പൊന്നിന്‍" വിലകൊടുത്ത്‌ ഭൂമി വാങ്ങി വീടുവെക്കുക ശരാശരിമലയാളിയെ സംബന്ധിച്ച്‌ വളരെയധികം ബുദ്ധിമുട്ടുള്ളകാര്യമാണ്‌.എന്റെ ഒരു സുഹൃത്തിനുവേണ്ടി തയ്യാറാക്കിയപ്ലാനാണിത്‌.
താഴെ ഒരു അറ്റാച്ച്ഡ്‌ കിടപ്പുമുറിയും ഡൈനിങ്ങും കിച്ചണും ചെറിയ പോര്‍ച്ചുമ്മെല്ലാമുള്‍പ്പെടെ 871 ചതുരശ്രയടി ഏരിയായാണുവരുന്നത്‌.കിച്ചണില്‍ അത്യാവശ്യം സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഡോറിനു പുറകിലായി ചെറിയ ഒരു സ്റ്റോറേജ്‌ ഏരിയ കൊടുത്തിരിക്കുന്നു.ജോലിക്കിടെ ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുവാന്‍ അവിടെ ഒരു ചെറിയ സീറ്റിങ്ങ്‌ അറേഞ്ച്മെന്റും നല്‍കാം. ഇതിനടിയില്‍ സ്റ്റോറേജ്‌ ഏരിയായും ഉണ്ടാക്കാം. വര്‍ക്ക്‌ ഏരിയായില്‍ ഒരു റ്റോയ്‌ലറ്റ്‌ ശരിക്കുപറഞ്ഞാല്‍ ഈ വീടിനെ സംബന്ധിച്ച്‌ അനാവശ്യമാണ്‌.എങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി അതു നല്‍കിയിരിക്കുന്നു.(മിക്കവീടുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴും വീട്ടില്‍ വല്ലപ്പോഴും വരുന്ന അദിഥികള്‍ക്ക്‌ അല്ലെങ്കില്‍ ജോലിക്കുവരുന്നവര്‍ക്ക്‌ ഒരു ടോയലറ്റ്‌ എന്ന് പറഞ്ഞ്‌ ഉള്‍പ്പെടുത്താറുണ്ട്‌. വ്യക്തിപരമായ അഭിപ്രായം അനുസരിച്ച്‌ ചെറിയവീടുകളില്‍ ഇതൊരു അനാവശ്യമാണെന്നേ ഞാന്‍ പറയൂ.)
സ്റ്റെയര്‍കേസിന്റെ അടിഭാഗത്ത്‌ ടി.വി വെക്കുവാന്‍ അനുയോജ്യമാണ്‌.മുകള്‍ നിലയിലേക്ക്‌ കയറുമ്പോള്‍ പന്ത്രണ്ടാമത്തെ സ്റ്റെപ്പില്‍ നിന്നും പോര്‍ച്ചിന്റെ മുകളിലേക്ക്‌ ഒരു ഡോര്‍ കൊടുത്തിരിക്കുന്നു.ഇതാണ്‌ ഈ വീടിന്റെ ബാല്‍ക്കണി.
മുകളില്‍ കുടുബാംഗങ്ങള്‍ക്ക്‌ ഒത്തുകൂടുവാനും സംഗീതമാസ്വദിക്കുവാനും മറ്റും ഒരു ഹാള്‍ കൊടുത്തിരിക്കുന്നു. അതില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നാല്‍ ടെറസ്സ്‌ ഗാര്‍ഡന്‍ ആയി.താഴെ സ്ഥലം ഇല്ലാത്തതിനാല്‍ ഇവിടെ ചെടികള്‍ ചട്ടികളിലാക്കി വെക്കാം. അടിഭാഗത്ത്‌ പ്ലാസ്റ്റിക്ക്‌ പാത്രങ്ങളോ മറ്റൊ വച്ച്‌ ചട്ടികളുടെ അടിഭാഗത്തുനിന്നും വെള്ളം ഇറങ്ങി ടെറസ്സില്‍ സദാ ഈര്‍പ്പം നിലനില്‍ക്കുന്നത്‌ തടയണം എന്ന് മാത്രം. വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളുവാന്‍ ഊഞ്ഞാലോ, ബില്‍റ്റിന്‍ ബഞ്ചോ മറ്റൊ കൊടുത്ത്‌ സൗകര്യം ഒരുക്കാവുന്നതാണ്‌.മുകളിലെ കിടപ്പുമുറികളില്‍ ഒന്ന് താഴത്തെ സിറ്റ്‌ ഓട്ട്‌ ഏരിയായുടെ മുകള്‍ഭാഗം കൂടെ ചേര്‍ത്ത്‌ വതുാക്കി എടുത്തിരിക്കുന്നു. മുകളിലെ രണ്ടു ബെഡ്രൂമുകള്‍ക്കും മധ്യെ ഉള്ള ടോയറ്റ്‌ കോമണ്‍ ആക്കിയാല്‍ മുകളിലെ ഒരു ടോയ്‌ലറ്റ്‌ ഒഴിവാക്കാം.ടോയ്‌ലറ്റിന്റെ എണ്ണം കുറയും മ്പോള്‍ നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം.താഴെയും മുകളിലും ആയി 871+68=1559 ചതുരശ്രയടി വിസ്തീര്‍ണ്ണമാണ്‌ ഈ വീടിനുള്ളത്‌.
NB: വാസ്തു അളവുകള്‍ അനുസരിച്ചല്ല ഈ വീടിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്‌.

Thursday, March 06, 2008

unnipengat
This is not for other bloggers.
ഏങ്ങണ്ടിയൂര്‍ എന്ന സ്ഥലത്ത്‌ മി.ഉണ്ണികൃഷ്ണന്റെ വീടിന്റെ പ്ലാനാണിത്‌. ഏരിയ കുറക്കുവാനും വാസ്തുവില്‍ അളവുകള്‍ നിര്‍ത്തുവാനും ചെയ്ത ചില അഡ്ജസ്റ്റുമെന്റുകള്‍ കൊണ്ട്‌ പ്ലാനില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്‌.

Saturday, March 01, 2008

പാര്‍പ്പിടത്തിന്റെ ഡിസൈനിങ്ങില്‍ വില്ലാപ്രോജക്ട്‌.കേരളത്തിലെ വില്ലാപ്രോജക്ടുകള്‍ ഇന്ന് റെഡിറ്റു ലിവ്‌ എന്ന സങ്കല്‍പ്പത്തിലേക്ക്‌ മാറിയിരിക്കുകയാണല്ലോ.കട്ടിലും മേശയും കബോഡും കിച്ചണ്‍ കാമ്പിനറ്റും ഡൈനിങ്ങ്‌ ടേബിളും തുടങ്ങി ലിവിങ്ങ്‌ റൂമിലെ ഇരിപ്പിടം വരെ തയ്യാറാക്കിയതിനു ശേഷമേ ഈ വീട്‌ വില്‍ക്കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ താമസക്കാര്‍ വന്ന് പാലുകാച്ചുകയേവേണ്ടൂ എന്ന് വേണമെങ്കില്‍ പറയാവുന്ന അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു ഈ രംഗത്തെ വളര്‍ച്ച.പ്രവാസികളും കേരളത്തില്‍ ഉള്ള ചിലരും ചേര്‍ന്ന് ഇത്തരത്തില്‍ ഉള്ള ഒരു പ്രൊകടിനെ കുറിച്ച്‌ സംസാരിക്കുകയും ഈ ആശയവുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവര്‍ക്കായി പാര്‍പ്പിടം ചില ഡിസൈനുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌.ഈ പ്രൊജക്ടിലെ ഓരോ വീടും വ്യത്യസ്ഥം ആകണം എന്നാണ്‌ എന്റെ ആഗ്രഹം എങ്കിലും നിര്‍മ്മാണത്തിന്റെ സൗകര്യത്തിനും മറ്റുമായി മൂന്നോ നാലോ ടൈപ്പ്‌ വില്ലകള്‍ ആയിരിക്കും ഇതില്‍ ഉണ്ടാകുക. ഓടുപതിച്ച്‌ ചരിച്ചുവാര്‍ക്കുന്ന റൂഫ്‌ എന്ന ആശയത്തോട്‌ വ്യക്തിപരമായി വിയോജിപ്പുണ്ടെങ്കിലും ഒരു കൊമേഴ്സ്യല്‍ പ്രോജക്ടെന്ന നിലയില്‍ ക്ലൈന്റിനു എത്രയും കൂടുതല്‍ വിപണന മൂല്യം ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ഇതിലെ ഓരോ വീടും ചെയ്യുന്നത്‌.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അനൗണ്‍സ്‌ ചെയ്യുന്ന വില്ലാ പ്രോജക്ടുകളില്‍ ഭൂരിപക്ഷവും ഓടുപതിച്ച മേല്‍ക്കൂരയോടുകൂടിയവയാണ്‌. ഇതിന്റെ ഒരു കാരണം ചരിച്ചുവാര്‍ത്താല്‍ ചോരുകയില്ല എന്ന് സാധാരണക്കാരിലും ഇടത്തരക്കാരിലും ഉള്ള തെറ്റിദ്ധാരണയും മറ്റൊന്ന് ബ്രോഷറില്‍ പ്രിന്റുചെയ്യുമ്പോഴും നേരില്‍ കാണുമ്പോഴും ഓടുവച്ച ഭാഗത്തിനു ബ്രിക്ക്‌ റെഡ്‌/ഓറഞ്ച്‌ നിറം കൊടുത്താല്‍ ഒറ്റനോട്ടത്തില്‍ കിട്ടുന്ന ആകര്‍ഷകത്വവും ആണ്‌.ഇവിടെ കൊടുത്തിരിക്കുന്ന വില്ലയുടെ ഗ്രൗണ്ട്‌ ഫ്ലോറിന്‌ 1258 ചതുരശ്രയടി വിസ്തീര്‍ണ്ണമാണുള്ളത്‌.കൂടാതെ ഫസ്റ്റ്‌ ഫ്ലോറില്‍ ബാല്‍ക്കണിയടക്കം 510 ചതുരശ്രയടിയും.ഈ വീടിന്റെ ഒരു പ്രത്യേകത കിഴക്കോട്ടും തെക്കോട്ടും "എലിവേഷന്‍" ഉണ്ടെന്നതാണ്‌.(സാങ്കേതികമായി പറയുമ്പോള്‍ എല്ലാവശത്തേക്കും എലിവേഷന്‍ ഉണ്ട്‌ എന്നാല്‍ ആളുകള്‍ പെട്ടെന്നുകാണുന്ന ഭാഗം എന്നാണ്‌ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്‌)ചാരുപടിയോടുകൂടിയ സിറ്റൗട്ടും അടുക്കളയിലേക്ക്‌ പോര്‍ച്ചില്‍നിന്നും എളുപ്പത്തില്‍ കടക്കാം എന്നതും മറ്റൊരു പ്രത്യേകതയാണെന്ന് പറയാം.പൂര്‍ണ്ണമായും സ്വകാര്യത ഉറപ്പുവര്‍ത്തിക്കൊണ്ടാണ്‌ ബെഡ്രൂമുകള്‍ ഒരുക്കിയിരിക്കുന്നത്‌.ഇനിയും വേണമെങ്കില്‍ ഒന്നോ രണ്ടോ ബെഡ്രൂമുകള്‍ മുകളില്‍ കൂട്ടിച്ചേര്‍ക്കുകയും ആകാം.മൊത്ത 1768 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വില്ലക്ക്‌ ഏകദേശം പതിനാല്‌ ലക്ഷം രൂപയാണ്‌ നിര്‍മ്മാണചിലവു ഉദ്ദേശിക്കുന്നത്‌.(സാധാരണക്കാര്‍ വീടുനിര്‍മ്മിക്കുമ്പോള്‍ ഏകദേശം അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഈ വീടിന്റെ നിര്‍മ്മാണത്തിനു അധികം ചിലവിടേണ്ടിവരും) ഇന്റീരിയറിന്‌ ഒന്നര ലക്ഷം രൂപയും. സെന്റിന്‌ ഇന്നത്തെ നിലവാരമനുസരിച്ച്‌ ഒരുലക്ഷം രൂപവിലയുള്ള ആറുസെന്റ്‌ സ്ഥലത്ത്‌ പണിപൂര്‍ത്തിയാക്കി വില്‍പനക്ക്‌ തയ്യാറാകുമ്പോള്‍ ഈ വീടിന്റെവില ഇരുപത്തിനാലുമുതല്‍ ഇരുപത്തി ഏഴുലക്ഷം രൂപവരെ ആയേക്കാം.വ്യക്തിപരമായ കാരണങ്ങളാല്‍ ഈ പ്രോജക്ട്‌ എവിടെ വരുന്നു എന്നുള്ളത്‌ തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല.


പാര്‍പ്പിടത്തെ ഇതുവരെ പ്ലാനുകള്‍ വില്‍ക്കുവാനുള്ള ഒരു ഉപാധിയായി മാറ്റിയിട്ടില്ല. നല്ലവരായ പല വായനക്കാരും പ്ലാനുകള്‍ അയച്ചുതരുവാന്‍ എഴുതാറുണ്ട്‌ പറ്റുന്ന രീതിയില്‍ ചെയ്തുകൊടുക്കാറുമുണ്ട്‌.സമയക്കുറവുകൊണ്ട്‌ പലപ്പോഴും മറുപടി വൈകുക പതിവായിരിക്കുന്നു ദയവായി ക്ഷമിക്കുക..

പ്ലാന്‍-25
ചെറിയ വീടുകള്‍ അല്ലെങ്കില്‍ ചെറിയ സ്ഥലത്തെ വീടുകള്‍ ഇന്ന് ധാരാളമായി നിര്‍മ്മിക്കപ്പെടുന്നു.വലിയ വീടുകള്‍ കണ്ട്‌ ബാങ്കില്‍ നിന്നും ലോണെടുത്ത്‌ അത്തരം വീടുകള്‍ നിര്‍മ്മിക്കാന്‍ മുതിരുന്ന ഇടത്തരക്കാര്‍ ഒത്തിരി ഉണ്ടെങ്കിലും പ്രായോഗികമായി ചിന്തിക്കുന്നവരുടെ എണ്ണം ഒരു ഭാഗത്ത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്‌ എന്നതാണ്‌ സത്യം. നിര്‍മ്മാണവസ്തുക്കളുടെ വില വര്‍ദ്ധിച്ചതും ഭൂമിയുടെ ലഭ്യതക്കുറവും ചെറിയ വീടുകള്‍ നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമാണ്‌.ടിവി സ്ക്രീനില്‍ തെളിയുന്ന പാര്‍പ്പിട വിസ്മയങ്ങള്‍ക്ക്‌ പുറകെ പായാതെ അവനവന്റെ ആവശ്യങ്ങളെ മനസ്സിലാക്കി അനാവശ്യമായ സാമ്പത്തിക ബാധ്യത തലയില്‍ ഏറ്റാതെ വീടുവെക്കുക എന്നതാണ്‌ ബുദ്ധി.


റെജില്‍ എന്ന സുഹൃത്തിനു വേണ്ടി നിര്‍മ്മിക്കുന്ന വീടിന്റെ പ്ലാനാണിത്‌.വീതികുറഞ്ഞ ഒരു പ്ലോട്ടാണിത്‌. 1062 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്‌ ഇതിന്റെ ഗ്രൗണ്ട്‌ ഫ്ലോറിന്‌.കാര്‍പോര്‍ച്ച്‌ തല്‍ക്കാലം ഒഴിവാക്കിയിരിക്കുന്നു. ആവശ്യമെങ്കില്‍ ട്രസ്സ്‌ ഉപയോഗിച്ച്‌ മതിലിനോടുചേര്‍ന്ന് നിര്‍മ്മിക്കാം എന്നതാണ്‌ കക്ഷിയുടെ അഭിപ്രായം.സ്റ്റോര്‍ റൂം ഒഴിവാക്കി കിച്ചണില്‍ സാധനങ്ങള്‍ സ്റ്റോറുചെയ്യുവാന്‍ ഒരു ചെറിയ ഏരിയ ഉണ്ടാക്കിയിരിക്കുന്നു.ഇന്നത്തെ വീടുകളില്‍ സ്റ്റോര്‍ റൂം എന്നത്‌ അത്യാവശ്യമില്ലാത്ത ഒരു ഘടകമാണ്‌.(ചിലര്‍ക്കിപ്പോഴും അത്‌ ടോയലറ്റുപോലെ ഒരു നിര്‍ബന്ധഘടകം ആണെന്നത്‌ സമ്മതിക്കുന്നു).


പ്ലോട്ടിന്റെ ചില പ്രത്യേകതകള്‍ കണക്കിലെടുത്ത്‌ (വീട്ടിലേക്കുള്ള വഴി അടുത്തവീടിന്റെ സ്ഥാനം) കിച്ചണ്‍ വടക്ക്‌ പടിഞ്ഞാറുഭാഗത്താണ്‌ കൊടുത്തിരിക്കുന്നത്‌.വര്‍ക്ക്‌ ഏരിയായില്‍ പുകയുള്ള അടുപ്പും അതിന്റെ ചിമ്മിനിയും ക്രമീകരിച്ചിരിക്കുന്നു.മാസ്റ്റര്‍ ബെഡ്രൂമില്‍ ഒരു ബില്‍റ്റിന്‍ കബോഡ്‌ കൊടുത്തിരിക്കുന്നു. കബോഡിനും വാതിലിനും ഇടയില്‍ ഒരു 15 സെന്റീമീറ്റര്‍ ഗ്യാപ്‌ കൊടുക്കണം. ഇല്ലെങ്കില്‍ വാതിലുകള്‍ പരസ്പരം കൂട്ടിമുട്ടുവാനുള്ള സാധ്യതയുണ്ട്‌.വര്‍ഡ്‌ റോബിന്റെ ഒരു ഭാഗത്തെ ബെഡ്രൂമിന്റെ വാതില്‍ തുറന്നിടുമ്പോള്‍ മറക്കുന്നുണ്ട്‌.ഈ ഭാഗത്ത്‌ അത്യാവശ്യം ഇല്ലാത്ത വസ്ത്രങ്ങള്‍ വെക്കുന്നതാണ്‌ സൗകര്യം.ഡൈനിങ്ങ്‌ ഏരിയായില്‍ വാഷ്ബേസിന്‍ കൊടുത്തിരിക്കുന്നു.


സ്റ്റെയര്‍ കേസിന്റെ അടിഭാഗം പതിനഞ്ചുസെന്റീമീറ്റര്‍ താഴ്ത്തിയാണ്‌ ഫ്ലോര്‍ ചെയ്യുന്നത്‌. ഇവിടെ തയ്യല്‍മെഷീനും ഇസ്തിരിയിടുവാനും ഉള്ള സൗകര്യവും ഒരുക്കാം.കയറിവരുമ്പോള്‍ സ്റ്റെയര്‍കേസ്‌ കാണുമെന്ന് വാസ്തുവിദഗ്ദനും ചില സുഹൃത്തുക്കളും പറയുകയുണ്ടായി. ലിവിങ്ങില്‍ നിന്നും ഉള്ള ആര്‍ച്ചിനു പുറകിലായി ഒരു കര്‍ട്ടന്‍ സ്ഥാപിച്ച്‌ ആ വിഷയം ഒഴിവാക്കാം.സ്റ്റെയര്‍ റൂമിന്റെ പൊക്കം 270 സെന്റീമീറ്റര്‍ ആണ്‌.മുകളില്‍ മുറികള്‍ എടുക്കുന്ന സമയത്ത്‌ ഇതിനു മുകളിലേക്ക്‌ 30 സെന്റീമീറ്റര്‍ ഉയരത്തില്‍ ബ്രിക്ക്‌ കെട്ടി അതിനു മുകളില്‍ റൂഫ്‌ വാര്‍ക്കാം. നിലവിലുള്ള കോണ്‍ക്രീറ്റ്‌ കുത്തിപ്പൊളിച്ച്‌ അതിനോട്‌ ജോയന്റ്‌ ചെയ്തു വാര്‍ക്കുന്നത്‌ ചോര്‍ച്ചക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌-13 ന്‌.

തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറുഭാഗം വലപ്പാടുമുതല്‍ ചേറ്റുവ വരെ അറിയപ്പെടുന്നത്‌ മണപ്പുറം എന്നാണ്‌. മണപ്പുറത്തെ ഏറ്റവും വലിയ ഉത്സവം ആയ ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌ 13 ന്‌ ആണ്‌.വാടാനപ്പള്ളിയില്‍ നിന്നും കഷ്ടിച്ച്‌ മൂന്നുകിലോമീറ്റര്‍ വടക്കുമാറി ഈസ്റ്റ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ചെറിയ ക്ഷേത്രത്തില്‍ ഉത്സവത്തിനു എത്തുന്നത്‌ ആയിരങ്ങളാണ്‌.ജില്ലയിലെ അറിയപ്പെടുന്ന മല്‍സരപ്പൂരമായ ആയിരംകണ്ണിയില്‍ നാല്‍പതിലധികമാനകള്‍പങ്കെടുക്കാറുണ്ടെങ്കിലും അധികൃതരുടെ കര്‍ശനനിര്‍ദ്ദേശത്തെതുടര്‍ന്ന് ഇത്തവണ പകല്‍പ്പൂരത്തിനു അണിനിരക്കുന്നത്‌ മുപ്പത്തിമൂന്ന് ഗജവീരന്മാരായിരിക്കും.വഴിപാടുപൂരങ്ങള്‍ രാവിലെ എട്ടുമുതല്‍ പതിനൊന്നുമണിവരെ ആയിരിക്കും ഉണ്ടാകുകതിടമ്പ്‌ തലയെടുപ്പിന്റെയും ആനയഴകിന്റേയും കേരളത്തിലെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഉറപ്പിച്ചുകഴിഞ്ഞു..പൊക്കുളങ്ങര്‍ ഉത്സവം മാര്‍ച്ച്‌ 12ന്‌. നാഷ്ണല്‍ ഹൈവേ 17 ല്‍ വാടാനപ്പള്ളിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പൊക്കുളങ്ങര ഉത്സവം മല്‍സരപ്പൂരത്തിന്റെ മറ്റൊരു വേദിയാണ്‌. ഇവിടെയുംതിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. കൂടുതല്‍ വിശേഷങ്ങള്‍http://www. darppanam.blogspot.com

E-pathram

ePathram.com