Wednesday, December 24, 2008

ക്രിസ്തുമസ്സ് ആശംസകൾ

നക്ഷത്രങ്ങൾ മിന്നിമറയുന്നതും, മഞ്ഞുപെയ്യുന്നതുമായ ഒരു രത്രിയിൽ ബദ്‌ലഹേമിലെ പുൽക്കൂടിൽ പിറന്ന് അഹിംസയുടേയും സഹനത്തിന്റേയും പാതയിലൂടേ സഞ്ചരിച്ച് മാനവരാശിയുടെ മോചനത്തിനായി കുരിശിലേറുകയും ചെയ്ത യേശുക്രിസ്തു വിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ.

Tuesday, December 23, 2008

നിർമ്മാണ ട്രെന്റും സാധാരണക്കാരും

മറ്റുപലതിലും എന്നപോലെ കേരളത്തിലും നിർമ്മാണരംഗത്ത്‌ ട്രെന്റുകളുടെ കാലമാണ്‌. വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി വീടുകൾ നിർമ്മിക്കപ്പെടുന്നു അവ അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ മലയാളികളുടെ അടുത്ത്‌ യഥേഷ്ടം എത്തുകയും ചെയ്യുന്നു.സാധാരണക്കാർ പോലും ഇത്തരം ദൃശ്യങ്ങളിൽ "വീണു"പോകുന്നു. തന്റെ വീട്‌ മറ്റുള്ളവരിൽ നിന്നും "വ്യത്യസ്ഥമാകണം" എന്ന് ആഗ്രഹിക്കുന്നവരാണ്‌ ഭൂരിഭാഗവും.മറ്റുള്ളവർക്ക് മുമ്പിൽ താൻ ഗരിമ കാണിക്കുവാൻ മലയാളിക്ക് എന്നും അത്യുത്സാഹമാണ് ഇതിനായി അവർ നല്ല തുക ചിലവിടുവാനും തയ്യാറാകുന്നു.

സാമ്പത്തീകമായി മുന്നിൽ നിൽക്കുന്നവരെ സമ്പന്തിച്ചേടത്തോളം "വിലകൂടിയ പരീക്ഷണങ്ങൾ" പലപ്പോഴും സാധ്യമാണ്‌. എന്നാൽ ലാളിത്യവും സൗകര്യവും ഉള്ള വീടുകൾ നിർമ്മിക്കുക എന്നതായിരിക്കണം സാധാരണക്കാരനെ സംമ്പന്തിച്ച്‌ വീടു നിർമ്മിക്കുമ്പോൾ കൂടുതൽ ഉചിതമാകുക.ട്രെന്റുകൾക്കനുസരിച്ച്‌ നിർമ്മിതികൾ പടുത്തുയർത്തുവാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അതാവശ്യപ്പെടുന്ന സങ്കേതിക മികവിനായും,പ്രത്യേക നിർമ്മാണസാമഗ്രികൾക്കായും കൂടുതൽ തുക മറ്റീവ്ക്കേണ്ടിവരുന്നു.മാത്രമല്ല നിർമ്മാണശേഷം മെയ്ന്റനൻസ്‌ ചിലവും കൂടിയേക്കാം.അലങ്കാരങ്ങൾ കുത്തിനിറച്ചും അനുയോജ്യമായമല്ലാത്ത നിറക്കൂട്ടുകൾ നൽകിയും വീടിനെ ശ്രദ്ദേയമാക്കാം എന്ന് കരുതുന്നത്‌ അബദ്ധമാണ്‌.ഇത്തരം കാര്യങ്ങൾ ഏതാനും അൽപായുസ്സാണെന്ന് തിരിചറിഞ്ഞു മിനിമലിസത്തിനു പ്രാധാന്യം നൽകുന്നതായിരിക്കും കൂടുതൽ നല്ലത്‌. ഒരു ഉദാഹരണം നോക്കുക. അടുത്തകാലത്ത് “ട്രേഡീഷണൽ ട്രെന്റിന്റെ“ ഭാഗമായി പലരും ചാരുപടി നമ്മുടെ പല വീടുകളുടേയും വരാന്തകളിൽ സ്ഥാനം പിടിച്ചു.പണ്ടുണ്ടായിരുന്നതിന്റെ വികൃതരൂപങ്ങൾ ഇന്ന് പെട്ടെന്ന്തന്നെ പലർക്കും അരോചകം ആയി തോന്നുവാൻ തുടങ്ങി. ചിലർ അതു പൊളിച്ചുമാറ്റാനും.നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾക്ക് ഇന്നും ഇത് അലങ്കാരമായി വർത്തിക്കുമ്പോൾ മൂന്നോ നാലോ വർഷം മുമ്പ് നിർമ്മിച്ചവക്ക് ഇത് അരോചകമായി മാറി.എന്തെന്നാൽ ഓരോ നിർമ്മിതിക്കും നൽകുന്ന അലങ്കാരങ്ങൾ അതാതിന്റെ “ഫോമിനു” അനുയോജ്യമായ വിധത്തിൽ അല്ലെങ്കിൽ അതിനു അല്പായുസ്സാണെന്ന് ഇതു വ്യക്തമാക്കുന്നു. ബേക്കർ വീടുകൾക്കും അവയുടെ വികൃതാനുകരണങ്ങൾക്കും ഇതു തന്നെ ആണ് പറയുവാൻ ഉള്ളത്. ബേക്കർ വീടുകൾ ചിലവു ചുരുക്കലിന്റെയും ഉപയോഗക്ഷമതയുടേയും മൂർത്തരൂപങ്ങളായപ്പോൾ “ചിലവേറിയ ചിലവുകുറഞ്ഞ വീടുകളായി” അതിന്റെ അനുകരണങ്ങൾ.

പ്ലാൻ എങ്ങെൻ വേണമെങ്കിലും ആയിക്കോട്ടെ എലിവേഷൻ നന്നായി ചെയ്യുക ആളുകൾ കണ്ടാൽ കൊള്ളാം എന്ന് പറയുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്‌. പുറം കാഴ്ചകൾ മോശമാക്കണം എന്നല്ല പറഞ്ഞുവരുന്നത്‌ എന്നാൽ പുറം ഭംഗിയേക്കാൾ പ്രാധാന്യം നൽകേണ്ടത്‌ അകത്തെ സൗകര്യങ്ങൾ ഒരുക്കുന്നതിലും വെളിച്ചവും വായുവും യഥേഷ്ടം ലഭിക്കുന്നതിലും ആണെന്നത്‌ മനസ്സിലാക്കുന്നതാകും കൂടുതൽ നന്നാകുക.കാരണം ലക്ഷങ്ങൾ മുടക്കി വീടുവെക്കുമ്പോൾ അതിനകത്ത്‌ താമസിക്കുന്നവരുടെ സൗകര്യത്തിനും സന്തോഷത്തിനും ആകണം പ്രാധാന്യം നൽകേണ്ടത്‌.

പെയ്ന്റിങ്ങിലും ഫ്ലോറിങ്ങിലും റ്റൊയ്ലറ്റ് ഫിറ്റിങ്ങ്സിലും അടുത്തകാലത്ത് വൻ മാറ്റം ആണ് ദൃശ്യമാകുന്നത്.പഴയകാലത്തെതിൽ നിന്നും വ്യത്യസ്ഥമായി ഇന്ന് ആളൂകൾ “ഡ്യൂറബിലിറ്റിക്ക്” പ്രാധാനം കൊടുക്കുന്നില്ല എന്നതാണ് വസ്തുത.ഇപ്പോളത്തെ ഒരു ട്രെന്റിനനുസരിച്ച് പെയ്ന്റും,ടൈലും മറ്റും സെലക്ട് ചെയ്യുന്നു.എന്നാൽ ഈ സ്പെഷ്യൽ കളറുകൾ അല്പം കഴിയുമ്പോൾ സ്പെഷ്യൽ അല്ലാതാകും സ്വാഭാവികമായും ഇത് മാറ്റുവാൻ നിർബന്ധിതമാകും.ഇത് വിപണിയുടെ ഒരു തന്ത്രമാണ്.ഇതിനെ അതിജീവിക്കുവാൻ ലളിതമായ അലങ്കാരങ്ങളും നിറക്കൂട്ടുകളൂം സ്വീകരിക്കുക എന്നതായിരിക്കും ഉചിതമായ മാർഗ്ഗം.

നാട്ടുകാർ മുഴുവൻ "വീടുകൊള്ളാം" എന്ന് പുറമെ നിന്ന് നോക്കി അഭിപ്രായം പറയുമ്പോളൂം അസൗകര്യങ്ങളുടെ നിറകുടമായ ഒരു വീട്ടിൽ താമസിക്കുന്നതിൽ എന്ത്‌ അർത്ഥമാണുള്ളത്‌? വിലകൂടിയ ടെന്റുകൾക്ക്‌ പുറകെ പാഞ്ഞു സമയവും പണവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്നത്‌ മണ്ടത്തരം ആണ്‌.മറ്റുള്ളവരുടെ തൃപ്തിയും സന്തോഷവും അല്ല അവനവന്റെ ഇഷ്ടങ്ങളും സൗകര്യങ്ങളും പരിഗണിച്ച്‌ സ്വന്തം സാമ്പത്തീക സ്ഥിതിക്ക്‌ അനുസരിച്ച്‌ പുതിയ സങ്കേതങ്ങളിൽനിന്നും തനിക്ക്‌ അനുയോജ്യമായവയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ വീടു നിർമ്മിക്കുന്നതാണ്‌ ബുദ്ധി.

Thursday, December 04, 2008

പ്ലാൻ-30


ഒരു ചെറിയ കുടുമ്പത്തിനു താമസിക്കുവാൻ പറ്റുന്ന രീതിയിൽ പോർചടക്കം (പോർചില്ലതെ 1042 ചതുരശ്രയടി) 1162 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു വീടിന്റെ പ്ലാനാണിത്‌.രണ്ടു കിടപ്പുമുറികൾക്കും അറ്റാച്ഡ്‌ ബാത്‌റൂമുകൾ നൽകിയിരിക്കുന്നു.കൂടാതെ വസ്ത്രങ്ങൾ സൂക്ഷിക്കുവാൻ വാർഡ്‌റോബും. ലിവിങ്ങ്‌,ഡൈനിങ്ങ്‌ ഏരിയാകളെ ബന്ധിപ്പിക്കുന്ന ഓപ്പണിങ്ങിൽ ഒരു ഭാഗം പ്രത്യേകം ഹാച്‌ കൊടുത്തിരിക്കുന്നത്‌ ശ്രദ്ധിചാൽ കാണാം. ഇവിടെ മരം കൊണ്ടോ മറ്റോ 60x24x210 സെന്റീമീറ്റർ വലിപ്പത്തിൽ ഒരു "ഷെൽഫ്‌" നൽകുക, ഈ ഷെൽഫിനു ഇരുവശത്തും മറവില്ല വെറും തട്ടുകൾ മാത്രം.അതിൽ ഓരോ തട്ടിലും ചെറിയ കൗതുക വഷ്ടുക്കൾ വെക്കാം.എന്തെങ്കിലും ഫംഗ്ഷനോ മറ്റോ വരുമ്പോൾ എതു മാറ്റിയാൽ കൂടുതൽ സൗകര്യം ഉണ്ടാകും.
മുകൾ നില തൽക്കാലം നിർമ്മിക്കുന്നില്ലെങ്കിൽ സ്റ്റെയർക്കേസ്‌ ഏരിയ മാത്രം മുകളിലേക്ക്‌ എടുത്ത്‌ അതിനു ട്രസ്സ്‌ ഉപയോഗിച്‌ താൽക്കാലിക റൂഫ്‌ കൊടുത്ത്‌ നിർത്തുക.സ്റ്റെയർ കേസിനു സമീപം ഉള്ള വാഷ്ബേസിൻ ടൊയലറ്റിലേക്ക്‌ അൽപം നീക്കിവെചാൽ നന്നാകും. ആർഭാടങ്ങൾ ഒഴിവാക്കി ഏകദേശം 7.5 ലക്ഷത്തിനു നിർമ്മാണം പൂർത്തിയാക്കുവാൻ കഴിഞ്ഞാൽ നന്നാകും.ചെറിയ പ്ലോട്ടിനു അനുയോജ്യം.

Thursday, November 27, 2008

ഗൃഹനിർമ്മാണവും സാമ്പത്തീക മാന്ദ്യവും

കമ്പോള വ്യവസ്ഥിതിയുടെ പരീക്ഷണ ശാലയാണിന്ന് കേരളം. വസ്ത്രമായാലും,പാർപ്പിടമായാലും,ഭക്ഷണമായാലും കമ്പോളത്തിന്റെ ശക്തമായ പുറംതോടിനെ ഭേധിച്ച് പുറത്തുകടക്കുവാൻ മലയാളിയുടെ മനസ്സിനു കഴിയുന്നില്ല. പാർപ്പിട നിർമ്മാണ രംഗം ഇന്ന് ട്രന്റുകളുടെ വിശാലാമായ മേച്ചിൽ പുറങ്ങൾ മലയാളിക്ക് മുമ്പിൽ തുറന്നിടുന്നു. അതിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ സാധിക്കാതെ ഈയ്യാം പാറ്റകളെ പോലെ മലയാളി കടമെന്ന അഗ്നിനാളത്തിലേക്ക് പറന്നടുത്ത് സ്വയം ഉരുകുന്നു. നാലോ അഞ്ചോ പേർ വരുന്ന ഒരു ശരാശരി മലയാളികുടുമ്പത്തിനു എന്തിനു ഇരുപതു ലക്ഷം രൂപക്ക് മുകളിൽ ചിലവിടണം? ആർഭാടത്തിന്റെ അവസാനവാക്കാവണം നഗരത്തിന്റെ നടുക്കാകണം സ്വന്തം വീടെന്ന് ചിന്തിച്ച് ഭീമമായ കടംവരുത്തിവെക്കുന്നവൻ സ്വയം അനർഥമാണ് വരുത്തിവെക്കുന്നത്.

ആഗോള സാമ്പത്തീക പ്രതിസന്ധി കേരളത്തേയും ബാധിക്കും എന്ന് കേരളത്തിന്റെ ധനമന്ത്രി സൂചിപ്പിച്ചുകഴിഞ്ഞു.പ്രവാസികളെ സംബന്ധിച്ച് ആഗോള സമ്പത്തീക പ്രതിസന്ധി ഇരുതല മൂർച്ചയുള്ള വാളാണ്.ഗൾഫുമേഘലയിൽ ഉണ്ടാകുന്ന പ്രതിസന്ധി അവന്റെ ബിസിനസ്സിനെ/ജോലിയെ സാരമായി ബാധിക്കും. എണ്ണയുടെ വില കുറയുകയും കൺഷ്ട്രക്ഷൻ,റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ തോതിൽ ഇടിവൂ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവാസി മലയാളിയുടെ അവസ്ഥ തീർത്തും ആശങ്കാജനകം ആണ്.ഈ ഒരു അവസ്ഥയിൽ ജോലി നഷ്ടപ്പെട്ടാൽ കേരളം പോലെ ഒരു നാട്ടിൽ ഇക്കൂട്ടർ എന്തു ചെയ്യും?
സ്വന്തം വീടിനായും അടുത്ത തലമുറക്ക് ഒരു നിക്ഷേപമെന്ന നിലയിലും പ്രവാസികൾ ഇന്ന് കേരളത്തിലെ നിർമ്മാണ മേഘലയിൽ ചിലവിടുന്നത് കോടികൾ ആണ്. (ഇതിൽ പലർക്കും തങ്ങളുടെ നിക്ഷേപത്തിന്റെ യദാർഥ മൂല്യവും തങ്ങൾ ചിലവിടുന്ന് തുകയും തമ്മിലുള്ള അന്തരം പോലും അറിയില്ല എന്നാണ് തോന്നുന്നത്) എന്നാൽ ഒരു സാമ്പത്തീക മാന്ത്യം വന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന വിലക്ക് ഒരു പക്ഷെ കൈവശം ഉള്ള പ്രോപ്പർടികൾ വിറ്റു പോകണം എന്നില്ല.അത്തരം സാഹചര്യത്തിൽ കയ്യിൽ/ബാ‍ങ്കിൽ ലിക്വിഡ് ക്യാഷ് ഇല്ലെങ്കിൽ ജീവിതം ദുസ്സഹമായിരിക്കും.

താമസിക്കാനാണെങ്കിൽ ലളിതമായ ആർഭാടങ്ങളില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കുന്നതാകും ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികൾക്ക് പ്രത്യേകിച്ച് ഇടത്തരക്കർക്ക് അഭികാമ്യം. ബേക്കർജിയെപ്പോലുള്ള മഹാന്മാർ ചിലവുകുറഞ്ഞ ഉത്തമമായ നിരവധി മാതൃകകൾ നമുക്ക് മുമ്പിൽ നിർമ്മിച്ചുവച്ചിട്ടാണ് പോയത്.അത്തരം മാതൃകകളെ പിന്തുടരുവാൻ ശ്രമിച്ചാൽ പാർപ്പിട നിർമ്മാണ രംഗത്തെ അനാവശ്യമായ ചിലവുകൾ നമുക്ക് ഒഴിവാക്കാം.പ്രകൃതിക്കും അതുതന്നെയാണ് നല്ലത്.

നല്ല ഒരു ഡിസൈനറൂടെ ഉപദേശപ്രകാരം മികച്ച പണിക്കാരെ തിരഞ്ഞെടുത്ത് കൃത്യമായ പ്ലാനിങ്ങോടെ മാത്രം വീടുനിർമ്മിക്കുവാൻ ആരംഭിക്കുക.മറ്റുള്ളവർ അല്ല നിങ്ങൾ പണിയുന്ന വീട്ടിൽ താമസിക്കുന്നത് അതുകൊണ്ടുതന്നെ അന്യന്റെ “സൌകര്യങ്ങൾ”ക്കല്ല നിങ്ങളുടെ ആവശ്യങ്ങൾക്കും സാമ്പത്തീക സ്ഥിതിക്കും ആയിരിക്കണം പ്രാധാന്യം നൽകേണ്ടത്.
വീടു നിർമ്മാണത്തിൽ ഇന്നു മരം,ഫ്ലോറിങ്ങ്,ഇൽക്ട്രിക്കൽ എന്നിവക്കായി ചിലവിടുന്നത്.തെക്കുതന്നെ വേണം എന്ന നിർബന്ധം ഒഴിവാക്കുക.പൊളിക്കുന്ന പഴയ കെട്ടിടങ്ങളുടെ ഉരുപ്പടികാളിൽ നിന്നും പരമാവധി പ്രയോജനപ്പെടുത്തുക. ഫ്ലോറിങ്ങിനു ചിലവുകുറഞ്ഞ ടൈൽ തിരഞ്ഞെടുക്കാം.തൽക്കാലം ടൈലിനു പകരം നല്ല “കരി” (ഓക്സൈഡ്) ഇട്ട് ഫിനിഷ് ചെയ്താലും കുഴപ്പം ഒന്നും സംഭവിക്കീല്ല.ആവശ്യത്തിനുമാത്രം “ ഇലക്ടിക്ക് പോയന്റുകൾ”നൽകുക. ചുമരിൽ പുട്ടിയിട്ട് മിനുക്കിയില്ലേലും കുഴപ്പം ഇല്ലെന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുക.

മനസ്സമാധാനത്തോടെ സ്വന്തം വീട്ടിൽ കഴിയൂവാൻ പരമാവധി കടബാധ്യതകൾ ഒഴിവാക്കുക തന്നെ ആയിരിക്കും ഏറ്റവും ഉചിതമായ നടപടി.സാമ്പത്തീക മാന്ത്യം ഒക്കെ മാറി നിക്ഷേപങ്ങൾക്ക് അവസരം വരും അതിനായി ഇന്ന് കടം വാങ്ങി എന്തിനു സ്വസ്ഥത കളയണം?

പിന്മൊഴി: ചായകുടിക്കുവാൻ ചായലത്തോട്ടം വാങ്ങണോന്ന് പണ്ടുള്ളവർ ചോദിക്കാറുണ്ട് അതു തന്നെ ആണെന്നിക്കും ചോദിക്കാനുള്ളത് വല്ലപ്പോളും “ചന്ദ്രനിൽ പോകണം“ എന്ന് കരുതി എല്ലാ സൌകര്യങ്ങളും ഉള്ള താമസം സുലഭമാണെങ്കിൽ പിന്നെ അവിടെ വീടു നിർമ്മിക്കണോ/വാങ്ങണോ?
ഇത് ആരെയെങ്കിലും ഭയപ്പെടുത്തുവാനോ അല്ലെങ്കിൽ ആരെയെങ്കിലും ഇകഴ്ത്തിക്കാണിക്കുവാനോ എഴുതിയ കുറിപ്പല്ല.പ്രവാസികളുടെ നന്മക്ക്വേണ്ടിമാത്രം.

Sunday, November 23, 2008

കോർറ്റ്‌യാഡിന്റെ ഡീറ്റെയിൽസ്‌.എന്റെ പല പ്ലാനുകളിലും കോർറ്റ്‌യാഡ്‌ കൊടുക്കാറുണ്ട്‌.കോർറ്റ്‌യാഡിന്റെ സുരക്ഷിതത്വത്തെ കുറിച്ച്‌ പലർക്കും ഇനിയും സംശയം ഉണ്ട്‌.എന്നാൽ കോർറ്റ്‌യാഡിന്റെ മുകളിൽ 10-12 സെന്റീമീറ്റർ ഇടവിട്ട്‌ ചെറിയ ബീമുകൾ നൽകിയാൽ ആളുകൾ അകത്തുകടക്കില്ല എന്ന് ഒന്നുരണ്ടിടത്ത്‌ ഞാൻ അത്‌ വിശദമാക്കുകയും 10-12 സെന്റീമീറ്റർ വീതിയുള്ള ചെയ്തിരുന്നു. ഒരു ചിത്രത്തിന്റെ സഹായം ഉണ്ടെങ്കിൽ കൂടുതൽ നന്നായിരിക്കും എന്ന് പല വായനക്കാരും അറിയിച്ചു. അതിനാൽ ഞാൻ ഇവിടെ ഒരു സെക്ഷൻ നൽകുന്നു. ഇത്‌ ഒരു സാധരണ മാതൃക മാത്രം ആണ്‌. വ്യത്യസ്ഥമായ ഡിസൈൻ ഇതിൽ കൊണ്ടുവരാവുന്നതാണ്‌. ശക്തമായ മഴയുള്ളപ്പോൾ കോർട്‌യാഡിനോട്‌ ചേർന്നുള്ള തുറന്ന ഇടങ്ങളിലേക്ക്‌ "ശീതൻ" ഉണ്ടാകില്ലേ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്‌. എന്നാൽ വല്ലപ്പോഴും മാത്രമേ ശക്തമായ ശീതൻ ഉണ്ടാകൂ.ആ സമയത്ത്‌ താൽകാലികമായി പ്ലാസ്റ്റിക്ക്‌ ഷീറ്റ്‌ കൊണ്ട്‌ "ശീതൻ" തടയാം. (ശീതൻ എന്ന വക്ക്‌ കാറ്റിൽ പറന്നുവരുന്ന വളരെ ചെറിയ മഴത്തുള്ളികൾ എന്നാണ്‌ അർത്ഥമാക്കുന്നത്‌. )
കോർട്‌യാഡ് വീടിന്റെ മധ്യഭാഗത്താണ് കൊടുക്കുന്നതെങ്കിൽ വെള്ളം പുറത്തേക്ക് ഒഴുകി പോകുവാൻ അടിയിലൂടെ പൈപ്പ് കൊടുക്കേണ്ടതാണ്.ഇതിൽ മണ്ണോ,ഇലകളും മറ്റും വീണോ വെള്ളം ഒഴുകിപോകുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റു തടസ്സങ്ങളോ വരാതിരിക്കുവാൻ വേണ്ട മുൻ‌കരുതൽ എടുക്കുന്നത് നന്നായിരിക്കും.സാധാരണ ഗതിയിൽ കോർട്യാഡിന്റെ അടിഭാഗം കോൺക്രീറ്റ് ഇടാതിരിക്കുന്നതാവും നന്നാവുക.കോർട്യാഡിന്റെ അടിഭാഗം മണലും ചെറിയ വെള്ളാരം കല്ലുകൾവിരിച്ച് ഭംഗിയാക്കാം.ആകർഷകമായ ചെടികൾ വച്ച് പ്രക്രിതിയേ അകത്തേക്ക് കൊണ്ടുവരികയുമാവാം.

Monday, October 20, 2008

ക്ഷമയും കലയും ചേർത്ത് ബോൺസായ്


ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും ഇന്റർ നെറ്റിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചവരോടും.

പ്രക്രിതിയിലെ മരങ്ങളുടെ വളർച്ചമുരടിപ്പിച്ച ചെറുപതിപ്പുകൾ ഒറ്റക്കോ കൂട്ടമായോ വളർത്തുന്ന ഒരു “കല”യാണ് ബോൺസായ്. ക്ഷമയും കലാവാസനയും ഉണ്ടെങ്കിൽ മാത്രവ്രക്ഷത്തിന്റെ എല്ലാവിധ ഗുണങ്ങളും പ്രത്യേകതകളും ഈ ചെറുമരങ്ങളിലേക്ക് കൊണ്ടുവരുവാൻ നമുക്ക് സാധിക്കും.മാത്രവിക്ഷത്തിന്റെ സ്വഭാവമനുസരിച്ച് സമയാ സമയങ്ങളിൽ പൂക്കുകയും കായ്ക്കുകയും ഇലപൊഴിയുകയും ചെയ്യുന്ന ബോൺസായ് മരങ്ങൾ ഒരു കൌതുകം തന്നെയാണ്. 2000 വർഷങ്ങൾക്ക് മുമ്പ് ചൈനയിലാണ് ബോൺസായിയുടെ ഉൽഭവം എന്ന് പറയപ്പെടുന്നു.ഏതാണ്ട് ആ കാൽഘട്ടത്തിൽ തന്നെ ജെപ്പാനിലും,കൊറിയയിലും മറ്റും ഇതിനു വൻ പ്രചാരം ഉണ്ടായി.

ആൽ,പുളി,മാവ്,പൂമരം,സപ്പോട്ട,ബെഞ്ചമിൻ,നാരകം,നെല്ലി,ബോഗൺ വില്ല,മുള,കള്ളിച്ചെടി എന്നിവയാണ് നമ്മുടെ നാട്ടിൽ പ്രധാനമായും ബോൺസായി ആക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന മരങ്ങൾ.ഇതിൽ തന്നെ ആൽ മരത്തിന്റെ വിവിധ ഇനങ്ങളോടാണ് ആളുകൾക്ക് കൂടുതൽ താല്പര്യം.

പൊക്കം അനുസരിച്ച് ബോൺസായിയെ തരം തരം തിരിക്കുന്നത് ഒരു രീതിയാണ്.2.5-7.5 സെന്റീമീറ്റർ പൊക്കമുള്ളവയെ ടൈനി എന്നും,13-25 സെനീമീറ്റർ വരെ ഉയരം ഉള്ളവയെ സ്മോൾ വിഭാഗത്തിൽ പെടുത്തിയിരിക്കുമ്പോൾ മീഡിയത്തിൽ വരുന്നത് 40 സെന്റീമീറ്റർ വരെ പൊക്കം ഉള്ളവയെ ആണ്.തുടർന്ന് വരുന്ന മീഡിയം ലാർജിൽ 40-60 സെന്റീമീറ്റർ ഉയരം ഉള്ളവയെ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനു മുകളിൽ 120 സെന്റീമീറ്റർ വരെ ഉള്ളവ ലാർജ് വിഭാഗത്തിൽ പെടുന്നു.

വളർത്തുന്ന രീതിക്കനുസരിച്ച് തരംതിരിക്കുന്നത് കൂട്ടായി ഒരു വനത്തിന്റെ പ്രതീതിയുണ്ടാക്കുന്നവ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ വേരുകൾ പറ്റിപ്പിടിച്ച് വളരുന്നത്, പടർന്ന് പന്തലിച്ച് “വൻ വ്രിക്ഷമായി” നിൽക്കുന്നത്,കാറ്റത്ത് ഒരുവശത്തേക്ക് ചരിഞ്ഞ് നിൽക്കുന്നപോലെയുള്ളത്,ഒരു ഭാഗം ഉണങ്ങിയത് എന്നിങ്ങനെ ആണ്. (ഇനിയും കൂടുതൽ രീതികൾ ഉണ്ടത്രെ)

ബോൺസായ് ഉണ്ടാക്കുവാൻ:
ബോൺസായ് നിർമ്മിക്കുവാൻ ആദ്യപടിയായി ചെയ്യേണ്ടത് തങ്ങൾക്ക് ഇഷ്ടപ്പെട്ട മരവും വളത്തെണ്ടരീതിയും നിശ്ചയിക്കുക എന്നതാണ്. അതിനുശേഷം അനുയോജ്യമായ വ്രക്ഷത്തൈ ശേഖരിക്കണം.മരപ്പൊത്തുകൾ,മതിലുകൾ,തുടങ്ങി കെട്ടിടങ്ങളുടെയും മറ്റും വശങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന ചെടികളെ ശേഖരിക്കുന്നതായിരിക്കും നന്നാവുക. ഇങ്ങനെ ലഭിക്കാത്തപക്ഷം അനുയോജ്യമായ ആക്രിതിയുള്ള കൊമ്പുകൾ മാത്രവ്രക്ഷത്തിൽ നിന്നും ഗ്രാഫ്റ്റ് ചെയ്ത് എടുക്കുകയും ആകാം. സ്വാഭാവികമായ വളർച്ചയെ മുരടിപ്പിക്കുവാൻ ആയി അവയെ താശ്ചകുറഞ്ഞ ചട്ടിയിൽ മണൽ,ചകിരി,പാറ/ചരൽ എന്നിവയുടെ മിശ്രിതം നിറച്ച് അതിൽ നടുക. വർഷത്തിൽലൊരിക്കലെങ്കിലും ഈ മിശ്രിതം മാറ്റുക. മറ്റു ചെടികൾക്ക് നൽകുന്നതിലും കുറച്ച് വെള്ളം ഒഴിച്ചാൽ മതിയാകും. ചട്ടിക്ക് ആവശ്യത്തിനു ദ്വാരങ്ങൾ ഇട്ടില്ലെങ്കിൽ വേരു ചീഞ്ഞുപോകുവാൻ സാധ്യതയുണ്ട്. ഇന്റോർ ചെടികളാണെങ്കിൽ ഇടക്ക് പുറത്ത് വച്ച് സൂര്യപ്രകാസം കൊള്ളിക്കുന്നത് നല്ലതാണ്.അതുപോലെ സൂര്യപ്രകാശം ഏതെങ്കിലും വശത്തുനിന്നും ലഭിക്കുന്ന ഇടത്താണ് ചെടിവച്ചിരിക്കുന്നതെങ്കിൽ അതിന്റെ വളർച്ച ആ ദിശയിലേക്ക് പോകുന്നത് ശ്രദ്ധിക്കണം.

ചെടി നട്ട് അത് വളരുവാൻ തുടങ്ങിയാൽ അതിന്റെ കൊമ്പുകൾ സമയാ സമയങ്ങൾ പ്രൂൺ ചെയ്യേണ്ടതുണ്ട്.അതുപോലെ കൊമ്പുകളുടെ ആക്രിതി നിയന്ത്രിക്കുവാൻ ചെമ്പ് കമ്പിയോ അലുമിനിയം കമ്പിയോ ഉപയോഗിച്ച് മുൻ നിശ്ചയിച്ച രീതിയിൽ കൊണ്ടുവരാം. തടിയിൽ കമ്പി ചുറ്റുന്നത് പഴമ തോന്നിപ്പിക്കുവാൻ ഉപകരിക്കും, പക്ഷെ അത് മരത്തിന്റെ തടിയിൽ പൂണ്ടുപോകാതെ ശ്രദ്ധിക്കണം.പേരാൽ പോലെ തടിയിൽ നിന്നും വേരു തഴേക്ക് വളരുന്നവയെ പ്രത്യേകം ശ്രദ്ധിക്കണം. റോക്കിനു മുകളിൽ വേരുകൾ പടരുന്ന രീതിയിൽ ബോൺസായ് ചെയ്യുവാൻ ഉദ്ദേശിക്കുന്നു എങ്കിൽ ആദ്യം പാറയുടെ മേലെ ചെടിവച്ച് ചുറ്റും മണ്ണും മറ്റു മിശ്രിതങ്ങളും നിറക്കുക. തുടർന്ന് വേരുകൾ വളർന്ന് ഇറങ്ങുമ്പോൾ ഈ ഭാഗത്തെ മണലും മറ്റു മിശ്രിതങ്ങളും മാറ്റിയാൽ മതി.ഈ വേരുകളെയും മേല്പറഞ്ഞ രീതിയിൽ കമ്പികൊണ്ട് ചുറ്റി ആക്രിതിയും പഴമയും വരുത്താവുന്നതാണ്. ചട്ടികൾ വീടിനു പുറത്ത് മണൽ ഉള്ളയിടത്താണ് സൂക്ഷിക്കുന്നതെങ്കിൽ ബോൺസായി മരത്തിന്റെ വേരുകൾ ചട്ടിയിലെ ദ്വാരങ്ങൾ വഴി പുറത്തേക്ക് വളരുന്നത് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അത് മണ്ണിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്ത് തഴച്ചുവളരുവൻ ഉള്ള സാധ്യതയുണ്ട്.
വർഷങ്ങളുടെ പ്രയത്നം കൊണ്ടുമാത്രമേ ഒരു നല്ല ബോൺസായ് ഉണ്ടാക്കിയെടുക്കുവാൻ പറ്റൂ. പതിറ്റാണ്ടുകളുടേയുംനൂറ്റാണ്ടുകളൂടേയും പഴക്കമുള്ള ബോൺസായ്കൾ ഉണ്ട്.പ്രായം കൂടും തോറും ഇവയുടെ മൂല്യവും വർദ്ധിക്കുന്നു. ഈ കുഞ്ഞൻ മരങ്ങൾ പല സ്ഥാപനങ്ങളിലേയും ഇന്റീരിയറിന്റെ ഭാഗമായി ഇടം പിടിച്ചിരിക്കുന്നു. പെട്ടെന്ന് വളർത്തീയെടുക്കാൻ പറ്റാത്തതിനാൽ ബോൺസായ്ക്ക് ഇന്ന് മാർക്കറ്റിൽ നല്ല ഡിമാന്റുണ്ട്.വലിയ മുതൽ മുടക്കില്ലാത്തതും അധികം സമയം ചിലവിടണ്ടാത്തതുമായ ഒരു വരുമാന മാർഗ്ഗമായി ബോൺസായിയെ കാണാവുന്നതാണ്,ഇതിനായി ടെറസ്സോ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഇടമോ ഉപയോഗിക്കാം. വ്യാവസായികമായി വളർത്തിയില്ലെങ്കിലും ഒന്ന് ശ്രമിച്ചാൽ സ്വീകരണമുറിയിലോ കോർട് യാഡിലോ അലങ്കാരത്തിനായി ഒരു ബോൺസായി സ്വന്തായി ഒരുക്കാവുന്നതാണ്.

ചൈനയിലും, ജപ്പാനിലും മറ്റും പാരമ്പര്യമായി അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യുന്നതും, വിവാഹ സമ്മാനമായി നൽകുന്നതുമെല്ലാം പ്രചാരത്തിൽ ഉണ്ടായിരുന്നത്രെ!

വാൽമൊഴി:സ്വാഭാവികമായ വളർച്ചമുരടിപ്പിച്ച് നിയന്ത്രണങ്ങളോടെ വളർത്തുന്ന ബോൺസായിയെ എതിർക്കുന്നവരും വ്രിക്ഷങ്ങളോടുള്ള ക്രൂരതയാണിതെന്ന് പറയുന്നവരുമായ പ്രക്രിതി സ്നേഹികൾ ഉണ്ട്.

Thursday, October 09, 2008

നിലാവൊഴുകുന്ന വീട്നല്ല നിലാവുള്ള രാത്രിയിൽ ഇലക്ട്രിക്ക് ബൾബുകളുടെ പ്രകാശമില്ലാതെ ചന്ദ്രന്റെ പാൽ‌വെളിച്ചം പരന്നൊഴുകുന്ന അകത്തളങ്ങൾ ഉള്ള ഒരു വീടിനെ കുറിച്ച് ഒന്ന് ഓർത്തുനോക്കിയേ.തിരക്കുപിടിച്ച ആധിഉനിക ജീവിതത്തിൽ മനസ്സിനു സ്വസ്തതയും സമാധാനവും നൽകുവാൻ ഇത്തരം വീടുകൾക്ക് കഴിഞ്ഞേക്കും.ഇതിനായി വീടിനകത്ത് ചെറിയ ഒരു നടുമുറ്റം നൽകിയാൽ മാത്രം മതി.

മൂന്നു കിടപ്പുമുറികളോടുകൂടിയ “കേരളീയ ശൈലിയിൽ” ഒരു വീടെന്ന് പറയുന്ന ഒത്തിരി ആളുകൾ ഉണ്ട്. അത്തരക്കാർക്കു വേണ്ടി ഒരു “സൈഡ് മുറ്റവും“ ചരിഞ്ഞ മേൽക്കൂരയും മുഖപ്പും ചാരുപടിയും കൊടുത്ത് ഡിസൈൻ ചെയ്ത വീടാണിത്.വായു സഞ്ചാരം യഥേഷ്ടം ലഭിക്കാവുന്ന വിധത്തിൽ ആണ് ഈ വീടിന്റെ ഡിസൈൻ.കോർടുയാഡ് ഉള്ളതിനാൽ വായുവും വെളിച്ചവും ഇതിനകത്ത് യഥേഷ്ടം ലഭ്യമാകും.കോർട്യാഡിൽ ചെറിയ കല്ലുകളോ ചെടികളോ വച്ച് അലങ്കരിക്കാം. ചൂടുള്ള മാസങ്ങളിൽ ഇവിടെ വെള്ളം ഒഴിച്ചുകൊടുത്തൽ വീടിനകത്ത് തണുപ്പ് അനുഭവപ്പെടും. ഡ്രോയിങ്ങ് റൂമിനും ഡൈനിനും കണക്റ്റീവായിട്ടാണ് കോർടുയാഡ് ഒരുക്കിയിരിക്കുന്നത്.കൂടാതെ നടുമുറ്റത്ത് പെയ്തിറങ്ങുന്നത് നിലാവായാലും മഴയായാലും കിടപ്പുമുറിയിൽ നിന്നും ഉള്ള വലിയ ജനൽ തുറന്നിട്ടാൽ നിങ്ങൾക്ക് അത് കിടന്നുകൊണ്ടുതന്നെ ആസ്വദിക്കാം.സ്വകാര്യതക്ക് ജനൽ കർട്ടൻ ഇടുകയും ആകാം.ഇതൊരു പ്രത്യേക അനുഭവം ആയിരിക്കും എന്നതിനു സംശയം ഇല്ല.

പോർച്ചിൽ നിന്നും കയറുന്നത് വരാന്തയിലേക്കാണ്.സാധാരണയിൽ നിന്നും വ്യത്യസ്ഥമായി വലിയ നീളൻ വരാന്ത ഒഴിവാക്കിയിരിക്കുന്നു എന്നാൽ അവിടെ ചാരുപടി നൽകുന്നതിനുള്ള സ്ഥലം ഉണ്ട്താനും.ലിവിങ്ങ് റൂമിൽ പരമാവധി സ്പേസ് ഉപയോഗപ്രദമാക്കുവാൻ “സി” ആക്രിതിയിൽ ആണ് ഇരിപ്പിട സംവിധാനമ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങ് ഏരിയായിൽ ക്രോക്കറി ഷെ‌ൽ‌ഫിനുള്ള സ്ഥാനം പ്രത്യേകം ഒരുക്കിയിരിക്കുന്നു.

രണ്ടു കിടപ്പുമുറികളിൽ വാർഡ് റോബ് സൌകര്യം ഒരുക്കിയിരിക്കുന്നു. ഒരു കോമ്മൺ അടക്കം മൂന്നു ടോയ്ലറ്റുകൾ.അതിൽ ഡ്രൈ ഏരിയായും വെറ്റ് ഏരിയായും വേർതിരിച്ചിരിക്കുന്നു.ആധുനിക സൌകര്യങ്ങൾ ഒരുക്കാവുന്ന ഒരു അടുക്കളയും.അതിനോടു ചേർന്നു സ്റ്റോറേജ് സ്പേസും ഉണ്ട്.ഇവിടെ സ്റ്റോറിന്റെ വാതിൽ നെറ്റ് ഉള്ള ഇരുമ്പ് ഫ്രേമിൽ ചെയ്താൽ നന്നായിരിക്കും സ്റ്റോറ് റൊoഒമിൽ വായുവും വെളിച്ചവും നിർബന്ധമാണ്.ഇല്ലെങ്കിൽ പൂപ്പൽ സാധ്യത കൂടും.ഇനി അല്പംകൂടെ നന്നാക്കുവാൻ സ്റ്റോറിനോടു ചേർന്നുള്ള റ്റോയ്‌ലറ്റിന്റെ റൂഫ് താഴ്ത്തി വാർത്ത് അവിടെ വെന്റിലേറ്റർ നൽകുകയും ആകാം. പുറത്ത് കിച്ചൺ-2ൽ വിറക് അടുപ്പ് സജ്ജീകരിച്ചിരിക്കുന്നു. വാഷിങ്ങ് മെഷീനിനുള്ള സൌകര്യവും അവിടെ ഒരുക്കാം.കിച്ചൺ-2നു പുറത്ത് അമ്മിയും മറ്റും ഇടുവാൻ ഒരു ചെറിയ ഏരിയായും ഉണ്ട്.

കാവി/ബ്രിക്ക് റെഡ് നിറത്തിലുള്ളടൈലും ചുമരിനു ഐവറികളറും നൽകിയാൽ നന്നായിരിക്കും.കൂടാതെ ബെഡ്രൂമുകളിൽ ഒരു ചുമരിനു അല്പം കടും നിറങ്ങൾ ആകാം.കോർടുയാഡിന്റെ വിന്റോ വരുന്ന ചുമരിൽ അല്പം ഹരിതാഭനൽകിയാൽ കൂടുതൽ നന്നാകും.ബാത്രൂമിലെ ടൈലുകൾക്കിടയിൽ അല്പം സ്പെഷ്യൽ കളറുകൾ മിക്സ് ചെയ്ത് ഒട്ടിക്കുകയും ആകാം.

1644 + പോർച്ച് 119 (1763)ചതുരശ്രയടി വിസ്തീർണ്ണമുള്ളതാണീ വീട്. ചിലവ് ഏകദേശം 16 ലക്ഷം മുതൽ മേളിലോട്ട് പ്രതീക്ഷിക്കാം.
വാൽമൊഴി:കോർടുയാഡ് നൽകിയാൽ വീടിനകത്ത് കള്ളൻ കയറും,ഇടിമിന്നുമ്പോൾ അപകടം സംഭവിക്കും എന്നൊക്കെ ആളുകൾ പറഞ്ഞേക്കാം. അത് കാര്യമാക്കണ്ട.കള്ളൻ കയറാതിരിക്കുവാൻ കോർട്യാഡിന്റെ മേൾഭാഗത്ത് സംവിധാനം ഒരുക്കിയാൽ മതി

വിജയദശമി ആശംസകൾ

തിന്മയുടെ മേൽ നന്മ വരിച്ചവിജയത്തിന്റെ ഈ ദിനത്തിൽ എല്ലാ വായനക്കാർക്കും,ആദ്യാക്ഷരത്തിന്റെ ഹരിശ്രീകുറിക്കുന്ന കുരുന്നുകൾക്കും പാർപ്പിടത്തിന്റെ ആശംസകൾ.

കുരുന്നുകളേ നിങ്ങൾ വായിച്ചും എഴുതിയും വളരുക.വിവേകത്തോടെ വെളിച്ചത്തിന്റെ ലോകത്ത് ഉദയസൂര്യന്മാരെ പോലെ ശോഭിക്കുക.വെളിച്ചം ദുഖമാണുണ്ണീ എന്ന് പറയുന്നവരുടെ ഈ ലോകത്ത് തമസ്സിന്റെ ലോകത്തേക്ക് നയിക്കുവാൻ ഒരുപാടുപേർ ഉള്ള ഈ ലോകത്ത് തമസ്സിനെ നിഗ്രഹിക്കുന്ന വെളിച്ചത്തിന്റെ നാമ്പാകട്ടെ നിങ്ങൾ ഓരോ കുഞ്ഞുങ്ങളും.

മഹത്തായ പാരമ്പര്യം ഉള്ള ഒരു സംസ്കാരത്തിന്റെ ഉടമകൾ ആണ് ഓരോ ഭാരതീയനും. പുരോഗമനത്തിന്റെ പേരുപറഞ്ഞും മറ്റാരുടെ ഒക്കെയോ അജണ്ടകൾ നടപ്പിലാക്കുവാൻ വേണ്ടിയും സാംസ്കാരിക ബിംബങ്ങളേയും, ആചാരങ്ങളേയും വർഗ്ഗീയതയുടെ കളങ്ങളിൽ തളച്ചിടലും തച്ചുടക്കലും ഇന്നൊരു പതിവായിരിക്കുന്നു. ഭാരതീയതയെ തള്ളിപ്പറയുക അല്ല മറിച്ച് അതിന്റെ നന്മകളെ ഉൾക്കൊള്ളാനാണ് നാം ശ്രമിക്കേണ്ടത്. ഭ്രാമാത്മകമായ ചില ചിന്തകൾ നിങ്ങൾക്ക് പകർന്നു നൽകി സ്വന്തം സംസ്കാരത്തെകുറിച്ച് വിലകുറഞ്ഞ വീക്ഷണങ്ങൾ പകരുവാൻ ശ്രമിക്കുന്നവർ എന്താണ് ചെയ്യുന്നതെന്ന് സ്വയം വിലയിരുത്തുക.

Thursday, September 25, 2008

ചതുരങ്ങൾ കൊണ്ടൊരു വീട്“ചതുരങ്ങൾ കൊണ്ടൊരു വീട്“ എന്ന ആശയം വച്ച് ഒരു വീടൊരുക്കണം എന്ന ആഗ്രഹപ്രകാരം ഒരു സുഹ്രത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു ഡിസൈനാണിത്. കണ്ടുമടുത്ത ഓടുപതിച്ച ചരിച്ചുവാർക്കുന്ന മേൽക്കൂരക്കുപകരം “ഫ്ലാറ്റ് റൂഫ്” വ്യത്യസ്ഥ ലെവലുകളിൽ കൊടുക്കുവാൻ ഉദ്ദേശിക്കുന്നു.ഇതിനായിട്ടാണ് അവിടാവിടെ ചില കട്ടിങ്ങുകൾ കൊടുത്തിരിക്കുന്നത് .
കൂടുതൽ വിശദമായി പിന്നീട് എഴുതാം.


(ത്രിശൂരിലെ പ്രമുഖ ആർക്കിടെക്റ്റ് ലിജോയുടെ ഡിസൈനൂകൾ കണ്ടിട്ടാകണം ഇദ്ദേഹത്തിനു ഇങ്ങനെ ഒരു ആശയം ഉദിച്ചത്. ലിജോയുടെ ഡിസൈനുകൾ വളരെ അധികം ആകർഷകവും വേറിട്ടുനിൽക്കുന്നതുമാണെന്ന് എടുത്തുപറയേണ്ടതുതന്നെയാണ്. എന്നെ വളരെ അധികം ആകർഷിച്ചിട്ടുള്ള ഡിസൈനർ ആണ് ശ്രീമാൻ ലിജോ. മാന്യ വായനക്കാർ ഈ ഡിസൈനെ പക്ഷെ ബഹുമനപ്പെട്ട ലിജോയുടെ ഡിസൈനുമായി ഒരുനിലക്കും താരതമ്യം ചെയ്യരുത്. വളരെയധികം കഴിവുകൾ ഉള്ള താൻ ചെയ്യുന്ന ഡിസൈനുകളെ കുറിച്ച് വ്യക്തമായ ഉൾക്കാഴ്ചയുള്ള സംഗീതത്തെ സ്നേഹിക്കുകയും അതിനെ ഡിസൈനിൽ കൊണ്ടുവരുവാൻ ശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റിടണം എന്ന് ആഗ്രഹിച്ചു ഒരിക്കൽ നേരിൽ കണ്ടു സംസാരിച്ചിരുന്നു. പോസ്റ്റിനു അല്പം കൂടേ ഡീറ്റെയിത്സ് ഉണ്ടാക്കണം..അതിനാൽ അടുത്ത വെക്കേഷനിൽ ആകാം.)


Thursday, September 11, 2008

ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ

പൂക്കളങ്ങളും പൂവിളികളുമായി കഴിഞ്ഞുപോയ നല്ല നാളുകളുടെ ഓർമ്മകൾ പുതുക്കുന്ന ഈ വേളയിൽ ലോകമെങ്ങും ഉള്ള മലയാളീകൾക്ക് പാർപ്പിടത്തിന്റെ ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ.സുഖവും സ‌മ്രതിയും സന്തോഷവും നിറഞ്ഞ ആ നല്ലനാളുകൾ ആസുരമായ ഇന്നിന്റെ പൊള്ളുന്ന യാദാർഥ്യങ്ങളിൽ കുളിർമ്മ പകരട്ടെ.......

Sunday, August 31, 2008

മഴക്കാലത്ത്‌ വീടിനെ ശ്രദ്ദയോടെ പരിപാലിക്കുക.

ഇന്ന് കേരളത്തിലെ മിക്കവീടുകളും ഒരു "ഷെൽറ്ററിനു" കീഴിലാണ്‌.അതെ മഴപെയ്താൽ ചോരാതിരിക്കാൻ ഇന്ന് മിക്ക ടെറസ്സുവീടുകൾക്ക്‌ മുകളിലും ഒരു ടിൻ-അലുമിനിയം അല്ലെങ്കിൽ മറ്റു ഷീറ്റുകൾ ട്രെസ്സിൽ ഉറപ്പിച്ച്‌ നിർത്തിയിരിക്കുന്ന കാഴ്ച നമുക്ക്‌ കാണാനാകും.ലക്ഷങ്ങൾ ചിലവാക്കി പണിയുന്ന വീടിനു സംരക്ഷണം നൽകുവാൻ വീണ്ടും ആയിരങ്ങളും ലക്ഷങ്ങളും ചിലവിടേണ്ട അവസ്ഥയാണിന്ന്. എന്നാൽ അൽപം ശ്രദ്ധവെച്ചാൽ നമുക്ക്‌ ഇത്‌ ഒരു പരിധിവരെ ഒഴിവാക്കാവുന്നതേയുള്ളൂ. മഴക്കാലം മനുഷ്യർക്കെന്നപോലെ കെട്ടിടങ്ങൾക്കും "അസുഖം" വരുന്ന കാലമാണ്‌.പ്രധാനമായും ചോർച്ചയാണ്‌ വില്ലൻ കൂടാതെ മഴവെള്ളം ഒലിച്ചിറങ്ങി ചുവരുകൾ കേടുവരുന്നു, ചിതൽ ശല്യം ഉണ്ടാകുന്നു,പൂപ്പൽ കെട്ടി അതിൽ നിന്നും പുഴുക്കൾ വരുന്നു എന്നിങ്ങനെ നിരവധി "രോഗങ്ങൾ". മഴക്കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇതിനുള്ള പ്രതിവിധികൾ ആരംഭിക്കണം എന്നതാണ്‌ വാസ്തവം.വീടിന്റെ ആയുസ്സു നീട്ടിക്കിട്ടുവാൻ കൃത്യമായി മെയ്ന്റനൻസ്‌ നടത്തി സൂക്ഷിക്കുക എന്നതാണ്‌ പ്രധാനം.

മഴ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഡ്രൈൻ പൈപ്പുകൾ വൃത്തിയാക്കുക.അതിൽ അടിഞ്ഞിരിക്കുന്ന കരടുകളും ഇലകളും മറ്റും കളഞ്ഞ്‌ വെള്ളം ഒഴുകിപ്പോകുവാൻ ഉള്ള സൗകര്യം ഉണ്ടാക്കുക. ടെരസ്സിൽ നിന്നും വെള്ളം പെട്ടെന്നൊഴികിപ്പോകുവാൻ വേണ്ടി ആവശ്യത്തിനു പൈപ്പുകൾ സ്ഥാപിച്ചി ട്ടില്ലെങ്കിൽ അവ സ്ഥാപിക്കുക. പ്രത്യേകിച്ചും സൺഷേഡുകളിൽ. മറ്റൊന്ന് ഭിത്തിയിലും മറ്റും ഉള്ള വിള്ളലുകളിൽ വെള്ളം ഒലിച്ചിറങ്ങാതിരിക്കുവാൻ സിമന്റിട്ട്‌ അടക്കുക.ടെറസ്സിൽ ചെടിച്ചട്ടിയിലും മണൽ നിറച്ച ചാക്കുകളിലും കൃഷിചെയ്യുന്നവർ ഉണ്ട്‌.ഇങ്ങനെ ചെയ്യുന്നവർ വെള്ളം കെട്ടിനിൽക്കാതെ കൃത്യമായി ഒഴുകിപ്പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.ചട്ടികൾ ഇഷ്ടികകളിലോ മറ്റോ ടെറസ്സിൽ നിന്നും അൽപം പൊക്കി സ്ഥാപിക്കുന്നത്‌ നന്നായിരിക്കും.

ഓടുവീടുകൾ ആണെങ്കിൽ ഓടിനിടയിലെ വിടവുകൾ നികത്തുകയും മരഉരുപ്പടികളിൽ കശുവണ്ടിപ്പശയോ,കരിയോയിലോ (വണ്ടിയുടെ എഞ്ചിനിൽ നിന്നും ഒഴിവാക്കുന്ന) ഡീസലോ പുരട്ടുക.ചിതൽ ശല്യം ഒഴിവാക്കുവാൻ ഇതു നല്ലതാണ്‌. ടെറസ്സ്‌ ചോരുന്നത്‌ ഇന്ന് ഒരു സാധാരണ സംഭവം ആയിരിക്കുന്നു.സിമന്റിന്റേയും മറ്റു നിർമ്മാണ വസ്തുക്കളുടേയും ക്വാളിറ്റിയിൽ ഉണ്ടായ മാറ്റവും കോൺക്രീറ്റു ചെയ്യുമ്പോൾ ശരിയായ രീതിയിൽ കോമ്പാക്ഷൻ നടക്കാത്തതും സിമന്റ്‌ കോൺക്രീറ്റ്‌ മിശ്രിതം തയ്യാറാക്കുന്നതിലെ അപാകതയും എല്ലാം ചേരുമ്പോൾ വീടു ചോരുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു. കോൺക്രീറ്റ്‌ ഒരിക്കൽ ഉറച്ചുകഴിഞ്ഞാൽ മറ്റൊരു കൂട്ട്‌ കോൺക്രീറ്റുമായി ഒരിക്കലും ചേരില്ല.താൽക്കാലികമായി അങ്ങിനെ തോന്നിയാലും അത്‌ പിന്നീട്‌ വീണ്ടും വിള്ളൽ ഉണ്ടാക്കും.. എന്നാൽ നാട്ടിൽ ഇപ്പോൾ ധരാളം വാട്ടർ പ്രോ‍ൂഫിങ്ങ്‌ സംവിധാനങ്ങൾ ലഭ്യമാണ്‌. അനുയോജ്യമായത്‌ ഒരു വിധഗ്ദനായ എഞ്ചിനീയറുടേയോ അല്ലെങ്കിൽ ഈ രംഗത്തുപ്രവർത്തിക്കുന്ന മറ്റുള്ള വിദഗ്ദരുടേയോ ഉപദേശത്തിലും മേൽനോട്ടത്തിലും ചെയ്യുന്നത്‌ നന്നായിരിക്കും.പലപ്പോഴും പണിക്കാരുടെ ഉപദേശത്തിനു പുറകെ പോകുന്നത്‌ നഷ്ടം വരുത്തിവെക്കാൻ സാധ്യതയുണ്ട്‌.

മഴയുടെ ഇടവേളകളിൽ വെയിൽ സമയത്ത്‌ ടോയ്‌ലറ്റുകളിലെ വെന്റിലേറ്ററുകൾ തുറന്നിടുക. ടോയലറ്റുകളിൽ പൂപ്പൽ ഉണ്ടാകുവാനും അതിൽ നിന്നും പലതരത്തിൽ ഉള്ള അസുഖങ്ങൾ ഉണ്ടാകുവാനും ഉള്ള സാധ്യത ധാരാളമാണ്‌.കൂടാതെ ടോയ്‌ലറ്റുകളിൽ നിന്നും ഉള്ള മലിന ജലം കുടിവെള്ള ശ്രോതസ്സുകളിൽ കലരാതിരിക്കുവാൻ ശ്രദ്ധിക്കണം. മുറികളിലെ ജനലുകൾ ഈപ്പം മൂലം വീത്ത്‌ തുറക്കുവാൻ ബുദ്ധിമുട്ടായിരിക്കും എങ്കിലും വെയിൽ കാണുന്ന സമയത്ത്‌ അവയെ തുറന്നിടുക.മുറികളിൽ ശുദ്ധവായുകടക്കുന്നതിനും ഫംഗസ്സ്‌,ചിതൽ ശല്യം ഉണ്ടാകാതിരിക്കുന്നതിനും ഇത്‌ നല്ലതാണ്‌. സ്റ്റോർ മുറിയിൽ ഉള്ള അനാവശ്യമായ വസ്തുകക്കൾ അപ്പപ്പോൾ നീക്കം ചെയുക.ഇല്ലാത്തപക്ഷം അത്‌ മറ്റുള്ള ബക്ഷണ സാധനങ്ങളിലേക്കും ഫംഗസ്സ്‌ ബാധ പകരുന്നതിനു ഇടയാക്കും.

ഇലക്ട്രിക്ക്‌ ഫിറ്റിങ്ങുകളിലേക്ക്‌ മഴവെള്ളം ഒലിച്ചിറങ്ങുന്നുണ്ടെങ്കിൽ അത്‌ തടയുകയോ അല്ലാത്തപക്ഷം അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയോ ചെയ്യുക.രാത്രിയകാലങ്ങളിൽ ഇടിമിന്നൽ ഉണ്ടെങ്കിൽ ടിവിയുടേയും ടെലിഫോണിന്റേയും കേബിൾ കണക്ഷൻ വിടുത്തിയിടുന്നതും നല്ലതാണ്‌.

Wednesday, August 20, 2008

പൂർത്തിയാകുന്നവീട്‌.പാർപ്പിടത്തിൽ മുമ്പ്‌ പ്രസിദ്ധീകരിച്ചിരുന്ന ഒരു വീടിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഏകദേശം 106 ചതുരശ്രമീറ്റർ ഉള്ള ഈ വീടിന്റെ ചിലവ്‌ ഏകദേശം 7.65 ലക്ഷം രൂപയാണ്‌.(ചിത്രം അയച്ചുതന്നതിനു ശേഷമാണ്‌ നിർമ്മാണം പൂർത്തിയായത്‌). തറയിൽ ഇട്ടിരിക്കുന്നത്‌ വിക്ടിഫൈഡ്‌ ടെയിൽ( ചതുരശ്രയടിക്ക്‌ 40 രൂപ)ലും ടോയ്‌ലറ്റുകളിൽ ഏകദേശം 24 രൂപവരുന്ന ഫ്ലോർ ടെയിലും ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.സാധാരണ പെയ്റ്റിങ്ങ്‌ മാത്രമേ ചെയ്തിട്ടുള്ളൂ വാൾപുട്ടി ഇട്ടിട്ടില്ല. വാതിലിനും ജനലിനും മറ്റും കുന്നിവാക പിങ്കോട എന്നീ മരങ്ങൾ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. മഴവെള്ള സംഭരണിക്കും ഓവർഹെഡ്ഡ്‌ വാട്ടർ ടാങ്കിനും സിന്റെക്സിന്റെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും ടാങ്കുകൾ സ്ഥാപിച്ചു.നിലവാരം ഉള്ള കേബിൾ ഉപയോഗിച്ചുകൊണ്ടും എന്നാൽ അത്യാവശ്യത്തിനുമാത്രം പോയിന്റുനൽകിക്കൊണ്ടും വയറിങ്ങിൽ ചിലവു ചുരുക്കിയിട്ടുണ്ട്‌.തൃശ്ശൂർ ജില്ലയിലെ തീരദേശ വാസിയായ ഉദയകുമാറിന്റെ വീടാണിത്‌.കോർട്‌യാർഡ്‌ ഒഴിവാക്കി അവിടം സ്റ്റഡി ഏരിയാ അക്കിയിരിക്കുന്നു എന്നത്‌ മാത്രമാണ്‌ പ്ലാനിൽ നിന്നും വ്യത്യാസം വരുത്തിയിരിക്കുന്നത്‌. തൊഴിലാളികളുടെ സഹകരണവും ഈ വീടിന്റെ നിർമ്മാനപ്രവർത്തനത്തിൽ എടുത്തുപറയേണ്ട ഒരു ഘടകമാണ്‌. ജോലിസമയത്ത്‌ മൊബെയിൽഫോൺ ഉപയോഗിക്കുന്നതിൽ നിന്നും മേസ്തിരിയും എഞ്ചിനീയറും തൊഴിലാളികളെ കർശനമായി വിലക്കിയിരുന്നു.

Thursday, August 14, 2008

സ്വാതന്ത്ര ദിനാശംശ

വീണ്ടും ഒരു ഓഗസ്റ്റ്‌ പതിനഞ്ച്‌ വന്നെത്തിയിരിക്കുന്നു.പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ത്യാഗത്തിന്റെയും സഹനത്തിന്റേയും ഒടുവിൽ ലഭിച്ച സ്വാത്രന്ത്രത്തിന്റെ അന്ന് അഭിമാനപൂർവ്വം ത്രിവർണ്ണ പതാകയേന്തി ഭാരതത്തിന്റെ തെരുവുകളിൽ സ്വാതന്ത്രം ആഘോഷിച്ചവന്റെ സന്തോഷം, അത്‌ ഊഹിക്കുവാൻ പോലും കഴിയുന്നില്ല.

അന്ന് സ്വാതന്ത്രത്തിന്റെ ആദ്യപൊൻ പുലരി കണ്ടുണർന്ന ഭാരതീയന്റെ മനസ്സല്ല ഇന്നത്തെ കോടികൾകൊണ്ട്‌ ജനാതിപത്യത്തെ വിലക്കുവാങ്ങുന്നത്‌ ചാനലിൽ കണ്ടു രസിക്കുന്നവന്റെ മനസ്സ്‌.രക്തവും ജീവിതവും കൊടുത്ത്‌ ആ പോരാളികൾ നേടിത്തന്ന സ്വാതന്ത്രത്തെ കേവലം ചിലരുടേ നേട്ടങ്ങൾക്കായി വിറ്റുതുലക്കുമ്പോൾ നാം നിസ്സഹായരായി നോക്കി നിൽക്കുന്നു. പാളലമന്റിൽ കോടികൾകൊണ്ട്‌ അമ്മാനമാടി നേടിയ വിജയത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ ആണവക്കരാ‍ീൽ ഒപ്പിട്ടുകൊണ്ട്‌ അമേരിക്കക്ക്‌ വിധേയത്വം പ്രഖ്യാപിക്കുന്ന ഈ വേളയിൽ കുനിഞ്ഞ ശിരസ്സോടെ ഒരു നിസ്സഹായനായ ഭാരതീയന്റെ സ്വാതന്ത്ര ദിനാശംശകൾ. വീര സ്വാതന്ത്ര സേനാനികളേ അർഹതയില്ലെങ്കിലും ലജ്ജയോടെ അപേക്ഷിക്കുന്നു ഞങ്ങൾക്ക്‌ മാപ്പുതരിക.
വന്ദേ മാതരം..


(സ്വാതന്ത്ര സമരസേനാനികൾ അഭിമാനത്തോടെ മതവും ജാതിയും കുലവും നോക്കാതെ പട്ടിണിയും പീഠനങ്ങളും വകവെക്കാതെ ഉറച്ച ശബദത്തിൽ ചൊല്ലിയ വന്ദേ മാതരം പോലും ചൊല്ലുവാൻ ലജ്ജിക്കുന്ന ബൻസുകാറേൽ പറക്കുന്ന ഇന്നത്തെ വർഗ്ഗീയ പ്രമാണിമാർക്ക്‌ കഴിയാത്തത്‌ അന്യൻ ജീവിതം തുലച്ചുനേടിത്തന്ന സ്വാതന്ത്രത്തിന്റെ വില അറിയാത്തതുകൊണ്ടുമാത്രമാണ്‌)

Wednesday, July 30, 2008

ചലച്ചിത്രകാരൻ ഭരതന്‌ പാർപ്പിടത്തിന്റെ ഓർമ്മാഞ്ജലി.

പത്തുവർഷം മുമ്പ്‌ നമ്മെ വിട്ടുപോയ ചലച്ചിത്രകാരൻ ഭരതന്‌ പാർപ്പിടത്തിന്റെ ഓർമ്മാഞ്ജലി. ഭരതേട്ടൻ ഭാക്കിവെച്ചുപോയ ഒരു പിടി നല്ല ചിത്രങ്ങളും ചലച്ചിത്രകാവ്യങ്ങളും നമ്മുടെ ഓർമ്മകളിൽ എന്നും നല്ല മിഴിവുള്ള ചിത്രമായി അദ്ദേഹത്തെ നിലനിർത്തും. ഒരു പൂരക്കമ്പക്കാരനായ ഞാൻ ഇന്നും ഉത്രാളിപൂരത്തിനു പോകുമ്പോൽ എന്റെ കണ്ണുകൾ അറിയാതെ ആ താടിക്കാരനെ ആ പൂരക്കമ്പക്കാരനെ തിരയാറുണ്ട്‌

Saturday, July 19, 2008

പ്ലാൻ-26
ഭൂമിയുടെ വില അനുദിനം വർദ്ധിക്കുന്നതും വലിയ പ്ലോട്ടുകൾ ച്രുകഷ്ണങ്ങളായി മാറിയതും വീടുകളുടെ വലിപ്പത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു.ഇത്‌ ഡിസൈനേഴ്സിന്റെ ജോലിയും വർദ്ധിപ്പിച്ചിരിക്കുന്നു എന്നതാണ്‌ സത്യം.ക്ലൈന്റിനെ ആവശ്യങ്ങൾ പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ട്‌ ചെറിയ പ്ലോട്ടുകളിലെ വീടുകൾ ഡിസൈൻ ചെയ്യുക ജോലിയിൽ കൂടുതൽ സന്തോഷം തരുന്ന കാര്യമാണ്‌. അത്തരത്തിൽ ഇടുങ്ങിയ ഒരു പ്ലോട്ടിൽ ചെയ്ത ഒരു പ്ലാനാണീത്‌.നിർഭാഗ്യവശാൽ വാസ്തുവിദഗ്ദന്റെ കടുത്ത നിയമാവലികൾ അതിജീവിക്കുവാൻ ഈ പ്ലാനിനായില്ല.


ലിവിങ്ങ്‌ റൂമിൽ നിന്നും ഡൈനിങ്ങ്‌ റൂമിലേക്ക്‌ ആർചുകൂടാതെ രണ്ടു ചെറിയ ഓപ്പണിങ്ങുകൾ.(തഴെനിന്നും എഴുപത്തിയഞ്ച്‌ സെന്റീമീറ്റർ ഉയരത്തിൽ തുടങ്ങി രണ്ട്മീറ്റർ പത്തുസെന്റീമീറ്റർ വരെ പൊക്കത്തിൽ.)കെട്ടിയടച്ച ഒരു ഫീലിങ്ങ്‌ ഉണ്ടാകാത്രിക്കുവാൻ ആണിത്‌.ഡൈനിങ്ങ്‌ റൂമിൽ കെർവ്വ്‌ ആയിട്ടുള ചുമരിനോടുചെർന്ന് "ബിൽറ്റ്ൻ" ഇരിപ്പിടം ഒരുക്കിയിരിക്കുന്നു.അതിനു മുകൾ ഭാഗം ഡൈബിൽ ഹൈറ്റണ്‌.ഇത്‌ കൂടുതൽ വെളിചവും വായുവും പ്രധാനം ചെയ്യുന്നതുകൂടാതെ രണ്ടുനിലകളെയും തമ്മിൽ വേർത്തിരിക്കാതെ നിലനിർത്തുന്നു.ബെഡ്‌റൂമും അതിനോടുചേർന്ന് ഒരു ബാത്‌റൂമും കൊടുത്തിരിക്കുന്നു.സ്റ്റെയർക്കേസിനടിയിൽ ഒരു കോമൺ ടോയിലറ്റും കൊടുത്തിട്ടുണ്ട്‌.ഇതിന്റെ ഡോർ വേണമെങ്കിൽ പുറകൂവശത്തെ യൂടിലിറ്റിയിൽ നിന്നും ആക്കാവുന്നതാണ്‌.കിച്ചൺ ശ്രദ്ധിച്‌ ഡിസൈൻ ചെയ്താൽ ചെറുതാണെന്ന ഫീലിങ്ങ്‌ ഉണ്ടാകില്ല.സ്റ്റെയർക്കേസിനടിയിൽ വേണമെങ്കിൽ ടി.വി വെക്കാം. അപ്പോൾ ലിവിങ്ങ്‌ റൂമിൽ അടിഥികൾ ഉണ്ടെങ്കിൽ തന്നെ വീട്ടിലുള്ളവർക്ക്‌ ഡൈനിംഗ്‌ ഏരിയായിൽ ഇരുന്നു ടിവികാണാം.സ്റ്റെയർക്കേസ്‌ കയറി ചെല്ലുന്നത്‌ അപ്പർ ലിവിങ്ങിലേക്കാണ്‌.അവിടെ ഇരിക്കുവാൻ ഉള്ള സൗകര്യം ഒരുക്കാം.കൂടാതെ ഇവിടെ ഒരു ഊഞ്ഞാൽ ഇടുന്നതിനു റൂഫിൽ കൊളുത്തുകൾ ഇടുന്നത്‌ നല്ലതാണ്‌. മുകൾ നിലയിൽ ഒരു മാസ്റ്റർബെഡ്‌റൂമും കുട്ടികളുടെ മുറിയും ആണുള്ളത്‌.ഇതിനു രണ്ടിനും പൊതുവായി ഒരു ബാത്‌റൂം ആണ്‌ നൽകിയിരിക്കുന്നത്‌.മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും രണ്ടു ചെറിയ വിന്റോകൾ അകത്തെ ഡബിൾ ഹൈറ്റിലേക്ക്‌ കൊടുത്തിരിക്കുന്നു.ഇതു തുറന്നാൽ തഴെ ഡൈനിങ്ങ്‌ റൂം കാണാം. മുന്വശത്ത്‌ ഒരു ബാൽക്കണിയൂം പുറകുവശത്ത്‌ ഒരു ഓപ്പൺ ടെറസ്സും ഉണ്ട്‌.

Wednesday, July 02, 2008

മഴവെള്ളം സംഭരിക്കുക.

ഈ വര്‍ഷം അല്‍പം കുറവാണെങ്കിലും പൊതുവെ നല്ല മഴലഭിക്കുന്ന സംസ്ഥാനമാണല്ലോ കേരളം.എന്നാല്‍ അതുപോലെ തന്നെ ചില വര്‍ഷങ്ങളില്‍ കേരളം കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കാറുമുണ്ട്‌.ഒന്നുമനസ്സുവെച്ചാല്‍ നാം പാഴാക്കിക്കളയുന്ന മഴവെള്ളം സംഭരിച്ച്‌ ഒരുപരിധിവരെ ഈ പ്രശ്നം ഒഴിവാക്കാവുന്നതേ ഉള്ളൂ. കെട്ടിടനിര്‍മ്മാണചട്ടം അനുസരിച്ച്‌ കേരളത്തില്‍ പുതുതായി പണിയുന്ന (നൂറു ചതുരശ്രമീറ്ററില്‍ കൂടുതല്‍ പ്ളിന്ത്‌ ഏരിയ ഉള്ള) കെട്ടിടങ്ങള്‍ക്കെല്ലാം മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.ഇതു കൂടി ഉണ്ടെങ്കില്‍ മാത്രമേ കെട്ടിടത്തിനു നമ്പര്‍ അനുവദിക്കൂ എന്നാണ്‌ പറയുന്നത്‌ എങ്കിലും പലപ്പോഴും ഇതു പാലിക്കപ്പെടുന്നില്ല എന്നതാണ്‌ സത്യം.ലക്ഷങ്ങള്‍ മുടക്കി വീടുനിര്‍മ്മിക്കുന്നവര്‍ പോലും അതിണ്റ്റെ കൂടെ അല്‍പംകൂടെ പണം ചിലവാക്കി ഒരു മഴവെള്ള സംഭരണി നിര്‍മ്മിക്കുവാന്‍ എന്തുകൊണ്ടോ മടികാണിക്കുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ക്കശനിലപാടെടുത്ത്‌ ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തണം.

മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ശേഖരിച്ചു പൈപ്പുവഴി താഴെ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണ ടാങ്കിലേക്ക്‌ എത്തിക്കുന്ന ലളിതമായ ഒരു സംഗതിയാണിത്‌.പൈപ്പില്‍ ഒരു ഫില്‍റ്ററും ആദ്യം പെയ്യുന്ന മഴവെള്ളം ഒഴിവാക്കുവാന്‍ ഒരു ടാപ്പും ,മഴവെള്ളസംഭരണി നിറഞ്ഞാല്‍ വെള്ളം പുറത്തുപോകുവാന്‍ ഒരു "ഓവര്‍ഫ്ളോ പൈപ്പും" സ്ഥാപിക്കണം.ഫെറോസിമെണ്റ്റില്‍ നിര്‍മ്മിച്ചതോ അല്ലെങ്കില്‍ റെഡിമെയ്ഡായി വാങ്ങാന്‍ ലഭിക്കുന്ന "പ്ളസ്റ്റിക്‌" ടാങ്കിലോ മഴവെള്ളം ശേഖരിക്കാവുന്നതാണ്‌.ഇത്തരം സംഭരണികള്‍ക്ക്‌ നിര്‍ബന്ധമായും അടപ്പുണ്ടായിരിക്കണം. സൂര്യപ്രകാശം നേരിട്ട്‌ പതിക്കാതിരിക്കാനും പക്ഷികള്‍ കാഷ്ടിക്കാതിരിക്കാനും മറ്റു രീതിയില്‍ ഉള്ള പൊടിപടലങ്ങളോ കരടോ വീഴാതിരിക്കാനും ഇത്‌ ഉപകരിക്കും.ഇത്തരത്തില്‍ ശേഖരിക്കുന്ന വെള്ളം ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കും. കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഇത്‌ ഉപയോഗിക്കാവുന്നതാണ്‌.

കേരളം അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മാര്‍ച്ചുമുതല്‍ മെയ്‌ അവസാനം വരെയുള്ള കാലയളവില്‍ ചുരുങ്ങിയ പക്ഷം കുടിക്കാനെങ്കിലും ഈ വെള്ളം ഉപയോഗപ്പെടും.ടാങ്കറില്‍ കൊണ്ടുവരുന്ന വെള്ളവും ബോട്ടിലില്‍ നിറച്ച വെള്ളം വാങ്ങിക്കുന്നതിലും ആദായകരവും ആരോഗ്യകരവും ഈ വെള്ളം തന്നെ ആയിരിക്കും.

Thursday, March 27, 2008

മൂന്നുസെന്റില്‍ ഒരു വീട്‌.


മൂന്നുസെന്റ്‌ സ്ഥലത്ത്‌ സൗകര്യങ്ങളോടുകൂടിയ ഒരു വീട്‌ നിര്‍മ്മിക്കുക എന്നത്‌ പണ്ട്‌ ആലോചിക്കുവാന്‍ പോലും കഴിയില്ലായിരുന്നു.അന്ന് ധാരാളം ഭൂമി ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ഭൂമി വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ "പൊന്നിന്‍" വിലകൊടുത്ത്‌ ഭൂമി വാങ്ങി വീടുവെക്കുക ശരാശരിമലയാളിയെ സംബന്ധിച്ച്‌ വളരെയധികം ബുദ്ധിമുട്ടുള്ളകാര്യമാണ്‌.എന്റെ ഒരു സുഹൃത്തിനുവേണ്ടി തയ്യാറാക്കിയപ്ലാനാണിത്‌.
താഴെ ഒരു അറ്റാച്ച്ഡ്‌ കിടപ്പുമുറിയും ഡൈനിങ്ങും കിച്ചണും ചെറിയ പോര്‍ച്ചുമ്മെല്ലാമുള്‍പ്പെടെ 871 ചതുരശ്രയടി ഏരിയായാണുവരുന്നത്‌.കിച്ചണില്‍ അത്യാവശ്യം സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഡോറിനു പുറകിലായി ചെറിയ ഒരു സ്റ്റോറേജ്‌ ഏരിയ കൊടുത്തിരിക്കുന്നു.ജോലിക്കിടെ ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുവാന്‍ അവിടെ ഒരു ചെറിയ സീറ്റിങ്ങ്‌ അറേഞ്ച്മെന്റും നല്‍കാം. ഇതിനടിയില്‍ സ്റ്റോറേജ്‌ ഏരിയായും ഉണ്ടാക്കാം. വര്‍ക്ക്‌ ഏരിയായില്‍ ഒരു റ്റോയ്‌ലറ്റ്‌ ശരിക്കുപറഞ്ഞാല്‍ ഈ വീടിനെ സംബന്ധിച്ച്‌ അനാവശ്യമാണ്‌.എങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി അതു നല്‍കിയിരിക്കുന്നു.(മിക്കവീടുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴും വീട്ടില്‍ വല്ലപ്പോഴും വരുന്ന അദിഥികള്‍ക്ക്‌ അല്ലെങ്കില്‍ ജോലിക്കുവരുന്നവര്‍ക്ക്‌ ഒരു ടോയലറ്റ്‌ എന്ന് പറഞ്ഞ്‌ ഉള്‍പ്പെടുത്താറുണ്ട്‌. വ്യക്തിപരമായ അഭിപ്രായം അനുസരിച്ച്‌ ചെറിയവീടുകളില്‍ ഇതൊരു അനാവശ്യമാണെന്നേ ഞാന്‍ പറയൂ.)
സ്റ്റെയര്‍കേസിന്റെ അടിഭാഗത്ത്‌ ടി.വി വെക്കുവാന്‍ അനുയോജ്യമാണ്‌.മുകള്‍ നിലയിലേക്ക്‌ കയറുമ്പോള്‍ പന്ത്രണ്ടാമത്തെ സ്റ്റെപ്പില്‍ നിന്നും പോര്‍ച്ചിന്റെ മുകളിലേക്ക്‌ ഒരു ഡോര്‍ കൊടുത്തിരിക്കുന്നു.ഇതാണ്‌ ഈ വീടിന്റെ ബാല്‍ക്കണി.
മുകളില്‍ കുടുബാംഗങ്ങള്‍ക്ക്‌ ഒത്തുകൂടുവാനും സംഗീതമാസ്വദിക്കുവാനും മറ്റും ഒരു ഹാള്‍ കൊടുത്തിരിക്കുന്നു. അതില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നാല്‍ ടെറസ്സ്‌ ഗാര്‍ഡന്‍ ആയി.താഴെ സ്ഥലം ഇല്ലാത്തതിനാല്‍ ഇവിടെ ചെടികള്‍ ചട്ടികളിലാക്കി വെക്കാം. അടിഭാഗത്ത്‌ പ്ലാസ്റ്റിക്ക്‌ പാത്രങ്ങളോ മറ്റൊ വച്ച്‌ ചട്ടികളുടെ അടിഭാഗത്തുനിന്നും വെള്ളം ഇറങ്ങി ടെറസ്സില്‍ സദാ ഈര്‍പ്പം നിലനില്‍ക്കുന്നത്‌ തടയണം എന്ന് മാത്രം. വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളുവാന്‍ ഊഞ്ഞാലോ, ബില്‍റ്റിന്‍ ബഞ്ചോ മറ്റൊ കൊടുത്ത്‌ സൗകര്യം ഒരുക്കാവുന്നതാണ്‌.മുകളിലെ കിടപ്പുമുറികളില്‍ ഒന്ന് താഴത്തെ സിറ്റ്‌ ഓട്ട്‌ ഏരിയായുടെ മുകള്‍ഭാഗം കൂടെ ചേര്‍ത്ത്‌ വതുാക്കി എടുത്തിരിക്കുന്നു. മുകളിലെ രണ്ടു ബെഡ്രൂമുകള്‍ക്കും മധ്യെ ഉള്ള ടോയറ്റ്‌ കോമണ്‍ ആക്കിയാല്‍ മുകളിലെ ഒരു ടോയ്‌ലറ്റ്‌ ഒഴിവാക്കാം.ടോയ്‌ലറ്റിന്റെ എണ്ണം കുറയും മ്പോള്‍ നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം.താഴെയും മുകളിലും ആയി 871+68=1559 ചതുരശ്രയടി വിസ്തീര്‍ണ്ണമാണ്‌ ഈ വീടിനുള്ളത്‌.
NB: വാസ്തു അളവുകള്‍ അനുസരിച്ചല്ല ഈ വീടിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്‌.

Thursday, March 06, 2008

unnipengat
This is not for other bloggers.
ഏങ്ങണ്ടിയൂര്‍ എന്ന സ്ഥലത്ത്‌ മി.ഉണ്ണികൃഷ്ണന്റെ വീടിന്റെ പ്ലാനാണിത്‌. ഏരിയ കുറക്കുവാനും വാസ്തുവില്‍ അളവുകള്‍ നിര്‍ത്തുവാനും ചെയ്ത ചില അഡ്ജസ്റ്റുമെന്റുകള്‍ കൊണ്ട്‌ പ്ലാനില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്‌.

Saturday, March 01, 2008

പാര്‍പ്പിടത്തിന്റെ ഡിസൈനിങ്ങില്‍ വില്ലാപ്രോജക്ട്‌.കേരളത്തിലെ വില്ലാപ്രോജക്ടുകള്‍ ഇന്ന് റെഡിറ്റു ലിവ്‌ എന്ന സങ്കല്‍പ്പത്തിലേക്ക്‌ മാറിയിരിക്കുകയാണല്ലോ.കട്ടിലും മേശയും കബോഡും കിച്ചണ്‍ കാമ്പിനറ്റും ഡൈനിങ്ങ്‌ ടേബിളും തുടങ്ങി ലിവിങ്ങ്‌ റൂമിലെ ഇരിപ്പിടം വരെ തയ്യാറാക്കിയതിനു ശേഷമേ ഈ വീട്‌ വില്‍ക്കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ താമസക്കാര്‍ വന്ന് പാലുകാച്ചുകയേവേണ്ടൂ എന്ന് വേണമെങ്കില്‍ പറയാവുന്ന അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു ഈ രംഗത്തെ വളര്‍ച്ച.പ്രവാസികളും കേരളത്തില്‍ ഉള്ള ചിലരും ചേര്‍ന്ന് ഇത്തരത്തില്‍ ഉള്ള ഒരു പ്രൊകടിനെ കുറിച്ച്‌ സംസാരിക്കുകയും ഈ ആശയവുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവര്‍ക്കായി പാര്‍പ്പിടം ചില ഡിസൈനുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌.ഈ പ്രൊജക്ടിലെ ഓരോ വീടും വ്യത്യസ്ഥം ആകണം എന്നാണ്‌ എന്റെ ആഗ്രഹം എങ്കിലും നിര്‍മ്മാണത്തിന്റെ സൗകര്യത്തിനും മറ്റുമായി മൂന്നോ നാലോ ടൈപ്പ്‌ വില്ലകള്‍ ആയിരിക്കും ഇതില്‍ ഉണ്ടാകുക. ഓടുപതിച്ച്‌ ചരിച്ചുവാര്‍ക്കുന്ന റൂഫ്‌ എന്ന ആശയത്തോട്‌ വ്യക്തിപരമായി വിയോജിപ്പുണ്ടെങ്കിലും ഒരു കൊമേഴ്സ്യല്‍ പ്രോജക്ടെന്ന നിലയില്‍ ക്ലൈന്റിനു എത്രയും കൂടുതല്‍ വിപണന മൂല്യം ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ഇതിലെ ഓരോ വീടും ചെയ്യുന്നത്‌.നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അനൗണ്‍സ്‌ ചെയ്യുന്ന വില്ലാ പ്രോജക്ടുകളില്‍ ഭൂരിപക്ഷവും ഓടുപതിച്ച മേല്‍ക്കൂരയോടുകൂടിയവയാണ്‌. ഇതിന്റെ ഒരു കാരണം ചരിച്ചുവാര്‍ത്താല്‍ ചോരുകയില്ല എന്ന് സാധാരണക്കാരിലും ഇടത്തരക്കാരിലും ഉള്ള തെറ്റിദ്ധാരണയും മറ്റൊന്ന് ബ്രോഷറില്‍ പ്രിന്റുചെയ്യുമ്പോഴും നേരില്‍ കാണുമ്പോഴും ഓടുവച്ച ഭാഗത്തിനു ബ്രിക്ക്‌ റെഡ്‌/ഓറഞ്ച്‌ നിറം കൊടുത്താല്‍ ഒറ്റനോട്ടത്തില്‍ കിട്ടുന്ന ആകര്‍ഷകത്വവും ആണ്‌.ഇവിടെ കൊടുത്തിരിക്കുന്ന വില്ലയുടെ ഗ്രൗണ്ട്‌ ഫ്ലോറിന്‌ 1258 ചതുരശ്രയടി വിസ്തീര്‍ണ്ണമാണുള്ളത്‌.കൂടാതെ ഫസ്റ്റ്‌ ഫ്ലോറില്‍ ബാല്‍ക്കണിയടക്കം 510 ചതുരശ്രയടിയും.ഈ വീടിന്റെ ഒരു പ്രത്യേകത കിഴക്കോട്ടും തെക്കോട്ടും "എലിവേഷന്‍" ഉണ്ടെന്നതാണ്‌.(സാങ്കേതികമായി പറയുമ്പോള്‍ എല്ലാവശത്തേക്കും എലിവേഷന്‍ ഉണ്ട്‌ എന്നാല്‍ ആളുകള്‍ പെട്ടെന്നുകാണുന്ന ഭാഗം എന്നാണ്‌ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്‌)ചാരുപടിയോടുകൂടിയ സിറ്റൗട്ടും അടുക്കളയിലേക്ക്‌ പോര്‍ച്ചില്‍നിന്നും എളുപ്പത്തില്‍ കടക്കാം എന്നതും മറ്റൊരു പ്രത്യേകതയാണെന്ന് പറയാം.പൂര്‍ണ്ണമായും സ്വകാര്യത ഉറപ്പുവര്‍ത്തിക്കൊണ്ടാണ്‌ ബെഡ്രൂമുകള്‍ ഒരുക്കിയിരിക്കുന്നത്‌.ഇനിയും വേണമെങ്കില്‍ ഒന്നോ രണ്ടോ ബെഡ്രൂമുകള്‍ മുകളില്‍ കൂട്ടിച്ചേര്‍ക്കുകയും ആകാം.മൊത്ത 1768 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വില്ലക്ക്‌ ഏകദേശം പതിനാല്‌ ലക്ഷം രൂപയാണ്‌ നിര്‍മ്മാണചിലവു ഉദ്ദേശിക്കുന്നത്‌.(സാധാരണക്കാര്‍ വീടുനിര്‍മ്മിക്കുമ്പോള്‍ ഏകദേശം അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഈ വീടിന്റെ നിര്‍മ്മാണത്തിനു അധികം ചിലവിടേണ്ടിവരും) ഇന്റീരിയറിന്‌ ഒന്നര ലക്ഷം രൂപയും. സെന്റിന്‌ ഇന്നത്തെ നിലവാരമനുസരിച്ച്‌ ഒരുലക്ഷം രൂപവിലയുള്ള ആറുസെന്റ്‌ സ്ഥലത്ത്‌ പണിപൂര്‍ത്തിയാക്കി വില്‍പനക്ക്‌ തയ്യാറാകുമ്പോള്‍ ഈ വീടിന്റെവില ഇരുപത്തിനാലുമുതല്‍ ഇരുപത്തി ഏഴുലക്ഷം രൂപവരെ ആയേക്കാം.വ്യക്തിപരമായ കാരണങ്ങളാല്‍ ഈ പ്രോജക്ട്‌ എവിടെ വരുന്നു എന്നുള്ളത്‌ തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല.


പാര്‍പ്പിടത്തെ ഇതുവരെ പ്ലാനുകള്‍ വില്‍ക്കുവാനുള്ള ഒരു ഉപാധിയായി മാറ്റിയിട്ടില്ല. നല്ലവരായ പല വായനക്കാരും പ്ലാനുകള്‍ അയച്ചുതരുവാന്‍ എഴുതാറുണ്ട്‌ പറ്റുന്ന രീതിയില്‍ ചെയ്തുകൊടുക്കാറുമുണ്ട്‌.സമയക്കുറവുകൊണ്ട്‌ പലപ്പോഴും മറുപടി വൈകുക പതിവായിരിക്കുന്നു ദയവായി ക്ഷമിക്കുക..

പ്ലാന്‍-25
ചെറിയ വീടുകള്‍ അല്ലെങ്കില്‍ ചെറിയ സ്ഥലത്തെ വീടുകള്‍ ഇന്ന് ധാരാളമായി നിര്‍മ്മിക്കപ്പെടുന്നു.വലിയ വീടുകള്‍ കണ്ട്‌ ബാങ്കില്‍ നിന്നും ലോണെടുത്ത്‌ അത്തരം വീടുകള്‍ നിര്‍മ്മിക്കാന്‍ മുതിരുന്ന ഇടത്തരക്കാര്‍ ഒത്തിരി ഉണ്ടെങ്കിലും പ്രായോഗികമായി ചിന്തിക്കുന്നവരുടെ എണ്ണം ഒരു ഭാഗത്ത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്‌ എന്നതാണ്‌ സത്യം. നിര്‍മ്മാണവസ്തുക്കളുടെ വില വര്‍ദ്ധിച്ചതും ഭൂമിയുടെ ലഭ്യതക്കുറവും ചെറിയ വീടുകള്‍ നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമാണ്‌.ടിവി സ്ക്രീനില്‍ തെളിയുന്ന പാര്‍പ്പിട വിസ്മയങ്ങള്‍ക്ക്‌ പുറകെ പായാതെ അവനവന്റെ ആവശ്യങ്ങളെ മനസ്സിലാക്കി അനാവശ്യമായ സാമ്പത്തിക ബാധ്യത തലയില്‍ ഏറ്റാതെ വീടുവെക്കുക എന്നതാണ്‌ ബുദ്ധി.


റെജില്‍ എന്ന സുഹൃത്തിനു വേണ്ടി നിര്‍മ്മിക്കുന്ന വീടിന്റെ പ്ലാനാണിത്‌.വീതികുറഞ്ഞ ഒരു പ്ലോട്ടാണിത്‌. 1062 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്‌ ഇതിന്റെ ഗ്രൗണ്ട്‌ ഫ്ലോറിന്‌.കാര്‍പോര്‍ച്ച്‌ തല്‍ക്കാലം ഒഴിവാക്കിയിരിക്കുന്നു. ആവശ്യമെങ്കില്‍ ട്രസ്സ്‌ ഉപയോഗിച്ച്‌ മതിലിനോടുചേര്‍ന്ന് നിര്‍മ്മിക്കാം എന്നതാണ്‌ കക്ഷിയുടെ അഭിപ്രായം.സ്റ്റോര്‍ റൂം ഒഴിവാക്കി കിച്ചണില്‍ സാധനങ്ങള്‍ സ്റ്റോറുചെയ്യുവാന്‍ ഒരു ചെറിയ ഏരിയ ഉണ്ടാക്കിയിരിക്കുന്നു.ഇന്നത്തെ വീടുകളില്‍ സ്റ്റോര്‍ റൂം എന്നത്‌ അത്യാവശ്യമില്ലാത്ത ഒരു ഘടകമാണ്‌.(ചിലര്‍ക്കിപ്പോഴും അത്‌ ടോയലറ്റുപോലെ ഒരു നിര്‍ബന്ധഘടകം ആണെന്നത്‌ സമ്മതിക്കുന്നു).


പ്ലോട്ടിന്റെ ചില പ്രത്യേകതകള്‍ കണക്കിലെടുത്ത്‌ (വീട്ടിലേക്കുള്ള വഴി അടുത്തവീടിന്റെ സ്ഥാനം) കിച്ചണ്‍ വടക്ക്‌ പടിഞ്ഞാറുഭാഗത്താണ്‌ കൊടുത്തിരിക്കുന്നത്‌.വര്‍ക്ക്‌ ഏരിയായില്‍ പുകയുള്ള അടുപ്പും അതിന്റെ ചിമ്മിനിയും ക്രമീകരിച്ചിരിക്കുന്നു.മാസ്റ്റര്‍ ബെഡ്രൂമില്‍ ഒരു ബില്‍റ്റിന്‍ കബോഡ്‌ കൊടുത്തിരിക്കുന്നു. കബോഡിനും വാതിലിനും ഇടയില്‍ ഒരു 15 സെന്റീമീറ്റര്‍ ഗ്യാപ്‌ കൊടുക്കണം. ഇല്ലെങ്കില്‍ വാതിലുകള്‍ പരസ്പരം കൂട്ടിമുട്ടുവാനുള്ള സാധ്യതയുണ്ട്‌.വര്‍ഡ്‌ റോബിന്റെ ഒരു ഭാഗത്തെ ബെഡ്രൂമിന്റെ വാതില്‍ തുറന്നിടുമ്പോള്‍ മറക്കുന്നുണ്ട്‌.ഈ ഭാഗത്ത്‌ അത്യാവശ്യം ഇല്ലാത്ത വസ്ത്രങ്ങള്‍ വെക്കുന്നതാണ്‌ സൗകര്യം.ഡൈനിങ്ങ്‌ ഏരിയായില്‍ വാഷ്ബേസിന്‍ കൊടുത്തിരിക്കുന്നു.


സ്റ്റെയര്‍ കേസിന്റെ അടിഭാഗം പതിനഞ്ചുസെന്റീമീറ്റര്‍ താഴ്ത്തിയാണ്‌ ഫ്ലോര്‍ ചെയ്യുന്നത്‌. ഇവിടെ തയ്യല്‍മെഷീനും ഇസ്തിരിയിടുവാനും ഉള്ള സൗകര്യവും ഒരുക്കാം.കയറിവരുമ്പോള്‍ സ്റ്റെയര്‍കേസ്‌ കാണുമെന്ന് വാസ്തുവിദഗ്ദനും ചില സുഹൃത്തുക്കളും പറയുകയുണ്ടായി. ലിവിങ്ങില്‍ നിന്നും ഉള്ള ആര്‍ച്ചിനു പുറകിലായി ഒരു കര്‍ട്ടന്‍ സ്ഥാപിച്ച്‌ ആ വിഷയം ഒഴിവാക്കാം.സ്റ്റെയര്‍ റൂമിന്റെ പൊക്കം 270 സെന്റീമീറ്റര്‍ ആണ്‌.മുകളില്‍ മുറികള്‍ എടുക്കുന്ന സമയത്ത്‌ ഇതിനു മുകളിലേക്ക്‌ 30 സെന്റീമീറ്റര്‍ ഉയരത്തില്‍ ബ്രിക്ക്‌ കെട്ടി അതിനു മുകളില്‍ റൂഫ്‌ വാര്‍ക്കാം. നിലവിലുള്ള കോണ്‍ക്രീറ്റ്‌ കുത്തിപ്പൊളിച്ച്‌ അതിനോട്‌ ജോയന്റ്‌ ചെയ്തു വാര്‍ക്കുന്നത്‌ ചോര്‍ച്ചക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌-13 ന്‌.

തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറുഭാഗം വലപ്പാടുമുതല്‍ ചേറ്റുവ വരെ അറിയപ്പെടുന്നത്‌ മണപ്പുറം എന്നാണ്‌. മണപ്പുറത്തെ ഏറ്റവും വലിയ ഉത്സവം ആയ ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌ 13 ന്‌ ആണ്‌.വാടാനപ്പള്ളിയില്‍ നിന്നും കഷ്ടിച്ച്‌ മൂന്നുകിലോമീറ്റര്‍ വടക്കുമാറി ഈസ്റ്റ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ചെറിയ ക്ഷേത്രത്തില്‍ ഉത്സവത്തിനു എത്തുന്നത്‌ ആയിരങ്ങളാണ്‌.ജില്ലയിലെ അറിയപ്പെടുന്ന മല്‍സരപ്പൂരമായ ആയിരംകണ്ണിയില്‍ നാല്‍പതിലധികമാനകള്‍പങ്കെടുക്കാറുണ്ടെങ്കിലും അധികൃതരുടെ കര്‍ശനനിര്‍ദ്ദേശത്തെതുടര്‍ന്ന് ഇത്തവണ പകല്‍പ്പൂരത്തിനു അണിനിരക്കുന്നത്‌ മുപ്പത്തിമൂന്ന് ഗജവീരന്മാരായിരിക്കും.വഴിപാടുപൂരങ്ങള്‍ രാവിലെ എട്ടുമുതല്‍ പതിനൊന്നുമണിവരെ ആയിരിക്കും ഉണ്ടാകുകതിടമ്പ്‌ തലയെടുപ്പിന്റെയും ആനയഴകിന്റേയും കേരളത്തിലെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഉറപ്പിച്ചുകഴിഞ്ഞു..പൊക്കുളങ്ങര്‍ ഉത്സവം മാര്‍ച്ച്‌ 12ന്‌. നാഷ്ണല്‍ ഹൈവേ 17 ല്‍ വാടാനപ്പള്ളിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പൊക്കുളങ്ങര ഉത്സവം മല്‍സരപ്പൂരത്തിന്റെ മറ്റൊരു വേദിയാണ്‌. ഇവിടെയുംതിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. കൂടുതല്‍ വിശേഷങ്ങള്‍http://www. darppanam.blogspot.com

E-pathram

ePathram.com