Tuesday, May 22, 2007

തുറന്ന മനസ്സുള്ള ഒരു വീട്‌


"തുറന്ന മനസ്സുള്ള ഒരു വീട്‌" തന്റെ വീടിനെക്കുറിച്ച്‌ അനസ്തേഷ്യാ വിദഗ്ദനായ ഡോക്ടര്‍ ജോയിയുടെ ഒറ്റവാക്കിലുള്ള മറുപടി.

"കുടുമ്പാംഗങ്ങളായാലും അദിഥികളായാലും ഒരിക്കലും ഈ വീട്ടില്‍ ഒറ്റപ്പെടരുത്‌.ഇന്ന് പലയിടത്തും സംഭവിക്കുന്നത്‌ മാതാപിതാക്കളും മക്കളും പേരമക്കളും എല്ലാം ഒരു കൂരക്കു കീഴിലെ "തുരുത്തുകളില്‍" ആണ്‌.കെട്ടുകാഴ്ചകള്‍ക്കും ആര്‍ഭാടങ്ങള്‍ക്കല്ല സൗകര്യങ്ങള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്‌."

സ്വന്തമായി ഒരു വീടെന്ന ചിന്ത തുടങ്ങിയപ്പോള്‍ ഡോക്ടര്‍ ജോയി ആദ്യമായി ചെയ്തത്‌ തനിക്കിഷ്ടപ്പെട്ട പല വീടുകളുടേയും പ്ലാന്‍ പരിശോധിക്കുകയും അതില്‍ താമസിക്കുന്നവരുമായി ആശയവിനിമയം നടത്തുകയും ആയിരുന്നു.ഇതില്‍ നിന്നും ഓരോ വീടിന്റേയും നല്ലതും മോശമായതുമായ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു.. കൂടാതെ പുസ്തകങ്ങളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തന്റെ വീടിനെക്കുറിച്ച്‌ വ്യക്തമായ ഒരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഒരു പ്ലാന്‍ തയ്യാറാക്കിയെങ്കിലും അനുയോജ്യമായ ഒരു സ്ഥലം ലഭിക്കാത്തതിനാല്‍ അതു മറ്റി പിന്നീട്‌ തനിക്ക്‌ ലഭിച്ച സ്ഥലത്തിനനുസൃതമാക്കി മാറ്റി.

തന്റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കണക്കിലെടുത്തുകൊണ്ട്‌ സങ്കല്‍പ്പത്തിലെ വീട്‌ അദ്ദേഹം തന്നെ വരച്ചുണ്ടാക്കി."ആദ്യം ഓരോമുറികളുടെ സ്ഥാനവും അളവുകളും പിന്നീട്‌ അതിനകത്തെ ഫര്‍ണ്ണീച്ചറുകളുടെ എണ്ണം വലിപ്പം തുടങ്ങിയവയും തയ്യാറാക്കി.അല്‍പ്പം സമയം കൂടുതല്‍ എടുത്തുവെങ്കിലും എല്ലാം എന്റെ ഇഷ്ടാനുസരണം ക്രമീകരിക്കുവാന്‍ സാധിച്ചു.മറ്റൊരു കാര്യം ശ്രദ്ധിച്ചത്‌ മുറികള്‍ തമ്മില്‍ പരമാവധി ദൂരം കുറക്കാനാണ്‌"

എന്തുകൊണ്ട്‌ ഒരു ഡിസൈനറെ സമീപിച്ചില്ല എന്ന ചോദ്യത്തിന്‌."എന്റെ സങ്കല്‍പ്പത്തിലെ വീടിന്റെ പ്ലാന്‍ സ്വന്തമായിതന്നെ തയ്യാറാക്കി.പിന്നീട്‌ എനിക്ക്‌ വേണ്ടിയിരുന്നത്‌ അതിനു ഒരു എലിവേഷനും ഒരു വീടുനിര്‍മ്മിക്കുവാന്‍ ആവശ്യമായ "ടെക്നിക്കല്‍" ഉപദേശങ്ങള്‍ ആയിരുന്നു. അതിനായി ഒരു വിദഗ്ദനെ സമീപിച്ചുവെങ്കിലും തിരക്കുമൂലം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിച്ചില്ല."തുടര്‍ന്ന് സ്വന്തമായിതന്നെ വീടിന്റെ മേല്‍നോട്ടം നിര്‍വഹിക്കുകയായിരുന്നു.

"ഒരു വിദഗ്ദന്റെ ഉപദേശമില്ലാതെ പൂര്‍ണ്ണമായും സ്വന്തമായി ഡിസൈന്‍ ചെയ്യുമ്പോള്‍ ചില പരിമിതികള്‍ ഇല്ലെ?""തീര്‍ച്ചയായും അതിന്റെ ചില പോരായമകള്‍ എലിവേഷനിലും മറ്റും കാണാം"

വീട്ടില്‍ ഓപ്പണ്‍കിച്ചന്‍ കൊടുത്തതിനെക്കുറിച്ചും ഡോക്ടര്‍ ജോയിക്ക്‌ വ്യക്തമായ അഭിപ്രായമുണ്ട്‌."ആഹാരം പാചകം ചെയ്യുന്നത്‌ ഒളിച്ചുവെച്ച്‌ ചെയ്യേണ്ട ഒരു സംഗതിയല്ല.അതില്‍ വീട്ടിലെ അംഗങ്ങള്‍ എല്ലാം പങ്കാളികളായാല്‍ അത്രയും നല്ലത്‌. ഇനി വല്ല അദിഥികളും വരികയാണെങ്കില്‍ തന്നെ അവരോട്‌ സംസാരിക്കുകയും നമുക്ക്‌ പാചകത്തില്‍ ഏര്‍പ്പെടുകയും ചെയ്യാം കൂടാതെ അടുക്കളയില്‍ തന്നെ വാഷിങ്ങ്‌ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ പാചകത്തിനിടയില്‍ തന്നെ വസ്ത്രം കഴുകലും നടത്താം." തന്റെ സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം തുടര്‍ന്നു.
"പരമാവധി ചുമരുകള്‍ കുറച്ച്‌ ധാരാളം ജനലുകള്‍ നല്‍കി ഒരു തുറന്ന അന്തരീക്ഷം സൃഷ്ടിക്കുക. കാറ്റും വെളിച്ചവും ധാരാളം വരുവാന്‍ ഇത്‌ സഹായിക്കും കൂടാതെ പ്രായമാകുമ്പോള്‍ നമ്മള്‍ ഒറ്റപ്പെടുന്ന ഒരു അവസ്ഥയുണ്ടാകാം അപ്പോള്‍ എളുപ്പത്തില്‍ ഭക്ഷണം പാചകം ചെയ്യുവാനും അവിടെതന്നെ ഇരുന്ന് കഴിക്കുവാനും ആയിരിക്കും സൗകര്യം."കിച്ചണ്‍ കൗണ്ടറുകള്‍ ഫെറാസിമന്റ്‌ സ്ലാബുകളില്‍ ആണ്‌ ചെയ്തിരിക്കുന്നത്‌.ചിലവു കുറക്കുവാന്‍ ഇത്‌ സഹായിക്കുന്നു.കിച്ചണില്‍ ഒരു ബ്രേക്ക്‌ ഫാസ്റ്റ്‌ കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്‌.

L ഷേപ്പില്‍ ഉള്ള ഒരു വരാന്ത. അതില്‍ നിന്നും ലിവിങ്ങ്‌ റൂമിലേക്ക്‌ ഒരു ഡോറും കൂടാതെ കാര്‍പ്പോര്‍ച്ചില്‍ നിന്നും ഡൈനിങ്ങിലേക്ക്‌ വരുവാന്‍ മറ്റൊരു ഡോറും കൊടുത്തിരിക്കുന്നു."ഫോര്‍മലായി സ്വീകരിക്കേണ്ട അദിഥികള്‍ക്കായി ഒരിടം." ഇതാണ്‌ ഡോക്ടര്‍ക്ക്‌ ലിവിങ്ങ്‌റൂമിനെ കുറിച്ച്‌ പറയാനുള്ളത്‌.

ടി.വിയും മ്യൂസിക്ക്‌ സിസ്റ്റവും അവിടെ തല്‍ക്കാലം സെറ്റുചെയ്യുന്നു.കോണിയുടെ അടിഭാഗം അല്‍പ്പം താഴ്ത്തി അവിടെ തുണികള്‍ തേക്കുവാനും മറ്റും ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.രണ്ടു ബെഡ്രൂമാണ്‌ ഈ വീടിനുള്ളത്‌.വല്ലപ്പോഴും വരുന്ന അദിഥികള്‍ക്കായി ഒരു മുറി അനാവശ്യം ആണെന്നാണ്‌ ഡൊക്ടറുടെ പക്ഷം.കിച്ചണില്‍ നിന്നും ലിവിങ്ങില്‍ നിന്നും ഡൈനിങ്ങില്‍ നിന്നുമെല്ലാം ഇവിടത്തെ ഗൈറ്റ്‌ തുറന്നു വരുന്നവരെ കാണാന്‍ പ്രയാസമില്ല.ജനലുകള്‍ അതിനനുസരിച്ചാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌.

ഗാര്‍ഡനിങ്ങിനു ഒത്തിരി സാധ്യതകളുണ്ടല്ലോ അതിനെക്കുറിച്ച്‌ വല്ല സങ്കല്‍പ്പവും ഉണ്ടോ?

"നല്ല വാഴയും കുറച്ച്‌ മാവിന്തയ്യും പിന്നെ ധാരാളം പൂക്കളൂണ്ടാകുന്ന തെച്ചിയും ചെമ്പരത്തിയും മറ്റും വെക്കണം."

ഇന്നത്തെ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണല്ലോ ഇതെന്ന ചോദ്യത്തിനു

"ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളുടെ ഓര്‍മ്മകള്‍ ഇവിടെ ഉണ്ടാകണം. പൂര്‍ണ്ണമായില്ലെങ്കിലും അല്‍പമെങ്കിലും. അതിന്റെ ഭാഗമാണ്‌ ഈപറഞ്ഞ വാഴയും മാവും ചെടികളും കൂടാതെ പുറകുവശത്തെ ഫിഷ്ടാങ്കും മറ്റും."മുകളില്‍ ഓടുവച്ചതിനെക്കുറിച്ച്‌" അതും ഈ പറഞ്ഞ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്‌, ഈ ഓടുവെക്കല്‍ പരിപാടി അല്‍പം ചിലവു വര്‍ദ്ധിപ്പിച്ചു.മാത്രമല്ല ശരിയായി ഫിറ്റുചെയ്യുവാന്‍ വിദഗ്ദരായ പണിക്കാരെ ലഭിച്ചുമില്ല. കൂടാതെ വൈകുന്നേരങ്ങളില്‍ ഇരിക്കുവാന്‍ ടെറസ്സിലൊരു ഗാര്‍ഡന്‍ ചെയ്യുവാനും ആലോചനയുണ്ട്‌."

കാര്‍പോര്‍ച്ചടക്കം ഏകദേശം 1850 ചതുരശ്ര അടിവരുന്ന ഈ വീടിന്റെ മൊത്തം ചിലവിനെക്കുറിച്ച്‌"ഇപ്പോ അതു കണക്കുകൂട്ടിയിട്ടില്ല.പണിയെല്ലാം പൂര്‍ത്തിയാകട്ടെ എന്നിട്ട്‌ നോക്കാം.പലപ്പോഴും പണിക്കാരുടെ കൃത്യനിഷ്ടയില്ലായ്മയും അറിവില്ലായ്മയും ചിലവു വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്‌."

Friday, May 18, 2007

പ്ലാന്‍ -10


രണ്ടുനിലകളിലായി GF 1395+ FF 795= 2190 ചതുരശ്ര അടി(203.53 മീറ്റര്‍ സ്ക്വയര്‍) വിസ്തീര്‍ണ്ണമുള്ള വീടിന്റെ പ്ലാന്‍.പ്രധാന വാതില്‍ കിഴക്കോട്ടു തുറക്കുന്ന ഈ വീടിന്റെ വടക്കു കിഴക്ക്‌ മൂലയില്‍ അടുക്കള കൊടുത്തിരിക്കുന്നു. ഇതിന്റെ മാത്രം അളവ്‌ വാസ്തു പ്രകാരം ആണ്‌. വാഷിങ്ങ്‌ മെഷീന്‌ അടുക്കളയില്‍ തന്നെ ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്‌ സ്ത്രീകള്‍ക്ക്‌ അടുക്കളയിലെ ജോലികള്‍ക്കിടയില്‍ തന്നെ തുണികഴുകലും നടത്തുവാന്‍ സഹായകമാണ്‌.കിച്ചണിലെ വിന്റോകള്‍ വര്‍ക്കിങ്ങ്‌ സ്ലാബില്‍ നിന്നും 30-40 സെന്റീമീറ്റര്‍ ഉയരത്തില്‍കൊടുക്കേണ്ടതാണ്‌.
സ്റ്റെയര്‍ കേസില്‍ വലിയ ജനലുകള്‍ നല്‍കിയാല്‍ ഡൈനിംഗ്‌ റൂമിലേക്കും മുകളിലെ ഫാമിലി ലിവിങ്ങിലേക്കും ധാരാളം വെളിച്ചവും വായുവും ലഭിക്കുവാന്‍ സഹായകമാണ്‌.മുകള്‍ നിലയില്‍ ഒരു കോമ്മണ്‍ ടോയ്‌ലറ്റ്‌ മാത്രമേ ഉള്ളൂ.(ഏകദേശം 50000 രൂപയോളമാണ്‌ ഒരു റ്റോയ്‌ലറ്റിന്റെ നിര്‍മ്മാണ ചിലവ്‌.)ഇനി മുകളില്‍ ഒരു അറ്റാച്ഡും കോമ്മണും ആയി നല്‍കുവാന്‍ മുകളില്‍ കൊടുത്തിട്ടുള്ള ടോയ്‌ലറ്റിന്റെ നീളം അല്‍പ്പ്ം കൂടെ നീട്ടിയെടുത്ത്‌ രണ്ടായി ഭാഗിച്ചാല്‍ മതിയാകും. താഴത്തെ ടൊയ്‌ലറ്റുകള്‍ ഫ്ലോര്‍ ലെവലില്‍ നിന്നും 10 സെന്റീ മീറ്റര്‍ താഴ്ത്തിക്കൊടുത്താല്‍ കൂടുതല്‍ നന്ന്.
മുകള്‍ നിലയില്‍ മുന്‍ വശത്തെ ബെഡ്രൂമിനു പകരം താഴത്തെ ബെഡ്രൂം No-1 നുമുകളില്‍ ബെഡ്രൂം പണിയാവുന്നതാണ്‌.ഇനിയഥവാ മുകളില്‍ ഒരു ബെഡ്രൂം മാത്രമേ എടുക്കുന്നുള്ളൂ എങ്കില്‍ രണ്ടായിരം ചതുരശ്ര അടിയില്‍ താഴയേ ഈ വീടിനു വലിപ്പം വരൂ.ചിലവിനെകുറിച്ചാണെങ്കില്‍ ചതുരശ്ര അടിക്ക്‌ ശരാശരി 600-650 ഉം അതിനു മുകളിലുമാണ്‌ വരുന്നത്‌. ഉപയോഗിക്കുന്ന മെറ്റീരിയല്‍സിനനുസരിച്ച്‌ ഇതില്‍ വ്യത്യാസം വരാം.

Wednesday, May 16, 2007

വാസ്തു:-പൂജാ മുറി

ആധുനിക ജീവിത രീതി നമുക്ക്‌ നല്‍കിയ ദൂഷ്യങ്ങളില്‍ ഒന്നാണ്‌ ടെന്‍ഷന്‍. നിഴലുപോലെ അതു നമ്മെ പിന്തുടരുന്നു. ടെന്‍ഷനില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍ പലരും പൂജയിലും പ്രാര്‍ത്ഥനയിലും മെഡിറ്റേഷനിലും ഒക്കെ അഭയം പ്രാപിക്കുന്നു. പ്രാര്‍ത്ഥനക്കും മെഡിറ്റേഷനും അതിന്റേതായ ഗുണങ്ങളും ഉണ്ടുതാനും. ഇതോടൊപ്പം യോഗപോലുള്ള ശരീരത്തിനും മനസ്സിനും ഗുണംചെയ്യുന്ന ചര്യകള്‍ കൂടെപതിവാക്കിയാല്‍ മാനസീകവും ശാരീരികവുമായ ഒത്തിരി അസ്വസ്ഥതകളെ അകറ്റാം.

പണ്ട്‌ പഴയ തറവാടുകളില്‍ കെടാവിളക്ക്‌ സൂക്ഷിക്കുന്ന പൂജാമുറികളും മറ്റും ഉണ്ടായിരുന്നു. ഒന്നുകില്‍ വീടിനകത്തോ അല്ലെങ്കില്‍ വീടിനോടുചേര്‍ന്നോ കുലദേവതകളെ കുടിയിരുത്തുന്ന പതിവുണ്ടായിരുന്നു.അതുപോലെ തന്നെ നാഗങ്ങളെ പ്രതിഷ്ടിച്ച കാവുകളും അതിനോടു ചെര്‍ന്നുള്ള കുളങ്ങളും. കാവുകള്‍ യദാര്‍ത്ഥത്തില്‍ ഓരോ പ്രദേശത്തിന്റേയും ശ്വാസകോശങ്ങളായിരുന്നു.വൈവിധ്യമാര്‍ന്ന ജൈവസമ്പത്തിന്റെ ഒരു ശേഖരമായിരുന്നു ഓരോ കാവുകളും.ഒരുപക്ഷെ അവ നശിച്ചുപോകാതെ നിലനിര്‍ത്തുവാന്‍ വേണ്ടിയാകാം കാവില്‍ നാഗത്താന്മാരുണ്ടെന്നും അവരെ ശല്യപ്പെടുത്തിയാല്‍ ശാപം കിട്ടുമെന്നും അല്ലെങ്കില്‍ അവിടെയുള്ള മരത്തില്‍ യക്ഷിയുണ്ടെന്നും മറ്റും കഥകള്‍ പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍ ഇന്നുകാവുകള്‍ വെട്ടിവെളുപ്പിച്ച്‌ കെട്ടിട നിര്‍മ്മാണം നടത്തുന്നു.വെട്ടുകല്ലും കുമ്മയവും കൊണ്ട്‌ പണിത്‌ ഓടുമേഞ്ഞ ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിന്റെ പേരില്‍ പൊളിച്ചടുക്കുന്നു. ഇവയെല്ലാം ഒരു സംസ്കൃതിയുടെ ഭാഗമാണെന്ന് നാം മറന്നുപോകുന്നു. അവയെ അതുപോലെ സംരക്ഷിക്കുവാന്‍ നാം എന്തുകൊണ്ട്‌ മിനക്കെടുന്നില്ല?

ഇന്നും മിക്കവീടുകളോടു ചേര്‍ന്ന് ഒരു പൂജാ മുറി നല്‍കുന്ന പതിവുണ്ട്‌. വളരെ ചെറിയ ഒരു മുറി ആയിരിക്കും അത്‌ സ്വാഭാവികമായും അതില്‍ യോഗക്കുള്ള സ്ഥലം കണ്ടെത്തുക പ്രയാസം. (പൂജയോടൊപ്പം യോഗയും ഒരു മുറിയില്‍ ചെയ്യുക എന്നത്‌ പലര്‍ക്കും ഇഷ്ടപ്പെടാന്‍ വഴിയില്ല.)ഹൈന്ദവ വിശ്വാസങ്ങള്‍ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ദൈവങ്ങളുടെ ബിംബങ്ങളോ ചിത്രങ്ങളോ വെച്ച്‌ അതിനു മുമ്പില്‍ രാവിലേയും വൈകീട്ടും വിളക്കുവെക്കുന്നതുമാണ്‌ രീതി.പൂജ ചെയ്യുവാനുള്ള മുറി വാസ്തു പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌ കിഴക്കു ഭാഗത്തോ പടിഞ്ഞാറുഭാഗത്തോ ആണ്‌ കിഴക്കിന്റെ മധ്യഭാഗത്തായാല്‍ കൂടുതല്‍ നന്ന്.തെക്കും വടക്കും തെക്കുകിഴക്കും വടക്കുപടിഞ്ഞാറും ഒഴിവാക്കണം. ഇതിന്റെ വാതിലുകള്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ തുറക്കുന്നരീതിയില്‍ ആയിരിക്കണം (വാതിലുകളില്‍ നടുഭാഗത്തായി അഴികള്‍ പിടിപ്പിച്ചാല്‍ കൂടുതല്‍ മനോഹരമായിരിക്കുകയും അതിനകത്തു കത്തിക്കുന്ന സുഗന്ധദ്രവങ്ങളുടെ ഗന്ധം വീടിനകത്ത്‌ നിറയുകയും ചെയ്യും). മാത്രമല്ല അതിനകത്തുവെക്കുന്ന രൂപങ്ങള്‍ പടിഞ്ഞാട്ടോ കിഴക്കോട്ടോ ദര്‍ശനമാകുന്ന വിധത്തില്‍ ആയിരിക്കുകയും വേണം.പൂജാമുറിക്ക്‌ കൃത്യമായ വെന്റിലേഷന്‍ നല്‍കുകയും ദീപങ്ങളില്‍ നിന്നും വീടിനകത്ത്‌ തീപടരാതിരിക്കുവാന്‍ ശ്രദ്ധിക്കുകയും വേണം. വീടുകളില്‍ സൗമ്യമൂര്‍ത്തികളുടെ രൂപങ്ങള്‍ വെച്ച്‌ ആരാധിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

മരിച്ചുപോയവരുടെ ചിത്രങ്ങള്‍ പൂജാമുറിയിലോ ദൈവങ്ങളുടെ രൂപങ്ങളോടുകൂടിയോ വെക്കുകയോ പൂജിക്കുകയോ അരുത്‌.സ്ത്രീകള്‍ രജസ്വലയായിരിക്കുന്നസമയത്തും പ്രസവം മരണം തുടങ്ങിയവയുമായി അനുബന്ധിച്ചുണ്ടാകുന്ന പുലയിലും വാലായ്മയിലും പൂജാമുറിയില്‍ കയറുവാന്‍ പാടില്ല.മത്സ്യമാംസാദികള്‍ പൂജാമുറിയില്‍ നിന്നും അകറ്റിനിര്‍ത്തുക. കുളിക്കാതെയും മദ്യപിച്ചും പൂജചെയ്യുവാന്‍ പാടില്ല.കിടപ്പുമുറിക്കുള്ളിലോ,ടോയ്‌ലറ്റുകളോടുചേര്‍ന്നോ,കോണിക്കടിയിലോ പൂജാമുറിപാടില്ല.(ഇതില്‍ കോണിക്കടിയില്‍ പൂജാമുറി ആകാം എന്നാണ്‌ വാസ്തുപണ്ഡിതനായ ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ വാസ്തുലക്ഷണം എന്ന ഗ്രന്ധത്തില്‍ കാണുന്നത്‌)

Wednesday, May 02, 2007

വാസ്തു വിനായാകുമ്പോള്‍-2

വാസ്തുശാസ്ത്രപ്രകാരം ഇന്നിന്ന അളവുകളില്‍ വസ്തുവിന്റെ ഇന്നിന്ന സ്ഥാനങ്ങളില്‍ ഗൃഹം വെക്കണം എന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്‌. ഗൃഹത്തിനു മാത്രമല്ല അതിനോടനുബന്ധിച്ചുവരുന്ന കിണര്‍ ഔട്ട്‌ഹൗസ്‌ തൊഴുത്ത്‌ തുടങ്ങിമറ്റു നിര്‍മ്മാണങ്ങള്‍ക്കും ഇതു ബാധകമാണ്‌.ഹിന്ദു മതവിശ്വാസികളില്‍ ഭൂരിപക്ഷവും മറ്റുള്ളവരില്‍ ഒരു ചെറുന്യൂനപക്ഷവും ഇതു പിന്തുടരുന്നുമുണ്ട്‌.കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചപോലെ 90 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യകാലഘട്ടത്തിലുമാണ്‌ അത്രയൊന്നും ഗൗരവമായി കണക്കാക്കതിരുന്ന വാസ്തുശാസ്ത്രം പെട്ടെന്ന് വന്‍ പ്രചാരം നേടിയത്‌.വാരികകളിലും ചാനലുകളിലും ഇതു സംബന്ധിച്ച്‌ ചര്‍ച്ചകളും മറ്റും ധാരാളം വരികയും ഉണ്ടായി.ഇതിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ ഇതിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയും ഇതിനെ പിന്തുടരുവാന്‍ ശ്രമിക്കുകയും ചെയ്തു.ഇവിടെയുള്ള വാസ്തു പോരാഞ്ഞ്‌ ചൈനീസ്‌ വാസ്തുവായ ഫെങ്ങ്‌ ഷ്വേയും എത്തി. ധനം അകര്‍ഷിക്കുവാന്‍,കച്ചവടം അഭിവൃദ്ധിപ്പെടുവാന്‍, വിദ്യാലാഭത്തിനു തുടങ്ങി പല കാര്യങ്ങള്‍ക്കായി പലതരം പ്രതിമകളെയും വെള്ളച്ചാട്ടങ്ങളെയും വീടിനകത്തും പുറത്തുമായി സ്ഥാപിക്കുന്ന രീതിയാണതില്‍.കൂടാതെ ഭാഗ്യം കൊണ്ടുവരുന്ന "ലക്കി ഫിഷു"കളെ അക്വാറിയത്തില്‍ വളര്‍ത്തല്‍ "ലക്കിബാംബൂ" തുടങ്ങിയ സംഭവങ്ങളും ഉണ്ട്‌.

എന്നാല്‍ ഇതൊന്നും നോക്കാതെ അല്ലെങ്കില്‍ പിന്തുടരാതെ ഗൃഹനിര്‍മ്മാണം നടത്തുകയും അവയില്‍ താമസിക്കുകയും ചെയ്യുന്ന വലിയ ഒരു വിഭാഗവും നമുക്കിടയില്‍ ഉണ്ട്‌.ഉദാഹരണമായി കേരളത്തിലെ ഇന്നത്തെ ഒരു അവസ്ഥനോക്കിയാല്‍ മുസ്ലീംങ്ങള്‍ സാമ്പത്തികമായും ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്‍പന്തിയിലാണ്‌.ഇവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകളോ കച്ചവടക്കാരോ ആണെന്നതു മറ്റൊരുകാര്യം.കേരളത്തില്‍ നിലവിലുള്ളതും പുതുതായി നിര്‍മ്മിക്കപ്പെടുന്നതുമായ ആടംഭര ഗൃഹങ്ങളില്‍ 80 ശതമാനവും ഈ വിഭാഗത്തിന്റേതാണുതാനും. അവര്‍ക്കിടയില്‍ ധനാഡ്യരും പ്രശസ്ത്രരും വിദ്യാഭ്യാസപരമായി ഉയര്‍ച്ചയില്‍ നില്‍ക്കുന്നവരും എല്ലാം ഉണ്ട്‌. വാസ്തു സംബന്ധമായി പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ എന്തുകൊണ്ട്‌ ഇത്തരക്കാര്‍ക്ക്‌ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഉണ്ടാകുന്നു?ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരുകാര്യം വാസ്തു കണക്കുകളും നിയമങ്ങളും ഒന്നും ബധകമല്ലാതിരുന്ന ഓലകൊണ്ട്‌ മേഞ്ഞ വീടുകളില്‍ ജീവിച്ചിരുന്നവര്‍ ഇന്ന് ജീവിതത്തിന്റെ ഉയര്‍ച്ചകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു പക്ഷെ ഇതു മുഴുവന്‍ പിന്തുടര്‍ന്നു നിര്‍മ്മിച്ച പല ഇല്ലങ്ങളും ക്ഷയിച്ചുപോകുകയും ചെയ്തു.

വാസ്തുവിദഗ്ദന്മാരും ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും ഗൗരവമായി ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്‌.വാസ്തു വേണമോ വേണ്ടയോ എന്നതിലപ്പുറം അതിനു പിന്നിലെ വസ്തുതകളും ശാസ്ത്രീയമായ അടിസ്ഥാനങ്ങളും ആണ്‌ പഠനവിധേയമാക്കേണ്ടത്‌.(കൂടാതെ വാസ്തു കണക്കുകളും നിയമങ്ങളും അനുസരിച്ചല്ലാതെയും കേരളത്തില്‍ നിരവധി നിര്‍മ്മാണങ്ങള്‍ നിലവില്‍ ഉണ്ട്‌.അവയില്‍ താമസിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടോ വാസ്തു അനുസാസിക്കുന്ന നിബന്ധനകള്‍ പാലിച്ച്‌ നിര്‍മ്മിച്ച ഗൃഹങ്ങളില്‍ വസിക്കുന്നവര്‍ സംതൃപ്തരാണോ? തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം.) അതില്‍ നമുക്ക്‌ പ്രയോജനപ്രദമായതും ഇന്നത്തെ സാഹചര്യങ്ങളില്‍ നടപ്പിലാക്കാവുന്നതുമായ കാര്യങ്ങളെ സ്വീകരിക്കുകയും ആവാം.ഇന്നു കേരളത്തില്‍ തന്നെ പലദേശത്തും പലരീതിയില്‍ ആണു വാസ്തു നിയമങ്ങള്‍. ഇതു മാറ്റി ഒരു ഏകീകൃത മാനം നല്‍കുവാന്‍ കഴിയണം. ഇന്നത്തെ രീതിയില്‍ വാസ്തുവിനെ കേവലം വിശ്വാസത്തിന്റെ പേരില്‍ ദുരുപയോഗപ്പെടുത്തുന്നത്‌ തടയിടുക തന്നെവേണം.കുടുമ്പത്തില്‍ എന്തെങ്കിലും അനിഷ്ടങ്ങളോ ദുരിതങ്ങളോ ഉണ്ടായാല്‍ അതിനു വാസ്തുദോഷമാണെന്ന നിഗമനത്തിലെത്തുകയും പരിഹാരത്തിനായി വന്‍ തുകചിലവിട്ട്‌ പൂജകളും കൂടാതെ ഗൃഹത്തിന്റെ പലഭാഗങ്ങളും പൊളിച്ചുനീക്കലുകളും കൂടിച്ചേര്‍ക്കലുകളും നടത്തുന്നത്‌ ഇന്ന് സര്‍വ്വ സാധാരണമായിരിക്കുന്നു. പല വീടുകളുടേയും ഭംഗിയും സൗകര്യവും "മുറിവാസ്തുവിദ്വാന്മാരുടെ" അഭിപ്രായങ്ങളില്‍ കുടുങ്ങി ഇല്ലാതാകുന്നു.മാത്രമല്ല ഇതിനു സാധിക്കാത്തവര്‍ വലിയ മാനസീക പീഠനങ്ങളുമായി കഴിഞ്ഞുകൂടുകയും ചെയ്യുന്നു.

ഇക്കാര്യത്തില്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ചിലതു ചെയ്യുവാന്‍ സാധിക്കും അല്ലെങ്കില്‍ ഗവണ്‍മന്റ്‌ ഇടപെടേണ്ട സംഗതികള്‍ കൂടെയുണ്ട്‌. ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിനെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന സമയം വാസ്തുവിന്റെ പേരില്‍ ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത്‌ തടയുവാനും കൃത്യമായ ഒരു മാര്‍ഗ്ഗനിര്‍ദ്ധേശം നല്‍കുവാന്‍ ചരിത്രകാരന്മാരെയും എഞ്ചിനീയര്‍മാര്‍,ശില്‍പികള്‍,വാസ്തു രംഗത്തെ വിവരം ഉള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ( ദയവായി രാഷ്ടീയക്കാരെയും "ബുദ്ധിജീവികള്‍ അഥവാ ബുദ്ധിജന്തുക്കളെ" ഒഴിവാക്കിക്കൊണ്ട്‌)ഒരു പഠനം നടത്തുവാനും അതേകുറിച്ച്‌ ജനങ്ങളില്‍ വേണ്ടത്ര അവഗാഹം ഉണ്ടാക്കുവാനും ആണ്‌ ശ്രമിക്കേണ്ടത്‌. കേരളത്തില്‍ ഇന്നു വന്‍ തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്‌ അതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

വാല്‍മൊഴി:-വാസ്തു ദോഷം തീര്‍ക്കുവാന്‍ പഞ്ചശിരസ്സ്‌ സ്ഥാപിച്ചാല്‍ മതിയെന്ന് ഒരു കൂട്ടര്‍ പറയുന്നു. അങ്ങിനെയെങ്കില്‍ വാസ്തു നോക്കാതെ തന്നെ വീടു നിര്‍മ്മിക്കുകയും പിന്നീട്‌ പഞ്ചശിരസ്സ്‌ സ്ഥാപിക്കുകയും ചെയ്താല്‍ മതിയില്ലെ?

പ്ലാന്‍: 9


ഗവണ്മെന്റും ചില സന്നദ്ധ സംഘടനകളും ഒക്കെ ചെറിയ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയോ ധനസഹായം നല്‍കുകയോ ചെയ്യുന്ന സമയമാണല്ലോ. കുറഞ്ഞ സാമ്പത്തിക സ്ഥൈതിയില്‍ ഉള്ളവര്‍ക്കായി ഉപയോഗിക്കാവുന്ന ഒരു വീടിന്റെ പ്ലാന്‍ ആണിവിടെ ചെര്‍ത്തിരിക്കുന്നത്‌.


504 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണമുള്ള ഈ വീടിന്റെ ഏകദേശ നിര്‍മ്മാണചിലവ്‌ 2 മുത ല്‍2.35 ലക്ഷം രൂപയാണ്‌.ചതുപ്പോ നിലം നികത്തിയതോ അല്ലാത്ത ഉറപ്പുള്ള ഭൂമിയാണെങ്കില്‍ അവിടെ പ്ലിന്ത്‌ ബീം അഥവാ "ബെല്‍റ്റ്‌" നല്‍കേണ്ടതില്ല. ഉള്ളിലെ ചുമരുകള്‍ക്ക്‌ ലിന്റില്‍ നല്‍കാതെ അവ ഡോറുകള്‍ക്ക്‌ മുകളില്‍ മാത്രം നല്‍കിയാല്‍ മതി.ചുമരുകള്‍ പൊള്ളക്കെട്ട്‌ അഥവാ rat trap bond രീതിയിലും മേല്‍ക്കൂര ഇരുവശത്തേക്കും ചരിച്ച്‌ ഫില്ലര്‍സ്ലാബ്‌ അഥവാ ഓട്‌ വെച്ച്‌ വാര്‍ക്കുന്ന രീതിയിലും ചെയ്താല്‍ (അതേകുറിച്ച്‌ പിന്നീട്‌ എഴുതുന്നതാണ്‌)ചിലവ്‌ ചുരുക്കാം. കൂടാതെ അകത്തെ ചൂടും കുറയും. അടുക്കളയില്‍ സ്ഥല പരിമിതിയുണ്ടെങ്കില്‍ പുറത്തെ വര്‍ക്ക്‌ ഏരിയായില്‍ പുകയില്ലാത്ത അടുപ്പ്‌ സ്ഥാപിച്ചാല്‍ മതിയാകും.ഫ്ലോറിങ്ങിനു ചിരട്ട കരിച്ച്‌ പൊടിച്ച്‌ ഉപയോഗിച്ചാല്‍ നല്ലതാണ്‌.


വാസ്തു നോക്കുന്നവര്‍ക്ക്‌ 38- കോല്‍ 8 വിരല്‍ എന്ന കണക്കിലാണിന്റെ അളവ്‌.

E-pathram

ePathram.com