Friday, April 27, 2007

തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?

ഓരോ തൃശ്ശൂര്‍ക്കാരനും ഇത്തവണ പൂരപ്പറമ്പിലേക്ക്‌ എത്തിയത്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെയായിരുന്നു. ആനകളില്‍ ചിലര്‍ അല്‍പ്പം കൂടെ തലയുയര്‍ത്തിപ്പിടിച്ചതിനു പിന്നിലെ കാരണം മറ്റൊന്നും അല്ല പൂരം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ പരാജയപ്പെടുത്തിയതിന്റെ അഭിമാനം കൊണ്ടുതന്നെ.എന്നാല്‍ അവരെ അലപ്പനേരത്തേക്ക്‌ നിരാശരാക്കിക്കൊണ്ട്‌ രണ്ട്‌ ആനകള്‍ ഓടി.സമീപകാലത്ത്‌ പലയിടങ്ങളിലും ആനകള്‍ ഓടാറുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിനു അടുത്തകാലത്തൊന്നും ആന വിരണ്ടതായി അറിവില്ല.പാറമേക്കാവു വിഭാഗം ഇലഞ്ഞിത്തറയിലും തിരുവമ്പാടി വിഭഗം വടക്കുംനാഥന്റെ പടിഞ്ഞാറേ നടക്കലുമായി മേളം പെയ്തിറങ്ങുമ്പോള്‍ ആയിരങ്ങള്‍ താളം പിടിക്കുകയും ആവേശം കൊള്ളൂകയും ചെയ്യുന്നതിനിടയിലാണ്‌ ഒരാന തെക്കോട്ട്‌ പേടിച്ചോടിയത്‌.പൊതുവെ ശാന്തസ്വഭാവക്കാരും ലക്ഷണമൊത്തവരുമായ ആനകളെ കര്‍ശനമായ നിയന്ത്രണങ്ങളോടെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തില്‍ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. രാവിലെ ചെറുപൂരങ്ങള്‍ വരുമ്പോള്‍ മുതല്‍ പൂരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പൂരപ്പറമ്പില്‍ ഒരാനയും പ്രശ്നം കാട്ടിയിരുന്നില്ല എന്ന് പറയാനാകും.

ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്‍" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത്‌ അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്‍ക്കാര്‍ തങ്ങളുടെ വിജയം ആഘാഷിച്ചു.വെടിക്കെട്ടു നിരോധിക്കുവാന്‍ കേസു സുപ്രീം കോടതിയില്‍ എത്തിയെങ്കിലും ചില നിബന്ധനകളോടെ പൂരം നടത്തുവാന്‍ അനുമതിനല്‍കി.

അതു കഴിഞ്ഞപ്പോള്‍ പകല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനെ കുറിച്ചായി തര്‍ക്കം.എന്നാല്‍ പൂരത്തിനു ആനയെ എഴുന്നള്ളിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായവിധി ദേവസ്വങ്ങള്‍ നേടിയെടുത്തു.അങ്ങിനെ രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വരവായി പനമുക്കുമ്പിള്ളീ, ചെമ്പൂക്കാവ്‌,നെയ്തലക്കാവ്‌,കാരമുക്ക്‌,അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രം തുടങ്ങി എട്ടു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ വന്നു വടക്കുമ്ന്നാഥന്റെ മുമ്പില്‍.വൈകീട്ട്‌ ഏതാണ്ട്‌ നാലേമുക്കാലിനാണ്‌ ആന ഓടിയത്‌. കുടമാറ്റം തുടങ്ങുന്നതിനുമുമ്പുതന്നെ തെക്കേഗോപുരനടയില്‍ ജനസമുദ്രം ആയിരുന്നു.അക്കൂട്ടത്തില്‍ ഒരു സ്ഥാനം പിടിക്കുവാന്‍ ഞാനും തെക്കോട്ടു നീങ്ങി. ഇതിനിടയില്‍ ഒരാന പാഞ്ഞുവരുന്നതുകണ്ടു കൂടെ ഒരു ക്യാമറാമാനും പാപ്പാന്മാരും.പുറത്തു രണ്ടു പേര്‍ ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്‌.ആളുകളെ ഉപദ്രവിക്കുവാന്‍ മുതിരാതെ വല്ലാതെ ഭയപ്പെട്ടാണ്‌ ആന ഓടിയിരുന്നത്‌.(ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ചേറ്റുവയില്‍ വിരണ്ട ആന കലിപിടിച്ച്‌ പാഞ്ഞുനടക്കുകയായിരുന്നു)ആന കുറുപ്പം റോഡുവഴി തെക്കോട്ട്‌ ഓടിയെങ്കിലും അതിനെ കൊക്കാലക്കുസമീപം വെച്ച്‌ പിടിച്ചതായി അറിയുന്നു.മറ്റൊരാന പൂരപ്പറമ്പില്‍ വട്ടം കറങ്ങി നടക്കുന്നുണ്ടയിരുന്നെങ്കിലും അതിനെയും തളച്ചു.ആളുകള്‍ ആനയെ പ്രകോപിപ്പിക്കുന്നത്‌ നിയന്ത്രിക്കുവാന്‍ കഴിയാത്തത്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു ചേറ്റുവയിലെ അനുഭവം ധാരാളമാണ്‌.ഇവിടേയും ഇതു തന്നെയാണ്‌ നടന്നിരുന്നത്‌.


ഇപ്പോള്‍ കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.ഉത്സവത്തിന്റെ മാറ്റിനുയാതൊരു പൊലിമക്കുറവും ഇല്ലാതെ പൂര്‍വ്വാതികം നന്നായിത്തന്നെ കുടകള്‍ മാറിക്കൊണ്ടിരിക്കുന്നു.പാറേമേക്കാവ്‌ വിഭാഗത്തിന്റെ കുടകള്‍ ആണു കൂടുതല്‍ നന്നായിരിക്കുന്നത്‌.പൊതുവെ ശാന്തവും സമാധാനപരമായും നടന്നിരുന്ന ഉത്സവത്തിനിടയില്‍ പ്രകോപനം ഒന്നും ഇല്ലാതെ ആന വിരണ്ടത്‌ പൂരപ്രേമികളെ ആശങ്കയിലാക്കി.എന്തുകൊണ്ട്‌ ആന പെട്ടെന്ന് ഓടി എന്നതതിന്റെ ദൃശ്യങ്ങള്‍ കണ്ടാലെ അറിയാന്‍ കഴിയൂ.


"ഇതിലെന്തോ തരികിടയുണ്ട്‌ അല്ലാണ്ടെ ആന ഓടില്ല" ഇതു തന്നെയാണ്‌ പൂരപ്പറമ്പില്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്‌.(ക്യാമറയുമായി രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ചങ്ങതിയെ ആനയിടഞ്ഞതിനിടയില്‍ കൂട്ടം തെറ്റിപ്പോയി ഇല്ലേല്‍ ആ ചിത്രം കൂടെ ചേര്‍ക്കാമായിരുന്നു)

Friday, April 13, 2007

വാസ്തു വിനയാകുമ്പോള്‍-1

നമ്മുടെ പാരമ്പര്യ ഗൃഹനിര്‍മ്മാണരീതികള്‍ ഭാരതീയ പുരാണങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതോള്ള്‌ അല്ലെങ്കില്‍ അതില്‍ നിന്നു ഉരുത്തിരിഞ്ഞു വന്നതോ ആണ്‌.പുരാണങ്ങളില്‍ പലയിടത്തും വാസ്തുശാസ്ത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുമുണ്ട്‌.മയനാല്‍ നിര്‍മ്മിതമായ കൊട്ടാരത്തെക്കുറിച്ച്‌ വിശദമായി മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആധുനീക കാലത്ത്‌ അതില്‍ പറയുന്ന പലകാര്യങ്ങളും നിഷ്‌പ്രയാസം നിര്‍മ്മിക്കാവുന്നതുമാണ്‌.

വാസ്തു നമ്മുടെ പല വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ അന്നുള്ളവര്‍ അന്നത്തെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെ നിലനിര്‍ത്തുവാനും കെട്ടിട നിര്‍മ്മാണത്തിന്റെ കണക്കുകളെ ഏകീകരിക്കുവാനോ എളുപ്പമാക്കുവാനോ വേണ്ടി അവര്‍ ചില നിയമങ്ങളും അതിനായി ഉണ്ടാക്കി.കൊട്ടാരങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ചാതുവര്‍ണ്യവ്യവസ്ഥയ്ക്കനുസൃതമായി ഓരോവിഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായി വീടുകള്‍ക്കും അവര്‍ വ്യത്യസ്ഥ അളവുകളും ഡിസൈനുകളും വിഭാവനം ചെയ്തിരുന്നു.പഴയകാലത്തെ കേരളീയ നിര്‍മ്മിതികളെ കുറിച്ചുപറയുമ്പോള്‍ വാസ്തുശാസ്ത്രത്തിന്റെ നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നതില്‍ സംശയമില്ല.ഭൂരിഭാഗം കെട്ടിടങ്ങളും ഓടും മരവും കല്ലും കൊണ്ടു നിര്‍മ്മിച്ചതായിരുന്നു.അവയുടെ മരപ്പണികള്‍ താഴെവെച്ചുതന്നെ നിര്‍മ്മിക്കുന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കതിരിക്കുവാന്‍ അവര്‍ ചില പൊതു കണക്കുകള്‍ അനുസരിച്ചായിരുന്നു വീടുകള്‍ നിര്‍മ്മിച്ചിരുന്നത്‌.ഇന്നിന്ന രീതിയില്‍ ഉള്ള ഗൃഹത്തിന്റെ ചുറ്റളവും ഉയരവും ഇത്രയായിരിക്കും എന്ന് ഒരു അംഗീകൃതകണക്ക്‌ തച്ചന്മാരുടെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം ഇന്ന ഡിസൈനിലുള്ള ഇത്ര ചുറ്റളവുള്ള വീടിനു വേണ്ടുന്ന വസ്തുക്കള്‍ എത്രവേണമെന്നുകണക്കുകൂട്ടുവാനും അതിന്റെ മരപ്പണിയുടെ അളവുകള്‍ കണ്ടെത്തുവാനും വളരെ എളുപ്പമായിരുന്നു.

ആധുനിക നിര്‍മ്മാണ സങ്കേതങ്ങളുടെ വരവോടെ പഴയരീതിയിലുള്ള നിര്‍മ്മാണത്തിന്റെ ബുദ്ധിമുട്ടുകള്‍ പലതും ഒഴിവായി.കോണ്‍ക്രീറ്റ്‌ കോളങ്ങളും ബീമുകളും സര്‍വ്വസാധാരനമായതോടെ കെട്ടിടങ്ങളുടെ രൂപത്തിലും വലിപ്പത്തിലുമെല്ലാം കൂടുതല്‍ വഴക്കം വന്നു.കാലാനുസൃതമായ ഈ മാറ്റത്തെ പാരമ്പര്യവാദികള്‍ പക്ഷെ അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ലെങ്കിലും ഗൃഹനിര്‍മ്മാണത്തിലെ പല പരീക്ഷണങ്ങള്‍ക്കും പുതുതലമുറയിലെ എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റുകളും തുടക്കം കുറിച്ചു.ബേക്കറേപോലുള്ളവര്‍ ഒരുപടികൂടെ കടന്നു വൃത്താകൃതിയിലും മറ്റും ഉള്ള രൂപങ്ങളിലും വീടുനിര്‍മ്മിക്കുവാന്‍ തുടങ്ങി.

കേരളത്തിന്റെ ഗൃഹനിര്‍മ്മാണചരിത്രത്തില്‍ നിര്‍ണ്ണായകമായ മാറ്റം വരുന്നത്‌ ഗള്‍ഫ്‌ പണത്തിന്റെ വരവോടെയാണ്‌.ഓടിട്ടപലവീടുകള്‍ക്കുമുമ്പിലും കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകളോടുകൂടിയ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി.തുടര്‍ന്ന് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ്‌ വീടുകളും അതില്‍ തന്നെ ചരിഞ്ഞ മേല്‍ക്കൂരകളും വന്നു.ഇക്കാലത്ത്‌ വീടുകള്‍ക്ക്‌ ഓടുമേയല്‍ അപ്രത്യക്ഷമായിത്തുടങ്ങി.എന്നാല്‍ പിന്നീട്‌ ചരിച്ച്‌ വാര്‍ക്കുന്ന മേല്‍ക്കൂരകള്‍ക്കുമുകളില്‍ ഓടുപതിക്കുന്ന രീതി വന്നു.പഴയകാല സ്മരണകള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പൂമുഖവുംചാരുപടിയും നടുമുറ്റവും ഉള്ള വീടുകളില്‍ വരെ എത്തിനില്‍ക്കുന്നു അത്‌. ഓടില്‍ നിന്നും കോണ്‍കൃീറ്റുനിര്‍മ്മിതികളിലേക്കുള്ള മാറ്റം സംഭവിക്കുന്ന കാലഘട്ടത്തില്‍ ആരും വാസ്തുവിനു കാര്യമായ പ്രസക്തിനല്‍കിയിരുന്നില്ല.പുതിയ സാങ്കേതികവിദ്യ പൂര്‍ണ്ണമായും എഞ്ചിനീയര്‍മാരുടേയും ഈരംഗത്ത്‌ സാങ്കേതികവിദ്യാഭ്യാസമുള്ളവരുടെയും നിയന്ത്രണത്തിലായിരുന്നതിനാല്‍ ഇക്കാര്യങ്ങളെ ആരും ഗൗരവമായെടുത്തില്ല.ആകൃതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ വിപ്ലവകരമായ മാറ്റം ഉണ്ടായതും ഇക്കാലത്താണ്‌. ബേക്കറുടേയും മറ്റും സ്വാധീനം കൂടെയുണ്ടായിരുന്നു ഇക്കാര്യത്തില്‍.75 മുതല്‍ 90കള്‍ വരെ കേരളീയസമൂഹം ഒരു പുരോഗമനപാതയില്‍ ആയിരുന്നു.അക്കാലത്തെ വിപ്ലവപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാമേഘലയിലുമെന്നപോളെ നിര്‍മ്മാണമേഘലയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തി.

90കളുടെ ആരംഭത്തോടെ കേരളീയസമൂഹത്തില്‍ കൂട്ടുകുടുമ്പവ്യവസ്ഥിതി തകരുകയും അണുകുടുമ്പങ്ങള്‍ പ്രത്യക്ഷമാവുകയും ചെയ്തു.ഇത്‌ കേരളീയസമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെ തകര്‍ച്ചയുടെകൂടെ കാലഘട്ടമായി. എല്ലാവരിലും ഒരു ഒറ്റപ്പെടലിന്റേയും സുരക്ഷിതത്വമില്ലായ്മയുടെയും ഭീതിജനിപ്പിക്കുന്ന നാളുകളായിരുന്നു പിന്നീടിങ്ങോട്ട്‌.ഇക്കാര്യത്തില്‍ സാമ്പത്തികമായി ഉള്ളവനും ഇല്ലാത്തവനും ഒരുപേലെയായി.

ഇതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു പുരോഗമനപ്രസ്ഥാങ്ങളുടെ തകര്‍ച്ചയും അപ്പോഴുണ്ടായ വിടവിലേക്ക്‌ ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും നുഴഞ്ഞുകയറി.എങ്ങോ പൊടിപിടിച്ചുകിടന്ന ആചാരങ്ങളും വിശ്വാങ്ങളും ഓരോന്നായി പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി.ജ്യോതിഷത്തിനു പ്രശ്നപരിഹാരകര്‍മ്മങ്ങള്‍ക്കും മുമ്പത്തേക്കാള്‍ അധികം പ്രാധാന്യം വന്നു.അക്കൂട്ടത്തില്‍ നിര്‍മ്മാണമേഘലയില്‍ വാസ്തുവിനു വന്‍ പ്രചാരണം നല്‍കുവാന്‍ ചില തല്‍പ്പരകക്ഷികള്‍ മുന്നിട്ടിറങ്ങുകകൂടെ ചെയ്തതോടെ വാസ്തുനോക്കാതെ കാര്യങ്ങള്‍ നടക്കില്ലെന്നായി.പുതുതായിവെക്കുന്ന കെട്ടിടങ്ങള്‍കുമാത്രമല്ല നിലവിലുള്ള കെട്ടിടങ്ങളുടെ കണക്കുകളും പുനപരിശോധിക്കപ്പെട്ടു.വ്യക്തിപരമായുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും നിധാനം വീടിന്റെ അളവിലുള്ള തെറ്റുകളും വിവിധമുറികളുടെ സ്ഥാനങ്ങളുടെ അപാകതകളുമാണെന്ന് കണ്ടെത്തി.

ആധുനിക ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത ആശാരിമാര്‍ ലക്ഷങ്ങള്‍മുടക്കി നിര്‍മ്മിക്കുന്ന വീടുകളുടെ പ്ലാനുകള്‍ തയ്യാറാക്കുവാന്‍ തുടങ്ങി.യാതൊരു ദീര്‍ഘവീക്ഷണമോ കലാബോധമോ ഇല്ലാത്ത ഇത്തരക്കാരുടെ "ഡിസൈനുകള്‍"ക്കനുസൃതമായി നാട്ടിലെങ്ങും അസൗകര്യങ്ങളും അപാകതകളും നിറഞ്ഞ വീടുകള്‍ പ്രത്യക്ഷമായി.വാസ്തുവിന്റെ പേരില്‍ ആളുകള്‍ അതെല്ലാം സഹിച്ചു.എഞ്ചിനീയറിങ്ങ്‌ മേഘലയില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ ഇത്തരക്കാരുടെ മുമ്പില്‍ തികച്ചും "അപ്രസക്തരായി".നാടെങ്ങും വാസ്തു വിദഗ്ദന്മാരുടെ ബോര്‍ഡുകള്‍ പ്രത്യക്ഷമായി.എഞ്ചിനീയര്‍മാരുടേയും ആര്‍ക്കിടെക്റ്റുകളുടേയും ഡിസൈനുകള്‍ സാങ്കേതികവിദ്യാഭ്യാസം അശേഷം ലഭിച്ചിട്ടില്ലാത്ത ആശാരിമാര്‍ പൊളിച്ചെഴുതി.ഓരോമുറികളുടേയും വലിപ്പത്തെക്കുറിച്ചോ അവയിലെ ഫര്‍ണീച്ചറുകള്‍ക്കും മറ്റും അനുസൃതമായി ഡിസൈന്‍ ചെയ്യുന്നതിനെക്കുറിച്ചോ സാമാന്യവിവരം പോലുമില്ലാത്ത ഇത്തരം മുറിവൈദ്യന്മാരുടെ അറിവില്ലായ്മമൂലം പലര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടായിട്ടുള്ളത്‌. ഇവര്‍ പറയുന്ന "ശാസ്ത്രനിയമങ്ങള്‍" തന്നെ പലദിക്കിലും പലവിധമായി. വാസ്തുവിനെ ധനാഗമനമാര്‍ഗ്ഗമായി കണ്ടെത്തിയ ചിലര്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായിതുടങ്ങി.ഇന്നു പല "വാസ്തുവിദഗ്ദരും" നിര്‍മ്മാതാവിന്റെ താല്‍പര്യത്തിനനുസൃതമായി എത്രമാത്രം വഴങ്ങാമോ അത്രയും തയ്യാര്‍ എനിക്ക്‌ എന്റെ വിഹിതം കിട്ടിയാല്‍ മതി എന്ന രീതിയിലും എത്തിനില്‍ക്കുന്നു.

പ്രാചീന വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്ന രീതിയില്‍ ആധുനീക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക പ്രായോഗികമല്ല.കോര്‍ണറുകളിലേക്ക്‌ വീടിന്റെ മുഖം വരാതിരിക്കുകയും കിഴക്കുഭാഗത്തു അടുക്കള വരിക,മുറികള്‍ക്കു വേണ്ടത്ര വെന്റിലേഷന്‍ ഉണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നോക്കുകയും കൂടാതെ ചുറ്റളവു വാസ്തു വിഭാവനം ചെയ്യുന്ന രീതിയില്‍ ആക്കുകയും ചെയ്യുക എന്നതാണ്‌ ഒരു മനസ്സമാധാനത്തിനായി ഇന്നു പലരും ചെയ്യുന്നത്‌.ഒരു പരിധിവരെ ഇതു വലിയ കുഴപ്പം ഉണ്ടാക്കുന്നില്ല.അല്ലാതെ പൂര്‍ണ്ണമായി വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്നതോ അല്ലെങ്കില്‍ അതിന്റെ പേരില്‍ അറിയപ്പെടുന്നതുമായ നിയമങ്ങള്‍ നടപ്പിലാക്കുക പ്രായോഗികമല്ല.ഉദാഹരണമായി ഈയ്യിടെ ചില വിദ്വാന്മാര്‍ പറയുന്നുണ്ട്‌ മുകള്‍നിലയിലേക്കുള്ള സ്റ്റെയര്‍കേസ്‌ മുന്‍ വാതിലില്‍ നിന്നുനോക്കിയാല്‍ കാണരുതെന്നും ഗൃഹത്തിന്റെ നാലുമൂലകളും മുറിയരുതെന്നും. ഇതു എത്രമാത്രം പായോഗികമാണെന്നത്‌ സ്വയം ചിന്തിച്ചാല്‍ മതിയാകും.

വാസ്തുശാസ്ത്രം ഒരു കാലഘട്ടത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്നും ആധുനിക കാലഘട്ടത്തില്‍ അതിനനുസൃതമായ മാറ്റങ്ങളോടെ പുതിയ സങ്കേതങ്ങളെ സ്വീകരിച്ച്‌ അത്‌ വിഭാവനം ചെയ്യുന്ന സൗകര്യങ്ങളെസ്വീകരിക്കുകയും ആണു വേണ്ടത്‌.പ്രാചീന സമൂഹത്തിലെ മനുഷ്യരുടെ വസ്ത്രധാരണരീതിയും ഭക്ഷണക്രമവും അല്ലല്ലോ നാം ഇന്നു പിന്തുടരുന്നത്‌.കാലാനുസൃതമായ മാറ്റങ്ങളെ സ്വീകരിക്കില്ലെന്നു ശഠിക്കുന്ന അല്ലെങ്കില്‍ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ചങ്ങളക്കെട്ടുകളില്‍ ബന്ധിച്ചിടുന്ന തലമുറകള്‍ ലോകപുരോഗതിക്കു ഭൂഷണമല്ല.

പാരമ്പര്യമായി ലഭിച്ച അറിവുകളെ ആധുനികമായ അറിവുകളുമായി താരതമ്യം ചെയ്തും പറ്റാവുന്ന മേഘലകളില്‍ സമന്വയിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകുന്നതിനുപകരം ശിലായുഗം വിശ്വാസങ്ങളില്‍ മുറുകെപിടിക്കുന്നത്‌ ആധുനിക സമൂഹത്തിനു ഭൂഷണമല്ല.അന്ധവിശ്വാസങ്ങളുടെപേരില്‍ പൊളിച്ചുമാറ്റലുകളുംകൂട്ടിച്ചേര്‍ക്കലുകളും ഹോമങ്ങളും നടത്താതെ ശാസ്ത്രീയ സത്യങ്ങളെ അംഗീകരിക്കുക.കേരളം ഒരു നവോധാനപ്രക്രിയക്ക്‌ വിധേയമാകേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

ഓര്‍ക്കുക വേണ്ടത്ര അറിവുള്ള ഒരു നല്ല ഡിസനറുടെ വീക്ഷണവും സാദാരണ നാട്ടിന്‍പുറത്തെ ഒരു ആശാരിയുടെയും തമ്മില്‍ അജഗജാന്തരം ഉണ്ടായിരിക്കും.എപ്പോഴും ഗൃഹനിമ്മാണത്തിനൊരുങ്ങുമ്പോള്‍ ഡിസൈന്‍ ചെയ്യുവാന്‍ ഒരു വിദഗ്ദനെ തന്നെ സമീപിക്കുക.

വിഷു ആശംസകള്‍.

മേടമാസത്തിലെ പൊന്‍പുലരിയില്‍ ഓട്ടുരുളിയില്‍ കണിക്കൊന്നപ്പൂവും കണിവെള്ളരിയും പൊന്‍നാണ്യവും ഉണ്ണിക്കണ്ണന്റെ തിരുരൂപവും മറ്റും നിലവിളക്കിന്‍പ്രഭയില്‍ ശോഭിക്കുന്ന കാഴ്ച ഐശ്വര്യം നല്‍കും എന്നാണ്‌ വിശ്വാസം.കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ആഘോഷവേളയിലെങ്കിലും പ്രകൃതിയെക്കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഓര്‍മ്മിക്കുവാന്‍ നാം തയ്യാറാകണം.

Wednesday, April 04, 2007

ലാറിബേക്കര്‍

1917 മാര്‍ച്ച്‌ രണ്ടിനു ഇംഗ്ലണ്ടിലെ ബര്‍മിങ്ന്‍ഘാമിലെ ഒരു ഇടത്തരം കുടുമ്പത്തിലായിരുന്നു ലോകപ്രശസ്ത വാസ്തുശില്‍പ്പിയായ ലാറിബെക്കറെന്ന ലോറന്‍സ്‌ വില്‍ഫ്രഡ്‌ ബേക്കറുടെ ജനനം.ആര്‍ക്കിടെക്ചറില്‍ ഉപരിപഠനം കഴിഞ്ഞ്‌ പിന്നീട്‌ അദ്ദേഹം റോയല്‍ ഇന്‍സ്റ്റിറ്റ്‌യൂട്‌ ഒഫ്‌ ആര്‍ക്കിടെചറില്‍ അംഗമായി.രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌ നിര്‍ബന്ധിത സൈനീക സേവനത്തിന്റെ ഭാഗമായി അദ്ദേഹം ചൈനയില്‍ എത്തി.യുദ്ധത്തില്‍ മുറിവേറ്റവരെ പരിചരിക്കുന്ന സംഘത്തിലെ അംഗമായി അദ്ധേഹം അവിടെ സേവനം അനുഷ്ഠിച്ചു.


മടക്കയാത്രയില്‍ ഇന്ത്യയില്‍ എത്തിയ ബേക്കര്‍ ബോംബെയില്‍ വെച്ച്‌ ഗാന്ധിജിയെ കണ്ടുമുട്ടുവാന്‍ ഇടയായി. ഗാന്ധിജിയുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ബേക്കാര്‍ വല്ലാതെ ആകൃഷ്ടനായി.ഗാന്ധിജിയുടെ ഉപദേശപ്രകാരം 1945-ല്‍ ബേക്കര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി.കുഷ്ഠരോഗികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍പങ്കെടുത്ത ബേക്കര്‍ അവര്‍ക്കായി ആശുപത്രികളും താമസസൗകര്യങ്ങളും നിര്‍മ്മിക്കുന്നതില്‍ വ്യാപൃതനായി.തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയില്‍ പില്‍ക്കലത്ത്‌ തന്റെ ഭാര്യയായ മലയാളിയായ ഡോ.എലിസബത്തിനെ പരിചയപ്പെടുവാന്‍ ഇടയായി.1948-63 കാലഘട്ടത്തില്‍ യുപിയിലെ പിത്തോള്‍ഗഡിലെ സാധാരണക്കാര്‍ക്കിടയില്‍ ബേക്കര്‍ ദമ്പതികള്‍ തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.


1963-ല്‍ ഇവര്‍ കേരളത്തില്‍ എത്തി.1970-ല്‍ ബേക്കറും കുടുമ്പവും തിരുവനന്തപുരത്ത്‌ താമസമാക്കി.പിന്നീട്‌ ബേക്കര്‍ സ്റ്റെയില്‍ എന്ന് പ്രസിദ്ധിനേടിയ ചിലവുകുറഞ്ഞ നിര്‍മ്മാണരീതിയിലുള്ള കെട്ടിട നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ബേക്കര്‍ വളരെ പെട്ടെന്ന് തന്നെ തന്റെ കര്‍മ്മമണ്ടലത്തില്‍ വ്യക്തിമുദ്രപതിപ്പിച്ചു.സി.അച്യുതമേനോന്‍ എന്ന ക്രാന്തദര്‍ശിയായ മുന്‍ മുഖ്യമന്ത്രി ബേക്കറുടെ നിര്‍മ്മാണശൈലിയില്‍ ആകൃഷ്ടനായി.അദ്ദേഹത്തിന്റെ പിന്തുണയോടെ 1985-ല്‍ കോസ്റ്റ്‌ഫോര്‍ഡ്‌ രൂപീകരീച്ചു.കേരളത്തിന്റെ വാസ്തുവിദ്യാരംഗത്തെ ചരിത്രപരമായ ഒരു കാല്‍വെപ്പായിരുന്നു ഇത്‌.സ്വന്തമായി വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തെ യാദാര്‍ഥ്യത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തുവാന്‍ ബേക്കറെന്ന അമരക്കാരനിലൂടെ കോസ്റ്റ്‌ഫോര്‍ഡിനു കഴിഞ്ഞു.

നിരവധി കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ച ബേക്കര്‍ പല സംരംഭങ്ങളുടേയും സ്ഥാപനങ്ങളുടേയും ഉപദേശകനായും പ്രവര്‍ത്തിച്ചു.1981-ല്‍ നെതര്‍ലാന്റിലെ റോയല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡിലിറ്റും 1992-ല്‍ ഐക്യരാഷ്ട്രസഭ ഹാബിറ്റാറ്റ്‌ പുരസ്ക്കാരം തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധിപുരസ്ക്കാരങ്ങള്‍ ബേക്കറെ തേടിയെത്തി.1989-ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച അദ്ദേഹത്തെ 1990-ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.2007-ഏപ്രില്‍ 1നു രാവിലെ 7.30നു തിരുവനന്തപുരത്തെ സ്വവസതിയായ ഹാംലറ്റില്‍ വെച്ച്‌ അന്തരിച്ചു.

മക്കള്‍: വിദ്യാ രാധാകൃഷ്ണന്‍,തിലക്‌ ബേക്കര്‍,ഹൈഡി ബേക്കര്‍.

E-pathram

ePathram.com