Tuesday, November 13, 2007

കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പഞ്ചായത്തുകളിലേക്കും.

ഗ്രാമങ്ങള്‍ നഗരങ്ങളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കെട്ടിടനിര്‍മ്മാണത്തിനു ചില നിബന്ധനകള്‍ പണ്ടേ നടപ്പിലാക്കേണ്ടതായിരുന്നു. റോഡുവികസനം പലയിടത്തും അസാധ്യമാകുകയോ ദുഷകരമാകുകയോ ചെയ്തതില്‍ മുന്‍ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയും സങ്കുചിത രാഷ്ടീയതാല്‍പര്യവും മുന്‍ നിര്‍ത്തിയുള്ള നടപടികള്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്‌.പലകാരണങ്ങളാല്‍ അല്‍പം വൈകിയാണെങ്കിലും ഗ്രാമങ്ങളില്‍ കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിരിക്കുന്നു.

സംസ്ഥാനത്തെ 999 പഞ്ചായത്തുകളിളിലും കെട്ടിടനിര്‍മ്മാണചട്ടം നിലവില്‍ വരുത്തിയ അച്യുതാനന്ദന്‍ ഗവണ്മെന്റിനു (പൂര്‍ണ്ണമായും സഖാവ്‌ വിഭാവനം ചെയ്ത രീതിയില്‍ ആണോ ഭരണം നടക്കുന്നതെന്ന് അറിയില്ല) അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതോടൊപ്പം പുതുതായി കൊണ്ടുവരാന്‍ പോകുന്ന പഞ്ചായത്ത്‌ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട/ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടെ സൂചിപ്പിക്കുന്നു.പുതുതായികൊണ്ടുവരുന്ന പഞ്ചായത്ത്‌ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവു വരുത്തുകയും അഴിമതിക്ക്‌ ഇടവരുത്താത്തവിധത്തില്‍ നിയമങ്ങളില്‍ വ്യക്തത ഉണ്ടായിരിക്കുകയും ചെയ്യണം.ബോധപൂര്‍വ്വം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുകയും വേണം.

1.മൂന്നുസെറ്റുവരെയുള്ള സ്ഥലത്തു പണിയുന്ന കെട്ടിടങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുള്ള ദൂരപരിധി സംബന്ധിച്ചുള്ള ഇളവുകള്‍ അഞ്ചുസെന്റുവരെ അനുവദിക്കുക.

2.പൂര്‍ണ്ണമായും ഓല,മുള തുടാങ്ങിയവകൊണ്ട്‌ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന വീടുകളെ കെട്ടിടനിര്‍മ്മണചട്ടങ്ങളില്‍ നിന്നും ഒഴിവാക്കുക. ( ചുമരു ഇല്ലാതെ ഓലകൊണ്ട്‌ വശങ്ങള്‍ മറച്ചും മേല്‍ക്കൂര ഓലകൊണ്ട്‌ നിര്‍മ്മിച്ചതുമായ വീടുകള്‍)

3.നഗരപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഗ്രാമങ്ങളില്‍ "നാട്ടുവഴികള്‍" അഥവാ ഇടവഴികള്‍ ഒത്തിരിയുണ്ട്‌.ഇത്തരം വഴിയില്‍ നിന്നും ആദ്യ 75 മീറ്റര്‍ വരെ 1.5 മീറ്ററും തുടര്‍ന്ന് 2മീറ്ററും എന്ന വ്യവസ്ഥ ലഘൂകരിച്ച്‌ ആദ്യ അഞ്ഞൂറുമീറ്റര്‍ നീളമുള്ള വഴിയില്‍ നിന്നും കെട്ടിടത്തിലേക്ക്‌ 1.20 മീറ്റര്‍ അകലം ആക്കുക.

4.ഭൂജലനിരപ്പ്‌ ഉയര്‍ന്നതും,വര്‍ഷക്കാലത്ത്‌ വെള്ളക്കെട്ടുള്ളതും, കുടിവെള്ളത്തിനു ക്ഷമം ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ മഴവെള്ളസംഭരണികള്‍ നിര്‍ബന്ധമാക്കാതിരിക്കുക. നിലവില്‍ 100 മീറ്റര്‍ സ്ക്വയറില്‍ കൂടുതല്‍ വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക്‌ കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണത്തിനു ആനുപാതികമായ വലിപ്പത്തില്‍ മഴവെള്ള സംഭരണി നിര്‍ബന്ധമാണ്‌.ഇത്‌ ഗ്രാമീണമേഘലയില്‍ വീടുവെക്കുന്ന സാധാരണക്കാര്‍ക്ക്‌ ഏകദേശം 10000 മുതല്‍ 20000 വരെ അധിക ചിലവു വരുത്തുന്നു.

5.മണല്‍ പാസ്സ്‌ അംഗീകൃത ലൈസന്‍സ്ഡ്‌ എഞ്ചിനീയര്‍ ക്വാണ്ടിറ്റി കണക്കാക്കി സാക്ഷ്യപ്പെടുത്തുന്ന അളവില്‍ അനുവദിക്കുന്ന രീതി നിര്‍ബന്ധമാക്കുക.കൂടാതെ ഒരു സര്‍വ്വേനമ്പറില്‍ ഉള്ള ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുകയും അതുപ്രകാരം മണല്‍പാസ്‌ അനുവദിക്കുകയും ചെയ്യുമ്പോള്‍ തന്നെ പ്രസ്തുത സ്ഥലത്ത്‌ പണിയുന്ന കെട്ടിടത്തിനു മണല്‍ അനുവദിക്കും മ്പോള്‍ അതു ഘട്ടം ഘട്ടം ആക്കുക. പലയിടത്തും "ഡെമ്മിപ്ലാനുകള്‍" സബ്മിറ്റ്‌ ചെയ്ത്‌ മണല്‍പാസ്‌ എടുക്കുകയും പിന്നീട്‌ വീടുപണിയാതിക്കുകയും ചെയ്യുന്ന പ്രവണ കണ്ടുവരുന്നു.(മണല്‍ മാഫിയ ഇങ്ങനെ മണ്ണ്‍ സംഘടിപ്പിച്ച്‌ മറിച്ചുവില്‍ക്കുന്നു)

6.എഞ്ചിനീയര്‍മാക്കും സൂപ്പര്‍വൈസര്‍മാക്കും ലൈസന്‍സ്‌ ഏര്‍പ്പെടുത്തിയപോലെ മേസ്തിരിമാര്‍ക്കും ലൈസന്‍സ്‌ ഏര്‍പ്പെടുത്തുകയും പ്രസ്തുത മേസ്തിരിയുടെ കീഴില്‍ ആളുകളെ ജോലിക്ക്‌ നിര്‍ത്തുകയും ചെയ്യുക.അവിദഗ്ദരായ മേസ്തിരിമാര്‍ക്ക്‌ പുതിയ ശാസ്തീയമായ അറിവുകള്‍ പകര്‍ന്നുകൊടുക്കുവാന്‍ അതാതു ജില്ലകളീല്‍ സംവിധാനം ഒരുക്കുക. (വനം വകുപ്പ്‌ ആനപാപ്പന്മാര്‍ക്ക്‌ കോഴ്സുനടത്തി ലൈസന്‍സ്‌ നല്‍കുന്നപോലെ ഉള്ള സംവിധാനം)

7.അന്യ സംസ്ഥനനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികള്‍ മലയാളിയായ മേസന്റെ കീഴില്‍ തന്നെ ജോലിചെയ്യുന്നു എന്നും അവര്‍ ഏതുസംസ്ഥാനത്തുനിന്നും വരുന്നു അവരെ സംബന്ധിച്ചുള്ള തിരിച്ചറിയല്‍ രേഖകളും തൊഴില്‍ ഉടമയില്‍നിന്നും കൃത്യമായി കൂലിയും അടിസ്ഥാന സൗകര്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനുള്ള സംവിധാനം അതാതു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തുക.

8. പുഴയില്‍ നിന്നും നൂറുമീറ്ററും അമ്പതു മീറ്റര്‍ നീളമുള്ള പുഴയില്‍ നിന്ന് അമ്പതു മീറ്ററും ദൂരത്തില്‍ കെട്ടിടം നിര്‍മ്മിക്കുവാന്‍ കഴിയൂ എന്ന കേന്ദ്രനിയമം കേരളത്തില്‍ പലയിടത്തും 5-10 സെന്റ്‌ ഭൂമിയുള്ളവരും കാലങ്ങളായി പ്രസ്തുത ഭൂമിയില്‍ താമസിച്ചുവരുന്നവരുമായ ആളുകള്‍ക്ക്‌ വീടുപുതുക്കിപ്പണിയുന്നതിനും പുതുതായി വീടുവെക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ പുഴയാട്‌ ചേര്‍ന്ന് സ്ഥിരമായി താമസിക്കുന്നവര്‍ക്കും ഭാഗമായി സ്ഥലം ലഭിക്കുന്നവര്‍ക്കും പുഴയില്‍ നിന്നും 30 മീറ്റര്‍ ദൂരത്തില്‍ വീടുവെക്കുവാന്‍ അനുമതി നല്‍കുക.പുഴയുടെ വശങ്ങളില്‍ പുതുതായി സ്ഥലം വാങ്ങുന്നവര്‍ക്കും റിസോര്‍ട്ടുകാര്‍ക്കും ഈ ഇളവു നല്‍കാതിരിക്കുക.

9.നിര്‍ബന്ധമായും കെട്ടിടം നിര്‍മ്മിക്കുന്നതിനു മുമ്പ്‌ പഞ്ചായത്തില്‍ നിന്നും കെട്ടിടനിര്‍മ്മാണത്തിനു അനുമതി വാങ്ങുന്നു എന്ന് ഉറപ്പുവരുത്തുക.നിയമം വന്നതിനു ശേഷവും "വാസ്തു ശാസ്ത്രഞ്ജന്മാരുടെ" ഉപദേശപ്രകാരം സ്ഥനനിര്‍ണ്ണയം നടത്തി റൂള്‍പ്രകരം പ്ലോട്ടിന്റെ അതിര്‍ത്തിയില്‍ നിന്നും പാലിക്കേണ്ട ദൂരമ്പോലും ഇല്ലാതെ നിര്‍മ്മിക്കപ്പെടുന്ന ഫൗണ്ടേഷനുകള്‍ വര്‍ദ്ധിച്ചുവരുന്നു.

10.ഭര്‍ത്താവു മരിക്കുകയും ഭാര്യക്കും മക്കള്‍ക്കും സ്വത്തില്‍ അവകാശം വരികയും ചെയ്യുന്ന കേസുകള്‍ നിരവധിയാണ്‌.പലപ്പോഴും പ്രായമായ അമ്മമാര്‍ എല്ലാ മക്കളുമായും നല്ല ബന്ധത്തില്‍ ആയിരിക്കണം എന്നില്ല. ഇത്തരക്കാര്‍ക്ക്‌ വീടുനിര്‍മ്മിക്കുവാന്‍ ഇന്നത്തെ നിയമപ്രകാരം പല ബുദ്ധിമുട്ടുകളും ഉണ്ട്‌. ഇതു ലഘൂകരിച്ച്‌ ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കേറ്റുണ്ടെങ്കില്‍ ഭാര്യക്ക്‌ പ്രസ്തുത സ്ഥലത്ത്‌ കെട്ടിടം നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.പിന്നീട്‌ അമ്മയുടെ മരണശേഷം അനന്തരാവകാശികളായ എല്ലാവര്‍ക്കും നിയമപ്രകാരം ഉള്ള അവകാശം നല്‍കുക.(പ്രായമായ ഒത്തിരി അമ്മമാര്‍ നിയമത്തിന്റെ നൂലമാലകളില്‍ ബുദ്ധിമുട്ടുന്നു.)

പാരമൊഴി:നാടിനു ഗുണമുണ്ടാകുന്നതും കാലഘട്ടത്തിനു അനുയോജ്യവും അനിവാര്യവുമായ കൊള്ളാവുന്ന സംഭവങ്ങളെ എന്നും എതിര്‍ത്ത്‌ മാത്രം ശീലമുള്ള ചിലര്‍ക്കൊക്കെ ഈ നിയമം നടപ്പില്‍ വന്നതില്‍ കാര്യമായ എതിര്‍പ്പുണ്ട്‌.ഇനി നടപ്പില്‍ വരാന്‍ പോകുന്ന പഞ്ചായത്ത്‌ ആക്ടില്‍ നാട്ടുകാര്‍ക്ക്‌ പരമാവധി ബുദ്ധിനുട്ടുണ്ടാക്കുന്ന വകുപ്പുകള്‍ കൂട്ടിചേര്‍ത്തും പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥന്മാര്‍ നിയമത്തിന്റെ നൂലാമാലപറഞ്ഞ്‌ ജനത്തെ പത്തുപ്രാവശ്യം നടത്തുകയും ചെയ്താല്‍ ഈ നിയമത്തെ അട്ടിമറിക്കുവാന്‍ വളരെ എളുപ്പമാണ്‌.

No comments:

E-pathram

ePathram.com