Thursday, September 13, 2007

കെട്ടിടനിമ്മാണതൊഴിലും പ്രവാസികളും.കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഘല വന്‍ തോതില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന് അതുപോലെ തന്നെ നിര്‍മ്മാണ മേഘലയിലെ തൊഴിലാളിക്ഷാമവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.നല്ല തുക കൂലിനല്‍കിയിട്ടും വിദഗ്ദരായ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമമാണിന്ന് നേരിടുന്നത്‌. അതുകൊണ്ടുതന്നെ വിദഗ്ദരായ തൊഴിലാളികള്‍ക്കു പകരം വേണ്ടത്ര തൊഴില്‍ പ്രാവീണ്യം ഇല്ലാത്തവര്‍ക്കുപോലും വന്‍ തുക കൂലി നല്‍കേണ്ടിവരുന്നു. എന്നിട്ടും തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണിന്നുള്ളത്‌. മുമ്പ്‌ തമിഴ്‌നാട്ടില്‍ നിന്നും ആയിരുന്നു തൊഴിലാളികള്‍ കേരളത്തില്‍ എത്തിയിരുന്നത്‌. താരതമ്യേന അവര്‍ക്ക്‌ കൂലിയും കുറവായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ എണ്ണത്തില്‍ കുറവു വന്നിരിക്കുന്നു. മാത്രമല്ല അവര്‍ക്ക്‌ കൂലിയില്‍ കുറവൊന്നും കൊടുത്തല്‍ പറ്റുകയും ഇല്ല.ഇപ്പോള്‍ ഹിന്ദിക്കാരായ തൊഴിലാളികള്‍ (ബീഹാര്‍,ബംഗാള്‍,ഒറീസ്സ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും) ഈ മേഘലയില്‍ വന്നുതുടങ്ങി. അവര്‍ക്ക്‌ താരതമ്യേന കൂലികുറവാണ്‌ ഭാഷ ഒരു പ്രശ്നമാണെങ്കിലും നല്ലവണ്ണം ജോലിചെയ്യുന്നവരും ആണവര്‍.

വര്‍ഷത്തില്‍ കോടിക്കണക്കിനു രൂപയാണ്‌ പ്രവാസികള്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഘലയില്‍ നിക്ഷേപിക്കുന്നത്‌. അവര്‍ മുടക്കുന്ന തുകയില്‍ നല്ലൊരു ഭാഗം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വിനിയോഗിക്കപ്പെടുന്നു. ഇത്‌ ഇവിടെ നിരവധി തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നുമുണ്ട്‌.ഒരു ശരാശരി തൊഴിലാളിയുടെ വരുമാനം സമാനമായ തൊഴില്‍ ചെയ്യുന്ന പ്രവാസി മലയാളിയുടേതിനേക്കാളും ഉയര്‍ന്നതാണ്‌. അതിരാവിലെ ( ചിലപ്പോള്‍ 3 am) സൈറ്റില്‍ പോയി കൊടും ചൂടിലും മണല്‍ക്കാറ്റിലും തൊഴില്‍ എടുക്കുന്ന പലര്‍ക്കും കേരളത്തില്‍ രാവിലെ ഒമ്പതുമണിക്ക്‌ വന്ന് ഉച്ചക്ക്‌ 1-2 റെസ്റ്റെടുത്ത്‌ 5.30 ക്ക്‌ പണിനിര്‍ത്തുന്ന തൊഴിലാളിക്കു ലഭിക്കുന്നതിന്റെ പകുതി ശംബളമേ ലഭിക്കുന്നുളൂ.ഏകദേശം 80000 മുതല്‍ 135000 വരെയാണ്‌ ഇന്നു പല ഏജന്റുമാരും ഗള്‍ഫില്‍ ഒരു മേസന്‍ വിസക്ക്‌ പോലും ഈടാക്കുന്നത്‌.അതായത്‌ രണ്ടുവര്‍ഷത്തെ കരാറില്‍ 1 ലക്ഷം രൂപ നല്‍കി ഗള്‍ഫില്‍ പോകുന്ന ഒരാള്‍ക്ക്‌ വിസക്കുനല്‍കിയ തുകയെ 24 മാസത്തേക്ക്‌ വീതിച്ചാല്‍ ശരാശരി ഒരു മാസം 4166 രൂപയോളം ചിലവൃവരുന്നു. ഇതു കൂടാതെ അവിടത്തെ ഒഴിവാക്കാനാകാത്ത ചിലവുകള്‍ കൂടെ കണക്കാക്കിയാല്‍ (താമസം ഭൂരിപക്ഷം കമ്പനികളും ലാബര്‍ക്യാംബില്‍ ഒരുക്കും, അവിടത്തെ സ്ഥിതി നേരിട്ടു കണ്ടാലെ മനസ്സിലാകൂ) 2000 ഇന്ത്യന്‍ രൂപയോളം വരും. അപ്പോള്‍ ഏകദേശം 6000 രൂപ മാസം ചിലവ്‌.60- 80 ബഹ്രൈന്‍ ദിനാര്‍/ 600-800 ദിര്‍ഹം വരെയാണ്‌ ഒരു സാദാ ലേബര്‍ക്ക്‌ കൂലി.മേസനു പരമാവധി അത്‌ 90-140 ദിനാര്‍ വരെ ( ചിലയിടങ്ങളില്‍ ഓവര്‍ടൈം ഉണ്ടെങ്കും.) ഏകദേശം 110 ഓ അതില്‍ താഴെയാണ്‌ രൂപയാണ്‌ ഒരു ദിനാറിന്റെ വില.അപ്പോള്‍ 60 ദിനാര്‍ X 110 രൂപ=6600 മുമ്പ്‌ പറഞ്ഞ 6000 രൂപ- 6600 രൂപ = 600 രൂപ ആണ്‌ യദാര്‍ത്ഥ മാസ ശംബളം!കുടുമ്പത്തില്‍ നിന്നും അകന്ന് പൊരിവെയിലത്തും ദുഷ്ക്കരമായ കാലാവസ്ഥയിലും മോശം ഭക്ഷണം കഴിച്ചും പണിയെടുത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷം രോഗിയായി മടങ്ങുന്ന അവസ്ഥകൂടെ കണക്കാക്കണം.എന്നാല്‍ ഇവിടെ ഒരു ലേബര്‍ക്ക്‌ 180-200 രൂപയും അതില്‍ കൂടുതലും ആണ്‌ കൂലിയായി ലഭിക്കുന്നത്‌. അതായത്‌ ശരാശരി 25 ദിവസം ജോലിയെടുത്താല്‍ 180*25= 4500 രൂപയോളം ലഭിക്കും. ഇനി ഒരു മേസന്റെ കൂലിയാണേല്‍ 260-320 വരെയാണ്‌. അപ്പോള്‍ 260*25 ദിവസം = 7000 രൂപ. 1000 രൂപ ബസ്സിനും മറ്റുമുള്ള ചിലവിലേക്കായി മാറ്റിയാലും 6000 രൂപ ഭാക്കി. രാവിലെ വീട്ടില്‍ നിന്നും പോയി വൈകീട്ട്‌ വീട്ടില്‍ എത്തുന്നതിന്റെ സൗകര്യം ഒന്നു വേറെ!

വന്‍ തുക ഏജന്റിനു നല്‍കിയും മറ്റും ഗള്‍ഫില്‍ പോകുകയും പിന്നീട്‌ വിസയില്ലാതെയും മറ്റും ഗള്‍ഫില്‍ നിന്നും തിരികെ വരുന്ന നിര്‍മ്മാണ മേഘലയിലെ പ്രവാസിതൊഴിലാളികളെ പുനരധിവസിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ അവര്‍ക്ക്‌ ഒരു സഹകരണസംഘം പോലെ കൂട്ടായ്മ ഒരുക്കുകയും അതതു ജില്ലകളില്‍ ഒരു ഓഫീസ്‌ എടുത്ത്‌ അവിടെ നിന്നും ആവശ്യത്തിനു തൊഴിലാളികളെ സപ്ലെ ചെയ്യുന്ന രീതിയില്‍ അറേഞ്ച്‌ ചെയ്താല്‍ നന്നായിരിക്കും.ഈ കൂട്ടായ്മയെ നയിക്കുവാന്‍ തൊഴില്‍ ചെയ്യാത്ത നേതാക്കന്മാരെയും അവരെ തീറ്റിപ്പോറ്റാനും യൂണിയന്‍ ആപ്പീസു നടത്തിപ്പിനും ലെവിപിരിക്കുന്ന സംഘടനകളെയും ആവശ്യമില്ല.ഇത്തരം കൂട്ടായ്മ വരുമ്പോള്‍ പ്രവാസികളുടെ വീടുകള്‍ തന്നെ നിര്‍മ്മിക്കുവാന്‍ മറ്റു ആളുകളെ തേടേണ്ടിവരില്ല.വീടുനിര്‍മ്മിക്കുവാന്‍ കഴിവും ആത്മാര്‍ത്ഥതയും ഉള്ള പണിക്കാരെ ലഭിക്കാനില്ലാത്തത്‌ പ്രവാസികള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടാണ്‌. മാത്രമല്ല കഷ്ടപ്പെട്ട്‌ കാശുണ്ടാക്കി വീടുപണിക്കൊരുങ്ങുന്ന ഗള്‍ഫുകാരന്‍ പലപ്പോഴും പലപേരുകളില്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രവാസി സംഘടനകള്‍ക്കും സര്‍ക്കാരിനും എന്തെങ്കിലും ചെയ്യുവാന്‍ കഴിയും എന്നാണ്‌ എന്റെ വിശ്വാസം.

മദ്യപാനിയായ തൊഴിലാളി ഒരിക്കലും ധനവാനാകില്ല. (ബൈബിള്‍ വചനം)

വാല്‍മൊഴി: വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്ന അവസ്ഥക്ക്‌ മാറ്റം ഉണ്ടാക്കണം.കെട്ടിടനിര്‍മ്മാണതൊഴിലില്‍ പുതുതായി കടന്നുവരുന്നവര്‍ക്ക്‌ അല്‍പം ദിവസത്തെയെങ്കിലും തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കുകയും അവര്‍ക്ക്‌ ലൈസന്‍സ്‌ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.മീറ്ററും സെന്റീമീറ്ററും എന്തെന്നറിയാത്ത മേസന്മാരെ എത്രവേണമെങ്കിലും കാണാം!അവിദഗ്ദനായ തൊഴിലാളിമൂലം ഉണ്ടാകുന്ന സമയനഷ്ടവും അസംസ്കൃതവസ്തുക്കളുടെ ദുരുപയോഗവും വന്‍ നഷ്ടമാണ്‌ തൊഴിലുടമക്ക്‌ ഉണ്ടാക്കുന്നത്‌.ഒന്നുകൂടെ വിശദമായി പറഞ്ഞാല്‍ അസംസ്കൃത വസ്തുക്കള്‍ പാഴാക്കുന്നതിലൂടെ തൊഴിലുടമക്ക്‌ മാത്രമല്ല സമൂഹത്തിനും നഷ്ടമാണ്‌ ഇത്തരക്കാര്‍ വരുത്തിവെക്കുന്നത്‌.

അവകാശങ്ങളെ കുറിച്ച്‌ മാത്രം ബോധമുള്ള പിരിവിനെകുറിച്ച്‌ മാത്രം ജാഗ്രതയുള്ള തൊഴിലാളി സംഘടനകളും ഇത്‌ ഒന്ന് ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌.

പാരമൊഴി: മലയാളിതൊഴിലാളികള്‍ പണിസ്ഥലത്ത്‌ വരാന്‍ വൈകുന്നതുകൊണ്ട്‌ വൈകീട്ട്‌ "ജോലികഴിഞ്ഞു" നേരത്തെ പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സ്റ്റെയില്‍ കടമെടുത്തിട്ടുണ്ട്‌ ചിലയിടങ്ങളില്‍. കൂടാതെ വിവിധ മൊബെയില്‍ ഫോണ്‍ കമ്പനികള്‍ കോള്‍ നിരക്ക്‌ കുറച്ചതും നാട്ടിലെ കുറുങ്ങാന്‍ താല്‍പര്യമുള്ള പല സുന്ദരിമാര്‍ക്കും സുന്ദരിമാര്‍ അല്ലാത്തവര്‍ക്കും മൊബെയില്‍ഫോണ്‍ കണക്ഷന്‍ ഉള്ളതും കോണ്ട്രാക്ടര്‍മാര്‍ക്കും വീടുവെക്കുന്നവര്‍ക്കും വലിയ അടിയായിട്ടുണ്ട്‌!

2 comments:

അലിഫ് /alif said...

ഈ കുറിപ്പിന്റെ വാല്‍മൊഴി വളരെയധികം പ്രാധാന്യത്തോടെ കാണേണ്ട സംഗതിയാണ്‌ എന്ന് തോന്നുന്നു.ഹെല്‍പ്പര്‍ മൂത്ത്‌ മേസ്തിരി യാകുന്നത്‌ സഹിക്കാം, ഹെല്‍പ്പര്‍ പണിപോലുമറിയാത്തവര്‍ പോലും ഇന്ന് 250 -350 രൂപ വരെ പ്രതിദിന ശമ്പളം പറ്റുന്ന മേസ്തിരി മാരാണ്‌, ചിലയിടങ്ങളില്‍ അവരെ തന്നെ കിട്ടാനുമില്ല.

ശരിയായ പരിശീലനമില്ലായ്മയുടെ കുറവ്‌ ഏറ്റവുമധികം പ്രതിഫലിക്കുന്ന മേഖലയാണിന്ന് കെട്ടിടനിര്‍മ്മാണം, അതിനു വിധേയരാകുന്നത്‌ പാര്‍പ്പിടക്കാരന്‍ ആവലാതിപെടുന്നത്‌ പോലെ പ്രവാസികള്‍ മാത്രമല്ല, നാട്ടില്‍ ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ ഇറങ്ങിപുറപ്പെടുന്നവരെല്ലാം തന്നെയാണ്‌.

ഒറീസ്സയിലെ ഗ്രാംവികാസ്‌ (GRAM VIKAS) എന്ന സംഘടന Barefoot Engineers എന്ന പേരില്‍ പരിശീലനകളരികള്‍ സംഘടിപ്പിച്ചിരുന്നതിലെ കരിക്കുലം ചര്‍ച്ചകളില്‍(2002) പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്‌. സാധാരണ ആളുകള്‍ക്ക്‌ അവരവരുടെ അഭിരുചിക്കനുസരിച്ച്‌ കെട്ടിടനിര്‍മ്മാണ അനുബന്ധ മേഖലകളില്‍ പരിശീലനം നല്‍കുകയാണീ കളരികള്‍ ചെയ്യുന്നത്‌. വികസനമെത്തി നോക്കാത്ത ഗ്രാമപ്രദേശങ്ങളില്‍ പോലും ഈ പദ്ധതി വളരെയധികം വിജയിച്ചതായി കാണാം.

നമ്മുടെ നാട്ടില്‍ തൃശൂര്‍ (ശരിയായ സ്ഥലപ്പേര്‌ ഓര്‍മ്മയില്ല) കേന്ദ്രമാക്കി പ്രവര്‍ത്തിച്ച്‌ വരുന്ന ജീവപൂര്‍ണ്ണ വനിതാ മേസ്ത്രി സഹകരണ സംഘവും (സോഷ്യോ എക്കണോമിക്‌ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍) ഇത്തരത്തിലുള്ള ഒരു പരിശീലനകളരിയാണ്‌. അവിടെ റജിസ്റ്റര്‍ ചെയ്ത്‌ പരിശീലനം സിദ്ധിച്ച 1000 ത്തോളം വനിതകള്‍ ഈ മേഖലയില്‍ ഉപജീവനം തേടുന്നുണ്ടന്നാണ്‌ അറിവ്‌.

തിരുവനന്തപുരത്ത്‌ ഹാബിറ്റാറ്റ്‌ ന്റെ മേല്‍നോട്ടത്തില്‍ ഇത്തരത്തിലുള്ള കെട്ടിടനിര്‍മ്മാണ തൊഴില്‍ പരിശീലനവും സ്വയം സഹായ പദ്ധതികളുമൊക്കെ ആവിഷ്കരിച്ചിരുന്നു എങ്കിലും കാലക്രമത്തില്‍ അത്‌ ഛിന്നഭിന്നമായി പോയത്‌ പോലെയാണ്‌.(ഭൂരിപക്ഷവും പരിശീലനത്തിനു ശേഷം ഗള്‍ഫ്‌ കുപ്പായം തയ്പ്പിച്ച്‌ നാടുവിടുന്നു എന്നത്‌ ഒരു കാരണമാകാം )

സന്നദ്ധസംഘടനകള്‍ക്ക്‌ ആകാമെങ്കില്‍ എന്ത്‌ കൊണ്ട്‌ ഗവണ്‍മന്റ്‌ ഏജന്‍സികള്‍ക്ക്‌ ഇത്തരം പരിശീലനപരിപാടികള്‍ നടത്തി വിജയിപ്പിക്കാന്‍ കഴിയുന്നില്ല എന്നത്‌ ചിന്തിക്കേണ്ടതാണ്‌. ഗ്രാമപഞ്ചായത്ത്‌ തലത്തില്‍ ഇത്തരം കളരികളില്‍ പരിശീലനം നേടിയവരുടെ ഒരു കൂട്ടായ്മ ലിസ്റ്റുണ്ടാക്കിയാല്‍, അവരുടെ സേവനം ആര്‍ക്കും ലഭ്യമാക്കാവുന്നതല്ലേയുള്ളൂ. തിരുവന്തപുരത്ത്‌ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുടുംബശ്രീ യൂണിറ്റ്‌ ഉണ്ട്‌- വനിതാ ഇലക്ട്രീഷ്യന്മാര്‍.

ഓ.ടോ: അക്ഷരതെറ്റുകള്‍ അധികമായത്‌ പോസ്റ്റിന്റെ പ്രാധാന്യത്തെ ബാധിക്കുന്നത്‌ പോലെ, ശ്രദ്ധിക്കുമല്ലോ.

paarppidam said...

അലീഫ്‌ ജി ഞാന്‍ 6 വര്‍ഷം മുമ്പ്‌ ഡിസൈന്‍ ചെയ്ത ഒരു വീടിന്റെ തറപണി നടത്തിയത്‌ ഒരു കൂട്ടം വനിതകള്‍ ആയിരുന്നു. ആ വീട്‌ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്‌. അവരെ കുറിച്ച്‌ എഴുതണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ ഇനി പെണ്ണുങ്ങളെ കുറിച്ച്‌ എഴുതി പുലിവാല്‍ ആയാലോന്ന് കരുതിയിട്ടാണ്‌.ഗവണ്‍മന്റ്‌ അവര്‍ക്ക്‌ കെട്ടിടനിര്‍മ്മാണത്തെകുറിച്ച്‌ ട്രെയിനിങ്ങും മറ്റും നല്‍കിയിരുന്നു.അവര്‍ നിരവധി വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്‌.

വീടു ഡിസൈന്‍ ചെയ്യുന്നവര്‍ക്ക്‌ ഇവിടെ കൂലി കുറവാണ്‌. ചതുരശ്രയടിക്ക്‌ 50 പൈസപോലും വാങ്ങാതെ പറമ്പ്‌ അളന്ന് പ്ലാന്‍ വരച്ച്‌ പഞ്ചായത്ത്‌ സന്ദ്ഷനു ഒപ്പിട്ടുകൊടുക്കുന്ന വിധ്വാന്മാര്‍ ഉണ്ട്‌ ഇവിടെ.തൃശ്ശൂര്‍ക്കാര്‍ടെ ഭാഷയില്‍ പറഞ്ഞാല്‍ വെടിവെച്ച്‌ കൊല്ലണം അവന്മാരെ.ആശാരി പ്ലാന്‍ തയ്യാറാക്കി കുറ്റിയടിക്കുവാന്‍ 1001-5001ഉം അതിനു മുകളിലും വരെ വാങ്ങുന്നത്‌ കാണുമ്പോള്‍ ഇവന്മാരെ എന്താ വേണ്ടത്‌.

തിരക്കിനിടയില്‍ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചില്ല ക്ഷമിക്കുക.

E-pathram

ePathram.com