Friday, September 28, 2007

മണല്‍കിട്ടാക്കനിയാകുമ്പോള്

‍കേരളത്തിലെ നിര്‍മ്മാണ മേഘല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രതിസന്ധി മണലിന്റെ ലഭ്യതയിലുള്ള കുറവാണ്‌. ദിനം തോറും നിരവധി വമ്പന്‍ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്ത്‌ അതിനാവശ്യമായ മണല്‍ കണ്ടെത്തുക വളരെ വിഷമകരമാണ്‌. ഇതിനുപകരം വെക്കാവുന്ന ഒരു മെറ്റീരിയല്‍ ഇനിയും പ്രായോഗികതലത്തില്‍ കണ്ടെത്തിയിട്ടില്ല അല്ലെങ്കില്‍ വേണ്ടത്ര പ്രചാരത്തില്‍ വന്നിട്ടില്ല.ഇതിനിടയില്‍ കരമണലും തമിഴ്‌നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത "കാവേരി"മണലും വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങി. ഇതോടെ പലകെട്ടിടങ്ങളുടേയും കൂടപ്പിറപ്പായിമാറി വര്‍ഷക്കാലത്തെ ചോര്‍ച്ച.ആദ്യം തന്നെ ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കോണ്‍ക്രീറ്റിനുള്ളിലെ സ്റ്റീല്‍ "കമ്പി" മുഴുവന്‍ തുരുമ്പുപിടിക്കുവാനും തുടങ്ങും. ലക്ഷങ്ങള്‍ ചിലവാക്കി നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ കേവലം നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഉപയോഗശൂന്യമാകും.

ഈ അടുത്ത ദിവസം പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന കെട്ടിടനിര്‍മ്മാണാനുമതിയും തിരിച്ചറിയല്‍ കാര്‍ഡും മറ്റും വില്ലേജില്‍ ഹാജരാക്കിയാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനനുസരിച്ച്‌ അളവുനിശ്ചയിച്ച്‌ ഭാരതപ്പുഴയില്‍ നിന്നും മണല്‍ ലഭിക്കുന്നതിനുള്ള പാസ്സിനുള്ള അനുമതി ലഭിക്കും. എതുമായി തലപ്പിള്ളിതാലൂക്ക്‌ ഓഫീസില്‍ പോയാല്‍ അവിടെ നിന്നും മണലിനുള്ള പാസ്സ്‌ ലഭിക്കും(ഇതാണ്‌ ഈ സംഗതിയെപറ്റി എനിക്കുള്ള അറിവ്‌) ഇവിടെ ജനങ്ങള്‍ക്ക്‌ പ്രത്യേകിച്ചും ഭര്‍ത്താക്കാന്മാര്‍ നാട്ടില്‍ ഇല്ലാതെ സ്ത്രീകള്‍ മാത്രം ഉള്ള വീട്ടില്‍ (പ്രവാസികളാണിതില്‍ കൂടുതല്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുക) ഇതെത്രമാത്രം പ്രായോഗികമാകും എന്ന് സംശയമാണ്‌. വില്ലേജില്‍ നിന്നും എടുക്കുന്ന പാസ്സില്‍ തലപ്പിള്ളിയിലോ മറ്റ്‌ ഏതെങ്കിലും താലൂക്കുകളിലോ പോയി മണല്‍ കളക്ടുചെയ്യുവാന്‍ ഒരു നോമിനിയെ ഏര്‍പ്പെടുത്തുവാന്‍ ഉള്ള സൗകര്യം കൂടെ അധികൃതര്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ പലര്‍ക്കും ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കാതെ പോകും.

വാല്‍മൊഴി: ഇനിയിപ്പോ മണലെടുക്കുവാനുള്ള പെര്‍മിറ്റ്‌ വീട്ടുകാര്‍ക്ക്‌ ലഭിച്ചാല്‍ ഇടനിലക്കാരും മറ്റും തട്ടിയെടുത്ത്‌ ദുരുപയോഗം ചെയ്യുവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്‌.

Thursday, September 13, 2007

പ്ലാന്‍-16


പ്ലാനിനു കടപ്പാട്‌ മിസിസ്സ്‌ എസ്‌.കുമാര്‍.
കാര്‍പോര്‍ച്ചും അടക്കം 2250 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു വീടിന്റെ പ്ലാനാണ്‌ ഇത്‌.സ്റ്റെയര്‍കേസ്‌ സ്പൈറല്‍ (സെമീ സ്പൈറല്‍ എന്നു പറയാം) ആയിട്ടാണ്‌ കൊടുത്തിരിക്കുന്നത്‌.ഹാന്റ്‌ റെയില്‍ സ്റ്റീല്‍കൊണ്ട്‌ കൊടുത്ത്‌ ആകര്‍ഷകമാക്കാം.(മരം ആണ്‌ കൂടുതല്‍ നന്നാകുക എന്ന് അഭിപ്രായം ഉണ്ടാകാം പക്ഷെ മരം ചിലവ്‌ വര്‍ദ്ധിപ്പിക്കും.അദിഥികളുള്ളപ്പോള്‍ അവര്‍ക്ക്‌ ശല്യമുണ്ടാകാതെ കുടുമ്പാംഗങ്ങള്‍ക്ക്‌ പ്രോഗ്രാമ്മുകള്‍ ആസ്വദിക്കുവാന്‍ ഡൈനിങ്ങ്‌ ഏരിയായില്‍ ഇരുന്ന് കാണാവുന്ന വിധത്തില്‍ സ്റ്റെയര്‍ കേസിന്റെ അടിയിലേക്ക്‌ ടിവിയുടെ സ്ഥാനം മാറ്റി ക്രമീകരിക്കാവുന്നതാണ്‌.മാത്രമല്ല ഇത്‌ ലിവിങ്ങ്‌ റൂം വൃത്തികേടാകാതെ സൂക്ഷിക്കുന്നതിനും നല്ലതാണ്‌.ലിവിങ്ങ്‌ റൂമില്‍ ഒരു ദിവാന്‍ കോട്ട്‌ ഇട്ട്‌ അല്‍പം "രാജകലയൊക്കെ" വരുത്താം.ഡൈനിങ്ങ്‌ ഹാളില്‍ ഇരിക്കുന്നവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയില്‍ വാഷ്ബേസിനും കോമണ്‍ ടോയ്‌ലറ്റും ക്രമീകരിച്ചിരിക്കുന്നു.
കിച്ചണില്‍ ഗ്യാസടുപ്പും ഓവനും എല്ലാം വെക്കുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. കിച്ചണ്‍ വിന്റോകള്‍ 90 സെന്റീമീറ്റര്‍ മാത്രമേ ഉയരം ഉണ്ടാകൂ. ( 210-ല്‍ നിന്നും താഴേക്ക്‌ 90 സെന്റീമീറ്റര്‍) കിച്ചണ്‍ -2 -ല്‍ വിറകടുപ്പും ചിമ്മിനിയും നല്‍കിയിരിക്കുന്നു.അവിടെ നിന്നും പ്രവേശിക്കാവുന്ന രീതിയിലാണ്‌സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്‌. യുടിലിറ്റി ഏരിയായില്‍ അമ്മിയും.വാഷിങ്ങ്‌ മെഷീനും വെക്കാം.ഈ ഏരിയാ ഗ്രില്‍ ഇട്ട്‌ സുരക്ഷിതമാക്കുന്നത്‌ നല്ലതാണ്‌.


കുടുമ്പാംഗങ്ങള്‍ക്ക്‌ ഒത്തുചേരുന്നതിനു മുകള്‍നിലയിലൊരു ഫാമിലി ലിവിങ്ങ്‌ റൂം കൊടുത്തിരിക്കുന്നു.

മുകള്‍ നിലയില്‍ ഒരു ഊഞ്ഞാല്‍ നല്‍കിയിരിക്കുന്നു.റൂഫ്‌ കോണ്‍ക്രീറ്റ്‌ ചെയ്യുമ്പോള്‍ തന്നെ ഇതിനായി നാലു ഹുക്കുകള്‍ നല്‍കുന്നത്‌ നന്നായിരിക്കും.857 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മുകള്‍ നിലയില്‍ രണ്ടു ബെഡ്രൂമുകള്‍ കൊടുത്തിരിക്കുന്നു.മുകള്‍നിലയില്‍ രണ്ടു ബെഡ്രൂമിനും കൂടെ ഒരു കോമണ്‍ ബാത്രൂം മതി എന്നുള്ളവര്‍ക്ക്‌ താഴത്തെ ടോയ്‌ലറ്റിനു മുകളില്‍ അതേ പോലെ തന്നെ ഒരു കോമണ്‍ ടോയ്‌ലറ്റ്‌ ഒരുക്കാവുന്നതാണ്‌.


മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ നിസ്കാരത്തിനായി ഒരിടം ഒരുക്കണം എന്നുണ്ടെങ്കില്‍ സ്റ്റെയര്‍കേസിനു താഴെകൂടെ ഒരു വാതില്‍ കൊടുത്ത്‌ ബാത്രൂം No:1 നെ ഒഴിവാക്കി പ്രാര്‍ത്ഥനാ മുറിയാക്കാവുന്നതാണ്‌.മുകള്‍ നിലയിലെ ബാത്രൂം No:3 യെ ബെഡ്രൂം No:3 യുടെ ഡ്രസ്സിങ്ങാക്കി അതിനപ്പുറത്തുവരുന്ന ബാത്രൂം No:2 വിനെ ഇതിന്റെ ബാത്രൂമാക്കി എടുക്കാം. എന്നിട്ട്‌ താഴെയുള്ള കോമണ്‍ ടോയ്‌ലറ്റിനു മുകളില്‍ ബെഡ്രൂം No:2 നു ബാത്രൂം ഒരുക്കാം. വായിച്ചിട്ട്‌ ഐഡിയാ കിട്ടാത്തവര്‍ മെയില്‍ അയക്കുക paarppidam@yahoo.com. നിസ്ക്കരിക്കുന്ന മുറിക്ക്‌ പ്രത്യേകം സ്ഥാനം ഉണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കില്‍ അറിയുന്ന ആരെങ്കിലും പറഞ്ഞു തന്നാല്‍ നന്ന്.


Nb: ഇതിലെ അളവുകള്‍ വാസ്തു അനുസരിച്ചല്ല.


കോപ്പിചെയ്യുന്നവര്‍ക്കായി ഒരു അറിയിപ്പ്‌

www.paarppidam.blogspot.com എന്ന ബ്ലോഗ്ഗില്‍ വരുന്ന പോസ്റ്റുകളോ ഡിസൈനുകളോ സാമ്പത്തികലാഭത്തിനോ അല്ലാതെയോ അനുമതിയില്ലാതെ പുനപ്രസിദ്ധീകരിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യരുത്‌. തികച്ചും സൗജന്യമായി ബ്ലോഗ്ഗില്‍ കൊടുക്കുന്ന ഈ ഡിസൈനുകള്‍ വീടുപണിയുന്നവര്‍ക്ക്‌ സഹായകമാകണം എന്ന ഉദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്നതാണ്‌.(എന്നാല്‍ ബ്ലോഗ്ഗിലെ പ്രചാരണത്തേക്കാള്‍ നന്നായി ഞങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ ജനങ്ങളുടെ കൈകളില്‍ എത്തും എന്ന് ആരും ഇതിനു വ്യാഖ്യാനം നല്‍കേണ്ടതില്ല) വീടുവെക്കുന്നതിനായി ഈ പ്ലാനുകള്‍ ഉപയോഗിക്കുന്നതിനു യാതൊരു വിരോധവും ഇല്ല. എന്നാല്‍ പ്ലാനുകളും ഡിസൈനുകളും ഉള്‍ക്കൊള്ളുന്ന നിരവധി പുസ്തകങ്ങള്‍ ഇന്ന് വിപണിയിലുണ്ട്‌. അത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരും വിതരണം ചെയ്യുന്നവരും ഇതില്‍ നിന്നും ഡിസൈനുകള്‍ പുന പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളതല്ല.

NB: ടി.വി, പത്രമാധ്യമങ്ങള്‍, ഡിസൈനര്‍ പ്ലസ്‌ ബില്‍ഡര്‍,മലയാള മനോരമ പാര്‍പ്പിടം,വനിത വീട്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍ ഇതിലെ വിവരങ്ങള്‍ പൊതുജന താല്‍പര്യാര്‍ഥം നല്‍കുന്നതില്‍ വിരോധമില്ല.

സ്നേഹപൂര്‍വ്വം s.kumar

പാര്‍പ്പിടം തുടങ്ങിയിട്ട്‌ ഒരു വര്‍ഷം

പ്രിയ വായനക്കാരെ പാര്‍പ്പിടംwww.paarppidam.blogspot.com തുടങ്ങിയിട്ട്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ബ്ലോഗ്ഗിംഗിനെ കുറിച്ച്‌ മാധ്യമം പത്രത്തില്‍ വന്ന ലേഖനം വായിക്കുകയും ആ ലേഖനം തയ്യാറാക്കിയ സുനില്‍ റിയാദുമായി ഈ-മെയില്‍ വഴി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്‌ എനിക്ക്‌ ബ്ലോഗ്ഗിങ്ങിലേക്കുള്ള വഴിതുറന്നുതന്നത്‌.അതുകൂടാതെ ആരംഭകാലത്ത്‌ വേണ്ടമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ടെക്നിക്കല്‍ സപ്പോര്‍ട്ടും നല്‍കി എന്നെ സഹായിച്ചവരില്‍ കെ.ശ്രീജിത്ത്‌,പെരിങ്ങോടന്‍,കൊടകരപുരാണക്കാരന്‍ എന്റെ സജീവേട്ടന്‍, വക്കാരി, കെവിന്‍,ഉമേഷ്‌,കലേഷ്‌,കിരണ്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.ഇവരെക്കൂടാതെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി സുഹൃത്തുക്കള്‍ വേറെ.ഇവരോടുള്ള എന്റെ നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ രേഖപ്പെടുത്തുന്നു.കമന്റുകളിലൂടെയും ഈ-മെയിലിലൂടെയും പ്രതികരിക്കുകയും ഓരോ പോസ്റ്റും താല്‍പര്യപൂര്‍വ്വം വായിക്കുകയും ചെയ്യുന്ന എന്റെ വായനക്കാരോടു എങ്ങനെ നന്ദിപറയണം എന്ന് എനിക്കറിയില്ല.

എഴുത്തില്‍ വേണ്ടത്രകഴിവില്ലാത്ത ഞാന്‍ തിരക്കുകള്‍ക്കിടയില്‍ കുത്തിക്കുറിക്കുന്ന ചെറിയകാര്യങ്ങള്‍ ഗൗരവപൂര്‍വ്വം വായിക്കുന്ന ആളുകള്‍ ഉണ്ടാകും എന്ന് ഒരിക്കലും ഞാന്‍ ഈ ബ്ലോഗ്ഗുതുടങ്ങുമ്പോള്‍ കരുതിയിരുന്നില്ല.നിങ്ങള്‍ നല്‍കുന്ന പ്രചോദനം ഒന്നുമാത്രം ആണ്‌ ഈ ബ്ലോഗ്ഗിനെ മുന്നോട്ടു നയിക്കുന്നത്‌.പോരായമകള്‍ നിരവധിയുണ്ടെന്ന് അറിയാം ഈയ്യുള്ളവനോടു ക്ഷമിക്കുക.ഈ ബ്ലോഗ്ഗില്‍ ഞാനിട്ട എത്രപ്ലാനുകള്‍ വീടുകളായി അല്ലെങ്കില്‍ ആശയങ്ങള്‍ പ്രയോജനപ്പെട്ടു എന്ന് എനിക്കറിയില്ല ഒന്നുരണ്ടുപേര്‍ എന്നെ അറിയിച്ചിരുന്നു.

ഇവിടെ എന്റെ ഒരു ചെറിയ ആശങ്ക വായനക്കാരോടു പങ്കുവെക്കുകയാണ്‌ ഈ ബ്ലോഗ്ഗില്‍ ഞാന്‍ ഇടുന്നത്‌ എന്റെ ചില ചെറിയ വര്‍ക്കുകള്‍ ആണ്‌. ഇത്‌ ആരെങ്കിലും അടിച്ചെടുത്ത്‌ (ഓ പിന്നെ ഇതു കിട്ടീട്ടുവേണ്ടെ ആളുകള്‍ക്ക്‌ പുസ്തകമാക്കാന്‍!)പുസ്തകം ആക്കിയേക്കും എന്നതാണ്‌ ആ ആശങ്ക.അതിന്റെ ചില സൂചനകള്‍ എനിക്ക്‌ ലഭിച്ചിരുന്നു. ഇതിനെ ഏതെങ്കിലും വിധത്തില്‍ തടയുവാന്‍ കഴിയുമോ?

ചെണ്ടക്കാരനായി വന്ന് എനിക്ക്‌ പലപ്പോഴും കമന്റായും ഈ-മെയിലായും നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്തുതന്ന ആര്‍ക്കിടെക്റ്റ്‌ ആലിഫ്ജി.(ഈയ്യിടെയായി അദ്ദേഹത്തിന്റെ ഒരു വിവരവും ലഭ്യമല്ല.നൈജീരിയായിലെ കൊള്ളക്കാര്‍ വല്ലവരും പിടിച്ചുകൊണ്ടുപോയോന്ന് അറിയില്ല)എന്തെങ്കിലും കാര്യത്തിനു നന്ദിരേഖപ്പെടുത്തിയാല്‍പിന്നെ ലോകത്തിന്റെ ഏതുകോണിലായാലും എന്നും ഓര്‍ക്കുന്ന വടക്കുന്നാഥസന്നിധിയിലും തൃശ്ശൂര്‍ റൗണ്ടിലും കാലുകുത്താന്‍ അനുവദിക്കില്ല എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഞാനടക്കമുള്ള പല ബ്ലോഗ്ഗേഴ്സിനും സപ്പോര്‍ട്ടുതരുന്ന ഒരു ചേച്ചിയുടെ പേര്‍ വ്യക്തമാക്കുന്നില്ല അതോടൊപ്പം അവര്‍ക്കുള്ള നന്ദി പറയാതെ മനസ്സില്‍ സൂക്ഷിക്കുന്നു.വീടു വാടകക്ക്‌ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ പറഞ്ഞുതരാം എന്ന് പറഞ്ഞു മുങ്ങിനടക്കുന്ന അഡ്വക്കേറ്റ്‌ ദീപക്കും മുങ്കൂറായി ഒരു നന്ദി രേഖപ്പെടുത്തുന്നു.

ഈ ഒരു വര്‍ഷത്തെ ബ്ലോഗ്ഗനുഭവങ്ങളില്‍ കൊടകരപാടത്ത്‌ സജീവേട്ടനെ പോത്ത്‌ കുത്തിയസ്പോട്ടും മറ്റും എഴുത്തുകാരന്റെ കൂടെ നേരില്‍ കണ്ടത്‌ മറക്കാനാവാത്ത അനുഭവം തന്നെയാണ്‌. അദ്ദേഹത്തിന്റെ ( ആ ഗടീടെ) കൂടെ പെപില്‍ കൊടകര ടൗണിലൂടെ യാത്രചെയ്തതും ഒരുപിടിമണ്ണെന്ന പോസ്റ്റിലെ ചെറുപ്പക്കാരന്‍ പിടഞ്ഞുമരിച്ച സ്ഥലത്തെ കാണിച്ച്‌ മനുഷ്യജീവിതത്തിലെ ആഗ്രഹങ്ങളുടെ വൈവിധ്യം പറഞ്ഞുതന്നതും എല്ലാം മനസ്സിലൂടെ കടന്നുപോകുന്നു.വ്യക്തിപരമായ കാരണങ്ങളാല്‍ വേണ്ടത്ര സൗകര്യവും സമയും ലഭിക്കാത്തതിനാല്‍ പലപ്പോഴും ബ്ലോഗ്ഗുവായനയും കമന്റിടലും കുറഞ്ഞിരിക്കുന്നു.എങ്കിലും ബ്ലോഗ്ഗുതുറന്നുതരുന്ന വായനാനുഭവവും സൗഹൃദങ്ങളും ഒന്നു വേറെതന്നെയാണ്‌.

ഒന്നാം വര്‍ഷത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിനെ കുറിച്ച്‌ ഒരു പുതിയ ബ്ലോഗ്ഗുകൂടെ http://www.naaykkal.blogspot.com ഞാന്‍ ആരംഭിച്ചിരിക്കുന്നു എന്നതുകൂടെ വായനക്കാരെ അറിയിക്കുന്നു.


ബ്ലോഗ്ഗിങ്ങ്‌ സമാന്തരമായി ഒരുകൂട്ടം എഴുത്തുകാരെ സൃഷ്ടിക്കുന്നു എന്നത്‌ സന്തോഷകരമായ ഒരു കാര്യം തന്നെയാണ്‌. കൊടകരപുരാണവും യൂറോപ്പ്‌ സ്വപ്നങ്ങളും പുസ്തകമായി ഇറങ്ങിയിരിക്കുന്നു എന്നത്‌ സന്തോഷകരം തന്നെയാണ്‌.വിവിധ ബ്ലോഗ്ഗുകളിലെ കവിതകളും കഥകളും ലേഖനങ്ങളും ഒക്കെ ഉള്‍പ്പെടുത്തി ഒരു പുസ്തകം ഇറക്കുന്നതിനെ കുറിച്ച്‌ ബ്ലോഗ്ഗുപുലികള്‍ ആലോചിക്കേണ്ട സമയം ആയിരിക്കുന്നു എന്ന് ഈയ്യുള്ളവനു തോന്നുന്നു.

കെട്ടിടനിമ്മാണതൊഴിലും പ്രവാസികളും.കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഘല വന്‍ തോതില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന് അതുപോലെ തന്നെ നിര്‍മ്മാണ മേഘലയിലെ തൊഴിലാളിക്ഷാമവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.നല്ല തുക കൂലിനല്‍കിയിട്ടും വിദഗ്ദരായ തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമമാണിന്ന് നേരിടുന്നത്‌. അതുകൊണ്ടുതന്നെ വിദഗ്ദരായ തൊഴിലാളികള്‍ക്കു പകരം വേണ്ടത്ര തൊഴില്‍ പ്രാവീണ്യം ഇല്ലാത്തവര്‍ക്കുപോലും വന്‍ തുക കൂലി നല്‍കേണ്ടിവരുന്നു. എന്നിട്ടും തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണിന്നുള്ളത്‌. മുമ്പ്‌ തമിഴ്‌നാട്ടില്‍ നിന്നും ആയിരുന്നു തൊഴിലാളികള്‍ കേരളത്തില്‍ എത്തിയിരുന്നത്‌. താരതമ്യേന അവര്‍ക്ക്‌ കൂലിയും കുറവായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ എണ്ണത്തില്‍ കുറവു വന്നിരിക്കുന്നു. മാത്രമല്ല അവര്‍ക്ക്‌ കൂലിയില്‍ കുറവൊന്നും കൊടുത്തല്‍ പറ്റുകയും ഇല്ല.ഇപ്പോള്‍ ഹിന്ദിക്കാരായ തൊഴിലാളികള്‍ (ബീഹാര്‍,ബംഗാള്‍,ഒറീസ്സ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും) ഈ മേഘലയില്‍ വന്നുതുടങ്ങി. അവര്‍ക്ക്‌ താരതമ്യേന കൂലികുറവാണ്‌ ഭാഷ ഒരു പ്രശ്നമാണെങ്കിലും നല്ലവണ്ണം ജോലിചെയ്യുന്നവരും ആണവര്‍.

വര്‍ഷത്തില്‍ കോടിക്കണക്കിനു രൂപയാണ്‌ പ്രവാസികള്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഘലയില്‍ നിക്ഷേപിക്കുന്നത്‌. അവര്‍ മുടക്കുന്ന തുകയില്‍ നല്ലൊരു ഭാഗം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വിനിയോഗിക്കപ്പെടുന്നു. ഇത്‌ ഇവിടെ നിരവധി തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നുമുണ്ട്‌.ഒരു ശരാശരി തൊഴിലാളിയുടെ വരുമാനം സമാനമായ തൊഴില്‍ ചെയ്യുന്ന പ്രവാസി മലയാളിയുടേതിനേക്കാളും ഉയര്‍ന്നതാണ്‌. അതിരാവിലെ ( ചിലപ്പോള്‍ 3 am) സൈറ്റില്‍ പോയി കൊടും ചൂടിലും മണല്‍ക്കാറ്റിലും തൊഴില്‍ എടുക്കുന്ന പലര്‍ക്കും കേരളത്തില്‍ രാവിലെ ഒമ്പതുമണിക്ക്‌ വന്ന് ഉച്ചക്ക്‌ 1-2 റെസ്റ്റെടുത്ത്‌ 5.30 ക്ക്‌ പണിനിര്‍ത്തുന്ന തൊഴിലാളിക്കു ലഭിക്കുന്നതിന്റെ പകുതി ശംബളമേ ലഭിക്കുന്നുളൂ.ഏകദേശം 80000 മുതല്‍ 135000 വരെയാണ്‌ ഇന്നു പല ഏജന്റുമാരും ഗള്‍ഫില്‍ ഒരു മേസന്‍ വിസക്ക്‌ പോലും ഈടാക്കുന്നത്‌.അതായത്‌ രണ്ടുവര്‍ഷത്തെ കരാറില്‍ 1 ലക്ഷം രൂപ നല്‍കി ഗള്‍ഫില്‍ പോകുന്ന ഒരാള്‍ക്ക്‌ വിസക്കുനല്‍കിയ തുകയെ 24 മാസത്തേക്ക്‌ വീതിച്ചാല്‍ ശരാശരി ഒരു മാസം 4166 രൂപയോളം ചിലവൃവരുന്നു. ഇതു കൂടാതെ അവിടത്തെ ഒഴിവാക്കാനാകാത്ത ചിലവുകള്‍ കൂടെ കണക്കാക്കിയാല്‍ (താമസം ഭൂരിപക്ഷം കമ്പനികളും ലാബര്‍ക്യാംബില്‍ ഒരുക്കും, അവിടത്തെ സ്ഥിതി നേരിട്ടു കണ്ടാലെ മനസ്സിലാകൂ) 2000 ഇന്ത്യന്‍ രൂപയോളം വരും. അപ്പോള്‍ ഏകദേശം 6000 രൂപ മാസം ചിലവ്‌.60- 80 ബഹ്രൈന്‍ ദിനാര്‍/ 600-800 ദിര്‍ഹം വരെയാണ്‌ ഒരു സാദാ ലേബര്‍ക്ക്‌ കൂലി.മേസനു പരമാവധി അത്‌ 90-140 ദിനാര്‍ വരെ ( ചിലയിടങ്ങളില്‍ ഓവര്‍ടൈം ഉണ്ടെങ്കും.) ഏകദേശം 110 ഓ അതില്‍ താഴെയാണ്‌ രൂപയാണ്‌ ഒരു ദിനാറിന്റെ വില.അപ്പോള്‍ 60 ദിനാര്‍ X 110 രൂപ=6600 മുമ്പ്‌ പറഞ്ഞ 6000 രൂപ- 6600 രൂപ = 600 രൂപ ആണ്‌ യദാര്‍ത്ഥ മാസ ശംബളം!കുടുമ്പത്തില്‍ നിന്നും അകന്ന് പൊരിവെയിലത്തും ദുഷ്ക്കരമായ കാലാവസ്ഥയിലും മോശം ഭക്ഷണം കഴിച്ചും പണിയെടുത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷം രോഗിയായി മടങ്ങുന്ന അവസ്ഥകൂടെ കണക്കാക്കണം.എന്നാല്‍ ഇവിടെ ഒരു ലേബര്‍ക്ക്‌ 180-200 രൂപയും അതില്‍ കൂടുതലും ആണ്‌ കൂലിയായി ലഭിക്കുന്നത്‌. അതായത്‌ ശരാശരി 25 ദിവസം ജോലിയെടുത്താല്‍ 180*25= 4500 രൂപയോളം ലഭിക്കും. ഇനി ഒരു മേസന്റെ കൂലിയാണേല്‍ 260-320 വരെയാണ്‌. അപ്പോള്‍ 260*25 ദിവസം = 7000 രൂപ. 1000 രൂപ ബസ്സിനും മറ്റുമുള്ള ചിലവിലേക്കായി മാറ്റിയാലും 6000 രൂപ ഭാക്കി. രാവിലെ വീട്ടില്‍ നിന്നും പോയി വൈകീട്ട്‌ വീട്ടില്‍ എത്തുന്നതിന്റെ സൗകര്യം ഒന്നു വേറെ!

വന്‍ തുക ഏജന്റിനു നല്‍കിയും മറ്റും ഗള്‍ഫില്‍ പോകുകയും പിന്നീട്‌ വിസയില്ലാതെയും മറ്റും ഗള്‍ഫില്‍ നിന്നും തിരികെ വരുന്ന നിര്‍മ്മാണ മേഘലയിലെ പ്രവാസിതൊഴിലാളികളെ പുനരധിവസിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ അവര്‍ക്ക്‌ ഒരു സഹകരണസംഘം പോലെ കൂട്ടായ്മ ഒരുക്കുകയും അതതു ജില്ലകളില്‍ ഒരു ഓഫീസ്‌ എടുത്ത്‌ അവിടെ നിന്നും ആവശ്യത്തിനു തൊഴിലാളികളെ സപ്ലെ ചെയ്യുന്ന രീതിയില്‍ അറേഞ്ച്‌ ചെയ്താല്‍ നന്നായിരിക്കും.ഈ കൂട്ടായ്മയെ നയിക്കുവാന്‍ തൊഴില്‍ ചെയ്യാത്ത നേതാക്കന്മാരെയും അവരെ തീറ്റിപ്പോറ്റാനും യൂണിയന്‍ ആപ്പീസു നടത്തിപ്പിനും ലെവിപിരിക്കുന്ന സംഘടനകളെയും ആവശ്യമില്ല.ഇത്തരം കൂട്ടായ്മ വരുമ്പോള്‍ പ്രവാസികളുടെ വീടുകള്‍ തന്നെ നിര്‍മ്മിക്കുവാന്‍ മറ്റു ആളുകളെ തേടേണ്ടിവരില്ല.വീടുനിര്‍മ്മിക്കുവാന്‍ കഴിവും ആത്മാര്‍ത്ഥതയും ഉള്ള പണിക്കാരെ ലഭിക്കാനില്ലാത്തത്‌ പ്രവാസികള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടാണ്‌. മാത്രമല്ല കഷ്ടപ്പെട്ട്‌ കാശുണ്ടാക്കി വീടുപണിക്കൊരുങ്ങുന്ന ഗള്‍ഫുകാരന്‍ പലപ്പോഴും പലപേരുകളില്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രവാസി സംഘടനകള്‍ക്കും സര്‍ക്കാരിനും എന്തെങ്കിലും ചെയ്യുവാന്‍ കഴിയും എന്നാണ്‌ എന്റെ വിശ്വാസം.

മദ്യപാനിയായ തൊഴിലാളി ഒരിക്കലും ധനവാനാകില്ല. (ബൈബിള്‍ വചനം)

വാല്‍മൊഴി: വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്ന അവസ്ഥക്ക്‌ മാറ്റം ഉണ്ടാക്കണം.കെട്ടിടനിര്‍മ്മാണതൊഴിലില്‍ പുതുതായി കടന്നുവരുന്നവര്‍ക്ക്‌ അല്‍പം ദിവസത്തെയെങ്കിലും തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കുകയും അവര്‍ക്ക്‌ ലൈസന്‍സ്‌ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.മീറ്ററും സെന്റീമീറ്ററും എന്തെന്നറിയാത്ത മേസന്മാരെ എത്രവേണമെങ്കിലും കാണാം!അവിദഗ്ദനായ തൊഴിലാളിമൂലം ഉണ്ടാകുന്ന സമയനഷ്ടവും അസംസ്കൃതവസ്തുക്കളുടെ ദുരുപയോഗവും വന്‍ നഷ്ടമാണ്‌ തൊഴിലുടമക്ക്‌ ഉണ്ടാക്കുന്നത്‌.ഒന്നുകൂടെ വിശദമായി പറഞ്ഞാല്‍ അസംസ്കൃത വസ്തുക്കള്‍ പാഴാക്കുന്നതിലൂടെ തൊഴിലുടമക്ക്‌ മാത്രമല്ല സമൂഹത്തിനും നഷ്ടമാണ്‌ ഇത്തരക്കാര്‍ വരുത്തിവെക്കുന്നത്‌.

അവകാശങ്ങളെ കുറിച്ച്‌ മാത്രം ബോധമുള്ള പിരിവിനെകുറിച്ച്‌ മാത്രം ജാഗ്രതയുള്ള തൊഴിലാളി സംഘടനകളും ഇത്‌ ഒന്ന് ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌.

പാരമൊഴി: മലയാളിതൊഴിലാളികള്‍ പണിസ്ഥലത്ത്‌ വരാന്‍ വൈകുന്നതുകൊണ്ട്‌ വൈകീട്ട്‌ "ജോലികഴിഞ്ഞു" നേരത്തെ പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സ്റ്റെയില്‍ കടമെടുത്തിട്ടുണ്ട്‌ ചിലയിടങ്ങളില്‍. കൂടാതെ വിവിധ മൊബെയില്‍ ഫോണ്‍ കമ്പനികള്‍ കോള്‍ നിരക്ക്‌ കുറച്ചതും നാട്ടിലെ കുറുങ്ങാന്‍ താല്‍പര്യമുള്ള പല സുന്ദരിമാര്‍ക്കും സുന്ദരിമാര്‍ അല്ലാത്തവര്‍ക്കും മൊബെയില്‍ഫോണ്‍ കണക്ഷന്‍ ഉള്ളതും കോണ്ട്രാക്ടര്‍മാര്‍ക്കും വീടുവെക്കുന്നവര്‍ക്കും വലിയ അടിയായിട്ടുണ്ട്‌!

Monday, September 03, 2007

ഓണാശംസകള്‍

എല്ലാ മാന്യ വായനക്കാര്‍ക്കും എന്റെ ഓണാശംസകള്‍.

ഓണം എല്ലാവരും ഗംഭീരമായി കൊണ്ടാടിയിരിക്കും എന്ന് കരുതുന്നു.

കേരളത്തിലെ ഒട്ടുമിക്ക റോഡുകളിലും കുഴിവിളകള്‍ ആയതിനാല്‍ മാവേലി പലതവണ പാതാളത്തില്‍ പോയി വീണ്ടും അടുത്തകുഴിയിലൂടെ തിരികെ വരുന്ന കഴ്ച ഈ വര്‍ഷം ഉണ്ടായതായി ചിലര്‍ പറഞ്ഞുകേട്ടു.കേരളത്തിലെ റോഡുകളില്‍ ഭൂരിപക്ഷവും ഉപയോഗ ശൂന്യമായിരിരിക്കുന്നു, ഈ കുഴികളില്‍ വീണ്‌ ഇതിനോടകം നിരവധി ബൈക്ക്‌ യാത്രക്കാര്‍ക്ക്‌ മരിക്കെണ്ടിവരികയോ പരിക്കേല്‍ക്കുകയോ ചെയ്തു. അധികൃതരാകട്ടെ കാര്യമായ ഒരു നടപടിയും എടുക്കുന്നുമില്ല.

ജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും കോടതികളില്‍ പൊതുതാല്‍പര്യ ഹര്‍ജിനല്‍കുന്ന നവാബ്‌ രാജെന്ദ്രന്റെ കാര്യം ഇപ്പോഴാണ്‌ ഓര്‍മ്മവരുന്നത്‌. നമ്മള്‍ ശംബളം കൊടുത്ത്‌ നിലനിര്‍ത്തുന്ന ഉദ്യോഗസ്ഥരും എം.എല്‍.എ മന്ത്രി പുംഗവരും നിരവധിയുണ്ടെങ്കിലും അവര്‍ ഇക്കാര്യത്തില്‍ പ്രസ്ഥാവനക്കപ്പുറം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് നമ്മുടെ റോഡുകള്‍ തന്നെ വിളിച്ചോതുന്നു. ജനങ്ങള്‍ കഴുതകളായിരിക്കുന്നിടത്തോളം ഇതിങ്ങനെ തുടരുകയും ചെയ്യും.

ഇപ്പോഴത്തെ പ്രശനം വകുപ്പുമന്ത്രി ചില ഏടാകൂടങ്ങളില്‍ ചാടിയതാണ്‌. വര്‍ഷം തോറും പ്രസ്തുതവകുപ്പ്‌ കയ്യാളുന്ന ഗ്രൂപ്പിന്റെ/കക്ഷിയുടെ മന്ത്രിമാര്‍ മാറുന്നത്‌ പക്ഷെ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്തരീതിയില്‍ ആക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. കേരളത്തില്‍ ഭൂമികയ്യേറ്റവകുപ്പും പട്ടയവകുപ്പും ഉണ്ടാക്കി മലയോരകോണ്‍ഗ്രസ്സില്‍ നിന്നുതന്നെ അതിനു ഒരു മന്ത്രിയെ നിയമിച്ചാല്‍ ഒരു പരിധിവരെ കൃത്യമായി റോഡ്‌ ടാക്സടച്ച്‌ റോഡിലെ കുഴിയില്‍ വീഴുന്ന ആളുകള്‍ രക്ഷപ്പെടും.

ഓണത്തിനു മുമ്പെ പോസ്റ്റുചെയ്യുവാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.

E-pathram

ePathram.com