Monday, July 09, 2007

കിച്ചണ്‍ ഡിസൈന്‍


അല്‍പം മുമ്പത്തെ തലമുറവരെ ആളുകള്‍ക്ക്‌ കരിപുരണ്ട ജീവിതങ്ങളുടെ സിംബലായിരുന്ന കിച്ചണുകള്‍ ഇന്ന് ആര്‍ഭാടത്തിന്റെ ഷോറൂമായി മാറിക്കൊണ്ടിരിക്കുന്നു. ലക്ഷങ്ങള്‍ ചിലവിട്ടാണ്‌ പലരും അടുക്കളകള്‍ ഒരുക്കുന്നത്‌. രണ്ടും മൂന്നും കിച്ചണുകള്‍ ഉള്ള വീടുകള്‍ ഇന്നു സാധാരണം. നമ്മുടെ ജീവിത രീതിയില്‍ ഉണ്ടായ മാറ്റം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നതും കിച്ചണുകളില്‍ തന്നെ. ഇടക്കാലത്ത്‌ ചിലര്‍ ആശാരിമാരെക്കൊണ്ട്‌ "ഗള്‍ഫ്‌ മോഡല്‍" കിച്ചണ്‍ കാബിനറ്റുകള്‍ ചെയ്യിക്കുവാന്‍ തുടങ്ങിയപ്പോള്‍ അതൊരു ട്രന്റായി.വെളുത്ത ടയില്‍ ഒട്ടിച്ച വര്‍ക്ക്‌ സ്ലാബുകളും അതിനടിയിലെ ഷെല്‍ഫുകളും ആ കാലഘട്ടത്തിലെ ട്രെന്റായി.അഴുക്കും കരിയും എളുപ്പത്തില്‍ പിടിക്കുവാന്‍ തുടങ്ങിയപ്പോള്‍ ടെയിലിന്റെ നിറത്തില്‍ മാറ്റം വരുത്തിയും മാര്‍ബിള്‍ സ്ലാബിട്ടും ചില പരിഷ്ക്കാരങ്ങള്‍ നടത്തി. മാര്‍ബിള്‍ സ്ലാബില്‍ ചെറുനാരങ്ങയുടെ നീരുപോലുള്ള അസിഡിറ്റിയുള്ള ദ്രാവകങ്ങള്‍ വീണാല്‍ അതിനു നിറം മാറ്റം വരുന്നതും തുടര്‍ച്ചയായ ഉപയോഗം മൂലം പെട്ടെന്ന് തേയ്മാനം വരുന്നതും ഒരു പ്രശ്നമായി.തുടര്‍ന്ന് ഗ്രാനേറ്റിന്റെ വരവായി.


മോഡുലാര്‍ കിച്ചണ്‍ തുടക്കത്തില്‍ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്നെങ്കിലും ഇന്നത്‌ മധ്യവര്‍ഗ്ഗം ഒരു സ്റ്റാറ്റസിനായി പകര്‍ത്തുവാന്‍ തുടങ്ങി. പലയിടങ്ങളിലും ഒരു ഭ്രമമായി അതുപടര്‍ന്നു. ഒരു നൂക്ലിയര്‍ കുടുമ്പത്തിനു എന്തിനാണ്‌ ഇത്രവലിയ കിച്ചണ്‍ എന്ന് ആരും ചിന്തിക്കുന്നില്ല. കിച്ചണ്‍ ഒരുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

* അലങ്കാരത്തിനെന്നപേരില്‍ ക്യാബിനറ്റുകളില്‍ അനാവശ്യമായി ലൈറ്റുകള്‍ സ്ഥാപിക്കാതിരിക്കുക.

*റഫ്രിജറേറ്റര്‍,ഓവന്‍,മിക്സി,ഡിഷ്‌വാഷര്‍,വാഷിങ്ങ്‌ മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ എവിടെ സ്ഥാപിക്കണം എന്ന് മുങ്കൂട്ടി കണക്കാക്കി അതിനുള്ള ഇലക്ടിക്ക്‌ പ്ലെഗ്ഗ്‌ പോയന്റുകള്‍ മുങ്കൂട്ടി സ്ഥാപിക്കുക.

*കിച്ചണിലേക്കുള്ള വെന്റിലേഷന്‍ തടസ്സപ്പെടാത്ത വിധത്തില്‍ ക്യാബിനെറ്റുകള്‍ സ്ഥാപിക്കുക.

*ഡിസൈന്‍ സ്റ്റേജില്‍ തന്നെ കിച്ചണിന്റെ വലിപ്പം ചെറുതാക്കുക.ചെറിയ കിച്ചണുകള്‍ വൃത്തിയായി സൂക്ഷിക്കുവാന്‍ എളുപ്പമാണ്‌.

*തുറന്ന മനസ്ഥിതിയുള്ളവര്‍ക്കും സ്ഥലപരിമിതിയുള്ളവര്‍ക്കും ഓപ്പണ്‍ കിച്ചണുകള്‍ വളരെ നല്ലതാണ്‌.കിച്ചണിനും ഡൈനിങ്ങിനും ഇടയില്‍ ഒരു ബ്രേക്ക്‌ ഫാസ്റ്റ്‌ കൗണ്ടര്‍ കൊടുക്കുന്നത്‌ നന്നായിരിക്കും.

*അനാവശ്യമായി അടുക്കളയിലെ എല്ലാ ചുമരുകളിലും ക്യാബിനറ്റുകള്‍ കൊടുക്കാതിരിക്കുക. സാമ്പത്തിക ചിലവു വര്‍ദ്ധിക്കും എന്നതുമാത്രമല്ല അതിനു മുകളില്‍ പൊടിപടലം അടിഞ്ഞു കൂടും.അതു വൃത്തിയാക്കുവാന്‍ ബുദ്ധിമുട്ടും കൂടും.


*കിച്ചണ്‍ ക്യാബിനറ്റുകള്‍ക്കു മുകളില്‍ പ്രാണികളുടെയും പാറ്റ എലി എന്നിവയുടെ താവളം ആയി മറാതിരിക്കുവാന്‍ ശ്രദ്ധിക്കുക.പല സ്ത്രീകളിലും തുമ്മലും അലര്‍ജിയും ഉണ്ടാക്കുന്നതില്‍ വൃത്തിയില്ലാത്ത കിച്ചണ്‍ ക്യാബിനറ്റുകള്‍ക്ക്‌ വലിയ പങ്കുണ്ട്‌.


*നിലവാരമുള്ള പ്ലംബിംഗ്‌ ഫിറ്റിങ്ങ്സ്‌ ഉപയോഗിക്കുക.സിങ്കില്‍ നിന്നും പോകുന്ന പൈപ്പുകളില്‍നിന്നും ക്യാബിനറ്റുകള്‍ക്കുള്ളില്‍ ചോര്‍ച്ചയുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുന്നത്‌ നല്ലതാണ്‌.

*വെള്ളം വീണാല്‍ പെട്ടെന്ന് കേടുവരുന്ന മരം/പ്ലൈവുഡ്‌ കൊണ്ടുള്ള ക്യാബിനറ്റുകള്‍ വെക്കാതിരിക്കുക.

*മുന്‍പരിചയവും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ സ്ഥപനങ്ങളെക്കൊണ്ട്‌ മാത്രം മോഡുലാര്‍ കിച്ചണ്‍ ചെയ്യീക്കുക.

*മുറിയുടെ വലിപ്പം അനുസരിച്ച്‌ ആവശ്യമായ കപ്പാസിറ്റിയുള്ള ഹുഡ്ഡ്‌ സ്ഥാപിക്കുക. *സ്വന്തമായി കിച്ചണ്‍ കാബിനറ്റ്‌ വര്‍ക്ക്‌ ചെയ്യീക്കുകയാണെങ്കില്‍ ഉള്ളിലെ പാര്‍ടീഷ്യന്‍സ്‌ ഫെറോസിമെന്റില്‍ ചെയ്യുക. ഫെറോസിമന്റ്‌ ഷീറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമണ്‌.

*ഉറപ്പുള്ളതും വിലകുറഞ്ഞതുമായ മരത്തില്‍ സ്റ്റെയിന്‍ ചെയ്ത്‌ ക്യാബിനറ്റുകള്‍ ആകര്‍ഷകമാക്കാം.

*സിങ്കിനു സമീപത്തെ ക്യാബിനിലെ വാതിലില്‍ തുറക്കുമ്പോള്‍ പുറത്തേക്ക്‌ വരത്തക്കവണ്ണം വേസ്റ്റ്‌ ഇടുവാന്‍ ഒരു ബക്കറ്റ്‌ വെക്കുവാനുള്ള സൗകര്യം ഒരുക്കുക. ആവശ്യം കഴിഞ്ഞാല്‍ അത്‌ അടച്ചാല്‍ പുറമേക്ക്‌ കാണുകയില്ല.

*റഫ്രിജറേറ്റര്‍ സിങ്ക്‌ അടുപ്പ്‌ എന്നിവതമ്മിലുള്ള ദൂരം പരമാവധി കുറക്കുവാന്‍ ശ്രദ്ധിക്കുക.


ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലേയൗട്ടിലെ ഒന്നുരണ്ടുകാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

1. കൗണ്ടറിന്റെ താഴത്തെ ഷെല്‍ഫുകള്‍ സ്ഥാപിക്കുമ്പോള്‍ point-A യില്‍ കൊടുത്തിരിക്കുന്നപോലെ സ്കെര്‍ട്ടിങ്ങ്‌ 7.5-10 സെന്റീമീറ്റര്‍ ഉള്ളിലേക്ക്‌ തള്ളിക്കൊടുക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അടുക്കള കൗണ്ടറില്‍ ചാരിനിന്ന് ജോലിചെയ്യുന്നവരുടെ കാല്‍ വിരലുകള്‍ അവിടെ മുട്ടി അസൗകര്യം ഉണ്ടാക്കും.

2. വിന്റോ ചിത്രത്തില്‍ കാണിച്ചിരിക്കുന്നപോലെ അടിഭാഗം വര്‍ക്കിങ്ങ്‌ സ്ലാബില്‍ നിന്നും 40-45 സെന്റീമീറ്റര്‍ എങ്കിലും ഉയരത്തില്‍ സ്ഥാപിക്കുക. ജനലിനരികില്‍ ആണ്‌ സ്റ്റൗ വെക്കുന്നതെങ്കില്‍ കാറ്റടിച്ച്‌ തീ കെടുവാനുള്ള സാധ്യത കൂടുതല്‍ ആണ്‌. കൂടാതെ ഗ്യാസിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യും.

3. ഭാരമുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഒന്നോ രണ്ടോ കൗണ്ടറുകള്‍ക്കുള്ളിലെ ഫെറോ സിമന്റ്‌ സ്ലാബുകള്‍ക്ക്‌ സ്റ്റീല്‍ ആങ്കിളുകള്‍ കൊടുത്ത്‌ കൂടുതല്‍ സപ്പോര്‍ട്ട്‌ നല്‍കുക.

4.ഒന്നുരണ്ടു ക്യാബിനുകളില്‍ പാര്‍ട്ടീഷന്‍ നല്‍കാതിരുന്നാല്‍ അരിചാക്കും പഴക്കുലയും മറ്റും സൂക്ഷിക്കുവാന്‍ സൗകര്യമായിരിക്കും.

5.കിച്ചണ്‍ കാബിനറ്റിന്റെ അടിഭാഗം തറനിരപ്പില്‍ നിന്നും 150 സെന്റീമീറ്ററില്‍ വെക്കുന്നവരും ഉണ്ട്‌. നില്‍ക്കുമ്പോള്‍ തല മുട്ടാത്തെ ശ്രദ്ധിക്കണം എന്നുമാത്രം.( ചുമരില്‍ നിന്നുമുള്ള ഡെപ്ത്‌ 40 സെന്റീമീറ്റര്‍ ആക്കിയാല്‍ ആ പ്രശ്നം ഒരു പരിധിവരെ കുറാക്കാം)


അടുത്ത പോസ്റ്റില്‍ കിച്ചണ്‍ ലേയൗട്ടുകളും വിശദാംശങ്ങളും.


പാരമൊഴി: കിച്ചണില്‍ തലചീകുന്ന ചീര്‍പ്പും നെയില്‍ കട്ടറും സൂക്ഷിക്കാതിരുന്നാല്‍ നന്ന്. (ഹേയ്‌ ഞാനും വിശാലേട്ടനും കൂടെ ഒരിടത്തും കിച്ചണ്‍ കാണുവാന്‍ പോയിട്ടുമില്ല അവിടെ കണ്ട കാര്യത്തെക്കുറിച്ച്‌ കക്ഷി ഒരു കമന്റും പറഞ്ഞിട്ടും ഇല്ല.)


3 comments:

paarppidam said...

കിച്ചണെ കുറിച്ച്‌ ഒരു പോസ്റ്റുണ്ടേ!

ചില നേരത്ത്.. said...

നാട്ടിലെ സെന്‍സില്ലാത്ത പാര്‍പ്പിട നിര്‍മ്മാണവും ഇന്റീരിയര്‍ ഡിസൈനിംഗില്‍ തീരെ ശ്രദ്ധിക്കാതെയുള്ള മനോഭാവവും നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ വളരെ ഇന്‍ഫോര്‍മാറ്റീവ് ആണ് ഈ ബ്ലോഗ്. വളരെ അധികം നന്ദി.
(ഇതേ ഇന്‍ഡസ്ട്രിയില്‍ തന്നെയാണ് ഞാനും ജോലി ചെയ്യുന്നത്.)

paarppidam said...

നന്ദി
കൂടുതല്‍ പേര്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിലേക്ക്‌ വരുന്നുണ്ട്‌. പക്ഷെ ചില സ്ഥാപനങ്ങള്‍ ചുമ്മ ഇന്റീരിയര്‍ കോഴ്സെന്നും പറഞ്ഞു ആട്ടോകാഡും, ത്രീഡിമാക്സിന്റെ ചില ഭാഗങ്ങളും, ഫോട്ടോഷോപ്പും ആണ്‌ പഠിപ്പിക്കുന്നത്‌.

E-pathram

ePathram.com