Monday, July 09, 2007

മൂന്നുസെന്റില്‍ ഒരു പരീക്ഷണം! പ്ലാന്‍ 13
ഒരു പ്രവാസി സുഹൃത്തിന്റെ ഒപ്പം അദ്ദേഹത്തിന്റെ വീടിന്റെ പ്ലാനുമായി ഒരു വാസ്തുവിദഗ്ദന്റെ അടുക്കല്‍ പോകേണ്ടിവന്നു. മൂന്നുസെന്റു സ്ഥലത്തു വീടുപണിയുവാന്‍ വാസ്തുവിദഗ്ദന്റെ ഉപദേശം തേടിയെത്തിയ ഒരാളെ അവിടെവെച്ച്‌ യാദൃശ്ചികമായി കണ്ടുമുട്ടുവാനിടയായി. അദ്ദേഹത്തിന്റെ ഭൂമിയുടെ അളവും ആകൃതിയും കണ്ട വാസ്തു വിദഗ്ദന്‍ പറഞ്ഞു.

"ഹേയ്‌ ഈ പറമ്പ്‌ വീടുപണിയാന്‍ കൊള്ളില്ല. മാത്രമല്ല നിങ്ങളുടെ ആവശ്യങ്ങള്‍ ഇത്രയും കുറഞ്ഞ സ്ഥലത്ത്‌ കൊണ്ടുവരിക പ്രയാസമാണ്‌.വീടുപണിയുവാന്‍ മറ്റൊരു സ്ഥലം നോക്കിക്കോളൂ."

എന്തുകൊണ്ടോ ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ മനസ്സിലേക്ക്‌ തെളിഞ്ഞുവന്നത്‌ അന്തരിച്ച പ്രശസ്ഥ വാസ്തുശില്‍പ്പി ലാറിബേക്കറുടെ മുഖമാണ്‌. വീടുവെക്കുന്നവന്റെ ആവശ്യങ്ങളും സാമ്പത്തികസ്ഥിതിയും നോക്കി സ്ഥലത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ വീടുപണിയുന്നതില്‍ ഇത്രയേറേ കഴിവ്‌ പ്രകടിപ്പിച്ച വാസ്തുശില്‍പ്പി വേറേ ഉണ്ടോ എന്ന് സംശയം.


വാസ്തുവിദഗ്ദന്റെ വാക്കുകള്‍ കേട്ട്‌ മടങ്ങിപ്പോകുവാന്‍ ഒരുങ്ങിയ അയാളുടെ പ്ലോട്ടിന്റെ സ്കെച്ച്‌ ഞാന്‍ ഒന്ന് വാങ്ങിനോക്കി. ഒരു പ്രൊഫഷണല്‍ മര്യാദമൂലം എന്തായാലും പ്രസ്തുത വിഷയത്തില്‍ അവിടെവെച്ച്‌ ഞാന്‍ ഇടപെട്ടില്ല എങ്കിലും ആ വസ്തുവിന്റെ ഏകദേശ രൂപവും അളവുകളും ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു... (ഇത്രത്തോളം വായിച്ചിട്ട്‌ ഞാന്‍ സ്വയം പുകഴ്ത്തലിന്റെ അതിരുകള്‍ ലംഘിക്കുന്നു എന്ന് തോന്നിയാല്‍ മാന്യവയനക്കാര്‍ സദയം ക്ഷമിക്കുക.വിശാലമനസ്കന്‍ എന്നപേരില്‍ എഴുതുന്ന എടത്താടന്‍ സജീവന്‍ എന്ന എന്റെ ഗുരുനാഥന്‍ എഴുത്തുനിര്‍ത്തീട്ടില്ലാന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നതും എനിക്ക്‌ കേള്‍ക്കാം.)


എന്റെ സുഹൃത്തിന്റെ പ്ലാനുമായി വാസ്തുവിദഗ്ദന്റെ മുമ്പില്‍ ഇരിക്കുമ്പോഴും എന്റെ മനസ്സില്‍ ആ മനുഷ്യന്റെ പ്ലോട്ടിന്റെ സ്കെച്ചായിരുന്നു.എന്റെ സുഹൃത്ത്‌ ആചാര്യനു എന്നെ പരിചയപ്പെടുത്തി. അദ്ദേഹം അതു കേള്‍ക്കാത്ത ഭാവത്തില്‍ പ്ലാനിലൂടെ കണ്ണോടിച്ചു.


"അതേ ഇപ്പോ ചില പുസ്തകങ്ങള്‍ ഒക്കെ വായിച്ച്‌ ചിലര്‍ വെറുതെ കണക്കൊപ്പിച്ച്‌ പ്ലാനുണ്ടാക്കും.അതോണ്ടായില്ല ഇതിനു മറ്റുചില ശാസ്ത്രവിധികള്‍ കൂടെയുണ്ട്‌" തന്റെ വിഷയത്തില്‍ മറ്റൊരാള്‍ കൈകടത്തിയതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

"ഒരു രണ്ടീസം കഴിഞ്ഞു വരിക പ്ലാന്‍ വിശദമായി ഞാനൊന്ന് നോക്കട്ടെ." ഞാന്‍ പരമാവധി വാസ്തുകണക്കില്‍ അളവുകള്‍ ഒപ്പിച്ചെടുത്ത പ്ലാന്‍ ആയിരുന്നു അത്‌.കൂടുതല്‍ സംസാരിക്കുവാനുള്ള ഒരു മൂഡില്‍ ആയിരുന്നില്ല ഞാനപ്പോള്‍. എന്റെ ചിന്ത മൂന്നുസെന്റില്‍ രണ്ടുനിലകളിലായി ആ അപരിചിതന്റെ ആവശ്യം നിറവേറ്റാവുന്ന ഒരു വീട്‌ എങ്ങിനെ ഉണ്ടാക്കാം എന്നായിരുന്നു.


മൂന്നുസെന്റു ഭൂമിയിലായാലും പരമാവധി സൗകര്യങ്ങള്‍ ഒരുക്കി ഒരു വീടു നിര്‍മ്മിക്കാന്‍ കഴിയും എന്ന് ഇനിയും വിശ്വസിക്കാത്തവര്‍ക്കായിട്ടാണ്‌ ഈ പ്ലാന്‍.(മിടുക്കന്മാരായ പല ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും മൂന്നുസെന്റില്‍ അല്‍ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും എന്നതിനു തെളിവുകള്‍ നിരവധിയുണ്ട്‌.ബാംഗ്ലൂര്‍ പോലുള്ള മെട്രോകളില്‍ ഇതു സര്‍വ്വ സാധാരണം. അവര്‍ സദയം ഈയ്യുള്ളവനോട്‌ ക്ഷമിക്കുക)


ഭൂമിവില വര്‍ദ്ധിച്ചതും ഭൂമിയുടെ ലഭ്യത കുറഞ്ഞതും ഇന്ന് സ്വന്തമായി ഒരു വീടിനെകുറിച്ച്‌ സ്വപ്നം കാണുന്നവര്‍ക്ക്‌ ഇരുട്ടടിയായിട്ടുണ്ട്‌. പഞ്ചായത്തുകളില്‍ പോലും ബില്‍ഡിങ്ങ്‌ റൂള്‍ (കെ.എം,ബി.ആര്‍) പാലിച്ചേ വീടുപണിയാനൊക്കൂ. (മൂനുസെന്റ്‌ സ്ഥലത്ത്‌ വീടുപണിയുന്നതില്‍ നിയമത്തില്‍ ചില ഇളവുകള്‍ ഉണ്ട്‌).


വാസ്തു അളവുകള്‍ക്കനുസൃതമായിട്ടല്ല ഈ വീടിന്റെ ഡിസൈന്‍.ഡൈനിങ്ങിനും ലിവിങ്ങിനും ആയി ചെറിയ ഒരു ഹാള്‍ കൂടാതെ ഒരു അറ്റാച്ച്ഡ്‌ ബാത്രൂമോടുകൂടിയ ബെഡ്രൂമും അടുക്കളയും യൂട്ടിലിറ്റിയും ഉള്‍പ്പെടെ ഗ്രൗണ്ട്‌ ഫ്ലോറില്‍ 68.67 മീറ്റര്‍സ്ക്വയര്‍ (738 ചതുരശ്ര അടി) വിസ്തീര്‍ണ്ണമാണീ വീടിന്‌.സ്റ്റെയര്‍ കേസിനടുത്തുള്ള ഫിക്സഡ്‌ വിന്റോസിന്റെ വലിപ്പം FW1 = 80x100സെന്റീമീറ്റര്‍ ആണ്‌.


സ്പൈറല്‍ സ്റ്റെയര്‍ കേസ്‌ ആക്കിയാല്‍ കൂടുതല്‍ സ്ഥലം ലാഭിക്കാം എങ്കിലും സൗകര്യം സാധാരണ സ്റ്റെയറിനു തന്നെയാണ്‌. മുകള്‍ നിലയിലെ ഹാളില്‍ ഒരുഭാഗത്ത്‌ സ്റ്റഡിഏരിയായോ, കമ്പൂട്ടര്‍ വെക്കുവാനുള്ള സ്പേസോ ഒരുക്കാം.ഇതിനായി ബാല്‍ക്കണിയെ ഒഴിവാക്കി ആഭാഗം ഹാളിനോടു ചെര്‍ത്താല്‍ കൂടുതല്‍ സൗകര്യമായി. ചിത്രം - 356 മീറ്റര്‍സ്ക്വയര്‍ (602 ചതുരശ്ര അടി) ഉള്ളമുകള്‍ നിലയില്‍ കൂടുതല്‍ സൗകര്യം വേണമെന്നുള്ളവര്‍ക്ക്‌ ഓപ്പണ്‍ ടെറസ്സ്‌ കൂട്ടിച്ചേര്‍ത്തു ഹാള്‍ കുറച്ച്‌ കൂടെ വലുപ്പത്തില്‍ എടുക്കാം അല്ലാത്തപക്ഷം കിച്ചണിനു മുകളിലും താഴത്തെ ബെഡ്രൂമിനു മുകളിലുമായി രണ്ടു ബെഡ്രൂമുകള്‍ എടുക്കാം. മുകളില്‍ രണ്ടു ടോയ്‌ലറ്റുകള്‍ ഒഴിവാക്കി ഒരു കോമണ്‍ ബാത്രൂമില്‍ ഒതുക്കിയാല്‍ അത്രയും നന്ന്.രണ്ടു നിലകളിലും ആയി 1340 ചതുരശ്ര അടി (പ്ലാന്‍ 1+2) വിസ്തീര്‍ണ്ണമാണ്‌ ഈ വീടിനുള്ളത്‌.


മിടുക്കനായ ഒരു ആര്‍ക്കിടെക്റ്റ്‌/ഡിസൈനര്‍ ഒരുപക്ഷെ ഇതില്‍ കാര്‍പോര്‍ച്ചുകൂടെ ഉള്‍പ്പെടുത്തിയേനെ!


ഒരു പ്രത്യേക മൂഡില്‍ ഇരുന്നു വരച്ച ഒരു പ്ലാനാണിത്‌. അതുപോലെ പോസ്റ്റിന്റെ ടെക്സ്റ്റും. നിങ്ങളുടെ അഭിപ്രായത്തിനു അക്ഷമയോടെ കാത്തിരിക്കുന്നു.


4 comments:

paarppidam said...

ഫസ്റ്റുഫ്ലോറിനു രണ്ടു ഓപ്ഷന്‍ നല്‍കിയിട്ടുള്ളതിനാലാണ്‌ മൊത്തം മൂന്നു പ്ലാന്‍.

പാര്‍പ്പിടത്തില്‍ ഒരു പോസ്റ്റുണ്ടേ! വിളിച്ചുകൂവിയിട്ട്‌ വല്ല കാര്യവും ഉണ്ടോ ആവോ? പിന്മൊഴി നിര്‍ത്തിയെന്നു കേട്ടു.പകരം പുലികള്‍ പുതിയ സംവിധാനം വല്ലതും ഉണ്ടാക്കിയോ ആവോ?

ബീരാന്‍ കുട്ടി said...

കുമാര്‍ജീ,
പിന്മൊഴി നിര്‍ത്തി, ഇപ്പോ മറുമൊഴിയാണ്‌. http://marumozhisangam.blogspot.com/ ഇതാണ്‌ അഡ്രസ്‌.

Vakkom G Sreekumar said...

ഇതുപോലൊരു ബ്ലോഗ് തുടങ്ങ്ങ്ങണം എന്നു വിചാരിച്ച് ടൈറ്റിലെല്ലാം സെറ്റ് ചെയ്തപ്പോഴാണ് ഇതു കണ്ടത്. അതൊരു അതികപ്പറ്റാവുമെന്നതിനാല്‍ വേണ്ടെന്ന് വയ്ക്കുന്നു..
മുഴുവനും വാ‍ായിച്ചു. വളരെ വളരെ നന്നായി.

jamsheer said...

Njan ithupolonnu thirakkilaayirunnu avasanam ettavum nalla onnil thanne ethi....

E-pathram

ePathram.com