Thursday, July 26, 2007

നിയമം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലാകരുത്‌.

സര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു അതതു പഞ്ചായത്തുകളില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്‌. ഇതിനു വേണ്ടത്ര ഉദ്യോഗസ്ഥന്മാരെ ഏര്‍പ്പെടുത്തുവാനും അവര്‍ കൃത്യമായും സമയത്തിനും ഓഫീസില്‍ എത്തുന്നത്‌ ഉറപ്പുവരുത്തുവാനും ഗവണ്‍മന്റ്‌ ശ്രെദ്ധിക്കേണ്ടതുണ്ട്‌. ഗവണ്‍മന്റ്‌ എടുത്ത തീരുമാനം തികച്ചും ഉചിതവും അത്യാവശ്യവുമാണെങ്കിലും അത്‌ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ആയിരിക്കരുത്‌.

അപേക്ഷസ്വീകരിക്കുവാനും പ്ലാനുകളിളും സൈറ്റും പരിശോധിക്കുവാനും തീര്‍പ്പുകല്‍പ്പിക്കുവനും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കണം. പഞ്ചയത്തുകളില്‍ അനുമതിക്കായി പലതവണ ഫയലുമായി ജനങ്ങള്‍ കയറിയിറങ്ങുവാന്‍ ഇടയായാല്‍ അത്‌ വ്യാപകമായ പ്രതിഷേധത്തിനും ഇടനല്‍കും. ഒന്നിലധികം പഞ്ചായത്തില്‍ ചാര്‍ജ്ജ്‌ നല്‍കുമ്പോള്‍ ഏതെല്ലാം ദിവസം പ്രസ്തുത ഉദ്യോഗസ്ഥന്‍ അതതു പഞ്ചായത്തില്‍ ഉണ്ടായിരിക്കും എന്നും ഏതെല്ലാം സമയത്ത്‌ അപേക്ഷസ്വീകരിക്കും ഏതെല്ലാം സമയത്ത്‌ സൈറ്റ്‌ വിസിറ്റിനു പോകുമെന്നും കൃത്യമായ ഒരു ടൈംടേബില്‍ ഉണ്ടാക്കുന്നത്‌ നല്ലതാണ്‌.(അല്ലെങ്കില്‍ രാവിലെ മുതല്‍ വൈകീട്ടുവരെ സൈറ്റ്‌ സന്ദര്‍ശനം മാത്രം ആയേക്കാം)

പഞ്ചായത്തുസെക്രട്ടറിമാര്‍ ഒത്തിരി ഉത്തരവാദിത്വങ്ങള്‍ ഉള്ളവരാണ്‌. അതിനാല്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനും തീര്‍പ്പുകല്‍പ്പിക്കുന്നതിനും അവര്‍ക്കും ഒരു സമയം നിശ്ചയിക്കുന്നത്‌ നന്നായിരിക്കും.ഇനിയും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും "പുതിയ നിയമം" (ചില പഞ്ചായത്തുകളിലും മുഴുവന്‍ മുന്‍സിപ്പാലിറ്റികളിലും ഇത്‌ മുമ്പെ നടപ്പിലാക്കിയതാണ്‌) സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നുണ്ട്‌. ഇത്‌ തീര്‍ക്കുവാന്‍ വേണ്ട നടപടി സര്‍ക്കാരും അതത്‌ പഞ്ചായത്തുകളും അതിലെ മെംബര്‍മാരും എടുക്കേണ്ടതാണ്‌.


പാരമൊഴി: സര്‍ക്കാര്‍ നിശ്ചയിച്ച്‌ ഫീസടച്ച്‌ വേണ്ടത്രരേഖകളോടൊപ്പം സമര്‍പ്പിക്കുന്ന പ്ലാനിനൊപ്പം 100 ന്റെ നോട്ടുകള്‍ "സര്‍ ചാര്‍ജ്ജായി" സമര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇല്ല!

Friday, July 20, 2007

പ്ലാന്‍ -15990 ചതുരശ്ര അടിയില്‍ വാസ്തു കണക്കില്‍ തീര്‍ത്ത പ്ലാന്‍. വാസ്തു വിന്റെ പ്രമോട്ട്‌ ചെയ്യാനല്ല. ആയിരം സ്ക്വയര്‍ ഫീറ്റിനുതാഴെ വാസ്തു അളവില്‍ വീടുവെക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്‌ വേണ്ടി മാത്രം.കാര്‍പോര്‍ച്ചിന്റെ പുറത്തെ തൂണുവരെ ബിത്തി തുടങ്ങുന്ന ഉയരത്തില്‍ അതായത്‌ ഫ്ലോറില്‍ നിന്നും 60 സെന്റീ മീറ്റര്‍ എങ്കിലും ഒരു ഭിത്തി കൊടുത്താല്‍ നന്നായിരിക്കും. കണക്ക്‌ ഒപ്പിക്കുവാന്‍!

Monday, July 09, 2007

മൂന്നുസെന്റില്‍ ഒരു പരീക്ഷണം! പ്ലാന്‍ 13
ഒരു പ്രവാസി സുഹൃത്തിന്റെ ഒപ്പം അദ്ദേഹത്തിന്റെ വീടിന്റെ പ്ലാനുമായി ഒരു വാസ്തുവിദഗ്ദന്റെ അടുക്കല്‍ പോകേണ്ടിവന്നു. മൂന്നുസെന്റു സ്ഥലത്തു വീടുപണിയുവാന്‍ വാസ്തുവിദഗ്ദന്റെ ഉപദേശം തേടിയെത്തിയ ഒരാളെ അവിടെവെച്ച്‌ യാദൃശ്ചികമായി കണ്ടുമുട്ടുവാനിടയായി. അദ്ദേഹത്തിന്റെ ഭൂമിയുടെ അളവും ആകൃതിയും കണ്ട വാസ്തു വിദഗ്ദന്‍ പറഞ്ഞു.

"ഹേയ്‌ ഈ പറമ്പ്‌ വീടുപണിയാന്‍ കൊള്ളില്ല. മാത്രമല്ല നിങ്ങളുടെ ആവശ്യങ്ങള്‍ ഇത്രയും കുറഞ്ഞ സ്ഥലത്ത്‌ കൊണ്ടുവരിക പ്രയാസമാണ്‌.വീടുപണിയുവാന്‍ മറ്റൊരു സ്ഥലം നോക്കിക്കോളൂ."

എന്തുകൊണ്ടോ ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ മനസ്സിലേക്ക്‌ തെളിഞ്ഞുവന്നത്‌ അന്തരിച്ച പ്രശസ്ഥ വാസ്തുശില്‍പ്പി ലാറിബേക്കറുടെ മുഖമാണ്‌. വീടുവെക്കുന്നവന്റെ ആവശ്യങ്ങളും സാമ്പത്തികസ്ഥിതിയും നോക്കി സ്ഥലത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ വീടുപണിയുന്നതില്‍ ഇത്രയേറേ കഴിവ്‌ പ്രകടിപ്പിച്ച വാസ്തുശില്‍പ്പി വേറേ ഉണ്ടോ എന്ന് സംശയം.


വാസ്തുവിദഗ്ദന്റെ വാക്കുകള്‍ കേട്ട്‌ മടങ്ങിപ്പോകുവാന്‍ ഒരുങ്ങിയ അയാളുടെ പ്ലോട്ടിന്റെ സ്കെച്ച്‌ ഞാന്‍ ഒന്ന് വാങ്ങിനോക്കി. ഒരു പ്രൊഫഷണല്‍ മര്യാദമൂലം എന്തായാലും പ്രസ്തുത വിഷയത്തില്‍ അവിടെവെച്ച്‌ ഞാന്‍ ഇടപെട്ടില്ല എങ്കിലും ആ വസ്തുവിന്റെ ഏകദേശ രൂപവും അളവുകളും ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു... (ഇത്രത്തോളം വായിച്ചിട്ട്‌ ഞാന്‍ സ്വയം പുകഴ്ത്തലിന്റെ അതിരുകള്‍ ലംഘിക്കുന്നു എന്ന് തോന്നിയാല്‍ മാന്യവയനക്കാര്‍ സദയം ക്ഷമിക്കുക.വിശാലമനസ്കന്‍ എന്നപേരില്‍ എഴുതുന്ന എടത്താടന്‍ സജീവന്‍ എന്ന എന്റെ ഗുരുനാഥന്‍ എഴുത്തുനിര്‍ത്തീട്ടില്ലാന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നതും എനിക്ക്‌ കേള്‍ക്കാം.)


എന്റെ സുഹൃത്തിന്റെ പ്ലാനുമായി വാസ്തുവിദഗ്ദന്റെ മുമ്പില്‍ ഇരിക്കുമ്പോഴും എന്റെ മനസ്സില്‍ ആ മനുഷ്യന്റെ പ്ലോട്ടിന്റെ സ്കെച്ചായിരുന്നു.എന്റെ സുഹൃത്ത്‌ ആചാര്യനു എന്നെ പരിചയപ്പെടുത്തി. അദ്ദേഹം അതു കേള്‍ക്കാത്ത ഭാവത്തില്‍ പ്ലാനിലൂടെ കണ്ണോടിച്ചു.


"അതേ ഇപ്പോ ചില പുസ്തകങ്ങള്‍ ഒക്കെ വായിച്ച്‌ ചിലര്‍ വെറുതെ കണക്കൊപ്പിച്ച്‌ പ്ലാനുണ്ടാക്കും.അതോണ്ടായില്ല ഇതിനു മറ്റുചില ശാസ്ത്രവിധികള്‍ കൂടെയുണ്ട്‌" തന്റെ വിഷയത്തില്‍ മറ്റൊരാള്‍ കൈകടത്തിയതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

"ഒരു രണ്ടീസം കഴിഞ്ഞു വരിക പ്ലാന്‍ വിശദമായി ഞാനൊന്ന് നോക്കട്ടെ." ഞാന്‍ പരമാവധി വാസ്തുകണക്കില്‍ അളവുകള്‍ ഒപ്പിച്ചെടുത്ത പ്ലാന്‍ ആയിരുന്നു അത്‌.കൂടുതല്‍ സംസാരിക്കുവാനുള്ള ഒരു മൂഡില്‍ ആയിരുന്നില്ല ഞാനപ്പോള്‍. എന്റെ ചിന്ത മൂന്നുസെന്റില്‍ രണ്ടുനിലകളിലായി ആ അപരിചിതന്റെ ആവശ്യം നിറവേറ്റാവുന്ന ഒരു വീട്‌ എങ്ങിനെ ഉണ്ടാക്കാം എന്നായിരുന്നു.


മൂന്നുസെന്റു ഭൂമിയിലായാലും പരമാവധി സൗകര്യങ്ങള്‍ ഒരുക്കി ഒരു വീടു നിര്‍മ്മിക്കാന്‍ കഴിയും എന്ന് ഇനിയും വിശ്വസിക്കാത്തവര്‍ക്കായിട്ടാണ്‌ ഈ പ്ലാന്‍.(മിടുക്കന്മാരായ പല ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും മൂന്നുസെന്റില്‍ അല്‍ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും എന്നതിനു തെളിവുകള്‍ നിരവധിയുണ്ട്‌.ബാംഗ്ലൂര്‍ പോലുള്ള മെട്രോകളില്‍ ഇതു സര്‍വ്വ സാധാരണം. അവര്‍ സദയം ഈയ്യുള്ളവനോട്‌ ക്ഷമിക്കുക)


ഭൂമിവില വര്‍ദ്ധിച്ചതും ഭൂമിയുടെ ലഭ്യത കുറഞ്ഞതും ഇന്ന് സ്വന്തമായി ഒരു വീടിനെകുറിച്ച്‌ സ്വപ്നം കാണുന്നവര്‍ക്ക്‌ ഇരുട്ടടിയായിട്ടുണ്ട്‌. പഞ്ചായത്തുകളില്‍ പോലും ബില്‍ഡിങ്ങ്‌ റൂള്‍ (കെ.എം,ബി.ആര്‍) പാലിച്ചേ വീടുപണിയാനൊക്കൂ. (മൂനുസെന്റ്‌ സ്ഥലത്ത്‌ വീടുപണിയുന്നതില്‍ നിയമത്തില്‍ ചില ഇളവുകള്‍ ഉണ്ട്‌).


വാസ്തു അളവുകള്‍ക്കനുസൃതമായിട്ടല്ല ഈ വീടിന്റെ ഡിസൈന്‍.ഡൈനിങ്ങിനും ലിവിങ്ങിനും ആയി ചെറിയ ഒരു ഹാള്‍ കൂടാതെ ഒരു അറ്റാച്ച്ഡ്‌ ബാത്രൂമോടുകൂടിയ ബെഡ്രൂമും അടുക്കളയും യൂട്ടിലിറ്റിയും ഉള്‍പ്പെടെ ഗ്രൗണ്ട്‌ ഫ്ലോറില്‍ 68.67 മീറ്റര്‍സ്ക്വയര്‍ (738 ചതുരശ്ര അടി) വിസ്തീര്‍ണ്ണമാണീ വീടിന്‌.സ്റ്റെയര്‍ കേസിനടുത്തുള്ള ഫിക്സഡ്‌ വിന്റോസിന്റെ വലിപ്പം FW1 = 80x100സെന്റീമീറ്റര്‍ ആണ്‌.


സ്പൈറല്‍ സ്റ്റെയര്‍ കേസ്‌ ആക്കിയാല്‍ കൂടുതല്‍ സ്ഥലം ലാഭിക്കാം എങ്കിലും സൗകര്യം സാധാരണ സ്റ്റെയറിനു തന്നെയാണ്‌. മുകള്‍ നിലയിലെ ഹാളില്‍ ഒരുഭാഗത്ത്‌ സ്റ്റഡിഏരിയായോ, കമ്പൂട്ടര്‍ വെക്കുവാനുള്ള സ്പേസോ ഒരുക്കാം.ഇതിനായി ബാല്‍ക്കണിയെ ഒഴിവാക്കി ആഭാഗം ഹാളിനോടു ചെര്‍ത്താല്‍ കൂടുതല്‍ സൗകര്യമായി. ചിത്രം - 356 മീറ്റര്‍സ്ക്വയര്‍ (602 ചതുരശ്ര അടി) ഉള്ളമുകള്‍ നിലയില്‍ കൂടുതല്‍ സൗകര്യം വേണമെന്നുള്ളവര്‍ക്ക്‌ ഓപ്പണ്‍ ടെറസ്സ്‌ കൂട്ടിച്ചേര്‍ത്തു ഹാള്‍ കുറച്ച്‌ കൂടെ വലുപ്പത്തില്‍ എടുക്കാം അല്ലാത്തപക്ഷം കിച്ചണിനു മുകളിലും താഴത്തെ ബെഡ്രൂമിനു മുകളിലുമായി രണ്ടു ബെഡ്രൂമുകള്‍ എടുക്കാം. മുകളില്‍ രണ്ടു ടോയ്‌ലറ്റുകള്‍ ഒഴിവാക്കി ഒരു കോമണ്‍ ബാത്രൂമില്‍ ഒതുക്കിയാല്‍ അത്രയും നന്ന്.രണ്ടു നിലകളിലും ആയി 1340 ചതുരശ്ര അടി (പ്ലാന്‍ 1+2) വിസ്തീര്‍ണ്ണമാണ്‌ ഈ വീടിനുള്ളത്‌.


മിടുക്കനായ ഒരു ആര്‍ക്കിടെക്റ്റ്‌/ഡിസൈനര്‍ ഒരുപക്ഷെ ഇതില്‍ കാര്‍പോര്‍ച്ചുകൂടെ ഉള്‍പ്പെടുത്തിയേനെ!


ഒരു പ്രത്യേക മൂഡില്‍ ഇരുന്നു വരച്ച ഒരു പ്ലാനാണിത്‌. അതുപോലെ പോസ്റ്റിന്റെ ടെക്സ്റ്റും. നിങ്ങളുടെ അഭിപ്രായത്തിനു അക്ഷമയോടെ കാത്തിരിക്കുന്നു.


കിച്ചണ്‍ ഡിസൈന്‍


അല്‍പം മുമ്പത്തെ തലമുറവരെ ആളുകള്‍ക്ക്‌ കരിപുരണ്ട ജീവിതങ്ങളുടെ സിംബലായിരുന്ന കിച്ചണുകള്‍ ഇന്ന് ആര്‍ഭാടത്തിന്റെ ഷോറൂമായി മാറിക്കൊണ്ടിരിക്കുന്നു. ലക്ഷങ്ങള്‍ ചിലവിട്ടാണ്‌ പലരും അടുക്കളകള്‍ ഒരുക്കുന്നത്‌. രണ്ടും മൂന്നും കിച്ചണുകള്‍ ഉള്ള വീടുകള്‍ ഇന്നു സാധാരണം. നമ്മുടെ ജീവിത രീതിയില്‍ ഉണ്ടായ മാറ്റം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നതും കിച്ചണുകളില്‍ തന്നെ. ഇടക്കാലത്ത്‌ ചിലര്‍ ആശാരിമാരെക്കൊണ്ട്‌ "ഗള്‍ഫ്‌ മോഡല്‍" കിച്ചണ്‍ കാബിനറ്റുകള്‍ ചെയ്യിക്കുവാന്‍ തുടങ്ങിയപ്പോള്‍ അതൊരു ട്രന്റായി.വെളുത്ത ടയില്‍ ഒട്ടിച്ച വര്‍ക്ക്‌ സ്ലാബുകളും അതിനടിയിലെ ഷെല്‍ഫുകളും ആ കാലഘട്ടത്തിലെ ട്രെന്റായി.അഴുക്കും കരിയും എളുപ്പത്തില്‍ പിടിക്കുവാന്‍ തുടങ്ങിയപ്പോള്‍ ടെയിലിന്റെ നിറത്തില്‍ മാറ്റം വരുത്തിയും മാര്‍ബിള്‍ സ്ലാബിട്ടും ചില പരിഷ്ക്കാരങ്ങള്‍ നടത്തി. മാര്‍ബിള്‍ സ്ലാബില്‍ ചെറുനാരങ്ങയുടെ നീരുപോലുള്ള അസിഡിറ്റിയുള്ള ദ്രാവകങ്ങള്‍ വീണാല്‍ അതിനു നിറം മാറ്റം വരുന്നതും തുടര്‍ച്ചയായ ഉപയോഗം മൂലം പെട്ടെന്ന് തേയ്മാനം വരുന്നതും ഒരു പ്രശ്നമായി.തുടര്‍ന്ന് ഗ്രാനേറ്റിന്റെ വരവായി.


മോഡുലാര്‍ കിച്ചണ്‍ തുടക്കത്തില്‍ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്നെങ്കിലും ഇന്നത്‌ മധ്യവര്‍ഗ്ഗം ഒരു സ്റ്റാറ്റസിനായി പകര്‍ത്തുവാന്‍ തുടങ്ങി. പലയിടങ്ങളിലും ഒരു ഭ്രമമായി അതുപടര്‍ന്നു. ഒരു നൂക്ലിയര്‍ കുടുമ്പത്തിനു എന്തിനാണ്‌ ഇത്രവലിയ കിച്ചണ്‍ എന്ന് ആരും ചിന്തിക്കുന്നില്ല. കിച്ചണ്‍ ഒരുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

* അലങ്കാരത്തിനെന്നപേരില്‍ ക്യാബിനറ്റുകളില്‍ അനാവശ്യമായി ലൈറ്റുകള്‍ സ്ഥാപിക്കാതിരിക്കുക.

*റഫ്രിജറേറ്റര്‍,ഓവന്‍,മിക്സി,ഡിഷ്‌വാഷര്‍,വാഷിങ്ങ്‌ മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ എവിടെ സ്ഥാപിക്കണം എന്ന് മുങ്കൂട്ടി കണക്കാക്കി അതിനുള്ള ഇലക്ടിക്ക്‌ പ്ലെഗ്ഗ്‌ പോയന്റുകള്‍ മുങ്കൂട്ടി സ്ഥാപിക്കുക.

*കിച്ചണിലേക്കുള്ള വെന്റിലേഷന്‍ തടസ്സപ്പെടാത്ത വിധത്തില്‍ ക്യാബിനെറ്റുകള്‍ സ്ഥാപിക്കുക.

*ഡിസൈന്‍ സ്റ്റേജില്‍ തന്നെ കിച്ചണിന്റെ വലിപ്പം ചെറുതാക്കുക.ചെറിയ കിച്ചണുകള്‍ വൃത്തിയായി സൂക്ഷിക്കുവാന്‍ എളുപ്പമാണ്‌.

*തുറന്ന മനസ്ഥിതിയുള്ളവര്‍ക്കും സ്ഥലപരിമിതിയുള്ളവര്‍ക്കും ഓപ്പണ്‍ കിച്ചണുകള്‍ വളരെ നല്ലതാണ്‌.കിച്ചണിനും ഡൈനിങ്ങിനും ഇടയില്‍ ഒരു ബ്രേക്ക്‌ ഫാസ്റ്റ്‌ കൗണ്ടര്‍ കൊടുക്കുന്നത്‌ നന്നായിരിക്കും.

*അനാവശ്യമായി അടുക്കളയിലെ എല്ലാ ചുമരുകളിലും ക്യാബിനറ്റുകള്‍ കൊടുക്കാതിരിക്കുക. സാമ്പത്തിക ചിലവു വര്‍ദ്ധിക്കും എന്നതുമാത്രമല്ല അതിനു മുകളില്‍ പൊടിപടലം അടിഞ്ഞു കൂടും.അതു വൃത്തിയാക്കുവാന്‍ ബുദ്ധിമുട്ടും കൂടും.


*കിച്ചണ്‍ ക്യാബിനറ്റുകള്‍ക്കു മുകളില്‍ പ്രാണികളുടെയും പാറ്റ എലി എന്നിവയുടെ താവളം ആയി മറാതിരിക്കുവാന്‍ ശ്രദ്ധിക്കുക.പല സ്ത്രീകളിലും തുമ്മലും അലര്‍ജിയും ഉണ്ടാക്കുന്നതില്‍ വൃത്തിയില്ലാത്ത കിച്ചണ്‍ ക്യാബിനറ്റുകള്‍ക്ക്‌ വലിയ പങ്കുണ്ട്‌.


*നിലവാരമുള്ള പ്ലംബിംഗ്‌ ഫിറ്റിങ്ങ്സ്‌ ഉപയോഗിക്കുക.സിങ്കില്‍ നിന്നും പോകുന്ന പൈപ്പുകളില്‍നിന്നും ക്യാബിനറ്റുകള്‍ക്കുള്ളില്‍ ചോര്‍ച്ചയുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുന്നത്‌ നല്ലതാണ്‌.

*വെള്ളം വീണാല്‍ പെട്ടെന്ന് കേടുവരുന്ന മരം/പ്ലൈവുഡ്‌ കൊണ്ടുള്ള ക്യാബിനറ്റുകള്‍ വെക്കാതിരിക്കുക.

*മുന്‍പരിചയവും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ സ്ഥപനങ്ങളെക്കൊണ്ട്‌ മാത്രം മോഡുലാര്‍ കിച്ചണ്‍ ചെയ്യീക്കുക.

*മുറിയുടെ വലിപ്പം അനുസരിച്ച്‌ ആവശ്യമായ കപ്പാസിറ്റിയുള്ള ഹുഡ്ഡ്‌ സ്ഥാപിക്കുക. *സ്വന്തമായി കിച്ചണ്‍ കാബിനറ്റ്‌ വര്‍ക്ക്‌ ചെയ്യീക്കുകയാണെങ്കില്‍ ഉള്ളിലെ പാര്‍ടീഷ്യന്‍സ്‌ ഫെറോസിമെന്റില്‍ ചെയ്യുക. ഫെറോസിമന്റ്‌ ഷീറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമണ്‌.

*ഉറപ്പുള്ളതും വിലകുറഞ്ഞതുമായ മരത്തില്‍ സ്റ്റെയിന്‍ ചെയ്ത്‌ ക്യാബിനറ്റുകള്‍ ആകര്‍ഷകമാക്കാം.

*സിങ്കിനു സമീപത്തെ ക്യാബിനിലെ വാതിലില്‍ തുറക്കുമ്പോള്‍ പുറത്തേക്ക്‌ വരത്തക്കവണ്ണം വേസ്റ്റ്‌ ഇടുവാന്‍ ഒരു ബക്കറ്റ്‌ വെക്കുവാനുള്ള സൗകര്യം ഒരുക്കുക. ആവശ്യം കഴിഞ്ഞാല്‍ അത്‌ അടച്ചാല്‍ പുറമേക്ക്‌ കാണുകയില്ല.

*റഫ്രിജറേറ്റര്‍ സിങ്ക്‌ അടുപ്പ്‌ എന്നിവതമ്മിലുള്ള ദൂരം പരമാവധി കുറക്കുവാന്‍ ശ്രദ്ധിക്കുക.


ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലേയൗട്ടിലെ ഒന്നുരണ്ടുകാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

1. കൗണ്ടറിന്റെ താഴത്തെ ഷെല്‍ഫുകള്‍ സ്ഥാപിക്കുമ്പോള്‍ point-A യില്‍ കൊടുത്തിരിക്കുന്നപോലെ സ്കെര്‍ട്ടിങ്ങ്‌ 7.5-10 സെന്റീമീറ്റര്‍ ഉള്ളിലേക്ക്‌ തള്ളിക്കൊടുക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അടുക്കള കൗണ്ടറില്‍ ചാരിനിന്ന് ജോലിചെയ്യുന്നവരുടെ കാല്‍ വിരലുകള്‍ അവിടെ മുട്ടി അസൗകര്യം ഉണ്ടാക്കും.

2. വിന്റോ ചിത്രത്തില്‍ കാണിച്ചിരിക്കുന്നപോലെ അടിഭാഗം വര്‍ക്കിങ്ങ്‌ സ്ലാബില്‍ നിന്നും 40-45 സെന്റീമീറ്റര്‍ എങ്കിലും ഉയരത്തില്‍ സ്ഥാപിക്കുക. ജനലിനരികില്‍ ആണ്‌ സ്റ്റൗ വെക്കുന്നതെങ്കില്‍ കാറ്റടിച്ച്‌ തീ കെടുവാനുള്ള സാധ്യത കൂടുതല്‍ ആണ്‌. കൂടാതെ ഗ്യാസിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യും.

3. ഭാരമുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഒന്നോ രണ്ടോ കൗണ്ടറുകള്‍ക്കുള്ളിലെ ഫെറോ സിമന്റ്‌ സ്ലാബുകള്‍ക്ക്‌ സ്റ്റീല്‍ ആങ്കിളുകള്‍ കൊടുത്ത്‌ കൂടുതല്‍ സപ്പോര്‍ട്ട്‌ നല്‍കുക.

4.ഒന്നുരണ്ടു ക്യാബിനുകളില്‍ പാര്‍ട്ടീഷന്‍ നല്‍കാതിരുന്നാല്‍ അരിചാക്കും പഴക്കുലയും മറ്റും സൂക്ഷിക്കുവാന്‍ സൗകര്യമായിരിക്കും.

5.കിച്ചണ്‍ കാബിനറ്റിന്റെ അടിഭാഗം തറനിരപ്പില്‍ നിന്നും 150 സെന്റീമീറ്ററില്‍ വെക്കുന്നവരും ഉണ്ട്‌. നില്‍ക്കുമ്പോള്‍ തല മുട്ടാത്തെ ശ്രദ്ധിക്കണം എന്നുമാത്രം.( ചുമരില്‍ നിന്നുമുള്ള ഡെപ്ത്‌ 40 സെന്റീമീറ്റര്‍ ആക്കിയാല്‍ ആ പ്രശ്നം ഒരു പരിധിവരെ കുറാക്കാം)


അടുത്ത പോസ്റ്റില്‍ കിച്ചണ്‍ ലേയൗട്ടുകളും വിശദാംശങ്ങളും.


പാരമൊഴി: കിച്ചണില്‍ തലചീകുന്ന ചീര്‍പ്പും നെയില്‍ കട്ടറും സൂക്ഷിക്കാതിരുന്നാല്‍ നന്ന്. (ഹേയ്‌ ഞാനും വിശാലേട്ടനും കൂടെ ഒരിടത്തും കിച്ചണ്‍ കാണുവാന്‍ പോയിട്ടുമില്ല അവിടെ കണ്ട കാര്യത്തെക്കുറിച്ച്‌ കക്ഷി ഒരു കമന്റും പറഞ്ഞിട്ടും ഇല്ല.)


Monday, July 02, 2007

പ്ലാന്‍ 12


1500 ചതുരശ്രയടി (140 മീറ്റര്‍ സക്വയര്‍) വിസ്തീര്‍ണ്ണമുള്ള ഒരു വീടിന്റെ പ്ലാനാണിത്‌.(വാസ്തു കണക്ക്‌ അനുസരിച്ചല്ല ഇതിലെ അളവുകള്‍ നല്‍കിയിരിക്കുന്നത്‌.)മുകള്‍ നിലയില്‍ ബെഡ്രൂം No 1നു മുകളിലായി ഒരു ബെഡ്രൂമും ഡൈനിങ്ങിനു മുകളിലായി ഒരു അപ്പര്‍ ലിവിങ്ങും എടുക്കാം. ബാല്‍ക്കണി ആവശ്യത്തിനു വലിപ്പത്തില്‍ ലിവിങ്ങിനു മുകളിലും കൊടുക്കാവുന്നതാണ്‌.


പുറകുവശത്തെ വര്‍ക്ക്‌ ഏരിയായുടെ റൂഫ്‌ 210 സെന്റീമീറ്റര്‍ ഉയരത്തില്‍ കൊടുത്ത്‌ സ്റ്റോറിനു വെന്റിലേഷന്‍ നല്‍കാം.പലയിടങ്ങളിലും സ്റ്റോറിനു വേണ്ടത്ര വെന്റിലേഷന്‍ നല്‍കാറില്ല.ഇതു സ്റ്റോറിനകത്തു ദുര്‍ഗ്ഗന്ധം ഉണ്ടാക്കുന്നതിനും പൂപ്പല്‍ വരുന്നതിനും അവിടെ ശേഖരിക്കപ്പെട്ടിട്ടുള്ള ആഹാരസാധനങ്ങള്‍ കേടുവരുന്നതിനും ഇടയാക്കാറുണ്ട്‌. സ്റ്റൊര്‍ റൂമിന്റെ വാതിലില്‍ മെഷ്‌ കൊടുത്തുകൊണ്ട്‌ ഉണ്ടാക്കിയാല്‍ കൂടുതല്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യാം.


NB: ഗവണ്മെന്റിന്റെ പുതിയ ഉത്തരവു പ്രകാരം ബില്‍ഡിങ്ങ്‌ റൂള്‍ പാലിച്ചുകൊണ്ട്‌ പ്ലാനും അനുബന്ധ ഡോയിങ്ങുകളും തയ്യാറാക്കി ലൈസന്‍സ്ഡ്‌ ആര്‍ക്കിടെക്റ്റ്‌/എഞ്ചിനീയറെക്കൊണ്ട്‌ സൈന്‍ചെയ്യീച്ച്‌ അതതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച്‌ മുങ്കൂട്ടി അനുമതി വാങ്ങിയ ശേഷം മാത്രമേ വീടുകളും മറ്റു കെട്ടിടങ്ങളും നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളൂ.

E-pathram

ePathram.com