Saturday, June 30, 2007

പഞ്ചായത്തുകളിലും ബില്‍ഡിങ്ങ്‌ റൂള്‍ നിര്‍ബന്ധമാക്കുന്നു.

മുന്നറിയിപ്പ്‌: ആധികാരികവും കൃത്യവുമായ വിവരം ഇനിയും എനിക്ക്‌ ലഭ്യമല്ലാത്തതിനാല്‍ കേട്ടറിവിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പോസ്റ്റ്‌.അതിനാല്‍ മാന്യവായനക്കാര്‍ കാര്യങ്ങള്‍ പഞ്ചായത്തില്‍നിന്നോ മറ്റു ഉത്തവാദിത്വപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നോ കൃത്യമായി അന്വേഷിച്ച്‌ അറിയുവാന്‍ അപേക്ഷിക്കുന്നു. കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ പിന്നീട്‌ അറിയിക്കുന്നതാണ്‌.
--------------------------------------------------------------------
മുന്‍പ്‌ കോര്‍പ്പറേഷന്‍/മുന്‍സിപാലിറ്റികള്‍ ചില പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ മാത്രം നിലനിന്നിരുന്ന കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ഇനി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌. ഇതുപ്രകാരം കെട്ടിടം പണിയുവാന്‍ പോകുന്നവര്‍ അതതു പഞ്ചായത്തുകളില്‍ അപേക്ഷയും അതോടൊപ്പം കൃത്യമായ അളവുകളോടെ വിശദമായ പ്ലാനും എലിവേഷനും സെക്ഷനും സൈറ്റ്‌പ്ലാനും, സര്‍വ്വീസ്‌ പ്ലാനും മറ്റും നല്‍കി മുന്‍ കൂട്ടി അനുമതി വാങ്ങേണ്ടതാണ്‌.അതുപോലെ കെട്ടിടം നിര്‍മ്മാണം കഴിഞ്ഞാല്‍ അതിന്റെ കമ്പ്ലീഷന്‍ സംബന്ധിച്ചും ഒരു റിപ്പോര്‍ട്ട്‌ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍(ര്‍) മുന്‍പാകെ നല്‍കണം.

കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച്‌ പണിയുന്ന കെട്ടിടങ്ങള്‍ റോഡില്‍ നിന്നും വശങ്ങളില്‍ (അതിര്‍ത്തിയില്‍ നിന്നും) നിന്നും നിശ്ചിത ദൂരം പാലിച്ചിരിക്കണം.ആവശ്യമായ വെന്റിലേഷന്‍ ഉണ്ടായിരിക്കണം.അതുപോലെ സെപ്റ്റിടാങ്ക്‌ കിണര്‍ എന്നിവയുടെ ദൂരം തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിച്ചേ കെട്ടിടം പണിയുവാന്‍ കഴിയൂ.മൂന്നുസെന്റ്‌ ഭൂമിമാത്രം ഉള്ളവര്‍ക്ക്‌ ഇതില്‍ ചില ഇളവുകള്‍ ഉണ്ട്‌.ഇതിനാവശ്യമായ സബ്മിഷന്‍ പ്ലാനുകള്‍ തയ്യാറാക്കി സൈന്‍ ചെയ്തു മുന്‍സിപാലിറ്റികളിലും പഞ്ചായത്തുകളിലും സമര്‍പ്പിക്കുവാനും അനുമതി വാങ്ങിക്കുവാനും ലൈസന്‍സ്‌ ഉള്ളവര്‍ക്ക്‌ മാത്രമേ കഴിയൂ.ആര്‍ക്കിടെക്റ്റുകള്‍,എം ടെക്‌.ബിടെക്‌ എഞ്ചിനീയര്‍മാര്‍,ഡിപ്ലോമ എഞ്ചിനീയര്‍മാര്‍, ഐ.ടി.എ. തുടങ്ങി ഈ മേഘലയില്‍ ഗവണ്‍മന്റ്‌ അംഗീകൃത വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക്‌ അവര്‍ ചെയ്ത കോഴ്സുകളുടെ നിലവാരം, പ്രവര്‍ത്തിപരിചയം എന്നിവ അനുസരിച്ച്‌ ഗവണ്മെന്റില്‍ നിന്നും അതതു ഗ്രേഡനുസരിച്ച്‌ ലൈസന്‍സ്‌ ലഭിക്കും.ആറുമാസത്തെ സിവില്‍/ആട്ടോകാഡ്‌ കോഴ്സുകള്‍ ചെയ്ത്‌ പേരിനു കൂടെ എഞ്ചിനീയര്‍ പദവി ചാര്‍ത്തിനടക്കുന്ന ഒത്തിരിപേരുണ്ട്‌ പക്ഷെ അത്തരക്കാര്‍ക്ക്‌ ലൈസന്‍സ്‌ ഉണ്ടാകണം എന്നില്ല. അതുകൊണ്ട്‌ ഇത്തരം ആളുകളെ ഒഴിവാക്കി അംഗീകാരം ഉള്ളവരെ സമീപിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്‌.ഇടനിലക്കാരെയും അംഗീകാരം ഇല്ലാത്തവരെയും ഒഴിവാക്കുക സമയനഷ്ടം ധന നഷ്ടം എന്നിവ ഒഴിവാക്കുവാന്‍ ഇത്‌ ഉപകരിച്ചേക്കും.

വാസ്തു വിദഗ്ദന്മാരെ സമീപിക്കും മുമ്പ്‌ കെട്ടിടനിര്‍മ്മാണ ചട്ടം അനുശാസിക്കുന്ന രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുവാന്‍ കഴിയുമോ എന്ന് ഒരു വിദഗ്ദനെക്കൊണ്ട്‌ പരിശോധിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു പ്ലാന്‍ തയ്യാറാക്കി വാസ്തു കണ്‍സല്‍ട്ട്‌ ചെയ്യുന്നതും ആയിരിക്കും നല്ലത്‌.

ജനങ്ങള്‍ക്ക്‌ ഇതു ബുദ്ധിമുട്ടുണ്ടാക്കും എന്ന പ്രചരണങ്ങള്‍ ചിലകോണുകളില്‍ നിന്നും ഇതിനോടകം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്‌. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുമ്പോള്‍ ആധാരം റെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതുപോലെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ആര്‍സി ഓണര്‍ഷിപ്പ്‌ സംബന്ധിച്ചും റെജിസ്റ്റ്രേഷനും മറ്റും നിര്‍ബന്ധമാണ്‌. പിന്നെ എങ്ങിനെ ഇതുമാത്രം ഒരു ബുദ്ധിമുട്ടായി തീരുന്നു? കുബുദ്ധികളുടെ ദുഷ്പ്രചരണങ്ങളില്‍ തെറ്റിദ്ധരിക്കതെയും ഇതിന്റെ പേരില്‍ കമ്മീഷനടിക്കുന്നവര്‍ക്കു മുമ്പാകെ വഞ്ചിതരാകാതെയും ഇരിക്കുക.

ബില്‍ഡിങ്ങ്‌ റൂള്‍ മുന്‍പേ കര്‍ക്കശമാക്കാത്തതിന്റെ തിക്തഫലങ്ങളാണ്‌ പലയിടത്തും കയ്യേറ്റങ്ങള്‍ പൊളിക്കേണ്ടിവരുന്നതും റോഡുവികസനങ്ങള്‍ തടസ്സപ്പെടുന്നതും.

വാല്‍മൊഴി: ലൈസന്‍സുള്ളവര്‍ അതു ദുരുപയോഗം ചെയ്യാതെയും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയിലും കൈകാര്യം ചെയ്യുക. അതുപോലെ പ്രൊഫഷണലിസം നഷ്ടപ്പെടുത്താത്തരീതിയില്‍ ഉള്ള ചാര്‍ജ്ജ്‌ ഈടാക്കുകയും ചെയ്യുക. കണ്ടവന്റെ ഒക്കെ ഡിസൈനിനു 100 രൂപക്ക്‌ ഒപ്പിടുന്നതു സ്വന്തം പ്രൊഫഷനോടു ചെയ്യുന്ന വഞ്ചനയാണ്‌.കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ മേസന്റെ സഹായിയായി വരുന്നവര്‍ക്കിന്ന് 175-210 രൂപവരെ കൂലിയുണ്ടെന്ന് മനസ്സിലാക്കുക ചുരുങ്ങിയ പക്ഷം അതിലും കൂടുതലെങ്കിലും ഒരു എഞ്ചിനീയറുടെ ഒപ്പിനു വാങ്ങുവാന്‍ അപേക്ഷിക്കുന്നു.മൂന്നുസെന്റില്‍ മുന്നൂറു സ്വക്വയര്‍ ഫീറ്റില്‍ തലചായ്ക്കുവാന്‍ കൂരവെക്കുന്ന അത്താഴപഷ്ണിക്കാരന്റെ പോക്കറ്റില്‍ കയ്യിട്ടുവാരണമെന്ന് ഞാന്‍ പറയുന്നില്ല.

പാരമൊഴി: പഠിക്കുന്ന കാലത്ത്‌ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞൂന്നും അതു നന്നാക്കാന്‍ കാശുചിലവുണ്ടെന്നും പറഞ്ഞ്‌ മാതാപിതാക്കളെ പറ്റിച്ച ആളുകള്‍ ഉണ്ട്‌ നമുക്കിടയില്‍ ഒരു പക്ഷെ ഇനി പ്ലാന്‍ സബ്മിഷന്റെ പേരില്‍ എന്തൊക്കെ പറ്റിക്കലാണാവോ നാട്ടുകാര്‍ക്കിടയില്‍ നടത്തുക.

5 comments:

paarppidam said...

പാര്‍പ്പിടത്തില്‍ ഒരു പോസ്റ്റുണ്ടേ.വളരെ തിരക്കുപിടിച്ച്‌ എഴുതിയ ഒരു പോസ്റ്റാണിത്‌. വിവരങ്ങള്‍ അവ്യക്തമാണെങ്കിലും ഇത്തരം ഒരു റൂള്‍ നിലവില്‍ വന്നാല്‍ അതിന്റെ പേരില്‍ ഒരുപക്ഷെ പലരും പറ്റിക്കപ്പെടെരുതെന്ന് കരുതി മാത്രം എഴുതുന്നു. വിശദമായി പിന്നീട്‌ എഴുതും.

അഗ്രജന്‍ said...

പാര്‍പ്പിടം വളരെ നന്നായി ഈ ലേഖനം.

വാല്‍മൊഴിയും പാരമൊഴിയും പ്രസ്ക്തം തന്നെ!

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

but when this rules are come to practical?..... please try to find the detailed news. any way thank you for this information.

Anonymous said...

refer:www.townplanning.kerala.gov.in

paarppidam said...

അഗ്രജാ ഇതു പണ്ടേ നടപ്പാക്കേണ്ടിയിരുന്ന ഒരു നിയമം ആണ്‌. വിശദമായി എഴുതുവാന്‍ വേണ്ട ആധികാരിക വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. മാത്രമല്ല കെ.ബി.ആര്‍ അതുപോലെ എഴുതുക എളുപ്പമല്ല. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു പോസ്റ്റ്‌ എഴുതുന്നുണ്ട്‌.

ജെപിയേ നിയമം നടപ്പിലായി ഞാനിപ്പോള്‍ ഒരു സബ്മിഷന്‍ ഡ്രോയിങ്ങിന്റെ പുറകേയാ.

ലിങ്ക്‌ എഴുതിയ അനോണിക്കും നന്ദി.

E-pathram

ePathram.com