Saturday, June 30, 2007

പഞ്ചായത്തുകളിലും ബില്‍ഡിങ്ങ്‌ റൂള്‍ നിര്‍ബന്ധമാക്കുന്നു.

മുന്നറിയിപ്പ്‌: ആധികാരികവും കൃത്യവുമായ വിവരം ഇനിയും എനിക്ക്‌ ലഭ്യമല്ലാത്തതിനാല്‍ കേട്ടറിവിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പോസ്റ്റ്‌.അതിനാല്‍ മാന്യവായനക്കാര്‍ കാര്യങ്ങള്‍ പഞ്ചായത്തില്‍നിന്നോ മറ്റു ഉത്തവാദിത്വപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നോ കൃത്യമായി അന്വേഷിച്ച്‌ അറിയുവാന്‍ അപേക്ഷിക്കുന്നു. കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ പിന്നീട്‌ അറിയിക്കുന്നതാണ്‌.
--------------------------------------------------------------------
മുന്‍പ്‌ കോര്‍പ്പറേഷന്‍/മുന്‍സിപാലിറ്റികള്‍ ചില പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ മാത്രം നിലനിന്നിരുന്ന കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ഇനി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌. ഇതുപ്രകാരം കെട്ടിടം പണിയുവാന്‍ പോകുന്നവര്‍ അതതു പഞ്ചായത്തുകളില്‍ അപേക്ഷയും അതോടൊപ്പം കൃത്യമായ അളവുകളോടെ വിശദമായ പ്ലാനും എലിവേഷനും സെക്ഷനും സൈറ്റ്‌പ്ലാനും, സര്‍വ്വീസ്‌ പ്ലാനും മറ്റും നല്‍കി മുന്‍ കൂട്ടി അനുമതി വാങ്ങേണ്ടതാണ്‌.അതുപോലെ കെട്ടിടം നിര്‍മ്മാണം കഴിഞ്ഞാല്‍ അതിന്റെ കമ്പ്ലീഷന്‍ സംബന്ധിച്ചും ഒരു റിപ്പോര്‍ട്ട്‌ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍(ര്‍) മുന്‍പാകെ നല്‍കണം.

കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച്‌ പണിയുന്ന കെട്ടിടങ്ങള്‍ റോഡില്‍ നിന്നും വശങ്ങളില്‍ (അതിര്‍ത്തിയില്‍ നിന്നും) നിന്നും നിശ്ചിത ദൂരം പാലിച്ചിരിക്കണം.ആവശ്യമായ വെന്റിലേഷന്‍ ഉണ്ടായിരിക്കണം.അതുപോലെ സെപ്റ്റിടാങ്ക്‌ കിണര്‍ എന്നിവയുടെ ദൂരം തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിച്ചേ കെട്ടിടം പണിയുവാന്‍ കഴിയൂ.മൂന്നുസെന്റ്‌ ഭൂമിമാത്രം ഉള്ളവര്‍ക്ക്‌ ഇതില്‍ ചില ഇളവുകള്‍ ഉണ്ട്‌.ഇതിനാവശ്യമായ സബ്മിഷന്‍ പ്ലാനുകള്‍ തയ്യാറാക്കി സൈന്‍ ചെയ്തു മുന്‍സിപാലിറ്റികളിലും പഞ്ചായത്തുകളിലും സമര്‍പ്പിക്കുവാനും അനുമതി വാങ്ങിക്കുവാനും ലൈസന്‍സ്‌ ഉള്ളവര്‍ക്ക്‌ മാത്രമേ കഴിയൂ.ആര്‍ക്കിടെക്റ്റുകള്‍,എം ടെക്‌.ബിടെക്‌ എഞ്ചിനീയര്‍മാര്‍,ഡിപ്ലോമ എഞ്ചിനീയര്‍മാര്‍, ഐ.ടി.എ. തുടങ്ങി ഈ മേഘലയില്‍ ഗവണ്‍മന്റ്‌ അംഗീകൃത വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക്‌ അവര്‍ ചെയ്ത കോഴ്സുകളുടെ നിലവാരം, പ്രവര്‍ത്തിപരിചയം എന്നിവ അനുസരിച്ച്‌ ഗവണ്മെന്റില്‍ നിന്നും അതതു ഗ്രേഡനുസരിച്ച്‌ ലൈസന്‍സ്‌ ലഭിക്കും.ആറുമാസത്തെ സിവില്‍/ആട്ടോകാഡ്‌ കോഴ്സുകള്‍ ചെയ്ത്‌ പേരിനു കൂടെ എഞ്ചിനീയര്‍ പദവി ചാര്‍ത്തിനടക്കുന്ന ഒത്തിരിപേരുണ്ട്‌ പക്ഷെ അത്തരക്കാര്‍ക്ക്‌ ലൈസന്‍സ്‌ ഉണ്ടാകണം എന്നില്ല. അതുകൊണ്ട്‌ ഇത്തരം ആളുകളെ ഒഴിവാക്കി അംഗീകാരം ഉള്ളവരെ സമീപിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്‌.ഇടനിലക്കാരെയും അംഗീകാരം ഇല്ലാത്തവരെയും ഒഴിവാക്കുക സമയനഷ്ടം ധന നഷ്ടം എന്നിവ ഒഴിവാക്കുവാന്‍ ഇത്‌ ഉപകരിച്ചേക്കും.

വാസ്തു വിദഗ്ദന്മാരെ സമീപിക്കും മുമ്പ്‌ കെട്ടിടനിര്‍മ്മാണ ചട്ടം അനുശാസിക്കുന്ന രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുവാന്‍ കഴിയുമോ എന്ന് ഒരു വിദഗ്ദനെക്കൊണ്ട്‌ പരിശോധിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു പ്ലാന്‍ തയ്യാറാക്കി വാസ്തു കണ്‍സല്‍ട്ട്‌ ചെയ്യുന്നതും ആയിരിക്കും നല്ലത്‌.

ജനങ്ങള്‍ക്ക്‌ ഇതു ബുദ്ധിമുട്ടുണ്ടാക്കും എന്ന പ്രചരണങ്ങള്‍ ചിലകോണുകളില്‍ നിന്നും ഇതിനോടകം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്‌. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുമ്പോള്‍ ആധാരം റെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതുപോലെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ആര്‍സി ഓണര്‍ഷിപ്പ്‌ സംബന്ധിച്ചും റെജിസ്റ്റ്രേഷനും മറ്റും നിര്‍ബന്ധമാണ്‌. പിന്നെ എങ്ങിനെ ഇതുമാത്രം ഒരു ബുദ്ധിമുട്ടായി തീരുന്നു? കുബുദ്ധികളുടെ ദുഷ്പ്രചരണങ്ങളില്‍ തെറ്റിദ്ധരിക്കതെയും ഇതിന്റെ പേരില്‍ കമ്മീഷനടിക്കുന്നവര്‍ക്കു മുമ്പാകെ വഞ്ചിതരാകാതെയും ഇരിക്കുക.

ബില്‍ഡിങ്ങ്‌ റൂള്‍ മുന്‍പേ കര്‍ക്കശമാക്കാത്തതിന്റെ തിക്തഫലങ്ങളാണ്‌ പലയിടത്തും കയ്യേറ്റങ്ങള്‍ പൊളിക്കേണ്ടിവരുന്നതും റോഡുവികസനങ്ങള്‍ തടസ്സപ്പെടുന്നതും.

വാല്‍മൊഴി: ലൈസന്‍സുള്ളവര്‍ അതു ദുരുപയോഗം ചെയ്യാതെയും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയിലും കൈകാര്യം ചെയ്യുക. അതുപോലെ പ്രൊഫഷണലിസം നഷ്ടപ്പെടുത്താത്തരീതിയില്‍ ഉള്ള ചാര്‍ജ്ജ്‌ ഈടാക്കുകയും ചെയ്യുക. കണ്ടവന്റെ ഒക്കെ ഡിസൈനിനു 100 രൂപക്ക്‌ ഒപ്പിടുന്നതു സ്വന്തം പ്രൊഫഷനോടു ചെയ്യുന്ന വഞ്ചനയാണ്‌.കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ മേസന്റെ സഹായിയായി വരുന്നവര്‍ക്കിന്ന് 175-210 രൂപവരെ കൂലിയുണ്ടെന്ന് മനസ്സിലാക്കുക ചുരുങ്ങിയ പക്ഷം അതിലും കൂടുതലെങ്കിലും ഒരു എഞ്ചിനീയറുടെ ഒപ്പിനു വാങ്ങുവാന്‍ അപേക്ഷിക്കുന്നു.മൂന്നുസെന്റില്‍ മുന്നൂറു സ്വക്വയര്‍ ഫീറ്റില്‍ തലചായ്ക്കുവാന്‍ കൂരവെക്കുന്ന അത്താഴപഷ്ണിക്കാരന്റെ പോക്കറ്റില്‍ കയ്യിട്ടുവാരണമെന്ന് ഞാന്‍ പറയുന്നില്ല.

പാരമൊഴി: പഠിക്കുന്ന കാലത്ത്‌ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞൂന്നും അതു നന്നാക്കാന്‍ കാശുചിലവുണ്ടെന്നും പറഞ്ഞ്‌ മാതാപിതാക്കളെ പറ്റിച്ച ആളുകള്‍ ഉണ്ട്‌ നമുക്കിടയില്‍ ഒരു പക്ഷെ ഇനി പ്ലാന്‍ സബ്മിഷന്റെ പേരില്‍ എന്തൊക്കെ പറ്റിക്കലാണാവോ നാട്ടുകാര്‍ക്കിടയില്‍ നടത്തുക.

Tuesday, June 12, 2007

കാവലിനും കൂട്ടിനും ശ്വാനന്മാര്‍.ചിത്രത്തിനു കടപ്പാട്‌: ഇന്റര്‍ നെറ്റിലെ ഗൂഗിള്‍ സെര്‍ച്ചിനോട്‌.


വീടിനു കാവലായും വീട്ടുകാര്‍ക്ക്‌ ഒരു അരുമയായും നായ്ക്കളെ വളര്‍ത്തുന്നത്‌ സാധാരണമാണ്‌. പഴയകാലത്തെതില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സാധാരണക്കാര്‍ പോലും "ബ്രാന്റഡ്‌" നായ്ക്കളെയാണ്‌ വളര്‍ത്തുവാന്‍ താല്‍പര്യപ്പെടുന്നത്‌.ഉദാഹരണമായി "ഹച്ചിന്റെ പരസ്യത്തില്‍ ഉള്ള നായക്കുട്ടി എന്റെ വീട്ടിലും ഉണ്ട്‌" എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഇന്ന് ധാരാളം.പലരും മറ്റുള്ളവര്‍ക്കു മുമ്പില്‍ മേനിനടിക്കുവാന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്‌.


വീടു കാവലിനായി നായ്ക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ജര്‍മ്മന്‍ ഷെപ്പെര്‍ഡ്‌,ഡോബര്‍മാന്‍ പിന്‍ഷ്വര്‍,ലാബ്രഡോര്‍ റിട്രീവര്‍,ഗ്രേറ്റ്‌ ഡാന്‍,റോട്ട്‌ വീലര്‍,ഡാല്‍മേഷ്യന്‍, രാജപാളയം(ജന്മദേശം തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്‌) തുടങ്ങിയ വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെട്ട നായ്ക്കളെയാണ്‌ പരിഗണിക്കേണ്ടത്‌.ഇതില്‍ റോട്ട്‌ വീലര്‍ എന്ന വിഭാഗത്തില്‍ പെടുന്ന നായക്കള്‍ അപകടകാരികളാണ്‌. പൊതുവേ "വണ്‍ മാന്‍ ഡോഗ്‌" എന്ന് അറിയപ്പെടുന്ന ഇവയെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നാല്‍ പല വിധത്തിലുള്ള അപകടങ്ങളും ക്ഷണിച്ചുവരുത്തുകയാകും ഫലം.ഇവയെ സ്ത്രീകള്‍ക്ക്‌ പൊതുവെ കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടായിരിക്കും.അപകടകാരിയായതിനാല്‍ ചില രാജ്യങ്ങളില്‍ ഇവയെ നിരോധിച്ചിട്ടുണ്ട്‌ എന്നാണ്‌ അറിയുന്നത്‌.എന്നാല്‍ കാവലിനു വളരെയധികം മിടുക്കന്മാരാണ്‌ ഈ വിഭാഗത്തില്‍ പെട്ട നായക്കള്‍ എന്നത്‌ വിസ്മരിക്കാനാകില്ല.


ഡോബര്‍ മാനും,ജര്‍മ്മന്‍ ഷെപ്പേര്‍ഡും,ലാബ്രഡോറും, പൊതുവെ വളര്‍ത്തുവാന്‍ എളുപ്പമുള്ളവയാണ്‌.സ്ത്രീകളുമായും കുട്ടികളുമായും ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതും താരതമ്യേന അപകടകാരിയുമല്ലാത്തതാണ്‌ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായക്കള്‍.താര തമ്യേന ശൗര്യം കുറവാണ്‌ ഈ വിഭാഗത്തില്‍ പെടുന്നവക്ക്‌ (ലാബര്‍ഡോര്‍ വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ സിനിമയിലെ ചില രംഗങ്ങളില്‍ ആളുകളെ കടിച്ചുകീറുന്നത്‌ കണ്ടിട്ട്‌ തെറ്റിദ്ധരിക്കേണ്ട).വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെട്ടുന്ന നായ്ക്കള്‍ക്ക്‌ ധാരാളം വ്യായാമം ആവശ്യമാണ്‌.വീടിനു ചുറ്റും മതിലോ വേലിയോ കെട്ടിത്തിരിച്ച്‌ അവയെ തുറന്നു വിടാവുന്നതാണ്‌.പെണ്‍ പട്ടികള്‍ക്കാണ്‌ നായ്ക്കളേക്കാള്‍ കാവലിനു ജാഗ്രത കൂടുതല്‍.
വീടിനകത്ത്‌ അരുമയായി വളര്‍ത്തുവാന്‍ പൂഡില്‍,പോമറേനിയന്‍,ഡാഷ്‌ ഹൂണ്ട്‌,പഗ്ഗ്‌ തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവയെ തിരഞ്ഞെടുക്കാം.വീടിനകത്ത്‌ രോമം കൊഴിയുവാനും മറ്റും ഉള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ താരതമ്യേന രോമം കുറഞ്ഞ ഡാഷ്‌ ഹൂണ്ട്‌ ആയിരിക്കും കൂടുതല്‍ നല്ലത്‌.(സൂക്ഷിച്ചില്ലേല്‍ നല്ല കടിയും കിട്ടും)നായക്കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍:ആദ്യം തന്നെ തങ്ങള്‍ക്ക്‌ ഏതു വിഭാഗത്തില്‍ പെട്ട നായ്ക്കുട്ടികളെ ആണ്‌ വേണ്ടതെന്ന് നിശ്ചയിക്കുക. നായ്ക്കുട്ടികള്‍ക്ക്‌ വേണ്ടത്ര തൂക്കവും ആരോഗ്യവും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്‌.കണ്ണില്‍ നിന്നും മറ്റു ശരീരഭാഗങ്ങളില്‍ നിന്നും വെള്ളം ഒലിക്കുന്നവയെ തിരഞ്ഞെടുക്കരുത്‌.ഉറക്കം തൂങ്ങികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും വേണ്ടെന്ന് വെക്കുക.ഓരോ വംശത്തിനും നിറത്തിലും ആകാരത്തിലും മറ്റും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്‌.ഇത്തരം കാര്യങ്ങളില്‍ വ്യതിയാനം ഉള്ളവയെ ഒഴിവാക്കുക.
കച്ചവടക്കാര്‍ പലപ്പോഴും അതിശയോക്തി നിറഞ്ഞ കാര്യങ്ങളും തന്തക്കും തള്ളക്കും മല്‍സരങ്ങളില്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്നും മറ്റും പറയും തുടര്‍ന്ന് വന്‍ വിലയായിരിക്കും നായ്ക്കുട്ടികള്‍ക്ക്‌ പറയുക.വിപണിയിലെ വിലനിലവാരത്തെക്കുറിച്ച്‌ അന്വേഷിച്ചതിനു ശേഷം മാത്രം വാങ്ങുക.കച്ചവടക്കാര്‍ പലയിടങ്ങളില്‍ നിന്നും വാങ്ങികൊണ്ടുവന്ന് വില്‍ക്കുന്നത്‌ സാധാരണമാണ്‌.അതിനാല്‍ നായ്ക്കുട്ടികളുടെ തള്ളയേയും തന്തയേയും കണ്ട്‌ ബോധ്യപ്പെട്ടതിനു ശേഷം വാങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്‌. പേഡിഗ്രി ഉള്ളവയെ ആണ്‌ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ യദാര്‍ത്ഥമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌.(പെഡിഗ്രി എന്നത്‌ കെന്നല്‍ ക്ലബ്ബുകള്‍ നായക്കളുടെ വംശശുദ്ധിക്ക്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ആണ്‌)പൊതുവെ ഇവക്ക്‌ വില കൂടുതല്‍ ആയിരിക്കും.


സാധാരണ നിലക്ക്‌ ഇപ്പോള്‍ തൃശ്ശൂരില്‍ ഡാഷ്‌ ഹൂണ്ട്‌ 1000-1500 ,ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌ 2500-8000, ഡാല്‍മേഷ്യന്‍ 2000-5500,പഗ്ഗ്‌ (ഹച്ച്‌ ഫെയിം) 12000-25000,ഡോബര്‍ മാന്‍ 2000-3500,റോട്ട്‌ വീലര്‍ 6000-25000,ഗ്രേയ്റ്റ്‌ ഡാന്‍ 3500-8000 വരെയാണ്‌ വില.ഇതില്‍ പെഡിഗ്രിയുടേയും നായ്ക്കളുടെ പ്രത്യേകതയുടേയും അടിസ്ഥാനത്തില്‍ വിലയില്‍ വ്യതിയാനം ഉണ്ടാകാം.(ചില സുഹൃത്തുക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും ലഭിച്ച വിവരമാണ്‌ മുകളില്‍ കൊടുത്തത്‌ ഈ വിലയില്‍ തന്നെ ചിലത്‌ അതിശയോക്തി നിറഞ്ഞതാണെന്ന് എനിക്ക്‌ തോന്നായ്കയില്ല) ടെയിനിങ്ങ്‌ കിട്ടിയ നായക്കള്‍ക്കും മല്‍സരങ്ങളില്‍ സമ്മാനം നേടിയ നായക്കള്‍ക്കും ഇറക്കുമതിചെയ്തവക്കും വില കൂടുതല്‍ ആണ്‌. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നായ്ക്കളെ ഇറക്കുമതി ചെയ്യാറുണ്ട്‌ ഇവയുടെ വില ലക്ഷങ്ങളാണ്‌.


ഭക്ഷണവും പരിചരണവും: നായക്കളുടെ ഭക്ഷണക്രമത്തിലും നല്ലവണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്‌.നായക്കള്‍ക്ക്‌ രണ്ടു നേരം ഭക്ഷണം നല്‍കുന്നതായിരിക്കും നല്ലത്‌. രാത്രിയില്‍ നായ്ക്കള്‍ക്ക്‌ ഭക്ഷണം ഒഴിവാക്കിയാല്‍ അവ രാത്രിയില്‍ ഉറങ്ങാതിരിക്കുവാന്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്‌.കേടായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവക്ക്‌ നല്‍കരുത്‌.ചോറ്‌ പാല്‌ ഇറച്ചി മുട്ട എന്നിവക്ക്‌ പുറമേ പാക്കറ്റില്‍ വരുന്ന ഡോഗ്‌ ഫുഡ്ഡുകളും നല്‍കാവുന്നതാണ്‌.വിറ്റാമിന്‍ ഗുളികകളും വിരയിളക്കുവാനുള്ള മരുന്നുകളും സമയാ സമയങ്ങളില്‍ നല്‍കണം. കൂടാതെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കുത്തിവെപ്പുകളും നല്‍കേണ്ടതുണ്ട്‌.റാബീസിനെതിരായ കുത്തിവെയ്പ്പും ഒരു വിദഗ്ദനായ വെറ്റിനറി ഡോക്ടരുടെ ഉപദേശപ്രകാരം നല്‍കാവുന്നതാണ്‌.
നായക്കള്‍ക്ക്‌ മുറിവുപറ്റിയാല്‍ അവയുടെ മുഖവും കൈകാലുകളും കെട്ടിയിടാതെ മരുന്ന് പുരട്ടുവാന്‍ ശ്രമിക്കരുത്‌. ആറുമാസത്തില്‍ ഒരിക്കലെങ്കിലും നായയെ ഡോക്ടറെക്കൊണ്ട്‌ പരിശോധിപ്പിക്കുന്നത്‌ നല്ലതാണ്‌.നായ്ക്കളെ വൃത്തിയായി ബ്രഷ്ചെയ്തും കുളിപ്പിച്ചും സൂക്ഷിക്കുക.(ബാര്‍ സോപ്പ്‌ ഉപയോഗിക്കരുത്‌ അത്‌ നായ്ക്കളുടെ സ്കിന്നിലെ എണ്ണമയം തീരെ ഇല്ലാതാക്കും) കുളിപ്പിക്കുമ്പോള്‍ അവയുടെ ചെവിയില്‍ വെള്ളം കയറാതിരിക്കുവാന്‍ പഞ്ഞിവെക്കുന്നത്‌ നല്ലതാണ്‌ അതുപോലെ ചെവിക്കകത്ത്‌ ചെള്ള്‌ പേന്‍ മുതലായവ ഉണ്ടോ എന്ന് പരിശോധിക്കുക.ചെള്ള്‌ പേന്‍ എന്നിവയെ ഒഴിവാക്കുവാന്‍ വേണ്ട പൗണ്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.ഓര്‍ക്കുക നായ്ക്കളില്‍ നിന്നും മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്ക്‌ വളരെപെട്ടെന്ന് പല വിധ രോഗങ്ങള്‍ പകരാം, അതുപോലെ അവയെ കളിപ്പിക്കുമ്പോള്‍ പല്ലും നഖവും കൊണ്ടുള്ള മുറിവുകളും ഉണ്ടാകാം. മുറിവുപറ്റിയാല്‍ ഉടനെ ഡോക്ടറെകണ്ട്‌ ചികിത്സ തേടാന്‍ മറക്കാതിരിക്കുക. അത്‌ റാബീസ്‌ വാക്സിന്‍ നല്‍കിയ നായ്ക്കളില്‍ നിന്നായാലും.


കൂട്‌: വീടു നിര്‍മ്മിക്കുന്ന വേളയില്‍ തന്നെ സ്ഥാനം നിശ്ചയിക്കുകയും അതിനനുസരിച്ച്‌ നായ്കൂട്‌ ക്രമീകരിക്കുക.ഗേറ്റും ഫ്രണ്ട്‌ ഡോറും നായക്കള്‍ക്ക്‌ കാണാന്‍ സാധിക്കുന്ന വിധത്തില്‍ ആയിരുന്നാല്‍ കൂടുതല്‍ നല്ലത്‌.വളര്‍ത്തുവാന്‍ ഉദ്ദേശിക്കുന്ന ഇനം അനുസരിച്ച്‌ വലിപ്പം കൂടിനുണ്ടായിരിക്കണം.ഒന്നിലധികം എണ്ണത്തെ വളര്‍ത്തുവാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ തുറക്കാവുന്ന രീതിയില്‍ കള്ളികള്‍ തിരിക്കുന്നതും നല്ലതാണ്‌. കൂടിനു ചുരുങ്ങിയത്‌ അഞ്ചടിയെങ്കിലും പൊക്കം ഉണ്ടായിരിക്കണം.കൂടു കഴുകുമ്പോള്‍ ഉണ്ടാകുന്ന വെള്ളവും നായയുടെ മൂത്രവും ഒഴുകിപ്പോകുവാന്‍ ആവശ്യത്തിനു സ്ലോപ്പ്‌ നല്‍കിയിരിക്കണം നല്‍കിയിരിക്കണം. നാചുറല്‍ സ്റ്റോണുകള്‍ കൊണ്ട്‌ ഫ്ലോറിങ്ങ്‌ നടത്തുന്നത്‌ നന്നായിരിക്കും.


പ്രചനനം: നായ്‌വളര്‍ത്തല്‍ ഒരു നല്ല വരുമാന മാര്‍ഗ്ഗം കൂടിയാണ്‌.വളര്‍ത്തി പ്രജനനം ചെയ്യീച്ച്‌ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള വിഭാഗത്തില്‍ പെട്ട നായ്ക്കളെ വേണം തിരഞ്ഞെടുക്കുവാന്‍.ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌,ഡാഷ്‌ ഹൂണ്ട്‌, ഡോബര്‍മാന്‍ തുടങ്ങിയവക്ക്‌ എല്ലാകാലത്തും ആവശ്യക്കാര്‍ ഉണ്ട്‌.പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഉള്ള നായ്ക്കള്‍ക്ക്‌ വില കൂടുതല്‍ ലഭിക്കും.ഇനി നിങ്ങളുടെ കൈ വശം ഗുണനിലവാരമുള്ള "സ്റ്റഡ്‌ ഡോഗ്‌" ഉണ്ടെങ്കില്‍ പെണ്‍പട്ടിയുമായി മേറ്റ്‌ ചെയ്യിക്കുന്നതിനു പണമായോ പകരം നായ്‌ കുട്ടിയേയോ പ്രതിഫലമായി വാങ്ങാവുന്നതാണ്‌.മദിലക്ഷണം (പെണ്‍ പട്ടിയുടെ യോനിയില്‍ നിന്നും രക്തവും അടങ്ങിയ ശ്രവം വരും) കാട്ടുന്ന പെണ്‍പട്ടിയെ മുങ്കൂട്ടി നിശ്ചയിച്ച ആണ്‍പട്ടിയുടെ കൂട്ടിലേക്ക്‌ വിടുകയാണ്‌ പതിവ്‌. ചില പട്ടികള്‍ പരസ്പരം കടികൂടാന്‍ ഇടയുണ്ട്‌ ഇത്‌ ശ്രദ്ധിക്കണം.(കൂടാതെ ഹീറ്റായ പെണ്‍പട്ടിയുടെ സമീപം മണംപിടിച്ച്‌ എത്തുന്ന "ഭൈമീ കാമുകന്മാരെ"ശ്രദ്ധിച്ചില്ലേല്‍ സംഗതി കുഴപ്പമാകും) സാധാരണയായി 60 ദിവസമാണ്‌ ഒരു പെണ്‍പട്ടിയുടെ ഗര്‍ഭകാലം. വിവിധ ഇനങ്ങള്‍ക്കനുസരിച്ച്‌ 2 മുതല്‍ 14 വരെ കുട്ടികള്‍ ഉണ്ടാകാം. പ്രസവിച്ച ശേഷം പെണ്‍പട്ടി കുട്ടികളെ തിന്നുന്നത്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌.വേണ്ടത്രപോഷകാഹാരക്കുറവാണിതിനു കാരണം എന്ന് പറയപ്പെടുന്നു. പ്രസവിച്ച പട്ടിക്ക്‌ ഗ്ലൂക്കോസ്‌ ചേര്‍ത്തവെള്ളവും ദഹിക്കുവന്‍ എളുപ്പമുള്ള ഭക്ഷണവും നല്‍കേണ്ടതുണ്ട്‌.പട്ടി പാല്‍ നല്‍കുവാന്‍ വിസ്സമ്മതിക്കുകയോ വേണ്ടത്രപാല്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ കൃത്രിമമായി കുട്ടികളെ ഫീഡ്‌ ചെയ്യെണ്ടതുണ്ട്‌.പ്രസവിച്ചുകിടക്കുന്ന പട്ടികളുടെ അടുത്തുപോകുമ്പോള്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ അവ അപകടകാരികള്‍ ആകാറുണ്ട്‌.ഡോബര്‍മാന്‍,റോട്ട്‌ വീലര്‍ തുടങ്ങിയ ചില ജാനസ്സുകളുടെ വാല്‍ മുറിച്ചുകളയാറുണ്ട്‌.പ്രസവിച്ച്‌ രണ്ടാഴ്ചകഴിഞ്ഞതിനുശേഷം രണ്ടാമത്തേയോ മൂന്നാമത്തേയോ കശേരുവില്‍ വച്ച്‌ വിദഗ്ദനായ ഒരു ഡോക്ടര്‍ക്ക്‌ അനായാസം ചെയ്യാവുന്നതാണിത്‌. ആണ്‍പട്ടിക്കും പെണ്‍പട്ടിക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ അവയുടെ കുട്ടികള്‍ക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. ഇതിനു ചില നിബന്ധനകള്‍ ഉണ്ട്‌.


ട്രെയിനിങ്ങ്‌: ട്രെയിനിങ്ങ്‌ നല്‍കിയാല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ നായ്ക്കള്‍ക്കാകും.മണംപിടിക്കുന്നതിനുള്ള ഇവയുടെ കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌. വളര്‍ത്തുനായക്കള്‍ക്ക്‌ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ട്രെയിനിങ്ങ്‌ നല്‍കുന്നത്‌ നല്ലതാണ്‌. സാധാരണയായി ഇരിക്കുവാനും കുരനിര്‍ത്തുവാനും വിളിച്ചാല്‍ നമ്മുടെ അടുത്തേക്ക്‌ വരുവാനും ചില പ്രത്യേക സ്ഥലത്ത്‌ മാത്രം വിസര്‍ജ്ജനം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ട്രെയിനിങ്ങ്‌ ഉടമക്ക്‌ തന്നെ നല്‍കാവുന്നതാണ്‌.അപരിചിതരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുവാതിരിക്കാന്‍ ഇവയെ പരിശീലിപ്പിക്കുക.പരിശീലനത്തിനായി ഇന്ന് പ്രൊഫഷണല്‍ ഡോഗ്‌ ട്രെയിനര്‍ മാരെ ലഭ്യമാണ്‌.കൂടാതെ ഇതിനായി സ്കൂളുകളും ഉള്ളതായി അറിയുന്നു.


ഒരിക്കല്‍ കൂടെ ഓര്‍ക്കാന്‍:

* മറ്റുള്ളവര്‍ വളര്‍ത്തി വലുതാക്കിയ നായ്ക്കളെ വാങ്ങാതിരിക്കുക.അതുപോലെ മറ്റുള്ളവരെക്കൊണ്ട്‌ നിങ്ങളുടെ നായ്ക്കളെ ലാളിക്കുവാന്‍ അനുവധിക്കാതിരിക്കുക.

* ബൗണ്ടറിയില്ലാത്തിടത്ത്‌ നായ്ക്കളെ അഴിച്ചിട്ടു വളര്‍ത്താതിരിക്കുക.

* പ്രചനനത്തിനായി നായ്ക്കളെ "മേറ്റ്‌" ചെയ്യീക്കുമ്പോള്‍ അവ രോഗാവസ്ഥയില്‍ അല്ലെന്ന് ഉറപ്പുവരുത്തുക.

* ഒരുപ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള പട്ടികളുടെ കുട്ടികളെ ഒഴിവാക്കുക.

* പരിചയക്കാരില്‍ നിന്നും മാത്രം നായക്കുട്ടികളെ വാങ്ങുവാന്‍ ശ്രദ്ധിക്കുക.

* അസുഖമുള്ളതോ കാഴ്ചക്കുറവ്‌ കേള്‍വിക്കുറവ്‌ നടക്കാന്‍ ബുദ്ധിമുട്ട്‌ എന്നിവയുള്ള നായ്കുട്ടികളെ ഒഴിവാക്കുക.

* വളര്‍ന്നുവരുമ്പോള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം നായ്ക്കളെ ഒഴിവാക്കുക.* നായ്ക്കളില്‍ നിന്നും കുട്ടികളെ അകത്തിനിര്‍ത്തുക.

* സമയാസമയങ്ങളില്‍ മരുന്നുകളും കുത്തിവെപ്പുകളും നല്‍കുക, നായക്ക്‌ വേണ്ടത്ര പരിചരണവും പരിഗണനയും നല്‍കുവാന്‍ കഴിയാത്തവര്‍ ദയവുചെയ്ത്‌ അവയെ വളര്‍ത്താതിരിക്കുക.

* അനാവശ്യമായി അവയെ ഉപദ്രവിക്കരുത്‌. ട്രെയിനിങ്ങിനു നല്ല ക്ഷമ വേണം.(അതു മനുഷ്യനല്ല നായയാണെന്ന ബോധത്തോടെ പെരുമാറുക)

* ഭക്ഷണം വെള്ളം വ്യായാമം എന്നിവ കൃത്യമായി നല്‍കുക. ദീര്‍ഘകാലം അവയെ തുടലില്‍ ഇടാതിരിക്കുക.

* നായ്‌വളര്‍ത്തലില്‍ മുന്‍ പരിചയം ഇല്ലാത്തവരും വേണ്ടത്ര കമാന്റിങ്ങ്‌ പവര്‍ ഇല്ലാത്തവരും വംശ ശുദ്ധിയുള്ള റോട്ട്‌ വീലര്‍ വിഭാഗത്തില്‍ പെട്ടവയെ ഒഴിവാക്കുക.ഒരു മനുഷ്യനെ കടിച്ചുകൊല്ലുവാന്‍ റോട്ട്‌ വീലര്‍ വിഭാഗത്തില്‍ പെടുന്ന നായക്ക്‌ നിഷ്‌പ്രയാസം സാധിക്കും.


നായ്‌ വളര്‍ത്തലിനെകുറിച്ച്‌ വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്‌.


ഇനി ഒരു അനുഭവ രഹസ്യം കൂടെ പകല്‍സമയത്ത്‌ നായയെ മറ്റുള്ളവരെ കാണിക്കാതെ വീടിനു പുറകുവശത്തോമറ്റോ ഒളിപ്പിച്ചുവളര്‍ത്തിയാല്‍ അവക്ക്‌ കൂടുതല്‍ ശൗര്യം ഉണ്ടായിരിക്കും.


വാല്‍ മൊഴി: ഈയ്യിടെ രാഷ്ടീയക്കാര്‍ തമ്മില്‍ കൊമ്പ്‌ കോര്‍ത്തപ്പോള്‍ പരസ്പരം ശ്വാനന്മാരോട്‌ ഉപമിക്കുകയുണ്ടയി. ഇക്കൂട്ടര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന് "നായയെ മന്ത്രിയോടും മുന്‍ മന്ത്രിയോടും ഉപമിച്ച്‌ അവഹേളിക്കരുത്‌. നായ്ക്കള്‍ മനുഷ്യരേക്കാള്‍ വിശ്വസ്ഥരും നന്ദിയുള്ളവരുമാണ്‌!"

E-pathram

ePathram.com