Tuesday, May 22, 2007

തുറന്ന മനസ്സുള്ള ഒരു വീട്‌


"തുറന്ന മനസ്സുള്ള ഒരു വീട്‌" തന്റെ വീടിനെക്കുറിച്ച്‌ അനസ്തേഷ്യാ വിദഗ്ദനായ ഡോക്ടര്‍ ജോയിയുടെ ഒറ്റവാക്കിലുള്ള മറുപടി.

"കുടുമ്പാംഗങ്ങളായാലും അദിഥികളായാലും ഒരിക്കലും ഈ വീട്ടില്‍ ഒറ്റപ്പെടരുത്‌.ഇന്ന് പലയിടത്തും സംഭവിക്കുന്നത്‌ മാതാപിതാക്കളും മക്കളും പേരമക്കളും എല്ലാം ഒരു കൂരക്കു കീഴിലെ "തുരുത്തുകളില്‍" ആണ്‌.കെട്ടുകാഴ്ചകള്‍ക്കും ആര്‍ഭാടങ്ങള്‍ക്കല്ല സൗകര്യങ്ങള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്‌."

സ്വന്തമായി ഒരു വീടെന്ന ചിന്ത തുടങ്ങിയപ്പോള്‍ ഡോക്ടര്‍ ജോയി ആദ്യമായി ചെയ്തത്‌ തനിക്കിഷ്ടപ്പെട്ട പല വീടുകളുടേയും പ്ലാന്‍ പരിശോധിക്കുകയും അതില്‍ താമസിക്കുന്നവരുമായി ആശയവിനിമയം നടത്തുകയും ആയിരുന്നു.ഇതില്‍ നിന്നും ഓരോ വീടിന്റേയും നല്ലതും മോശമായതുമായ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു.. കൂടാതെ പുസ്തകങ്ങളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തന്റെ വീടിനെക്കുറിച്ച്‌ വ്യക്തമായ ഒരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഒരു പ്ലാന്‍ തയ്യാറാക്കിയെങ്കിലും അനുയോജ്യമായ ഒരു സ്ഥലം ലഭിക്കാത്തതിനാല്‍ അതു മറ്റി പിന്നീട്‌ തനിക്ക്‌ ലഭിച്ച സ്ഥലത്തിനനുസൃതമാക്കി മാറ്റി.

തന്റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കണക്കിലെടുത്തുകൊണ്ട്‌ സങ്കല്‍പ്പത്തിലെ വീട്‌ അദ്ദേഹം തന്നെ വരച്ചുണ്ടാക്കി."ആദ്യം ഓരോമുറികളുടെ സ്ഥാനവും അളവുകളും പിന്നീട്‌ അതിനകത്തെ ഫര്‍ണ്ണീച്ചറുകളുടെ എണ്ണം വലിപ്പം തുടങ്ങിയവയും തയ്യാറാക്കി.അല്‍പ്പം സമയം കൂടുതല്‍ എടുത്തുവെങ്കിലും എല്ലാം എന്റെ ഇഷ്ടാനുസരണം ക്രമീകരിക്കുവാന്‍ സാധിച്ചു.മറ്റൊരു കാര്യം ശ്രദ്ധിച്ചത്‌ മുറികള്‍ തമ്മില്‍ പരമാവധി ദൂരം കുറക്കാനാണ്‌"

എന്തുകൊണ്ട്‌ ഒരു ഡിസൈനറെ സമീപിച്ചില്ല എന്ന ചോദ്യത്തിന്‌."എന്റെ സങ്കല്‍പ്പത്തിലെ വീടിന്റെ പ്ലാന്‍ സ്വന്തമായിതന്നെ തയ്യാറാക്കി.പിന്നീട്‌ എനിക്ക്‌ വേണ്ടിയിരുന്നത്‌ അതിനു ഒരു എലിവേഷനും ഒരു വീടുനിര്‍മ്മിക്കുവാന്‍ ആവശ്യമായ "ടെക്നിക്കല്‍" ഉപദേശങ്ങള്‍ ആയിരുന്നു. അതിനായി ഒരു വിദഗ്ദനെ സമീപിച്ചുവെങ്കിലും തിരക്കുമൂലം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിച്ചില്ല."തുടര്‍ന്ന് സ്വന്തമായിതന്നെ വീടിന്റെ മേല്‍നോട്ടം നിര്‍വഹിക്കുകയായിരുന്നു.

"ഒരു വിദഗ്ദന്റെ ഉപദേശമില്ലാതെ പൂര്‍ണ്ണമായും സ്വന്തമായി ഡിസൈന്‍ ചെയ്യുമ്പോള്‍ ചില പരിമിതികള്‍ ഇല്ലെ?""തീര്‍ച്ചയായും അതിന്റെ ചില പോരായമകള്‍ എലിവേഷനിലും മറ്റും കാണാം"

വീട്ടില്‍ ഓപ്പണ്‍കിച്ചന്‍ കൊടുത്തതിനെക്കുറിച്ചും ഡോക്ടര്‍ ജോയിക്ക്‌ വ്യക്തമായ അഭിപ്രായമുണ്ട്‌."ആഹാരം പാചകം ചെയ്യുന്നത്‌ ഒളിച്ചുവെച്ച്‌ ചെയ്യേണ്ട ഒരു സംഗതിയല്ല.അതില്‍ വീട്ടിലെ അംഗങ്ങള്‍ എല്ലാം പങ്കാളികളായാല്‍ അത്രയും നല്ലത്‌. ഇനി വല്ല അദിഥികളും വരികയാണെങ്കില്‍ തന്നെ അവരോട്‌ സംസാരിക്കുകയും നമുക്ക്‌ പാചകത്തില്‍ ഏര്‍പ്പെടുകയും ചെയ്യാം കൂടാതെ അടുക്കളയില്‍ തന്നെ വാഷിങ്ങ്‌ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ പാചകത്തിനിടയില്‍ തന്നെ വസ്ത്രം കഴുകലും നടത്താം." തന്റെ സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം തുടര്‍ന്നു.
"പരമാവധി ചുമരുകള്‍ കുറച്ച്‌ ധാരാളം ജനലുകള്‍ നല്‍കി ഒരു തുറന്ന അന്തരീക്ഷം സൃഷ്ടിക്കുക. കാറ്റും വെളിച്ചവും ധാരാളം വരുവാന്‍ ഇത്‌ സഹായിക്കും കൂടാതെ പ്രായമാകുമ്പോള്‍ നമ്മള്‍ ഒറ്റപ്പെടുന്ന ഒരു അവസ്ഥയുണ്ടാകാം അപ്പോള്‍ എളുപ്പത്തില്‍ ഭക്ഷണം പാചകം ചെയ്യുവാനും അവിടെതന്നെ ഇരുന്ന് കഴിക്കുവാനും ആയിരിക്കും സൗകര്യം."കിച്ചണ്‍ കൗണ്ടറുകള്‍ ഫെറാസിമന്റ്‌ സ്ലാബുകളില്‍ ആണ്‌ ചെയ്തിരിക്കുന്നത്‌.ചിലവു കുറക്കുവാന്‍ ഇത്‌ സഹായിക്കുന്നു.കിച്ചണില്‍ ഒരു ബ്രേക്ക്‌ ഫാസ്റ്റ്‌ കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്‌.

L ഷേപ്പില്‍ ഉള്ള ഒരു വരാന്ത. അതില്‍ നിന്നും ലിവിങ്ങ്‌ റൂമിലേക്ക്‌ ഒരു ഡോറും കൂടാതെ കാര്‍പ്പോര്‍ച്ചില്‍ നിന്നും ഡൈനിങ്ങിലേക്ക്‌ വരുവാന്‍ മറ്റൊരു ഡോറും കൊടുത്തിരിക്കുന്നു."ഫോര്‍മലായി സ്വീകരിക്കേണ്ട അദിഥികള്‍ക്കായി ഒരിടം." ഇതാണ്‌ ഡോക്ടര്‍ക്ക്‌ ലിവിങ്ങ്‌റൂമിനെ കുറിച്ച്‌ പറയാനുള്ളത്‌.

ടി.വിയും മ്യൂസിക്ക്‌ സിസ്റ്റവും അവിടെ തല്‍ക്കാലം സെറ്റുചെയ്യുന്നു.കോണിയുടെ അടിഭാഗം അല്‍പ്പം താഴ്ത്തി അവിടെ തുണികള്‍ തേക്കുവാനും മറ്റും ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.രണ്ടു ബെഡ്രൂമാണ്‌ ഈ വീടിനുള്ളത്‌.വല്ലപ്പോഴും വരുന്ന അദിഥികള്‍ക്കായി ഒരു മുറി അനാവശ്യം ആണെന്നാണ്‌ ഡൊക്ടറുടെ പക്ഷം.കിച്ചണില്‍ നിന്നും ലിവിങ്ങില്‍ നിന്നും ഡൈനിങ്ങില്‍ നിന്നുമെല്ലാം ഇവിടത്തെ ഗൈറ്റ്‌ തുറന്നു വരുന്നവരെ കാണാന്‍ പ്രയാസമില്ല.ജനലുകള്‍ അതിനനുസരിച്ചാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌.

ഗാര്‍ഡനിങ്ങിനു ഒത്തിരി സാധ്യതകളുണ്ടല്ലോ അതിനെക്കുറിച്ച്‌ വല്ല സങ്കല്‍പ്പവും ഉണ്ടോ?

"നല്ല വാഴയും കുറച്ച്‌ മാവിന്തയ്യും പിന്നെ ധാരാളം പൂക്കളൂണ്ടാകുന്ന തെച്ചിയും ചെമ്പരത്തിയും മറ്റും വെക്കണം."

ഇന്നത്തെ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണല്ലോ ഇതെന്ന ചോദ്യത്തിനു

"ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളുടെ ഓര്‍മ്മകള്‍ ഇവിടെ ഉണ്ടാകണം. പൂര്‍ണ്ണമായില്ലെങ്കിലും അല്‍പമെങ്കിലും. അതിന്റെ ഭാഗമാണ്‌ ഈപറഞ്ഞ വാഴയും മാവും ചെടികളും കൂടാതെ പുറകുവശത്തെ ഫിഷ്ടാങ്കും മറ്റും."മുകളില്‍ ഓടുവച്ചതിനെക്കുറിച്ച്‌" അതും ഈ പറഞ്ഞ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്‌, ഈ ഓടുവെക്കല്‍ പരിപാടി അല്‍പം ചിലവു വര്‍ദ്ധിപ്പിച്ചു.മാത്രമല്ല ശരിയായി ഫിറ്റുചെയ്യുവാന്‍ വിദഗ്ദരായ പണിക്കാരെ ലഭിച്ചുമില്ല. കൂടാതെ വൈകുന്നേരങ്ങളില്‍ ഇരിക്കുവാന്‍ ടെറസ്സിലൊരു ഗാര്‍ഡന്‍ ചെയ്യുവാനും ആലോചനയുണ്ട്‌."

കാര്‍പോര്‍ച്ചടക്കം ഏകദേശം 1850 ചതുരശ്ര അടിവരുന്ന ഈ വീടിന്റെ മൊത്തം ചിലവിനെക്കുറിച്ച്‌"ഇപ്പോ അതു കണക്കുകൂട്ടിയിട്ടില്ല.പണിയെല്ലാം പൂര്‍ത്തിയാകട്ടെ എന്നിട്ട്‌ നോക്കാം.പലപ്പോഴും പണിക്കാരുടെ കൃത്യനിഷ്ടയില്ലായ്മയും അറിവില്ലായ്മയും ചിലവു വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്‌."

2 comments:

paarppidam said...

പാര്‍പ്പിടത്തില്‍ പുതിയ പോസ്റ്റുണ്ടേ!

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പ്ലാനുകള്‍ നന്നായിട്ടുണ്ട്‌. ഇനിയും നല്ലരീതിയിലുള്ളവ പ്രതീക്ഷിക്കുന്നു

E-pathram

ePathram.com