Wednesday, May 02, 2007

വാസ്തു വിനായാകുമ്പോള്‍-2

വാസ്തുശാസ്ത്രപ്രകാരം ഇന്നിന്ന അളവുകളില്‍ വസ്തുവിന്റെ ഇന്നിന്ന സ്ഥാനങ്ങളില്‍ ഗൃഹം വെക്കണം എന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്‌. ഗൃഹത്തിനു മാത്രമല്ല അതിനോടനുബന്ധിച്ചുവരുന്ന കിണര്‍ ഔട്ട്‌ഹൗസ്‌ തൊഴുത്ത്‌ തുടങ്ങിമറ്റു നിര്‍മ്മാണങ്ങള്‍ക്കും ഇതു ബാധകമാണ്‌.ഹിന്ദു മതവിശ്വാസികളില്‍ ഭൂരിപക്ഷവും മറ്റുള്ളവരില്‍ ഒരു ചെറുന്യൂനപക്ഷവും ഇതു പിന്തുടരുന്നുമുണ്ട്‌.കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചപോലെ 90 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യകാലഘട്ടത്തിലുമാണ്‌ അത്രയൊന്നും ഗൗരവമായി കണക്കാക്കതിരുന്ന വാസ്തുശാസ്ത്രം പെട്ടെന്ന് വന്‍ പ്രചാരം നേടിയത്‌.വാരികകളിലും ചാനലുകളിലും ഇതു സംബന്ധിച്ച്‌ ചര്‍ച്ചകളും മറ്റും ധാരാളം വരികയും ഉണ്ടായി.ഇതിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ ഇതിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയും ഇതിനെ പിന്തുടരുവാന്‍ ശ്രമിക്കുകയും ചെയ്തു.ഇവിടെയുള്ള വാസ്തു പോരാഞ്ഞ്‌ ചൈനീസ്‌ വാസ്തുവായ ഫെങ്ങ്‌ ഷ്വേയും എത്തി. ധനം അകര്‍ഷിക്കുവാന്‍,കച്ചവടം അഭിവൃദ്ധിപ്പെടുവാന്‍, വിദ്യാലാഭത്തിനു തുടങ്ങി പല കാര്യങ്ങള്‍ക്കായി പലതരം പ്രതിമകളെയും വെള്ളച്ചാട്ടങ്ങളെയും വീടിനകത്തും പുറത്തുമായി സ്ഥാപിക്കുന്ന രീതിയാണതില്‍.കൂടാതെ ഭാഗ്യം കൊണ്ടുവരുന്ന "ലക്കി ഫിഷു"കളെ അക്വാറിയത്തില്‍ വളര്‍ത്തല്‍ "ലക്കിബാംബൂ" തുടങ്ങിയ സംഭവങ്ങളും ഉണ്ട്‌.

എന്നാല്‍ ഇതൊന്നും നോക്കാതെ അല്ലെങ്കില്‍ പിന്തുടരാതെ ഗൃഹനിര്‍മ്മാണം നടത്തുകയും അവയില്‍ താമസിക്കുകയും ചെയ്യുന്ന വലിയ ഒരു വിഭാഗവും നമുക്കിടയില്‍ ഉണ്ട്‌.ഉദാഹരണമായി കേരളത്തിലെ ഇന്നത്തെ ഒരു അവസ്ഥനോക്കിയാല്‍ മുസ്ലീംങ്ങള്‍ സാമ്പത്തികമായും ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്‍പന്തിയിലാണ്‌.ഇവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകളോ കച്ചവടക്കാരോ ആണെന്നതു മറ്റൊരുകാര്യം.കേരളത്തില്‍ നിലവിലുള്ളതും പുതുതായി നിര്‍മ്മിക്കപ്പെടുന്നതുമായ ആടംഭര ഗൃഹങ്ങളില്‍ 80 ശതമാനവും ഈ വിഭാഗത്തിന്റേതാണുതാനും. അവര്‍ക്കിടയില്‍ ധനാഡ്യരും പ്രശസ്ത്രരും വിദ്യാഭ്യാസപരമായി ഉയര്‍ച്ചയില്‍ നില്‍ക്കുന്നവരും എല്ലാം ഉണ്ട്‌. വാസ്തു സംബന്ധമായി പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ എന്തുകൊണ്ട്‌ ഇത്തരക്കാര്‍ക്ക്‌ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഉണ്ടാകുന്നു?ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരുകാര്യം വാസ്തു കണക്കുകളും നിയമങ്ങളും ഒന്നും ബധകമല്ലാതിരുന്ന ഓലകൊണ്ട്‌ മേഞ്ഞ വീടുകളില്‍ ജീവിച്ചിരുന്നവര്‍ ഇന്ന് ജീവിതത്തിന്റെ ഉയര്‍ച്ചകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു പക്ഷെ ഇതു മുഴുവന്‍ പിന്തുടര്‍ന്നു നിര്‍മ്മിച്ച പല ഇല്ലങ്ങളും ക്ഷയിച്ചുപോകുകയും ചെയ്തു.

വാസ്തുവിദഗ്ദന്മാരും ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും ഗൗരവമായി ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്‌.വാസ്തു വേണമോ വേണ്ടയോ എന്നതിലപ്പുറം അതിനു പിന്നിലെ വസ്തുതകളും ശാസ്ത്രീയമായ അടിസ്ഥാനങ്ങളും ആണ്‌ പഠനവിധേയമാക്കേണ്ടത്‌.(കൂടാതെ വാസ്തു കണക്കുകളും നിയമങ്ങളും അനുസരിച്ചല്ലാതെയും കേരളത്തില്‍ നിരവധി നിര്‍മ്മാണങ്ങള്‍ നിലവില്‍ ഉണ്ട്‌.അവയില്‍ താമസിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടോ വാസ്തു അനുസാസിക്കുന്ന നിബന്ധനകള്‍ പാലിച്ച്‌ നിര്‍മ്മിച്ച ഗൃഹങ്ങളില്‍ വസിക്കുന്നവര്‍ സംതൃപ്തരാണോ? തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം.) അതില്‍ നമുക്ക്‌ പ്രയോജനപ്രദമായതും ഇന്നത്തെ സാഹചര്യങ്ങളില്‍ നടപ്പിലാക്കാവുന്നതുമായ കാര്യങ്ങളെ സ്വീകരിക്കുകയും ആവാം.ഇന്നു കേരളത്തില്‍ തന്നെ പലദേശത്തും പലരീതിയില്‍ ആണു വാസ്തു നിയമങ്ങള്‍. ഇതു മാറ്റി ഒരു ഏകീകൃത മാനം നല്‍കുവാന്‍ കഴിയണം. ഇന്നത്തെ രീതിയില്‍ വാസ്തുവിനെ കേവലം വിശ്വാസത്തിന്റെ പേരില്‍ ദുരുപയോഗപ്പെടുത്തുന്നത്‌ തടയിടുക തന്നെവേണം.കുടുമ്പത്തില്‍ എന്തെങ്കിലും അനിഷ്ടങ്ങളോ ദുരിതങ്ങളോ ഉണ്ടായാല്‍ അതിനു വാസ്തുദോഷമാണെന്ന നിഗമനത്തിലെത്തുകയും പരിഹാരത്തിനായി വന്‍ തുകചിലവിട്ട്‌ പൂജകളും കൂടാതെ ഗൃഹത്തിന്റെ പലഭാഗങ്ങളും പൊളിച്ചുനീക്കലുകളും കൂടിച്ചേര്‍ക്കലുകളും നടത്തുന്നത്‌ ഇന്ന് സര്‍വ്വ സാധാരണമായിരിക്കുന്നു. പല വീടുകളുടേയും ഭംഗിയും സൗകര്യവും "മുറിവാസ്തുവിദ്വാന്മാരുടെ" അഭിപ്രായങ്ങളില്‍ കുടുങ്ങി ഇല്ലാതാകുന്നു.മാത്രമല്ല ഇതിനു സാധിക്കാത്തവര്‍ വലിയ മാനസീക പീഠനങ്ങളുമായി കഴിഞ്ഞുകൂടുകയും ചെയ്യുന്നു.

ഇക്കാര്യത്തില്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ചിലതു ചെയ്യുവാന്‍ സാധിക്കും അല്ലെങ്കില്‍ ഗവണ്‍മന്റ്‌ ഇടപെടേണ്ട സംഗതികള്‍ കൂടെയുണ്ട്‌. ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിനെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന സമയം വാസ്തുവിന്റെ പേരില്‍ ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത്‌ തടയുവാനും കൃത്യമായ ഒരു മാര്‍ഗ്ഗനിര്‍ദ്ധേശം നല്‍കുവാന്‍ ചരിത്രകാരന്മാരെയും എഞ്ചിനീയര്‍മാര്‍,ശില്‍പികള്‍,വാസ്തു രംഗത്തെ വിവരം ഉള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ( ദയവായി രാഷ്ടീയക്കാരെയും "ബുദ്ധിജീവികള്‍ അഥവാ ബുദ്ധിജന്തുക്കളെ" ഒഴിവാക്കിക്കൊണ്ട്‌)ഒരു പഠനം നടത്തുവാനും അതേകുറിച്ച്‌ ജനങ്ങളില്‍ വേണ്ടത്ര അവഗാഹം ഉണ്ടാക്കുവാനും ആണ്‌ ശ്രമിക്കേണ്ടത്‌. കേരളത്തില്‍ ഇന്നു വന്‍ തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്‌ അതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

വാല്‍മൊഴി:-വാസ്തു ദോഷം തീര്‍ക്കുവാന്‍ പഞ്ചശിരസ്സ്‌ സ്ഥാപിച്ചാല്‍ മതിയെന്ന് ഒരു കൂട്ടര്‍ പറയുന്നു. അങ്ങിനെയെങ്കില്‍ വാസ്തു നോക്കാതെ തന്നെ വീടു നിര്‍മ്മിക്കുകയും പിന്നീട്‌ പഞ്ചശിരസ്സ്‌ സ്ഥാപിക്കുകയും ചെയ്താല്‍ മതിയില്ലെ?

6 comments:

paarppidam said...

വാസ്തുവിനെക്കുറിച്ച്‌ ആധികാരികമായി പഠനം നടത്തി ഒരു നിഗമനത്തിലെത്തുവാന്‍ മാത്രം കഴിവ്‌ എനിക്കില്ല.ചില പുസ്തകങ്ങള്‍ വ്യക്തികള്‍ എന്നിവയില്‍ നിന്നും ലഭിച്ച അറിവില്‍ കൂടുതല്‍ എനിക്കില്ല. അതാകട്ടെ പലതും പരസ്പര വിരുദ്ധവുമാണ്‌.സംസ്കൃത ഗ്രന്ഥങ്ങളില്‍ നിന്നും കാര്യങ്ങള്‍ തര്‍ജ്ജമ ചെയ്തതിലും പലര്‍ക്കും തെറ്റുകള്‍ വന്നിരിക്കാമെന്ന് ഒരു സംസ്കൃത പണ്ഡിതന്‍ പറയുകയുണ്ടായി.ക്ഷേത്രങ്ങളുടേയും കൊട്ടാരങ്ങളുടേയും മറ്റും നിര്‍മ്മിതികളെക്കുറിച്ചാണ്‌ പല ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചിരിക്കുന്നതത്രെ. ചാതുര്‍വര്‍ണ്യവ്യവസ്ഥിതി നിലനിന്നിരുന്ന കാലത്തെ നിബന്ധനകളും മറ്റും ഇന്ന് പ്രായാഗികമല്ല എന്നത്‌ ഒരു സത്യമാണ്‌.

മുന്‍പ്‌ ഞാന്‍ സൂചിപ്പിച്ചപോലെ കിഴക്കു ഭാഗത്ത്‌ അടുപ്പുനല്‍കുന്നതും കൃത്യമായ വെന്റിലേഷനോടുകൂടിയ മുറികളും പലതരത്തില്‍ പെട്ട മരം കൊണ്ടുള്ള വാതില്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ആയിരിക്കും നമുക്ക്‌ സ്വീകരിക്കുവാന്‍ പറ്റുന്ന സംഗതികള്‍ എന്ന് തോന്നുന്നു.കൂടുതല്‍ കാര്യങ്ങള്‍ അറിയുവാനുള്ള ശ്രമത്തിലാണ്‌ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും.

വാസ്തുവിനെക്കുറിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.അറിയാവുന്നവര്‍ തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ചേര്‍ക്കുമല്ലോ?

vimathan said...

പാര്‍പ്പിടം, താങ്കള്‍ ഇങനെ എഴുതി: “കേരളത്തില്‍ നിലവിലുള്ളതും പുതുതായി നിര്‍മ്മിക്കപ്പെടുന്നതുമായ ആടംഭര ഗൃഹങ്ങളില്‍ 80 ശതമാനവും ഈ വിഭാഗത്തിന്റേതാണുതാനും. അവര്‍ക്കിടയില്‍ ധനാഡ്യരും പ്രശസ്ത്രരും വിദ്യാഭ്യാസപരമായി ഉയര്‍ച്ചയില്‍ നില്‍ക്കുന്നവരും എല്ലാം ഉണ്ട്‌. വാസ്തു സംബന്ധമായി പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ എന്തുകൊണ്ട്‌ ഇത്തരക്കാര്‍ക്ക്‌ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഉണ്ടാകുന്നു”.
പണ്ട് ഒരു സിനിമയില്‍, പ്രേതം പ്രത്യക്ഷപ്പെട്ടപ്പൊള്‍ , നായകന്‍ ഒരു കുരിശു കാണിച്ചിട്ടും പോകാതെ നിന്നതു കണ്ട് അത്ഭുതപ്പെട്ട നയകനോട് പ്രേതം പറഞ്ഞത്, ഞാന്‍ ഒരു ഹിന്ദു പ്രേതമാണ്, ക്രിസ്ത്യാനി പ്രേതങളേ കുരിശു കണ്ടാല്‍ ഓടുകയുള്ളൂ എന്നാണ്. അതു പോലെ ഈ വാസ്തു, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീമുകള്‍ക്കും ബാധകമാകാത്ത ഒരു “ശാസ്ത്രമാകണം”.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പ്രിയ സുഹൃത്തേ.....
ഞാന്‍ താങ്കാളുടേയും സമാനരീതിയിലുള്ള മറ്റു ബ്ലോഗുകളുടേയും സ്ഥിരം വായനക്കാരനാണ്‌. എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട്‌ വളരെയധികം ഗുണങ്ങള്‍ എനിക്കതില്‍ നിന്നും ലഭിച്ചിട്ടുമുണ്ട്‌.
താങ്കളെ പോലെയുള്ളവരുടെ പ്രചോദനം കൊണ്ടാണെന്നറിയില്ല. ഇന്നത്തെ ഗൃഹനിര്‍മ്മാണ വ്യവസ്ഥിതിയില്‍ വാസ്തുവിനെ തഴയത്തക്കരീതിയില്‍ പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ എന്നൊരുസംശയമെനിക്കുണ്ട്‌.
ഉദാഹരണമായി....... തൃശ്ശൂര്‍ പുഴക്കല്‍ പാടത്തിനടുത്ത്‌ ഒരു 3500 sqft വീടിന്റെ ഡിസൈനിംഗ്‌ വര്‍ക്കെനിക്കുലഭിക്കുകയുണ്ടായി. ഉടമസ്തന്‌ വാസ്തുകണക്കു പ്രകാരം വീടുവെക്കുന്നതില്‍ താല്‍പര്യമില്ല. സൗകര്യമാണുപ്രധാനം.....(വാസ്തുശാസ്ത്രപ്രകാരമുള്ള നിരവധിവീടുകള്‍ കണ്ടതിനുശേഷം എടുത്ത തീരുമാനമാണ്‌. അങ്ങനെയാണാ വര്‍ക്കെനിക്കു ലഭിക്കുന്നതും). എന്നാല്‍ അദ്ദേഹം വാസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്നതുകൊണ്ട്‌, സൗകര്യ പ്രധമായരീതിയില്‍ ഗൃഹം നിര്‍മ്മിച്ചതിനുശേഷം ദോഷനിവാരണാര്‍ത്ഥം പഞ്ചശിരസ്സു സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്‌.
ഇതില്‍ നിന്നും ആധുനികരീതിയിലുള്ള നിര്‍മ്മാണരീതിയില്‍ വാസ്തുശാസ്ത്രത്തിന്റെ അധപതനമായി ഇതിനെ കാണാന്‍ കഴിയുമോ.....? എന്താണ്‌ താങ്കളുടെ കാഴ്ചപ്പാട്‌......?
പഞ്ചശിരസ്സു സ്ഥാപിക്കുക എന്നതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്‌.......
ആന,സിംഹം,ആമ,പന്നി,കാള എന്നിവയുടെ ശിരസ്സിന്റെ ചെറിയരൂപങ്ങള്‍ സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ നിര്‍മ്മിച്ച്‌, ചെറിയ ചെമ്പുപെട്ടിയില്‍ ആനയുടെ ശിരസ്സ്‌ നടുവിലും മറ്റുനാലണ്ണത്തില്‍ കാളയും സിംഹവും ഒരുഭാഗത്തും ആമയും പന്നിയും മറുഭാഗത്തുമായി കിഴക്കോട്ടുമുഖമായി ഗൃഹദോഷസ്ഥാനത്ത്‌ ഒരു ചാണ്‍ താഴ്ത്തി സ്ഥാപിക്കുക എന്നാണ്‌.
ഈ പഞ്ചശിരസ്സു സ്ഥാപിക്കുന്നതിനെ കുറിച്ച്‌ തിരക്കുന്നതിനിടയില്‍ ....നോര്‍ത്തിന്ത്യയിലും ലോകത്തിന്റെ പലയിടങ്ങളിലും നിലനില്‍ക്കുന്ന ഈജിപ്‌ഷ്യന്‍ രീതിയിലുള്ളതും പഞ്ചശിരസ്സിനു സമാനമായ ഒരു ശാസ്ത്രത്തെ കുറിച്ചറിയാന്‍ ഇടയായി.
അഞ്ചു ചെറിയകാന്തങ്ങള്‍ സചാതീയ വിചാതീയ ധ്രുവങ്ങള്‍ പ്രത്യേകരീതിയില്‍ സമന്വയിപ്പ്പിച്ച്‌ അതൊരു മണ്‍തളികയില്‍ ആലേഘനം ചെയ്ത്‌ ഗൃഹദോഷസ്ഥാനങ്ങളില്‍ ഉദയസൂര്യാഭിമുഖമായി പ്രത്യേകസൂര്യപൂജാവിധിപ്രകാരം സ്ഥാപിക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌.
അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഞാന്‍ ബോംബെയില്‍ ജോലിചെയ്യുന്ന കാലഘട്ടത്തില്‍ ഒരു ഗുജരാത്തി അദ്ദേഹത്തിന്റെ ഫ്ലാറ്റ്‌ കോണ്‍ക്രീറ്റ്‌ വേളയില്‍ ഫ്ലാറ്റിന്റെ നാലുകോണില്‍ ഇതു സ്ഥാപിക്കുകയുണ്ടായി. അന്ന് ഗുജറാത്തികളുടെ ആചാരമായിട്ടേ അതിനെ ഞാന്‍ വിലയിരുത്തിയുള്ളൂ. എന്നാല്‍ ഇന്നത്‌ ഇന്ത്യയില്‍ തന്നെ പലയിടങ്ങളിലും പ്രചാരത്തിലുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഇതിനെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌. പുരാതന ഈജിപ്‌ഷ്യന്‍ പിരമിഡുകളിലും മറ്റു പല ചരിത്രസ്മാരകങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പഞ്ചകാന്താസ്സുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ്‌. അതേ രീതിയില്‍ തന്നെയാണ്‌ ഇന്നും അവ നിര്‍മ്മിക്കുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇവ എവിടെനിന്നു ലഭ്യമാകുമെന്നോ...? ഇതിന്റെ ഗുണങ്ങളെ കുറിച്ചോ...അധികം അറിയാന്‍ എനിക്കു സാധിച്ചിട്ടില്ല. താങ്കള്‍ക്കിതിനെക്കുറിച്ചെന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ബ്ലോഗില്‍ പ്രസിദ്ദീകരിക്കുന്നതിന്‌ താല്‍പര്യപ്പെടുന്നു........

indiaheritage said...

ഒരു മനുഷ്യന്റെ വിശ്വാസം എന്നത്‌ അവന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
ഒരിദാഹരണം പറയാം പരീക്ഷ എഴുതി കഴിഞ്ഞു വന്നിട്ട്‌ പത്തു പേരോടു ഉറക്കെ പറയൂ നന്നായി എഴുതാന്‍ സാധിച്ചില്ല ഞാന്‍ തോറ്റു പോകാനാണ്‌ സാധ്യത എന്ന്‌ ക്രമേണ നമുക്കു തന്നെ അതു ശരിയാണെന്നു തോന്നിത്തുടങ്ങും. അതു കഴിഞ്ഞു അതേപോലെ തന്നെ തിരിച്ചു പറയുക- ഞാന്‍ ജയിക്കും വളരെ നന്നായി എഴുതിയിട്ടുണ്ട്‌ എന്ന്‌ - ഇതുauto suggestion ചെയ്യുന്നതിന്റെ അടിസ്ഥാനമാണ്‌.
അതു പോലെ എന്താണെങ്കില്‍ഉം വിശ്വസിച്ചാല്‍ അതിന്‌ ആ ആളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുവാന്‍ സാധിക്കും.
ആയുര്‍വേദത്തില്‍ ഉള്ള മറ്റൊരു ഉദാഹരണം പറയാം.
മരുന്നുണ്ടാക്കുവാന്‍ ചെടി പറിച്ചു കൊണ്ടു വരുന്നത്‌ പറയുന്നിടത്ത്‌-
മരുന്നു രാജാവിനു വേണ്ടിയാണ്‌ ഉണ്ടാക്കുന്നത്‌ എങ്കില്‍ ആ ഔഷധം പറിക്കുനിടം മുതല്‍ മന്ത്രോച്ചാരണങ്ങളും , ദുന്ദുഭി വാദ്യഘോഷവും ഒക്കെ ആയി വേണം ആനയിക്കുവാന്‍. (സാധാരണക്കാരനാണെങ്കില്‍ ഇതൊന്നും ഇല്ലെങ്കിലും മരുന്നു ഫലിക്കും എന്ന്‌ )

can I have your email id?

paarppidam said...

വാസ്തുവിനെ തള്ളിപ്പറയുക എന്ന ഉദ്ദേശ്യമല്ല എനിക്കുള്ളത്‌. അതിന്റെ പേരില്‍ ചിലര്‍ നടത്തുന്ന ചൂഷണത്തെ അതിനെ അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക്‌ കൊണ്ടെത്തിക്കുകയും അതില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യുന്നതിനെ തുറന്നുകാണിക്കുവാന്‍ ഒരു കൂട്ടയ ചര്‍ച്ചക്ക്‌ തുടക്കം ഇടുക എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

ജെ.പി പറഞ്ഞ സംഗതികളെകുറിച്ച്‌ എനിക്ക്‌ കാര്യമായ അറിവില്ല. തല്‍ക്കാലം ഇനി ഇക്കാര്യം അധികം ആളുകള്‍ അറിയണ്ട. ഫെങ്ങ്ഷേ വേണ്ടത്ര വിജയിക്കാത്തതിനാല്‍ ഇനി ഇതിനെ ആരെങ്കിലും മറ്റൊരു ചൂഷണോപാധിയായി കണ്ട്‌ അതു വിറ്റ്‌ കാശാക്കും.

ഇത്തരം നിരവധി തട്ടിപ്പുകള്‍ക്ക്‌ വളക്കൂറുള്ള മണ്ണാണ്‌ കേരളം.പഞ്ചശിരസ്സിന്റെ പേരില്‍ വീടുകള്‍ തോറും ഓരോ വീട്ടിലും ഒരു പഞ്ചശിരസ്സെന്ന് പറഞ്ഞ്‌ "പ്രൊഫഷണല്‍ വാസ്തു വൈദ്യന്മാര്‍" കയറിയിറങ്ങുന്ന കാലം അതി വിദൂരമല്ല.അല്ലെങ്കില്‍ ഏതെങ്കിലും ജ്വല്ലറിയുടെ പരസ്യത്തിലും ഇത്‌ പ്രത്യക്ഷപ്പെട്ടുകൂടായ്കയില്ല. ഒരുപക്ഷെ പഞ്ചശിരസ്സ്‌ സ്ഥാപിക്കുവാന്‍ ഒരു ദിനം എന്ന് പറഞ്ഞ്‌ മൊത്തം ജ്വല്ലറിക്കാരും കൂടേ ഒരു ദിവസത്തെ ആഘോഷമാക്കി മാറ്റിയെന്നും ഇരിക്കും.

ഹാസ്യ സാമ്രാട്ടായിരുന്ന സഞ്ചയന്റെ രുദ്രാക്ഷത്തെ കുറിച്ചുള്ള കഥ ഇവിടെ ഓര്‍ത്തുപോകുന്നു.

ഈ-മെയില്‍ വിലാസം: paarppidam@yahoo.com

അങ്കിള്‍. said...

ഞാനിപ്പോള്‍ താമസിക്കുന്ന വീട്‌ പണിതത്‌ ഇരുപത്തിനാല്‌ കൊല്ലം മുമ്പാണ്‌. രണ്ട്‌ കൊല്ലം മുമ്പ്‌ അതൊന്ന്‌ പുതിക്കി പണിതു, രണ്ടാം നിലയും കെട്ടി. കൂടുതല്‍ സൗകര്യത്തിനു വേണ്ടി താഴെയുണ്ടായിരുന്ന ഒരു കക്കൂസ്‌ ഇടിച്ചു മാറ്റേണ്ടിയിരുന്നു. അപ്പോഴാണ്‌ എഞ്ചിനിയര്‍ സാറ്‌ പറഞ്ഞത്‌, 'അതേതായാലും വേണം കാരണം ആ കക്കൂസ്സിരിക്കുന്നത്‌ വീടിന്റെ കന്നിമൂലയിലാണെന്ന്‌'. 24 കൊല്ലം ഞാന്‍ താമസ്സിച്ച വീടാണ്‌. വാസ്തുവൊന്നും എനിക്കറിയില്ല. അപ്പോഴാണ്‌ കന്നിമൂലയേതെന്ന്‌ ഞാനറിയുന്നത്‌ തന്നെ.

അതറിഞ്ഞതില്‍ പിന്നെ ശ്രീമതിക്ക്‌ വിഷമം. പുതിക്കിപണിയുമ്പോള്‍ അവിടെ കക്കൂസ്‌ പാടില്ലന്ന്‌ നിര്‍ബന്ധം. ഏതായാലും കന്നിമൂലയെന്ന്‌ പറയപ്പെടുന്ന സ്ഥലത്ത്‌ ഇപ്പോള്‍ അടുക്കളയാണ്‌.

E-pathram

ePathram.com