Friday, April 13, 2007

വാസ്തു വിനയാകുമ്പോള്‍-1

നമ്മുടെ പാരമ്പര്യ ഗൃഹനിര്‍മ്മാണരീതികള്‍ ഭാരതീയ പുരാണങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതോള്ള്‌ അല്ലെങ്കില്‍ അതില്‍ നിന്നു ഉരുത്തിരിഞ്ഞു വന്നതോ ആണ്‌.പുരാണങ്ങളില്‍ പലയിടത്തും വാസ്തുശാസ്ത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുമുണ്ട്‌.മയനാല്‍ നിര്‍മ്മിതമായ കൊട്ടാരത്തെക്കുറിച്ച്‌ വിശദമായി മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആധുനീക കാലത്ത്‌ അതില്‍ പറയുന്ന പലകാര്യങ്ങളും നിഷ്‌പ്രയാസം നിര്‍മ്മിക്കാവുന്നതുമാണ്‌.

വാസ്തു നമ്മുടെ പല വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ അന്നുള്ളവര്‍ അന്നത്തെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെ നിലനിര്‍ത്തുവാനും കെട്ടിട നിര്‍മ്മാണത്തിന്റെ കണക്കുകളെ ഏകീകരിക്കുവാനോ എളുപ്പമാക്കുവാനോ വേണ്ടി അവര്‍ ചില നിയമങ്ങളും അതിനായി ഉണ്ടാക്കി.കൊട്ടാരങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ചാതുവര്‍ണ്യവ്യവസ്ഥയ്ക്കനുസൃതമായി ഓരോവിഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായി വീടുകള്‍ക്കും അവര്‍ വ്യത്യസ്ഥ അളവുകളും ഡിസൈനുകളും വിഭാവനം ചെയ്തിരുന്നു.പഴയകാലത്തെ കേരളീയ നിര്‍മ്മിതികളെ കുറിച്ചുപറയുമ്പോള്‍ വാസ്തുശാസ്ത്രത്തിന്റെ നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നതില്‍ സംശയമില്ല.ഭൂരിഭാഗം കെട്ടിടങ്ങളും ഓടും മരവും കല്ലും കൊണ്ടു നിര്‍മ്മിച്ചതായിരുന്നു.അവയുടെ മരപ്പണികള്‍ താഴെവെച്ചുതന്നെ നിര്‍മ്മിക്കുന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കതിരിക്കുവാന്‍ അവര്‍ ചില പൊതു കണക്കുകള്‍ അനുസരിച്ചായിരുന്നു വീടുകള്‍ നിര്‍മ്മിച്ചിരുന്നത്‌.ഇന്നിന്ന രീതിയില്‍ ഉള്ള ഗൃഹത്തിന്റെ ചുറ്റളവും ഉയരവും ഇത്രയായിരിക്കും എന്ന് ഒരു അംഗീകൃതകണക്ക്‌ തച്ചന്മാരുടെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം ഇന്ന ഡിസൈനിലുള്ള ഇത്ര ചുറ്റളവുള്ള വീടിനു വേണ്ടുന്ന വസ്തുക്കള്‍ എത്രവേണമെന്നുകണക്കുകൂട്ടുവാനും അതിന്റെ മരപ്പണിയുടെ അളവുകള്‍ കണ്ടെത്തുവാനും വളരെ എളുപ്പമായിരുന്നു.

ആധുനിക നിര്‍മ്മാണ സങ്കേതങ്ങളുടെ വരവോടെ പഴയരീതിയിലുള്ള നിര്‍മ്മാണത്തിന്റെ ബുദ്ധിമുട്ടുകള്‍ പലതും ഒഴിവായി.കോണ്‍ക്രീറ്റ്‌ കോളങ്ങളും ബീമുകളും സര്‍വ്വസാധാരനമായതോടെ കെട്ടിടങ്ങളുടെ രൂപത്തിലും വലിപ്പത്തിലുമെല്ലാം കൂടുതല്‍ വഴക്കം വന്നു.കാലാനുസൃതമായ ഈ മാറ്റത്തെ പാരമ്പര്യവാദികള്‍ പക്ഷെ അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ലെങ്കിലും ഗൃഹനിര്‍മ്മാണത്തിലെ പല പരീക്ഷണങ്ങള്‍ക്കും പുതുതലമുറയിലെ എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റുകളും തുടക്കം കുറിച്ചു.ബേക്കറേപോലുള്ളവര്‍ ഒരുപടികൂടെ കടന്നു വൃത്താകൃതിയിലും മറ്റും ഉള്ള രൂപങ്ങളിലും വീടുനിര്‍മ്മിക്കുവാന്‍ തുടങ്ങി.

കേരളത്തിന്റെ ഗൃഹനിര്‍മ്മാണചരിത്രത്തില്‍ നിര്‍ണ്ണായകമായ മാറ്റം വരുന്നത്‌ ഗള്‍ഫ്‌ പണത്തിന്റെ വരവോടെയാണ്‌.ഓടിട്ടപലവീടുകള്‍ക്കുമുമ്പിലും കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകളോടുകൂടിയ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി.തുടര്‍ന്ന് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ്‌ വീടുകളും അതില്‍ തന്നെ ചരിഞ്ഞ മേല്‍ക്കൂരകളും വന്നു.ഇക്കാലത്ത്‌ വീടുകള്‍ക്ക്‌ ഓടുമേയല്‍ അപ്രത്യക്ഷമായിത്തുടങ്ങി.എന്നാല്‍ പിന്നീട്‌ ചരിച്ച്‌ വാര്‍ക്കുന്ന മേല്‍ക്കൂരകള്‍ക്കുമുകളില്‍ ഓടുപതിക്കുന്ന രീതി വന്നു.പഴയകാല സ്മരണകള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പൂമുഖവുംചാരുപടിയും നടുമുറ്റവും ഉള്ള വീടുകളില്‍ വരെ എത്തിനില്‍ക്കുന്നു അത്‌. ഓടില്‍ നിന്നും കോണ്‍കൃീറ്റുനിര്‍മ്മിതികളിലേക്കുള്ള മാറ്റം സംഭവിക്കുന്ന കാലഘട്ടത്തില്‍ ആരും വാസ്തുവിനു കാര്യമായ പ്രസക്തിനല്‍കിയിരുന്നില്ല.പുതിയ സാങ്കേതികവിദ്യ പൂര്‍ണ്ണമായും എഞ്ചിനീയര്‍മാരുടേയും ഈരംഗത്ത്‌ സാങ്കേതികവിദ്യാഭ്യാസമുള്ളവരുടെയും നിയന്ത്രണത്തിലായിരുന്നതിനാല്‍ ഇക്കാര്യങ്ങളെ ആരും ഗൗരവമായെടുത്തില്ല.ആകൃതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ വിപ്ലവകരമായ മാറ്റം ഉണ്ടായതും ഇക്കാലത്താണ്‌. ബേക്കറുടേയും മറ്റും സ്വാധീനം കൂടെയുണ്ടായിരുന്നു ഇക്കാര്യത്തില്‍.75 മുതല്‍ 90കള്‍ വരെ കേരളീയസമൂഹം ഒരു പുരോഗമനപാതയില്‍ ആയിരുന്നു.അക്കാലത്തെ വിപ്ലവപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാമേഘലയിലുമെന്നപോളെ നിര്‍മ്മാണമേഘലയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തി.

90കളുടെ ആരംഭത്തോടെ കേരളീയസമൂഹത്തില്‍ കൂട്ടുകുടുമ്പവ്യവസ്ഥിതി തകരുകയും അണുകുടുമ്പങ്ങള്‍ പ്രത്യക്ഷമാവുകയും ചെയ്തു.ഇത്‌ കേരളീയസമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെ തകര്‍ച്ചയുടെകൂടെ കാലഘട്ടമായി. എല്ലാവരിലും ഒരു ഒറ്റപ്പെടലിന്റേയും സുരക്ഷിതത്വമില്ലായ്മയുടെയും ഭീതിജനിപ്പിക്കുന്ന നാളുകളായിരുന്നു പിന്നീടിങ്ങോട്ട്‌.ഇക്കാര്യത്തില്‍ സാമ്പത്തികമായി ഉള്ളവനും ഇല്ലാത്തവനും ഒരുപേലെയായി.

ഇതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു പുരോഗമനപ്രസ്ഥാങ്ങളുടെ തകര്‍ച്ചയും അപ്പോഴുണ്ടായ വിടവിലേക്ക്‌ ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും നുഴഞ്ഞുകയറി.എങ്ങോ പൊടിപിടിച്ചുകിടന്ന ആചാരങ്ങളും വിശ്വാങ്ങളും ഓരോന്നായി പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി.ജ്യോതിഷത്തിനു പ്രശ്നപരിഹാരകര്‍മ്മങ്ങള്‍ക്കും മുമ്പത്തേക്കാള്‍ അധികം പ്രാധാന്യം വന്നു.അക്കൂട്ടത്തില്‍ നിര്‍മ്മാണമേഘലയില്‍ വാസ്തുവിനു വന്‍ പ്രചാരണം നല്‍കുവാന്‍ ചില തല്‍പ്പരകക്ഷികള്‍ മുന്നിട്ടിറങ്ങുകകൂടെ ചെയ്തതോടെ വാസ്തുനോക്കാതെ കാര്യങ്ങള്‍ നടക്കില്ലെന്നായി.പുതുതായിവെക്കുന്ന കെട്ടിടങ്ങള്‍കുമാത്രമല്ല നിലവിലുള്ള കെട്ടിടങ്ങളുടെ കണക്കുകളും പുനപരിശോധിക്കപ്പെട്ടു.വ്യക്തിപരമായുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും നിധാനം വീടിന്റെ അളവിലുള്ള തെറ്റുകളും വിവിധമുറികളുടെ സ്ഥാനങ്ങളുടെ അപാകതകളുമാണെന്ന് കണ്ടെത്തി.

ആധുനിക ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത ആശാരിമാര്‍ ലക്ഷങ്ങള്‍മുടക്കി നിര്‍മ്മിക്കുന്ന വീടുകളുടെ പ്ലാനുകള്‍ തയ്യാറാക്കുവാന്‍ തുടങ്ങി.യാതൊരു ദീര്‍ഘവീക്ഷണമോ കലാബോധമോ ഇല്ലാത്ത ഇത്തരക്കാരുടെ "ഡിസൈനുകള്‍"ക്കനുസൃതമായി നാട്ടിലെങ്ങും അസൗകര്യങ്ങളും അപാകതകളും നിറഞ്ഞ വീടുകള്‍ പ്രത്യക്ഷമായി.വാസ്തുവിന്റെ പേരില്‍ ആളുകള്‍ അതെല്ലാം സഹിച്ചു.എഞ്ചിനീയറിങ്ങ്‌ മേഘലയില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ ഇത്തരക്കാരുടെ മുമ്പില്‍ തികച്ചും "അപ്രസക്തരായി".നാടെങ്ങും വാസ്തു വിദഗ്ദന്മാരുടെ ബോര്‍ഡുകള്‍ പ്രത്യക്ഷമായി.എഞ്ചിനീയര്‍മാരുടേയും ആര്‍ക്കിടെക്റ്റുകളുടേയും ഡിസൈനുകള്‍ സാങ്കേതികവിദ്യാഭ്യാസം അശേഷം ലഭിച്ചിട്ടില്ലാത്ത ആശാരിമാര്‍ പൊളിച്ചെഴുതി.ഓരോമുറികളുടേയും വലിപ്പത്തെക്കുറിച്ചോ അവയിലെ ഫര്‍ണീച്ചറുകള്‍ക്കും മറ്റും അനുസൃതമായി ഡിസൈന്‍ ചെയ്യുന്നതിനെക്കുറിച്ചോ സാമാന്യവിവരം പോലുമില്ലാത്ത ഇത്തരം മുറിവൈദ്യന്മാരുടെ അറിവില്ലായ്മമൂലം പലര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടായിട്ടുള്ളത്‌. ഇവര്‍ പറയുന്ന "ശാസ്ത്രനിയമങ്ങള്‍" തന്നെ പലദിക്കിലും പലവിധമായി. വാസ്തുവിനെ ധനാഗമനമാര്‍ഗ്ഗമായി കണ്ടെത്തിയ ചിലര്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായിതുടങ്ങി.ഇന്നു പല "വാസ്തുവിദഗ്ദരും" നിര്‍മ്മാതാവിന്റെ താല്‍പര്യത്തിനനുസൃതമായി എത്രമാത്രം വഴങ്ങാമോ അത്രയും തയ്യാര്‍ എനിക്ക്‌ എന്റെ വിഹിതം കിട്ടിയാല്‍ മതി എന്ന രീതിയിലും എത്തിനില്‍ക്കുന്നു.

പ്രാചീന വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്ന രീതിയില്‍ ആധുനീക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക പ്രായോഗികമല്ല.കോര്‍ണറുകളിലേക്ക്‌ വീടിന്റെ മുഖം വരാതിരിക്കുകയും കിഴക്കുഭാഗത്തു അടുക്കള വരിക,മുറികള്‍ക്കു വേണ്ടത്ര വെന്റിലേഷന്‍ ഉണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നോക്കുകയും കൂടാതെ ചുറ്റളവു വാസ്തു വിഭാവനം ചെയ്യുന്ന രീതിയില്‍ ആക്കുകയും ചെയ്യുക എന്നതാണ്‌ ഒരു മനസ്സമാധാനത്തിനായി ഇന്നു പലരും ചെയ്യുന്നത്‌.ഒരു പരിധിവരെ ഇതു വലിയ കുഴപ്പം ഉണ്ടാക്കുന്നില്ല.അല്ലാതെ പൂര്‍ണ്ണമായി വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്നതോ അല്ലെങ്കില്‍ അതിന്റെ പേരില്‍ അറിയപ്പെടുന്നതുമായ നിയമങ്ങള്‍ നടപ്പിലാക്കുക പ്രായോഗികമല്ല.ഉദാഹരണമായി ഈയ്യിടെ ചില വിദ്വാന്മാര്‍ പറയുന്നുണ്ട്‌ മുകള്‍നിലയിലേക്കുള്ള സ്റ്റെയര്‍കേസ്‌ മുന്‍ വാതിലില്‍ നിന്നുനോക്കിയാല്‍ കാണരുതെന്നും ഗൃഹത്തിന്റെ നാലുമൂലകളും മുറിയരുതെന്നും. ഇതു എത്രമാത്രം പായോഗികമാണെന്നത്‌ സ്വയം ചിന്തിച്ചാല്‍ മതിയാകും.

വാസ്തുശാസ്ത്രം ഒരു കാലഘട്ടത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്നും ആധുനിക കാലഘട്ടത്തില്‍ അതിനനുസൃതമായ മാറ്റങ്ങളോടെ പുതിയ സങ്കേതങ്ങളെ സ്വീകരിച്ച്‌ അത്‌ വിഭാവനം ചെയ്യുന്ന സൗകര്യങ്ങളെസ്വീകരിക്കുകയും ആണു വേണ്ടത്‌.പ്രാചീന സമൂഹത്തിലെ മനുഷ്യരുടെ വസ്ത്രധാരണരീതിയും ഭക്ഷണക്രമവും അല്ലല്ലോ നാം ഇന്നു പിന്തുടരുന്നത്‌.കാലാനുസൃതമായ മാറ്റങ്ങളെ സ്വീകരിക്കില്ലെന്നു ശഠിക്കുന്ന അല്ലെങ്കില്‍ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ചങ്ങളക്കെട്ടുകളില്‍ ബന്ധിച്ചിടുന്ന തലമുറകള്‍ ലോകപുരോഗതിക്കു ഭൂഷണമല്ല.

പാരമ്പര്യമായി ലഭിച്ച അറിവുകളെ ആധുനികമായ അറിവുകളുമായി താരതമ്യം ചെയ്തും പറ്റാവുന്ന മേഘലകളില്‍ സമന്വയിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകുന്നതിനുപകരം ശിലായുഗം വിശ്വാസങ്ങളില്‍ മുറുകെപിടിക്കുന്നത്‌ ആധുനിക സമൂഹത്തിനു ഭൂഷണമല്ല.അന്ധവിശ്വാസങ്ങളുടെപേരില്‍ പൊളിച്ചുമാറ്റലുകളുംകൂട്ടിച്ചേര്‍ക്കലുകളും ഹോമങ്ങളും നടത്താതെ ശാസ്ത്രീയ സത്യങ്ങളെ അംഗീകരിക്കുക.കേരളം ഒരു നവോധാനപ്രക്രിയക്ക്‌ വിധേയമാകേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

ഓര്‍ക്കുക വേണ്ടത്ര അറിവുള്ള ഒരു നല്ല ഡിസനറുടെ വീക്ഷണവും സാദാരണ നാട്ടിന്‍പുറത്തെ ഒരു ആശാരിയുടെയും തമ്മില്‍ അജഗജാന്തരം ഉണ്ടായിരിക്കും.എപ്പോഴും ഗൃഹനിമ്മാണത്തിനൊരുങ്ങുമ്പോള്‍ ഡിസൈന്‍ ചെയ്യുവാന്‍ ഒരു വിദഗ്ദനെ തന്നെ സമീപിക്കുക.

13 comments:

paarppidam said...

പാരമ്പര്യമായി ലഭിച്ച അറിവുകളെ ആധുനികമായ അറിവുകളുമായി താരതമ്യം ചെയ്തും പറ്റാവുന്ന മേഘലകളില്‍ സമന്വയിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകുന്നതിനുപകരം ശിലായുഗം വിശ്വാസങ്ങളില്‍ മുറുകെപിടിക്കുന്നത്‌ ആധുനിക സമൂഹത്തിനു ഭൂഷണമല്ല.അന്ധവിശ്വാസങ്ങളുടെപേരില്‍ പൊളിച്ചുമാറ്റലുകളുംകൂട്ടിച്ചേര്‍ക്കലുകളും ഹോമങ്ങളും നടത്താതെ ശാസ്ത്രീയ സത്യങ്ങളെ അംഗീകരിക്കുക.കേരളം ഒരു നവോധാനപ്രക്രിയക്ക്‌ വിധേയമാകേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

ഓര്‍ക്കുക വേണ്ടത്ര അറിവുള്ള ഒരു നല്ല ഡിസനറുടെ വീക്ഷണവും സാദാരണ നാട്ടിന്‍പുറത്തെ ഒരു ആശാരിയുടെയും തമ്മില്‍ അജഗജാന്തരം ഉണ്ടായിരിക്കും.എപ്പോഴും ഗൃഹനിമ്മാണത്തിനൊരുങ്ങുമ്പോള്‍ ഡിസൈന്‍ ചെയ്യുവാന്‍ ഒരു വിദഗ്ദനെ തന്നെ സമീപിക്കുക.


പാര്‍പ്പിടത്തില്‍ ഒരു പുതിയപോസ്റ്റുണ്ടേ!

vimathan said...

പാര്‍പ്പിടം, സമയോജിതമായ ലേഖനം. ഒരു സംശയം ചോദിക്കുന്നു. ഓടിട്ട കെട്ടിടങള്‍ നമ്മുടെ പാരമ്പര്യമായും, കോണ്‍ക്രീറ്റ് കെട്ടിടങള്‍ അതിനു വിരുദ്ധമായും പലരും എഴുതിക്കാണാറുണ്ട്. പക്ഷെ വീടുകള്‍ക്ക് ഓട് മേയുന്ന പാരമ്പര്യം നിലവില്‍ വന്നത്,പലരും കരുതും പോലെ കേരളത്തനിമയുടേ ഭാഗമായല്ല, മറീച്ച്, യൂറോപ്യന്‍ അധിനിവേശത്തിനു ശേഷമാണ്, കൃത്യമായിപ്പറഞ്ഞാല്‍ ബേസല്‍ മിഷനിലെ പാതിരിമാര്‍, മംഗലാപുരത്ത് ഓട് ഫാക്റ്ററി തുടങിയതിനു ശേഷമാണ്, എന്ന് എവിടയോ വായിച്ചതു ഓര്‍മ്മയുണ്ട്. അതേപോലെ തന്നെ വീടുകല്‍ക്ക് ഓടിടുന്ന പരിഷ്കാരം വന്നപ്പോള്‍ എല്ലാവര്‍ക്കും അതിനുള്ള അനുമതിയുണ്ടായിരുന്നില്ല എന്നും, അതിനു പ്രത്യേകം കരം കൊടുക്കേണ്ടിയിരുന്നുവെന്നും വായിച്ചിരുന്നു. ഇതില്‍ വല്ല സത്യവുമുണ്ടോ?

രാജു ഇരിങ്ങല്‍ said...

പാര്‍പ്പിടം എപ്പോഴും കൌതുകത്തോടെ വായിക്കുന്ന ഒരു ബ്ലോഗാണ്.
‘വാസ്തു’ എന്തിന് എന്നതിനെ കുറിച്ചും അത് എന്തൊക്കെ എന്നും കുറച്ചു കൂടി പ്രതിപാദിച്ചാല്‍ വളരെ നന്നായിരുന്നു.

കൂടാതെ ചിലവുകുറഞ്ഞ വീടുകളെ കുറിച്ചും അത്തരം വീടുകള്‍ കോണ്ട്രാക്ടെടുത്ത് നട്ത്തിക്കൊടുക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും പലപ്പോഴായി വായിച്ചിട്ടുണ്ട്. താങ്കളുടെ അറിവും പരിചയവും പറഞ്ഞുതരികയാണെങ്കില്‍ വളരെ ഉപകാരമാകും എന്നുതന്നെ കരുതുന്നു.

ഞാന്‍ ഒരു ചിലവു കുറഞ്ഞ വീടിനെ കുറിച്ചുള്ള ചിന്തയിലാണ് ഇപ്പോഴുള്ളത്.

Umesh::ഉമേഷ് said...

നല്ല ലേഖനമാണെങ്കിലും ഇതു് എന്നെ നിരാശനാക്കി.

വാസ്തുവിനെപ്പറ്റി ആധികാരമായി (തൊടുപുഴക്കാരന്‍ എഴുതുന്നതുപോലെയല്ല) ഒരു ലേഖനം ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ എന്നു കുറച്ചു കാലമായി ആഗ്രഹിക്കുന്നതാണു്. എനിക്കു് എഴുതാന്‍ മാത്രം അറിയില്ല, പഠിക്കാന്‍ സമയവുമില്ല.

അത്തരം ഒരു ലേഖനമാണു് ഇതെന്നാണു കരുതിയതു്. ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ കാര്യമുണ്ടെങ്കിലും ഇതൊരു സാമാന്യാവലോകനം മാത്രമാണു്. എവിടെയാണു് വാസ്തു ഇന്നു ശരിയല്ലാത്തതു്, എവിടെയാണു് അതു് ഇന്നും പ്രസക്തമാകുന്നതു്, പണ്ടു പ്രസക്തമായിരുന്നതു് കാലക്രമേണ നവീകരിക്കാത്തതുകൊണ്ടു് അപ്രസക്തമായതാണോ, ആധുനിക ആര്‍ക്കിടെക്ചറിന്റെ അടിസ്ഥാനത്തില്‍ വാസ്തുവിദ്യയിലെ തത്ത്വങ്ങളില്‍ ഉള്ള കാമ്പും കുഴപ്പങ്ങളും എന്തൊക്കെ എന്നിവയെപ്പറ്റി ഒരു ലേഖനമാണു ഞാന്‍ പ്രതീക്ഷിച്ചതു്. കുമാറിനോ അലിഫിനോ അത്തരം ഒരു ലേഖനം എഴുതാന്‍ കഴിയും എന്നു് എനിക്കുറപ്പാണു്.

ഇന്നു വാസ്തു എന്നു പറഞ്ഞു കേള്‍ക്കുന്നതെല്ലാം തട്ടിപ്പാണു് എന്നുള്ളതില്‍ സംശയമില്ല. പക്ഷേ, പെരുന്തച്ചനും പഴയ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മറ്റും നിര്‍മ്മിച്ച ആശാരിമാരും‍ അത്ര മോശക്കാരായിരുന്നില്ലല്ലോ. കൂടുതല്‍ പഠനങ്ങളും വെറും വാദത്തിനു വേണ്ടി മാത്രമല്ലാത്ത സംവാദങ്ങളും ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നു. വാസ്തുവിദ്യയുടെ പഴയ ഗ്രന്ഥങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെങ്കില്‍ ഞാനും കൂടാം.

വിമതനോടു്,

കേട്ടതു നേരായാലും പൊളിയായാലും താങ്കള്‍ പറഞ്ഞതു ശരിയാണു്. ഭാരതീയപാരമ്പര്യം എന്നു പറഞ്ഞു് ഇന്നലെ വന്ന പരിഷ്കാരങ്ങളെ പൊക്കിപ്പിടിക്കാറുണ്ടു്. നൈറ്റി ഭാരതീയസംസ്കാരത്തിന്റെ പ്രതീകമായതിനെപ്പറ്റി ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ടു്. അവനവനു് ഓര്‍മ്മയുള്ളതു തൊട്ടുള്ളതെല്ലാം ഭാരതീയപൈതൃകത്തിന്റെ അടയാളങ്ങള്‍ എന്നു് ഒരു വാദം. ഭാരതീയപൈതൃകത്തിലുള്ളതെല്ലാം കുറ്റമറ്റതും മഹത്തുമായ കാര്യങ്ങളാണു് എന്നു് അതിന്റെ കൂടെ മറ്റൊരു വാദം. നേരെയുള്ള ചിന്തയും യുക്തിയും ഇവയെപ്പറ്റി പറയുമ്പോള്‍ ഇല്ല എന്നര്‍ത്ഥം. മഹത്തായ കാര്യങ്ങള്‍ ഭാരതീയപൈതൃകത്തില്‍ ഉണ്ടു് എന്നു് അംഗീകരിക്കുന്നതിനോടൊപ്പം, തെറ്റായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടു് എന്നു് അംഗീകരിക്കുകയും വേണം.

നന്ദി.

ആവനാഴി said...

ലേഖനം നന്നായിട്ടുണ്ട്.

ആധുനിക എഞ്ചിനീയര്‍മാര്‍ രംഗത്തുവരുന്നതിനുമുന്‍പ് കേരളത്തില്‍ വീടുപണി നടത്തിയിരുന്നത് നാട്ടാശാരിമാരായിരുന്നുവല്ലോ.

ഒരു സംശയം ചോദിക്കട്ടെ:

അവര്‍ ഒരു പ്രത്യേക വലിപ്പം (അളവ്) ഉള്ള വീടുകള്‍ മാത്രമാണോ നിര്‍മ്മിച്ചിരുന്നത്. വീടിന്റെ കഴുക്കോലുകളും ചട്ടക്കൂടുമെല്ലാം നിലത്തു വച്ച് പണിത് അവസാനം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പ്രത്യേകിച്ചും വള അടിച്ചുകയറ്റുക മോന്തായം പ്രത്യേകിച്ചും രണ്ടറ്റങ്ങളിലും കൂട്ടിച്ചേര്‍ക്കുക ഇതൊക്കെ വളരെ സങ്കീര്‍ണ്ണമായ പണികളായി തോന്നിയിട്ടുണ്ട്; ഇപ്പോഴും.

അവര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പോയിട്ടില്ലെങ്കിലും കണക്കു പ്രയോഗിച്ചിരുന്നു എന്നത് സത്യം.

ഉദാഹരണത്തിനു ഒരു പ്രത്യേക ചുറ്റളവുള്ള വൃത്തത്തിനു എത്ര ആരം വേണ്ടി വരും? ഇതിനു അവര്‍ ‍ തിര്‍ച്ചയായും ചില സൂത്രവാക്യങ്ങള്‍ ഉപയോഗിച്ചു കാണും.

അവയെക്കുറിച്ചു എന്തെങ്കിലും റിസര്‍ച്ചു നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതു ഇവിടെ പ്രസിദ്ധപ്പെടുത്തിയാല്‍ ഉപകാരമായിരുന്നു.

അതുപോലെ നമ്മുടെ ക്ഷേത്രങ്ങള്‍ പ്രശസ്തങ്ങളായ മനകള്‍ ഇവയൊക്കെ പണിത ശില്‍പ്പികള്‍ ആരായിരിക്കും? ഇവയുടെ രേഖകള്‍ എവിടെയെങ്കിലും കിട്ടുമോ? കിട്ടുമെങ്കില്‍ എവിടെ? ഇത്തരം വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.

ആ വിവരങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ ഭാഗമായി കാത്തു സൂക്ഷിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണു.

ഇവയെപ്പറ്റി അറിയാമെങ്കില്‍ അതൊരു പോസ്റ്റായി ഇടുമെന്നു പ്രത്യാശിക്കുന്നു.

സസ്നേഹം
ആവനാഴി.

അലിഫ് /alif said...

വാസ്തു സംബന്ധിയായ കാര്യങ്ങളിലുള്ള എന്റെ അറിവു വളരെ പരിമിതമായതിനാലാണ്‌ പലപ്പോഴും കുമാറിന്റെ വാസ്തു പോസ്റ്റുകളില്‍ കമന്റിടാത്തത്‌. പലതവണ വാസ്തു പഠിക്കാന്‍ ശ്രമിച്ച്‌, വിജയിക്കാത്ത ഒരാള്‍ ആണു ഞാന്‍, കാരണം പഠിക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന പോലെ. എങ്കിലും കിട്ടുന്ന എല്ലാ അവസരങ്ങളും, വര്‍ക്ക്ഷോപ്പുകളും, സെമിനാറുകളുമെല്ലാം ഉപയോഗപെടുത്താതിരിക്കുകയുമില്ല.

ഭാരതീയ വാസ്തു ശാസ്ത്രത്തിന്റെ നല്ല വശങ്ങളേക്കാള്‍ ചീത്ത വശങ്ങള്‍ക്കാണിപ്പോള്‍ പ്രാമുഖ്യം എന്നേ പറയേണ്ടൂ. പുരാണത്തിന്റെയും ദൈവീകപരിവേഷത്തിന്റെയും കെട്ടുപാടുകള്‍ക്കുള്ളിലായിപ്പോയ, വളരെ ശാസ്ത്രീയമായ അടിത്തറയുള്ള ഒരു വിജ്ഞാന ശാഖയാണ്‌ വാസ്തു ശാസ്ത്രം, അഥവാ തച്ചുശാസ്ത്രം എന്നാണ്‌ എന്റെ വിലയിരുത്തല്‍. പക്ഷേ ഇന്ന് നടക്കുന്നതോ; തോന്നുന്ന വിധത്തില്‍ വ്യാഖ്യാനിച്ചും,manipulate ചെയ്തും, തെറ്റിദ്ധരിപ്പിച്ചും ‘വാസ്തു കണ്‍സള്‍ട്ടന്‍സി‘ യെന്ന ഓമനപേരില്‍ പണമുണ്ടാക്കുന്നു. ഇതിനൊക്കെ ആരെയും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല, കാരണം ഈ മേഖലയെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ വളരെ വളരെ വിരളമാണ്‌.

കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ പ്രതിഷ്ടാനം (കോഴിക്കോട്‌ ആര്‍.ഇ.സി യിലെ ഡോ.ബാലഗോപാല്‍ റ്റി.എസ്‌.പ്രഭു,വാസ്തുവിദ്യാ പ്രതിഷ്ടാനത്തിന്‍റെ ഡയറക്ടര്‍ ഡോ. എ. അച്യുതന്‍) നടത്തിയ ഒരു ശില്‍പ്പശാലയിലാണ്‌ കുറച്ചെങ്കിലും , വാസ്തുവിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച്‌ കേള്‍ക്കാനിടയായത്‌. അവര്‍ ഇതു വിശദീകരിക്കുന്ന കുറച്ച്‌ പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്‌. (മനുഷ്യാലയചന്ദ്രികയുടെ എഞ്ചിനീയറിംഗ്‌ കമന്ററി എന്നൊരു പുസ്തകം ഉടന്‍ അവര്‍ പുറത്തിറക്കുമെന്നും കേട്ടിരുന്നു) ആ ശില്പശാലയില്‍ അവര്‍ വിശദീകരിച്ചിരുന്നത്‌ കേട്ടാല്‍, എത്ര ലളിതമാണ്‌, വാസ്തു അളവുകളും മറ്റും എന്ന് തോന്നും. യാതൊരു അടിസ്ഥാന വിദ്യാഭ്യാസവും സിദ്ധിക്കാത്തവര്‍ക്ക്‌ പോലും പെട്ടന്ന് കൂട്ടുകയും കിഴിക്കുകയുമൊക്കെ ചെയ്യാവുന്ന പോലയാണത്രേ അളവുകളും മറ്റും അനുശാസിക്കപ്പെട്ടിരിക്കുന്നത്‌.

പക്ഷേ ഇന്നോ, വാസ്തു ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഒക്കെ വിട്ട്‌ വിശ്വാസപ്രമാണമായിരിക്കുന്നു, അഥവാ അങ്ങിനെ ആക്കിയെടുത്ത്‌ ചിലരെങ്കിലും പ്രയോജനപ്പെടുത്തുന്നു. ഇതിനെ ചോദ്യം ചെയ്യണമെങ്കില്‍, ആദ്യം വാസ്തുവെന്ന ശാസ്ത്ര ശാഖയുടെ യഥാര്‍ത്ഥ മൂല്യങ്ങള്‍ അപഗ്രഥിക്കുകയും, ചര്‍ച്ച ചെയ്യപെടുകയും വേണം. കുമാറിനു ഈ പോസ്റ്റില്‍ പറ്റിയിരിക്കുന്ന ഒരു ചെറിയ പിഴവും അതാണെന്ന് തോന്നുന്നു, പക്ഷേ ഇതൊരു നല്ല തുടക്കം തന്നെയാകട്ടെ എന്ന് പ്രതീക്ഷിക്കാം.

ഉമേഷ്‌ ജി പറഞ്ഞിരിക്കുന്നപോലെ, ഭാരതീയ ശാസ്ത്രങ്ങളില്‍ തെറ്റുകളും ശരികളുമുണ്ട്‌. അതിലെ തെറ്റുകള്‍ ചൂണ്ടികാണിക്കപ്പെടണമെങ്കില്‍, ശരികളുടെ അടിസ്ഥാനം ആദ്യം കണ്ടെത്തണം. വാസ്തു ശാസ്ത്ര സംബന്ധിയായ ഒരു കുറിപ്പ്‌, കുറച്ച്‌ വിശകലനങ്ങളും ഒക്കെയായി കുറെ നാള്‍ മിനക്കെട്ട്‌ തയ്യാറാക്കിയത്‌ വരുന്ന മെയ്‌ പകുതിയോടെ നാട്ടിലെത്തിയ ശേഷം ഗൃഹപാഠത്തില്‍ പോസ്റ്റ്‌ ആക്കാമെന്നു കരുതുന്നുണ്ട്‌. (നാട്ടിലെത്തിയ ശേഷം എന്നത്‌, കുറച്ച്‌ കൂടെ റെഫറന്‍സുകള്‍ ചേര്‍ക്കണമെന്നത്‌ കൊണ്ടാണ്‌ )അതിലേക്ക്‌ ചില സഹായങ്ങളും വേണം, ഞാന്‍ ഉമേഷ്ജിക്ക്‌ മെയില്‍ അയക്കാം.

വിമതന്‍: മറ്റ്‌ എല്ലാ പ്രദേശങ്ങളിലുമെന്ന പോലെ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ളതാണ്‌ കേരളത്തിലെ കെട്ടിട നിര്‍മ്മാണവും.ഭൂമിശാസ്ത്രപരമായതും,ഭൂഗര്‍ഭശാസ്ത്രപരമായതും, നിര്‍മ്മാണപദാര്‍ത്ഥപരമായതും, കാലാവസ്ഥാപരമായതും, സാമൂഹ്യപരമായതും പോലുള്ള ഒട്ടനവധി സ്വാധീനങ്ങള്‍ നമ്മുടെ എന്നല്ല എല്ലാ പ്രദേശങ്ങളിലെയും വാസ്തുനിര്‍മ്മാണശൈലിയില്‍ കാലാനുസൃതമായി ഉണ്ടായിട്ടുണ്ട്‌, ഉണ്ടായികൊണ്ടേയിരിക്കുന്നു. ആദ്യകാലങ്ങളില്‍ കേരളത്തിലെ കെട്ടിടങ്ങള്‍ മേയാന്‍ പുല്ല്‌, വൈക്കോല്‍ തുടങ്ങിയവയാണുപയോഗിച്ചിരുന്നത്‌. പിന്നീട്‌ അത്‌ ഓട്‌ ആവുകയായിരുന്നു. സാമുഹ്യപരമായ ഉച്ഛനീചത്വങ്ങള്‍ ഇവിടെയും പ്രതിഫലിച്ചു. ഇതിനിടെ തെങ്ങിന്റെയും പനയുടെയുമൊക്കെ ഓലയിലേക്കും, പഴയ പുല്ല്‌ മേല്‍ക്കൂരകള്‍ക്ക്‌ സ്ഥാനകയറ്റം കിട്ടി. പക്ഷേ ഇതിലെല്ലാം പൊതുവായ ഒരു ഘടകം ഉണ്ട്‌,മേല്‍ക്കൂരയുടെ രൂപം. ഇത്രയും നിര്‍മ്മാണപദാര്‍ത്ഥപരമായ മാറ്റങ്ങള്‍ക്ക്‌ ഒക്കെ വിധേയമായെങ്കിലും ഘടനയും രൂപവും ഏതാണ്ട്‌ ഏറക്കുറേ ഒരേപോലെ കേരളത്തിലങ്ങോളമിങ്ങോളം നിലനിന്നതായി കാണാം. വൈദേശിക സ്വാധീനത്താല്‍ തന്നെയാണ്‌ ഓടിട്ട കെട്ടിടങ്ങള്‍ വന്നത്‌. താങ്കള്‍ പറഞ്ഞതുപോലെ മംഗലാപുരത്തെ ഓടു ഫാക്ടറികള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്‌, അതുകൊണ്ടാണല്ലോ, ഇന്നും ഇന്ത്യയൊട്ടുക്കും (ചില വിദേശരാജ്യങ്ങളിലും) സാധാരണ മാതൃകയിലുള്ള മേച്ചിലോടിനു ഇന്നും MP Tiles അഥവാ മാംഗളൂര്‍ പാറ്റേണ്‍ റ്റെയില്‍സ്‌ എന്ന് പറയുന്നത്‌.

ഈ തരം മേച്ചിലോട്‌ വരും മുന്നേ, പാലസ്‌ ടെയില്‍സ്‌ എന്നൊരു ഇനമുണ്ടായിരുന്നു. പേരുകൊണ്ട്‌ തന്നെ വ്യക്തമാണല്ലോ, എവിടെയാണു ഉപയോഗിച്ചിരുന്നത്‌ എന്ന്. നമ്മുടെ പഴയ മിക്ക കൊട്ടാരങ്ങളിലും കാണുന്ന ചെറിയ ഓട്‌ (അരിയോട്‌ എന്നും പറയും) ഇതാണ്‌. ഈ പൊതുവായ മേല്‍ക്കൂരയുടെ രൂപമാണ്‌ 70 കളിലെ ഗള്‍ഫ്‌ തരംഗത്തോടെ പാടെ മാറി മറിഞ്ഞത്‌. ഫ്ലാറ്റ്‌ റൂഫിലേക്ക്‌ പറിച്ച്‌ നട്ടപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിലെ കേരളീയ ശൈലി നഷ്ടമായി എന്ന് പറയുന്നത്‌ അതുകൊണ്ടാണ്., അല്ലാതെ ഓട്‌ മാറി കോണ്‍ക്രീറ്റ്‌ ആയത്‌ കൊണ്ടാവില്ല. എങ്കിലും വളരെയധികം പഠനങ്ങള്‍ നടക്കേണ്ട ഒന്ന് തന്നെയാണീ ട്രാന്‍സിഷന്‍..പക്ഷേ, എന്തു കൊണ്ടോ നമ്മുടെ യൂണീവേര്‍സിറ്റിയുടെ ആര്‍ക്കിടെക്ചര്‍ കരിക്കുലത്തിലൊന്നും ഇതൊന്നും ഇനിയും ഇടം കണ്ടത്തിയിട്ടില്ലന്നത്‌ ദുഖകരമായ സത്യവും. ഇത്തരം ഒരു ചിന്തയ്ക്ക്‌ വഴിമരുന്നിട്ടതിനു വിമതനു ഞാന് നന്ദിപറയുന്നു.

കുമാര്‍; കുറച്ച്‌ കൂടി വിശദമായി പഠനം നടത്തിയ ശേഷമായിരുന്നെങ്കില്‍ ഈ പോസ്റ്റ്‌ കുറച്ച്‌ കൂടി നല്ലതായേനെ എന്ന് എന്റെ എളിയ അഭിപ്രായം. പക്ഷേ , താങ്കളുടെ പരിശ്രമങ്ങള്‍ക്ക്‌ എല്ലാ നന്മകളും നേരുന്നു.

ഓടൊ: പോസ്റ്റില്‍ ഒരു പാട്‌ അക്ഷരപിശാചുകള്‍ ഉള്ള പോലെ,ശ്രദ്ധിക്കുമല്ലോ

paarppidam said...

വാസ്തുവിനെക്കുറിച്ച്‌ ആധികാരികമായ പഠനങ്ങള്‍ ഞാന്‍ നടത്തിയിട്ടില്ല. ചില വ്യക്തികളില്‍നിന്നും കൂടാതെ നിരവധി പുസ്തകങ്ങളില്‍നിന്നും ലഭിച്ച അറിവിന്റെ വെളിച്ചത്തിലാണ്‌ ഇതിലെ വാസ്തു സംബന്ധമായ കുറിപ്പുകള്‍ ഇട്ടതും ഇടാന്‍ പോകുന്നതും.

അടുത്തൊരു ദിവസം ഒരു പ്ലാന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ ഒരു ആശാരിയുമായി ചില "വാദപ്രതിവാദങ്ങളില്‍" ഏര്‍പ്പെടേണ്ടതായി വന്നു.അദ്ദേഹം ഒടുവില്‍ തടിയൂരുവാന്‍ ഈശ്വരകോപമായും മറ്റും ബന്ധപ്പെടുത്തി രക്ഷപ്പെടുകയാണുണ്ടായത്‌.(ക്ലൈന്റ്‌ ഒരു ഹിന്ദുമതവിശ്വാസിയുമല്ല എന്നതാണിവിടെ കൂടുതല്‍ പ്രസക്തം) ഒടുവില്‍ ആ വര്‍ക്കില്‍ നിന്നും ഞാന്‍ പിന്മാറുകയാണുണ്ടായത്‌.

കമന്റുകള്‍ വിശദമായി വായിച്ച്‌ മറ്റൊരു കമന്റു ഇടുന്നതാണ്‌.

ചിലവുകുറഞ്ഞവീടുകളെകുറിച്ച്‌ എഴുതുന്നുണ്ട്‌.പ്രശസ്ത സാഹിത്യകാരി ശ്രീമതി സാറാജോസഫിന്റെ മകളുടെ വീട്‌ മണ്ണുകൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.(നല്ല വേനല്‍ക്കാലത്തുപോലും ഒരു മരത്തണലില്‍ ഇരിക്കുന്ന പ്രതീതിയാണ്‌ ആ വീട്ടില്‍) അവരുടെ മരുമകനും പ്രശസ്ഥ എഞ്ചിനീയറുമായ ശ്രീ ശ്രീനിവാസന്‍ ആണ്‌ ഇതിന്റെ ശില്‍പ്പി.ആ വീടു സന്ദര്‍ശിച്ച്‌ തയ്യാറാക്കിയ കുറിപ്പ്‌ ചിത്രങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.


വാസ്തു ഇന്ന് വ്യാപകമായി വിപണനം ചെയ്യപ്പെടുന്ന ഒന്നണ്‌പഴയ പെരുന്തച്ചനെ ഇന്നത്തെ മുറിവൈദ്യന്മാരുമായി കൂട്ടിക്കുഴക്കല്ലെ സുഹൃത്തുക്കളെ..

ശിശു said...

പാര്‍പ്പിടം വളരെ ശ്രദ്ധയോടെ വായിക്കുന്ന, അതില്‍ വന്ന ഡിസൈനുകള്‍ സൂക്ഷിച്ചുവെക്കുന്ന ഒരാളാണ്‌ ഞാന്‍. വാസ്തുവിനെ പറ്റിയുള്ള ലേഖനം അതിന്റെ ശരിതെറ്റുകളെന്തായാലും അവസരോചിതമായി എന്നറിയിക്കട്ടെ. ഇതിനെ തുടര്‍ന്നുവരുന്ന ചര്‍ച്ചകളിലൂടെ ഏകദേശം ഒരു ധാരണ എന്നെപ്പോലെയുള്ളവര്‍ക്ക്‌ ലഭിച്ചേക്കും.
സാറാജോസഫിന്റെ മകളുടെ വീടിനെപ്പറ്റിയെഴുതിയത്‌ വായിച്ചു. അതിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്‌. സമയം കിട്ടുമ്പോള്‍ എഴുതുമല്ലോ?
ചിലവുകുറഞ്ഞ വീടിനെപ്പറ്റിയും പ്രതിപാദിക്കുമെന്നു കരുതട്ടെ.
ആശംസകളോടെ.

വല്യമ്മായി said...

വാസ്തുവില്‍ ഏതാണ്‌ തള്ളേണ്ടത് ഏതാണ് കൊള്ളേണ്ടത് എന്ന് വസ്തുനിഷ്ടമായി അറിയാന്‍ താത്പര്യമുണ്ട്.

Anonymous said...

Traditional vastu experts follow what they were told by their predecessors. And they do not study it properly. Their knowledge was sufficient till '70s. The lifestyle had changed drastically-houses became something more than a roof over our head. Individual tastes and requirements became main elements for designing a house.That's how traditional methods and knowledge became out of fashion or impractical.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഞങ്ങളുടെ നാട്ടിലെ കുട്ടപ്പനാശാരിയും മുരളിയാശാരിയും ഒന്നും ഈ കുറിപ്പുകാണണ്ട.വാസ്തുവിന്റെ പേരുപറഞ്ഞു പല വീടും കുളമാക്കിയടീമാ. പലയിടത്തും ഇവരുടെ പ്ലാനുകള്‍ക്കുമുമ്പില്‍ എഞ്ചിനീയര്‍മാര്‍ മുട്ടുകുത്തി.

നന്നായിരിക്കുന്നു, പക്ഷെ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുമൊന്ന് സംശയമാ.

ആശാരിക്ക്‌ ആയിരം കൊടുത്താലും പ്ലാന്‌വരക്കുന്നവര്‍ക്ക്‌ അഞ്ചുരൂപ കൊടുക്കാത്ത നാട്ടുകാരാ ഇവിടെ.

Anonymous said...

യദാര്‍ഥത്തില്‍ ഇവിടത്തെ വാസ്തുവിന്റെ മുഴുവന്‍ കാര്യങ്ങളും ആശാരിമാരുടെ കൈപ്പിടിയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വം ഇവിടത്തെ എഞ്ചിനീയര്‍മാര്‍ക്കും വീടുവെക്കുന്ന ആളുകള്‍ക്കും ആണ്‌.ആശാരിമാര്‍ ചൂഷണം ചെയ്യുന്നുവെങ്കില്‍ എന്തുകൊണ്ട്‌ ആര്‍ക്കിടെക്റ്റുമാര്‍ക്കും മറ്റും ഇതെകുറിച്ച്‌ ആളുകളെ ബോധവാന്മാരാക്കിക്കൂടാ? മറിച്ച്‌ അവര്‍ ആശാരിമാരെ പ്രെമോട്ട്‌ ചെയ്യുന്നതാണ്‌ അനുഭവം.എല്ലാവര്‍ക്കും സാമ്പത്തീക ലാഭം തന്നെ ലക്ഷ്യം. പല ആശാരിമാരും നിലനില്‍ക്കുന്നതുതന്നെ ആര്‍ക്കിടെക്റ്റുമാരുടേയും എഞ്ചിനീയര്‍മാരുടേയും റെക്കമെന്റേഷനിലാണ്‌ മറിച്ചും ഉണ്ട്‌. വാസ്തുവിന്റെ പല കാര്യങ്ങളും പറഞ്ഞ്‌ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനു സാഹചര്യം ഒരുക്കാതെ ആര്‍ക്കിടെക്റ്റുമാരുടേയും എഞ്ചിനീയര്‍മാരുടേയും ഒരു കൂട്ടയ്മയോ അല്ലെങ്കില്‍ ഏതെങ്കിലും നല്ല സന്നദ്ധസംഘടനയോ മുന്നോട്ടുവരേണ്ടതാണ്‌

ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ഇന്ന് കേവലം കടലാസു സംഘടനയല്ലെങ്കില്‍ ഇക്കാര്യത്തില്‍ കാര്യമായെന്തെങ്കിലും ചെയ്തേ പറ്റൂ.

എന്ന് ഒരു വായനക്കാരന്‍.

paarppidam said...

ഉമേഷ്ജി എനിക്കുതോന്നുന്നു ജ്യോതിഷത്തിലും സംസ്കൃതത്തിലും അസാമാന്യ പാണ്ടിത്യമുള്ള താങ്കള്‍ക്കായിരിക്കും ഇത്‌ എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കുക എന്ന് തോന്നുന്നു. ഞാന്‍ ഇതേകുറിച്ച്‌ ഇപ്പോള്‍ നാട്ടിലുള്ള ചില "വിദഗ്ദന്മാരു"മായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌. യോനി എന്നാല്‍ വാസ്തുവില്‍ ദിക്ക്‌ എന്നാണ്‌ ഇതുപോലും അറിയാത്ത വിദഗ്ദനുമായി വരെ സംസാരിച്ചു. ഒരു പ്ലാന്‍ വരച്ചതിന്റെ കണക്ക്‌ നോക്കുന്നതിനിടയില്‍ ഞാനും കക്ഷിയുമായി സംസാരമുണ്ടായി. ഒടുവില്‍ "ചുള്ളന്‍" വഴക്കുണ്ടാക്കിപ്പോയി.അതാ വീട്ടുകാര്‍ക്ക്‌ വിഷമവു ആയി.

പണ്ടത്തെ തച്ചന്മാരും ഇന്നത്തെ ന്യൂ ജനറേഷന്‍ ആചാരിമാരും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്‌.പണ്ടു നിര്‍മ്മിച്ച മഹാ ക്ഷേത്രങ്ങളുടെ നിര്‍മ്മിതികള്‍ നമ്മളെ അല്‍ഭുതപ്പെടുത്താറില്ലെ? ഇന്ന് കൊത്തുപണി അതിന്റെ നാലയലത്തുപോലും വരുന്നില്ല.അലീഫ്ജി വാസ്തുവിനെക്കുറിച്ച്‌ താങ്കള്‍ പറഞ്ഞ പോലെ പഠിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്‍നമാകുന്ന ഒന്നാണ്‌ വാസ്തു. അതിന്റെ ലിങ്ക്‌ ജ്യോതിഷത്തിലേക്ക്‌ നീണ്ടുപോകുന്നു. താങ്കള്‍ പരഞ്ഞ പുസ്തകം പുറാത്തിറഞ്ഞ്ഗിയാല്‍ അറിയിക്കുമല്ലോ?

ആവനാഴി ഇത്ര ഉത്തരചുറ്റിനു ഇത്ര മരം ഇത്ര ഉയരം തുടങ്ങിയവ ആശാരിമാര്‍ ഉപയോഗിച്ചിരുന്ന കണക്കിലുണ്ട്‌. അതുകൊണ്ടു തന്നെ ഇന്ന ഇന്ന വിധം വരുന്ന വീടുകള്‍ക്ക്‌ ഇന്ന ഇന്ന തോതില്‍ വേണം മരപ്പണി എന്ന് അവര്‍ക്ക്‌ കണക്കു കൂട്ടാം.
പിന്നെ താങ്കള്‍ അവസാനം പറഞ്ഞ കാര്യങ്ങള്‍ കൊള്‍ലാം പക്ഷെ ഈ വിവരങ്ങള്‍ ശേഖരിക്കുക പ്രയാസം ഉള്ള കാര്യമാണ്‌.

E-pathram

ePathram.com