Wednesday, April 04, 2007

ലാറിബേക്കര്‍

1917 മാര്‍ച്ച്‌ രണ്ടിനു ഇംഗ്ലണ്ടിലെ ബര്‍മിങ്ന്‍ഘാമിലെ ഒരു ഇടത്തരം കുടുമ്പത്തിലായിരുന്നു ലോകപ്രശസ്ത വാസ്തുശില്‍പ്പിയായ ലാറിബെക്കറെന്ന ലോറന്‍സ്‌ വില്‍ഫ്രഡ്‌ ബേക്കറുടെ ജനനം.ആര്‍ക്കിടെക്ചറില്‍ ഉപരിപഠനം കഴിഞ്ഞ്‌ പിന്നീട്‌ അദ്ദേഹം റോയല്‍ ഇന്‍സ്റ്റിറ്റ്‌യൂട്‌ ഒഫ്‌ ആര്‍ക്കിടെചറില്‍ അംഗമായി.രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌ നിര്‍ബന്ധിത സൈനീക സേവനത്തിന്റെ ഭാഗമായി അദ്ദേഹം ചൈനയില്‍ എത്തി.യുദ്ധത്തില്‍ മുറിവേറ്റവരെ പരിചരിക്കുന്ന സംഘത്തിലെ അംഗമായി അദ്ധേഹം അവിടെ സേവനം അനുഷ്ഠിച്ചു.


മടക്കയാത്രയില്‍ ഇന്ത്യയില്‍ എത്തിയ ബേക്കര്‍ ബോംബെയില്‍ വെച്ച്‌ ഗാന്ധിജിയെ കണ്ടുമുട്ടുവാന്‍ ഇടയായി. ഗാന്ധിജിയുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ബേക്കാര്‍ വല്ലാതെ ആകൃഷ്ടനായി.ഗാന്ധിജിയുടെ ഉപദേശപ്രകാരം 1945-ല്‍ ബേക്കര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി.കുഷ്ഠരോഗികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍പങ്കെടുത്ത ബേക്കര്‍ അവര്‍ക്കായി ആശുപത്രികളും താമസസൗകര്യങ്ങളും നിര്‍മ്മിക്കുന്നതില്‍ വ്യാപൃതനായി.തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയില്‍ പില്‍ക്കലത്ത്‌ തന്റെ ഭാര്യയായ മലയാളിയായ ഡോ.എലിസബത്തിനെ പരിചയപ്പെടുവാന്‍ ഇടയായി.1948-63 കാലഘട്ടത്തില്‍ യുപിയിലെ പിത്തോള്‍ഗഡിലെ സാധാരണക്കാര്‍ക്കിടയില്‍ ബേക്കര്‍ ദമ്പതികള്‍ തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.


1963-ല്‍ ഇവര്‍ കേരളത്തില്‍ എത്തി.1970-ല്‍ ബേക്കറും കുടുമ്പവും തിരുവനന്തപുരത്ത്‌ താമസമാക്കി.പിന്നീട്‌ ബേക്കര്‍ സ്റ്റെയില്‍ എന്ന് പ്രസിദ്ധിനേടിയ ചിലവുകുറഞ്ഞ നിര്‍മ്മാണരീതിയിലുള്ള കെട്ടിട നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ബേക്കര്‍ വളരെ പെട്ടെന്ന് തന്നെ തന്റെ കര്‍മ്മമണ്ടലത്തില്‍ വ്യക്തിമുദ്രപതിപ്പിച്ചു.സി.അച്യുതമേനോന്‍ എന്ന ക്രാന്തദര്‍ശിയായ മുന്‍ മുഖ്യമന്ത്രി ബേക്കറുടെ നിര്‍മ്മാണശൈലിയില്‍ ആകൃഷ്ടനായി.അദ്ദേഹത്തിന്റെ പിന്തുണയോടെ 1985-ല്‍ കോസ്റ്റ്‌ഫോര്‍ഡ്‌ രൂപീകരീച്ചു.കേരളത്തിന്റെ വാസ്തുവിദ്യാരംഗത്തെ ചരിത്രപരമായ ഒരു കാല്‍വെപ്പായിരുന്നു ഇത്‌.സ്വന്തമായി വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തെ യാദാര്‍ഥ്യത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തുവാന്‍ ബേക്കറെന്ന അമരക്കാരനിലൂടെ കോസ്റ്റ്‌ഫോര്‍ഡിനു കഴിഞ്ഞു.

നിരവധി കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ച ബേക്കര്‍ പല സംരംഭങ്ങളുടേയും സ്ഥാപനങ്ങളുടേയും ഉപദേശകനായും പ്രവര്‍ത്തിച്ചു.1981-ല്‍ നെതര്‍ലാന്റിലെ റോയല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡിലിറ്റും 1992-ല്‍ ഐക്യരാഷ്ട്രസഭ ഹാബിറ്റാറ്റ്‌ പുരസ്ക്കാരം തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധിപുരസ്ക്കാരങ്ങള്‍ ബേക്കറെ തേടിയെത്തി.1989-ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച അദ്ദേഹത്തെ 1990-ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.2007-ഏപ്രില്‍ 1നു രാവിലെ 7.30നു തിരുവനന്തപുരത്തെ സ്വവസതിയായ ഹാംലറ്റില്‍ വെച്ച്‌ അന്തരിച്ചു.

മക്കള്‍: വിദ്യാ രാധാകൃഷ്ണന്‍,തിലക്‌ ബേക്കര്‍,ഹൈഡി ബേക്കര്‍.

6 comments:

paarppidam said...

പാര്‍പ്പിടത്തില്‍ ഒരു പോസ്റ്റുണ്ടേ!
പ്രശസ്ത വാസ്തുശില്‍പ്പിയായിരുന്ന ലാറിബേക്കറെ കുറിച്ച്‌ ഒരു ലഘുകുറിപ്പ്‌.സമയക്കുറവിനാല്‍ അദ്ദേഹത്തെക്കുറിച്ച്‌ വിശദമായി എഴുതുവാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. മഹാനായ ആ വാസ്തുശില്‍പ്പിക്ക്‌ ആദരാഞ്ജലികള്‍.

asanghadita said...

അവസരോചിതമായി ഈ കുറിപ്പ്. എങ്കിലും ‘ഡാഡി’യുടെ വ്യക്തിത്വത്തിന്റ്റ്റെ ലളിതവും അനുകരണീയവുമായ വലിയൊരു തലം മറഞ്ഞുതന്നെ കിടക്കുന്നു. പ്രസക്തമായ പലതും പ്രശസ്തമാവുന്നില്ലല്ലൊ. കുമാറിനു നന്ദി.

അസംഘടിത

ശാലിനി said...

ലാറി ബേക്കറെകുറിച്ചുള്ള പല പോസ്റ്റുകളും കണ്ടു. ഒന്നിലും കമന്റിടാന്‍ പറ്റുന്നില്ല.

എനിക്കുമിഷ്ടമായിരുന്നു ആ ശില്പിയേയും മനുഷനേയും.

കുമാറല്ലേ, ആ കോഫീഹൌസിനെകുറിച്ച് എഴുതിയത്, അവിടേയും കമന്റിടാന്‍ പറ്റുന്നില്ല. ആ കോഫീഹൌസ് എന്നുമെന്റെയൊരു വിസ്മയമായിരുന്നു. തിരുവനന്തപുരത്തുപോയപ്പോഴൊക്കെ അവിടെനിന്ന് ഒരു കാപ്പിയെങ്കിലും കുടിക്കാതിരുന്നിട്ടില്ല.

അസംഘടിതാ, അദ്ദേഹത്തെ കുറിച്ച് എഴുതൂ, ഞങ്ങളും കൂടുതല്‍ അറിയട്ടെ ആ വ്യക്തിത്വത്തെ.

Raghavan P K said...

അദ്ദേഹത്തെക്കുറിച്ച്‌ വിശദമായി മാതൃഭൂമിയുടെ ഈ ലിങ്കില്‍ കാണാം.
http://www.mathrubhumi.com/php/showSpecial.php?spid=12417&Farc=

paarppidam said...

ബേക്കര്‍ജിയെക്കുറിച്ച്‌ നല്ല ഒരു കുറിപ്പെഴുതുവാന്‍ ആഗ്രഹിക്കാഞ്ഞിട്ടല്ല, എന്റെ പരിമിതമായ ഭാഷാ സ്വാധീനം അതിനു സാധിക്കുമോ എന്ന് സംശയമാണ്‌.. അദ്ദേഹത്തിന്റെ ഡിസൈനുകള്‍ എന്നും കൗതുകത്തോടെ നോക്കിനിന്നിട്ടുള്ള ഒരു വ്യക്തിയാണ്‌ ഞാന്‍. ആധുനിക സൗകര്യങ്ങള്‍ എന്ന് കരുതുന്നവയുടെ പുറകില്‍ മര്‍ല്‍സരിച്ച്‌ പായുന്ന മലയാളി തിരിച്ചറിയാതെ പോകുന്ന പലകാര്യങ്ങളെകുറിച്ചും വളരെ വാചാലമായി സംസാരിക്കുന്നവയാണ്‌ ബേക്കര്‍ നിര്‍മ്മിതികള്‍. ലളിതവും സൗകര്യപ്രധവുമായ വീടുകള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനുള്ള അസാധാരണ പാടവം പറഞ്ഞറിയിക്കുവാന്‍ പറ്റില്ല.

അദ്ദേഹത്തിന്റെ ശിഷ്യന്മാരും കേരളീയസമൂഹവും ആ മഹാന്‍ തുറന്നുതന്ന പാതയിലൂടെ മുന്നേറിയാല്‍ പ്രകൃതിചൂഷണം ഒരു പരിധിവരെയെങ്കിലും നമുക്ക്‌ നിയന്ത്രിക്കുവാന്‍ കഴിയും.
കമന്റിട്ട സുഹൃത്തുക്കള്‍ക്ക്‌ നന്ദി.
s.kumar

അലിഫ് /alif said...

കുമാര്‍, നല്ല കുറിപ്പ്. അസംഘടിത പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരി തന്നെയാണ്. അദ്ദേഹത്തോട് നേരിട്ട് ഇടപെട്ടിട്ടുള്ളവര്‍ക്ക് ബോധ്യമായിട്ടുള്ള ജീവിതലാളിത്യവും ഒക്കെ മിക്ക കുറിപ്പുകളിലും കാണാനാകില്ല, ഒരു പക്ഷേ അത് വാക്കുകള്‍ കൊണ്ട് വരച്ച് കാണിക്കുവാന്‍ തന്നെ കഴിയാത്തത് കൊണ്ടാവും.
ശാലിനി, ഈ കോഫീ ഹൌസ് കെട്ടിടം പൊളിക്കുന്നതിന് ഒരിക്കല്‍ നഗരസഭ തീരുമാനിച്ചതാണ്. പക്ഷേ അന്ന് ശക്തമായ എതിര്‍പ്പ് മൂലം ഉപേക്ഷിച്ചു. ആ സമരത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് എന്നേപോലുള്ളവരുടെ ഭാഗ്യവുമാണ്. (അന്ന് മാനോരമ എല്ലാ ദിവസവും ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുമായിരുന്നു, അവരുടെ ലോക്കല്‍ പേജില്‍, അതില്‍ ഉള്‍പ്പെടുത്തിയിരുന്ന രേഖാ ചിത്രം എന്‍റേതായിരുന്നു എന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു..)
ബേക്കര്‍ജി യോടുള്ള എന്‍റെ ആദരവും ഓര്‍മ്മയും ഇവിടെ

E-pathram

ePathram.com