Tuesday, February 13, 2007

റിയല്‍ എസ്റ്റേറ്റും പ്രവാസികളും

റിയല്‍ എസ്റ്റേറ്റും പ്രവാസികളും പ്രവാസികളെ സംബന്ധിച്ചേടത്തോളം നാട്ടില്‍ ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ എന്നത്‌ എന്നും ഒരു സ്വപ്നമാണ്‌. ജോലിയുടെ അരക്ഷിതാവസ്ഥ അവനെ നിക്ഷേപങ്ങളെ കുറിച്ച്‌ ഗൗരവപൂര്‍വ്വം ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ബാങ്കുകളില്‍ നിന്നും നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക്‌ ആകര്‍ഷകമല്ലെന്ന് തോന്നിയതിനാല്‍ പലരും ഷെയര്‍ മാര്‍ക്കറ്റിലും,മ്യൂച്വല്‍ ഫണ്ടുകളിലും, റിയല്‍ എസ്റ്റേറ്റിലും നിക്ഷേപങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ഷയര്‍ മാര്‍ക്കറ്റിന്റെ ഒരു "റിസ്ക്ക്‌" കണക്കിലാക്കുമ്പോള്‍ അതിനെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാത്തവര്‍ അതില്‍ വലിയ താല്‍പര്യം എടുക്കാന്‍ നില്‍ക്കില്ല. ഇത്തരം ആളുകള്‍ മറ്റു രംഗങ്ങളെ കുറിച്ച്‌ ആലോചിക്കുവാന്‍ തുടങ്ങി.ഇന്നത്തെ സാഹചര്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ്‌ കേരളത്തില്‍ വ്യവസായരംഗത്ത്‌ നിക്ഷേപം നടത്തുന്നതുവാന്‍ സാമാന്യ ബോധമുള്ള ആരും തുനിയില്ല.

പ്രവാസി മലയാളിയെ സംബന്ധിച്ചേടത്തോളം ഒരു നിഷേപങ്ങള്‍ എന്നും ഒരു ആവേശമാണ്‌.അതിനായി അവര്‍ കൂടുതല്‍ ലാഭസാധ്യതയുള്ള പുതിയ രംഗങ്ങളെ എന്നും അന്വേഷിച്ചുകൊണ്ടിരിക്കും. ഈ അവസരം മുതലെടുത്തുകൊണ്ട്‌ പല "തട്ടിപ്പ്‌ സംരംഭങ്ങളും" പരസ്യകോലാഹലങ്ങളൂടേയും വന്‍ പ്രചരണകോലാഹലങ്ങളൂടേയും അകമ്പടിയോടെ കടന്നുവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തേക്ക്‌ ആട്‌ മാഞ്ചിയം,എണ്ണപ്പന തുടങ്ങി ജനകീയ സിനിമാ നിര്‍മ്മാണം തുടങ്ങി വ്യത്യസ്ഥ സ്കീമുകള്‍. നിങ്ങള്‍ ഒരു യൂണിട്‌ ഒരു നിശ്ചിത തുക മുടക്കി എടുക്കുമ്പോള്‍ പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവര്‍ ലക്ഷങ്ങള്‍ തിരികെ തരും എന്നുള്ള മനം മയക്കുന്ന പരസ്യവാചകങ്ങള്‍ മാര്‍ക്കറ്റിങ്ങിനായി വാക്ചാതുര്യമുള്ള ആളുകള്‍ കൂടാതെ ചില പ്രശസ്തരുടെ "ഉറപ്പുകള്‍". ഇത്തരം സംരംഭങ്ങളില്‍ വന്‍ നിക്ഷേപം നടത്തുകയും ഒടുവില്‍ പണം നഷ്ടപ്പെടുകയും ചെയ്തവരില്‍ ഭൂരിപക്ഷവും പ്രവാസികള്‍ ആയിരുന്നു.ഇത്തരം തട്ടിപ്പുകാരുടെ പ്രധാനലക്ഷ്യം എന്നും പ്രവാസികള്‍ തന്നെയായിരുന്നു.

ഇന്നിതാ പ്രവാസികള്‍ക്കു മുമ്പില്‍ മറ്റൊരു ചൂണ്ടല്‍ റിയല്‍ എസ്റ്റേറ്റ്‌ എന്ന ഇരയെകുത്തി വിരുതന്മാര്‍ നീട്ടിയെറിയാന്‍ തുടങ്ങിയിരിക്കുന്നു. ചിലരെങ്കിലും ഇത്തരം ചൂണ്ടകള്‍ വിഴുങ്ങിക്കഴിഞ്ഞു.കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി പോളുള്ള പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ തുടങ്ങിയതോടെ അവിടെ റിയല്‍ എസ്റ്റേറ്റ്‌ രംഗം വന്‍ കുതിപ്പാണ്‌ നടത്തിയത്‌. ഇതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലെ കൊച്ചുപട്ടണങ്ങളിലും റിയല്‍ എസ്റ്റേറ്റ്‌ രംഗം കുതിക്കുവാന്‍ തുടങ്ങി. ഒന്നുരണ്ടുവര്‍ഷം മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങായി ഭൂമിയുടെ വില.ഇത്‌ പലര്‍ക്കും ഈ രംഗത്ത്‌ നിഷേപങ്ങള്‍ നടത്തുവാന്‍ പ്രചോദനമായി.കേരളത്തിലെ പല പ്രധാന നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ചിലര്‍ വന്തോതില്‍ ഭൂമിവാങ്ങിക്കൂട്ടുകയും തുടര്‍ന്ന് പ്ലോട്ടുകളായിതിരിച്‌ അതിനു അവര്‍ പലമടങ്ങ്‌ വില നിശ്ചയിക്കുകയും ചെയ്യുന്നു. ഭൂമിവില ഇനിയും വന്‍ തോതില്‍ ഉയരും എന്നതിനാല്‍ പലരും അവര്‍ പറയുന്ന മോഹവിലക്ക്‌ ഭൂമി കൈക്കലാക്കുന്നു. ഇന്നിപ്പോള്‍ കേരളത്തിനു പുറത്തും ഇത്തരം പ്ലോട്ടുകള്‍ക്ക്‌ വന്‍ ഡിമാന്റായി മാറിയിരിക്കുന്നു.പലതിനും യദാര്‍ത്ഥവിലയേക്കാള്‍ പതിന്മടങ്ങ്‌ വിലയാണ്‌ ഇതേകുറിച്ച്‌ ധാരണയില്ലാത്തവരില്‍ നിന്നും ഇത്തരക്കാര്‍ ഈടാക്കുന്നത്‌.ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ അവരുടെ ഭൂമിസംബന്ധമായ ഡോക്യുമെന്റുകളും നിബന്ധനകളും കൃത്യമായി പരിശോധിച്ച്‌ മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.വ്യവഹാരങ്ങളില്‍ പെട്ട്‌ ഭൂമിയാണോ, ഇതിനുമേല്‍ എന്തെങ്കിലു തരത്തിലുള്ള ലോണുകള്‍ ഉണ്ടോ അല്ലെങ്കില്‍ കൂട്ടുകുടുമ്പ സ്വത്താണെങ്കില്‍ എല്ലാ അവകാശികളുടേയും അനുമതിപത്രം വാങ്ങിയിട്ടുണ്ടോ തുടങ്ങിയ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്‌. വിദഗദനായ ഒരു ഡോക്യുമന്റ്‌ റൈറ്ററെക്കൊണ്ടോ അല്ലെങ്കില്‍ ഒരു അഭിഭാഷകനെക്കൊണ്ടോ പരിശോധിച്ച്‌ തട്ടിപ്പുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം നിങ്ങളുടെ നിക്ഷേപങ്ങള്‍ "തേക്ക്‌ മാഞ്ചിയം" സ്കീം പോലെ ഒരു നാള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോളേക്കും വൈകിയിരിക്കും.

ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ബാങ്കില്‍ പണയം വെച്ച ഭൂമി വാങ്ങുമ്പോഴാണ്‌. വാങ്ങുന്ന വ്യക്തി ലോണ്‍ അടച്ചുതീര്‍ത്ത്‌ ബധ്യത തീര്‍ത്ത്‌ ആധാരം എടുത്ത്‌ ഉടമസ്ഥനു നല്‍കുകയും തുടര്‍ന്ന് ഉടമസ്ഥന്‍ സ്ഥലം വാങ്ങാന്‍ പണം നല്‍കിയ വ്യക്തിയുടെ പെരില്‍ റെജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത്‌ വഞ്ചിതരായ പ്രവാസികള്‍ നിരവധിയാണ്‌.

കേരളത്തിനു പുറത്ത്‌ ചെറിയ പ്ലോട്ടുകളും വന്‍ തൊട്ടങ്ങളും വാങ്ങുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്‌.അന്യ സംസ്ഥാനങ്ങളില്‍ നിഷേപം നടത്തുമ്പോള്‍ അവിടെ അത്‌ സുരക്ഷിതമാണോ എന്നകാര്യം കൂടെ പരിഗണിക്കെണ്ടതുണ്ട്‌. ഭൂമി വെട്ടിപ്പിടിക്കല്‍ എന്ന് നാട്ടിന്‍ പുറങ്ങളില്‍ പണ്ടു പറയാറുള്ള സംഗതി ഇവിടങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്‌. തുടര്‍ന്ന് കേസും മറ്റും ആകുമ്പോള്‍ അത്‌ കൈകാര്യം ചെയ്യുവാന്‍ പലപ്പോഴും പ്രവാസികള്‍ക്ക്‌ ബുദ്ധിമുട്ടാകും സമയനഷ്ടവും ധനനഷ്ടവും കൂടാതെ മനസ്സമാധാനവും ഇല്ലാതാകും.

തീച്ചയായും റിയല്‍ എസ്റ്റേറ്റ്‌ മോശപ്പെട്ട നിക്ഷേപം അല്ല. ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക്‌ ധാരാളം ലോണുകളും നല്‍കുന്നുണ്ട്‌. നമ്മുടെ വരുമാനത്തേയും തിരിച്ചടക്കാനുള്ള ശേഷിയേയും കൂടെ കണക്കിലെടുത്ത്‌ മാത്രം നിഷേപങ്ങള്‍ നടത്തുക. ഇല്ലെങ്കില്‍ ലോണടക്കുവാനുള്ള തത്രപ്പടില്‍ നമ്മുടെ ജീവിതത്തിലെ സ്വസ്തതയും സമാധാനവും നഷ്ടമാകും.സൂക്ഷിക്കുക നിങ്ങള്‍ റിയല്‍ എസ്റ്റേറ്റില്‍ കാലെടുത്തുവെക്കുന്നതിനു മുമ്പ്‌ ഒരുവട്ടം കൂടെ ചിന്തിക്കുക. ചതിക്കുഴികള്‍ ഒത്തിരിയുണ്ട്‌!

തുടരും

8 comments:

paarppidam said...

നിക്ഷേപസാധ്യതകള്‍ക്കായി പരക്കം പായുന്ന പ്രവസികളേ ഇതാ നിങ്ങള്‍ക്കായി പാര്‍പ്പിടത്തില്‍ ഒരു പോസ്റ്റ്‌.

Anonymous said...

താങ്കളുടെ ലേഖനം വായിച്ചാല്‍ പ്രവാസികള്‍ മൊത്തം മന്തബുദ്ധികളാണെന്ന് തോന്നും. പ്രവാസികള്‍ അത്രവലിയ ബുദ്ധിയില്ലാത്തവര്‍ ഒന്നും അല്ല സുഹ്ര്‍ത്തെ. റിയല്‍ എസ്റ്റേറ്റ്‌ അത്ര മോശം ബിസിനസ്സുമല്ല.

ഭൂമി ഉണങ്ങിപ്പോകില്ല എന്ന് ചിന്തിക്കുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലും താങ്കള്‍ക്കില്ലതെ പോയതില്‍ സഹതപിക്കുന്നു. ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ എഴുതാതിരിക്കുക.

ഒരു വായനക്കാരന്‍

paarppidam said...

പ്രവാസികള്‍ മന്ദ:ബുദ്ധികളാണെന്നോരു ധ്വനി ഈപോസ്റ്റില്‍ ഒരിടത്തും ഇല്ല. ഒരു പക്ഷെ താങ്കള്‍ തെറ്റിദ്ധരിച്ചതാകാം. ഈ പോസ്റ്റിലൂടെ ഞാന്‍ ശ്രമിക്കുന്നത്‌ പ്രവാസികള്‍ വഞ്ചിതരാകരുത്‌ എന്ന ഒരു മുന്നറിയിപ്പ്‌ കൊടുക്കാന്‍ മാത്രമാണ്‌.മാത്രമല്ല ചില സുഹൃത്തുക്കള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതുകൊണ്ടുമാണ്‌ ഇത്തരം ഒരു പോസ്റ്റിട്ടതും.

പ്രവാസികള്‍ക്ക്‌ ഒരുപാട്‌ പരിമിതികള്‍ ഉണ്ട്‌. ലീവിന്റെ കാര്യത്തിലായാലും ജോലി സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും. പല വിധ തട്ടിപ്പ്‌ സംരംഭങ്ങളിലും ഏറ്റവും അധികം കുടുങ്ങുന്നത്‌ പ്രവാസികളാണെന്ന സത്യത്തെ മുന്‍ നിര്‍ത്തിയാണ്‌ ഇത്തരം ഒരു പോസ്റ്റ്‌ ഇടുവാന്‍ കാരണം. നിരവധി തട്ടിപ്പു സംരംഭങ്ങള്‍ വരികയും പെട്ടെന്നുതന്നെ അവര്‍ കോടികള്‍ തട്ടിച്ചു മുങ്ങുകയും ചെയ്തുവെന്ന വാര്‍ത്തകള്‍ നാം കണ്ടുമടുത്തതാണ്‌.

"താന്‍ പാതി ആര്‍ത്തിപാതി" ആട്‌ മാഞ്ചിയം തേക്ക്‌ ജനകീയ സിനിമാനിര്‍മ്മാണം പോലുള്ള സംഗതികള്‍ നടന്നതും നമ്മുടെ കേരളത്തില്‍ തന്നെയല്ലെ? വര്‍ഷത്തില്‍ ഇത്രസിനിമ നിര്‍മ്മിക്കും ഇത്ര സിനിമ വിതരണത്തിനെടുക്കും നിങ്ങളുടെ തൊട്ടടുത്ത തീയേറ്റരില്‍ പോയാല്‍ ലാഭവിഹിതം വര്‍ദ്ധിക്കുന്നതുകാണാം തുടങ്ങിയ അവകാശവാദങ്ങളുമായി വന്നവരുടെ എത്ര സിനിമകള്‍ വന്നു? എത്രപേര്‍ക്ക്‌ അതിന്റെ ലാഭം കിട്ടി?

ഒരു പ്രവാസിയായ എനിക്ക്‌ മറ്റു പ്രവാസികളോട്‌ തീര്‍ച്ചയായും ബഹുമാനവും തികഞ്ഞ മതിപ്പുമാണുള്ളത്‌. കേരളം പട്ടിണികിടക്കാതെ നിന്നുപോകുന്നതില്‍ പ്രധാന പങ്ക്‌ പ്രവാസികള്‍ ഈ പൊരിവെയിലില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന ഗള്‍ഫ്‌ പണത്തിന്‌ കാര്യമായ പങ്കാണുള്ളത്‌. നാട്ടില്‍ രാഷ്ടീയക്കാരും ബന്ധുക്കളും ഇടനിലക്കാരും വിദ്യാഭ്യാസകച്ചവടക്കാരും റിയല്‍ എസ്റ്റേറ്റുകാരും എല്ലാം ഭംഗിയായി ചൂഷണം ചെയ്യുന്നത്‌ ഗള്‍ഫുകാരെതന്നെയാണ്‌. നിവൃത്തികേടുകൊണ്ട്‌ അവര്‍ നിന്നുകൊടുക്കുന്നൂന്നെയുള്ളൂ.

ഒരു നല്ല ഉദ്ദേശ്യത്തോടെ നടത്തിയ ഈ ശ്രമത്തിനു പുറകിലെ ഉദ്ദേശശുദ്ധിയെ തെറ്റിദ്ധരിക്കരുതെന്നും അതുപോലെ ഇത്തരം പരാമര്‍ശങ്ങളിലൂടെ പോസ്റ്റുകള്‍ക്ക്‌ അനാവശ്യമായ അര്‍ഥതലം നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

Anonymous said...

ഇതിനു മാത്രം എഴുതുവാന്‍ ഒന്നും ഇല്ല സുഹ്ര്‍ത്തെ പോസ്റ്റുവായിച്ചപ്പ്പ്പോള്‍ എനിക്ക്‌ തോന്നിയ ഒരു സംഗതി എഴുതിയെന്നുമാത്രം.താങ്കളുടെ വികാരം മനസ്സിലാക്കുന്നു. അതുപോലെ താങ്കളുടെ ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. അതേ വായനക്കാരന്‍

കെവിന്‍ & സിജി said...

പേരു വെയ്ക്കാതെ ബല്യ കാര്യങ്ങള്‍ എഴുതിയിട്ടു പോയ ഈ മന്ദബുദ്ധി ഏതാ?

Anonymous said...

ഫ്ലാറ്റുകള്‍ക്ക്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയനികുതിയെകുറിച്ചും അതിന്റെ വിശദമായ വിവരങ്ങളെകുറിച്ചും മലയാള മനോരമ എഴുതിയതു വായിച്ചിരിക്കുമല്ലോ? ഫ്ലാറ്റുവാങ്ങി മറിച്ചുവില്‍ക്കുന്നവര്‍കൂടെ ശ്രദ്ധിക്കുവാനാണിത്‌ കുറിക്കുന്നത്‌.

Anonymous said...

athinte link idamo ?

Anonymous said...

http://www.blogger.com/profile/04680692609699211210
ingane oru blog illallo ??

E-pathram

ePathram.com