Saturday, February 03, 2007

പ്ലാന്‍ -71028 ചതുരശ്ര അടി ( മീറ്റര്‍സ്ക്വയറില്‍ ആണ്‌ ഔദ്യോഗികമായി ഇപ്പോള്‍ ഏരിയ കണക്കാക്കുന്നത്‌, അതുപ്രകാരം 95.6 ചതുരശ്രമീറ്റര്‍) വലിപ്പമുള്ള ഒരു വീടിന്റെ പ്ലാനാണിത്‌.ആര്‍ഭാടങ്ങളില്ലാതെ ലളിതമായ രീതിയില്‍ പണിയുകയാണെങ്കില്‍ അഞ്ചരലക്ഷം മുതല്‍ ആറുലക്ഷം വരെ ചിലവു പ്രതീക്ഷിക്കാം ഈ വീടിനു. ചിലവുകുറഞ്ഞ രീതികള്‍ അവലംബിച്ച്‌ നിര്‍മ്മിക്കുകയാണെങ്കില്‍ ഇതിലും കുറഞ്ഞ തുകക്ക്‌ വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയും.കിച്ചണില്‍ അനാവശ്യമായി ഷെല്‍ഫുകള്‍ നല്‍കുന്നത്‌ ഇന്ന് ഒരു ഫാഷനായിട്ടുണ്ട്‌ ഇത്‌ ആവശ്യത്തിനു മാത്രം നല്‍കി വര്‍ക്കിങ്ങ്‌ സ്ലാബിനു താഴെയുള്ള ഭാഗം പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. അനാവശ്യമായ കാബിനെറ്റുകള്‍ സാമ്പത്തിക ചിലവ്‌ വര്‍ദ്ധിപ്പിക്കുക മാത്രമല്ല കിച്ചണിന്റെ സൗകര്യങ്ങളെ കുറക്കുകകൂടിയാണ്‌ ചെയ്യുക.

സ്റ്റെയര്‍കേസിന്റെ അടിഭാഗം ബേഡ്രൂമിലേക്ക്‌ തുറക്കാവുന്നവിധം കബോഡുകള്‍ നല്‍കി വസ്ത്രങ്ങള്‍ സൂക്ഷിക്കുവാന്‍ ഉള്ള സൗകര്യം ഒരുക്കാം.പഴയപത്രക്കടലാസും മറ്റു വേസ്റ്റുകളും ഇട്ട്‌ പൊടിപിടിച്ചുകിടക്കുന്ന ഒരു ഇടമായി മാറ്റാതെ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ബാത്രൂമില്‍ വെറ്റ്‌ ഏരിയായും ഡ്രൈ ഏരിയായും ആയി തിരിച്ചാല്‍ നന്നായിരിക്കും. ഷവര്‍ കൊടുക്കുന്ന ഏരിയാ അല്‍പ്പം താഴ്ത്തിക്കൊടുക്കുക.ബാത്രൂമിലെ ഫ്ലോര്‍ ടെയിലുകള്‍ ഗുണനിലവാരം ഉള്ളതും ഉപയോഗിക്കുന്നവര്‍ തെന്നിവീഴുവാന്‍ സാധ്യതകുറവുള്ള ആന്റി സ്കിഡ്‌ ടെയിലുകള്‍ തിരഞ്ഞെടുക്കണം. വെള്ളം കെട്ടിനില്‍ക്കാതെ കൃത്യമായി ഒഴുകിപ്പോകുവാന്‍ സഹായകമായ രീതിയില്‍ ആവശ്യമായ സ്ലോപ്പ്‌ നല്‍കുവാനും ശ്രദ്ധിക്കുക. ഒരു ഷവര്‍ കര്‍ട്ടന്‍ കൂടെ ഫിക്സ്‌ ചെയ്താല്‍ വെള്ളം ഡ്രൈ ഏരിയായിലേക്ക്‌ വരുന്നതു തടയാം.

ലിവിങ്ങും ഡൈനിങ്ങും ഒരുമിച്ചായതിനാലും അവിടത്തെ ഏരിയ കുറവായാതിനാലും അതിനനുസൃതമായ വലിപ്പത്തിലുള്ള ഫര്‍ണ്ണീച്ചറുകള്‍ തിരഞ്ഞെടുക്കുക.

10 comments:

paarppidam said...

പാര്‍പ്പിടത്തില്‍ പുതിയ ഒരു പോസ്റ്റു വന്നിട്ടുണ്ടേ!

kannuran said...

ഇതു നന്നായിട്ടുണ്ട്. ചെറിയ കുടുംബത്തിനു തികച്ചും അനുയോജ്യം. വിവരണവും ഉപകാരപ്രദം തന്നെ.

കുട്ടന്മേനൊന്‍::KM said...

പാര്‍പ്പിടമേ,
അളവുകള്‍ വാസ്തുവില്‍ നോക്കാനുള്ള വല്ല സോഫ്റ്റ്വെയറുമുണ്ടെങ്കില്‍ അയച്ചു തരാമോ ?
qw_er_ty

paarppidam said...

തീര്‍ച്ചയായും വാസ്തുകണക്കുകള്‍ കണക്കാക്കാന്‍ എക്സലിലില്‍ ഒരു സംഗതി ഉണ്ടാക്കീട്ടുണ്ട്‌ അതു എങ്ങിനെ ബ്ലോഗ്ഗിലിടും എന്ന് വല്ലപുലികളും പറഞ്ഞുതന്നാല്‍ ഞാന്‍ പ്രസിദ്ധീകരിക്കാം.എസ്റ്റിമേറ്റും വാസ്തുവും ഒക്കെ ഉള്‍പ്പെടുത്തി ഒരു സോഫ്റ്റ്‌ വെയര്‍ പണിപ്പുരയിലാണ്‌.


എന്റെ മേനോന്‍ ചേട്ടോ ഈ തൃശ്ശൂക്കാരനായ എന്നെ ഈ ആനേടെ പടം കാട്ടി കൊതിപ്പിക്കല്ലെ. അവിടെ ഇപ്പോ പൂരങ്ങളുടേ സീസണാ.

ആവനാഴി said...

നല്ല പോസ്റ്റ്. ഒരു ഗൃഹം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വളരെ പ്രയോജനപ്രദം.

paarppidam said...

കിച്ചണില്‍ വിന്റോയുടെ ചുവടെതന്നെ ഗ്യാസ്‌ അടുപ്പ്‌ വെച്ചത്‌ എന്റെ സുഹൃത്തും ഗൃഹപാഠം എന്ന ബ്ലോഗ്ഗിന്റെ ഓണറുമായ അലീഫ്ക്ക കാണണ്ട.
(ഗൃഹപാഠം പാര്‍പ്പിട സംബന്ധിയായ വിഷയം ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യുന്ന ഒരു ബ്ലോഗ്ഗാണ്‌) അവിടെ കാറ്റിന്റെ ശല്യം ഉണ്ടാകുമെന്ന് പുള്ളി പലപ്പോഴും എന്റെ ശ്രദ്ധയില്‍ പെടുത്തുന്ന ഒരുകാര്യമാണ്‌.

അലിഫ് /alif said...

കുമാര്‍,
ഒരു പാട് നാളായി പാര്‍പ്പിടത്തില്‍ ഒരു കമന്‍റിട്ടിട്ട്. അതു പിന്നെ ഇവിടെ വാസ്തു പ്രളയം ആയതിനാലാണെന്ന് കൂട്ടിക്കോളൂ. അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങിനെ കമന്റ്റാണ്. വായിക്കുന്നുണ്ട്, എല്ലാ പോസ്റ്റും.(പിന്നെ ബീറ്റാ വ്യാധിയും..!)

ഇക്കുറി വളരെ ലളിതമായ പ്ലാന്‍ ആണെന്ന് തോന്നി.
എന്നാലും ചില അഭിപ്രായങ്ങള്‍.
1. സിറ്റൌട്ടും മുന്‍‍ഭാഗത്തെ ബെഡ് റൂം ഉള്‍പ്പെടെ കുറച്ച് കൂടി മുന്ഭാഗത്തേക്ക് നീക്കിയാല്‍ രണ്ടാമത്തെ ബെഡിന് ഊണുമുറിയില്‍ നിന്നു തന്നെ കയറുവാന്‍ ഇടമുണ്ടാക്കാം. ഒപ്പം കോണിപ്പടി തിരിക്കുകയും ചെയ്താല്‍ കിടപ്പുമുറി 1 ലേക്ക് സ്വീകരണമുറിയില്‍ നിന്നും കയറുന്നത് ഒഴിവാക്കാം. മാത്രവുമല്ല, പലയിടങ്ങളിലും ഇങ്ങിനെ സ്റ്റെയര്‍കേസും ബെഡ്റൂം വാതിലും കൊടുക്കുന്നത് കിടപ്പുമുറിയിലേക്ക് ഫര്‍ണിച്ചര്‍ മുതലായവ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായി കണ്ടിട്ടുണ്ട്. (ഞാനാദ്യം പറഞ്ഞതനുസരിച്ച് ഈ പ്രശ്നം ഇപ്പോള്‍ ഒന്നാം ബെഡ് റൂമിന് ബാധകമാകുമല്ലേ..!! ഒരഭിപ്രായം പറഞ്ഞതല്ലേ, മാറ്റുന്നില്ല.)
2. അടുക്കളയും യൂട്ടിലിറ്റിയും വളരെ നന്നായി തോന്നി, കുമാര്‍ തന്നെ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഇനി ഞാനായിട്ട് കുറയ്ക്കുന്നതെന്തിനാ. വാസ്തുവൊന്നും നോക്കുന്നില്ലങ്കില്‍ അടുക്കള സിങ്കും, അടുപ്പും പരസ്പരം മാറ്റണമെന്ന് തന്നെയാണെന്‍റെ അഭിപ്രായം. അല്ലെങ്കില്‍ അടുക്കളജനാലയുടെ ഉയരം (സാധാരണ 1 മീറ്റര്‍) കുറച്ച് വീതി കൂട്ടിയാലും മതി (70സെ.മീ x 180 സെ.മീ)ഭംഗിയും ഉപയോഗക്ഷമതയും കൂടും.

ആശംസകള്‍
-അലിഫ്

paarppidam said...

അലീഫ്ജി ഒരു സംശയം ചോദിച്ചോട്ടെ സ്റ്റെയര്‍ മാറ്റിക്കൊടുത്തല്‍ ഇങ്ങേ വശത്ത്‌ വാതില്‍ ഇതുപോലെ തന്നെ കൊടുക്കണ്ടെ? അപ്പോള്‍ ഈ പറയുന്ന തടസ്സം ഉണ്ടാകില്ലെ? അതോ ലിവിങ്ങിനടുത്തുള്ള ബെഡ്രൂമിന്റെ വാതില്‍ ഇതുപോലെ തന്നെ നിലനിര്‍ത്തണോ?

വാസ്തുവിന്റെ കാര്യം പറയാണ്ടിരിക്കാ ബേധം. അതങ്ങിനെ തുടരെ ഇട്ടുവെന്നെ ഉള്ളൂ. സത്യത്തില്‍ വാസ്തുശാസ്ത്രഞ്ജന്മാരുടെ നല്ലകാലമാണിപ്പോള്‍ ഒരുബോര്‍ഡുണ്ടായാല്‍ മതി. അന്യായ ഫീസ്‌ സാങ്കേതിക പഠനത്തിന്റെ യാതൊരു ആവശ്യവും ഇല്ല. കേരളത്തിലെ ജനങ്ങളെ ഇവര്‍ സത്യത്തില്‍ കൊള്ളയടിക്കുകയാ ചെയ്യുന്നത്‌. പല കെട്ടിടങ്ങളുടേയും രൂപം തന്നെ മാറുന്നു, സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നു.

പിന്നെ ഇതിനു തൊട്ടു മുമ്പെ ഇട്ട പോസ്റ്റിനെക്കുറിച്ച്‌ അഭിപ്രായം ഒന്നും കണ്ടില്ല.

അലിഫ് /alif said...

ഞാനാദ്യം പറഞ്ഞതനുസരിച്ച് ഈ പ്രശ്നം ഇപ്പോള്‍ ഒന്നാം ബെഡ് റൂമിന് ബാധകമാകുമല്ലേ..!! ഒരഭിപ്രായം പറഞ്ഞതല്ലേ, മാറ്റുന്നില്ല.
എന്ന് ബ്രാക്കറ്റിലതിന്‍റെ കൂടെയുണ്ട്.ഡിസൈനിംഗില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അത്രേയുള്ളൂ.
കഴിഞ്ഞ പോസ്റ്റിന് കമന്‍റ് ഇട്ടിട്ടുണ്ട്, ഇന്നാണ് അത് കണ്ടത്.
qw_er_ty

paarppidam said...

എങ്ങിനെ ബ്ലോഗ്ഗില്‍ ഒരു എക്സ്റ്റല്‍ ഫയല്‍ ഇടാം എന്ന് അരെങ്കിലും പറഞ്ഞുതന്നാല്‍ നന്നായിരുന്നു.അതായത്‌ നമ്മുടെ മറ്റു സൈറ്റുകള്‍പോലെ ക്ലിക്കുചെയ്താല്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന സംവിധാനം.

E-pathram

ePathram.com