Sunday, January 28, 2007

ഭൂമി പരിസ്ഥിതി കുടുമ്പം.

ഒരു കാലത്ത്‌ വിശാലമായ ഭൂമിയുണ്ടായിരുന്ന നമുക്ക്‌ ഇന്ന് അതൊരു സ്വപനമായി മാറിയിരിക്കുന്നു. ഒരു വീടുവെക്കുവാന്‍ ഭൂമിക്കായി ഇന്ന് കേരളത്തില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഇനി അധവാ ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറായാല്‍ തന്നെ നല്ല ഒരു സ്ഥലം ലഭിക്കുവാനും ബുദ്ധിമുട്ടായിരിക്കുന്നു.വളരെപെട്ടെന്ന് നമ്മുടെ ഭൂമിയുടെ വില കുതിച്ചുയരുകയും അതോടൊപ്പം തന്നെ ലഭ്യമായ ഭൂമിയുടെ സിംഹഭാഗവും ഇന്ന് റിയല്‍ എസ്റ്റേറ്റ്‌ മാഫിയായുടെ കൈകളില്‍ എത്തപ്പെട്ടിരിക്കുന്നു.ഇത്തരക്കാര്‍ നിശ്ചയിക്കുന്ന വില പലപ്പോഴും സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാണ്‌.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ കടന്നുവന്ന റിയല്‍ എസ്റ്റേറ്റ്‌ മാഫിയാക്കാരെ നിയന്ത്രിക്കുവാന്‍ തല്‍ക്കാലം നിര്‍വാഹമില്ലാത്ത അവസ്ഥയിലാണിന്ന് കേരളീയ സമൂഹം.റിയല്‍ എസ്റ്റേറ്റ്‌ മാഫിയാകള്‍ കയ്യടക്കുന്ന ഭൂമിയില്‍ വന്‍ തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അങ്ങിനെ കെട്ടിയുയര്‍ത്തുന്ന സൗധങ്ങള്‍ക്ക്‌ ലക്ഷങ്ങളും കടന്ന് വില കുതിച്ചുകൊണ്ടിരിക്കുന്നു.

ഇനി പരിസ്ഥിതിയുടെ കാര്യമെടുക്കുകയാണെകിലോ കെട്ടിടനിര്‍മ്മാണത്തിനായി ഇന്നു കേരളത്തില്‍ വ്യാപകമായി മലകളും കുന്നുകളും ഇടിച്ചുനിരത്തുന്നു കൃഷിയിടങ്ങള്‍ നികത്തുന്നു. അസംസ്കൃതവസ്തുക്കളായ മണലും കരിങ്കല്ലും ഇഷ്ടികയും ഇന്ന് വന്‍ തോതില്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നു.ഉള്ളവയാകട്ടെ പലപ്പോഴും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.മണലിന്റെ ക്ഷാമം ഇന്ന് മണല്‍ മാഫിയാ എന്നൊരു വിഭാഗത്തിന്റെ ആവിര്‍ഭാവത്തിനു കാരണമാകുകയും ചെയ്തു.വ്യാപകമായ മണലെടുപ്പിന്റെ ഫലമായി നദികള്‍ വറ്റി വരളുവാനും അതിന്റെ ചുറ്റുപാടുകള്‍ ഊഷരമാകുവാനും തുടങ്ങി.

ഇതുകൊണ്ടും തീരുന്നില്ല പ്രശ്നങ്ങള്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളുടെ ആയുസ്സിനു ചില പരിധികള്‍ ഉണ്ട്‌.പത്തിരുപതു വര്‍ഷത്തിനു ശേഷം ഈ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരുമ്പോള്‍ ഇവ എവിടെ കൊണ്ടുപോയി ഉപേക്ഷിക്കും എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു.നശിക്കാതെ കിടക്കുന്ന കോണ്‍ക്രീറ്റ്‌ അവശിഷ്ടങ്ങള്‍ ഭാവിയില്‍ കടുത്ത പാരിസ്തിതിക പ്രശ്നങ്ങള്‍ ആണ്‌ കേരളീയര്‍ക്ക്‌ സമ്മാനിക്കുക. ഇന്നു പൊളിച്ചുനീക്കുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള ഓടും കല്ലും മരവും കൊണ്ടുണ്ടാക്കിയ കുമ്മായം പൂശിയ കെട്ടിടങ്ങള്‍ പാരിസ്തിതിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

മലയാളികള്‍ ഇന്നു നേരിടുന്ന മറ്റൊരു പ്രശ്നം ഒറ്റപ്പെടലിന്റെയാണ്‌.ഒരേസമയം സ്വന്തം വീട്ടില്‍ തന്നെ കുട്ടികളും മാതാപിതാക്കളും ഒറ്റപ്പെടുന്ന വിചിത്രമായ അവസ്ഥ.ന്യൂക്ലിയര്‍ കുടുമ്പത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം താരതമ്യേന കുറവാണ്‌.ആധുനിക ജീവിതം നല്‍കുന്ന ടെന്‍ഷനുകള്‍ മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസത്തിന്റെയും മറ്റും അധികഭാരവും മുന്നേറാനുള്ള മല്‍സരത്വരയും കുട്ടികളിലും കടുത്ത മാനസീക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌.ഇതിനിടയില്‍ ഉണ്ടാകുന്ന "കമ്യൂണിക്കേഷന്‍ ഗ്യാപ്‌" ഇത്‌ കുട്ടികളില്‍ കടുത്ത മാനസീക പ്രശനങ്ങള്‍ക്കും വ്യക്തിത്വവികസനത്തില്‍ അപാകതക്കും ഇടവരുത്തുന്നു.പല കുടുമ്പങ്ങളുടേയും തകര്‍ച്ചക്കു തന്നെ കാരണം സ്വന്തം വീട്ടിലെ ഒറ്റപ്പെടലാണ്‌ നാലുചുവരുകള്‍ക്കുള്ളില്‍ ഒരുമിച്ചുതാമസിക്കുന്നവര്‍ തമ്മില്‍ പലപ്പോഴും മാനസീകമായി ഒരുപാടു ദൂരെയാണ്‌.


ഇത്രയധികം പ്രശ്നങ്ങള്‍ക്ക്‌ കാരണം നമ്മുടെ കൂട്ടുകുടുമ്പ വ്യവസ്ഥതകര്‍ന്നതില്‍ കാര്യമായ ഒരു പങ്കില്ലെ? എന്തുകൊണ്ട്‌ നമുക്ക്‌ ഒരു പുനര്‍ചിന്തനം ആയിക്കൂടാ? ഇനി അധവാ ഒരു വീട്ടില്‍ തന്നെ താമസിക്കുവാന്‍ കഴിയില്ല എങ്കില്‍ ഒരു വീടിനെ തന്നെ താഴത്തെ നിലയില്‍ ഒരു കുടുമ്പവും മേളിലെ നിലയില്‍ മറ്റൊരു കുടുമ്പത്തിനും താമസിക്കാവുന്ന രീതിയില്‍ വീടുകള്‍ നിര്‍മ്മിച്ചുകൂടാ? അല്ലെങ്കില്‍ ഒരു കോമ്മണ്‍ ചുമരിന്റെ അപ്പുറത്തും ഇപ്പുറത്തുമായി വേര്‍തിരിചുകൂടാ. തീര്‍ച്ചയായും രണ്ടുവീടുകള്‍ വെക്കുന്നതിനേക്കാള്‍ ഉചിതം ഇത്തരത്തില്‍ രണ്ടുനിലക്കലിലായി വീടുകള്‍ ഒരുക്കുന്നതായിരിക്കും തന്നെയുമല്ല ഭൂമിയുടെയും പ്രകൃതിവിധവങ്ങളുടേയും അനാവശ്യമായ ഉപയോഗം ചുരുക്കുകയും ചെയ്യാം.സാമ്പത്തികലാഭം എടുത്തുപറയേണ്ട കാര്യമില്ലല്ലോ?
ഇനി അഥവാ ബന്ധുക്കളുടെ കൂടെ താമസിക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ വീടുനിര്‍മ്മിക്കുമ്പോള്‍ മേളിലെ നില വാടകക്ക്‌ കൊടുക്കുവാനുള്ള സാധ്യതയും ഉണ്ട്‌.പ്രത്യേകിച്ച്‌ ലോണെടുത്ത്‌ വീടുപണിയുന്നവര്‍ക്ക്‌ ഇത്‌ ഒരു വരുമാനം കൂടെയാകും.

ലക്ഷങ്ങള്‍ ചിലവാക്കി ഫ്ലാറ്റില്‍ പോയി ഇടുങ്ങിയ ഇടത്ത്‌ ഒത്തിരിനിയന്ത്രണങ്ങള്‍ക്കിടയില്‍ ഒരു പരിചയവും ഇല്ലാത്തവരുമായി ജീവിക്കുന്നതിലും നല്ലതല്ലെ സ്വന്തം സ്ഥലത്ത്‌ തന്നെ എന്നാല്‍ ഒരു പരിധിയിലധികം "സ്വകാര്യതക്ക്‌" വീഴ്ചവരാതെ സ്വന്തക്കാരോടൊപ്പം പരസ്പരം താങ്ങായി താമസിക്കുന്നത്‌. അവരോടൊപ്പം താമസിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതത്വബോധത്തിലേക്ക്‌ നമുക്ക്‌ തിരികെ പോയ്ക്കൂടെ.ഇതിനു ഒരല്‍പം വിട്ടുവീഴ്കാ മനോഭാവം വേണമെന്നുമാത്രം."സ്വകാര്യത" എന്ന വാക്കിനു ഇന്ന് എന്റെ ഭ്യാര്യയും കുഞ്ഞുങ്ങളും എന്നും "വ്യതിസ്വാതന്ത്രം" എന്നതിനു മറ്റാര്‍ക്കും തന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നും മലയാളി നല്‍കിയ നിര്‍വചനമല്ലെ നമ്മുടെ ഇന്നത്തെ അവസ്ഥക്ക്‌ കാരണം.സാമൂഹിക പ്രതിബദ്ധതയും നമ്മില്‍ നിന്നും എങ്ങോ പോയിമറഞ്ഞു. ഒരു പരിധിക്കപ്പുറം മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞുനോക്കാതെ പൊങ്ങച്ചത്തിന്റെ കാപട്യത്തിന്റെ മുഖം മൂടി മാറ്റി വിട്ടുവീഴ്ചകള്‍ക്ക്‌ തയ്യാറായാല്‍ നമുക്ക്‌ ഒത്തിരി നേട്ടങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുക.

Wednesday, January 17, 2007

വാസ്തു- ഉത്തമമായ ഭൂമി.

ഗൃഹനിര്‍മ്മാണത്തിനായി ഭൂമിതിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെകുറിച്ച്‌ വാസ്തുശാസ്ത്രം വിശദമാക്കിയിട്ടുണ്ട്‌.

വൃത്താകൃതിയില്‍ ഉള്ളതോ ഒത്തിരിമൂലകള്‍ അല്ലെങ്കില്‍ ധാരാളം വളവും തിരിവും ഉള്ളതോ മത്സ്യം ആമ ആന എന്നിവയുടെ പുറംഭഗം പോലെ ഇരിക്കുന്നതും ആയ ഭൂമി ഒഴിവാക്കണം എന്നും ചതുരം ദീര്‍ഘചതുരം എന്നിവയാണ്‌ ഗൃഹനിര്‍മ്മാണത്തിനു പറ്റിയതെന്നും ഇതില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ഭൂമി ലഭിക്കുക താരതമ്യേന പ്രയാസമാണ്‌. അങ്ങിനെ വരുമ്പോള്‍ വസ്തുവില്‍ തന്നെ വീടിനു ചുറ്റും മേല്‍പ്പറഞ്ഞ ആകൃതി വരത്തക്ക വിധത്തില്‍ മറ്റൊരു അതിര്‍ത്തി ഇടുകയാണ്‌ പതിവ്‌. ഇതിനായി ചെടികളെ ഉപയോഗിച്ചാല്‍ വീടിന്റെ പരിസരം മനോഹരമാക്കാവുന്നതാണ്‌.

കന്നിമൂല അധവാ തെക്കുപടിഞ്ഞാറുമൂല ഉയര്‍ന്നും വടക്കു കിഴക്ക്‌ ഭാഗം താഴ്‌ന്നും ഇരിക്കുന്ന ഭൂമി ഉത്തമമാണ്‌. ഇതു കണ്ടുപിടിക്കുവാന്‍ വാട്ടര്‍ ലെവല്‍ വെച്ച്‌ പരിശോധിക്കാവുന്നതാണ്‌. ജലത്തിന്റെ ഒഴുക്ക്‌ നോക്കിയും നിശ്ചയിക്കാം.ഇതിനു വിപരീതമായാണ്‌ ഭൂമിയുടെ കിടപ്പെങ്കില്‍ അവിടെ മണ്ണിട്ട്‌ ഉയത്തിയാല്‍ മതിയെന്നും പറയപ്പെടുന്നു.

ഉറപ്പുള്ളതും, കുന്നും കുഴിയും പാറകളും ഇല്ലാത്തതും, ചെടികളും വിത്തുകളും മറ്റും അനായാസം മുളക്കുന്നതും ധാരാളം നീരൊഴുക്കുള്ളതുമായത്‌ ഉത്തമവും. കുഴിക്കുമ്പോള്‍ അസ്ഥി,കരി,എന്നിവയുള്ളതും ദുര്‍ഗ്ഗന്ധം,ഭൂമിക്കടിയില്‍ ഗുഹകള്‍,പുറ്റ്‌,എന്നിവയുള്ളതും വര്‍ജ്ജ്യവുമാണ്‌

ഭൂമിയുടെ ഉറപ്പ്‌ പരിശോധിക്കുവാന്‍ സമ ചതുരാകൃതിയില്‍ ഒരു കുഴിയെടുക്കുക. എന്നിട്ട്‌ 24 മണിക്കൂറിനു ശേഷം ആ മണ്ണ്‍ അതേ കുഴിയില്‍ തിരികെയിടുക. മണ്ണ്‍ ഭാക്കിവരുന്നെങ്കില്‍ അത്‌ ഉത്തമവും.സമനിരപ്പാണെങ്കില്‍ അത്‌ മധ്യമവും ആകുന്നു. മണ്ണ്‍ നിറച്ചിട്ടും കുഴി മൂടാന്‍ കഴിയുന്നില്ലെങ്കില്‍ ആ സ്ഥലം ഗൃഹനിര്‍മ്മാണത്തിന്‌ ഉപയോഗിക്കില്ല.

മറ്റൊന്ന് ഇതുപോലുള്ള കുഴിയില്‍ ഒരു എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ കത്തിച്ച ഒരു വിളക്ക്‌ ഇറക്കിവെക്കുക. എണ്ണ തീരുന്നതിനു മുമ്പെ വളരെപെട്ടെന്ന് ആ വിളക്ക്‌ അണയുകയാണെങ്കില്‍ (കറ്റുകൊണ്ടല്ലാതെ) ആ ഭൂമിയും വര്‍ജ്ജ്യമാണ്‌.

ഇതുകൂടാതെ വയലുകള്‍, ചതുപ്പുനിലങ്ങള്‍,സ്മശാനം,കാവുകള്‍ എന്നിവയിലും ആശ്രമം,ക്ഷേത്രങ്ങള്‍ എന്നിവയുടെ പരിസരങ്ങളിലും ഗൃഹനിര്‍മ്മാണം വര്‍ജ്ജ്യമത്രെ.

Sunday, January 14, 2007

വാസ്തു അളവുകളും എഞ്ചിനീയറിങ്ങ്‌ അളവുകളും.വാസ്തുപ്രകാരം ഉള്ള കണക്കുകള്‍ എങ്ങിന െസെന്റീമീറ്ററില്‍ ആക്കാമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട്‌ ചില സുഹൃത്തുക്കളില്‍ നിന്നും മെയിലുകള്‍ ലഭിക്കുകയുണ്ടായി.പല ഗ്രന്ഥങ്ങളില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ ചേര്‍ത്തുകോണ്ട്‌ വാസ്തു സംബന്ധിയായ കുറിപ്പുകള്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ്‌.സമയക്കുറവുമൂലം അതു നീണ്ടുപോകുന്നതിനാല്‍ തല്‍ക്കാലം മുകളില്‍ പറഞ്ഞ കാര്യത്തിനുള്ള ഒരു പൊസ്റ്റിവിടെ ചേര്‍ക്കുന്നു.

വാസ്തുവിദഗ്ദന്മാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന ഒരു അളവാണ്‌ "കോലും അംഗുലവും". വിവിധ സ്ഥലങ്ങളില്‍ ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും പൊതുവില്‍ അംഗീകരിച്ചിട്ടുള്ള്‌

അത്‌ 1 കോല്‍ = 72 സെന്റീമീറ്റര്‍ എന്നും 1 അംഗുലം എന്നത്‌ 3 സെന്റീമീറ്ററും ആണ്‌. 24 അംഗുലം ഒരു കോല്‍.

സമചതുരാകൃതിയില്‍ 20-8 എന്ന ചുറ്റളവിലുള്ള ഒരു റൂമിന്‌ 5-2 (അഞ്ചുകോല്‍ 2 ആംഗുലം) ആണ്‌ ഒരോ വശത്തിനും ലഭിക്കുക.(5-2+5-2+5-2+5-2). 5-2 എന്ന്ത്‌ 5 മൈനസ്സ്‌ 2 എന്നല്ല വാസ്തുപ്രകാരം നാം മനസ്സിലാക്കേണ്ടത്‌. 5 കോല്‍ 2 അംഗുലം എന്നാണ്‌.

നമ്മള്‍ വാസ്തുപ്രകാരം ഉള്ള ഒരു റൂമിന്റെ രണ്ടുവശങ്ങള്‍ ലഭിക്കുവാന്‍ (വാസ്തു പ്രകാരം ഒരു റൂമിന്റെ ഒരു വശത്തെ നീളവും വീതിയും എടുത്താല്‍ മറ്റു രണ്ടുവശങ്ങള്‍ അതിനു തുല്യ അളവില്‍ തന്നെ ആയിരിക്കണം അതായത്‌ A 5 കോലും B 4 കോലും ആണെങ്കില്‍ Cയും Dയും ഇതേ അളവില്‍ തന്നെ ആയിരിക്കണം ).


ഉദാഹരണമായി ഇതോടൊപ്പം ഒരു 20 കോല്‍ 8 അംഗുലം ചുറ്റളവുള്ള (20-8) ഒരു മുറിയുടെ ചിത്രം കൊടുത്തിരിക്കുന്നു. എങ്കിനെയാണീ അളവിനെ സെന്റീമീറ്ററില്‍ ആക്കുന്നതെന്ന് നോക്കാം.

ആദ്യം 20-8 എന്നതിലെ 20 നെ 2കൊണ്ട്‌ ഹരിക്കാം.
20/2 = 10 കോല്‍
തുടര്‍ന്ന് 8 അംഗുലത്തെ 2 കൊണ്ട്‌ ഹരിക്കാം
8/2 = 4 അംഗുലം
ഇവിടെ ഇപ്പോള്‍ നമുക്ക്‌ 10 കോല്‍ 4 അംഗുലം (10-4) എന്ന ഉത്തരം ലഭിക്കുന്നു.

(1 കോല്‍ 72 സെന്റീ മീറ്റര്‍
1 അംഗുലം 3 സെന്റീമീറ്റര്‍)

10 x 72 = 720 സെന്റീമീറ്റര്‍
4 x 3 = 12 സെന്റീമീറ്റര്‍
ഇവിടെ നമുക്ക്‌ 720+12 = 732 സെന്റീമീറ്റര്‍ എന്ന് ലഭിക്കുന്നു.
ഇതില്‍ നിന്നും മുറിയുടെ ഒരു വശം കുറച്ചാല്‍ അടുത്ത വശം ലഭിക്കും. ഉദാ: 330 എന്ന് കരുതുക അടുത്ത വശം 402 എന്ന് ലഭിക്കും.


ഇനി ചിത്രത്തിലെ 4-14 എന്ന അളവിനെ സെന്റീമീറ്ററില്‍ കണക്കാക്കിയാല്‍ 4 X 72 = 288
14 X 3 = 42 സെന്റീമീറ്റര്‍ ലഭിക്കും.
5-14 എന്നത്‌ 5 X 72 = 360
14 X 3 = 42
ഇതു രണ്ടും കൂട്ടിയാല്‍ 402 സെന്റീമീറ്ററും ലഭിക്കും.

സാധാരണയായി വാസ്തു കണക്ക്കനുസരിച്ച്‌ തയ്യാറാക്കുന്ന പ്ലാനുകളില്‍ പ്രധാന ഭിത്തികള്‍ക്ക്‌ 8 അംഗുലം (24 സെന്റീമീറ്റര്‍) വീതിയാണ്‌ നല്‍കുവാറുള്ളത്‌.ഇതേ രീതി തന്നെയാണ്‌ മൊത്തം ഭവനത്തിന്റെ ചുറ്റളവു കണക്കാക്കനും ഉപയോഗിക്കുന്നത്‌.

ഇനി നിങ്ങള്‍ക്ക്‌ ഇഞ്ചിലാണ്‌ അളവുകള്‍ ലഭിക്കേണ്ടതെങ്കില്‍ അതിനും വഴിയുണ്ട്‌.

1 ഇഞ്ച്‌ = 2.54 സെന്റീമീറ്റര്‍.
1 ഫീറ്റ്‌ = 12 ഇഞ്ച്‌.

കൂടുതല്‍ വിശദമായി വാസ്തു സംബന്ധിച്ചുള്ള വരും പോസ്റ്റുകളില്‍.


ഗൂഗിളിന്റെ പുതിയസംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ കമന്റിടുവാന്‍ സാധിക്കാത്തവര്‍ തല്‍ക്കാലം ഈ-മെയില്‍ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ നിര്‍ദ്ധേശങ്ങളൂം വിമര്‍ശനങ്ങളുമാണ്‌ പാര്‍പ്പിടത്തെ മറ്റുള്ളവര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമാക്കുന്നത്‌.


സ്നേഹപൂര്‍വ്വം എസ്‌.കുമാര്‍
paarppidam@yahoo.com

Tuesday, January 09, 2007

വാസ്തു-യോനി അഥവാ ദിശ.

വസ്തുശാസ്ത്രം ദിക്കുകളെ ൮ ആയി തിരിച്ച്ച്ചിരിക്കുന്നു. അവ യഥാക്രമം ധ്വജയോനി(ഏകയോനി),ധൂമയോനി,സിംഹം(ത്രിയോനി),കുക്കുരയോനി,
വ്ര്‍ഹ്ഷഭയോനി(പഞ്ചയോനി),ഖരയോനി,
ഗജയോനി(സപ്തയോനി),വായസയോനി എന്നിവയാണവ. ഇതില്‍ ധ്വജയോനി,സിംഹയോനി,വ്ര്‍ഹ്ഷഭയോനി,ഗജയോനി(ഒന്ന്,മൂന്ന്,അഞ്ച്‌,ഏഴ്‌) എന്നിവമാത്രമേ ഗ്ര്‍ഹഹനിര്‍മ്മാണത്തിനായി ഗണിക്കാറുള്ളൂ.കിഴക്ക്‌,തെക്ക്‌,പടിഞ്ഞാറ്‌,വടക്ക്‌ എന്നിവയാണ്‌ ഇവ. കോറ്‍ണറുകള്‍ക്ക്‌ അഭിമുഖമായി വരുന്ന ധൂമം,കുക്കുരം,ഖരം,വായസം എന്നീ യോനികള്‍ വര്‍ജ്ജ്യമാണ്‌.

നടുമുറ്റത്തെ അല്ലെങ്കില്‍ അങ്കണത്തെ അഭിമുഖീകരിക്കുന്ന രീതിയില്‍ ചതുശ്ശാല എന്ന സങ്കല്‍പ്പത്തിലാണ്‌ വാസ്തുശാസ്ത്രം വിവിധദിക്കുകള്‍ക്ക്‌ അഭിമുഖമായിവരുന്ന കെട്ടിടങ്ങളെ തിരിച്ച്ച്ചിരിക്കുന്നത്‌.അവ യഥാക്രമം കിഴക്കിനി,തെക്കിനി,പടിഞ്ഞറ്റി,വടക്കിനി എന്നിവയാണ്‌.യോനികളെ ധ്വജ(കിഴക്കിനി),ക്ഷത്രിയ(തെക്കിനി), ശൂദ്രന്‍(പടിഞ്ഞറ്റിനി), വൈശ്യന്‍(വടക്കിനി) എന്നിങ്ങനെ തിരിച്ച്ച്ചിരുന്നത്‌ അക്കാലത്ത്‌ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ സങ്കല്‍പ്പം വാസ്തുവിലും പ്രതിഫലിച്ച്ച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്‌.

ഏറ്റവും ഉത്തമമായി കണക്കാക്കുന്ന ധ്വജയോനിയെ മറ്റെല്ലാവര്‍ക്കും സ്വീകാര്യവും എന്നാല്‍ പഞ്ചയോനി അഥവാ വ്ര്‍ഹ്ഷഭയോനി പടിഞ്ഞാറ്റിക്ക്‌ മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ എന്നും നിഷ്കര്‍ഷിച്ച്ച്ചിരിക്കുന്നു.

ദിക്കുകളെ കണക്കാക്കാന്‍;
പ്രഭാതത്തില്‍ സൂര്യനഭിമുഖമായി നില്‍ക്കുന്ന ഒരാളുടെ മുഖം കിഴക്കോട്ടും ഇടതുവശം വടക്കും വലതുവശം തെക്കും പിന്‍ഭാഗം പടിഞ്ഞാറും ആയിരിക്കും.
ഇതുകൂടാതെ വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്താലും കണ്ടുപിടിക്കാം.

വസ്തുവിനെ നാലായിതിരിച്ച്‌ അതില്‍ വടക്കുകിഴക്ക്‌ ഖണ്ഡത്തിലോ തെക്കുപടിഞ്ഞാറ്‌ ഖണ്ഡത്തിലോ ആണ്‌ വീടു വെക്കേണ്ടത്‌

Sunday, January 07, 2007

മയിലമ്മക്ക്‌ ആദരാജ്ഞലികള്‍.

ഇടതുവലതു വ്യത്യാസമില്ലാതെ ബഹുരാഷ്ട്രകുത്തകകള്‍ക്കുമുമ്പില്‍ രാജത്തെ അടിയറവുവെക്കുമ്പോള്‍ പ്ലാച്ചിമടയിലെ കോളാകമ്പനിയുടെ ജലചൂഷണത്തിനെതിരെയും പരിസ്തിതിമലിനീകരണത്തിനെതിരെയും അവസാനശ്വാസം വരെ ശക്തമായ സമരങ്ങള്‍ നയിച്ച, ലോകമെമ്പാടും നടക്കുന്ന സമാനസ്വഭാവമുള്ള സമരങ്ങള്‍ക്ക്‌ ആവേശം പകര്‍ന്ന മയിലമ്മക്ക്‌ ആദരാഞ്ജലികള്‍.

Saturday, January 06, 2007

വാസ്തു-ആയാദി ഷഡ്‌ വര്‍ഗ്ഗങ്ങള്‍.

ഒരു കെട്ടിടത്തിണ്റ്റെ നിര്‍മ്മാണത്തില്‍ വാസ്തുശാസ്ത്രം പരിഗണിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്‌. ആയം,വ്യയം,ഋഷ,യോനി,വാരം,തിഥി എന്നിവയാണവ.

ആയം - വരവ്‌ അഥവാ ലാഭം (ആയം എല്ലായ്‌പ്പോഴും വ്യയത്തേക്കാള്‍ കൂടുതല്‍ ആയിരിക്കണം)
വ്യയം - ചിലവ്‌ അഥവാ നഷ്ടം
ഋഷ - നക്ഷത്രം
യോനി - ദിശ
വാരം - സൌരദിനം
തിഥി - ചാന്ദ്രദിനം

ഇവ കൂടാതെ മറ്റൊരു പ്രധാന സംഗതിയാണ്‌ വയസ്സ്‌. ബാല്യം കൌമാരം,യൌവ്വനം,വാര്‍ദ്ധക്യം,മരണം എന്നിങ്ങനെ വയസ്സിനെ അഞ്ചായി തിരിച്ച്ച്ചിരിക്കുന്നു.ഇതില്‍ യൌവ്വനം ഏറ്റവും ഉത്തമമായും മരണച്ചുറ്റ്‌ തീര്‍ത്തും ഒഴിവാക്കേണ്ടതായും നിഷ്ക്കര്‍ഷിച്ച്ച്ചിരിക്കുന്നു.
(ഇവയെകണക്കാക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ചാര്‍ട്ട്‌ കൊടുക്കുന്നതാണ്‌)

Thursday, January 04, 2007

കമ്പ്യൂട്ടര്‍ ഐഡഡ്‌ ഡിസൈന്‍ (CAD)


കമ്പ്യൂട്ടര്‍ ഐഡഡ്‌ ഡിസനിങ്ങ്‌.കമ്പ്യൂട്ടര്‍ ഐഡഡ്‌ ഡിസൈന്‍ CAD എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സങ്കേതം ഡിസൈനിങ്ങ്‌ രംഗത്ത്‌ വന്‍ കുതിച്ച്‌ ചാട്ടമാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌.2D ഡ്രോയിങ്ങുകളും 3D മോഡലുകളും മറ്റു പ്രസന്റേഷനുകളും കൂടാതെ സ്റ്റ്രക്ചര്‍ ഡിസൈനിങ്ങുമെല്ലാം ഇന്ന് മമ്പ്യൂട്ടര്‍സഹായത്തോടെ അനായസം തയ്യാറാക്കാം. ഡോയിങ്ങുകളും ത്രിമാനരൂപങ്ങളും തയ്യാറാക്കുവാന്‍ AutoCAD/ADT,ArchiCAD,MicroStation,light wave,3D studio MAX,sketchup തുടങ്ങിയ സോഫ്റ്റ്‌ വെയറുകളും അവക്ക്‌ സപ്പോര്‍ട്ടിങ്ങായി Adobe photoshop,illustrater,Adobe premere തുടങ്ങിയവയും ഉപയോഗിക്കുന്നു. Staad,orion തുടങ്ങിയ സോഫ്റ്റ്‌ വെയറുകള്‍ സ്ട്രക്ചറല്‍ ഡിസൈനിങ്ങിനും ഉപയോഗിക്കുന്നു. ഇവ കൂടാതെ എസ്റ്റിമേറ്റുതയ്യാറാക്കുവാനും പ്ലംബിങ്ങ്‌,ഇലക്ട്രിക്കല്‍,ലാന്റ്സ്കേപ്പിങ്ങ്‌ തുടങ്ങിയവക്കുമൊക്കെ പ്രത്യേകം സോഫ്റ്റ്വെയറുകളും ലഭ്യമാണ്‌.

ഒരു വീടിന്റെ ഡിസൈന്‍ എന്നുപറഞ്ഞാല്‍ ഒരു പ്ലാനും ഫണ്ട്‌ എലിവേഷനും മാത്രമാണെന്ന സങ്കല്‍പ്പം ആയിരുന്നു ഇതുവരെ പലര്‍ക്കും. ഇതുകൊണ്ടുതന്നെ ഒത്തിരിസമയവും ലക്ഷങ്ങളും മുടക്കി നിങ്ങള്‍ നിര്‍മ്മിക്കുന്ന സ്വപ്നഗൃഹം പണിതുകഴിഞ്ഞാല്‍ എങ്ങിനെയിരിക്കും എന്ന് പ്ലാനും എലിവേഷനും വച്ചുകൊണ്ട്‌ എത്രാലോചിച്ചിട്ടും പിടികിട്ടാത പലരും ഉണ്ട്‌.പലപ്പോഴും പണികഴിഞ്ഞു നിരാശരാകുകയോ അല്ലെങ്കില്‍ പൊളിച്ച്‌ മാറ്റി വീണ്ടും ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ആണ്‌ പലരും ചെയ്യുന്നത്‌. എന്നാല്‍ ഇന്ന് പണിയുന്നതിനു മുമ്പുതന്നെ നിങ്ങളുടേ പ്ലോട്ടില്‍ പണിപൂര്‍ത്തിയാല്‍ ഉള്ള അവസ്ഥയില്‍ കാണുവാനും അപാകതകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും നിങ്ങള്‍ക്ക്‌ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ കഴിയും. പണിയുവാന്‍ പോകുന്ന കെട്ടിടത്തിന്റെ ഉള്‍ഭാഗം ഒരു സിനിമപോലെ കാണുവാനും കൂടെ കഴിഞ്ഞാലോ? അതും കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാവുന്നതാണ്‌.വാക്‌ ത്രൂ എന്ന് അറിയപ്പെടുന്ന ഈ സങ്കേതം 3d studio maxപോലുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ വിദഗ്ദനായ ഒരു ഗ്രാഫിക്സ്‌ ഡിസൈനര്‍ക്ക്‌ ആര്‍ക്കിടെക്റ്റിന്റെ/ഡിസൈനറുടെ സഹായത്തോടെ ഉണ്ടാക്കാവുന്നതാണ്‌.

മിക്കവറും ഡിസൈനര്‍മാര്‍ ഇന്ന് തങ്ങളുടേ ക്ലൈന്റുകള്‍ക്ക്‌ ഇത്തരത്തിലുള്ള ത്രിമാന ചിത്രങ്ങള്‍ നല്‍കുന്നപതിവുണ്ട്‌. അല്‍പ്പം ചിലവു വരുന്നകര്യമാണെങ്കിലും പിന്നീടുണ്ടാകാവുന്ന പല അനാവശ്യചിലവുകളേയും പ്രശ്നങ്ങളേയും ഒഴിവാക്കുവാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക്‌ കഴിയും.ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുമ്പോഴും ഈ സങ്കേതം വളരെയധികം പ്രയോജനകരമാണ്‌. ഫര്‍ണ്ണീച്ചറുകളുടെ ഡിസൈന്‍ അവയുടെ സജ്ജീകരണം കൂടാതെ കര്‍ട്ടന്‍ ചുമര്‍ തുടങ്ങി മറ്റുള്ള ഓബ്ജക്റ്റുകളുടെയും നിറം തുടങ്ങിയവ എളുപ്പത്തില്‍ നിര്‍ണ്ണയിക്കുവാന്‍ കഴിയും.ലൈറ്റുകളുടെ പൊസിഷന്‍ അവയുടെ നിറം വെളിച്ചത്തിന്റെ അളവു തുടങ്ങിയവയും കമ്പൂട്ടര്‍ ഉപയോഗിച്ച്‌ മുങ്കൂട്ടി തീരുമാനിക്കാം.

പ്രവാസികളെ സമ്പന്തിച്ചേടത്തോളം തങ്ങളുടെ പലപ്പോഴും നാട്ടില്‍ നിന്നു വീടിന്റെ നിര്‍മ്മാണത്തിന്റെ ഡിസൈന്‍,നിര്‍മ്മാണം തുടങ്ങിയകാര്യങ്ങളില്‍ വേണ്ടത്ര ഇടപെടാനും മേല്‍നോട്ടം വഹിക്കുവാനും മറ്റും കഴിഞ്ഞെന്നുവരില്ല.ഇതുപലപ്പോഴും പ്രശനങ്ങള്‍ക്ക്‌ ഇടവരുത്താറുമുണ്ട്‌. അതിനാല്‍ തീര്‍ച്ചയായും ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നത്‌ നന്നായിരിക്കും.

ഇതുകൂടാതെ പേപ്പര്‍, ഈര്‍ക്കിലി,ജിപ്സം തുടങ്ങി വിവിധ മെറ്റീരിയല്‍സ്‌ ഉപയോഗിച്ച്‌ ത്രിമാനരൂപങ്ങള്‍ നിര്‍മ്മിക്കുന്നവരും ഉണ്ട്‌. ഇതും വളരെയധികം പ്രയോജനകരമാണെങ്കിലും കൈകാര്യം ചെയ്യുവാനും മാറ്റം വരുത്തുവാനും എളുപ്പം കമ്പ്യൂട്ടര്‍ നിര്‍മ്മിത ഇമേജുകളാണെന്നതില്‍ സംശയം ഇല്ല.
ചിത്രത്തിനു കടപ്പാട്‌:മിസിസ്സ്‌ എസ്‌.കുമാര്‍.

E-pathram

ePathram.com