Sunday, December 24, 2006

ക്രിസ്തുമസ്സ്‌ ആശംസകള്‍!

ശാന്തിയുടേയും സമാധാനത്തിന്റേയും ദൂതനായ ഉണ്ണിയേശുവിന്റെ തിരുപിറവി ലോകമെങ്ങും ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാ വായനക്കാര്‍ക്കും എന്റെ ക്രിസ്തുമസ്സ്‌ ആശംസകള്‍!

Tuesday, December 19, 2006

വാസ്തു:-ഖണ്ഡങ്ങളും വീഥികളും.


ഒരു സ്ഥലത്തു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഏതുഭാഗത്തു കെട്ടിടം വരണമെന്നും അതിനു പാലിക്കേണ്ട ചില അടിസ്ഥാനതത്വങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നുണ്ട്‌.അതില്‍ പ്രധാനപ്പെട്ടതാണ്‌ ഖണ്ഡങ്ങളും വീഥികളും.

കെട്ടിടം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ മദ്ധ്യത്തില്‍ നിന്നും തെക്കുവടക്കും കിഴക്കുപടിഞ്ഞാറുമായി നാലു ഭാഗം (ഖണ്ഡം) ആക്കി തിരിക്കുക.ഇതില്‍ വടക്കുകിഴക്ക്‌ ഭാഗത്തെ ഈശാന ഖണ്ഡമെന്നും,തെക്കുപടിഞ്ഞാറു ഭാഗത്തെ നിര്യതിഖണ്ഡമെന്നും പറയും. ഇവരണ്ടും കെട്ടിടനിര്‍മ്മാണത്തിനു ഉത്തമമാണ്‌. തെക്കുകിഴക്ക്‌ ഭാഗത്തുവരുന്ന അഗ്നിഖണ്ഡവും വടക്കുപടിഞ്ഞാറുഭാഗത്ത്‌ വരുന്ന വായുഖണ്ഡവും കെട്ടിടനിര്‍മ്മാണത്തിനു വര്‍ജ്ജ്യമാണ്‌.

വീഥികള്‍:
വാസ്തുപ്രകാരം ഒമ്പതു വീഥികള്‍ ആണ്‌ നിര്‍ണ്ണയിച്ചിട്ടുള്ളത്‌.ഒരു സ്ഥലത്തിന്റെ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും പതിനെട്ടു തുല്യഭാഗങ്ങളായി വിഭജിക്കുക. ഇപ്രകാരം ചെയ്താല്‍ പതിനെട്ട്‌ കള്ളികള്‍ ലഭിക്കും, ഇനി പുറത്തെകള്ളിയില്‍ നിന്നും മധ്യത്തിലുള്ള കള്ളിയിലുള്ള ഒമ്പതു ഭാഗങ്ങളെ ഇപ്രകാരം പറയുന്നു.

1.പിശാചുവീഥി
2.ദേവവീഥി
3.വൈശ്രവണവീഥി
4.യമവീഥി
5.നാഗവീഥി
6.ജലവീഥി
7.അഗ്നിവീഥി
8.ഗണേശവീഥി
9.ബ്രഹ്മവീഥി

ഇപ്രകാരം ഒമ്പതായി തിരിച്ച വീഥിയില്‍ ഗൃഹം നിര്‍മ്മിക്കുവാന്‍ ഉത്തമം ദേവവീഥി,വൈശ്രവണവീഥി,ജലവീഥി,ഗണേശവീഥി,ബ്രഹ്മവീഥി എന്നിവ ഉത്തമവും,പിശാചുവീഥി,അഗ്നിവീഥി,നാഗവീഥി,യമവീഥി എന്നിവ അശുഭവും ആകുന്നു.

ഇവിടെ കൊടുത്തിട്ടുള്ള ചിത്രത്തില്‍ 1 പിശാചുവീഥിയായും തുറ്റാര്‍ന്നു ഒമ്പതുവരെ യഥാക്രമം ദേവവീഥി തുടങ്ങി 9 ബ്രഹ്മവീഥിയില്‍ എത്തിനില്‍ക്കുന്നു. വെളുപ്പുനിറം വരുന്ന വീഥികള്‍ ഗൃഹനിര്‍മ്മാണത്തിനു ഉത്തമമായ വീഥികളെ കാണിക്കുന്നു.

വാസ്തു:-ദിക്കുകള്‍

കെട്ടിടനിര്‍മ്മാണത്തിനു ദിക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വാസ്തുശാസ്ത്രം വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്‌.കിഴക്ക്‌,തെക്ക്‌,പടിഞ്ഞാറ്‌,വടക്ക്‌ എന്നീ ദിശകള്‍ക്കഭിമുഖമായി മാത്രമേ വാസ്തുശാസ്ത്രപ്രകാരം കെട്ടിടം നിര്‍മ്മിക്കുവാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിക്കുന്നു.കിഴക്ക്‌,തെക്ക്‌,പടിഞ്ഞാറ്‌,വടക്ക്‌ എന്നിവകൂടാതെ തെക്കുകിഴക്ക്‌,തെക്കുപടിഞ്ഞാറ്‌,വടക്കുപടിഞ്ഞറ്‌,വടക്കുകിഴക്ക്‌ എന്നിന്നിവചേര്‍ത്ത്‌ അഷ്ടദിക്കുകള്‍ എന്ന് പറയുന്നു.

അഷ്ടദിക്കുകളും അവയുടെ അധിപന്മാരായ ദേവന്മാരും.

കിഴക്ക്‌- ഇന്ദ്രന്‍
തെക്ക്‌- യമന്‍
പടിഞ്ഞാറ്‌- വരുണന്‍
വടക്ക്‌- കുബേരന്‍

വടക്കുകിഴക്ക്‌- ഈശ്വന്‍ (ഈശ്വാനകോണ്‍)
തെക്കുകിഴക്ക്‌- അഗ്നി(അഗ്നികോണ്‍)
തെക്കുപടിഞ്ഞാറ്‌- നിര്യതി(നിര്യതികോണ്‍)
വടക്കുപടിഞ്ഞാറ്‌- വായു(വായുകോണ്‍)

മധ്യഭാഗത്തെ ബ്രഹ്മസ്ഥാനം എന്നാണ്‌ പറയുക.

Sunday, December 17, 2006

വാസ്‌തുപുരുഷന്‍

പുരയിടത്തിന്റെ ബലത്തിനും സന്തോഷത്തിനും കാരകനായ ദേവതയാണ്‌ വാസ്‌തുപുരുഷന്‍. ബൃഹത്സംഹിതയില്‍ വാസ്‌തുപുരുഷനെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു : ഭീമാകാരമായ ഒരു സത്വം അതിന്റെ ഉടലുകൊണ്ട്‌ ആകാശത്തിനും ഭൂമിയ്ക്കും തടസ്സം സൃഷ്ടിച്ചു. ദേവന്മാര്‍ ആ സത്വത്തെ നിലത്തോടു ചേര്‍ത്ത്‌ കമഴ്ത്തിപ്പിടിച്ചു. ഓരോ അവയവത്തെയും പിടിച്ചിരുന്ന ദേവന്മാര്‍ തന്നെ അതാത്‌ അവയവത്തിന്റെ അധിദേവതമാരായി. പുരയിടത്തിന്റെ (വീടിന്റെ) അധിദേവതയായിരിക്കുവാന്‍ ആ സത്വത്തെത്തന്നെ ബ്രഹ്‌മാവ്‌ നിയോഗിച്ചു.
കഥയുടെ മറ്റൊരു രൂപം ഇങ്ങനെയാണ്‌ : അന്ധകനെന്ന അസുരനുമായി പൊരുതിയ ഭഗവാന്‍ ശിവന്റെ വിയര്‍പ്പുതുള്ളി നിലത്തുവീണു. അതില്‍ നിന്നാണ്‌ വാസ്‌തുപുരുഷന്‍ ജനിച്ചത്‌. വിശപ്പു സഹിക്കാനാവാതെ വാസ്‌തുപുരുഷന്‍ കണ്ണില്‍ കണ്ടതിനെയെല്ലാം വിഴുങ്ങാന്‍ തുടങ്ങി. ദേവന്മാര്‍ ബ്രഹ്‌മാവിനോടു പരാതി പറന്‍ഞ്ഞു. അവനെ നിലത്തോടു ചേര്‍ത്ത്‌ അമര്‍ത്തിപ്പിടിക്കാന്‍ ബ്രഹ്‌മാവ്‌ ഉപദേശിച്ചു. 45 ദേവന്മാര്‍ ചേര്‍ന്ന് വാസ്‌തു പുരുഷനെ അമര്‍ത്തിപ്പിടിച്ചു. എല്ലാ പുരയിടങ്ങളുടെയും അധിപതിയും അവിടെ നടക്കുന്ന എല്ലാ പൂജകളുടെയും അവകാശിയും വാസ്‌തുപുരുഷനാണെന്ന് ബ്രഹ്മാവ്‌ അനുഗ്രഹിച്ചു. അതിനുപകരം വീട്ടില്‍ പാര്‍ക്കുന്നവരുടെ ക്ഷേമം വാസ്‌തുപുരുഷന്റെ കുമതലയായി.

വാസ്‌തുപുരുഷന്‌ മൂന്നു സ്ഥാനങ്ങളുള്ളതായി പറയപ്പെടുന്നു
1. നിത്യവാസ്‌തു : വാസ്‌തുപുരുഷന്റെ നോട്ടം ഓരോ ദിവസവും മൂന്നു മണിക്കൂര്‍ ഇടവിട്ട്‌ മാറിക്കൊണ്ടിരിക്കുന്നു.
2. ചരവാസ്‌തു : വാസ്‌തു പുരുഷന്റെ നോട്ടം - സെപ്‌റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തെക്കു ദിക്കിലോട്ടും ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പടിഞ്ഞാറു ദിക്കിലോട്ടും മാര്‍ച്ച്‌ ഏപ്രില്‍ മെയ്‌ ജൂണ്‍ മാസങ്ങളില്‍ വടക്കു ദിക്കിലേക്കും ജൂണ്‍ ജൂലൈ ആഗസ്റ്റ്‌ മാസങ്ങളില്‍ കിഴക്കുദിക്കിലേക്കും ആയിരിക്കും. (യഥാര്‍ത്ഥത്തില്‍ ശകവര്‍ഷത്തിലാണ്‌ ഈ ദിശമാറ്റം സൂചിപ്പിച്ചിരിക്കുന്നത്‌ എന്നതുകൊണ്ടാണ്‌ ഇംഗ്ലീഷ്‌ വര്‍ഷത്തിലെ ചില മാസങ്ങളില്‍ രണ്ടു ദിശ വരുന്നത്‌) വാസ്‌തു പുരുഷന്റെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം, കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. വാസ്‌തു പുരുഷന്റെ സ്ഥിരവും ഏറ്റവും പ്രധാനവുമായ സ്ഥാനമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:ഇവിടെ കാലുകള്‍ തെക്കുപടിഞ്ഞാറും ഇടതുകൈ വടക്കുപടിഞ്ഞാറും ശിരസ്സ്‌ വടക്കുകിഴക്കും വലതുകൈ തെക്കുകിഴക്കുമാണ്‌. ഈ സ്ഥാനം സ്ഥിരമായതിനാല്‍ പാര്‍പ്പിടത്തിന്റെ നിര്‍മ്മാണവും അവയുടെ ഉറപ്പും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

പാര്‍പ്പിടത്തിന്റെ ആകൃതിയും വാസ്‌തുപുരുഷന്റെ സ്ഥാനവും ബന്ധപ്പെടുത്തി ജീവിതത്തില്‍ ക്ഷേമാീശ്വര്യങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സാധ്യതയുണ്ട്‌ എന്ന് ബ്രഹത്സംഹിത പറയുന്നു. ക്രമരഹിതമായ ആകൃതി ഒരു കെട്ടിടത്തിന്‌ പാടില്ല എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ഇതനുസരിച്ച്‌ വാസ്തുപുരുഷന്റെ തലഭാഗം വരുന്ന വടക്ക്‌ കിഴക്കുഭാഗത്തെ മൂലയും പാദം വരുന്ന തെക്കുപടിഞ്ഞാറുംഭാഗവും ഒഴിഞ്ഞുകിടക്കരുത്‌.(കോര്‍ണ്ണര്‍ കട്ടുചെയ്തുപോകരുത്‌)തെക്കുകിശ്ക്കും വടക്കുപടിഞ്ഞാറും ഭാഗത്തിനും ഈ നിയമം ബാധകമാണെങ്കിലും തലഭാഗത്തിനും പാദഭാഗത്തിനും കൂടുതല്‍ പ്രാദാന്യം എന്ന് വിദഗ്ദമതം.

ചിത്രമടക്കം കൂടുതല്‍ വിശദമായി എഴുതുന്നതാണ്‌.

*വാസ്തുസംബന്ധമായി എഴുതുന്ന കാര്യങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനോ മറ്റോ അല്ല. പലകാര്യങ്ങളും ഇന്നത്തെ ആധുനിക സംവിധാനങ്ങളുമായും നിര്‍മ്മാണരീതികളുമായും യോജിച്ച്‌ പോകുന്നവയും അല്ല.

Saturday, December 02, 2006

പ്ലാന്‍-6




കാര്‍പോര്‍ച്ച്‌ കൂടാതെ 1430 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വീടിന്റെ പ്ലാനാണിത്‌. വരുന്ന അതിഥികളെ ആദ്യം കടന്നുവരുന്നത്‌ ഒരു ഫോയറിലേക്കാണ്‌. ഇവിടെ നാലുപേര്‍ക്കിരിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലുള്ള കോര്‍ട്ട്‌ യാര്‍ഡ്‌ ചെടികളും മറ്റും വച്ച്‌ ആകര്‍ഷകമാക്കാവുന്നതാണ്‌.ഇതിന്റെ മുകള്‍ഭാഗം ആകാശത്തേക്ക്‌ തുറക്കുന്നു എങ്കിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൊടുക്കണം.മുകള്‍ നിലയില്‍താഴത്തെ ബെഡ്രൂമുകള്‍ക്കു മുകളിലോ കിച്ചണിനു മുകളിലോ ആവശ്യാനുസരണം മുറികള്‍ എടുക്കാവുന്നതാണ്‌. ഈ വീടിന്റെ വടക്ക കിഴക്കിഴക്ക്‌ ഭാഗത്ത്‌ അടുക്കള സ്തിതി ചെയ്യുന്നു.

ക്ഷേത്രങ്ങളും വാസ്തുപ്രകാരമുള്ള ഗൃഹനിര്‍മ്മാണവും.

ഹൈന്ദവ വിശ്വാസപ്രകാരം വിവിധ ദേവന്മാരും/ദേവതകളും അവര്‍ക്കൊക്കെ ക്ഷേത്രങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്‌.ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവര്‍ സ്വാഭാവികമായും ഗൃഹം നിര്‍മ്മിക്കുമ്പോളും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌. വാസ്തു ശാസ്ത്ര പ്രകാരം ഗൃഹം നിര്‍മ്മിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ ഏതു വശത്തു വരുന്നു എന്നതിനു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്‌.ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ പൂജചെയ്യുന്ന ശാന്തിമാര്‍ എന്നിവര്‍ക്ക്‌ ക്ഷേത്രങ്ങളുടെ സമീപത്തും ദിഗ്‌ വ്യത്യാസമില്ലതെയും ഗൃഹം നിര്‍മ്മിക്കാം. എന്നാല്‍ സാധാരണക്കാര്‍ക്ക്ഷേത്രങ്ങളുടെ സമീപത്ത്‌ ഗ്രഹങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ക്ഷേത്രങ്ങളേക്കാള്‍ ഉയരത്തില്‍ ഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നത്‌ ശുഭമല്ല.ഉഗ്രമൂര്‍ത്തികളായ ഭദ്രകാളി,ചാത്തന്‍,നരസിംഹം,ശിവന്‍ തുടങ്ങിയ ഉഗ്രമൂത്തികളുടെ വലത്തുവശത്തും മുമ്പിലും വീടുപണിയുന്നത്‌ ശുഭമല്ല.വിഷ്ണു,അയ്യപ്പന്‍,സുബ്രമണ്യന്‍ തുടങ്ങിയ സൗമ്യമൂര്‍ത്തികളായ ദേവന്മാരുടെ വലത്തും മുമ്പിലും ഉത്തമവും ഇടത്തും പിന്നിലും അധമവും ആകുന്നു. ഇതില്‍ തന്നെ അയ്യപ്പന്റെ ക്ഷേത്രം വീടിനേക്കാള്‍ താഴ്‌ന്നാണിരിക്കുന്നെങ്കില്‍ അത്‌ ഉഗ്രമൂര്‍ത്തിയായിട്ടാണ്‌ കരുതപ്പെടുന്നത്‌.

പൂജാവിധികള്‍ മുടങ്ങിക്കിടക്കുന്ന സര്‍പ്പക്കാവ്‌,ഗുളികന്‍, യക്ഷി/ഗന്ധര്‍വ്വന്മാരെ കുടിയിരുത്തിയിട്ടുള്ള പാലകള്‍ ഉള്ള സ്ഥലം എന്നിവയും ഒഴിവാക്കുന്നതാണ്‌ നല്ലത്‌.വീടിനകത്തോ വീടിനോട്‌ ചേര്‍ന്നോ പൂജാമുറികള്‍/ക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കുക യഥാവിധി പൂജാവിധികളും ശുദ്ധിയും നടത്തുവാന്‍ കഴിയില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക്‌ മുതിരരുത്‌.


*അന്ധവിശ്വാസം പ്രചരിപ്പിക്കുവാനുള്ള ശ്രമമല്ല, കൂടാതെ ഇത്‌ വാസ്തു ശാസ്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

E-pathram

ePathram.com