Sunday, December 17, 2006

വാസ്‌തുപുരുഷന്‍

പുരയിടത്തിന്റെ ബലത്തിനും സന്തോഷത്തിനും കാരകനായ ദേവതയാണ്‌ വാസ്‌തുപുരുഷന്‍. ബൃഹത്സംഹിതയില്‍ വാസ്‌തുപുരുഷനെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു : ഭീമാകാരമായ ഒരു സത്വം അതിന്റെ ഉടലുകൊണ്ട്‌ ആകാശത്തിനും ഭൂമിയ്ക്കും തടസ്സം സൃഷ്ടിച്ചു. ദേവന്മാര്‍ ആ സത്വത്തെ നിലത്തോടു ചേര്‍ത്ത്‌ കമഴ്ത്തിപ്പിടിച്ചു. ഓരോ അവയവത്തെയും പിടിച്ചിരുന്ന ദേവന്മാര്‍ തന്നെ അതാത്‌ അവയവത്തിന്റെ അധിദേവതമാരായി. പുരയിടത്തിന്റെ (വീടിന്റെ) അധിദേവതയായിരിക്കുവാന്‍ ആ സത്വത്തെത്തന്നെ ബ്രഹ്‌മാവ്‌ നിയോഗിച്ചു.
കഥയുടെ മറ്റൊരു രൂപം ഇങ്ങനെയാണ്‌ : അന്ധകനെന്ന അസുരനുമായി പൊരുതിയ ഭഗവാന്‍ ശിവന്റെ വിയര്‍പ്പുതുള്ളി നിലത്തുവീണു. അതില്‍ നിന്നാണ്‌ വാസ്‌തുപുരുഷന്‍ ജനിച്ചത്‌. വിശപ്പു സഹിക്കാനാവാതെ വാസ്‌തുപുരുഷന്‍ കണ്ണില്‍ കണ്ടതിനെയെല്ലാം വിഴുങ്ങാന്‍ തുടങ്ങി. ദേവന്മാര്‍ ബ്രഹ്‌മാവിനോടു പരാതി പറന്‍ഞ്ഞു. അവനെ നിലത്തോടു ചേര്‍ത്ത്‌ അമര്‍ത്തിപ്പിടിക്കാന്‍ ബ്രഹ്‌മാവ്‌ ഉപദേശിച്ചു. 45 ദേവന്മാര്‍ ചേര്‍ന്ന് വാസ്‌തു പുരുഷനെ അമര്‍ത്തിപ്പിടിച്ചു. എല്ലാ പുരയിടങ്ങളുടെയും അധിപതിയും അവിടെ നടക്കുന്ന എല്ലാ പൂജകളുടെയും അവകാശിയും വാസ്‌തുപുരുഷനാണെന്ന് ബ്രഹ്മാവ്‌ അനുഗ്രഹിച്ചു. അതിനുപകരം വീട്ടില്‍ പാര്‍ക്കുന്നവരുടെ ക്ഷേമം വാസ്‌തുപുരുഷന്റെ കുമതലയായി.

വാസ്‌തുപുരുഷന്‌ മൂന്നു സ്ഥാനങ്ങളുള്ളതായി പറയപ്പെടുന്നു
1. നിത്യവാസ്‌തു : വാസ്‌തുപുരുഷന്റെ നോട്ടം ഓരോ ദിവസവും മൂന്നു മണിക്കൂര്‍ ഇടവിട്ട്‌ മാറിക്കൊണ്ടിരിക്കുന്നു.
2. ചരവാസ്‌തു : വാസ്‌തു പുരുഷന്റെ നോട്ടം - സെപ്‌റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തെക്കു ദിക്കിലോട്ടും ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പടിഞ്ഞാറു ദിക്കിലോട്ടും മാര്‍ച്ച്‌ ഏപ്രില്‍ മെയ്‌ ജൂണ്‍ മാസങ്ങളില്‍ വടക്കു ദിക്കിലേക്കും ജൂണ്‍ ജൂലൈ ആഗസ്റ്റ്‌ മാസങ്ങളില്‍ കിഴക്കുദിക്കിലേക്കും ആയിരിക്കും. (യഥാര്‍ത്ഥത്തില്‍ ശകവര്‍ഷത്തിലാണ്‌ ഈ ദിശമാറ്റം സൂചിപ്പിച്ചിരിക്കുന്നത്‌ എന്നതുകൊണ്ടാണ്‌ ഇംഗ്ലീഷ്‌ വര്‍ഷത്തിലെ ചില മാസങ്ങളില്‍ രണ്ടു ദിശ വരുന്നത്‌) വാസ്‌തു പുരുഷന്റെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം, കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. വാസ്‌തു പുരുഷന്റെ സ്ഥിരവും ഏറ്റവും പ്രധാനവുമായ സ്ഥാനമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:ഇവിടെ കാലുകള്‍ തെക്കുപടിഞ്ഞാറും ഇടതുകൈ വടക്കുപടിഞ്ഞാറും ശിരസ്സ്‌ വടക്കുകിഴക്കും വലതുകൈ തെക്കുകിഴക്കുമാണ്‌. ഈ സ്ഥാനം സ്ഥിരമായതിനാല്‍ പാര്‍പ്പിടത്തിന്റെ നിര്‍മ്മാണവും അവയുടെ ഉറപ്പും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

പാര്‍പ്പിടത്തിന്റെ ആകൃതിയും വാസ്‌തുപുരുഷന്റെ സ്ഥാനവും ബന്ധപ്പെടുത്തി ജീവിതത്തില്‍ ക്ഷേമാീശ്വര്യങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സാധ്യതയുണ്ട്‌ എന്ന് ബ്രഹത്സംഹിത പറയുന്നു. ക്രമരഹിതമായ ആകൃതി ഒരു കെട്ടിടത്തിന്‌ പാടില്ല എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ഇതനുസരിച്ച്‌ വാസ്തുപുരുഷന്റെ തലഭാഗം വരുന്ന വടക്ക്‌ കിഴക്കുഭാഗത്തെ മൂലയും പാദം വരുന്ന തെക്കുപടിഞ്ഞാറുംഭാഗവും ഒഴിഞ്ഞുകിടക്കരുത്‌.(കോര്‍ണ്ണര്‍ കട്ടുചെയ്തുപോകരുത്‌)തെക്കുകിശ്ക്കും വടക്കുപടിഞ്ഞാറും ഭാഗത്തിനും ഈ നിയമം ബാധകമാണെങ്കിലും തലഭാഗത്തിനും പാദഭാഗത്തിനും കൂടുതല്‍ പ്രാദാന്യം എന്ന് വിദഗ്ദമതം.

ചിത്രമടക്കം കൂടുതല്‍ വിശദമായി എഴുതുന്നതാണ്‌.

*വാസ്തുസംബന്ധമായി എഴുതുന്ന കാര്യങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനോ മറ്റോ അല്ല. പലകാര്യങ്ങളും ഇന്നത്തെ ആധുനിക സംവിധാനങ്ങളുമായും നിര്‍മ്മാണരീതികളുമായും യോജിച്ച്‌ പോകുന്നവയും അല്ല.

4 comments:

Anonymous said...

Its a very nice blog.expecting more posts & plans.

n.k.nair

വിശാല മനസ്കന്‍ said...

വിജ്ഞാനപ്രദം.

പരമ്പര പരമ്പരയായി ഞങ്ങളിത് നോക്കാറില്ല. (യാതൊരു പിടിയുമില്ല, പിന്നെങ്ങിനെ?)

എങ്കിലും, പ്രവര്‍ത്തന മണ്ഢലം ഇതായതുകൊണ്ട് ചോദിച്ചോട്ടേ, ഇതിലൊക്കെ എത്രത്തോളം സത്യമുണ്ട് എന്നാണ് s.kumar nte വ്യക്തിപരമായ അഭിപ്രായം?

paarppidam said...

പ്രിയ വിശാലമനസ്ക്കന്‍,
വ്യക്തിപരമായി ഞാന്‍ ഇത്തരം വിശ്വാസങ്ങളെ മുറുകെപിടിക്കുന്ന ആളല്ല.വെന്റിലേഷന്‍ അടുക്കളയുടെസ്ഥാനം തുടങ്ങിയ ചില അടിസ്ഥാന കാര്യങ്ങള്‍ നോക്കുക എന്നതല്ലാതെ അതിനപ്പുറം ഒരു തലത്തിലേക്ക്‌ പോകുന്നതില്‍ വലിയ കാര്യമില്ല എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

വാസ്തുശാസ്ത്രം പ്രധാനമായും ആശാരിമാര്‍ക്ക്‌ മരത്തിന്റെയും കല്ലിന്റെയും കണക്കു എളുപ്പത്തില്‍ ലഭ്യമാക്കുവാനും മേല്‍പ്പുര താഴെവച്ചുതന്നെ പൂര്‍ണ്ണമായും തായ്യാറാക്കുവാനും വേണ്ടി ഒരു ഏകീകൃത മാനദണ്ഡം ഉണ്ടക്കിയതായി കരുതിയാല്‍ തെറ്റുണ്ടോ? അതുകൂടാതെ ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമായി ചില നിബന്ധനകളും ഉണ്ടാക്കിയിരിക്കാം. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുവാന്‍ വേണ്ടി അവയെ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാങ്കേതികവിദ്യയിലും ഒത്തിരിമുന്നോട്ടുപോയ മലയാളി ഇന്ന് നവോധാനകാലഘട്ടത്തിനു മുമ്പുള്ള സ്തിതിയിലേക്ക്‌ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌.വാസ്തുവും മന്ത്രവാദവും അന്ധവിശ്വാസങ്ങളും അവനെ കീഴടക്കിയിരിക്കുന്നു. ഇത്തരക്കാര്‍ മലയാളിയെ ഭംഗിയായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.കൂണുപോലെ ഭാവിപ്രവചനക്കാരും വാസ്തു ശാസ്ത്രജ്ണന്മാരും (ഇവിടെയുള്ളതു പോരാഞ്ഞു ചൈനയില്‍ നിന്നും ഇറക്കുമതിയും ചെയ്തും ചില വിദ്വാന്മാര്‍!) മന്ത്രവാദികളും കേരളത്തില്‍ പൊന്തിവരുന്നു.

ഇവിടെ ഞാന്‍ വാസ്തുസംബന്ധമായി എന്റെ അറിവുകള്‍ പങ്കുവെക്കുന്നത്‌ ഇതില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ വേണ്ടിമാത്രമാണ്‌.തുകൊണ്ടുതന്നെയാണ്‌ ഒരു അടിക്കുറിപ്പും കൊടുക്കുന്നത്‌. ഇതില്‍ പറയുന്ന പലകാര്യങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോ അല്ലെങ്കില്‍ പ്രായോഗികമായി ചെയ്യാവുന്നതോ അല്ല.

ഇന്നു വാസ്തുശാസ്ത്രജ്ഞ്യന്മാര്‍ തയ്യാറാക്കിക്കൊടുക്കുന്ന പ്ലാനുകള്‍ പരിശോധിച്ചാല്‍ അതില്‍ ഒത്തിരി പൊരുത്തക്കേടുകള്‍ കാണാം.

KANNURAN - കണ്ണൂരാന്‍ said...

വാസ്തുവിനെ കുറിച്ചു പറയാനല്ല, നന്ദി രേഖപ്പെടുത്തുവാനാണ് ഇത് എഴുതുന്നത്. താങ്കളുടെ പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സപ്തമ്പര്‍ 27നു താങ്കള്‍ പോസ്റ്റു ചെയ്ത പ്ലാന്‍, എന്റെ കസിന്‍ വീടു വെക്കാന്‍ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞപ്പോള്‍ തന്നെ ഈ പ്ലാന്‍ അവനു കൈമാറുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ താങ്കളുടെ പ്ലാന്‍ പ്രസ്തുത സ്ഥലത്തിനു വളരെ യോജിക്കുന്നതിനാല്‍ അപ്പടി വാസ്തു വിദഗ്ധനും, ആര്‍ക്കിടെക്റ്റും അംഗീകരിക്കുകയും ചെയ്തു. എന്റെ കസിന്‍ പ്രത്യേകം താങ്കളോട് നന്ദി രേഖപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലെ അനേകര്‍ക്ക് ഈ ബ്ലോഗ് തീര്‍ച്ചയായും പ്രയോജനപ്പെടുന്നുണ്ടാവും...

E-pathram

ePathram.com