Monday, October 30, 2006

ഡൈനിങ്ങ്‌ റൂം.

കേവലം ഭക്ഷണം കഴിക്കുവാനുള്ള ഒരു ഇടം എന്നതില്‍ നിന്നും വീട്ടിലുള്ള അംഗങ്ങള്‍ക്ക്‌ ഒത്തുകൂടുവാനും സംസാരിക്കുവാനും ഉള്ള ഒരിടംകൂടിയാണ്‌ ഡൈനിങ്ങ്‌ റൂം.(ഫോര്‍മലായി സ്വീകരിക്കേണ്ട അതിഥികള്‍ ഇല്ലാത്തപ്പോള്‍ ലിവിങ്ങ്‌ റൂമിനേക്കാള്‍ കൂടുതല്‍ സാധാരണയായി വീട്ടിലെ അംഗങ്ങള്‍ കൂടുതലായും ഡൈനിങ്ങ്‌ റൂമിലാണ്‌ ഒത്തുകൂടുക)
ചില വീടുകള്‍ക്ക്‌ ഡൈനിങ്ങ്‌ ഹാളും ലിവിങ്ങും ഒറ്റ "ഹാള്‍" ആയിട്ടാണ്‌ നല്‍കാറുള്ളത്‌.ഇതിന്റെ ഇരുവശത്തുമായി മറ്റു മുറികള്‍ ക്രമീകരിക്കുന്നു. ഇത്‌ പലപ്പോഴും വീട്ടുകാരുടെ സ്വകാര്യതക്ക്‌ തടസ്സമാകാറുണ്ട്‌.1000 ചതുരശ്രയടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ക്ക്‌ ലിവിങ്ങും ഡൈനിങ്ങും പ്രത്യേകം കൊടുക്കുന്നതായിരിക്കും നല്ലത്‌.

ഡൈനിങ്ങ്‌ റൂമില്‍ നിന്നും മറ്റു മുറികളിലേക്കുള്ള വാതിലുകള്‍ പരമാവധി സ്ഥലം നഷ്ട്ടപ്പെടാത്ത രീതിയില്‍ കൊടുക്കുവാന്‍ ശ്രദ്ധിക്കണം.( മൂന്നു മൂലകളിലും വാതില്‍ വന്നാല്‍ പലപ്പോഴും അത്‌ ഡൈനിങ്ങ്‌ റൂമിന്റെ സൗകര്യത്തെ കുറക്കും)

ടേബിള്‍ മധ്യഭാഗത്തിട്ടാല്‍ അതിനു ചുറ്റും നടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം.

റ്റോയ്‌ലറ്റിന്റെ വാതില്‍ വാഷ്ബേസിന്‍ എന്നിവ നേരിട്ട്‌ ഡൈനിങ്ങ്‌ റൂമിലേക്ക്‌ വരത്തക്ക വിധം ആയിരിക്കരുത്‌. ഒരു ചെറിയ പോക്കറ്റ്‌ കൊടുക്കുക.

സ്റ്റൈയര്‍കേസ്‌ ഡൈനിങ്ങ്‌ റൂമില്‍ നിന്നും കൊടുക്കുമ്പോള്‍ അത്‌ ഒരു വിധത്തിലും ഡൈനിങ്ങ്‌ ടേബിളിന്റെ സൗകര്യത്തെ ബാധിക്കാത്തരീതിയില്‍ കൊടുക്കുക.
(ഇതോടൊപ്പം ഉള്ള ചിത്രത്തില്‍ നിന്നും ഒരു മോശം ഡൈനിങ്ങ്‌ റൂമിന്റെ അറേഞ്ച്‌മന്റ്‌ കാണാം)

ഭക്ഷണത്തിന്റെ മണം കെട്ടിനില്‍ക്കാതിരിക്കാന്‍ ഡൈനിങ്ങ്‌ റൂമില്‍ നല്ലവണ്ണം വെന്റിലേഷന്‍ ഉണ്ടായിരിക്കണം. ഒരു വശത്തെങ്കിലും നേരിട്ട്‌ പുറത്തേക്ക്‌ തുറക്കാവുന്ന വിന്റോകളോ അലെങ്കില്‍ കോര്‍ട്ട്‌ യാര്‍ഡോ നല്‍കണം.ഡബിള്‍ ഹൈറ്റും നല്‍കിയാല്‍ നന്നായിരിക്കും.

മുറിയുടെ ആകൃതി വലിപ്പം എന്നിവക്ക്‌ അനുസൃതമായ ടേബിളുകള്‍ തിരഞ്ഞെടുക്കുക. വളരെ വലിയ ടേബിളുകള്‍ ഒഴിവാക്കുക.

ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ കൊടുക്കാം.

അടുക്കളക്കും ഡൈനിങ്ങ്‌ ഹാളിനും ഇടയില്‍ ഒരു പാണ്ട്രി സെറ്റുചെയ്യാം. അടുക്കളചുമരില്‍ ഒരു ചെറിയ ഓപ്പണിങ്ങ്‌ ഉണ്ടാക്കി ഒരു കിളിവാതില്‍ കൊടുത്ത്‌ അവിടെ നിന്നും ഭക്ഷണം സെര്‍വ്വ്‌ ചെയ്യുവാന്‍ സൗകര്യം കൊടുക്കാം.

ഇന്റീരിയര്‍ പ്ലന്റുകള്‍ വെക്കുന്നതും നന്നായിരിക്കും.

സ്ഥലപരിമിതിയുള്ളവര്‍ക്കും അണുകുടുമ്പങ്ങള്‍ക്കും ഓപ്പണ്‍ കിച്ചണ്‍ നല്‍കാം.അല്‍പ്പം സ്വതന്ത്ര ചിന്തയും വൃത്തിയും ഉണ്ടെങ്കില്‍ ഡൈനിങ്ങും കിച്ചണും ഒരുമിച്ചാകുന്നതില്‍ കുഴപ്പം ഒന്നും ഇല്ല.


നോണ്‍ വെജ്‌ ഉപയോഗിക്കുന്ന വീടുകളാണെങ്കില്‍ പൂജാമുറികള്‍ ഡൈനിങ്ങിനോട്‌ ചേര്‍ന്ന് കൊടുക്കാതിരിക്കുന്നത്‌ നല്ലതാണ്‌.

ഡൈനിങ്ങിനോട്‌ ചേര്‍ന്ന് വെന്റിലേഷനു കോട്ടം വരാത്തരീതിയില്‍ ഒരു വരാന്തയും പിന്നെ ഗാര്‍ഡനും കൊടുക്കുന്നതും നല്ലതാണ്‌. ഇടക്ക്‌ പുറത്തിരുന്നും ഭക്ഷണം ആകാം!

4 comments:

paarppidam said...

പാര്‍പ്പിടത്തില്‍ ഒരു പോസ്റ്റുണ്ടേ!

സു | Su said...

ഞാന്‍ വീടൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. എന്നാലും വീടുകള്‍ക്ക് വേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് സ്വസ്ഥമായി ഭക്ഷണം കഴിക്കാന്‍ ഒരിടം. കുടുംബം ഒറ്റയ്ക്കാവുമ്പോള്‍ പ്രശ്നമില്ല. അതിഥികളും, ബന്ധുക്കളും, ഒക്കെ വരികയും, ഡൈനിംഗ് റൂം, അടുക്കളയുടെ വാതിലും, വീടിന്റെ പിന്നിലേക്കുള്ള വാതിലും, ബെഡ്‌റൂമുകളുടെ വാതിലുകളും, ഒക്കെയുള്ള ഒരിടമായാല്‍, അതൊരു അസൌകര്യം തന്നെയാണ്. അടുക്കളയോട് ചേര്‍ന്ന് ഒന്നോ രണ്ടോ വാതില്‍ കൊണ്ട് മാത്രം വീടിനെ ബന്ധിക്കുന്ന ഒരു ഡൈനിംഗ് റൂം ആവും നല്ലത്. അടുക്കളയില്‍നിന്നും ഒരു കിളിവാതില്‍ ഉണ്ടെങ്കില്‍ ഡൈനിംഗ് ഹാളിന് മെയിന്‍ ഹാളില്‍ നിന്നും ഒരു വാതില്‍ മാത്രം മതിയാകും. സ്വകാര്യത ആയി. സ്ഥലസൌകര്യവും. ഒരു സൈഡില്‍ അല്പം സൈഡിലേക്ക് മാറി വാഷ്ബേസിനോ, ടോയ്‌ലറ്റോ ഉണ്ടാക്കാം. ഒരു സൈഡില്‍ നല്ലൊരു ഷെല്‍ഫും ആകാം. ഒരു സൈഡില്‍ വലിയ ഒരു ജനല്‍ കൊടുക്കാം. വേറെ ഒരെണ്ണംകൂടെ ഇല്ലെങ്കിലും കുഴപ്പമില്ല. ഒരു ചുമര് മുഴുവന്‍ ജനല്‍.

എഴുതിയതൊക്കെ നന്നായി. ചിത്രം കണ്ടില്ല. എവിടെ?

qw_er_ty

വിശാല മനസ്കന്‍ said...

പാര്‍പ്പിടം എനിക്കേറ്റവും ഇഷ്ടപ്പെട്ട ബ്ലോഗുകളില്‍ ഒന്നാണ്. അതിന്റെ കാരണം. വല്യ പ്ലാനിങ്ങൊന്നുമില്ലാതെ വീട് പണിതുപോയി എന്ന കുറ്റബോധം എനിക്കുള്ളതുകൊണ്ടും വീട് പണിയാനാഗ്രഹിക്കുന്നവര്‍ക്ക് കുറെയധികം ഇന്‍ഫോ ഈ ബ്ലോഗ് വഴി കിട്ടുമെന്നുള്ളതുകൊണ്ടുമാണ്.

പാക്കിസ്ഥാനില്‍ നിന്ന് ഇറങ്ങിയെന്ന് പറയപ്പെടുന്ന രണ്ടു കണ്ടെയ്നര്‍ അഞ്ഞൂറാന്റെ എഫക്റ്റാണോ എന്തോ കേട്ടാല്‍ തലകറങ്ങി വീഴുന്ന വിലയാണ് പലയിടത്തും ഭൂമിക്ക്. കേരളത്തിലേ ഏത് കുഞ്ഞ്യേ ടൌണ്‍ ഏരിയയിലും സ്വന്തമായി‍ പത്തുസെന്റുള്ളവന്‍ കോടീശ്വരനായി മാറുന്ന പ്രതിഭാസം!

ഡയമന്റ് വിലക്ക് സ്ഥലം വാങ്ങി വീടുവക്കുന്നവര്‍ക്ക് ഈ ബ്ലോഗില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ ഒരുപാട് ഗുണം ചെയ്യും.

സു വിന്റെ കമന്റും വളരെ നന്നായി.

s.kumar said...

എന്റെ വിശാലഗുരോ താങ്കള്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു. പിന്നെ ആളുകള്‍ ഭൂമി വില്‍പന നല്ല ഒരു ബിസിനസ്സായി നടത്തുന്നുണ്ട്‌ നാട്ടില്‍. ഭൂമിക്ക്‌ ഒരു കൊള്ളാവുന്നതിനപ്പുറമുള്ള തുകപറഞ്ഞ്‌ അഡ്വാന്‍സ്‌ നല്‍കുകയും പിന്നീട്‌ അതിനുമുകളില്‍ തുകക്ക്‌ മറിച്ചു വില്‍കുകയും ചെയ്യുന്നു പിന്നെ തൊട്ടടുത്ത ഭൂമിയുടെ വില ഇതിന്റെ അടിസ്ഥനത്തില്‍ കുതിച്ചു കയറും. ഇന്ന് നാട്ടിന്‍പുറത്ത്‌(കോക്കാന്മുക്ക്‌ ഏരിയ) വഴിയുള്ള ഒരു പറമ്പിന്റെ ശരാശരി വില 25-35 വരെയാണ്‌ സെന്റിന്‌. ടൗണിലെ കാര്യം ചിന്തിക്കുന്നില്ല. ത്രശ്ശൂര്‍ ടൗണില്‍ പാരമ്പര്യമായി കിട്ടിയ 13.5 സെന്റു ഭൂമിയുള്ള സുഹൃത്തിന്റെ 4 പെങ്ങന്മാരും സമഭാഗം ആണ്‌ ആവശ്യപ്പെടുന്നത്‌. അല്ലെങ്കില്‍ അവന്‍ നാട്ടുനടപ്പുള്ള കാശുകൊടുത്തല്‍മതി.അവന്റെ ഏകവരുമാനമാര്‍ഗ്ഗമായ ഷോപ്പും താമസസ്ഥലവും ഇതിലാണ്‌ കുടികൊള്ളുന്നത്‌. സംഗതി എന്റെ ഒരു വക്കീല്‍ സുഹൃത്തിനു "ജീവപര്യന്തം" വാദിക്കാന്‍ ഒരു സിവില്‍ കേസുകിട്ടീതു മെച്ചം!

സര്‍ക്കാരും മറ്റും വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട ഒരു വസ്തുതയാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍.സാധാരണക്കാര്‍ക്ക്‌ ഇനി സ്വന്തമായി ഒരു വീടും പറമ്പും എന്നത്‌ ഒരു ദിവാസ്വപ്നം ആകും.( എറണാംകുളത്തെകാര്യം പറയണ്ട. )

E-pathram

ePathram.com