Sunday, October 08, 2006

സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍

വീടുവെക്കുവാന്‍ പലരും സ്ഥലംതിടുക്കപ്പെട്ട്‌ വാങ്ങുകയും പിന്നീട്‌ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുകയും ചെയ്യാറുണ്ട്‌.വീടുവെക്കുവാന്‍ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്‌ധിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്‌.


മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക. ചതുപ്പ്‌ നിലങ്ങളോതീരെ ഉറപ്പുകുറഞ്ഞ സ്ഥലമോ ആണെങ്കില്‍ ഫൗണ്ടേഷനായി കൂടുതല്‍ തുക ചിലവാകും.സ്ഥലത്തിന്റെ ആകൃതിയും അവിടേക്കുള്ള വാഹനസൗകര്യം,ജലത്തിന്റെ ലഭ്യത എന്നിവയാണ്‌ പ്രധാനപ്പെട്ട സംഗതികളാണ്‌.അയല്‍ക്കാരെക്കുറിച്ചും അടുത്തുള്ള സ്ക്കൂള്‍ ആശുപത്രി കടകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയും അന്വേഷിച്ചറിയുക. കൂടാതെ മലിനജലം മറ്റു ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ സൃഷ്ട്ടിക്കുന്ന ഫക്ടറികള്‍,പോള്‍ട്രീ ഫാമുകള്‍ അറവുശാലകള്‍ എന്നിവയില്‍ നിന്നും അകന്ന വസ്തുതിരഞ്ഞെടുക്കുക.

സ്ഥലത്തെക്കുറിച്ചും നിര്‍മ്മിക്കാനുദ്ധേശിക്കുന്ന \വീടിന്റെ ഐഡിയാക്ക്‌ പറ്റിയതാണൊ സ്ഥലമെന്നും കേരളത്തിലെ കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ക്കനുസൃതമായി അവിടെ വീടുനിര്‍മ്മിക്കുവാന്‍ സാധിക്കുമോ എന്നതും കെട്ടിടം ഡിസൈന്‍ ചെയ്യുന്ന ആര്‍ക്കിടെക്റ്റ്‌/എഞ്ചിനീയറെക്കൊണ്ട്‌ പരിശോധിപ്പിച്ച്‌ ഉറപ്പുവരുത്തുന്നത്‌ നന്നായിരിക്കും വാസ്തുപ്രകാരമാണ്‌ വീടുനിര്‍മ്മിക്കാനുദ്ധേശിക്കുന്നതെങ്കില്‍ ഒരു വാസ്തുവിദഗ്ദന്റെ ഉപദേശം കൂടെ ആരായുന്നത്‌ നല്ലതാണ്‌.

വസ്തുവിന്റെ രജിസ്റ്റ്രേഷനുമായി ബന്ധപ്പെട്ടകാര്യങ്ങളും വളരെ പ്രാധാന്യമുള്ളവതന്നെ.സ്ഥലം വാങ്ങുവാന്‍ അഡ്വാന്‍സ്‌ കൊടുക്കുന്നതിനു മുമ്പ്‌ ഒറിജിനല്‍ ആധാരം വായിച്ചുനോക്കുക.എന്തെങ്കിലും കാരണവശാല്‍ ഒറിജിനല്‍ ലഭിക്കാതിരിക്കുകയാണെങ്കില്‍ രജിസ്ട്ര്രാര്‍ ഓഫീസില്‍ നിന്നും അതിന്റെ സര്‍വേനമ്പരും മറ്റു വിവരങ്ങളും കൊടുത്ത്‌ ഒരു നിശ്ചിത തുക അടച്ചാല്‍ ആധാരത്തിന്റെ പകര്‍പ്പു ലഭിക്കുന്നതാണ്‌.കൂടാതെ വില്ലേജാപ്പീസില്‍നിന്നും ലഭിക്കുന്ന സ്ഥലത്തിന്റെ കൈവശാവകാശരേഖയും കരമടച്ച രസീതിയും പരിശോധിക്കുന്നത്‌ നല്ലതാണ്‌.

ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ പിന്നീട്‌ പല നഷ്ട്ടങ്ങളും ഉണ്ടാക്കും.കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.

ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റുകള്‍ റെജിസ്റ്റര്‍ചെയ്യാവുന്നതാണ്‌.

പണയത്തില്‍ ഇരിക്കുന്ന വസ്തുവാങ്ങുമ്പോള്‍ അതുസംബന്ധിച്ചുള്ള ബാങ്ക്‌ രേഖകള്‍ പൊര്‍ണ്ണമായും പരിശോധിച്ച്‌ ഉറപ്പുവരുത്തുക. അതിനു ശേഷം ബാധ്യത തീര്‍ക്കാനാവശ്യമായ തുകയെക്കുറിച്ചും നല്‍കുന്ന തുകയേക്കുറിച്ചും കരാറില്‍ വ്യക്തമാക്കിയിരിക്കണം.

സര്‍ക്കാര്‍ ആവശ്യത്തിനായി അക്വയര്‍ ചെയ്യുവാന്‍ സാധ്യത ഉള്ളതാണോ പ്രസ്തുത ഭൂമിയെന്ന് മുന്‍സിപ്പലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ അന്വേഷിച്ചു ഉറപ്പുവരുത്തുക.വഴിക്ക്‌ വളരെയധികം പ്രാധാന്യം ഉണ്ട്‌.നിങ്ങളുടെ സ്ഥലത്തേക്ക്‌ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത സ്ഥലത്തിന്റെ ഉടമയുടെ അനുവാദത്തോടെയാണ്‌ ഗതാഗത സകര്യം ഉള്ളതെങ്കില്‍തുടര്‍ന്നും അത്‌ ലഭ്യമാകുമോ എന്ന് ഉറപ്പുവര്‍ത്തേണ്ടതും അയാളുടെ അനുമതി രേഖയില്‍ കാണിക്കേണ്ടതുമാണ്‌.പലപ്പോഴും ഇത്തരം വഴികള്‍ കണ്ട്‌ വലിയ വിലക്ക്‌ സ്ഥലം വാങ്ങിയതിനു ശേഷം വഞ്ചിതരാകുന്നവര്‍ നിരവധിയാണ്‌. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും അതു നിങ്ങളെ ദോഷകരമായി ബാധിക്കുമോ എന്നതും.ഇക്കാര്യങ്ങള്‍ റെജിസ്ത്രെഷനു മുമ്പായി അന്തിമ തീരുമാനം എടുക്കുക.

ആധാരപ്രകാരം ഉള്ള ഭൂമി അധികാരപ്പെട്ടവരെക്കൊണ്ട്‌ (സര്‍വ്വേ ഡിപ്പര്‍ട്ടുമെന്റും ലൈസന്‍സ്ഡ്‌ സര്‍വ്വേയര്‍മാരും മറ്റും) അളന്നു തിട്ടപ്പെടുത്തുക.( ചില അവസരങ്ങളില്‍ ആധാരത്തില്‍ കാണിച്ചത്രയോ അതില്‍ കൂടുതലോ അളവില്‍ കണേക്കാം.)അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കാത്ത അടയാളങ്ങള്‍ സ്ഥപിക്കുക.വേലികള്‍ മതിലുകള്‍ എന്നിവ സ്ഥപിക്കുന്നതും നല്ലതാണ്‌. അതിര്‍ത്തിയില്‍ തോടോ അല്ലെങ്കില്‍ അടുത്ത ഭൂമി നിങ്ങളുടെ ഭൂമിയേക്കാള്‍ ഉണ്ടെങ്കില്‍ താഴ്‌ന്നതോ ആണെങ്കില്‍ അവിടെ കല്ലുകൊണ്ട്‌ കെട്ടുന്നത്‌ മണ്ണൊലിപ്പു തടയുവാന്‍ നല്ലതാണ്‌. ചുരുങ്ങിയ പക്ഷം രാമച്ചം മുതലായ മണ്ണൊലിപ്പുതടയാന്‍ സഹായിക്കുന്ന സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ആകാം.

ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌. അതുപോലെ ഭാഗം കഴിയാത്ത കുടുമ്പസ്വത്തില്‍ പുതുതായി വീടുനിര്‍മ്മിക്കുകയോ നിലവിലുള്ള വീട്‌ പുതുക്കിപ്പണിയുകയോ ചെയ്യുമ്പോള്‍ നിലവില്‍ അതിന്റെ ഉടമസ്ഥവകാശം നിക്ഷിപ്തമായ അധികാരപ്പെട്ടവരില്‍ നിന്നും അനുമതി എഴുതിവാങ്ങിക്കുന്നത്‌ നല്ലതായിരിക്കും,പിന്നീട്‌ ഭാഗസമയത്തുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.

ഓര്‍ക്കുക വാക്കാലുള്ള ഉറപ്പുകള്‍ക്ക്‌ നിയമപരമായ നിലനില്‍പ്പില്ല.

4 comments:

paarppidam said...

വസ്തുവാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... ഒരു പോസ്റ്റുണ്ടേ..!

അലിഫ് /alif said...

ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നന്നായി. ഒരുപാടുപേര്‍ കബളിപ്പിക്കപെട്ടുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്‌; പ്രത്യേകിച്ചും പ്രവാസികള്‍. ഒന്നോ ഒന്നരയോ മാസത്തിന്റെ അവധിക്ക്‌ വന്ന് തിരക്കുപിടിച്ച്‌ സ്ഥലം വാങ്ങുമ്പോള്‍ ഒരുപാടൊന്നും ശ്രദ്ധിക്കാന്‍ പറ്റുകയുമില്ല. എന്റെ ചില നിരീക്ഷണങ്ങള്‍:
1.മെയിന്‍ റോഡിനു വശം ചേര്‍ന്നുള്ള പ്ലോട്ടുകള്‍ വാങ്ങുമ്പോള്‍ വരാന്‍പോകുന്ന റോഡ്‌ വീതികൂട്ടലിനെ കുറിച്ച്‌ ബോധവാനാകേണ്ടതുണ്ട്‌. ചിലയിടത്തൊക്കെ ഇതു സര്‍ക്കാര്‍ ഏറ്റെടുത്ത്‌ കാശും കൊടുത്തിട്ടുണ്ടാവും, വാങ്ങുന്നവര്‍ ഒരിക്കലും അറിയുകപോലുമില്ല.
2. 'ഗ്രീന്‍ സ്‌ട്രിപ്പ്‌'ല്‍ പെട്ടസ്ഥലമാണോന്ന് അന്വേഷിക്കുക; ഈ മേഖലയില്‍ പെട്ട സ്ഥലത്തില്‍ കെട്ടിട നിര്‍മ്മാണം നടത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്‌.അതിന്‌ കാലതാമസം എടുക്കുകയും ചെയ്യും മാത്രമല്ല ഇപ്പോള്‍ ഏതാണ്ട്‌ ഒരു വര്‍ഷത്തോളമായി കോടതി ഇടപെടല്‍ മൂലം സര്‍ക്കാര്‍ ഈ ഉത്തരവുകള്‍ മരവിപ്പിച്ചിരിക്കുകയാണ്‌.
3. റീയല്‍ എസ്റ്റേറ്റ്‌ അഥവാ പ്ലോട്ട്‌ തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അതിനു പ്രത്യേകമായി നേടേണ്ട 'ലേ ഔട്ട്‌' അനുമതിയുണ്ടോ എന്ന് ഉറപ്പ്‌ വരുത്തണം. കാരണം,50 സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച്‌ വില്‍ക്കുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഉണ്ട്‌.അത്‌ പ്രകാരം ടൌണ്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. 90 ശതമാനം പ്ലോട്ടുകള്‍ക്കും ഇതില്ലന്നുള്ളതാണ്‌ സത്യം. ഇത്തരം പ്ലോട്ടുകളില്‍ നിര്‍മ്മിക്കുന്ന വീടിന്‌ നമ്പര്‍ ഇട്ട്‌ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാകുമെന്നോര്‍ക്കുക.(ഇത്‌ കെട്ടിട നിര്‍മ്മാണ അനുമതി ആവശ്യമായ പഞ്ചായത്തു കളിലും ബാധകമാണ്‌)
4.റോഡില്‍ നിന്നും അല്‍പമെങ്കിലും ഉയര്‍ന്നുകിടക്കുന്ന ഭൂമിയാണ്‌ എപ്പോഴും നല്ലത്‌. മണ്ണിട്ട്‌ ഉയര്‍ത്തേണ്ട സ്ഥലമാണെങ്കില്‍ (പ്രത്യേകിച്ച്‌ പ്ലോട്ട്‌ തിരിച്ച്‌ വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും വാങ്ങുന്നത്‌) ഇതിനു ചുറ്റുപാടുമുള്ള പ്ലോട്ടുകളില്‍ നിന്നും റോഡില്‍ നിന്നും താഴ്‌ന്നുപോകാതെ ശ്രദ്ധിക്കുക, ആ പ്രദേശത്തുള്ള മുഴുവന്‍ ഡ്രൈനേജും അവസാനം നിങ്ങളുടെ പ്ലോട്ടിലേക്കാവും വരിക.
5.പ്ലോട്ടിലേക്ക്‌ ഭവനനിര്‍മ്മാണ വസ്തുക്കള്‍ എത്തിക്കുവാനുള്ള എളുപ്പ മാര്‍ഗ്ഗത്തെ കുറിച്ച്‌ ആലോചിക്കണം. വാഹനത്തില്‍ തന്നെ എത്തിക്കുവാന്‍ കഴിയുമോ, തലച്ചുമട്‌ വേണ്ടി വരുമോ, വാഹനത്തിന്‌ തിരിഞ്ഞ്‌ പോകുവാനോ, അല്ലെങ്കില്‍ റിവേര്‍സിലെങ്കിലും സൌകര്യമായി പോകുവാന്‍ ഇടമുണ്ടൊ എന്നൊക്കെ നോക്കണം. തലച്ചുമട് നിര്‍മ്മാണ ചിലവിനെ കാര്യമായി ബാധിക്കുമെന്നോര്‍ക്കുക(തിരുവന്തപുരത്താണെങ്കില്‍ ചുമട്ടു തൊഴിലാളി 'യൂണിയന്‍'കാരുടെ ആക്രമണം കൂടികണക്കിലെടുക്കുകയെന്നൊരു നിര്‍ദ്ദേശം കൂടി ഞാന്‍ വെക്കും..!!)
6.ചെറിയപ്ലോട്ടാണെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടില്ലാത്ത വിധം നിര്‍മ്മാണസാമഗ്രികള്‍ ശേഖരിക്കുവാന്‍ പ്ലോട്ടിലോ സമീപത്തോ ഇടമുണ്ടോ എന്നും നോക്കുന്നത്‌ നന്നായിരിക്കും.

ഓ:ടോ; കുമാറേ, ഇതു കൊലച്ചതിയായിപ്പോയി, ഞാനൊരു പുതിയ ബ്ലോഗ്‌ തുടങ്ങി ആദ്യത്തെ പോസ്റ്റ്‌ ഇതാവണമെന്നു കരുതിയിരിക്കുകയായിരുന്നു, എന്തായാലും നന്നായി, ഞാനിനി ഇതിലേക്കൊരു ലിങ്ക്‌ കൊടുത്താല്‍ മതിയല്ലോ.

paarppidam said...

ഇത്രയും വിലപ്പെട്ട വിവരങ്ങള്‍ തന്നതിനു നന്ദി.ശരിക്കും പ്രവാസികള്‍ക്ക്‌ വേണ്ടി ഇത്തരം കാര്യങ്ങള്‍ക്ക്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തേണ്ടത്‌ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്‌.പ്രവാസികള്‍ നല്‍കുന്ന സംഭാവന കണക്കാക്കുമ്പോള്‍ ത്രീര്‍ച്ചയായും അതൊരു വല്യകാര്യം ഒന്നുമല്ല. ബാങ്കുകള്‍ എത്ര വേഗത്തിലാണ്‌ ലോണ്‍ നല്‍കുന്നത്‌.


പിന്നെ തിരുവനന്തപുരത്തുമാത്രമല്ല "നോക്കുകാശുവാങ്ങുന്ന" (ടിപ്പറില്‍ കൊണ്ടുവരുന്ന് തട്ടുന്ന സാധനങ്ങള്‍ പിന്നെ അവനവന്‍ കാശുകൊടുത്തുവാങ്ങിയ വീട്ടുപകരണങ്ങള്‍ സ്വയമോ സ്വന്തം തൊഴിലാളികളേക്കൊണ്ടൊ ഇറക്കുന്നത്‌ നോക്കി നില്‍ക്കുന്നതിനു കാശുവാങ്ങുന്ന) യൂണിയങ്കാരുള്ളത്‌.

കൊലച്ചതിയെന്നു മാത്രം പറയരുത്‌. ഇത്രനാളും ഞാന്‍ ആബ്ലോഗ്ഗിനു വേണ്ടി കാത്തിരുന്നു...ആരാ ചതിച്ചത്‌.

പിന്നെ ഈ കാര്യങ്ങള്‍ താങ്കള്‍ക്ക്‌ നന്നായി എഴുതാന്‍ കഴിയും എന്ന് എനിക്ക്‌ നല്ല വിശ്വാസമുണ്ട്‌. അപ്പോ അതിലേക്ക്‌ ഞാന്‍ ഒരു ലിങ്ക്‌ കൊടുക്കാം.

s.kumar said...

കൃഷിഭൂമി വാങ്ങി നികത്തി വീടുപണിയുമ്പോള്‍ നിയമപരമായ കുറേ പ്രശ്ന്‍ങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. വീടുവെക്കുവാന്‍ വേറെ സ്ഥലമില്ലാ എന്ന് കാണിച്ച്‌ അപേക്ഷനല്‍കി അനുമതിവാങ്ങുകയും പിന്നീട്‌ കൃഷിഭൂമി നികത്തി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ആളുകള്‍ ഉണ്ട്‌. ഇത്തരം ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പിന്നീട്‌ നിയമപ്രശ്നങ്ങളുമുണ്ടാകുവാനും അതുപോലെ വീടുനിര്‍മ്മിക്കുവാന്‍ കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍/പഞ്ചായത്ത്‌ തുടങ്ങിയ ഓഫീസുകളില്‍ നിന്നും അപ്രൂവല്‍ ലഭിക്കാതിരിക്കുവാനും കാരണമായേക്കാം.

E-pathram

ePathram.com