Monday, October 30, 2006

ഡൈനിങ്ങ്‌ റൂം.

കേവലം ഭക്ഷണം കഴിക്കുവാനുള്ള ഒരു ഇടം എന്നതില്‍ നിന്നും വീട്ടിലുള്ള അംഗങ്ങള്‍ക്ക്‌ ഒത്തുകൂടുവാനും സംസാരിക്കുവാനും ഉള്ള ഒരിടംകൂടിയാണ്‌ ഡൈനിങ്ങ്‌ റൂം.(ഫോര്‍മലായി സ്വീകരിക്കേണ്ട അതിഥികള്‍ ഇല്ലാത്തപ്പോള്‍ ലിവിങ്ങ്‌ റൂമിനേക്കാള്‍ കൂടുതല്‍ സാധാരണയായി വീട്ടിലെ അംഗങ്ങള്‍ കൂടുതലായും ഡൈനിങ്ങ്‌ റൂമിലാണ്‌ ഒത്തുകൂടുക)
ചില വീടുകള്‍ക്ക്‌ ഡൈനിങ്ങ്‌ ഹാളും ലിവിങ്ങും ഒറ്റ "ഹാള്‍" ആയിട്ടാണ്‌ നല്‍കാറുള്ളത്‌.ഇതിന്റെ ഇരുവശത്തുമായി മറ്റു മുറികള്‍ ക്രമീകരിക്കുന്നു. ഇത്‌ പലപ്പോഴും വീട്ടുകാരുടെ സ്വകാര്യതക്ക്‌ തടസ്സമാകാറുണ്ട്‌.1000 ചതുരശ്രയടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ക്ക്‌ ലിവിങ്ങും ഡൈനിങ്ങും പ്രത്യേകം കൊടുക്കുന്നതായിരിക്കും നല്ലത്‌.

ഡൈനിങ്ങ്‌ റൂമില്‍ നിന്നും മറ്റു മുറികളിലേക്കുള്ള വാതിലുകള്‍ പരമാവധി സ്ഥലം നഷ്ട്ടപ്പെടാത്ത രീതിയില്‍ കൊടുക്കുവാന്‍ ശ്രദ്ധിക്കണം.( മൂന്നു മൂലകളിലും വാതില്‍ വന്നാല്‍ പലപ്പോഴും അത്‌ ഡൈനിങ്ങ്‌ റൂമിന്റെ സൗകര്യത്തെ കുറക്കും)

ടേബിള്‍ മധ്യഭാഗത്തിട്ടാല്‍ അതിനു ചുറ്റും നടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം.

റ്റോയ്‌ലറ്റിന്റെ വാതില്‍ വാഷ്ബേസിന്‍ എന്നിവ നേരിട്ട്‌ ഡൈനിങ്ങ്‌ റൂമിലേക്ക്‌ വരത്തക്ക വിധം ആയിരിക്കരുത്‌. ഒരു ചെറിയ പോക്കറ്റ്‌ കൊടുക്കുക.

സ്റ്റൈയര്‍കേസ്‌ ഡൈനിങ്ങ്‌ റൂമില്‍ നിന്നും കൊടുക്കുമ്പോള്‍ അത്‌ ഒരു വിധത്തിലും ഡൈനിങ്ങ്‌ ടേബിളിന്റെ സൗകര്യത്തെ ബാധിക്കാത്തരീതിയില്‍ കൊടുക്കുക.
(ഇതോടൊപ്പം ഉള്ള ചിത്രത്തില്‍ നിന്നും ഒരു മോശം ഡൈനിങ്ങ്‌ റൂമിന്റെ അറേഞ്ച്‌മന്റ്‌ കാണാം)

ഭക്ഷണത്തിന്റെ മണം കെട്ടിനില്‍ക്കാതിരിക്കാന്‍ ഡൈനിങ്ങ്‌ റൂമില്‍ നല്ലവണ്ണം വെന്റിലേഷന്‍ ഉണ്ടായിരിക്കണം. ഒരു വശത്തെങ്കിലും നേരിട്ട്‌ പുറത്തേക്ക്‌ തുറക്കാവുന്ന വിന്റോകളോ അലെങ്കില്‍ കോര്‍ട്ട്‌ യാര്‍ഡോ നല്‍കണം.ഡബിള്‍ ഹൈറ്റും നല്‍കിയാല്‍ നന്നായിരിക്കും.

മുറിയുടെ ആകൃതി വലിപ്പം എന്നിവക്ക്‌ അനുസൃതമായ ടേബിളുകള്‍ തിരഞ്ഞെടുക്കുക. വളരെ വലിയ ടേബിളുകള്‍ ഒഴിവാക്കുക.

ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ കൊടുക്കാം.

അടുക്കളക്കും ഡൈനിങ്ങ്‌ ഹാളിനും ഇടയില്‍ ഒരു പാണ്ട്രി സെറ്റുചെയ്യാം. അടുക്കളചുമരില്‍ ഒരു ചെറിയ ഓപ്പണിങ്ങ്‌ ഉണ്ടാക്കി ഒരു കിളിവാതില്‍ കൊടുത്ത്‌ അവിടെ നിന്നും ഭക്ഷണം സെര്‍വ്വ്‌ ചെയ്യുവാന്‍ സൗകര്യം കൊടുക്കാം.

ഇന്റീരിയര്‍ പ്ലന്റുകള്‍ വെക്കുന്നതും നന്നായിരിക്കും.

സ്ഥലപരിമിതിയുള്ളവര്‍ക്കും അണുകുടുമ്പങ്ങള്‍ക്കും ഓപ്പണ്‍ കിച്ചണ്‍ നല്‍കാം.അല്‍പ്പം സ്വതന്ത്ര ചിന്തയും വൃത്തിയും ഉണ്ടെങ്കില്‍ ഡൈനിങ്ങും കിച്ചണും ഒരുമിച്ചാകുന്നതില്‍ കുഴപ്പം ഒന്നും ഇല്ല.


നോണ്‍ വെജ്‌ ഉപയോഗിക്കുന്ന വീടുകളാണെങ്കില്‍ പൂജാമുറികള്‍ ഡൈനിങ്ങിനോട്‌ ചേര്‍ന്ന് കൊടുക്കാതിരിക്കുന്നത്‌ നല്ലതാണ്‌.

ഡൈനിങ്ങിനോട്‌ ചേര്‍ന്ന് വെന്റിലേഷനു കോട്ടം വരാത്തരീതിയില്‍ ഒരു വരാന്തയും പിന്നെ ഗാര്‍ഡനും കൊടുക്കുന്നതും നല്ലതാണ്‌. ഇടക്ക്‌ പുറത്തിരുന്നും ഭക്ഷണം ആകാം!

Wednesday, October 25, 2006

ഒരു അറിയിപ്പ്‌.

പ്രിയ വായനക്കാരെ പാര്‍പ്പിടം എന്ന പേരിലും അതിനോടു സാദൃശ്യമുള്ള പേരുകളിലും ഉള്ള ചില ബ്ലോഗ്ഗുകള്‍ പ്രത്യക്ഷപ്പെട്ടതായി ചില സുഹൃത്തുക്കള്‍ പറയുകയുണ്ടായി. ആരുടെയെങ്കിലും ബ്ലോഗ്ഗുകളില്‍ എന്റെ പേരില്‍ കമന്റുകള്‍ വരികയാണെങ്കില്‍ അതു ഞാന്‍ തന്നെ ഇട്ടതാണോ എന്ന് കൃത്യമായി പരിശൊധിച്ച്‌ ഉറപ്പുവരുത്തുക.(കമന്റിനോടൊപ്പം ഉള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ഉറപ്പുവരുത്തുവാന്‍ സാധിക്കും, മറ്റു വല്ല സംവിധാനവും ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ പറഞ്ഞുതരിക.) സാധാരണക്കാരുടെ പാര്‍പ്പിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ചില അറിവുകള്‍ പകര്‍ന്നുതരുവാനുള്ള എന്റെ എളിയശ്രമത്തിനു നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ക്ക്‌ നന്ദിപറയുന്നതോടൊപ്പം ഇതൊരു വാണിജ്യ താല്‍പ്പര്യത്തോടുകൂടിയ ബ്ലോഗ്ഗല്ല എന്ന് ഒരിക്കല്‍കൂടെ പറയുകയാണ്‌. ദയവുചെയ്ത്‌ സമാനനാമങ്ങളില്‍ ഉള്ള ബ്ലോഗ്ഗുകളില്‍ നിന്നും ഉള്ള ഏതെങ്കിലും കമന്റുകള്‍ കണ്ട്‌ തെറ്റിദ്ധരിക്കാതിരിക്കുക.

ഫ്ലാറ്റുകള്‍ വാങ്ങുമ്പോള്‍.

അമ്പരചുമ്പികളായ ഫ്ലാറ്റുകള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ മലയാളികള്‍ ഈ ആകാശസൗധങ്ങളെ കൗതുകത്തോടെയാണ്‌ നോക്കിക്കണ്ടത്‌. ഇന്ന് കേരളത്തില്‍ ഇത്തരം കെട്ടിടങ്ങള്‍ സര്‍വ്വ സാധാരണമായി. താമസിക്കുവാന്‍ ഒരു ഇടം എന്നതിലപ്പുറം ഇന്ന് പല മലയാളികളും ഫ്ലാറ്റുകളെയും വില്ലകളേയും ഒരു നിക്ഷേപമായി കരുതുവാന്‍ തുടങ്ങുകയും അതില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തുകയും ചെയ്തുവരുന്നു. വിദേശമലയാളികളാണ്‌ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌.മാസത്തില്‍ നിരവധി റിയല്‍ എസ്റ്റേറ്റ്‌ കമ്പനികളുടെ പ്രതിനിധികള്‍ തങ്ങളുടെ ഫ്ലാറ്റുകളുടെ വിപണനാര്‍ഥം ഗള്‍ഫുരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. കേരളത്തിലെ വ്യവസായത്തില്‍ നിക്ഷേപം നടത്തിയ തങ്ങളുടെ പല മുന്‍ ഗാമികള്‍ക്കും ഉണ്ടായ തിക്താനുഭവങ്ങളും കൂടാതെ വിവിധ വകുപ്പുകളിലെ നൂലാമാലകളും വ്യവസായമേഘലയില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും വിദേശമലയാളികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ബാങ്കിങ്ങ്‌ രംഗത്തെ പലിശകുറവും കാര്‍ഷികരംഗം നേരിടുന്ന തകര്‍ച്ചയും വച്ച്‌ നോക്കുമ്പോള്‍ അതിവേഗം കുതിച്ചുയരുന്ന റിയലെസ്റ്റേറ്റ്‌ രംഗത്തേക്ക്‌ മലയാളികള്‍ തിരിയുവാന്‍ പ്രധാന കാരണമായി.കൂടാതെ ബാങ്കുകള്‍ നൂലാമാലകളില്ലാതെ തെന്നെ ലോണ്‍ അനുവധിക്കുവാനും തുടങ്ങി. ഇതിന്റെ സാധ്യത മുതലെടുത്തുകൊണ്ട്‌ നിരവധി റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനങ്ങളും പുതുതായി ഉയര്‍ന്നുവന്നു.നിരവധി ഫ്ലാറ്റുകളും വില്ലാപ്രോജക്ടുകളും കേരളത്തിന്റെ ചെറുപട്ടണങ്ങളെ കേന്ദ്രീകരിച്ചുപോലും ഉണ്ടാകാന്‍ തുടങ്ങി.പത്ര ദൃശ്യമാധ്യമങ്ങളുടെ ജനസ്വാധീനം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അവര്‍ തങ്ങളുടെ വിപണി അനായാസം കണ്ടെത്തി. ഇവിടെ നിക്ഷേപര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വഞ്ചിതരാകുവാനുള്ള സാധ്യതയും ഏറെയാണ്‌.

നിങ്ങള്‍ വാങ്ങുന്ന ഫ്ലാറ്റ്‌ നാളെ വന്‍ലാഭത്തോടെ വിറ്റഴിക്കാമെന്നും അതിന്റെ മുതല്‍മുടക്ക്‌ തുച്ചമാണെന്നും ഭാക്കി ബങ്കുകള്‍ വായ്പയായി നല്‍കുമെന്നുമൊക്കെയുള്ള വന്‍ പ്രചാരണങ്ങളില്‍ വീഴുന്നതിനുമുന്‍പ്‌ ഒരുനിമിഷം അല്‍പ്പകാലം മുന്‍പ്‌ ആട്‌, തേക്ക്‌, മാഞ്ചിയം തുടങ്ങിയ പല സംരംഭങ്ങളും മോഹന വാഗ്ദാനങ്ങള്‍ നല്‍കി വന്‍ തട്ടിപ്പ്‌ നടത്തിയിട്ടുള്ള കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്‌. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചേടത്തോളം പലപ്പോഴും നാട്ടില്‍പോയി ഫ്ലാറ്റിന്റെ ഗുണനിലവാരം നേരില്‍ കണ്ടു ബോധ്യപ്പെടാന്‍ പറ്റിയെന്നുവരില്ല.പണിതുടങ്ങാന്‍ പോകുന്ന ഫ്ലാറ്റിന്റെയാണെങ്കില്‍ ബ്രോഷറികളില്‍ അതിമനോഹരമായി രൂപപ്പെടുത്തിയ ത്രിമാന ചിത്രം ആയിരിക്കും പലപ്പോഴും ലഭിക്കുക. ഇത്തരം ചിത്രങ്ങള്‍ പലപ്പോഴും യഥാര്‍ത്തത്തിലുള്ള സൈറ്റില്‍ ആബില്‍ഡിങ്ങ്‌ പണിതാല്‍ ലഭിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും നല്‍കുക. മറ്റൊന്ന് പലപ്പോഴും ബ്രോഷറുകളില്‍ വരുന്ന പ്ലാനുകള്‍ യഥാര്‍ഥ അള്‍വുകളില്‍ ആയിര്‍ക്കില്ല ലഭിക്കുന്നത്‌.കൃത്യമായ സ്കേല്‍ രേഖപ്പെടുത്താത്ത പ്ലാനുകളില്‍ സൗകര്യങ്ങള്‍ ഒത്തിരിയുള്ളതായി തോന്നിയേക്കാം.തീര്‍ച്ചയായും ഒരു ആര്‍ക്കിടെക്റ്റിന്റെ സഹായത്താല്‍ പ്രസ്തുത കെട്ടിടത്തിന്റെ പ്ലാനിങ്ങിനെകുറിച്ചും അതിന്റെ ഉപയോഗക്ഷമതയെകുറിച്ചും വിശദമായി മനസ്സിലാക്കാവുന്നതാണ്‌. ഒരു നിക്ഷേപമായി ഫാറ്റുവാങ്ങുമ്പൊള്‍ അതിന്റെ വിപണന സാധ്യതയെകുറിച്ച്‌ ഈ രംഗത്തെ വിദഗദന്റെ ഉപദേശം തേടാവുന്നതാണ്‌.

ഫ്ലാറ്റുകള്‍ വാങ്ങും മുന്‍പ്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1.കെട്ടിടം നിര്‍മ്മിക്കാനുള്ള വിവിധവകുപ്പുകളുടെ അനുമതി പത്രം ലഭിച്ചിട്ടുണ്ടോ എന്നും പൂര്‍ത്തിയായകെട്ടിടമാണെങ്കില്‍ കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടോ എന്നും പരിശോധിക്കുക. സ്ഥലത്തിന്റെ രെജിസ്റ്റ്രേഷന്‍,നികുതി തുടങ്ങിയവയും അതുപോലെ പ്രസ്തുത കെട്ടിടത്തിലോ ഭൂമിയിലോ ബാധ്യതകള്‍ ഒന്നും ഇല്ലെന്നു വ്യക്തമാക്കുന്ന രേഖകളും പരിശോധിച്ച്‌ ഉറപ്പുവരുത്തുക.

2. നിലവില്‍ പണിപൂര്‍ത്തിയാക്കിയതാണോ അതോ നിര്‍മ്മിക്കുവാന്‍ പോകുന്ന താണോ എന്ന് തീര്‍ച്ചപ്പെടുത്തുക.നിര്‍മ്മിക്കുവാന്‍ പോകുന്നതാണെങ്കില്‍ അത്‌ എത്രകാലം കൊണ്ട്‌ പൂര്‍ത്തിയാക്കുമെന്ന് കരാറില്‍ വ്യക്തമായി കാണിച്ചിരിക്കണം.പിന്നെ കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഏതുതരത്തില്‍ അതു ഈടാക്കാം എന്നും അറിഞ്ഞിരിക്കണം.അതുപോലെ ചതുപ്പുനിലങ്ങള്‍ നികത്തിയെടുത്ത ഭൂമിയില്‍ നിര്‍മ്മിച്ചകെട്ടിടങ്ങള്‍ക്ക്‌ വേണ്ടത്ര ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്‌.ഇതുസംബന്ധിച്ച വിശധമായ രേഖകള്‍ ബില്‍ഡറുടെ കൈയ്യില്‍ നിന്നും ചോദിച്ച്‌ വാങ്ങാവുന്നതാണ്‌.പണിതീര്‍ന്നതാണെങ്കില്‍ എത്രഫ്ലാറ്റുകള്‍ വിറ്റുപോയി എന്നും അതില്‍ താമസിക്കുന്നവരുടെ അഭിപ്രായം എന്താണെന്നും തിരക്കുക.

3.ഫ്ലാറ്റിന്റെ വിപണിമൂല്യവും നിങ്ങള്‍ നല്‍കേണ്ട വിലയും സമ്പന്തിച്ച്‌ ഒരു വിദഗ്ദന്റെ അഭിപ്രായം തേടുന്നത്‌ നല്ലതാണ്‌.പിന്നീട്‌ വില്‍ക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ലാഭ നഷ്ട്ടങ്ങളെകുറിച്ചും അദ്ദേഹത്തില്‍നിന്നും ഏകദേശ രൂപം ലഭിക്കുന്നതണ്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം വന്‍ തുകക്ക്‌ വില്‍ക്കമെന്ന് കരുതുമ്പോള്‍ തന്നെ കെട്ടിടത്തിന്റെ ഡിപ്രീസിയേഷന്‍ എന്ന "പ്രതിഭാസത്തെ"ക്കുറിച്ച്‌ ഒരു ധാരണ ഉണ്ടാകുന്നത്‌ നല്ലതാണ്‌. വാടകക്ക്‌ നല്‍കുവാന്‍ ഉദ്ദേശിച്ചാണ്‌ ഫ്ലാറ്റ്‌ വാങ്ങുന്നതെങ്കില്‍ നിങ്ങളുടെ ഫ്ലാറ്റിനു ലഭിക്കാവുന്ന പരമാവധി വാടകയെക്കുറിച്ച്‌ ഒരു കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്‌. വിപണനത്തിനായി പലപ്പോഴും മനോഹരമായ പരസ്യവാചകങ്ങളും പെരുപ്പിച്ച കണക്കുകളും സ്വീകരിക്കുന്ന പല കമ്പനികളും കണ്ടേക്കാം.

4.ബാങ്കില്‍ നിന്നും ലോണെടുക്കുകയാണെങ്കില്‍ തിരിച്ചടവിന്റെ തവണകളെക്കുറിച്ചും അതിന്റെ പലിശയെകുറിച്ചും അടവില്‍ എന്തെങ്കിലും വിധത്തിലുള്ള വീഴ്ച്ച സംഭവിക്കുകയാണെങ്കില്‍ അതുസംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍/നഷ്ടങ്ങള്‍ എന്നിവയെകുറിച്ച്‌ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

5.നിര്‍മ്മാണ കമ്പനിയുടെ രജിസ്റ്റ്രേഷന്‍ സമ്പന്തിച്ചും മുന്‍പ്‌ ഈ കമ്പനി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ വിവരങ്ങളും അവര്‍ക്ക്‌ ഈ രംഗത്തുള്ള ഗുഡ്‌ വില്ലിനെകുറിച്ചും വ്യക്തമായി അന്വേഷിച്ച്‌ ഉറപ്പുവരുത്തുക.നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം കുറച്ച്‌ അമിത ലാഭത്തിനു ശ്രമിക്കുന്ന കമ്പനികള്‍ ഉണ്ടായേക്കാം.

6.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റിന്റെയും സ്റ്റ്രക്ചര്‍ ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ എന്നിവരുടെയും എക്സപീരിയന്‍സും യോഗ്യതയും.കൂടാതെ കെട്ടിടം പണിയുന്ന/പണിത കരാറുകാരന്റെയും വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും.

7.ഫ്ലാറ്റിന്റെ ക്രയവിക്രയവും അതുപോലെ നിങ്ങള്‍ക്കതില്‍ ഉള്ള അധികാരങ്ങളും അവകാശങ്ങളും സമ്പന്തിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന കരാര്‍ മിക്ക കമ്പനികളും മുങ്കൂറായി തയ്യാറാക്കിയിട്ടുണ്ടാകും ഇത്‌ ഒരു അഭിഭാഷകന്റെ സഹായത്താല്‍ വിശദമായി മനസ്സിലാക്കുക.

8.ഫ്ലാറ്റു വാങ്ങുന്നതു സമ്പന്തിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ വസ്തുവിനെക്കുറിച്ചും ഫ്ലാറ്റ്‌ ഏതുനിലയില്‍ ഏതു വശത്തായി വരുന്നു തുടങ്ങിയ വിവരങ്ങള്‍ കരാറില്‍ ഉണ്ടായിരിക്കണം.മിക്ക ഫ്ലാറ്റുനിര്‍മ്മാതാക്കളും കാര്‍പാര്‍ക്കിങ്ങിനു പ്രത്യേകം പണമടക്കേണ്ടി വരാറുണ്ട്‌. ഇത്‌ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടായിരിക്കണം.

9.വിവിധ ടാക്സുകള്‍, ഇലക്ര്ട്രിസിറ്റി, വെള്ളം, നികുതി മെയ്ന്റനന്‍സ്‌ ചാര്‍ജ്ജുകള്‍ എന്നിവയെകുറിച്ച്‌ പ്രത്യേകം ചോദിച്ച്‌ മനസ്സിലാക്കുക.

10. ചിലയിടങ്ങളില്‍ കായല്‍/കടലിലേക്കുള്ള വ്യൂകിട്ടുന്ന ഫ്ലാറ്റുകള്‍ക്ക്‌ അധികം തുക നല്‍കേണ്ടിവരാറുണ്ട്‌. ഇത്പ്രത്യേകം ശ്രദ്ധിക്കുക.വേണ്ടത്ര ജനലുകളും വരാന്തകളും ആവശത്തു വരുന്നുണ്ടോ നല്‍കുന്ന തുകക്ക്‌ അത്‌ പ്രയോജനപ്പെടുന്നുണ്ടൊ എന്നെല്ലാം ഒരു ആര്‍ക്കിടെക്റ്റിന്റെസഹായത്താല്‍ അറിയാവുന്നതാണ്‌. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കോംണ്‍ ഏരിയായെ സംബന്ധിച്ചാണ്‌. സ്റ്റെയര്‍കേസ്‌,ലിഫ്റ്റ്‌, ലോബികള്‍, ജനറേറ്റര്‍/പമ്പ്‌ റൂ തുടങ്ങിയവയ്ക്കാണ്‌ പൊതുവില്‍ കോമണ്‍ ഏരിയാ എന്ന് പറയുന്നത്‌. ഇത്‌ ആ ഫാറ്റിലെ എല്ലാവര്‍ക്കും കൂടി ഉപയോഗിക്കാനുള്ള താണ്‌. ഇതിനു ഓരോ ഫ്ലാറ്റുടമയില്‍ നിന്നും പ്രത്യേകം പണം ഈടാക്കുന്നുണ്ട്‌/ ഇതുകൂടെ കൂട്ടിയിട്ടാണ്‌ ഫാറ്റിന്റെ വില നിശ്ചയിക്കുന്നത്‌.ഇങ്ങനെ ഓരോരുത്തര്‍ക്കായി വിഭജിക്കെപ്പെടുന്നതില്‍ നിങ്ങളുടെ ഫ്ലാറ്റിന്റെ ഏരിയായുടെ 20% ല്‍ കൂടുതലാണോ ഈടാക്കുന്നത്‌ എന്ന് പരിശോധിക്കുക.

11.റ്റൊയ്‌ലറ്റുകളുടെ വെന്റിലേഷനും ഡ്രയിനേജ്‌ സൗകര്യങ്ങളും ശ്രദ്ധിക്കുക.മറ്റുള്ളവര്‍ക്ക്‌ നിങ്ങളുടെ റ്റൊയ്‌ലറ്റിന്റെ വിന്റോ/വെന്റിലേറ്റര്‍ വഴി അകത്തേക്ക്‌ കാഴ്ച ഉണ്ടാകില്ലാ എന്ന് ഉറപ്പുവരുത്തുക. ജനലുകള്‍ വഴി അകത്തേക്ക്‌ മഴവെള്ളം കയറാനുള്ള സാധ്യതയും പരിശോധിക്കുക.

12.സൗകര്യം സുരക്ഷിതത്വം രേഖകളുടെ കൃത്യത വിപണന സാധ്യത മെയിന്റനന്‍സ്‌ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌.

13.ഭൂകമ്പ പ്രതിരോധം ഉള്ളരീതിയിലാണോ സ്റ്റ്രക്ചര്‍ ഡിസൈന്‍ എന്നും അഗ്നിഭാധതടയുവാനുള്ള സംവിധാനങ്ങള്‍ എന്നിവയും പരിശൊധിച്ച്‌ ഉറപ്പുവരുത്തുക.

14.നിങ്ങളുടെ ഫ്ലാറ്റിന്റെ അടിസ്ഥാന രൂപകഘടനയില്‍ മാറ്റം വരുത്തുവാന്‍ ചില പരിമിതികള്‍ ഉണ്ട്‌. ചില ബില്‍ഡേഴ്സ്‌ ക്ലൈന്റിന്റെ താല്‍പര്യാര്‍ത്ഥം നിര്‍മ്മാണത്തിനുമുമ്പ്‌ തന്നെ ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അനുവധിക്കുകയും അതിനനുസരിച്ച്‌ നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്യാറുണ്ട്‌.

15.ഫ്ലാറ്റിന്റെ ലൊക്കേഷനും അതിലേക്കുള്ള വഴികളും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിധത്തിലാണോ എന്നു പരിശോധിക്കുക.

16.ഫ്ലാറ്റുജീവിതത്തില്‍ ചില സ്വയം നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തുള്ള ഫ്ലാറ്റുകാര്‍ക്ക്‌ അലോസരം ഉണ്ടാക്കുന്ന വിധത്തിലാകരുത്‌. ഇക്കാര്യങ്ങളില്‍ റസിഡന്റ്‌ അസോസിയേഷനുകളുടെ നിയമാവലികള്‍ അംഗീകരിക്കുവാന്‍ ഓരോ ഫ്ലാറ്റുടമയും ബാധ്യസ്തനാണ്‌.

ഓര്‍ക്കുക തിരക്കുപിടിച്ച്‌ ഒരു നിക്ഷേപം നടത്തുന്നതിനേക്കാള്‍ എത്രയും നന്നാകുക നല്ലവണ്ണം ചിന്തിച്ച്‌ വിശദമായി അന്വേഷണം നടത്തിയതിനു ശേഷം മാത്രം ഒരു നിക്ഷേപം നടത്തുക. വഞ്ചിക്കപ്പെട്ടിട്ട്‌ പിന്നീടു ദുഖിക്കുന്നതിനേക്കാള്‍ നല്ലത്‌

Sunday, October 22, 2006

പ്ലാന്‍-5Aതാഴെകൊടുത്തിരിക്കുന്ന പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതാണിത്‌. അടുക്കളയുടെയും ബെഡ്രൂം 1 ന്റെയും സ്ഥാനം പരസ്പരം മാറ്റിയിരിക്കുന്നു. 1260 ചതുരശ്ര അടിയാണിതിന്റെ വിസ്തീര്‍ണ്ണം(കാര്‍ പോര്‍ച്ച്‌ കൂടാതെ)

Thursday, October 19, 2006

പ്ലാന്‍-51245 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള (കാര്‍പോര്‍ച്ചോഴികെ) ഒരു വീടിന്റെ പ്ലാന്‍. കിച്ചണില്‍ അത്യാവശ്യം രണ്ടുപേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കൊടുത്തിരിക്കുന്നു. കൂടാതെ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ പ്രത്യേകം ഷെല്‍ഫ്‌ നല്‍കിയിരിക്കുന്നതിനാല്‍ വര്‍ക്കിങ്ങ്‌ സ്ലാബിനു ചുറ്റും കാബിനറ്റുകള്‍ നല്‍കേണ്ടതില്ല, ഇത്‌ അടുക്കളയുടെ സൗകര്യം വര്‍ദ്ധിപ്പിക്കും. ബെഡ്രൂം 1 -ലെ ടോയ്‌ലറ്റില്‍ വെറ്റ്‌ ഏരിയായും ഡ്രൈ ഏരിയായും പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. ഇതു പ്ര്യത്യേകം ഗ്ലാസ്സുകൊണ്ടോ അല്ലെങ്കില്‍ കര്‍ട്ടങ്കൊണ്ടോ വേര്‍തിരിക്കാവുന്നതാണ്‌. കുളിക്കുമ്പോള്‍ വെള്ളം റ്റോയ്‌ലറ്റിന്റെ തറയുടെ എല്ലാഭാഗത്തും ഒഴുകി എത്താതിരിക്കുവാന്‍ ഇതു സഹായിക്കും.

Thursday, October 12, 2006

വാസ്‌തുവിന്‌ ഒരാമുഖം

ശില്‌പവിദ്യയുടെ ശാസ്‌ത്രമാണ്‌ വാസ്‌തു! അതിന്‌ വേദകാലത്തോളം
പഴക്കമുണ്ട്‌. വാസ്‌തു എന്ന സംസ്‌കൃത പദത്തിന്‌ പാര്‍പ്പിടം എന്നാണ്‌
അര്‍ത്ഥം. 'അപൗരുഷേയം' (മനുഷ്യനിര്‍മ്മിതമല്ലാത്തത്‌) എന്നു
പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ്‌ വാസ്‌തു. അഥര്‍വവേദത്തിന്റെ ഒരു
ഉപവേദമാണ്‌ വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്‌.
പൗരാണിക ശില്‌പവിദ്യയെ സംബന്ധിക്കുന്ന ഒരു മഹത്ഗ്രന്ഥമായ
'മാനസാരം' വാസ്‌തുവിനെ ധര(ഭൂമി) ഹര്‍മ്മ്യം(കെട്ടിടം) യാനം(വാഹനം)
പര്യങ്കം(കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
അടിസ്ഥാനപരമായി വടക്ക്‌ കിഴക്ക്‌ തെക്ക്‌ പടിഞ്ഞാറ്‌ എന്നീ നാലു
ദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തെയും വാസ്‌തുശാസ്‌ത്രം
പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊര്‍ജ്ജങ്ങളെയും മനുഷ്യനിലും
അവന്റെ ചുറ്റുപാടുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തെയും തമ്മില്‍
ബന്ധപ്പെടുത്തിയാണ്‌ വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സൗരോര്‍ജ്ജം,
വൈദ്യുതി കാന്തികം ഗുരുത്വാകര്‍ഷണം എന്നീവ കൂടാതെ ആധുനിക
മനുഷ്യന്‌ അജ്ഞാതമായ മറ്റ്‌ ഊര്‍ജ്ജങ്ങളെയും വാസ്‌തു പരിഗണിക്കുന്നുണ്ട്‌.
രാമായണമഹാഭാരത കാലഘട്ടങ്ങള്‍ക്കു മുന്‍പുതന്നെ വാസ്‌തു
പ്രാബല്യത്തില്‍ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചറിയാന്‍
സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തില്‍ പണികഴിപ്പിച്ച
കെട്ടിടങ്ങളെക്കുറിച്ച്‌ ബുദ്ധമതഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്‌. ബുദ്ധഗോഷിന്റെ
വ്യാഖ്യാനത്തോടെയുള്ള 'ചുള്ളവാഗ്ഗാ' എന്ന കൃതിയില്‍
ശില്‌പവിദ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉണ്ടെന്ന് പറയപെടുന്നു.
കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകര്‍ച്ച,
ശില്‌പവിദ്യ വാല്‍നക്ഷത്രങ്ങള്‍ തുടങ്ങി പ്രകൃതിയിലെ പല
പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹത്ഗ്രന്ഥമാണ്‌ 'ബ്രഹത്‌
സംഹിത' എ.ഡി, ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിശാസ്‌ത്രജ്ഞനും
ഗണിതശാസ്‌ത്രജ്ഞനുമായ വരാഹമിഹരനാണ്‌ ഇതിന്റെ രചയിതാവ്‌.
പാര്‍പ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന
സില അധ്യായങ്ങള്‍ ഇതിലുണ്ട്‌.
വേദങ്ങള്‍ക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ
വിവരങ്ങള്‍ ഉണ്ട്‌. കാമികാഗമം, കര്‍ണാഗമം, സുപ്രഭേദാഗമം,
വൈഖാനസാഗമം, അംശുമദ്ഭേദാഗമമെന്നിവയാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്‌.
കിരണതന്ത്രം, ഹയര്‍ശീര്‍ഷതന്ത്രം മുതലായ ചില താന്ത്രിക
ഗ്രന്ഥങ്ങളിലും കൗടില്യന്റെ അര്‍ത്ഥശാസ്‌ത്രം ശുക്രനീതി എന്നീ
കൃതികളിലും ശില്‌പകലയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്‌.
പാര്‍പ്പിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ്‌
മാനസാരം, മയന്‍ രചിച്ച മയാമതം, ഭോഗരാജാവ്‌ രചിച്ച
സമരഞ്ജനസൂത്രധാരം, വരാഹമിഹരന്റെ വിശ്വകര്‍മ്മ പ്രകാശം ശില്‌പരത്നം,
അപരാജിതപ്രച്ഛ, മനുഷ്യാലയ ചന്ദ്രിക എന്നിവ.
ഇതില്‍ മാനസാരത്തില്‍ വീടുകള്‍ പണിയുന്നതിനെക്കുറിച്ചും വിഗ്രഹങ്ങള്‍
നിര്‍മ്മിക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്‌.
വാസ്‌തുശാസ്‌ത്രമെന്നാല്‍ മാനസാരമാണ്‌ എന്നുതന്നെ പറയാം. ഇതിന്റെ രചനാകാലം
ക്രിസ്‌തുവിനും ഏതാനും നൂറ്റാണ്ടുകള്‍ മുന്‍പാണെന്ന് കണക്കാക്കിയിരിക്കുന്നു.
അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരന്‍, മാനങ്ങളുടെ
- അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം
ശില്‌പവിദ്യയെയും വിഗ്രഹനിര്‍മ്മാണത്തെയും സംബന്ധിച്ച രീതികളും
നിയമാവലികളും എന്നിങ്ങനെ മൂന്നുരീതിയില്‍ 'മാനസാരം' എന്ന പദത്തിന്‌
അര്‍ത്ഥം കല്‌പിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ്‌ ഈ കൃതിയിലുള്ളത്‌.
അളവുകള്‍ക്ക്‌ മുഖ്യമായും രണ്ട്‌ ഏകകങ്ങളാണ്‌ മാനസാരം
ഉപയോഗിച്ചിരിക്കുന്നത്‌. ശില്‌പവിദ്യയിലെ അളവുകള്‍ക്ക്‌ അംഗുലവും (ഏകദേശം 3 സെന്റീമീറ്റര്‍)
ഹസ്‌തവും (24 അംഗുലം)
വിഗ്രഹനിര്‍മ്മാണത്തിന്‌ താലം (നിവര്‍ത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം
മുതല്‍ നടുവിരലിന്റെ അറ്റം വരെയുള്ള നീളം)

വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്‌.
മുഖ്യവാസ്‌തുശില്‌പിയെ സ്ഥപതി എന്നുവിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആള്‍ക്ക്‌
സൂത്രഗ്രാഹി എന്നും പെയിന്റര്‍ക്ക്‌ വര്‍ദ്ധാന്തി എന്നും ആശാരിക്ക്‌
സൂത്രധാരന്‍ എന്നുമാണ്‌ പേര്‌.
മാനസാരത്തില്‍ വാസ്‌തുശില്‌പിയുടെ ചില യോഗ്യതകളെക്കുറിച്ച്‌
പറയുന്നുണ്ട്‌.
1. നൂതനമായ ആശയങ്ങള്‍ ഉണ്ടായിരിക്കണം.
2. വിജ്ഞാനം നേടാനുള്ള കഴിവു വേണം
3. നല്ലൊരു എഴുത്തുകാരന്‍ ആയിരിക്കണം
4. രേഖാനിര്‍മ്മാണ കൗശലം വേണം (ഡ്രാഫ്റ്റ്മാന്‍ഷിപ്പ്‌)
5. പ്രകൃതിയുടെ തത്വങ്ങളും ധര്‍മ്മനീതിയും അറിഞ്ഞിരിക്കണം
6. നിയമശാസ്‌തവും ഭൗതികശാസ്‌ത്രവും അറിഞ്ഞിരിക്കണം
7. ജ്യോതിഷത്തിലും ഗണിതത്തിലും പരിജ്ഞാനം വേണം

മേല്‍പ്പറന്‍ഞ്ഞ ക്ലാസിക്‌ കൃതികളില്‍ പരാമര്‍ശിക്കുന്ന ഒന്നാണ്‌ 'ആയം'
ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ്‌ ആയം എന്ന
സങ്കല്‌പം. അതുകൊണ്ട്‌ നിശ്ചിതമാനദണ്ഡമുപയോഗിച്ചുവേണം കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍.
ആയാദി ഷഡ്‌വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഈ മാനദണ്ഡങ്ങളില്‍
1. ആയം - വര്‍ദ്ധനവ്‌ അഥവാ ലാഭം
2. വ്യയം - കുറവ്‌ അഥവാ നഷ്ടം
3. ഋഷ അഥവാ നക്ഷത്രം
4. യോനി അഥവാ കെട്ടിടത്തിന്റ്‌ ദിശ
5. വാരം അഥവാ സൗരദിനം
6. തിഥി അഥവാ ചന്ദ്രദിനം എന്നിവ ഉള്‍പ്പെടുന്നു.
സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുംവേണ്ടി നമ്മുടെ
പൂര്‍വ്വപിതാക്കന്മാര്‍ ചിട്ടപ്പെടുത്തിയ ഒരു ശാസ്‌ത്രമാണ്‌ വാസ്‌തു. അതിന്‌ ഭൂമിയിലെ
ഊര്‍ജ്ജപ്രസരണവുമായും അത്‌ മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്നതുമായും
അഭേദ്യമായ ബന്ധമുണ്ട്‌. അത്‌ മനസ്സിലാക്കി ജീവിച്ചാല്‍ ആരോഗ്യകരവും
സമ്പന്നവും സന്തുഷ്ടവുമായ ഒരു ജീവിതം സാധ്യമാകുമെന്ന് വാസ്‌തു ശാസ്ത്രം പറയുന്നു.

(അടുത്ത പോസ്‌റ്റ്‌: വാസ്‌തുപുരുഷന്‍)

വാസ്തുവിനെകുറിച്ച്‌

പ്രിയ വായനക്കാരെ പര്‍പ്പിടത്തില്‍ വാസ്തുവിനെകുറിച്ച്‌ ചില പോസ്റ്റുകള്‍ ഇടുവാന്‍ പലരില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. വാസ്തുശാസ്ത്രത്തിന്റെ പ്രചാരണാര്‍ഥം അല്ല ഈ വിഷയം ഇവിടെ പോസ്റ്റുചെയ്യുന്നത്‌. വിവിധ ഗ്രന്ഥങ്ങള്‍ ഈരംഗത്തുള്ളവരുടെ ലേഖനങ്ങള്‍ എന്നിവയില്‍ നിന്നും ലഭിച്ച അറിവു വായനക്കരിലേക്ക്‌ പകര്‍ന്നുതരുവാനുള്ള ഒരു എളിയ ശ്രമമാണിവിടെ. വാസ്തു സംബന്ധമായ പല കാര്യങ്ങളും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയതായി കാണാം.ഒരുപക്ഷെ അന്ന് ആ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുവാന്‍ വേണ്ടി വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയതുമാകാം.


ഇന്ന് വാസ്തുവിനെ വ്യാപകമായി ദുരുപയാഗപ്പെടുത്തുന്നതായിട്ടാണ്‌ അനുഭവം. ആധുനിക നിര്‍മ്മാണ ശാസ്ത്രവും വാസ്തുവിന്റെ നല്ല വശങ്ങളും സമന്വയിക്കപ്പെടേണ്ടതിനു പകരം തികച്ചും അശാസ്ത്രീയമായ നിര്‍മ്മാണങ്ങളാണിന്ന് പലതും എന്ന് പരിശോധിച്ചാല്‍ കാണാവുന്നതാണ്‌.


അതതു കാലഘട്ടത്തിനനുസൃതമായി തയ്യാറാക്കപ്പെട്ട നിയമങ്ങളും ചിട്ടകളും അതുപോലെ ഇന്നും നിലനിര്‍ത്തണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ ശരിയല്ലെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.


അറിവിന്റേയും സമയത്തിന്റേയും കുറവുകള്‍ക്കിടയില്‍ നടത്തുന്ന ഈ എളിയ പരിശ്രമത്തില്‍ പോരായമകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കുക. എല്ലാവിധ പ്രൊല്‍സാഹനവും നല്‍കുന്ന എന്റെ വായനക്കാര്‍ക്കരോടുള്ള നന്ദി പറഞ്ഞറിയിക്കുവന്‍ പറ്റുന്നതല്ല.കൂടാതെ കുറിപ്പുകള്‍ തയ്യാറാക്കാന്‍ എനിക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്ന യുവകഥകൃത്ത്‌ ശ്രീബെന്യാമീനെയും,തുടക്കം മുതല്‍ എന്റെ ബ്ലോഗ്ഗിനെ കൂടുതല്‍ നന്നാക്കുവാന്‍ തന്റെ കമന്റുകളിലൂടെയും മെയിലുകളിലൂടെയും സഹായിക്കുന്ന ആര്‍ക്കിറ്റക്റ്റ്‌ ശ്രീ ചെണ്ടക്കാരനും പിന്നെ ബ്ലൊഗ്ഗിങ്ങിനു വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്ന ശ്രീ കെവിന്‍,സിബു,ഉമേഷ്‌,പെരിങ്ങോടന്‍,ഇഞ്ചിപ്പെണ്ണ്‍,കൊടകരപുരാണക്കാരന്‍ തുടങ്ങിയവര്‍ക്കും. പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.


N.B.: ഇവിടെ കൊടുക്കുന്ന ലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങള്‍ എന്റെ കണ്ടുപിടുത്തങ്ങളോ/നിഗമനങ്ങളോ അല്ല.വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും ആധുനീക ശാസ്ത്രം അംഗീകരിചതും കണ്ടുപിടിച്ചതുമായ പലതിനും വിരുദ്ധമായി വരാറുണ്ട്‌. ഇതേകുറിച്ച്‌ മറുപടി നല്‍കുവാനോ സമര്‍ഥിക്കാനോ എനിക്കാകുകയില്ല. അറിഞ്ഞകാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനും അറിയാവുന്ന കാര്യങ്ങള്‍ കമന്റായി അറിയിക്കുവാനും അഭ്യര്‍ഥിക്കുന്നു.

ഗൂഗിളിന്റെ പുതിയസംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ കമന്റിടുവാന്‍ സാധിക്കാത്തവര്‍ തല്‍ക്കാലം ഈ-മെയില്‍ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ നിര്‍ദ്ധേശങ്ങളൂം വിമര്‍ശനങ്ങളുമാണ്‌ പാര്‍പ്പിടത്തെ മറ്റുള്ളവര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമാക്കുന്നത്‌.
സ്നേഹപൂര്‍വ്വം എസ്‌.കുമാര്‍
paarppidam@yahoo.comSunday, October 08, 2006

സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍

വീടുവെക്കുവാന്‍ പലരും സ്ഥലംതിടുക്കപ്പെട്ട്‌ വാങ്ങുകയും പിന്നീട്‌ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുകയും ചെയ്യാറുണ്ട്‌.വീടുവെക്കുവാന്‍ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്‌ധിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്‌.


മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക. ചതുപ്പ്‌ നിലങ്ങളോതീരെ ഉറപ്പുകുറഞ്ഞ സ്ഥലമോ ആണെങ്കില്‍ ഫൗണ്ടേഷനായി കൂടുതല്‍ തുക ചിലവാകും.സ്ഥലത്തിന്റെ ആകൃതിയും അവിടേക്കുള്ള വാഹനസൗകര്യം,ജലത്തിന്റെ ലഭ്യത എന്നിവയാണ്‌ പ്രധാനപ്പെട്ട സംഗതികളാണ്‌.അയല്‍ക്കാരെക്കുറിച്ചും അടുത്തുള്ള സ്ക്കൂള്‍ ആശുപത്രി കടകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയും അന്വേഷിച്ചറിയുക. കൂടാതെ മലിനജലം മറ്റു ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ സൃഷ്ട്ടിക്കുന്ന ഫക്ടറികള്‍,പോള്‍ട്രീ ഫാമുകള്‍ അറവുശാലകള്‍ എന്നിവയില്‍ നിന്നും അകന്ന വസ്തുതിരഞ്ഞെടുക്കുക.

സ്ഥലത്തെക്കുറിച്ചും നിര്‍മ്മിക്കാനുദ്ധേശിക്കുന്ന \വീടിന്റെ ഐഡിയാക്ക്‌ പറ്റിയതാണൊ സ്ഥലമെന്നും കേരളത്തിലെ കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ക്കനുസൃതമായി അവിടെ വീടുനിര്‍മ്മിക്കുവാന്‍ സാധിക്കുമോ എന്നതും കെട്ടിടം ഡിസൈന്‍ ചെയ്യുന്ന ആര്‍ക്കിടെക്റ്റ്‌/എഞ്ചിനീയറെക്കൊണ്ട്‌ പരിശോധിപ്പിച്ച്‌ ഉറപ്പുവരുത്തുന്നത്‌ നന്നായിരിക്കും വാസ്തുപ്രകാരമാണ്‌ വീടുനിര്‍മ്മിക്കാനുദ്ധേശിക്കുന്നതെങ്കില്‍ ഒരു വാസ്തുവിദഗ്ദന്റെ ഉപദേശം കൂടെ ആരായുന്നത്‌ നല്ലതാണ്‌.

വസ്തുവിന്റെ രജിസ്റ്റ്രേഷനുമായി ബന്ധപ്പെട്ടകാര്യങ്ങളും വളരെ പ്രാധാന്യമുള്ളവതന്നെ.സ്ഥലം വാങ്ങുവാന്‍ അഡ്വാന്‍സ്‌ കൊടുക്കുന്നതിനു മുമ്പ്‌ ഒറിജിനല്‍ ആധാരം വായിച്ചുനോക്കുക.എന്തെങ്കിലും കാരണവശാല്‍ ഒറിജിനല്‍ ലഭിക്കാതിരിക്കുകയാണെങ്കില്‍ രജിസ്ട്ര്രാര്‍ ഓഫീസില്‍ നിന്നും അതിന്റെ സര്‍വേനമ്പരും മറ്റു വിവരങ്ങളും കൊടുത്ത്‌ ഒരു നിശ്ചിത തുക അടച്ചാല്‍ ആധാരത്തിന്റെ പകര്‍പ്പു ലഭിക്കുന്നതാണ്‌.കൂടാതെ വില്ലേജാപ്പീസില്‍നിന്നും ലഭിക്കുന്ന സ്ഥലത്തിന്റെ കൈവശാവകാശരേഖയും കരമടച്ച രസീതിയും പരിശോധിക്കുന്നത്‌ നല്ലതാണ്‌.

ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ പിന്നീട്‌ പല നഷ്ട്ടങ്ങളും ഉണ്ടാക്കും.കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.

ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റുകള്‍ റെജിസ്റ്റര്‍ചെയ്യാവുന്നതാണ്‌.

പണയത്തില്‍ ഇരിക്കുന്ന വസ്തുവാങ്ങുമ്പോള്‍ അതുസംബന്ധിച്ചുള്ള ബാങ്ക്‌ രേഖകള്‍ പൊര്‍ണ്ണമായും പരിശോധിച്ച്‌ ഉറപ്പുവരുത്തുക. അതിനു ശേഷം ബാധ്യത തീര്‍ക്കാനാവശ്യമായ തുകയെക്കുറിച്ചും നല്‍കുന്ന തുകയേക്കുറിച്ചും കരാറില്‍ വ്യക്തമാക്കിയിരിക്കണം.

സര്‍ക്കാര്‍ ആവശ്യത്തിനായി അക്വയര്‍ ചെയ്യുവാന്‍ സാധ്യത ഉള്ളതാണോ പ്രസ്തുത ഭൂമിയെന്ന് മുന്‍സിപ്പലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ അന്വേഷിച്ചു ഉറപ്പുവരുത്തുക.വഴിക്ക്‌ വളരെയധികം പ്രാധാന്യം ഉണ്ട്‌.നിങ്ങളുടെ സ്ഥലത്തേക്ക്‌ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത സ്ഥലത്തിന്റെ ഉടമയുടെ അനുവാദത്തോടെയാണ്‌ ഗതാഗത സകര്യം ഉള്ളതെങ്കില്‍തുടര്‍ന്നും അത്‌ ലഭ്യമാകുമോ എന്ന് ഉറപ്പുവര്‍ത്തേണ്ടതും അയാളുടെ അനുമതി രേഖയില്‍ കാണിക്കേണ്ടതുമാണ്‌.പലപ്പോഴും ഇത്തരം വഴികള്‍ കണ്ട്‌ വലിയ വിലക്ക്‌ സ്ഥലം വാങ്ങിയതിനു ശേഷം വഞ്ചിതരാകുന്നവര്‍ നിരവധിയാണ്‌. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും അതു നിങ്ങളെ ദോഷകരമായി ബാധിക്കുമോ എന്നതും.ഇക്കാര്യങ്ങള്‍ റെജിസ്ത്രെഷനു മുമ്പായി അന്തിമ തീരുമാനം എടുക്കുക.

ആധാരപ്രകാരം ഉള്ള ഭൂമി അധികാരപ്പെട്ടവരെക്കൊണ്ട്‌ (സര്‍വ്വേ ഡിപ്പര്‍ട്ടുമെന്റും ലൈസന്‍സ്ഡ്‌ സര്‍വ്വേയര്‍മാരും മറ്റും) അളന്നു തിട്ടപ്പെടുത്തുക.( ചില അവസരങ്ങളില്‍ ആധാരത്തില്‍ കാണിച്ചത്രയോ അതില്‍ കൂടുതലോ അളവില്‍ കണേക്കാം.)അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കാത്ത അടയാളങ്ങള്‍ സ്ഥപിക്കുക.വേലികള്‍ മതിലുകള്‍ എന്നിവ സ്ഥപിക്കുന്നതും നല്ലതാണ്‌. അതിര്‍ത്തിയില്‍ തോടോ അല്ലെങ്കില്‍ അടുത്ത ഭൂമി നിങ്ങളുടെ ഭൂമിയേക്കാള്‍ ഉണ്ടെങ്കില്‍ താഴ്‌ന്നതോ ആണെങ്കില്‍ അവിടെ കല്ലുകൊണ്ട്‌ കെട്ടുന്നത്‌ മണ്ണൊലിപ്പു തടയുവാന്‍ നല്ലതാണ്‌. ചുരുങ്ങിയ പക്ഷം രാമച്ചം മുതലായ മണ്ണൊലിപ്പുതടയാന്‍ സഹായിക്കുന്ന സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ആകാം.

ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌. അതുപോലെ ഭാഗം കഴിയാത്ത കുടുമ്പസ്വത്തില്‍ പുതുതായി വീടുനിര്‍മ്മിക്കുകയോ നിലവിലുള്ള വീട്‌ പുതുക്കിപ്പണിയുകയോ ചെയ്യുമ്പോള്‍ നിലവില്‍ അതിന്റെ ഉടമസ്ഥവകാശം നിക്ഷിപ്തമായ അധികാരപ്പെട്ടവരില്‍ നിന്നും അനുമതി എഴുതിവാങ്ങിക്കുന്നത്‌ നല്ലതായിരിക്കും,പിന്നീട്‌ ഭാഗസമയത്തുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.

ഓര്‍ക്കുക വാക്കാലുള്ള ഉറപ്പുകള്‍ക്ക്‌ നിയമപരമായ നിലനില്‍പ്പില്ല.

E-pathram

ePathram.com