Sunday, September 17, 2006

കുട്ടികളുടെ മുറി.

മാതാപിതാക്കളുടെ ശ്രദ്ധേത്തുന്നിടത്തായിരിക്കണം കുട്ടികള്‍ക്കായുള്ള മുറികള്‍ ഒരുക്കേണ്ടത്‌.രക്ഷിതാക്കളുടെ കിടപ്പുമുറിയോട്‌ ചേര്‍ന്നും ആകാം. രണ്ടു മുറികളേയും ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു വാതില്‍ കൊടുത്താല്‍ മതി. എപ്പോഴും കുട്ടികളുടെ മുറികള്‍ രക്ഷിതാക്കള്‍ കിടക്കുന്ന ഫ്ലോറില്‍ തന്നെ ആയിരിക്കണം.വായു വെളിച്ചം എന്നിവധാരാളം ലഭിക്കത്തക്ക വിധത്തില്‍ ആയിരിക്കണം ജനലുകള്‍ ക്രമീകരിക്കേണ്ടത്‌.ജനലുകള്‍ തുറക്കുന്നത്‌ ഒരു വൃീത്തിഹീനമായ അന്തരീക്ഷത്തിലേക്കായിരിക്കരുത്‌.കുട്ടികളുടെ മുറിക്ക്‌ പുറത്ത്‌ പൂന്തോട്ടം നല്‍കുന്നത്‌ കൂടുതല്‍ നന്നായിരിക്കും.

ചുവരുകള്‍ക്ക്‌ നിറം നല്‍കുമ്പോള്‍ കുട്ടികളെ അലോസരപ്പെടുത്തുന്ന കടും വര്‍ണ്ണങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ക്കിഷ്ട്ടപ്പെടുന്ന രീതിയില്‍ ഒന്നിലധികം നിറങ്ങള്‍ ചുവരുകളില്‍ കൊടുക്കാം.നിറങ്ങളില്‍ മഞ്ഞ ഇളം പച്ച ഫ്ലൂറസന്റ്‌ നിറങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നു. മനോഹരമായ ചിത്രങ്ങള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവ ചുമരുകളെ അലങ്കരിക്കട്ടെ. പ്രത്യേകം പഠനമുറി ഇല്ലെങ്കില്‍ പഠിനമേശയും മറ്റും വരുന്ന ഏരിയായില്‍ ചിത്രങ്ങളും മറ്റും ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം. കഴുകി വൃത്തിയാക്കാവുന്ന വിധത്തിലുള്ള പെയ്ന്റുകള്‍ തിരഞ്ഞെടുക്കുന്നത്‌ നല്ലതാണ്‌.കുട്ടികള്‍ക്ക്‌ എഴുതുവാനും വരക്കാനും ഒരു ബോര്‍ഡ്‌ ചുവരില്‍ ഫിക്സ്ചെയ്ത്‌ കൊടുക്കാവുന്നതാണ്‌. ചുവരില്‍ കരിക്കട്ടകൊണ്ട്‌ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചിട്ട കൊച്ചുകുട്ടിയാണ്‌ പിന്നീട്‌ ലോകപ്രശസ്തനായ രാജാരവിവര്‍മ്മ എന്ന് ഈയവസരത്തില്‍ ഓര്‍ക്കുകയാണ്‌.


കസാരകള്‍, കട്ടിലുകള്‍ എന്നിവ ഉയരം കുറഞ്ഞതും അപകടം വരുത്താന്‍ സാധ്യതകുറാഞ്ഞതുമായ തരത്തില്‍ ഉള്ളവ ആയിരിക്കണം. അവക്കും ആകര്‍ഷകമായ നിറങ്ങള്‍ നല്‍കാം. കമ്പ്യൂട്ടര്‍ കുട്ടികളുടെ മുറിയില്‍ നിന്നും മറ്റീവ്ക്കുന്നതാകും ഉചിതം. നിര്‍ബന്ധമാണെങ്കില്‍ ഇന്റര്‍നെറ്റ്‌ ഗെയിംസ്‌ സി.ഡി. ഫ്ലോപ്പി എന്നിവ നിങ്ങളുടെ അനുമതിയോടെ മാത്രം ഉപയോഗിക്കത്തക്ക വിധത്തില്‍ സെറ്റിങ്ങ്സുകള്‍ ക്രമീകരിച്ചിരിക്കണം.വസ്ത്രങ്ങള്‍ കളിപ്പാട്ടങ്ങള്‍ എന്നിവ വെക്കുവാന്‍ പ്രത്യേകം ഷെല്‍ഫുകള്‍ നല്‍കാം. അഴുക്കായ വസ്ത്രങ്ങള്‍ ഇടുവാന്‍ ബാസ്കറ്റുകള്‍ നല്‍കാം.റ്റോയ്‌ലറ്റ്‌ എപ്പോഴും വൃത്തിയായി ഇരിക്കുവാന്‍ ശ്രദ്ധിക്കണം. സ്കൂള്‍ബാഗ്‌ മറ്റ്‌ പഠനോപകരണങ്ങള്‍ എന്നിവ അലസമായി വലിച്ചിടാതിരിക്കുവാന്‍ അവ വെക്കുവാനും ഉള്ള സംവിധാനം ഒരുക്കുന്നത്‌ നല്ലതാണ്‌. ഒന്നിലധികം പേര്‍ ഒരു മുറി ഉപയോഗിക്കുന്നു എങ്കില്‍ പ്രത്യേകം കട്ടിലും മേശയും മറ്റും നല്‍കേണ്ടതാണ്‌.

6 comments:

paarppidam said...

here is a new post

അലിഫ് /alif said...

കുട്ടികളുടെ മുറിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരിക “ടോട്ടോ ചാന്‍” എന്ന ജാപ്പനീസ് കഥാപുസ്തകമാണ്. കുട്ടിക്കാലത്തെകൂറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുന്ന ആ പുസ്തകം പലപ്പോഴും ചെറിയകുട്ടികള്‍ക്കായുള്ള മുറികളും സ്കൂളുമൊക്കെ രൂപകല്‍പ്പനചെയ്യുമ്പോള്‍ സഹായിക്കാറുണ്ട്. കുട്ടികളുടെ ആവശ്യമറിയണമെങ്കില്‍ സ്വയമൊരു കുട്ടിയാവണമെന്നാണു എന്റെ ഗുരുവിന്റെ അഭിപ്രായം.
കുട്ടികളെ ഒരു പ്രത്യേകമുറിയില്‍ തളച്ചിടണോ എന്നൊക്കെ തര്‍ക്കമുണ്ടാകാം. (എനിക്ക് യോജിപ്പില്ല..)അവര്‍ക്കായൊരുക്കുന്ന സൌകര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാനുതകുന്നതരമായിരുന്നാല്‍ നന്ന്.പഠനമുറിയോട് ചേര്‍ന്നു തന്നെ മുകളില്‍ ഒരു ലോഫ്റ്റ് (ഇതിന്റെ മലയാളം അറിഞ്ഞൂടാ..) കൊടുത്ത് ചെറിയ ഗോവണിയുമൊക്കെ ഫിറ്റ് ചെയ്ത് കളിക്കാനിടമൊരുക്കുന്നതൊക്കെ നല്ലതായികണ്ടിട്ടുണ്ട്..അതു തന്നെ പിന്നീട് ലൈബ്രറിയൊക്കെ യായി മാറ്റാവുന്നതേയുള്ളു. അതുപോലെതന്നെ രണ്ട് തട്ടായുള്ള കട്ടില്‍, വേണമെങ്കില്‍ അഴിച്ച് രണ്ട് കട്ടിലാക്കാവുന്നതൊക്കെ ലഭ്യമാണ്.

paarppidam said...

ടോടോച്ചാന്‍ എന്ന ജപ്പാനീസ്‌ കുട്ടി ലോകത്തിനു നല്‍കിയത്‌ തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണമായിരുന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ അവരുടെ തലത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ മാത്രമേ മനസ്സിലാകൂ.

രണ്ടുതട്ടുള്ള കട്ടിലുകള്‍ കൊടുക്കുമ്പോള്‍ റൂഫ്‌ അല്‍പ്പം ഉയര്‍ത്തിക്കൊടുക്കണം എന്ന ഒരു അഭിപ്രായം ഉണ്ട്‌. പിന്നെ കുട്ടികളെ 3 വയസ്സിനു ശേഷം മറ്റിക്കിടത്തണം എന്നത്‌ രക്ഷിതാക്കളുടെ സ്വകാര്യ ജീവിതത്തിനും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും നല്ലതാണെന്നാണ്‌ എന്റെ അഭിപ്രായം. മലയാളികള്‍ പൊതുവെ വ്യക്തിസ്വാതന്ത്രം, ലൈംഗികത എന്നിവയെക്കുറിച്ച്‌ വളരെയധികം ഇനിയും ബോധവാന്മാരാകേണ്ടിയിരിക്കുന്നു. കുട്ടികേന്ദ്രീകൃത ജീവിതം നയിക്കുന്ന മലയാളിയുടെ ഇന്നത്തെ ശൈലി മാറണോ എന്നത്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രവാസികളുടെ മുന്‍ തലമുറകള്‍ കുടുമ്പത്തിനും കുട്ടികള്‍ക്കുമായി കഷ്ട്ടപ്പെടുകയും സ്വന്തം ജീവിതം കത്തുകളില്‍ ഒതുക്കുകയും ചെയ്ത്‌ ചരിത്രം നമ്മുടെ മുമ്പില്‍ ഉണ്ടല്ലോ?

ബെന്യാമിന്‍ said...

സുഹൃത്തെ,
കുട്ടികള്‍ക്കു വേണ്ടി നിങ്ങള്‍ നിങ്ങള്‍ പറയുന്നതുപോലൊക്കെ ഒരു മുറി നിര്‍മ്മിക്കണമെന്നൊക്കെയുണ്ടെങ്കിലും എത്ര പ്രവാസികളുടെ പോക്കറ്റിന്‌ അതിനുള്ള കനമുണ്ടാവും എന്നത്‌ ആലോചിക്കേണ്ട വിഷയമാണ്‌. പലപ്പോഴും പാര്‍പ്പിടസംബന്ധിയായ പുസ്‌തകങ്ങളും ലേഖനങ്ങളും മുന്തിയ പണക്കാരെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് തോന്നിയിട്ടുണ്ട്‌. ഇടത്തരക്കാര്‍ക്കും താഴ്‌ന്നവരുമാനക്കാര്‍ക്കുമുള്ള പ്ലാനുകള്‍ കൂടുതല്‍ പോസ്റ്റ്‌ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നല്ലൊരു ശതമാനം പ്രവാസിയെ സംബന്ധിച്ചും വീട്‌ ഒരു സ്വപ്നം മാത്രമാണ്‌. എല്ലാം സ്വരുക്കൂട്ടി ഒരു വീടു വച്ചാല്‍ തന്നെ അതില്‍ കുട്ടികള്‍ക്കായി ഒരു മുറി മാറ്റിവയ്ക്കാന്‍ എത്ര പേര്‍ക്കും കഴിയും..?

വിശാല മനസ്കന്‍ said...

ഞാനൊരു 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താങ്കളെപ്പോലെയൊരു വ്യക്തിയുമായി കണ്‍സള്‍ട്ട് ചെയ്തിട്ട് വീട് പണിതിരുന്നെങ്കില്‍.. എന്ന് സത്യമായും ആഗ്രഹിച്ചുപോകുന്നു.

paarppidam said...

ബെന്യാമിന്‍, വല്ലപ്പ്പ്പോഴും വരുന്ന അദിഥികള്‍ക്കായി 1 ബെഡ്രൂം മാറ്റീവെക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്‌.ആ മുറി കുട്ടികള്‍ക്കായി നീക്കി വെച്ചുകൂടെ. കൂടാതെ മിക്ക വീടുകള്‍ക്കും 3 ബെഡ്രൂം നല്‍കാറുണ്ട്‌. അതില്‍ ഒന്നും ഇത്തരത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌.

കുട്ടികളെ 3 വയസ്സിനു ശേഷം മാറ്റിക്കിടത്തണം എന്നത്‌ ഗൗരവമായി കാണേണ്ട കാര്യം തന്നെയാണ്‌. രണ്ടു വര്‍ഷത്തില്‍ ഒരിക്കലും മറ്റും നാട്ടില്‍ വരുന്ന പ്രവാസിക്ക്‌ തിരക്കുകള്‍ ഒഴിഞ്ഞ്‌ സ്വസ്ഥമായി ഒന്ന് ഇടപഴകാന്‍ കിട്ടുന്ന അല്‍പ്പ ദിവസങ്ങളെങ്കിലും സ്വകാര്യത വേണ്ടെ? മുന്‍പ്‌ സൂചിപ്പിച്ചതിനാല്‍ അത്‌ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

നാട്ടില്‍പോയി പെട്ടെന്ന് വീട്‌ തല്ലിക്കൂട്ടുന്ന പ്രവാസിയുടെ പ്രവണത ശരിയല്ല. സമയമെടുത്ത്‌ ആലോചിച്ച്‌ ആവശ്യങ്ങളും സാമ്പത്തികസ്ഥിതിയും മനസ്സിലാക്കി വേണം വീടുവെക്കുവാന്‍ പുറപ്പെടുവാന്‍. കടക്കെണിയില്‍ പെടുന്നതോടേ ജീവിതത്തിന്റെ സ്വസ്ഥത നഷ്ട്ടപ്പെടുന്നു എന്നത്‌ ഓര്‍ക്കുക.

E-pathram

ePathram.com