Saturday, September 23, 2006

ഒന്നു ചിന്തിക്കുക


എന്റെ ഒരു സുഹൃത്തിനു വേണ്ടി തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാറുള്ള ഒരു വാസ്തുവിദഗ്ദന്‍ തയ്യാറാക്കിയ പ്ലാനാണിതോടൊപ്പം ചേര്‍ക്കുന്നത്‌. .സുഹൃത്തും വാസ്തുവിനെ അന്ധമായി പിന്തുടരുന്ന ഒരു വ്യക്തിയായതിനാല്‍ എന്റെ യുക്തികള്‍ അവിടെ വിലപ്പോയില്ല. ജീവിതത്തില്‍ സുഖം ദു:ഖം മരണം ജനനം സമ്പത്ത്‌ ദാരിദ്രം എന്നിവ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്‌. പൂര്‍ണ്ണമായും വാസ്തുപ്രകാരം വീടുവെച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പറിഹാരമായി എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്‌. വാസ്തുവിലെ ഉപകാരപ്രദമായ ചില ഘടകങ്ങള്‍ സ്വീകരിച്ച്‌ ഭാക്കി തള്ളിക്കളയുക എന്നല്ലാതെ മറിച്ചുള്ള സമീപനം ഒരുപാട്‌ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. നാട്ടിന്‍പുറങ്ങളിലെ തച്ചുശാസ്ത്രഞ്ഞര്‍ രൂപകല്‍പ്പന ചെയ്യുന്ന വീടുകളില്‍ സാധാരണയായി ഒത്തിരി അപാകതകളും അസൗകര്യങ്ങളും കാണാം.

ഞാന്‍ കേമനാണെന്നും മറ്റുള്ളവര്‍ മോശമാണെന്നും സമര്‍ഥിക്കുവാനുള്ള ശ്രമമായി ദയവായി കാണരുത്‌.പൂര്‍ണ്ണമായും അപാകതകള്‍ ഇല്ലാത്ത പ്ലാനുണ്ടാക്കാന്‍ എനിക്കാകും എന്ന് ഇതിനര്‍ഥമില്ല.വാസ്തുവിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ ചൂണ്ടിക്കാണിക്കുവാന്‍ വേണ്ടി മാത്രം ഇതിവിടെ പ്രസിദ്ധീകരിക്കുന്നു.

നിങ്ങളുടെ വീടു രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഒരു ആര്‍ക്കിടെക്റ്റിന്റെയോ നല്ല ഡിസൈനറുടേയോ ഉപദേശം തേടുക.ആര്‍ക്കിടെക്റ്റുകള്‍ ചിലവേറിയവീടുകള്‍ മാത്രമേ ഡിസൈന്‍ ചെയ്യൂ എന്നത്‌ തെറ്റായ ധാരണയാണ്‌. ഡിസൈന്‍ ചാര്‍ജ്ജ്‌ അല്‍പ്പം കൂടിയാലും ഒത്തിരി അനാവശ്യചിലവുകള്‍ ഒഴിവാക്കാനും സൗകര്യമുള്ളതും നിങ്ങളുടേ ആഗ്രഹങ്ങളെ ഉള്‍ക്കൊള്ള്തുന്നതുമായ പ്ലാനുകള്‍ നല്‍കുവാന്‍ തീര്‍ച്ചയായും വിദഗ്ദനായ ഒരു ആര്‍ക്കിടെക്റ്റിനു കഴിയും.ഇതോടൊപ്പം ചേത്തിരിക്കുന്ന പ്ലാനിലെ ഒരു ബെഡ്‌ റൂമിനു സ്വകാര്യതയില്ല. മറ്റൊന്നിനു റ്റോയ്‌ലറ്റിനു വെന്റിലേഷന്‍ ഇല്ല.സ്റ്റെയര്‍കേസിനു വേണ്ടത്ര നീളം നല്‍കിയിട്ടില്ല. ഡൈനിങ്ന്‍ഘാളിനു വെന്റിലേഷന്‍ വേണ്ടത്ര ലഭിക്കില്ല. അതങ്ങിനെ നീണ്ടുപോകുന്നു.

ഒന്നു ചിന്തിക്കുക വാസ്തുശാസ്ത്രഞ്ജന്മാര്‍ എന്ന ബോര്‍ഡും തൂക്കിയിരിക്കുന്നവര്‍ പലപ്പോഴും കെട്ടിടം ഡിസൈനിങ്ങിന്റെ അടിസ്ഥാനം പോലും അറിയുന്നവര്‍ ആയിരിക്കില്ല.നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയണ്‌ വീടുണ്ടാക്കാന്‍ പോകുന്നത്‌ തീര്‍ച്ചയായും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തി നിരവധി വീടുകള്‍ കണ്ടും അതേകുറിച്ച്‌ ചര്‍ച്ചകള്‍ നടത്തിയും മാത്രം ഒരു തീരുമാനത്തില്‍ എത്തുക.

8 comments:

paarppidam said...

പുതിയ ചില പോസ്റ്റുകള്‍ കൊടുത്തിട്ടുണ്ടു സുഹൃത്തുക്കളെ. അഭിപ്രായം അറിയിക്കുമല്ലോ?

ബെന്യാമിന്‍ said...

ഏതൊരു ശാസ്‌ത്രസംഹിതയ്ക്കു പിന്നിലും മനുഷ്യനന്മ എന്നൊരു ലക്ഷ്യം കാണും. അതുകൊണ്ടുതന്നെ ഒരു ശാസ്‌ത്രത്തെയും നാം കണ്ണടച്ചു തള്ളിക്കളയേണ്ടതില്ല. അതിന്റെ ഗുണവശങ്ങള്‍ തിരഞ്ഞാല്‍ മാത്രം മതി. ശാസ്‌ത്രം പക്ഷേ വിശ്വാസവും അന്ധവിശ്വാസവുമായി മാറുമ്പോഴാണ്‌ നാമതിനെ ഗൗരവത്തോടെ കാണേണ്ടതും വിമര്‍ശിക്കേണ്ടതും. മറ്റേത്‌ ശാസ്‌ത്രത്തിലുമെന്നപോലെ വാസ്‌തുവിലുമുണ്ടാവാം കള്ളനാണയങ്ങള്‍! അവരെ തിരിച്ചറിയാതെ പോകുന്നത്‌ മിക്കപ്പോഴും രണ്ടുമാസത്തെ അവധിയ്ക്ക്‌ ഓടിപ്പാഞ്ഞു ചെന്ന് ഒരു വീട്‌ തട്ടിക്കൂട്ടാന്‍ പാടുപെടുന്ന പ്രവാസി ആയിരിക്കും. ഒത്തിരിക്കാലത്തെ അധ്വാനത്തിന്റെ ബക്കിപത്രമായ ആ വീടിനു മേല്‍ ഒരു ശാപവും വീഴാന്‍ അവന്റെ മനസ്സനുവദിക്കില്ല. അല്ലെങ്കില്‍ അതുവച്ച്‌ ഒരു ഭാഗ്യപരീക്ഷണം നടത്താന്‍ അവന്‍ തയ്യാറല്ലെന്നര്‍ത്ഥം. അതറിയാവുന്ന 'മുറി വാസ്‌തു'ക്കാരാണ്‌ അവനെ മുതലെടുക്കുന്നതും.
ഇതിനെതിരെ ഒരു ബോധവത്‌കരണമാണ്‌ ഇന്ന് ആവശ്യം. വാസ്‌തുവിനെ സംബന്ധിച്ച അനാവിശ്യഭീതികള്‍ ഒഴിവാക്കിക്കൊടുക്കുക. എന്താണ്‌ വാസ്‌തുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ന് വിശദമാക്കിക്കൊടുക്കുക. അതിനുവേണ്ടി 'പാര്‍പ്പിടം' ചെയ്യുന്ന ശ്രമങ്ങള്‍ അത്യന്തം ശ്ലാഘനീയമാണ്‌. തുടര്‍ന്നും ഇത്തരത്തില്‍ ശ്രദ്ധേയമായ പോസ്‌റ്റുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

വിശാല മനസ്കന്‍ said...

ബെന്യാമിന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല.

പോസ്റ്റ് അര്‍ഹിക്കുന്ന കമന്റ്!

പാര്‍പ്പിടത്തിനും എസ്.കുമാറിനും ആശംസകള്‍!

അലിഫ് /alif said...

ബെന്യാമന്‍ പറഞ്ഞതിനോട് യോജിക്കുന്നു.കള്ളനാണയങ്ങളുടെ കുടുക്കിലാവുന്നത് പ്രവാസികളാണ്. വാസ്തുവും maintanence ഉം ഒരുമിച്ചു കൊണ്ട് പോകുന്ന ചില വിദഗ്ദരുണ്ട്; തിരുവനന്തപുരത്ത്. ആദ്യം ഇരിക്കുന്ന വീടിന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക, പിന്നെ പരിഹാര നിര്‍ദേശം.ഒടുവില്‍ അയാളുടെ നേതൃത്വത്തില്‍ തന്നെ പരിഹാരക്രിയയും.(ഒറ്റ പാക്കേജ്, വാസ്തു കണ്‍സള്‍ട്ടേഷന്‍ ഫ്രീ) ഒരു വശത്തുനിന്നും തുടങ്ങി മറുഭാഗത്ത് എത്തുമ്പോഴേക്കും ഒരുവിധമൊക്കെ ഊറ്റിയെടുത്തിട്ടുണ്ടാവും ഇക്കൂട്ടര്‍.
ബെഡ്‌റൂമിന്റെ വാതിലിന്റെ തുറക്കല്‍ (ഞാന്‍ സാധാരണ ഭിത്തി വശത്തേക്ക് തുറക്കുന്ന പോലെയാണ് കൊടുക്കാറ്)തിരിച്ചാക്കിയില്ലങ്കില്‍ ഭര്‍ത്താവ് വേറെപെണ്ണിന്റെ കൂടെ പ്പോകുമെന്ന് പറയുന്ന വാസ്തുവില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.ഒരേ ഡിസൈന്‍ “കൈരളി ടി.വി. യില്‍ വരുന്ന ഒരു പ്രമുഖ വാസ്തു വിദഗ്ദനു കണ്‍സള്‍ട്ടേഷനു കൊടുത്തപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത 2 തരം മറുപടിയാണു കിട്ടിയത്. കോണിപ്പടി ക്ലോക്ക്‌വൈസി ലാവണമെന്നു ഒരു കൂട്ടര്‍, അല്ല വലത്തുനിന്നും ഇടത്തോട്ടെന്നു വേറൊരു കൂട്ടര്‍, ഇതിനിടയില്‍ പെടുന്നത് ഉടമസ്ഥനും.
കുമാറിന്റെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍.

Anonymous said...

'വാസ്തുശാസ്ത്രഞ്ജന്മാര്‍ എന്ന ബോര്‍ഡും തൂക്കിയിരിക്കുന്നവര്‍ പലപ്പോഴും കെട്ടിടം ഡിസൈനിങ്ങിന്റെ അടിസ്ഥാനം പോലും അറിയുന്നവര്‍ ആയിരിക്കില്ല'

ഈ പറഞ്ഞത് വളരെ ശരിയാണ്...ശരിക്കും പറാഞ്ഞാല്‍ ഒരു ആര്‍ക്കിടെക്റ്റ് വാസ്തുവിലും കൂടി ശ്രദ്ധിക്കുന്നതാണ് നല്ലത്..
അല്ലാതെ വാസ്തു മാത്രം അറിയാവുന്ന ഒരാളെ വീടു പണി ഏല്പിച്ചാല്‍, അസുഖം വരുമ്പോള്‍ ഡോക്ടറെ നോക്കാതെ മന്ത്രവാദിയെ മാത്രം
ഏല്‍പ്പിക്കുന്ന പോലെയാണ്.

paarppidam said...

കമെന്റുകള്‍ക്കു നന്ദി. പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നതു നിത്യ സംഭവം ആയതിനാലാണിത്തരത്തില്‍ ഒരു ബ്ലോഗ്ഗിന്റെ തുടക്കത്തിനു കാരണം.വാസ്തുവിനെ വ്യാപകമായ രീതിയില്‍ മാര്‍ക്കറ്റുചെയ്ത്‌ കൊള്ളലാഭം ഉണ്ടാക്കുന്നവര്‍ പ്രവാസികളെയാണ്‌ കൂടുതലായും ചൂഷണം ചെയ്യുന്നത്‌. ബെന്യാമീനും ചെണ്ടക്കാരനും കാര്യങ്ങല്‍ വിശദമാക്കിയിട്ടുണ്ട്‌. വിശാലേട്ടനും ഇഞ്ചിപ്പെണ്ണിനും പ്രത്യേകം നന്ദി. വാസ്തുവിദ്വാനും ആര്‍ക്കിടെക്റ്റും ചര്‍ച്ചചെയ്ത്‌ പ്ലാന്‍ തയ്യാറക്കുക എന്നതായിരിക്കും അഭികാമ്യം.( ചില വാസ്തുക്കാര്‍ ബലം പിടിക്കാറുണ്ട്‌)

salini said...

ചെണ്ടക്കാരന്‍ പറഞ്ഞ ആ പാക്കേജിനെ കളിയാക്കി ഒരു കോമഡി കണ്ടിരുന്നു.

പാര്‍പ്പിടത്തിന്റെ കൂടുതല്‍ പോസ്റ്റിനുവേണ്ടീ കാത്തിരിക്കുന്നു.

paarppidam said...

വാസ്തുവിനെ ഞാന്‍ പരിഹസിക്കുകയാണോ എന്നു ചോദിച്ചുകൊണ്ട്‌ ഒരു ഈ-മെയില്‍ ലഭിക്കുകയുണ്ടായി. തീര്‍ച്ചയായും ഒരിക്കലും അങ്ങിനെ ഒരു ഉദ്ദേശ്യം ഇല്ല. എന്നാല്‍ വാസ്തുവിന്റെ പേരിലുള്ള തട്ടിപ്പുകള്‍ തുറന്നുകാട്ടാതെ വയ്യ.

അദ്ദേഹം ആവശ്യപ്പെട്ടതുപോലെ വാസ്തുവിനെക്കുറിച്ചും അതിന്റെ അളവുകളെക്കുറിച്ചും ഉള്ള ചില പോസ്റ്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ്‌. അതിന്‌ അല്‍പ്പം ഹോം വര്‍ക്ക്‌ ചെയ്യേണ്ടതുണ്ട്‌.

E-pathram

ePathram.com