Saturday, September 09, 2006

അടുക്കള

സൗകര്യത്തോടൊപ്പം സൗന്ദര്യവും എന്നതാണ്‍ പുതിയ അടുക്കളകളുടെ മുഖമുദ്ര.പുകയും കരിപിടിച്ചുകിടന്നിരുന്ന പഴയകാല അടുക്കളകള്‍ പോയിമറഞ്ഞിരിക്കുന്നു. ആധുനിക വീടുകളില്‍ ലിവിങ്ങ്‌ റൂ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നിടം അടുക്കളയാണെന്ന് പറയാം. മോഡുലാര്‍കിച്ചണുകളുടെ ഒരു തരംഗം തന്നെയാണിന്ന് കേരളത്തില്‍.


സാധാരണ അടുക്കള നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വായുവും വെളിച്ചവും യഥേഷ്ട്ടം ലഭിക്കുന്നിടത്തായിരിക്കണം.അതുകൊണ്ടുതന്നെ വടക്ക്‌ കിഴക്ക്‌ ദിക്കിലോ തെക്കുകിഴക്ക്‌ ദിക്കിലോ ആക്കിയാല്‍ നന്നായിരിക്കും.പധാന അടുക്കളയില്‍ ഫ്രിഡ്ജ്ജ്‌,വാഷ്ബേസിന്‍, ഗ്യാസ്‌ അടുപ്പ്‌ എന്നിവ സി ഷേപ്പില്‍ വരുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ എളുപ്പമായിരിക്കും. plan no 1 ല്‍ കൊടുത്തിരിക്കുന്നതു നോക്കുക.ഫ്രിഡ്ജ്‌ വെറ്റ്‌ ഗ്രൈന്റര്‍ മിക്സി എന്നിവക്കുള്ള സ്ഥാനം മുന്‍പേ തീരുമാനിച്ചാല്‍ ഇലക്ട്രിക്ക്‌ കണക്ഷനുള്ള പ്ലഗ്ഗു അതിനനുസരിച്ച്‌ കൊടുക്കാവുന്നതാണ്‍.അടുക്കളയില്‍ കൊടുക്കുന്ന പ്ലാറ്റ്‌ ഫോമിനു 80-100 സെന്റീ മീറ്റര്‍ വരെ ഉയരവും 60 സെന്റീ മീറ്റര്‍ വീതിയുമാണ്‍ നല്‍കാറുള്ളത്‌.kitchen sing ഉപഭോക്താവിന്റെ താല്‍പ്പര്യത്തിനനുസരിച്ച്‌ തിരഞ്ഞെടുക്കുവാന്‍ നിരവധി ആകൃതിയിലും വലിപ്പത്തിലും വിപണിയില്‍ സുലഭമാണെങ്കിലും എളുപ്പത്തില്‍ തുരുമ്പ്‌ പിടിക്കാത്തവ വേണം തിരഞ്ഞെടുക്കാന്‍. അതില്‍ നിന്നും പുറത്തേക്കുള്ള വെള്ളം തടസ്സമില്ലാതെ പോകുവാന്‍ തക്ക വിധത്തിലായിരിക്കണം പ്ലബിങ്ങ്‌ ചെയ്യേണ്ടത്‌.അടുക്കളയോടു ചേര്‍ന്നാണ്‍ ഡൈനിങ്ങ്‌ റൂമെങ്കില്‍ ചുമരില്‍ ഒരു ചെറിയ ഓപ്പണിങ്ങ്‌ നല്‍കി ആഹാരസാധനങ്ങള്‍ അതിലൂടെ കൊടുക്കാം. അടുക്കളയില്‍ ഒരു ചെറിയ ടേബിള്‍ ഇടുവാന്‍ ഉള്ള സൗകര്യം ഉണ്ടെങ്കില്‍ കുടുമ്പാംങ്കങ്ങള്‍ക്ക്‌ അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയുമാകാം.

അടുക്കളയിലെ പ്ലാറ്റ്‌ ഫോമില്‍ ടെയിലോ മാര്‍ബിളോ നല്‍കാം. ഈ പ്ലാറ്റ്‌ ഫോമില്‍ നിന്നും 30 സെന്റീമീറ്റര്‍ എങ്കിലും ഉയരത്തില്‍ ആയിരിക്കണം അടുക്കളയുടെ ജനലിന്റെ അടിഭാഗം.പ്ലാറ്റ്‌ ഫോമിന്റെ അടിഭാഗത്ത്‌ ഷേല്‍ഫുകള്‍ നിര്‍മ്മിച്ച്‌ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഇടം കണ്ടെത്താം. പ്ലാറ്റ്‌ ഫോമിനു മുകളില്‍ ഷെല്‍ഫുകള്‍ അത്യാവശ്യത്തിനു മാത്രം നല്‍കുക. അനാവശ്യമായി നല്‍കുന്ന ഷെല്‍ഫുകള്‍ അഭംഗിമാത്രമല്ല അടുക്കളയുടെ വലിപ്പത്തെ കുറക്കുക മാത്രമല്ല അതിനുമുകളില്‍ വൃത്തിയാക്കുവാന്‍ ബുദ്ധിമുട്ടുമാണ്‍. ഈ ഷെല്‍ഫുകള്‍ 180 സെന്റീമീറ്റര്‍ ഉയരത്തില്‍ നിന്നായിരിക്കണം ആരംഭിക്കുന്നത്‌. ക്രോക്കറികള്‍ വെക്കുന്നതിനാല്‍ ഇതിന്റെ കതകില്‍ ഗ്ലാസ്സ്‌ കൊടുത്താല്‍ നന്നായിരിക്കും.അഴുക്കുകള്‍ എളുപ്പത്തില്‍ കാണാതിരിക്കുവാന്‍ കടും നിറത്തിലുള്ള ടയിലുകള്‍ പതിക്കുന്ന ഒരു പ്രവണത നമുക്കുണ്ട്‌.ഇതു നല്ലതല്ല. തീരെ കടും നിറങ്ങളും ഇളം നിറങ്ങളും ഒഴിവാക്കുക.വേസ്റ്റുകള്‍ ഇടുവാനായി ഒരു പാത്രം താഴത്തെ ഷെല്‍ഫിനകത്ത്‌ ഒളിപ്പിച്ചു വെക്കാം.

തുടരും...


* വാസ്തു പ്രകാരം വടക്കുകിഴക്കു ദിശയും തെക്ക്‌ കിഴക്ക്‌ ദിശയും ആണ്‍ അടുക്കളക്ക്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. 402 x 330 സെന്റീ മീറ്റര്‍ നല്ല ഒരു അളവായും പറഞ്ഞിരിക്കുന്നു.

7 comments:

അലിഫ് /alif said...

അടുക്കളയെക്കുറിച്ചുള്ള വിവരണം നന്നായി. മാതൃകാ ചിത്രങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു.
അടുക്കളയിലെ പ്രധാനികളായ അടുപ്പ്, സിങ്ക്, ഫ്രിഡ്ജ് എന്നിവയുടെ അകലം ഒരു ത്രികോണമായി കണക്കാക്കിയാല്‍, അവയുടെ അകലം എത്രയും കുറഞ്ഞിരിക്കുന്നോ അത്രയും നന്ന്.വീട്ടമ്മയുടെ ആയാസം കുറഞ്ഞു കിട്ടും. ചില വീടുകളില്‍ അടുക്കളയ്ക്കുള്ളില്‍ ചുറ്റിനും മുകളില്‍ സ്ലാബ് കൊടുക്കുമായിരുന്നു..അത് അടുക്കളയുടെ വലിപ്പത്തെക്കുറയ്ക്കുമെന്നു മാത്രമല്ല വെളിച്ചകുറവ്, വായു സഞ്ചാരക്കുറവ് മുതലായവയ്ക്കും കാരണമാകും. എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന ഫ്ലോറിംഗ് , കഴുകാവുന്ന പെയിന്റ് , മുതലായവയും തിരഞ്ഞെടുക്കുന്നതു നന്ന്. അടുക്കള കന്നിമൂല അഥവാ തെക്കുപടിഞ്ഞാറു മൂലയില്‍ കൊടുക്കാതിരിക്കുന്നതിനു ഞാന്‍ പറയുന്നകാരണം കേരളത്തില്‍ സാധാരണ കാറ്റ് തെക്കുപടിഞ്ഞാറുനിന്നു വടക്കു കിഴക്കു ഭാഗത്തേക്കാണെന്നുള്ളതു കൊണ്ടാണ്. മീന്‍ പൊരിക്കുന്ന മണം വെറുതെ സ്വീകരണമുറിയിലേക്കെത്തിക്കണ്ടല്ലോ..
പ്ലാറ്റ് ഫോമില്‍ മാര്‍ബിള്‍ നല്ലതല്ലന്നാണു അനുഭവം- ഉപ്പ്, എണ്ണ തുടങ്ങിയവ സ്ഥിരമായി വീഴുന്നത് മൂലം പാടുകളുണ്ടാവുകയും അടര്‍ന്നു പോകുന്നതായും കണ്ടിട്ടുണ്ട്. ഗ്രാനൈറ്റ് ആവും നല്ലത്. (ഇപ്പോള്‍ സ്റ്റയിന്‍ലസ്സ് സ്റ്റീലും വിപണിയിലുണ്ട്- വില അധികമാണെന്നു മാത്രം)അടുപ്പിന്റെ കൂടെ വൈദ്യുത ചിമ്മിനി അഥവാ ഹുഡ് (kichen hood)കൊടുക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അടുപ്പിന്റെ സ്ഥാനം ജനാലക്കരികില്‍ നിന്നും മാറ്റി സ്ഥാപിക്കുകയോ, ജനാലയുടെ ഉയരം കുറച്ച് വീതി കൂട്ടിവെക്കുന്നതോ ആണു നല്ലത്. ഗ്യാസുകുറ്റി വെക്കുന്ന ഭാഗം ഒരു കാരണവശാലും തറനിരപ്പില്‍ നിന്നും താഴാന്‍ പാടില്ല. ലീക്കാവുന്ന ഗ്യാസ് കെട്ടിനിന്ന് അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. (കമന്റിയത് ഒരു പാടായോ..? !!)

paarppidam said...

തങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നന്ദി. തീര്‍ച്ചയായും അടുത്ത പോസ്റ്റിങ്ങില്‍ അടുക്കളയുടെ ലേയൗട്ട്‌ കൂടെ ഉള്‍പ്പെടുത്തുന്നതാണ്‍.കേരളത്തിലെ കാറ്റിന്റെ ഗതി വര്‍ഷത്തില്‍ ഒരു മാസം മാത്രമാണ വിപരീത ദിശയില്‍ ഉണ്ടാവുകയുള്ളൂ എന്ന കാര്യം പോസ്റ്റിങ്ങില്‍ വിട്ടുപോയിട്ടുണ്ട്‌. തങ്കള്‍ പറഞ്ഞപോലെ അടുക്കളയില്‍ പാകം ചെയ്യുന്നതിന്റെ ഗന്ധം വീടിനകത്ത്‌ തങ്ങി നില്‍ക്കാന്‍ ഇടയുണ്ട്‌ പടിഞ്ഞാറുഭാഗത്ത്‌ അടുക്കള കൊടുത്താല്‍. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനും പോരായമകള്‍ ചൂണ്ടിക്കാണിക്കുന്നതിനും തീര്‍ച്ചയായും സന്താഷം. പിന്നെ കാര്യങ്ങള്‍ വിശദമാക്കുമ്പോള്‍ അല്‍പ്പം ദൈര്‍ഘ്യമേറിയ കമന്റുകള്‍ സാധാരണമാണ്‍.

salini said...

വീട് ഒരു സ്വപ്നമായി കൊണ്ടു നടക്കുന്ന ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടും. ചെണ്ടകാരന്റെ കമന്റുകളിലൂടെയുള്ള വിവരണവും സഹായകരമാണ്. ചിത്രങ്ങള്‍ കൂടിയുണ്ടെങ്കില്‍ നന്നായിരുന്നു.

InjiPennu said...

ഒരു വാടക വീട് നോക്കുമ്പോഴൊ വീട് വെക്കുമ്പൊഴൊ ഞാന്‍ ആദ്യം നോക്കാ അടുക്കളേന്റെ ഡിസൈനാണ്.

എനിക്കിപ്പൊ അടുക്കളേടെ നടുവില്‍ അടുപ്പു വെക്കുന്നതാണ് ഇഷ്ടപ്പെട്ട ഡിസൈന്‍. നാല് അടുപ്പുള്ള കൂക്കിങ്ങ് റേഞ്ച് ഉണ്ടെങ്കില്‍ നാലു സൈഡില്‍ നിന്നും നമുക്ക് കുക്കാല്ലൊ. പിന്നെ എനിക്ക് തോന്നുന്നു, നമ്മുടെ ഇപ്പോഴത്തെ അടുക്കളയുടെ പൊക്കം ഇച്ചിരെ കൂടുതലാണെന്ന്. പണ്ടത്തെ അടുക്കളയില്‍ പൊക്കം കുറവാണ്, പിന്നെ അടുപ്പു കഴിഞ്ഞും ഇച്ചിരെ സ്ഥലം ഉണ്ട്. അതോണ്ട് നമുക്ക് അതില്‍ ഇരുന്ന് ഇപ്പൊ എന്തെങ്കിലും ഇളക്കുകയോ ഒക്കെ ചെയ്യാം. പ്രത്യേകിച്ചും നമ്മുടെ കുക്കിങ്ങിന് പായസം ഒക്കെ ഉണ്ടാക്കുമ്പൊ ഒന്നും രണ്ടും മണിക്കൂര്‍ ഇളക്കണ്ടേ?
അപ്പൊ പൊക്കം കുറച്ച് കുറയുവാണെങ്കില്‍ ഏതെങ്കിലും ഒരു സ്റ്റൂളിന്റെ പുറത്തിരുന്ന് നമുക്ക് സുഖായിട്ട് ഇളക്കാം. പക്ഷെ എനിക്ക് തോന്നണെ, നമ്മള്‍ പാശ്ചാത്യ ഡിസൈന്‍ വെച്ചാണ് അടുക്കളേടെ പൊക്കം ഇപ്പൊ ഡിസൈന്‍ ചെയ്യണേന്ന്. കേരളത്തിലെ ഒരു പെണ്ണിന്റെ ആവറേജ് പൊക്കം 5 അടി വല്ലോമല്ലേ കാണൂ?

പിന്നെ അടുക്കളേടെ പുറത്ത് അതായത് വീടിന്റെ വെളിയില്‍ ഗാസ് കുറ്റി വെച്ച്, ഒരു ചെറിയ ദ്വാരം അടുക്കളിയിലോട്ട് കൊടുക്കുവാണെങ്കില്‍ അതിലൂടെ ഗാസിന്റെ പൈപ്പ് പിടിപ്പിക്കാവാണെങ്കില്‍ വളരെ നല്ലതെന്നും എനിക്ക് തോന്നുന്നു. ഗാസ് കുറ്റി വെളിയില്‍ ആയതുകൊണ്ട് ഒരപകടം പേടിക്കേ വേണ്ടല്ലൊ.

ഇതൊക്കെ എന്റെ അഭിപ്രായങ്ങളാ‍ണെ.

ഞാന്‍ എപ്പോഴും ശ്രദ്ധയോടെ വായിക്കുന്ന ബ്ലോഗാണ് താങ്കളുടേത്. താങ്ക്സ്.

കാണാപ്പുറം said...

പാര്‍പ്പിടം,
വാസ്തുശാസ്ത്രത്തിന്‍റെ എല്ലാവശങ്ങളും പരിഗണിക്കാന്‍ സാധിച്ചില്ലെങ്കിലും അടിസ്ഥാന കാര്യങ്ങളെങ്കിലും ഉറപ്പുവരുത്താം എന്നുവിചാരിക്കുന്നവര്‍ പൊതുവെ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ അടുക്കളയുടെയും പൂജാമുറിയുടെയും സ്ഥാനം, കിടപ്പുമുറിയിലെ കട്ടിലിന്‍റെ തലഭാഗം ഏതു ഭാഗത്തേക്കു വരണം എന്നതൊക്കെയാണ്. പണം, ആഭരണങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കുന്ന സ്ഥലവും വാസ്തുപ്രകാരം വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം എന്ന്‌ ഒരു ക്രിസ്ത്യന്‍ സുഹൃത്ത്‌ (ആര്‍ക്കിട്ടെക്ട്‌) ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹത്തെപ്പോലെയുള്ളവര്‍ ശ്രദ്ധ കൊടുക്കുന്ന ‘അടിസ്ഥാനവാസ്തു പരിഗണനക‘ളില്‍ പെട്ടതാണത്രേ അതും. ചിലയിടങ്ങളില്‍ പണം സൂക്ഷിക്കുന്നത്‌ അഭിവൃദ്ധിക്കും മറിച്ചു ചെയ്യുന്നത്‌ ക്ഷയത്തിനും ഇടയാക്കുമെന്നാണത്രേ വിശ്വാസം. അതേക്കുറിച്ച്‌ ഒന്ന്‌ എഴുതിയാല്‍ വളരെ നന്നായിരുന്നു.

വാല്‍ക്കുറി - അതേക്കുറിച്ച് ഇതിനകം തന്നെ എഴുതിക്കഴിഞ്ഞിരിക്കുന്നു എങ്കില്‍ ക്ഷമാപണം. (താങ്കളുടെ ബ്ലോഗുകള്‍ മുഴുവന്‍ ഇനിയും വായിച്ചു കഴിഞ്ഞിട്ടില്ല)

അലിഫ് /alif said...

ഇഞ്ചി പെങ്ങളേ:( അങ്ങനെ വിളിച്ചോട്ടെ..?)
വീട്ടമ്മയുടെ പൊക്കത്തിനനുസരിച്ച് സ്ലാബിടുന്നതാണു നല്ലത്. ഗ്യാസുകുറ്റി പുറത്തു വെച്ചാല്‍ രാത്രി കണക്‍റ്റര്‍ ഓഫ് ചെയ്യാന്‍ പുറത്തിറങ്ങേണ്ടി വരില്ലേ..ആരെങ്കിലും തുറന്നുവിട്ടാലോ എന്ന സുരക്ഷാപ്രശ്നവും ഉണ്ട്.വര്‍ക്ക് ഏരിയയില്‍ ഗ്യാസു വെച്ച്, പ്രത്യേക പൈപ്പിലൂടെ കണക്റ്റ് ചെയ്യാറുണ്ട്. ഇവിടെ പരാമര്‍ശിച്ചതുപോലുള്ള “ദ്വീപ്” അടുക്കളയ്ക്ക് (island kitchen)അതാണു നല്ലതും.

paarppidam said...

അടുക്കളകളുടെ പുതിയ രൂപങ്ങള്‍ ടി.വി യില്‍ കണ്ട്‌ സാധാരണക്കാരായ പലരും ഭ്രമിക്കാറുണ്ട്‌. എന്നാല്‍ അതിന്റെ നിര്‍മ്മാണ ചിലവും പിന്നെ അതു മെയ്ന്റെയിന്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും പലരും ആലോചിക്കാറില്ല.

പണം സൂക്ഷിക്കുന്നതു സമ്പന്തിച്ച്‌ സത്യം പറഞ്ഞാല്‍ പല പുസ്തകങ്ങളില്‍ നിന്നും പല മറുപടികളാണ്‌ ലഭിക്കുന്നത്‌. ചിലപ്പോ തോന്നും ഇതൊക്കെ അന്ധവിശ്വാസമല്ലേന്ന്. എന്തായാലും ഇതേകുറിച്ച്‌ കിട്ടുന്ന വിവരം ഇഞ്ചിപ്പെണ്ണിനെ അറിയിക്കുന്നതാണ്‌.
വാസ്തുവിന്റെ ശാസ്ത്രീയ അടിസ്ഥാനങ്ങള്‍ എനിക്ക്‌ കൂടുതല്‍ മനസ്സിലാക്കാന സാധിച്ചിട്ടില്ല. ശ്രമിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ചിലവുകുറച്ച്‌ ലളിതമായ നിര്‍മ്മിതികളെ പ്രോല്‍സാഹിപ്പിക്കുവാനാണ്‌ എനിക്കു താല്‍പ്പര്യം.(ഒരു കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയില്‍ ഡിസൈനറായ എന്റെ ഇടതുപക്ഷം ഇതിനു നേരെ വിപരീത മനോഭവമാണ്‌ വീടുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ പ്രകടിപ്പിക്കുന്നത്‌) നമ്മള്‍ക്ക്‌ മനസ്സമാധാനത്തോടെ കഴിയുവാനുള്ള ഒരിടം - അതാണ്‌ എനിക്ക്‌ പാര്‍പ്പിടം.

എന്റെ സുഹൃത്ത്‌ ശ്രീ ചെണ്ടക്കാരന്‍ എനിക്കു തരുന്ന സപ്പോര്‍ട്ടിനു എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല.


വാല്‍കഷ്ണം: എന്റെ ഒരു സുഹൃത്ത്‌ ഈയ്യിടെ പറയുകയുണ്ടായി എടാ ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ വാസ്തു പ്രകാരം എവിടെ വെച്ചാലാ ചിലവു കുറയാന്ന്. ഞാന്‍ പറഞ്ഞു അതു പോക്കറ്റില്‍ നിന്നും പുറത്തെടുക്കാതെ സൂക്ഷിച്ചാല്‍ ചിലവു കുറക്കാമെന്ന്.

E-pathram

ePathram.com