Wednesday, August 30, 2006

വാസ്തു; ഒരു കുറിപ്പ്‌.

വാസ്തുവിനെക്കുറിച്ച്‌ ആധികാരികമായി പറയുവാനോ അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാനോ എനിക്ക്‌ സാധിക്കും എന്നു തോന്നുന്നില്ല. എന്നാല്‍ ഇന്ന് വ്യാപകമായി ആളുകള്‍ ഇതിന്റെ പുറകെ പോകുകയും പലവിധത്തിലുള്ള ഉപദേശങ്ങള്‍ പലരില്‍ നിന്നും ലഭിക്കുകയും അതിനനുസരിച്ച്‌ ഗൃഹം നിര്‍മ്മിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും പൂര്‍ണ്ണമായും വാസ്തു "ശാസ്ത" പ്രകാരം ഒരു കെട്ടിടം നിര്‍മ്മിക്കുക ഇന്നത്തെ കാലത്ത്‌ സാധ്യമാണെന്ന് തോന്നുന്നില്ല. എല്ലാ വീടിനും കിഴക്കുവശത്തു കിച്ചണ്‍ കൊടുക്കുക എന്നതും തെക്കുപടിഞ്ഞാറു ഭാഗത്ത്‌ മാസ്റ്റര്‍ബെഡ്രൂം കൊടുക്കുക എന്നതും പ്രായോഗികമല്ല. അതു കെട്ടിടം വെക്കുന്ന ഭൂമിയുടേയും അതിനോടനുബന്ധിച്ചുള്ള റോഡ്‌, അടുത്തകെട്ടിടങ്ങള്‍ തുടങ്ങിയവയെ ആശ്രയിച്ചിരിക്കും.ഈ ബ്ലോഗില്‍ വാസ്തുസമ്പന്ധമായി വരുന്ന പരാമര്‍ശങ്ങള്‍ പല ഗ്രന്ധങ്ങളില്‍ നിന്നും ലഭിച്ചവയോ ഇതുസമ്പന്ധിച്ച്‌ വരുന്ന ലേഖനങ്ങള്‍ ചര്‍ച്ചകള്‍ അഭിമുഖങ്ങള്‍ എന്നിവയില്‍ പരാമശിക്കപ്പെട്ടവയോ ആണു. വാസ്തുവില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പ്രയോജനപ്പെടും എന്നുകരുതിയാണ്‍ ഞാന്‍ ഇവ ചേര്‍ക്കുന്നത്‌. വാസ്തുവിനെ പ്രമോട്ട്ചെയ്യുക എന്നതല്ല ലക്ഷ്യം.


വാസ്തു ശാസ്ത്രജ്നര്‍ എന്നപേരില്‍ വേണ്ടത്ര പരിഞ്ജാനമില്ലാത്ത ഒത്തിരി ആളുകള്‍ ഇന്നു ബോര്‍ഡും തൂക്കി ഇരിപ്പുണ്ട്‌.ജനങ്ങള്‍ ഇത്തരം വിശ്വാസങ്ങളില്‍ നിന്നുകൊണ്ട്‌ ഗൃഹനിര്‍മ്മാണം നടത്തണം എന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അതിനൊരു പോംവഴി എന്ന നിലക്ക്‌ പൊതുവായി സ്വീകരിക്കാവുന്ന ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ കെട്ടിടം ഡിസൈന്‍ ചെയ്യുക എന്നതേ നിവൃത്തിയുള്ളൂ.പണ്ടത്തെ ആശാരിമാര്‍ കെട്ടിടത്തിന്റെ അളവുകള്‍ക്ക്‌ ഒരു ഏകീകൃതമായ പട്ടിക തയ്യാറാക്കുകയും അതനുസരിച്ച്‌ അന്നുകാലത്ത്‌ ഗൃഹങ്ങള്‍ നിര്‍മ്മിക്കുകയും ചയ്തിരുന്നു. മരം കൊണ്ടുള്ള മേല്‍ക്കൂരകള്‍ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്ക്‌ ഇത്തരം കണക്കുകള്‍ വളരെയധികം പ്രയോജനപ്പെട്ടിരിക്കാം.അവയെ അവര്‍ വിശ്വാസങ്ങളുമായി കോര്‍ത്തിണക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങള്‍ മാറി എന്നത്‌ നാം അംഗീകരിച്ചേ മതിയാകൂ.


അതതു കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ രൂപപ്പെടുന്ന വിശ്വാസങ്ങളും എഴുതപ്പെടുന്ന ഗ്രന്ഥങ്ങളും പിന്നീട്‌ കാലഘട്ടത്തിനനുസരിച്ച്‌ മാറ്റപ്പെടേണ്ടതാണ്‍. അല്ലാത്തപക്ഷം അതു നമ്മെ മാനസീകമായും സാമൂഹികപരമായും ശിലായുഗത്തിലേക്ക്‌ കൊണ്ടെത്തിക്കും.

മനുഷ്യശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടെന്നും അതില്‍ അസുഖം വരുമ്പോഴും മാനസീകപിരിമുറുക്കം അനുഭവപ്പെടുമ്പോളും നെഗേറ്റെവ്‌ എനര്‍ജ്ജി കൂടുതല്‍കാണീക്കും എന്നും ഒക്കെ തെളിയിക്കപ്പെട്ടിട്ടുള്ളതല്ലെ? റിക്കി എന്ന സമ്പ്രദായം തന്നെ ഇതിനെ അടിസ്താനപ്പെടുത്തി രൂപം കൊടുത്തിട്ടുള്ളതാണ്‍.ശരീരത്തിന്റെ തലഭാഗം നോര്‍ത്ത്‌ പോള്‍ എന്ന സങ്കല്‍പ്പം ചില ബുക്കുകളില്‍ നിന്നും ലഭിച്ചതാണ്‍. തെക്കുഭാഗത്തേക്ക്‌ തലവെക്കുന്നതിനു ശാസ്ത്രീയ വിശകലനം എന്നനിലക്കാണ അതില്‍ കണ്ടത്‌.പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കാത്തതും എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍ ഇല്ലെ?

16 comments:

sreejith said...

I am appreciate your vision. continue..

rajesh menon said...

പൂര്‍വ്വികര്‍ വാസ്തുവിദഗ്ദര്‍ ആയിരുന്നു എന്ന ലേബല്‍ ഉള്ള ഒത്തിരി ആളുകള്‍ ആ ലേബലും വച്ച്‌ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്‌.നേരുപറഞ്ഞാല്‍ അത്തരക്കാര്‍ക്കുമുമ്പില്‍ ആര്‍ക്കെട്ടെക്റ്റുകളും എഞ്ചിനീര്‍മാരും വെറും വട്ടപ്പൂജ്യമാണ്‍ ആളുകളുടെ കാഴ്ചപ്പാടില്‍.ഇതു മാറിയേ തീരൂ, ഇത്തരം കള്ള നാണയങ്ങളെ തുറന്നുകാണിക്കുവാന്‍ അവര്‍ ഡിസൈന്‍ ചെയ്ത വീടുകളും അവിടെതാമസിക്കുന്നവരുടെ സാമ്പത്തിക ജീവിത നിലവാരം മെച്ചമാണോ എന്നിവയെക്കുറിച്ച്‌ ഒരു പഠനം നടത്തേണ്ടതുണ്ട്‌.മാത്രമല്ല ഇവര്‍ ചെയ്യുന്ന വര്‍ക്കുകള്‍ പൂര്‍ണ്ണമായും വാസ്തു അനുശാസിക്കുന്ന രീതിയില്‍ ആണോ എന്നും നോക്കണം. താങ്കളുടെ ലേഖനത്തിനു നന്ദി. ഒരു കാര്യം കൂടെ വാസ്തുവിന്റെ അടിസ്താന വിവരങ്ങളും കണക്കുകളും ഉള്‍പ്പെടുത്തി ഒരു ലേഖനം പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

സു | Su said...

താങ്കളുടെ ലേഖനങ്ങള്‍ക്ക് നന്ദി. വായിക്കാറുണ്ട് എല്ലാം.

ചുള്ളിക്കാലെ ബാബു said...

വടക്കോട്ട് വെടക്കനും തലവെക്കില്ലെന്നൊരു പഴഞ്ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍. അതായത് എത്ര മോശക്കാരനായാലും വടക്കുഭാഗത്തേക്ക് തലവെച്ച് കിടക്കില്ലെന്നര്‍ഥം. അങ്ങനെ പരയാനുള്ള കാരണം ഇപ്പോള്‍ പിടികിട്ടി.
വാസ്തുശാസ്ത്രത്തെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം.

ഉമേഷ്::Umesh said...

സംശയങ്ങള്‍:

(1)
എല്ലാ വീടിനും കിഴക്കുവശത്തു കിച്ചണ്‍ കൊടുക്കുക എന്നതും....

വാസ്തു അനുസരിച്ചു കിഴക്കാണോ അടുക്കള? കേരളത്തില്‍ പൊതുവേ വടക്കുവശത്താണല്ലോ.

2)
മനുഷ്യശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടെന്നും അതില്‍ അസുഖം വരുമ്പോഴും മാനസീകപിരിമുറുക്കം അനുഭവപ്പെടുമ്പോളും നെഗേറ്റെവ്‌ എനര്‍ജ്ജി കൂടുതല്‍കാണീക്കും എന്നും ഒക്കെ തെളിയിക്കപ്പെട്ടിട്ടുള്ളതല്ലെ?

ശാസ്ത്രീയമായി എങ്ങനെ തെളിയിക്കപ്പെട്ടു? ഓറയെ അളന്നിട്ടുണ്ടോ? അല്ലെങ്കില്‍ ഓറയുടെ ആഘാതം കണ്ടുപിടിച്ചിട്ടുണ്ടോ? ഈ ഉണ്ടാക്കുന്ന നെഗറ്റീവ് എനര്‍ജി എത്ര യൂണിറ്റുണ്ടു് ഏകദേശം?

ഇവയ്ക്കു ശാസ്ത്രീയമായ റെഫറന്‍സ് ഉണ്ടെങ്കില്‍ പറഞ്ഞുതരൂ. അല്ലെങ്കില്‍ “എന്നും ഒക്കെ തെളിയിക്കപ്പെട്ടിട്ടുള്ളതല്ലെ?“ എന്നതിനു പകരം “കരുതപ്പെടുന്നു” എന്നെഴുതിയാല്‍ ഒരു വിരോധവുമില്ല. ഉത്തരം താങ്ങുന്നതു താനാണെന്നു പല്ലിയും, എഴുതുന്നതു ലോകോത്തരസാഹിത്യമാണെന്നു ഞാനും കരുതുന്നുണ്ടല്ലോ.

3)
പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കാത്തതും എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍ ഇല്ലെ?

ഉണ്ടു്. സത്യം നമുക്കറിയില്ല. അവയെപ്പറ്റി പറയുമ്പോഴാണു നാം മുകളില്‍പ്പറഞ്ഞ “കരുതപ്പെടുന്നു” എന്ന പ്രയോഗം ഉപയോഗിക്കുന്നതു്. അല്ലാതെ “ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടു്” എന്നല്ല.
4)
അതതു കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ രൂപപ്പെടുന്ന വിശ്വാസങ്ങളും എഴുതപ്പെടുന്ന ഗ്രന്ഥങ്ങളും പിന്നീട്‌ കാലഘട്ടത്തിനനുസരിച്ച്‌ മാറ്റപ്പെടേണ്ടതാണ്‍. അല്ലാത്തപക്ഷം അതു നമ്മെ മാനസീകമായും സാമൂഹികപരമായും ശിലായുഗത്തിലേക്ക്‌ കൊണ്ടെത്തിക്കും

100% യോജിക്കുന്നു. പൂച്ചയ്ക്കാരു മണി കെട്ടും എന്നതാണു പ്രധാന പ്രശ്നം.

കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഖണ്ഡിക തിരിച്ചു് അല്പം കൂടി പാരായണക്ഷമമാക്കുന്നതു നന്നായിരിക്കും.

വക്കാരിമഷ്‌ടാ said...

പലപ്രാവശ്യം പറഞ്ഞതുതന്നെ...

മണികെട്ടാന്‍ ആള്‍ക്കാരുണ്ടെങ്കില്‍‌തന്നെയും മണികെട്ടാന്‍ സമ്മതിക്കുന്നില്ല എന്നൊരു പ്രശ്‌നവുമുണ്ട്.

പിന്നെ എനിക്കുള്ള സംശയം പല ശാസ്ത്രശാഖകളിലും പല തരത്തിലുമുള്ള hypothesis ഉണ്ടല്ലോ. അവയ്ക്കൊന്നും കാണാത്ത ഒരു scrutiny നമ്മള്‍ വാസ്തുവിനും മറ്റും ആവശ്യപ്പെടുന്നുണ്ടോ? അത് എന്തായാലും നല്ലത് തന്നെ-ആ ആവശ്യപ്പെടല്‍ നല്ല അര്‍ത്ഥത്തിലാണെങ്കില്‍. പക്ഷേ ഉടന്‍ ഒരു ഉത്തരം കിട്ടിയില്ലെങ്കില്‍ അടുത്ത നിമിഷം അതിനെ തള്ളിപ്പറയുന്ന രീതിയിലാവരുതെന്ന് മാത്രം.

ഉമേഷ്‌ജി ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെങ്കില്‍ പഠനങ്ങള്‍ വേണം. ആ പഠനങ്ങള്‍ നടന്നിട്ടുണ്ടോ? (ഇല്ല എന്ന് തോന്നുന്നു-ഉണ്ടായിരുന്നെങ്കില്‍ ആരെങ്കിലും അത് കാണിച്ച് ഈ അദ്ധ്യായം അവസാനിപ്പിക്കുമായിരുന്നല്ലോ). ഇനി നടന്നിട്ടില്ലെങ്കില്‍ എന്തായിരിക്കും കാരണം? സായിപ്പ് പറയാത്തതാണോ?

ദില്‍ബാസുരന്‍ said...

ഓറയേയും അതിനെ പടത്തിലാക്കാന്‍ ഉപയോഗിക്കുന്ന കിര്‍ലിയന്‍ ഫോട്ടോഗ്രഫിയേയും പറ്റി ഇവിടെ കാണാം.

prapra said...

വാസ്തു ശാസ്ത്രത്തിന്‌ റെഫറന്‍സ് (മലയാളം?) ഉണ്ടോ എവിടെയെങ്കിലും ? അതോ വടക്കന്‍ പാട്ട് പോലെ ആണോ? ഈ അടുത്ത കാലാത്തായി കേട്ട് തുടങ്ങിയത് കൊണ്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

വക്കാരിമഷ്‌ടാ said...

കൊളറാഡോയിലെ ഒരണ്ണന്‍ കൊളമാക്കിയെന്നാണ് തോന്നുന്നത് :)

എന്നാലും ആശയ്ക്ക് വകയുണ്ട് എന്നാണ് തോന്നുന്നത് (ഉണ്ടോ?)

വക്കാരിമഷ്‌ടാ said...

കിര്‍ലിയന്‍ ഫോട്ടോ ഓറയെ പിടിക്കുന്നതിനെതിരെ വാദങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു, ദില്‍‌ബ്ബൂ.

paarppidam said...

പ്രിയ ഉമേഷ്ജി,
വാസ്തു വ്യാപകമായി ഇന്ന് ജനങ്ങളെ ചൂഷണം ചെയ്യുവാനായി ഒരുവിഭാഗം ആളുകള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ്‍ സത്യം. ചിലബുക്കുകള്‍ ലേഖനങ്ങല്‍ ഈരംഗത്തുള്ളവരുടേതായി വന്ന അഭിമുഖങ്ങള്‍ എന്നിവയില്‍ നിന്നും ലഭിച്ച ചില കാര്യങ്ങള്‍ താല്‍പ്പര്യമുള്ള വര്‍ക്കായി ഇതില്‍ ഉള്‍പ്പെടുത്തി എന്നേ ഉള്ളൂ. എന്റെ പോസ്റ്റിങ്ങില്‍ ഞാന്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്‌. അതുകൊണ്ടുതന്നെ അതില്‍ പറയുന്ന പലതിനും ശാസ്തീയമായ വിശദീകരണം നല്‍കുവാനും എനിക്ക്‌ കഴിയില്ല.

വടക്കുകിഴക്കോ തെക്കുകിഴക്കോ ആണ്‍ അടുക്കള കൊടുക്കേണ്ടതെന്ന് ചില വാസ്തു ഗ്രന്ഥങ്ങളില്‍ കാണുന്നു. എന്നുകരുതി എല്ലാവരും ഈ ഭാഗങ്ങളില്‍ മാത്രമാണോ അടുക്കള കൊടുക്കുന്നത്‌ എന്ന്.അടുക്കളയില്‍ സൂര്യപ്രകാശവും വായുസഞ്ചാരവും പരമാവധി ലഭിക്കുക എന്നത്‌ പ്രധാനമാണ്‍. ലോകത്തുള്ള എല്ലാ മനുഷ്യരും വാസ്തു അനുസരിച്ച്‌ അല്ല കെട്ടിടം പണിയുന്നത്‌ അതുകൊണ്ട്‌ അവര്‍ക്കെല്ലാം മാത്രമാണോ ഉണ്ടാകുന്നത്‌? ആര്‍ക്കും അഭിവൃദ്ധി ഇല്ലെ?

ഉത്തരം താങ്ങുന്നത്‌ ഞാനാണെന്ന് പറയുന്ന പല്ലിയല്ല, മറിച്ച്‌ അണ്ണാരക്കണ്ണനും തന്നാലായത്‌ എന്നുമാത്രമേ ഞാന്‍ കരുതുന്നുള്ളൂ. താങ്കളുടെ കമെന്റുകള്‍ ചിന്തോദ്ദീപക്മം തന്നെ.

രാജേഷിന്റെ അഭിപ്രായങ്ങള്‍ ഗൗരകരമായി പരിഗണിക്കപ്പെടേണ്ടതാണ്‍.

rajesh menon said...

പ്രിയ സുഹൃത്തെ,
ടി.പി.ശാസ്തമംഗലത്തെപ്പേടിച്ച്‌ ഗിരീഷ്‌ പുത്തഞ്ചേരി പാട്ടെഴുത്തു നിര്‍ത്തിയിട്ടില്ല എന്നത്‌ ഓര്‍ക്കുക. പ്രസക്ത്മായ്‌ വിമര്‍ശനങ്ങള്‍ മാത്രം പരിഗണിക്കുക. ലേഖനങ്ങള്‍ ഒരുപാട്‌ നന്നാക്കുവാന്‍ ഉണ്ട്‌.

ഓറ,നെഗേറ്റീവ്‌ എനര്‍ജി തുടങ്ങി കിര്‍ളിയന്‍ ഫോട്ടോഗ്രാഫിയെക്കുറിച്ചും മറ്റും ഉള്ള വിവാദങ്ങളിലേക്കുപോകാതെ തുടര്‍ന്നും ഈ ബ്ലോഗ്ഗിന്റെ പരിധിയില്‍ വരുന്ന ഉപകാരപ്രദമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Anonymous said...

ഈ കിഴക്ക് ഭാഗത്ത് അടുക്കള വന്നതുകൊണ്ട് ആദ്യ സൂര്യവെളിച്ചം അടുക്കളിയില്‍ കിട്ടുന്നു എന്നില്ലെ? പിന്നെ, വാസ്തുവിനെപറ്റി താങ്കള്‍ക്ക് ഉചിതമായത് എഴുതും എന്ന് കരുതട്ടെ. എനിക്ക് വളരെ താല്‍പ്പര്യമുള്ള വിഷയമാണ് വാസ്തു. കുറേയൊക്കെ നല്ല വിവരമായിട്ട് എനിക്ക് വാ‍സ്തുവില്‍ തോന്നിയിട്ടുണ്ട്. സോ, ലോജിക്കല്‍ ആയിട്ട് തോന്നുന്നുവെങ്കില്‍ അത് എഴുതുമെന്ന് കരുതട്ടെ..

അലിഫ് /alif said...

വാസ്തു ചര്‍ച്ച ചെയ്തു തീരുമാനിക്കപ്പെടേണ്ട സംഗതിയാണോ..? മനുഷ്യാലയചന്ദ്രിക പോലുള്ള നിരവധി പുസ്തകങ്ങളില്‍ വിശദമായി കൊടുത്തിട്ടുള്ളതു വായില്‍ തോന്നിയതു കോതയ്ക്കു പാട്ട് എന്നവണ്ണം നിലവിളിക്കുന്ന ചാനല്‍ വാസ്തുവിദഗ്ദരാണു വിമര്‍ശിക്കപ്പെടേണ്ടത്. ആറന്മുള വാസ്തു വിദ്യാഗുരുകുലം പോലും കച്കവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അവിടെ ഇപ്പോ പഠനത്തേക്കാളുപരി കണ്‍സള്‍ട്ടേഷന്‍ ആണ്. കുറച്ചെങ്കിലും കാര്യക്ഷമമായും ശാസ്ത്രീയമായും വാസ്തുവിനെ സമീപിക്കുന്നതു നല്ലതായിരിക്കും. ഡോ.എ. അച്ചുതന്‍ പോലുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായി തോന്നിയിട്ടുണ്ട്.

paarppidam said...

വാസ്തുവിനെക്കുറിച്ച്‌ പലയിടങ്ങളില്‍ നിന്നും ലഭിച്ച അറിവുകള്‍ ഞാന്‍ ഈ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്‍. പക്ഷെ അതിനു ശാത്രീയ വിശദീകരണം നല്‍കുക എന്നത്‌ തീര്‍ച്ചയായും എനിക്ക്‌ സാധിക്കുന്ന കാര്യമല്ല.ശ്രീ ചെണ്ടക്കാരന്‍ പറഞ്ഞതുപോലെ ചാനലുകളില്‍ വരുന്നത്‌ വ്യത്യസ്ത രീതികളില്‍ ആണ്‍.ആധുനിക ശാസ്ത്രം ഒരു ഗ്രഹത്തെ എടുത്തുകളഞ്ഞിരിക്കുന്നു.ഇതു നവഗ്രഹസങ്കല്‍പ്പത്തെ തന്നെ മാറ്റിമറിക്കുമോ? കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്‌. അതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാവുന്നവര്‍ എഴുതിയാല്‍ കൊള്ളാം.

Namaskar said...

വാസ്തു, കപട ശാസ്ത്രമോ?

സ്വപ്ന സൌധം പണിയുമ്പോള്‍ വാസ്തു ശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ? ഒരു അന്വേഷണം.

E-pathram

ePathram.com