Monday, March 28, 2016

ചെറിയ സ്ഥലത്തെ വീട്
ചെറിയ പ്ലോട്ടില്‍ ചെയ്യുന്ന വീടിന്റെ ഡിസൈനില്‍ പരമാവധി  “തുറന്ന”നയം
സ്വീകരിക്കുന്നതാണ് അഭികാമ്യം.   ഇവിടെ വീതി കുറഞ്ഞ് നീളമുള്ള പ്ലോട്ടില്‍ ആണ്
വീടിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോഡില്‍ നിന്നും അല്പം അകലം പാലിച്ചു
കൊണ്ട്, അതേ സമയം ആ സ്ഥലത്തെ കാര്‍പോര്‍ച്ചിനായി ഉപയോഗിച്ചിരിക്കുന്നു.
ലിവിംഗ് റൂമിനും ഡൈനിംഗിനു ഇടയില്‍ ഒരു കോര്‍ട്യാഡ് നല്‍കിയിരിക്കുന്നു. ഇതിന്റെ
മുകളിലൂടെയാണ് സ്റ്റീലും വുഡും ഉപയോഗിച്ചുള്ള സ്റ്റെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഡൈനിംഗില്‍ നിന്നും കിച്ചണിലേക്കും ഒരു ബെഡ്രൂമിലേക്കും പ്രവേശിക്കാം. സ്റ്റെയര്‍
കേസിന്റെ അടിഭാഗം കോമണ്‍ ടോയ്‌ലറ്റാക്കിയിരിക്കുന്നു.അതിന്റെ എതിര്‍വശത്തായി
വാഷ് ബേസിനും നല്‍കിയിരിക്കുന്നു.നീളമുള്ള അടുക്കളയില്‍ രണ്ടു വശത്തായി കൌണ്ടര്‍ നല്‍കിയിട്ടുണ്ട്. അതിനു തുടര്‍ച്ചയായി ഒരു യൂട്ടിലിറ്റി ഏരിയയും.

സ്റ്റെയര്‍ കയറി മുകള്‍ നിലയില്‍ എത്തുന്നത് ഒരു ഫാമിലി ലിവിംഗ് ഏരിയയിലേക്കാണ്.
അതിന്റെ ഇരുവശത്തുമായി രണ്ടു കിടപ്പുമുറികള്‍ നല്‍കിയിരിക്കുന്നു. പുറകുവശത്ത് ഒരു
ഓപണ്‍ ടെറസും ഉണ്ട്.

88.10 ചതുരശ്ര മീറ്ററാണ് ഗൌണ്ട് ഫ്ലോറിന്റെ വിസ്തീര്‍ണ്ണം ഫസ്റ്റ് ഫ്ലോര്‍ 70
ചതുരശ്രമീറ്ററാണ്. കോര്‍ട്‌യാഡ് ഉള്‍പ്പെടെ  ഇരു നിലയും ചേര്‍ന്ന് 158.1 ചതുരശ്രമീറ്റര്‍
അഥവാ 1701 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം.

Saturday, October 26, 2013

3 ബെഡ്രൂം വില്ല-4

മുന്‍ വശത്തെ സിറ്റൌട്ടില്‍ നിന്നും ഒരു ഫോയറിലേക്കാണ് ആദ്യം കയറുന്നത്. അതിന്റെ വലതു വശത്തായി ഒരു കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. ഇടതു വശത്ത് ലിവിങ്ങ് ഏരിയ. ഫോയറില്‍ നിന്നും നേരെ ഡൈനിങ്ങിലേക്ക് പ്രവേശിക്കാം. ഡൈനിങ്ങിന്റെ വലതു വശത്ത് പെബിള്‍സും ചെടികളും മറ്റും വച്ച് പിടിപ്പിച്ച് അലങ്കരിച്ച ഒരു ഓപ്പണ്‍ കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. ഇവിടെ ഒരു ഓപ്പണ്‍ ഡൈനിങ്ങ് സ്പേസായി ഉപയോഗിക്കാം.  മുകളില്‍ പെര്‍ഗോളകളും നല്‍കാം. മാസ്റ്റര്‍ ബെഡ്രൂമിലേക്കും കിച്ചണിലേക്കും ഡൈനിങ്ങില്‍ നിന്നും നേരിട്ട് പ്രവേശിക്കാം. മാസ്റ്റര്‍ ബെഡ്രൂമിനു ഒരു ഡ്രസ്സിങ്ങ് ഏരിയായും ബാത്രൂമും നല്‍കിയിരിക്കുന്നു. കോമണ്‍ ടോയ്‌ലറ്റ് സ്റ്റെയര്‍ കേസിനു കീഴില്‍ നല്‍കിയിക്കുന്നു. 

മുകള്‍ നിലയില്‍ രണ്ട് കിടപ്പുമുറികളാണ് ഉള്ളത്. സ്റ്റെയര്‍ കയറി ചെല്ലുന്നത് ഒരു ഫാമിലി ലിവിങ്ങ് ഏരിയായിലേക്കാണ്. ഇവിടെ നിന്നും ഒരു ഫോയറിലൂടെ ബെഡൂമിലേക്ക് പ്രവേശിക്കാം. ഡോര്‍ തുറക്കുന്നതിനു പുറകിലായി ഒരു ചെറിയ കബോഡും തുടര്‍ന്ന് ബാത്രൂമും നല്‍കിയിരിക്കുന്നു. ഇതേ ഫോയറില്‍ നിന്നും ബാല്‍കണിയിലേക്കും പ്രവേശിക്കാം. 
114.65 ചതുരശ്ര മീറ്ററാണ് ഗൌണ്ട് ഫ്ലോറിന്റെ വിസ്തീര്‍ണ്ണം. ഫസ്റ്റ് ഫ്ലോറ് 82.70 ചതുരശ്ര മീറ്ററും.

Monday, October 07, 2013

പാര്‍പ്പിട ദിനവും ആശങ്കകളും.

പാര്‍പ്പിടം നിഷേധിക്കപ്പെടുന്നവരും ഉള്ള പാര്‍പ്പിടങ്ങള്‍ വികസനങ്ങളുടെ പേരില്‍ നഷ്ടപ്പെടുന്നവരും ഒരു ഭാഗത്ത് മറുഭാഗത്ത് പാര്‍പ്പിടത്തിനായി പണം എത്രവേണമെങ്കിലും മുടക്കുവാന്‍ തയ്യാറാകുന്നവര്‍. ഈ അന്തരം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാടും കൃഷിയിടങ്ങളും പാര്‍പ്പിടങ്ങള്‍ക്കായി പിടിച്ചടക്കപ്പെടുന്നു. പുഴകളിലെ മണ്ണെടുത്ത് ഒരുവിധമായപ്പോള്‍ കരയില്‍ നിന്നും മണ്ണെടുക്കല്‍ തകൃതിയാക്കി. മറ്റൊന്ന് എം.സാന്റ് ആണ്. അതാ‍കട്ടെ കരിങ്കല്ല് പൊടിച്ചെടുക്കുന്നതും. വൈകാതെ അതും വൈകാതെ അവസാനിക്കും. സര്‍ക്കാറില്‍ നിന്നും സമഗ്രമായ ചിന്തകളോ നിയമങ്ങളോ ഒന്നും ഉണ്ടാകും എന്ന് കരുതുക വയ്യ. നിര്‍മ്മാണങ്ങള്‍ അതിവേഗം വികസിക്കുന്ന കേരളത്തില്‍ സമഗ്രമായ ഒരു കെട്ടിട നിര്‍മ്മാണ നയം പ്രയോഗത്തില്‍ വരുത്തുവാന്‍ സര്‍ക്കാറിനു സ്‍ാധിച്ചിട്ടുമില്ല. ഭൂമിയില്ലാത്ത്വരും വീടില്ലാത്തവരും ഉണ്ടാകരുതെന്ന് പറഞ്ഞ് ചില മാമാങ്കങ്ങള്‍ നടത്തി രാഷ്ടീയക്കാര്‍ കണ്ണില്‍ പൊടിയിടാറുണ്ട് എന്നത് സത്യ്ം.ഭയാനമമായ രീതിയിലാണ് വീട് നിര്‍മ്മാണത്തിന്റെ ചിലവ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്.  പുതിയ ആശയങ്ങള്‍ ഉയര്‍ന്നു വരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

ജി.ആര്‍.പി പോലെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പുതിയ സംവിധാനങ്ങളെ പറ്റി ഇനിയും ആലോചിക്കുന്നില്ല എന്നത് അല്‍ഭുതപ്പെടുത്തുന്നു. പ്രായോഗികമായ പോരായ്മകളെ പറ്റി ഗൌരവമായി ചിന്തിച്ചിട്ടില്ലെങ്കിലും മനസ്സില്‍ തോന്നിയ ഒരു ആശയം പങ്കുവെക്കുന്നു. ഇത് മറ്റു പലരും ചിന്തിച്ചത് ആകാം.തറ ഒരുക്കി അതില്‍ പി.സി.സി. ഫ്ലോറിങ്ങ് ചെയ്യുക. അതിനു മുകളില്‍  ജി.ആര്‍.പി പാനല്‍ ഇരുവശത്തും നടുവില്‍ ഫോമും വച്ച് ഫ്രെമുകളില്‍ ചുമരുകള്‍ ഫിക്സ് ചെയ്യുന്നു.റൂഫും ഇതേ മെറ്റീരിയല്‍ കൊണ്ട് ഫ്രേം വച്ച് ചെയ്യാം. വെള്ളം ടാങ്ക് നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ആയതിനാല്‍ മഴയുമായി ബന്ധപ്പെട്ട് ഉള്ള പേടിയും വേണ്ട. മണല്‍, കരിങ്കല്ല്, വെട്ടുകല്ല് തുടങ്ങിയവക്കായുള്ള അമിതമായ പ്രകൃതി ചൂഷണവും ഒഴിവാക്കാം.
പ്ലാന്‍ പ്രകാരം തയ്യാറാക്കുന്ന വീടിന്റെ വിവിധ ഭാഗങ്ങള്‍  (മൊഡ്യൂളുകള്‍ ആയി നിര്‍മ്മിച്ച് ) കൊണ്ടു വന്ന് ജോയിന്‍ ചെയ്യുകയാകും സൌകര്യപ്രദം.

വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്താല്‍ ചതുരശ്രയടിക്ക് 350-400 രൂപ ചിലവില്‍ തീര്‍ക്കാം എന്നാണ് ഈ രംഗത്തെ ഒരു വിദഗ്ദന്‍ പറയുന്നത്. ചൂട്, പ്രായോഗികത, ആസ്ബസ്റ്റോസ് പോലെ മനുഷ്യര്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ തുടങ്ങി ഈ വിഷയത്തിലെ എന്റെ സംശയങ്ങള്‍ ഞാന്‍ ചില വിദഗ്ദര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. അവര്‍ നല്‍കുന്ന മറുപടി മുറപോലെ അറിയിക്കാം.

വീടില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ സഹാ‍യം നല്‍കുന്നത് 1 അല്ലെങ്കില്‍ 2 ലക്ഷവും മറ്റുമാണ്. ദിവസം 800 രൂപ കൂലി വാങ്ങുന്ന മേസന്മാര്‍ ഉള്ള നാട്ടില്‍ എങ്ങിനെ ഒരു സാധാരണക്കാരനു വീടു നിര്‍മ്മിക്കുവാന്‍ ആകും?എന്തായാലും ഇത് സാധ്യമാണെങ്കില്‍ സാധാരണക്കാര്‍ക്ക് ഒരു ഹാള്‍, 1 ബെഡ്രൂം/2ബെഡ്രൂം ബാത്രൂം, കിച്ചണ്‍ അടങ്ങുന്ന 500 ചതുരശ്രയടി വിസ്ത്രീര്‍ണ്ണമുള്ള വീടിന് ചിലവ് രണ്ട് അല്ലെങ്കില്‍ രണ്ടര ലക്ഷം രൂപയില്‍ ഒതുങ്ങും എന്ന് പ്രത്യാശിക്കുന്നു. 

Wednesday, January 09, 2013

ഒരു നില വീട്


 ലിവിങ്ങ്-ഡൈനിങ്ങ് എന്നീ ഏരിയകളെ പ്രത്യേകം ചുമരു കെട്ടി വേര്‍തിരിക്കാതെ  ഓപ്പണ്‍ പ്ലാന്‍ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു ഡിസൈന്‍ ആണ് ഇത്. എന്നാല്‍ ബെഡ്രൂമുകള്‍ക്കും അടുക്കളയ്ക്കും ആവശ്യമായ സ്വകാര്യത ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ മുകളില്‍ നിലകള്‍ എടുക്കണമെന്നുണ്ടെങ്കില്‍ കോര്‍ട്ട്‌യാഡിലൂടെ സ്റ്റെയര്‍ കേസ് നല്‍കാം. സ്റ്റീലും വുഡ്ഡും ഉപയോഗിച്ച് കോണി ഒരുക്കിയാല്‍ നന്ന്. കാര്‍ പോര്‍ച്ച് കോര്‍ട്ട്‌യാഡ് എന്നിവ ഉള്‍പ്പെടെ  1257 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തീര്‍ണ്ണം. ഉപയോഗിക്കുന്ന മെറ്റീരിയലിന് അനുസൃതമായി ചിലവില്‍ വ്യത്യാസം വരും. എങ്കിലും ഫ്ലാറ്റ് റൂഫ് നല്‍കി കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ലാതെ 12.5-14 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തിയാക്കാം. 


പിന്‍‌മൊഴി: മീഡിയം റേഞ്ചില്‍ ഉള്ള നിര്‍മ്മാണത്തിന് ചതുരശ്രയടിക്ക്‍` 1700 രൂപയാണ് തിരുവനന്തപുരത്ത് കരാറുകാര്‍ ഈടാക്കുന്നത്. അതേ  മെറ്റീരിയല്‍ തന്നെ ഉപയോഗിച്ച് വയനാട്ടില്‍ 1100- 1250 രൂപയും. വയനാട്ടില്‍ ടൈത്സ് ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില കൂടുതലാണ് താനും. തൃശ്ശൂരില്‍ നിലവില്‍ ചതുരശ്രയടിക്ക് 1350-1550 രൂപ ഈടാക്കുന്നു. നിര്‍മ്മാണ സാമഗ്രികളുടെ മാത്രമല്ല മദ്യത്തിന്റേയും നിത്യോപയോഗ സാധനങ്ങളുടേയും  വില വര്‍ദ്ധനവ് ഗൃഹനിര്‍മ്മാണ മേഘലയിലെ ചിലവ് വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ  പങ്ക് വഹിക്കുന്നു. 

Sunday, July 01, 2012

ത്രീ ബെഡ്രൂം വില്ല-53

മൂന്ന് കിടപ്പുമുറികള്‍ ഉള്ള 1700 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരു നില വീടിന്റെ പ്ലാനാണിത്. താഴെ 1334 ചതുരശ്രയടിയും മുകളില്‍ 366 ചതുരശ്രയടിയുമാണ് വിസ്തീര്‍ണ്ണം. സിറ്റ് ഔട്ടില്‍ നിന്നും ഒരു ഫോയറിലേക്കാണ് കടന്നു വരുന്നത്.ഫോയറിന്റെ ഇടതു വശത്തായി ലിവിങ്ങ് ഏരിയ ഒരുക്കിയിരിക്കുന്നു. ഫോയറില്‍ നിന്നും നേരെ കടക്കുന്നത് ഡൈനിങ്ങിലേക്കാണ്. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലെ ചുവരില്‍ ചെറിയ ഗ്യാപ് നല്‍കിയിരിക്കുന്നു. ഡൈനിങ്ങില്‍ നിന്നും പുറത്തെ പാറ്റിയൊയിലേക്ക് ഇറങ്ങുവാന്‍രു വാതില്‍ നല്‍കിയിരിക്കുന്നു. ബെഡ്രൂമുകള്‍ രണ്ടും അറ്റാച്ച്ഡ് ആണ്. കിച്ചണില്‍ സി ഷേപ്പ് കൌണ്ടര്‍ ആണ് നല്‍കിയിട്ടുള്ളത്. ഒപ്പം ഒരു വശത്തായി ബ്രേക്ക് ഫാസ്റ്റ് കൌണ്ടറും നല്‍കിയിട്ടുണ്ട്. സ്റ്റെയര്‍ കെസ് കയറി ചെല്ലുന്നിടത്ത് ഒരു സ്റ്റഡി ഏരിയ നല്‍കിയിരിക്കുന്നു. ആവശ്യമെങ്കില്‍ മുകള്‍ നിലയില്‍ കൂടുതല്‍ മുറികള്‍ എടുക്കാവുന്നതാണ്. കാര്‍ പോര്‍ച്ച് വീടിനോട് ചേര്‍ന്ന് നല്‍കിയിട്ടില്ല.


തൊഴിലാളികളുടെ കൂലി, നിര്‍മ്മാണ സാമഗ്രികളുടെ വില, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജുകള്‍ എന്നിവയില്‍ ഉണ്ടായ നീതീകരണമില്ലാത്ത വര്‍ദ്ധനവ്  നിര്‍മ്മാണ മേഘലയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നിപ്പോള്‍ നിര്‍മ്മാണ സാമഗ്രികളുടെ നിലവാരം അനുസരിച്ച് 1300-1600 വരെയാണ് വീടു നിര്‍മ്മാണത്തിനായി കോണ്ട്രാക്ടര്‍മാര്‍ ഈടാക്കുന്നത്. കൂടുതല്‍ നിലവാരമുള്ള മെറ്റീരിയലുകളിലേക്ക് പോകുമ്പോള്‍ നിരക്ക് വീണ്ടും കൂടും.Tuesday, January 17, 2012

ത്രീ ബെഡ്രൂം വില്ല
മൂന്ന് കിടപ്പുമുറികളോടു കൂടിയ ഒറ്റനിലയുള്ള ഒരു വീടിന്റെ പ്ലാനാണിത്. മുന്‍‌വശത്തെ വരാന്തയില്‍ നിന്നും കടക്കുന്നത് ഒരു ഫോര്‍മല്‍ ലിവിങ്ങിലേക്കാണ്. അവിടെ നിന്നും ആകൃതിയിലുള്ള ഒരു ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ ഫാമിലി ലിവിങ്ങാണ്, ഫാമിലി ലിവിങ്ങില്‍ നിന്നും ഓപ്പണ്‍ കോര്‍ട്ട്‌യാഡിലേക്ക് പ്രവേശിക്കാം. ഫാമിലി ലിവിങ്ങിന്റെ ഒരു ഭാഗത്തായി ടി.വിയും വച്ചിരിക്കുന്നു. ഹാളിന്റെ ഒരുവശത്തായി ഡൈനിങ്ങ് അറേഞ്ച് ചെയ്തിരിക്കുന്നു. അതിനോട് ചേര്‍ന്ന് ഒരു വാഷ് ഏരിയയും കൊടുത്തിരിക്കുന്നു. മൂന്ന് കിടപ്പുമുറികളിലേക്കും പ്രവേശനം പ്രധാന ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് നല്‍കിയിരിക്കുന്നത്. സ്വകാര്യത ഉറപ്പു വരുത്തും വിധമാണ് ബെഡ്രൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മാസ്റ്റര്‍ ബെഡ്രൂമില്‍ നിന്നും കോര്‍ട്ട്‌യാഡിലേക്ക് തുറക്കാവുന്ന രീതിയില്‍ വിന്റോ നല്‍കിയിരിക്കുന്നു. മാസ്റ്റര്‍ ബെഡ്രൂമിനു മാത്രമേ ഡ്രസ്സിങ്ങ് ഏരിയ നല്‍കിയിട്ടുള്ളൂ. എല്ലാ ബെഡ്രൂമും ബാത്ത് അറ്റാച്ച്ഡ് ആണ്. ബാത്രൂമില്‍ ഡ്രൈ ഏരിയായും വെറ്റ് ഏരിയായും പ്രത്യേകം തിരിച്ചിരിക്കുന്നു.അടുക്കളയില്‍ സി ഷേപ്പിലാണ് വര്‍ക്കിങ്ങ് സ്ലാബ് അറേഞ്ച് ചെയ്തിരിക്കുന്നത്. കൂടാതെ ഒരു ബ്രേക്ക് ഫാസ്റ്റ് കൌണ്ടറും നല്‍കിയിരിക്കുന്നു. യൂട്ടിലിറ്റി ഏരിയായില്‍ വാഷിങ്ങ് മെഷീനിടാന്‍ സ്ഥലം നല്‍കിയിരിക്കുന്നു. കൂടാതെ ഒരു കോമണ്‍ ടോയ്‌ലറ്റും ഉണ്ട്.

കോര്‍ട്ട് യാഡ് ഒഴിവാക്കി 1690 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്. ഉപയോഗിക്കുന്ന മെറ്റീരിയല്‍ നിര്‍മ്മാണത്തിലെ അനാവശ്യ ചിലവുകളുടെ നിയന്ത്രണം എന്നിവ അനുസരിച്ച് ചതുരശ്രയടിക്ക് 1100 രൂപ മുതല്‍ 1300 വരെ ചിലവ് പ്രതീക്ഷിക്കാം.

Saturday, December 31, 2011

പുതുവൽസരാശംസകൾ

എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവൽസരാശംസകൾ
നിറഞ്ഞ മനസ്സോടെ
എസ്.കുമാർ

Wednesday, October 05, 2011

പാര്‍പ്പിടം പ്ലാന്‍ 511772 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 3 ബെഡ്രൂം വില്ലയുടെ പ്ലാനാണിത്. മുന്വശത്ത് വരാന്തയൂടെ ഒരു വശത്തായി കാര്‍പോര്‍ച്ച് നല്‍കിയിരിക്കുന്നു. വരാന്തയില്‍ നിന്നും പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക് കടക്കുമ്പോള്‍ അതിന്റെ ഒരു വശത്തായി മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍ കേസ് നല്‍കിയിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ലാന്റിങ്ങിനു അടിഭാഗത്തായി ഒരു ടോയ്‌ലറ്റും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങ് റൂമില്‍ നിന്നും ബെഡ്രൂമുകളിലേക്കും കിച്ചണിലേക്കും ഉള്ള വാതിലുകള്‍. ഡ്രസ്സിങ്ങ് റൂമും അറ്റാച്ച്ഡ് ബാത്രൂമും ഉള്ളതാണ് ഒരു ബെഡ്രൂം(ബെഡ്രൂം-1) പുറകിലെ ബെഡ്രൂം-2 ലേക്കുള്ള പാസ്സേജില്‍ വാഡ് റോബ് നല്‍കിയിരിക്കുന്നു. സ്വകാര്യത അല്പം കൂടുതല്‍ ഉള്ള ഈ ബെഡ്രൂം അറ്റാച്ച് ബാത്രൂം സൌകര്യമുള്ളതാണ്. കിച്ചണില്‍ സൌകര്യപ്രദമായ രീതിയില്‍ ഉള്ള വര്‍ക്കിങ്ങ് ട്രയാങ്കിള്‍ (ഫ്രിഡ്ജ്, വാഷ്ബേസിന്‍, സ്റ്റൌ )സജ്ജീകരിച്ചിരിക്കുന്നു. അതിനു പുറകിലായി യൂട്ടിലിറ്റി ഏരിയ നല്‍കിയിരിക്കുന്നു.

മുകള്‍ നിലയില്‍ സ്റ്റെയര്‍ കയറി ചെല്ലുന്നത് നേരെ ഒരു ബെഡ്രൂമിലേക്കാണ്. സ്റ്റെയറിന്റെ ലാന്റിങ്ങില്‍ നിന്നും പുറകിലെ ടെറസിലേക്കും മുന്‍‌വശത്തെ ബാല്‍ക്കണിയിലേക്കും വാതിലുകള്‍ നല്‍കിയിരിക്കുന്നു.
ചതുരശ്രയടിക്ക് 1000-1300 രൂപവരെ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നു.
(ഉപയോഗിക്കുന്ന മെറ്റീരിയല്‍, ലേബര്‍ ചാര്‍ജ്ജ്, ഉടമയുടെഭാഗത്തുനിന്നും ഉണ്ടാകുന്ന മറ്റു ചിലവുകള്‍ (ദുര്‍ ചിലവുകള്‍) ഒക്കെ അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം)

E-pathram

ePathram.com